എടത്തോളം ഭവനം നാട്ടു ചരിത്രത്തിലെ സുവര്‍ണ ശേഷിപ്പുകള്‍

  • Posted by Sanveer Ittoli
  • at 8:31 AM -
  • 0 comments
എടത്തോളം ഭവനം നാട്ടു ചരിത്രത്തിലെ സുവര്‍ണ ശേഷിപ്പുകള്‍

സുഫ് യാന്‍ അബ്ദുസത്താര്‍
പ്രാദേശിക ചരിത്രരചന പറഞ്ഞുറപ്പിച്ച വാര്‍പ്പുമാതൃകകളെ തകര്‍ത്തുകളയുന്നതും കോളനിയനന്തര ഗവേഷണ രംഗത്ത്‌ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതുമാണ്‌. മുഖ്യധാരാ ചരിത്രരചനയില്‍ അരികുവത്‌കരിക്കപ്പെട്ട ജനവിഭാഗങ്ങളെ തെളിവുകളോടെ പുനഃപ്രതിഷ്‌ഠിക്കുന്നതും ഇത്തരം പഠനങ്ങളാണ്‌. മലപ്പുറം ജില്ലയിലെ വേങ്ങര കുറ്റൂരില്‍ താമസിക്കുന്ന എടത്തോള കൂളിപ്പുലാക്കല്‍ കുടുംബം, വേങ്ങര മുതല്‍ കൊണ്ടോട്ടി വരെയുള്ള ദേശത്തിന്റെ നാടുവാഴികളായിരുന്നു. അബ്‌ദുര്‍റഹ്‌മാന്‍ നഗര്‍ എന്നറിയപ്പെടുന്ന കൊടുവായൂരിലെ കൂളാക്കല്‍ ഭവനത്തില്‍ നിന്നാണ്‌ ഈ ചരിത്രത്തിന്റെ തുടക്കം. പിന്നീട്‌ ജില്ലയിലെ തന്നെ കണ്ണമംഗലത്തേക്കും ഇപ്പോള്‍ കുറ്റൂര്‍ പ്രദേശത്തേക്കും മാറിത്താമസിച്ച ഈ കുടുംബത്തിന്റെ ചരിത്രം ഒരു പ്രദേശത്തെ ജനവിഭാഗത്തിന്റെ ചരിത്രം കൂടിയാണ്‌.
400 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള മുസ്‌ലിം ജനവിഭാഗത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നേതൃത്വം വഹിച്ചിരുന്ന ഇവര്‍, ഇന്ന്‌ നിരവധി ചരിത്ര രേഖകളും സാഹിത്യങ്ങളും സൂക്ഷിച്ചുപോരുന്നു. കൂളാക്കല്‍, പെരുംപിലാവ്‌, കറുവന്‍തൊടിക എന്നീ തറവാടുകള്‍ പിന്നിട്ട്‌ എടത്തോളയില്‍ എത്തിനില്‍ക്കുന്ന ചരിത്രം, 1865-ല്‍ നിര്‍മിതമായ എടത്തോള ഭവനത്തിന്റെ പേരിലാണ്‌ ഇന്ന്‌ വായിക്കപ്പെടുന്നത്‌. ആധുനിക മലയാളത്തിന്റെ തുടക്കത്തിലുള്ള ലിപിയില്‍ `കുളാക്കല്‍ അസ്സന്‍കുട്ടി' എന്ന്‌ രേഖപ്പെടുത്തിയ വട്ടചെമ്പ്‌ ഇന്നും പിന്മുറക്കാര്‍ സൂക്ഷിക്കുന്നുണ്ട്‌. ചരിത്രകുതുകികളുടെ ഇടമായി മാറിയ എടത്തോള ഭവനത്തിന്റെ നാല്‌കെട്ടും നടുമുറ്റവും പടിപ്പുരയും കുളവും കുളപ്പുരയും കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ തൊഴുത്തും ഏറെ ശ്രദ്ധേയമാണ്‌.
പ്രദേശത്ത്‌ സ്‌കൂള്‍, പള്ളി തുടങ്ങിയവ നിര്‍മിക്കുന്നതിനല്‍ ഈ കുടുംബം നേതൃപരമായ പങ്ക്‌ വഹിച്ചിരുന്നു. എടത്തോള കുഞ്ഞാലി ബ്രട്ടീഷ്‌ കോര്‍ട്ടിന്റെ ജൂറി സഭയില്‍ അംഗമായിരുന്നു. 1857 മുതല്‍ 1921 വരെയുള്ള നിരവധി കലാപങ്ങള്‍ക്ക്‌ എടത്തോള ഭവനം സാക്ഷിയായിട്ടുണ്ട്‌. 1921-ല്‍ ലഹളക്കാര്‍ കുഞ്ഞാലി സാഹിബിനെ ആക്രമ ിക്കാന്‍ വരുന്നുണ്ടെന്ന വാര്‍ത്തയറിഞ്ഞ്‌ രക്ഷിക്കാന്‍ നാട്ടുകാര്‍ തടിച്ചുകൂടിയ സംഭവത്തെ പറ്റി 1953-ലെ മലബാരി മാസിക വിവരിക്കുന്നുണ്ട്‌. പ്രദേശത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഈ അധികാരി കുടുംബത്തിനുണ്ടായിരുന്ന സ്വാധീനം, മലബാര്‍ കലാപത്തെതുടര്‍ന്ന്‌ സേലം ജയിലിലടക്കപ്പെട്ട അരീക്കന്‍ മൊയ്‌തീന്‍ എന്നൊരാള്‍ 1925 നവംബര്‍ 22-ന്‌ കുഞ്ഞാലി സാഹിബിന്‌ അയച്ച കത്തില്‍ നിന്ന്‌ വ്യക്തമാണ്‌. ബ്രട്ടീഷ്‌ ഭരണത്തില്‍ പങ്കാളിയാകുമ്പോഴും ജനങ്ങള്‍ക്കൊപ്പമായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്നത്‌ ചരിത്രത്തിന്റെ ബഹുമുഖങ്ങളുടെ നിദര്‍ശനമാണ്‌. 1912-ന്‌ ശേഷം പൊന്നാനി മഖ്‌ദൂം അടക്കമുള്ളവരുടെ ഫത്‌വ പരിഗണിച്ച്‌ അധികാരി സ്ഥാനം രാജിവെക്കാനും അവര്‍ തയ്യാറായി. കുഞ്ഞാലി സാഹിബിന്റെ ഭാര്യ തിത്താച്ചുമ്മ ഹജ്ജുമ്മ ഭൗതിക വിദ്യാഭ്യാസം നേടിയവരായിരുന്നു. മുസ്‌്‌ലിം സ്‌ത്രീകള്‍ക്ക്‌ വിജ്ഞാനം നിഷിദ്ധമാക്കിയിരുന്ന അക്കാലത്ത്‌ അവര്‍, ഇസ്‌ലാമിക ഗോള ശാസ്‌ത്രത്തിലും കര്‍മശാസ്‌ത്രത്തിലും നേടിയ അറിവിന്റെ ശേഷിപ്പുകളായി അവരുടെ ഡയറിക്കുറിപ്പുകള്‍ ഇന്നും എടത്തോള ഭവനത്തില്‍ സംരക്ഷിച്ചുവരുന്നു.
സാഹോദര്യം
മതമൈത്രി കാത്തു സൂക്ഷിക്കുന്നതിലും സാമൂഹിക ഉച്ഛനീചത്വങ്ങള്‍ ഇല്ലാതാക്കുന്നതിലും മുസ്‌്‌ലിം കുടുംബങ്ങള്‍ വഹിച്ച പങ്ക്‌ ഇന്ന്‌ ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. സഹോദര സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദപരമായ ബന്ധം വളര്‍ത്തുന്നതില്‍ എടത്തോള കുടുംബത്തിനും ചെറുതല്ലാത്ത പങ്കുണ്ട്‌. മലബാര്‍ കലാപത്തിന്റെ മൂര്‍ദ്ധന്യദശയില്‍ ഈ കുടുംബം വീട്‌ വിട്ടുപോയിരുന്നു. ആ സന്ദര്‍ഭത്തില്‍ വീട്‌ നോക്കാന്‍ ഏല്‍പിച്ചിരുന്നത്‌ കുഞ്ഞാകന്‍ എന്ന ഹരിജന്‍ യുവാവിനെയായിരുന്നു. അദ്ദേഹത്തെ ലഹളക്കാര്‍ കശാപ്പ്‌ ചെയ്‌തത്‌ ഇന്നും പഴമക്കാരുടെ ഓര്‍മകളിലുണ്ട്‌. കുഞ്ഞാലിയുടെ മരണ ശേഷം ഈ ഹരിജന്‍ കുടുംബത്തിന്‌ വേണ്ടി ഒരു സംഖ്യ നീക്കി വെച്ചത്‌ സാഹോദര്യത്തിന്റെയും സേവനത്തിന്റെയും അനുഭവ സത്യങ്ങളാണ്‌. എടത്തോള കുടുംബത്തില്‍ സൂക്ഷിച്ചുപോരുന്ന പൗരാണിക ഗ്രന്ഥങ്ങളും രേഖകളും സാഹിത്യങ്ങളും വിജ്ഞാന തല്‍പരതയിലേക്കെന്ന പോലെ അക്കാലത്ത്‌ നിലനിന്നിരുന്ന സൗഹൃദങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്‌. മലയാളം, അറബി മലയാളം, അറബി, തമിഴ്‌, സംസ്‌കൃതം, ഇംഗ്ലീഷ്‌ തുടങ്ങിയ ഭാഷകളിലുള്ള കൃതികള്‍ അവിടെയുണ്ടെന്നത്‌ ആര്യനെഴുത്ത്‌ വിരോധത്തിന്റെയും ഇംഗ്ലീഷ്‌ ഭാഷ നിഷിദ്ധമാക്കലിന്റെയും ചരിത്ര പശ്ചാത്തലത്തില്‍ നിന്ന്‌ വായിക്കുമ്പോള്‍ വലിയൊരു വിപ്ലവം തന്നെയാണ്‌. മാലപ്പാട്ടുകളും മഹാഭാരതവും രാമായണവും ഒരേയിടത്ത്‌ സൂക്ഷിക്കുന്നുവെന്നത്‌ മതസഹിഷ്‌ണുതയുടെ ചരിത്രപാഠങ്ങളാണ്‌. മുസ്‌ലിം തറവാടുകളും നമ്പൂതിരി ഇല്ലങ്ങളും തമ്മിലുണ്ടായിരുന്ന സൗഹാര്‍ദ്ദത്തിന്റെ തുരുത്തുകള്‍ കീഴാള പഠനങ്ങളുടെ ആധിക്യത്തില്‍ കാണാതെ പോകരുത്‌. കൊടുവായൂരിലെ നെച്ചിക്കാട്ട്‌ ഇല്ലത്ത്‌ നിന്നും എടത്തോള തറവാട്ടിലേക്ക്‌, സല്‍ക്കാരത്തിന്‌ പോവാന്‍ മഞ്ചല്‍ ആവശ്യപ്പെട്ടു കൊണ്ട്‌ കാര്യസ്ഥന്‍ രാമന്‍ നായര്‍ കൊണ്ട്‌ വന്ന കത്തും കഥകളി കാണാന്‍ പോയപ്പോള്‍ നല്‍കിയ സംഭാവനയുടെ കുറിപ്പുകളും ഒരു കാലഘട്ടത്തില്‍ നിലനിന്നിരുന്ന സാമുദായിക മൈത്രിയുടെ നേര്‍ സാക്ഷ്യങ്ങളാണ്‌.
മുസ്‌ലിം സമുദായവും എടത്തോള ഭവനവും
സമുദായത്തിന്റെ നിരവധി പ്രശ്‌നങ്ങളില്‍ മധ്യസ്ഥ റോളും ആവശ്യ ഘട്ടങ്ങളില്‍ നേതൃപദവിയും വഹിച്ചിരുന്ന ഈ കുടുംബം അക്കാലത്തെ ഒട്ടുമിക്ക പണ്ഡിതന്മാരുമായും നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വ്യത്യസ്‌ത ആദര്‍ശങ്ങളുടെ വക്താക്കളായിരുന്ന പണ്ഡിതന്മാര്‍ ഒരേ സമയം എടത്തോളയിലെ സന്ദര്‍ശകരായിരുന്നു. സുന്നി-മുജാഹിദ്‌ പണ്ഡിതന്മാരുമായി ഈ കുടുംബത്തിലെ കാരണവര്‍ നടത്തിയിരുന്ന കത്തിടപാടുകളും സന്ദര്‍ശക വിവരങ്ങളും മായാത്ത ചരിത്ര രേഖകളാണ്‌. പൊന്നാനി മഖ്‌ദൂം കുടുംബം, മമ്പുറം സയ്യിദ്‌ കുടുംബം, പാണക്കാട്‌ തങ്ങള്‍ കുടുംബം തുടങ്ങിയവരുമായൊക്കെ എടത്തോളക്കാര്‍ക്ക്‌ നല്ല ബന്ധമായിരുന്നു. കെ എം മൗലവി, ചാലിലകത്ത്‌ കുഞ്ഞഹ്‌മദ്‌ ഹാജി, സി എന്‍ അഹ്‌മദ്‌ മൗലവി, പതി അബ്‌ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, കണ്ണിയത്ത്‌ അഹ്‌മദ്‌ മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതന്മാരുമായും മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌, ഇ മൊയ്‌തു മൗലവി, സി എച്ച്‌ മുഹമ്മദ്‌ കോയ, കെ എം സീതി സാഹിബ്‌ തുടങ്ങിയ നേതാക്കളുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത സി എന്‍ അഹ്‌മദ്‌ മൗലവിയും പ്രസിദ്ധ ചരിത്രകാരന്‍ കെ കെ മുഹമ്മദ്‌ അബ്‌ദുല്‍കരീം സാഹിബും എടത്തോള ഭവനത്തില്‍ താമസിച്ചാണ്‌ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം രചിച്ചത്‌. അതിനു വേണ്ടി പ്രധാനമായും ആശ്രയിച്ചത്‌ എടത്തോള ഭവനത്തിലെ ഗ്രന്ഥ ശേഖരം തന്നെയാണ്‌. പുസ്‌തകത്തിന്റെ ആമുഖത്തില്‍ എടത്തോള മുഹമ്മദ്‌ ഹാജിയോടുള്ള കടപ്പാട്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. കെ എം മൗലവി എടത്തോള ഭവനം സന്ദര്‍ശിച്ചിരുന്ന വേളയില്‍, വേലക്കാരെ കൂടി നമസ്‌കരിപ്പിക്കണമെന്ന്‌ കുഞ്ഞാലി സാഹിബിനോട്‌ ഉണര്‍ത്താറുണ്ടായിരുന്നുവെന്ന്‌ പറയപ്പെടുന്നു.
സംരക്ഷണം
ചരിത്രത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌ കൗതുകമുണര്‍ത്തുന്ന നിരവധി ശേഷിപ്പുകള്‍ എടത്തോള ഭവനത്തിലുണ്ട്‌. വീട്ടാവശ്യത്തിനുപയോഗിച്ചിരുന്ന കൂറ്റന്‍ ചക്കിന്റെ ഭാഗങ്ങള്‍, തൂണുകളിലും മേല്‍ക്കൂരകളിലും കാണുന്ന അസാമാന്യ കരവിരുത്‌, പച്ചിലക്കൂട്ട്‌ കൊണ്ട്‌ വരഞ്ഞെടുത്ത ചിത്രങ്ങള്‍, നാലുകെട്ടും വിശാലമായ ഹാളും, യൂറോപ്യന്‍ മാതൃകയില്‍ പണിത വിസ്‌തൃതമായ ജനവാതിലുകള്‍, മുഗള്‍ സംസ്‌കാരത്തെ ഓര്‍മിപ്പിക്കുന്ന പല ആകൃതിയിലുളള കമാനങ്ങള്‍ തുടങ്ങിയവ ഇന്നും പ്രൗഢിയോടെ നിലനില്‍ക്കുന്നു. പുതിയ കാലത്തും പഴമയെ നിലനിര്‍ത്തുന്നതോടൊപ്പം എടത്തോള കുടുംബത്തിന്റെ പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്നതും സൂക്ഷിച്ചിരുന്നതുമായ നിരവധി ഗ്രന്ഥങ്ങള്‍, രേഖകള്‍, വെള്ളയോല ആധാരങ്ങള്‍, പ്രമാണങ്ങള്‍, പ്രാചീന നാണയങ്ങള്‍, കത്തിടപാടുകള്‍, സ്‌റ്റാമ്പുകള്‍ തുടങ്ങിയവ ഭദ്രമായി പുതുതലമുറക്ക്‌ വേണ്ടി സംരക്ഷിച്ചിട്ടുണ്ട്‌. അയ്യായിരത്തിലധികം ഗ്രന്ഥങ്ങളുള്ള ഈ ലൈബ്രറിയില്‍ അറബി, ഇംഗ്ലീഷ്‌, മലയാളം, അറബി മലയാളം, തമിഴ്‌ തുടങ്ങിയ ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നു. സൈമണ്‍ റിപ്പോര്‍ട്ട്‌, വട്ടമേശ സമ്മേളനത്തില്‍ ഗാന്ധി ചെയ്‌ത പ്രസംഗം, 1871 ല്‍ മായന്‍ കുട്ടി എളയ എഴുതിയ വിശുദ്ധ ഖുര്‍ആന്റെ ആദ്യത്തെ അറബി മലയാള പരിഭാഷ, 1833ലെ ട്രഷറിയുടെ സീലുള്ള വെള്ളയോല ആധാരങ്ങള്‍ തുടങ്ങിയവ അപൂര്‍വമായ രേഖകളാണ്‌. മുന്നൂറ്‌ പുറങ്ങളുള്ള 1899ലെ മലബാര്‍ സെറ്റില്‍മെന്റ്‌ രജിസ്‌റ്റര്‍ അക്കാലത്തെ മുസ്‌്‌ലിം ജനസംഖ്യാ സ്ഥിതി വിവരക്കണക്കിലേക്ക്‌ വെളിച്ചം വീശുന്നു. മമ്പുറം ആറ്റക്കോയ തങ്ങള്‍, തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യാന്‍ നിങ്ങള്‍ നാട്ടുകാരോട്‌ ആവശ്യപ്പെടണമെന്ന്‌ അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ എഴുതിയ കത്ത്‌ മുസ്‌ലിം കുടുംബങ്ങള്‍ക്ക്‌ സമുദായത്തിലുണ്ടായിരുന്ന സ്വാധീനം വ്യക്തമാക്കുന്നു. ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി ഖിബ്‌്‌ല തര്‍ക്കത്തെക്കുറിച്ചെഴുതിയ തുഹ്‌ഫത്തുല്‍ അഹ്‌ബാബ്‌, ഖാദിയാനിസത്തിന്റെ വിമര്‍ശന പഠനമെന്ന രൂപത്തിലെഴുതിയ തുഹ്‌ഫത്തുല്‍ മലൈബാരിയ്യ എന്നീ അറബി മലയാള കൃതികള്‍ നവോത്ഥാന സാഹിത്യത്തെ ഒാര്‍മിപ്പിക്കുന്നതാണ്‌. അറബി-ഹിന്ദുസ്ഥാനി-ഇംഗ്ലീഷ്‌-തമിഴ്‌ പഠന സഹായിയും തെലുങ്ക്‌-കന്നഡ-മലയാളം-മറാഠി-തമിഴ്‌-ഇംഗ്ലീഷ്‌ സ്വരം ഉയിരുകള്‍ എന്ന കൃതിയും ഭാഷാ പഠനത്തിനു വേണ്ടി പഴമക്കാര്‍ നല്‍കിയിരുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.
1925 ല്‍ സേലം ജയിലില്‍ നിന്നയച്ച കത്ത്‌ മലബാര്‍ കലാപത്തെ തുടര്‍ന്ന്‌ അറസ്‌റ്റിലായവരുടെ ജയില്‍ ജീവിതത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌. ഏറനാട്‌, വള്ളുവനാട്‌, പൊന്നാനി, കോഴിക്കോട്‌ താലൂക്കുകളില്‍ നിന്ന്‌ നിരവധി മുസ്‌്‌ലിംകള്‍ അന്ന്‌ അവിടെയുണ്ടായിരുന്നു. ഇരുപത്‌ മുസ്‌ലിംകളെ ഞാന്‍ വന്നതിന്‌ ശേഷം തൂക്കിലേറ്റിയെന്ന്‌ കത്തയച്ച അരീക്കന്‍ മൊയ്‌തീന്‍ എഴുതിയിട്ടുണ്ട്‌.

അറബി മലയാളത്തിന്‌ പകരം ശുദ്ധമലയാളം ഉപയോഗിച്ചിരുന്ന കവി ചാക്കീരി മൊയ്‌തീന്‍കുട്ടി ഈ കുടുംബത്തില്‍ ശ്രദ്ധേയനാണ്‌. ആദ്യത്തെ അറബി മലയാള പര്യായ നിഘണ്ടു `ഭാഷാഭൂഷണം', ശുദ്ധമലയാളത്തിലെഴുതിയ `ഗസവത്തുല്‍ ബദ്‌റുല്‍ ഖുബ്‌റ' എന്ന മഹാ കാവ്യം തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്‌. ചന്ദ്രിക, മാതൃഭൂമി, അല്‍അമീന്‍, ജന്മി, സുബുലുസ്സലാം, മലബാരി, വിദൂഷകന്‍, വിശ്വദീപം, നവീന കേരളം, സത്യവാദി, മിതവാദി, മാപ്പിള റിവ്യൂ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പഴയ പല ലക്കങ്ങളും ഇവിടെ കാണാം. എടത്തോള തറവാട്ടിലെ ഒട്ടുമിക്ക കൃതികളും, തിരൂരങ്ങാടി പി എസ്‌ എം ഒ കോളേജിലെ ചരിത്ര വിഭാഗം തലവന്‍ കെ കെ അബ്‌ദുല്‍ സത്താറിന്റെ ശ്രമഫലമായി കൊണ്ടോട്ടിയിലുള്ള മോയിന്‍ കുട്ടി വൈദ്യര്‍ സ്‌മാരകത്തില്‍ കോപ്പിയെടുത്ത്‌ സൂക്ഷിച്ചിട്ടുണ്ട്‌.
നമുക്ക്‌ പാഠമാവേണ്ടത്‌
ധാരാളം അറബി മലയാള കയ്യെഴുത്ത്‌ പ്രതികള്‍ ഇവിടെയുണ്ട്‌. മിക്കതും പേര്‍ഷ്യന്‍, അറബി, ഇംഗ്ലീഷ്‌ തുടങ്ങിയ ഭാഷകളില്‍ നിന്ന്‌ മൊഴിമാറ്റം ചെയ്യപ്പെട്ട വിജ്ഞാനങ്ങളാണ്‌. എടത്തോളയിലെ പൂര്‍വികരും മറ്റു സമ്പന്ന വിഭാഗങ്ങളും ആവശ്യമായ സജ്ജീകരണങ്ങള്‍ പണ്ഡിതന്മാര്‍ക്ക്‌ നല്‍കികൊണ്ടാണ്‌ ഇവ തയ്യാറാക്കിയിരുന്നത്‌. വിജ്ഞാനങ്ങളുടെ ഭൂമിശാസ്‌ത്ര പരിധികളെ അതിജീവിക്കുന്ന തര്‍ജുമക്ക്‌ ലോകത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ മഹത്തായ സ്ഥാനമുണ്ട്‌. ഇന്ന്‌ സമുദായ സേവനത്തിന്റെ പേരില്‍ ധാരാളം പണം ചെലവഴിക്കപ്പെടുന്നുണ്ട്‌. എന്നാല്‍ വഖ്‌ഫിനെ പോലെ പുസ്‌തക പ്രസാധന രംഗത്തേക്കും നമ്മുടെ ബോധപൂര്‍വമായ മടി കടന്നുവന്നിരിക്കുന്നു.
ഇവിടെ ചരിത്രം ഉണര്‍ന്നിരിക്കുകയാണ്‌. ഒരു കുടുംബത്തിന്റെ ചരിത്രത്തിലൂടെ ഒരു പ്രദേശത്തെ ജനവിഭാഗത്തിലേക്ക്‌ മുഴുവന്‍ നടന്നു കയറാവുന്ന ശേഷിപ്പുകളും, രേഖകളും ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന എടത്തോള ഭവനത്തില്‍ ചരിത്രത്തിന്‌ മയക്കമില്ല. ഡോ. എം ജി എസ്‌ നാരായണന്‍, ഡോ. എം ഗംഗാധരന്‍, ഡോ. കെ കെ എന്‍ കുറുപ്പ്‌ തുടങ്ങിയ ചരിത്രകാരന്മാര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്‌. ന്യൂദല്‍ഹിയിലെ ജെ എന്‍ യു അടക്കമുള്ള സര്‍വകലാശാലകളിലെ ചരിത്ര-സാമൂഹിക-സാഹിത്യ ഗവേഷക വിദ്യാര്‍ഥികളുടെ സ്ഥിരം സന്ദര്‍ശന കേന്ദ്രമായി എടത്തോള മാറിയിരിക്കുന്നു. ചരിത്ര തല്‍പരനും എടത്തോള മുഹമ്മദ്‌ ഹാജിയുടെ മകനുമായ എടത്തോള ഗഫൂറാണ്‌ ഇപ്പോള്‍ ഇവ സംരക്ഷിക്കുന്നത്‌. അരികുവത്‌കരിക്കപ്പെട്ട ഒരു സമുദായത്തിന്റെ ചരിത്രം, തെളിവുകളോടെ പുനരാവിഷ്‌കരിക്കാന്‍ പര്യാപ്‌തമായ രേഖകള്‍ സംരക്ഷിക്കുന്നതിനും അവ പുതുതലമുറക്ക്‌ പരിചയപ്പെടുത്താന്‍ ഉത്സാഹം കാണിക്കുകയും ചെയ്യുന്ന ഗഫൂര്‍ സാഹിബ്‌ പ്രേത്യകം അഭിനന്ദനമര്‍ഹിക്കുന്നു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: