കുരിശ്‌ പറയുന്ന സത്യം

  • Posted by Sanveer Ittoli
  • at 7:37 AM -
  • 0 comments
കുരിശ്‌ പറയുന്ന സത്യം


കുരിശ്‌ ക്രൈസ്‌തവ മതത്തിന്റെ പ്രതീകമായി മാറിയതിന്റെ ചരിത്രവഴികള്‍ പരിശോധിക്കുന്നു
ദൈവപുത്രനായ യേശുക്രിസ്‌തു ആദി മനുഷ്യന്‍ ആദം മുതല്‍ മനുഷ്യവര്‍ഗത്തെ മുഴുവന്‍ ബാധിച്ചിരിക്കുന്ന പാപഭാരം ഏറ്റെടുത്ത്‌ കുരിശിലേറി മരിക്കുകയും അങ്ങനെ ഭൂമിയിലുള്ള മുഴുവന്‍ മനുഷ്യരുടെയും ജന്മപാപം ഇല്ലാതാക്കുകയും സര്‍വരുടെയും രക്ഷകനാവുകയും ചെയ്‌തുവെന്നാണ്‌ ക്രൈസ്‌തവ വിശ്വാസം. ദൈവപുത്രന്‌ മരണം വരിക്കാന്‍ ശത്രുക്കളായ യഹൂദര്‍ നല്‌കിയ കുരിശ്‌ ത്യാഗത്തിന്റെ പ്രതീകമായി കരുതപ്പെടുന്നതില്‍ മാത്രം ഒതുക്കാതെ ആദരിക്കപ്പെടുകയും കാലക്രമേണ കത്തോലിക്ക വിഭാഗങ്ങള്‍ക്കിടയില്‍ ആദരവിന്നപ്പുറം ആരാധ്യമനോഭാവത്തിലെത്തിപ്പെടുകയും ചെയ്‌തു. കുരിശിലേറ്റിയ യേശുവിന്റെ രൂപം മാലയായി ശരീരത്തിലണിയുകയും വീടുകളിലും ആരാധനാ ഭവനങ്ങളിലും തൂക്കിയിടുകയും വിശുദ്ധ കുരിശ്‌ (Holy Cross) എന്നു വിളിച്ച്‌ പ്രത്യേകത കല്‌പിക്കുകയും ചെയ്‌തുവരുന്നു. കാത്തോലിക്കേതര ക്രൈസ്‌തവര്‍ ഇതിനെതിരെ ശക്തമായി രംഗത്തുവരുകയും യേശുക്രിസ്‌തു കുരിശിലേറ്റപ്പെട്ടിട്ടുണ്ടെങ്കിലും പ്രസ്‌തുത കുരിശിന്‌ വണക്കവും ബഹുമാനവും നല്‌കാന്‍ പാടില്ലെന്നും അത്‌ വിഗ്രഹാരാധനയുടെ ഭാഗമാണെന്നും അവര്‍ ശക്തിയായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
കുരിശ്‌ വന്ന വഴി
ലോകക്രൈസ്‌തവരില്‍ ഭൂരിപക്ഷം വരുന്ന കാത്തോലിക്ക വിഭാഗം കുരിശിന്‌ ആദരവും ആരാധ്യപദവിയുമൊക്കെ നല്‌കുന്നതുകൊണ്ട്‌ തന്നെ കുരിശ്‌ ഇന്ന്‌ ക്രൈസ്‌തവ ദര്‍ശനത്തിന്റെ പ്രതീകം തന്നെയാണ്‌. ബൈബിളിലോ യേശുവിന്റെ കാലഘട്ടത്തിലോ ഇത്തരം പ്രത്യേകതകള്‍ കല്‌പിക്കപ്പെട്ടിട്ടില്ലെങ്കിലും യേശുവിന്റെ കാലഘട്ടത്തിന്‌ വളരെ മുമ്പുതന്നെ കുരിശിന്‌ ചരിത്രപരമായ വിശേഷണവും മഹത്വവും പുണ്യവുമൊക്കെ ചില പ്രാകൃതമതങ്ങളില്‍ നിലനിന്നിരുന്നു; പല കാരങ്ങളിലും പ്രാകൃത മതങ്ങളില്‍ നിന്നും സമ്പ്രദായങ്ങളില്‍ നിന്നും കടമെടുത്ത്‌ ആദര്‍ശമായി സ്വീകരിച്ചുവരുന്ന ക്രൈസ്‌തവ ദര്‍ശനം കുരിശിന്റെ കാര്യത്തിലും അതു തന്നെയാണ്‌ ചെയ്‌തത്‌.
എ ഡി 4-ാം നൂറ്റാണ്ടുവരെ ക്രൈസ്‌തവര്‍ കുരിശിനെയോ കുരിശ്‌ രൂപത്തെയോ തങ്ങളുടെ ആദര്‍ശ ആരാധ്യചിഹ്‌നമായി സ്വീകരിച്ചിട്ടില്ല. ആദ്യകാല ക്രിസ്‌ത്യാനികള്‍ മത്സ്യത്തെ അടയാളമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്‌. എ ഡി 325-ലെ നിക്യാ കൗണ്‍സിലിനു (Nicean Creed) ശേഷം കുരിശ്‌ റോമക്കാരുടെ മിത്രദേവന്റെ പ്രതീകമായും ത്യാഗത്തിന്റെ ചിഹ്‌നമായും ശേഷം ക്രൈസ്‌തവതയുടെ തന്നെ ചിഹ്നമായും അറിയപ്പെട്ടു.
വിഗ്രഹാരാധകരായ മിത്രാസ്‌ മതക്കാരെ പ്രീണിപ്പിച്ചും തങ്ങളുടെ ആശയാധികാരങ്ങള്‍ റോമിന്റെ മണ്ണില്‍ നിലനിര്‍ത്താനും വിജാതീയരുടെ ആദര്‍ശങ്ങളെ കൊണ്ടും കൊടുത്തും തങ്ങളുടെ നിലനില്‍പ്‌ ലക്ഷ്യംവെച്ച്‌ ക്രൈസ്‌തവര്‍ മുന്നോട്ടുനീങ്ങി. തുടര്‍ന്നങ്ങോട്ട്‌ അന്യരുടെ പലതും സ്വീകരിക്കുകയും തങ്ങളുടെ പലതും തിരസ്‌കരിക്കുകയും ചെയ്‌ത ക്രിസ്‌തുമതം യേശുക്രിസ്‌തുവില്‍ നിന്നും ബൈബിളിന്റെ അധ്യാപനങ്ങളില്‍ നിന്നും അതിവിദൂരമാവുകയായിരുന്നു.
കുരിശും തമ്മൂസും
തമ്മൂസ്‌ ബാബിലോണിയന്‍ ദൈവമായാണ്‌ അറിയപ്പെടുന്നത്‌. സൂര്യദേവന്‍ തമ്മൂസ്‌ മനുഷ്യനായി അവതരിച്ച്‌ മനുഷ്യരുടെ പാപങ്ങള്‍ക്കു വേണ്ടി ക്രൂരമായി വധിക്കപ്പെട്ട്‌ ഉയിര്‍ത്തെഴുന്നേറ്റു. സൂര്യദേവനായ തമ്മൂസിന്റെ പ്രതീകം T ആകൃതിയിലുള്ള കുരിശായിരുന്നു. ഇത്‌ ലിംഗാരാധനയുമായി ബന്ധപ്പെട്ടതാണെന്ന അഭിപ്രായവുമുണ്ട്‌. തമ്മൂസിന്റെ നാമത്തിലെ ആദ്യാക്ഷരമായ താവ്‌ (ഗ്രീക്കില്‍) ഇംഗ്ലീഷിലെ Tക്ക്‌ സമാനമാണ്‌. അത്‌ തമ്മൂസിന്റെ പ്രതീകമായും ഈ മതത്തിന്റെ ചിഹ്‌നമായും ബാബിലോണിയയിലും അയല്‍രാജ്യങ്ങളിലും ഭക്തര്‍ ഉപയോഗിക്കുകയും പ്രസ്‌തുത കുരിശിനെ ആദരിക്കുകയും ചെയ്‌തു. തമ്മൂസും അമ്മ സെറാമീസും, യേശുവും അമ്മ മര്‍യമും സമാനതകളുള്ള ബന്ധങ്ങളായി വിലയിരുത്തപ്പെട്ടിരുന്നു.
കുരിശും മിത്രമതവും
യേശുവിന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ പേര്‍ഷ്യയില്‍ ഉത്ഭവിക്കുകയും റോമാസാമ്രാജ്യത്തില്‍ പ്രചാരം ലഭിക്കുകയും ചെയ്‌ത മതമാണ്‌ മിത്രമതം. സൂര്യദേവന്റെ അവതാരമായിട്ടായിരുന്നു റോമന്‍ ജനത മിത്രനെ മനസ്സലാക്കിയിരുന്നത്‌. ഇതിന്റെ പ്രതീകവും മിത്രമതത്തിന്റെ ചിഹ്‌നവും കുരിശായിരുന്നു. ഒലീവ്‌ മരത്തിന്റെ കൊമ്പുകള്‍ കൊണ്ടാണ്‌ ഇവര്‍ തങ്ങളുടെ കുരിശുണ്ടാക്കിയിരുന്നത്‌. എ ഡി 4-ാം നൂറ്റാണ്ടില്‍ റോം ഭരിച്ചിരുന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി (ഇദ്ദേഹത്തിന്റെ നേതൃത്തിലാണ്‌ സര്‍വ ആചാരങ്ങളും ക്രൈസ്‌തവതയിലേക്ക്‌ കടന്നുവന്നത്‌) മിത്ര മതക്കാരനായിരുന്നു. സൂര്യദേവന്റെ അടയാളമായ പ്രകാശകുരിശിനെ ഇദ്ദേഹം ആരാധിച്ചിരുന്നു. റോമക്കാരാണെങ്കില്‍ ഇത്‌ പുരാതന ഈജിപ്‌തുകാരില്‍ നിന്നും സ്വീകരിച്ചതാണ്‌.
ഈജിപ്‌ഷ്യന്‍ ത്രിമൂര്‍ത്തികളും കുരിശും
പുരാതന ഈജിപ്‌തുകാരുടെ പ്രധാന ദേവീദേവന്‍മാരാണ്‌ ഹോറസ്‌, ഓസിറസ്‌, ഐസിസ്‌ ത്രിമൂര്‍ത്തികള്‍. ഈജിപ്‌തുകാര്‍ ഇവയ്‌ക്ക്‌ കുരുശിന്റെ പ്രതീകം നല്‌കിയിരുന്നു. സൂര്യദേവനായ ഓസിറസിനെ അവര്‍ ആരാധിച്ചിരുന്നു. ഓസിറസിന്റെ പ്രതീകം ആകൃതിയിലുള്ള കുരിശാണ്‌. ബി സി 1500-നു മുമ്പുതന്നെ കുരിശാഭരണങ്ങളും വസ്‌ത്രങ്ങളില്‍ കുരിശടയാളങ്ങളും അവര്‍ ഉപയോഗിച്ചിരുന്നുവെന്നാണ്‌ ചരിത്രം പറയുന്നത്‌.
എന്ന പ്രതീകം (xp ആകൃതിയില്‍) ക്രൈസ്‌തവ ദേവാലയങ്ങളില്‍ കാണാം. പുരാതന ഈജിപ്‌തുകാരില്‍ നിന്ന്‌ അപ്പടി പകര്‍ത്തിയതിന്റെ വ്യക്തമായ തെളിവാണിത്‌. ക്രിസ്‌തുവിന്‌ വളരെ നൂറ്റാണ്ടു മുന്‍പുതന്നെ ഈജിപ്‌ത്‌, ബാബിലോണിയ, പേര്‍ഷ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രാകൃതമതങ്ങള്‍ നിലനിന്നിരുന്നുവല്ലോ. അവ മിത്രാസ്‌, തമ്മൂസ്‌, ഹോറസ്‌, ബാല്‍ തുടങ്ങിയ നാമങ്ങളിലായിരുന്നു അറിയപ്പെട്ടിരുന്നത്‌. സൂര്യദേവന്റെ അവതാരങ്ങളായിട്ടായിരുന്നു വിശ്വാസികള്‍ ഇവയെ കണ്ടിരുന്നത്‌. മാത്രമല്ല, ഇവയുടെയെല്ലാം പ്രതീകങ്ങള്‍ കുരിശായിരുന്നുവെന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. ഈജിപ്‌തുകാരുടെ ദേവന്മാരായ ഓസിറസ്‌, ഐസിസ്‌, കറസ്റ്റ, സെറാപിസ്‌, ഹോറസ്‌ തുടങ്ങിയവയും ഗ്രീക്കുകാരുടെ ബാകസും കുരിശ്‌ രൂപത്തില്‍ പ്രതീകവല്‍ക്കപ്പെട്ടിരുന്നു.
``സമകോണുകളില്‍ രേഖകള്‍ കുറുകെ വെക്കുന്ന ഏറ്റവും ലളിതമായ വിധത്തില്‍ പ്രതിനിധാനം ചെയ്യുന്ന കുരിശ്‌ അടയാളം പാശ്ചാത്യ പൗരസ്‌ത്യ ദേശങ്ങളിലും ക്രിസ്‌തു മതത്തിന്റെ അവതരണത്തിന്‌ വളരെ മുമ്പുതന്നെയുണ്ട്‌. അത്‌ മാനവ സംസ്‌കാരത്തിന്റെ വളരെ വിദൂരമായ ഒരു ഘട്ടത്തിലേക്ക്‌ പിന്നോട്ട്‌ പോകുന്നുണ്ട്‌.'' (Catholic Encyclopedia -1968, Vol-4, p-517)
ബ്രിട്ടാണിക്ക എഴുതുന്നു: ``കുരിശു രൂപങ്ങള്‍ മതത്തിന്റെയോ അല്ലാത്ത രൂപത്തിലോ ആയി ക്രിസ്‌തുവര്‍ഷങ്ങള്‍ക്ക്‌ വളരെ മുമ്പ്‌ തന്നെ നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇത്‌ ഒരു തിരിച്ചറിയല്‍ രൂപത്തിലാണോ ആരാധനാ മനോഭാവത്തോടെയാണോ എന്നത്‌ വ്യക്തമല്ല. ജീവിതത്തിന്റെ പ്രതീകമായി പുരാതന ഈജിപ്‌തുകാര്‍ ഇതിനെ കണ്ടിരുന്നു..... 4-ാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കു മുമ്പ്‌ ക്രൈസ്‌തവര്‍ കുരിശു രൂപകല്‌പനയെ പറ്റി മൗനം പാലിച്ചിരുന്നു. കോണ്‍സ്റ്റന്റൈന്‍ ക്രിസ്‌തുമതത്തിലേക്ക്‌ വന്നപ്പോള്‍ ക്രൂശീകരണം അനിവാര്യ മരണമാവുകയും ക്രിസ്‌തുമതത്തിന്റെ വിശ്വാസമാവുകയും ചെയ്‌തു. അങ്ങനെ എ ഡി 350-നു ശേഷം ഈ ചിഹ്‌നം പ്രചാരത്തിലാവുകയും ഒരുതരം സ്‌മരണ (funerary monuments) ആവുകയും ചെയ്‌തു.'' (Britanica -1992, 15th Edition, vol-3, p.763)
കറസ്റ്റ്‌, സെറാപിസ്റ്റ്‌
ഈജിപ്‌തുകാര്‍ ആരാധിച്ചിരുന്ന മറ്റു സൂര്യദേവന്മാരില്‍ പ്രമുഖരാണ്‌ കറസ്റ്റ്‌, സെറാപ്പിസ്റ്റ്‌ തുടങ്ങിയവര്‍. ടി ഡബ്ല്യു ഡണ്‍, Bible Myths എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നത്‌ ബാലസൂര്യനായി അറിയപ്പെട്ടിരുന്ന കറസ്റ്റിന്റെ പ്രതീകം കുരിശായിരുന്നുവെന്നാണ്‌. ഈജിപ്‌തിലെ സെറാപ്പിസ്റ്റ്‌ ദേവാലയത്തിന്റെ അവശിഷ്‌ടങ്ങളില്‍ നിന്നും പുരാവസ്‌തു ഗവേഷകര്‍ `കുരിശ്‌' കണ്ടെത്തിയതായി പറയുന്നു.
യേശുവോ യേശുവിന്റെ സച്ചരിതരായ അനുയായിവൃന്ദമോ പഠിപ്പിക്കാത്ത കുരിശ്‌ ആദര്‍ശം ക്രിസ്‌തുമാര്‍ഗത്തിന്‌ തീര്‍ത്തും അന്യമാണെന്നും പ്രവാചകരില്‍ നിന്നും മതഗ്രന്ഥത്തില്‍ നിന്നും വിദൂരമാകുമ്പോള്‍ പൗരോഹിത്യം സമാന്യ ജനതയെ ഏല്‌പിക്കുന്ന അധിക ഭാണ്ഡങ്ങളാണിവയൊക്കെയെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. ``ക്രിസ്‌തുവിന്റെ ക്രൂശീകരണ സ്‌മരണയായും മരണത്തിനും പിശാചിനുമെതിരായുള്ള വിജയമായും കുരിശ്‌ ക്രിസ്‌തുമതത്തിന്റെ പ്രധാന പ്രതീ കമായി (principle symbol) കടന്നുവന്നത്‌ എ ഡി 4-ാം നൂറ്റാണ്ടിലാണ്‌. (Long man illustrated Encyclopedia of world History - 19th London P- 214)
കുരിശ്‌ ആദരവുള്ള വസ്‌തുവായി കരുതുന്നതും ശരീരത്തിലണിയുന്നതും വീടുകളിലും ആരാധനാലയങ്ങളിലും ചാര്‍ത്തുന്നതും ഒരുതരം വിഗ്രഹാരാധനയുടെ ഭാഗമാണെന്ന്‌ ക്രൈസ്‌തവ പക്ഷം തന്നെ അഭിപ്രായപ്പെടുന്നുണ്ട്‌. വണക്കവും ആരാധനയുമെല്ലാം ഏകനായ സത്യദൈവത്തിന്‌ മാത്രമേ സമര്‍പ്പിക്കാവൂ എന്ന വേദഗ്രന്ഥങ്ങളുടെ അഭിപ്രായത്തോട്‌ യോജിക്കുന്ന ബൈബിള്‍, ഏകദൈവാരാധനയില്‍ നിന്ന്‌ മനുഷ്യനെ വ്യതിചലിപ്പിക്കുന്ന വിഗ്രഹ-വസ്‌തു ആരാധനയിലേക്കു വഴിതെളിക്കുന്ന യാതൊരു സമീപനവുമായും പൊരുത്തപ്പെടുകയില്ല തന്നെ.
വിഗ്രഹവും പ്രതിമയും
ബൈബിള്‍ പറയുന്നു: ``അതുകൊണ്ടുതന്നെ ഇസ്‌റാഈല്‍ ഭവനത്തോട്‌ പറയുക, കര്‍ത്താവായ ദൈവം അരുളിചെയ്‌തു. പശ്ചാത്തപിച്ച്‌ നിങ്ങളുടെ വിഗ്രഹങ്ങളില്‍ നിന്ന്‌ പിന്തിരിയുക. നിങ്ങളുടെ മ്ലേച്ഛങ്ങളില്‍ നിന്ന്‌ മുഖം തിരിക്കുക.'' (എസെകിയേല്‍ 14:6)
``വിഗ്രഹങ്ങളുടെ മ്ലേച്ഛതകളെയും മോശമായ വാക്കുകളെയും അകറ്റിനിര്‍ത്തുക.'' (വി.ഖു 22:30)
പ്രത്യേക വസ്‌തുക്കളോടും വിഗ്രഹ പ്രതിമകളോടുമുള്ള മനുഷ്യന്റെ താല്‌പര്യത്തെ ബൈബിള്‍ ശക്തിയായി എതിര്‍ക്കുന്നുണ്ട്‌. ``കര്‍ത്താവ്‌ അരുള്‍ ചെയ്യുന്നു: ജനതകളുടെ മാര്‍ഗം പഠിക്കരുത്‌. ആകാശത്തിലെ അടയാളങ്ങള്‍ കൊണ്ട്‌ പരിഭ്രമിക്കരുത്‌. ജനതകളാണ്‌ ഇവയെക്കുറിച്ച്‌ ഭയപ്പെടുന്നത്‌, ഈ ജനങ്ങളുടെ ആചാരം അര്‍ഥശൂന്യമാണ്‌. വനത്തിലെ ഒരു മരം മുറിക്കുന്നു; അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തികള്‍ പോലെയാണ്‌. അവക്ക്‌ സംസാരിക്കാന്‍ കഴിയില്ല, നടക്കാന്‍ കഴിയാത്തതുകൊണ്ട്‌ അവയെ ചുമക്കണം. അവയെ ഭയപ്പെടരുത്‌, കര്‍ത്താവേ.... നീ വലിയവനാണ്‌ നിന്നെപ്പോലെ ആരുമില്ല.'' (യിരമ്യാ 10:2-6)
ദൈവം മോശാപ്രവാചകനോട്‌ പറയുന്നു: ``ഞാനല്ലാതെ, മറ്റു ദേവന്മാര്‍ നിനക്കുണ്ടാവരുത്‌. ഒരു വിഗ്രഹവും നനക്കായി ഉണ്ടാക്കരുത്‌. മുകളില്‍ സ്വര്‍ഗത്തിലുള്ളതോ താഴെ ഭൂമിയിലുള്ളതോ ഭൂമിക്കടിയില്‍ വെള്ളത്തിലുള്ളതോ ആയ യാതൊന്നിന്റെയും ബിംബം ഉണ്ടാക്കരുത്‌, നീ അവയ്‌ക്ക്‌ മുമ്പില്‍ തല കുനിക്കുകയോ സേവിക്കുകയോ അരുത്‌.'' (പുറപ്പാട്‌ 20:4,5)
കുരിശ്‌ ദൈവമല്ലെന്നും അതിനെ ആരാധിക്കുന്നില്ലെന്നും വിശദീകരിക്കുന്ന കാത്തോലിക്കാ വിഭാഗം ഉപര്യുക്ത വചനങ്ങളെ വിലയിരുത്തലിനു വിധേയമാക്കട്ടെ. ആരാധനയ്‌ക്കായാലും മറ്റെന്തിനായാലും പ്രതിമ, പ്രതിഷ്‌ഠ സമ്പ്രദായങ്ങളും അവയെ ശരീരത്തിലോ മറ്റോ വഹിക്കുന്നതും പ്രമാണങ്ങള്‍ക്ക്‌ തീര്‍ത്തും വിരുദ്ധവും അര്‍ഥശൂന്യരായ ആളുകളുടെ പ്രവൃത്തിയുമാണ്‌. ധാരാളം പ്രവചനങ്ങള്‍ നടത്തിയ ക്രിസ്‌തു താന്‍ കുരിശിലേറ്റപ്പെടുമെന്നും കൊല്ലപ്പെടുമെന്നും പ്രസ്‌തുത കുരിശ്‌ തന്റെ അനുയായികള്‍ പ്രതീകമായി സൂക്ഷിക്കണമെന്നും പഠിപ്പിച്ചിട്ടില്ല. ക്രിസ്‌തുവിന്റെ അപ്പോസ്‌തലന്മാരും 3-ാം നൂറ്റാണ്ട്‌ വരെയുള്ള ക്രിസ്‌തുവിന്റെ പിന്‍ഗാമികളാരും കുരിശിനെ മഹത്വപ്പെടുത്തുകയോ പുണ്യം കല്‌പിക്കുകയോ ചെയ്‌തിട്ടില്ല. എങ്കില്‍ ഈ കുരിശും ക്രിസ്‌തു പഠിപ്പിച്ച ഐകദൈവ വിശ്വാസത്തിനെതിരെ ക്രൈസ്‌തവരില്‍ നിന്ന്‌ ഉയര്‍ന്നുവന്ന `കുരിശ്‌' തന്നെയല്ലേ!
തങ്ങളുടെ ആത്മീയ നായകനെ വധിക്കാന്‍ ഉപയോഗിച്ച ആയുധത്തെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിലെ യുക്തി എന്താണ്‌? യേശു ക്രൂശീകരിക്കപ്പെടാന്‍ കാരണക്കാരനായ ഒറ്റുകാരന്‍ യൂദാസിനെ ശത്രുവായിക്കാണുകയും യൂദാസ്‌ കാരണം പിലാത്തോസിന്റെ പടയാളികള്‍ യേശുവിനെ ക്രൂശിക്കാന്‍ ഉപയോഗിച്ചു എന്ന്‌ പറയുന്ന `കുരിശ്‌' പ്രിയങ്കരമാകുകയും ചെയ്‌തതിലെ യുക്തിയെന്താണ്‌?
അവസാനിക്കാത്ത ചോദ്യങ്ങളുമായി കുരിശും കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്‌പം പാപപരിഹാരവുമെല്ലാം ക്രൈസ്‌തവ ദര്‍ശനത്തിന്റെ ബലിഷ്‌ഠമല്ലാത്ത സ്‌തംഭങ്ങളായി ചരിത്രത്തിലെന്നും നിലനില്‌ക്കുന്നു. ക്രൈസ്‌തവര്‍ക്കിടയില്‍ പോലും ആധികാരികത ആവശ്യപ്പെട്ടുകൊണ്ടുള്ള ചര്‍ച്ച നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. വിശ്വാസവും അന്ധവിശ്വാസവും പ്രമാണവും പൗരോഹിത്യവും തമ്മിലുള്ള അന്തരം തന്നെയാണ്‌ ഇവിടെ പ്രകടമാകുന്നത്‌.
``അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന്‌ പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു, എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‌പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ ഒരു ദൈവവുമില്ല, അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവനെത്രയോ പരിശുദ്ധന്‍.'' (വി.ഖു 9:31) 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: