തൗഹീദിന്‍െറ ഗരിമ

  • Posted by Sanveer Ittoli
  • at 8:24 PM -
  • 0 comments
തൗഹീദിന്‍െറ ഗരിമ


മുർഷിദ് പാലത്ത്
കേരള പരിസരത്ത്‌ പരിചിതമാണ്‌ സി പി ഉമര്‍ സുല്ലമിയുടെ തൗഹീദ്‌ പ്രഭാഷണം. പതിറ്റാണ്ടുകളായി തൗഹീദ്‌ പ്രഭാഷണവും പ്രചാരണവും സപര്യയാക്കിയ ഉമര്‍ സുല്ലമി തന്റെ ശബ്‌ദം ലേഖനം ചെയ്യുകയാണ്‌ തൗഹീദ്‌ ഒരു പഠനം എന്ന പുസ്‌തകത്തിലൂടെ. ഇസ്‌ലാം ദീന്‍ ജീവിതത്തിന്റെ നൂറുകൂട്ടം മേഖലകളിലേക്ക്‌ പരന്നൊഴുകുന്നത്‌ തൗഹീദിന്റെ നിര്‍മല നിര്‍ഝരിയില്‍ നിന്നാണ്‌. ഭക്തസമൂഹത്തിനോട്‌ വിശുദ്ധ വേദമായ ഖുര്‍ആനിന്‌ പറയാനുള്ളതും അതുതന്നെയാണ്‌.
``വേദക്കാരേ, അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട്‌ യാതൊന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക എന്ന്‌ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമവായമുള്ള വാക്യത്തിലേക്ക്‌ നിങ്ങള്‍ വരുവീന്‍.'' (3:64)
ലോകത്ത്‌ ഒരു മനുഷ്യന്‌ നിര്‍വഹിക്കാനുള്ള ഏറ്റവും വലിയ ധര്‍മവും അല്ലാഹുവിന്റെ ഏകത്വ പ്രഘോഷണമാണ്‌. ഇസ്‌ലാമിന്റെ ആധാരശിലയായ ഏകദൈവാരാധനയില്‍ മുസ്‌ലിം സമൂഹം തന്നെ ബഹുദൂരം പിഴച്ചുപോയി എന്നത്‌ വിചിത്രമാകാം. പക്ഷേ, സത്യമത്രെ അത്‌. മുസ്‌ലിം ലോകത്ത്‌ അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന ആയിരക്കണക്കിന്‌ ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്‌. സമൂഹനന്മ ആഗ്രഹിച്ച മഹത്തുക്കള്‍ കാലദേശാതിരുകളില്ലാതെ ഈ രംഗത്ത്‌ അധ്വാനിച്ചിട്ടുണ്ട്‌. അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന, ഇസ്‌ലാം കണിശമായി പഠിപ്പിക്കുന്ന ദൈവവിശ്വാസം വിശദീകരിക്കുന്ന ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ പിറന്നിട്ടുണ്ട്‌. വിശിഷ്യാ പി അബ്‌ദുല്‍ഖാദിര്‍ മൗലവി കണ്ണൂര്‍ രചിച്ച അത്തൗഹീദ്‌, എ അബ്‌ദുസ്സലാം സുല്ലമിയും അലി അക്‌ബര്‍ മൗലവിയും രചിച്ച അത്തൗഹീദുല്‍ മുസ്‌തഖീം, കെ പി മുഹമ്മദ്‌ മൗലവിയും എ പി അബ്‌ദുല്‍ഖാദിര്‍ മൗലവിയും രചിച്ച അത്തവസ്സുല്‍-അല്‍ ഇസ്‌തിഗാസ,തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇവയില്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നതാണ്‌.
തൗഹീദ്‌ പ്രഭാഷണത്തിന്‌ വശ്യവും ആകര്‍ഷകവുമായ തനതു ശൈലി സ്വീകരിക്കുന്ന സി പിയുടെ ഗ്രന്ഥം ലേഖന രംഗത്തും വേറിട്ടു നില്‌ക്കുന്നുണ്ട്‌. പൊതുവെ വിശ്വാസ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഗ്രന്ഥകാരന്‍ അനുഭവിക്കുന്ന തത്വജ്ഞാനഭാഷയുടെ ഭക്താനുകരണം സി പിയുടെ തൗഹീദിനെ അലട്ടുന്നില്ല. മനുഷ്യന്റെ ആത്യന്തിക മോക്ഷസൂത്രമായ തൗഹീദിനെ അല്ലാഹു ലളിതവും സുഗ്രാഹ്യവുമാക്കിയിട്ടുണ്ടെങ്കില്‍ അനുവാചകര്‍ക്ക്‌ അത്‌ അയത്‌ന ലളിതമായി കിട്ടണമെന്നത്‌ ഗ്രന്ഥകാരന്റെ ശാഠ്യമാണ്‌. തൗഹീദിന്റെ ജ്ഞാനവിഭജനവുമായി ബന്ധപ്പെട്ട്‌ മുസ്‌ലിംലോകത്തുള്ള ചില രീതികളെ അപ്പാടെ പരാവര്‍ത്തനം ചെയ്യുന്നത്‌ സാധാരണക്കാര്‍ക്ക്‌ പ്രയാസമാകും എന്ന ചിന്തയാണ്‌ അദ്ദേഹത്തിന്റെ തൗഹീദിനെ പിഴച്ചതായി ചിത്രീകരിക്കാന്‍ ചില അനുകരണക്കാരെ ഉദ്യുക്തരാക്കിയത്‌. സി പി തൗഹീദ്‌ ഗ്രന്ഥമാക്കുമ്പോഴും തന്റെ തനതു ശൈലി തന്നെയാണ്‌ പിന്‍തുടരുന്നത്‌. 311 പേജുകളില്‍ 30 അധ്യായങ്ങളിലായി തൗഹീദിനെ വിശദീകരിക്കുമ്പോള്‍ വായനക്കാരന്‌ ഋജുവായ ഏകദൈവ വിശ്വാസത്തെ പ്രഥമ വായനയില്‍ തന്നെ ബോധമണ്ഡലത്തിലെത്തിക്കാന്‍ സാധിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.
തൗഹീദിന്റെ യുക്തി, ദൈവവുമായി ബന്ധപ്പെട്ട നാമവിശേഷണങ്ങള്‍, സിംഹാസനം, അമാനുഷിക പ്രവൃത്തികള്‍, അദൃശ്യജ്ഞാനം, ബര്‍കത്തെടുക്കല്‍, ശിര്‍ക്ക്‌, ശിര്‍ക്കിലേക്കെത്തുന്ന കാര്യങ്ങള്‍, നേര്‍ച്ച തുടങ്ങി ദൈവ വിശ്വാസത്തിന്റെ ശക്തിയായ തവക്കുല്‍ വരെ വിവരിച്ചുപോകുന്ന ഗ്രന്ഥം തൗഹീദ്‌ പഠനമാഗ്രഹിക്കുന്നവരെ തൃപ്‌തിപ്പെടുത്തുമെന്നത്‌ തീര്‍ച്ച.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: