നമ്മുടെ സമര സംസ്‌കാരം
യുദ്ധവും സമരവും പര്യായപദങ്ങളാണെങ്കിലും രണ്ട് പദങ്ങളും ദ്യോതിപ്പിക്കുന്ന ആശയങ്ങളില്‍ വ്യത്യാസമുണ്ട്. യോദ്ധാവും സേനാനിയും അങ്ങനെതന്നെ. സ്വാതന്ത്ര്യസമരസേനാനി പക്ഷേ, പട്ടാളക്കാരനല്ല. എന്നാല്‍ വൈദേശികാധിപത്യത്തില്‍നിന്ന് സ്വദേശത്തെ മോചിപ്പിക്കാന്‍ വേണ്ടി ജീവിതം മുഴുവന്‍ സമരമുഖത്തായിരുന്നു അവര്‍.
നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി യുദ്ധം നയിക്കേണ്ടിവന്ന രാജ്യങ്ങളുണ്ട്. എന്നാല്‍ ലോകത്ത് വലിയ രാജ്യങ്ങളിലൊന്നായ(അവിഭക്ത) ഇന്ത്യ സ്വാതന്ത്ര്യസമരത്തിന് ഒരു പുതിയമുഖംതന്നെ കാഴ്‌ചവച്ചിരിക്കുകയാണ്. രക്തരഹിത, അക്രമരഹിത സമരം. അതായിരുന്നു മഹാത്മാഗാന്ധിയും അന്നത്തെ ഇന്ത്യന്‍ സമൂഹത്തെ നയിച്ച നേതൃത്വവും വിഭാവനം ചെയ്‌തത്. എതിരഭിപ്രായമുള്ളവര്‍ ഉണ്ടായിരുന്നുവെങ്കിലും സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ് പട്ടാളത്തെ സായുധമായി നേരിടുക എന്നതും വിശാല ഇന്ത്യയെ ആ നിലയില്‍ യോജിപ്പിക്കുക എന്നതും പ്രായോഗികമായിരുന്നില്ലതാനും. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെയും വഹാബി മൂവ്‌മെന്റിന്റെയും മലബാര്‍ സമരത്തിന്റെയും മറ്റും അകാലചരമം നല്‌കുന്ന പാഠവും അതുതന്നെ. ഏതായിരുന്നാലും ഒരുനൂറ്റാണ്ടുകാലത്തെ- ശിപായി ലഹള മുതല്‍ സ്വാതന്ത്ര്യദിനംവരെ- സഹനസമരംകൊണ്ട് ഇന്ത്യാ മഹാരാജ്യം വൈദേശിക ഭരണത്തില്‍നിന്ന് സ്വതന്ത്രമായി. സ്വദേശികള്‍ക്ക് ഭരണം കിട്ടിയപ്പോള്‍ നാം സ്വീകരിച്ച നിലപാട് ജനാധിപത്യത്തിന്റെയാതിരുന്നു.
ഈ കാര്യങ്ങള്‍ ഇപ്പോള്‍ അനുസ്‌മരിക്കാന്‍ കാരണമെന്തെന്നല്ലേ. ഇന്ത്യക്കാരുടെ പൊതുവിലും കേരളീയരുടെ വിശേഷിച്ചും സമരബഹുലമായ സാമൂഹിക സാഹചര്യം ഒരു നൂറ്റാണ്ടുനീണ്ട സ്വാതന്ത്ര്യസമര പാരമ്പര്യത്തില്‍ നിന്ന് തുടര്‍ന്നുപോന്നതാണോ എന്ന് സംശയിച്ചുപോകുന്നു. സമരമില്ലാത്ത ജീവിതം-ജീവിതമാകുന്ന സമരമല്ല- നമുക്ക് ഓര്‍ക്കാന്‍പോലും കഴിയുന്നില്ല. പണ്ട് വിദേശികളായ ഭരണാധികാരിയായിരുന്നു സമരത്തിന്റെ നാട്ടക്കുറി, ഇന്ന് സ്വദേശികള്‍ തന്നെയാണ് ഭരിക്കുന്നതെങ്കിലും സമരം ഭാരതീയന്റെ അനിവാര്യതകളിലൊന്നായിത്തീര്‍ന്നിരിക്കുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നതാണ് നമ്മുടെ ഭരണകൂടം. ഭരണകര്‍ത്താക്കള്‍ക്കെതിരില്‍ ശബ്‌ദിക്കാനും പ്രതിഷേധിക്കാനും സമരം ചെയ്യാനും ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് അവകാശം നല്‍കുന്നു. ആ അവകാശം വകവെച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ പോലും മുഖത്തുനോക്കി വിമര്‍ശിക്കുന്നത് രാജ്യദ്രോഹ നടപടിയായി കാണില്ല. ജനാധിപത്യ ക്രമത്തിന്റെ തന്നെ ഭാഗമായ കോടതിയില്‍, തന്റെ അവകാശത്തിനുവേണ്ടി നിയമയുദ്ധം നടത്താനും പ്രജകള്‍ക്കനുവാദവും അവകാശവുമുണ്ട്. ഭരണാധികാരി സ്വദേശിയായാലും സ്വന്തക്കാരനാണെങ്കിലും ഭരണീയരെ തൃപ്‌തിപ്പെടുത്തുന്നതില്‍ വിജയിക്കണമെന്നില്ല. ചിലപ്പോഴൊക്കെ ന്യായമായ അവകാശങ്ങള്‍ ഹനിക്കപ്പെട്ടുകൂടായ്‌കയുമില്ല. ഈ സാഹചര്യത്തില്‍ പ്രതിഷേധിക്കുന്നതും സമരം ചെയ്യുന്നതും അന്യായമായി ആരും ഗണിക്കുകയില്ല. എന്നാല്‍ ഇന്ന് ദിനംപ്രതി നടക്കുന്ന സമരാഭാസങ്ങള്‍ ജനഹിതമനുസരിച്ചോ ജനങ്ങള്‍ക്കുവേണ്ടിയോ അതോ ചില സ്ഥാപിത താത്‌പര്യക്കാരുടെ സ്വാര്‍ഥത നിലനിര്‍ത്താന്‍വേണ്ടിയോ എന്ന് സംശയിച്ചുപോവുകയാണ്.
ഇക്കഴിഞ്ഞ ഇരുപതും ഇരുപത്തി ഒന്നും തിയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് കഴിഞ്ഞു. തൊട്ടുമുന്‍പ് കേരളത്തില്‍ ആറു ദിവസത്തെ പണിമുടക്ക്. അതിനു മുന്‍പായി ബസ് പണിമുടക്ക്. പ്രാദേശികമായും ചില കമ്പനികളിലും വ്യവസായ സ്ഥാപനങ്ങളിലും നടക്കുന്ന സമരങ്ങള്‍ വേറെയും. യഥാര്‍ഥത്തില്‍ എന്തിനാണ് സമരം! തങ്ങളുടെ ന്യായമെന്ന് തോന്നിയ അവകാശങ്ങള്‍ മുതലാളിയുടെയോ ഭരണാധികാരികളുടെയോ ശ്രദ്ധയില്‍ കൊണ്ടുവരിക. ചര്‍ച്ചകളിലൂടെ കഴിയുന്നിടത്തോളം പ്രശ്‌നങ്ങള്‍ പരിഹരിക്കുക. രണ്ട് വിഭാഗവും വിട്ടുവീഴ്‌ച ചെയ്‌ത് കാര്യങ്ങള്‍ സുഗമമായി മുന്നോട്ടു നീക്കുക. ഇതാണല്ലോ ലക്ഷ്യം. തൊഴിലുടമയെയോ ഭരണകൂടത്തെയോ ഒരു കാര്യം നിര്‍ബന്ധിച്ച് ചെയ്യിക്കാന്‍ സമരം പര്യാപ്‌തമല്ലല്ലോ. മാത്രമല്ല, ജനാധിപത്യരീതിയില്‍ സമരത്തിന് ചില ഘട്ടങ്ങളും ഘടകങ്ങളും ഒക്കെയുണ്ട്. ആവശ്യങ്ങള്‍ ഉന്നയിക്കുക, ബന്ധപ്പെട്ടവര്‍ക്ക് രേഖാമൂലം സമര്‍പ്പിക്കുക, ചര്‍ച്ചയ്‌ക്കു വിളിക്കുക, സമരമാണെങ്കില്‍ തന്നെ മുന്‍കൂട്ടി നോട്ടീസ് നല്‌കുക, ജനങ്ങളെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.... അങ്ങനെ പല ഘട്ടങ്ങളുമുണ്ട്. ഇതിലൊന്നും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ധര്‍ണയോ മാര്‍ച്ചോ നിരാഹാരമോ പണിമുടക്കോ ഒക്കെ നടത്തപ്പെടുന്നു. ആ വിഷയത്തില്‍ ജനശ്രദ്ധയും മാധ്യമശ്രദ്ധയും തദ്വാരാ ബന്ധപ്പെട്ടവരുടെ ശ്രദ്ധിയും ഉണ്ടാകുന്നു. സാധിക്കുന്നിടത്തോളം പരിഹാരം കാണുന്നു.
എന്നാല്‍ ഇന്ന് സമരം എന്ന പദത്തിന് മറ്റൊരു പര്യായം കൂടിയുണ്ട്. പ്രതിപക്ഷം. പ്രതിപക്ഷമാണെങ്കില്‍ ഭരണകക്ഷി എന്ത് പറഞ്ഞാലും എതിര്‍ക്കണം; എന്തിനും സമരം ചെയ്യണം. ഭരണപക്ഷമാണെങ്കില്‍ പ്രതിപക്ഷം എത്ര ന്യായമായ കാര്യം ശ്രദ്ധയില്‍ പെടുത്തിയാലും ഒരിക്കലും അതിനു ചെവികൊടുക്കരുത്. അഭിമുഖീകരണത്തിന്റെതല്ലാത്ത, അനുരഞ്‌ജനത്തിന്റെ ഒരു മാര്‍ഗവും ഇവര്‍ കാണുന്നില്ല. ഇതാണോ ഭരണഘടന അനുവദിച്ചുതന്ന അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരാവകാശം! നിയമനിര്‍മാണ സഭയോ പാര്‍ലമെന്റോ ഒരു ദിവസം പോലും അതിന്റെ ബിസ്‌നസ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ അംഗങ്ങള്‍ സിറ്റിംഗ് അലവന്‍സായ `തുച്ഛ കോടികള്‍' കൈപ്പറ്റി പോകുന്ന ദുരവസ്ഥ നാടിനുവേണ്ടിയോ സ്വാര്‍ഥ താത്‌പര്യങ്ങള്‍ക്കുവേണ്ടിയോ? ഇന്ന് കേരളത്തില്‍ നിലവിലുള്ള എത്ര സമരമുഖങ്ങളുണ്ട്! ഒരു തീര്‍പ്പുമാകാതെ, ഓരോ താത്‌പര്യങ്ങള്‍ക്കും അപ്പപ്പോള്‍ കുത്തിപ്പൊക്കാവുന്നവ! (ഉദാഹരങ്ങള്‍ നിരത്തുന്നില്ല). എത്രകോടിയുടെ പൊതുമുതല്‍ സമരത്തിന്റെ പേരില്‍ നശിപ്പിക്കപ്പെടുന്നു. എത്രപേര്‍ നരകിക്കുന്നു; സമരത്തിന്റെ പേരില്‍! ഇക്കഴിഞ്ഞ `നാല്‌പത്തി എട്ട് മണിക്കൂര്‍' സമരത്തിന്റെ രണ്ടാം ദിനത്തിലെ പത്രങ്ങള്‍ പുറത്തിറക്കിയത് ഡല്‍ഹിയില്‍ കത്തുന്ന ഒരു `കാര്‍നിര'യുടെ ചിത്രവുമായിട്ടാണ്. ഈ ഭീകരത സമരത്തിന്റെ ലക്ഷ്യമാകാന്‍ പാടില്ലല്ലോ.
അക്രമവും ആക്രമണവും ഇന്ന് സമരത്തിന്റെ പര്യായമായി മാറിയിരിക്കുന്നു. ഏതെങ്കിലും ഒരു ഇഷ്യൂ, അതിന്റെ പേരില്‍ ഏതെങ്കിലും സംഘം കലക്‌ടറേറ്റ്/സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുന്നു. ഇത് ഒരു ജനാധിപത്യ പ്രതിഷേധ രീതിയാണ്. അതിന്റെ മറുവശമെന്താണ്? ഭരണസിരാകേന്ദ്രങ്ങളിലേക്ക് ജനം ഇരച്ചുകയറുന്നത് ക്രമസമാധാനം തകര്‍ക്കുമെന്നതിനാല്‍, നിശ്ചിത സ്ഥലത്ത് ഭരണാധികാരികള്‍/പോലീസ് തടയും. അവിടെവെച്ച് മാര്‍ച്ച് അവസാനിപ്പിക്കുകയും പൊതുയോഗം നടത്തി അധികാരികള്‍ക്ക് രേഖാമൂലം മെമ്മോറാണ്ടം നല്‍കി പിരിഞ്ഞുപോകുകയും വേണം. അതിനുപകരം, ആ തടഞ്ഞ പോലീസിനെ ആക്രമിച്ച് അടിയും വെടിയും ജലപീരങ്കിയും ചോദിച്ചുവാങ്ങി രക്തസാക്ഷികളെ ഉണ്ടാക്കി മുതലെടുക്കുന്നത് ജനാധിപത്യമല്ല, അക്രമാധിപത്യമാണ്. ഇത് ഏത് കക്ഷി എന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ബാധകം. സമരത്തിന്റെ വേറൊരു പര്യായമാണ് പൊതുമുതല്‍ നശിപ്പിക്കല്‍. ബസും കാറും ഓഫീസും തകര്‍ക്കുക. ആര്? നാം തന്നെ! ആരുടെ? നമ്മുടേതുതന്നെ! ഇത് ലോകത്തെവിടെയെങ്കിലുമുണ്ടോ? ഏതായാലും അടുത്ത കാലത്ത് ഒരു കോടതിവിധി വന്നു. പൊതുമുതല്‍ നശിപ്പിച്ച സംഘടന അതിന്റെ നഷ്‌ടപരിഹാരം നല്‍കണമെന്ന്. അത്രയും ആശ്വാസം.
സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസില്‍ കയറുന്നതുതന്നെ സമരം ചെയ്യാനാണെന്നാണ് തോന്നുന്നത്. പണിമുടക്ക് അവകാശമാണെങ്കില്‍ പണി മുടക്കാതിരിക്കുന്നത് മറ്റവരുടെയും അവകാശമാണ്. അത് വകവെച്ചുകൊടുക്കാതിരിക്കുമ്പോള്‍ `കരിങ്കാലിയാക്രമണം' വരുന്നു. ഏറ്റവും വൃത്തികെട്ട രൂപത്തില്‍ പിഞ്ചുകുട്ടികള്‍ക്കു നേരെ നായക്കുരണ വിതറുക, പെണ്‍ജീവനക്കാരെപ്പോലും മുറിയിലിട്ടു പൂട്ടുക, സഹപ്രവര്‍ത്തകരെ ബന്ദിയാക്കുക തുടങ്ങിയ നീചമായ പ്രവൃത്തികള്‍ ജനാധിപത്യമല്ല എന്നു തിരിച്ചറിയാനുള്ള വിവേകമെങ്കിലും സമരം ചെയ്യുന്നവര്‍ക്ക് വേണം. ഇക്കഴിഞ്ഞ ദിവസം കെ എസ് യു ക്കാര്‍ ഒരു ഉദ്യോഗസ്ഥന്റെ മുഖത്ത് കരിഓയില്‍ ഒഴിച്ച സംഭവമുണ്ടായി. നിമയത്തെ എതിര്‍ക്കാന്‍ നിയമനിര്‍വഹണ ഉദ്യോഗസ്ഥനെയല്ല കരിഓയില്‍ ഒഴിക്കേണ്ടത്, എന്റെ മുഖത്തേക്ക് ഒഴിച്ചോളൂ എന്ന് മുഖ്യമന്ത്രി പറയേണ്ടിവന്നു. സമരം ആരാണ് ചെയ്യുന്നത്, ആരോടാണ്, എന്തിനാണ്, മുന്നില്‍ നില്‌ക്കുന്ന ഉദ്യോഗസ്ഥന് ഇതില്‍ എത്ര പങ്കുണ്ട് എന്നൊന്നും ആലോചിക്കാതെ, ആരാണിപ്പോള്‍ ഭരണം നടത്തുന്നത് എന്നുപോലും അറിയാതെചെയ്യുന്ന സമാരാഭാസങ്ങള്‍ക്ക് എന്തു പേരിട്ടു നല്‌കണം!
അക്രമസമര സംസ്‌കാരം വളരാന്‍ സാഹചര്യമൊരുക്കിയവരെയും കാണാതിരുന്നുകൂടാ. നേരെ ചൊവ്വെ കാര്യം പറഞ്ഞാല്‍ ഇന്ന് ആരും കേള്‍ക്കില്ല. ആദിവാസി പ്രശ്‌നം എത്ര കാലമായി? ചെങ്ങര പോലുള്ള ഭൂസമരം എത്രകാലമായി? പല കാരണത്താല്‍ സമരപ്പന്തലുകള്‍ നിയമസഭക്കു മുന്നില്‍ ഉയര്‍ന്നിട്ട് എത്ര കാലമായി? ഇയ്യച്ചേരി കൃഷ്‌ണന്‍ മാസ്റ്റര്‍ മദ്യവിരുദ്ധ സമരം തുടങ്ങിയിട്ട് കാലമെത്രയായി? പന്ത്രണ്ടു കൊല്ലമായി നിരാഹാരം നടത്തിക്കൊണ്ടിരിക്കുന്ന ഇറോം ശര്‍മിളയെ തിരിഞ്ഞുനോക്കാന്‍ ആരെങ്കിലും തയ്യാറായോ? ഇതുപോലുള്ള നിരവധി അനുഭവങ്ങള്‍ മുന്നിലുള്ളവരല്‍ അധികൃതരുടെ മുന്നില്‍ വല്ലതും ഉണര്‍ത്തണമെങ്കില്‍ അക്രമണത്തിന്റെ ശൈലി പുറത്തെടുത്തെങ്കില്‍ കുറ്റം അവരുടേതു മാത്രമല്ല. കൈവശ ഭൂമിക്ക് ലാന്റ് ട്രിബ്യൂണല്‍ പട്ടം നല്‌കിയിരുന്ന എഴുപതുകളിലെ ഒരനുഭവം ആനുഷംഗികമായി അനുസ്‌മരിക്കുകയാണ്. എഴുപതു കഴിഞ്ഞ വൃദ്ധന്‍ പട്ടയത്തിനു വന്നപ്പോള്‍, കൈക്കൂലി വേണമെന്ന് വ്യക്തമായി പറയുന്നതിനു പകരം, അടിയാധാരം കൊണ്ടുവരാന്‍ പറഞ്ഞ് പലതവണ അയാളെ മടക്കി. (അടിയാധാരം ഉണ്ടെങ്കില്‍ പട്ടയം തന്നെ വേണ്ടതില്ലല്ലോ) അങ്ങനെ ഒരു ദിവസം ഈ മനുഷ്യന്‍ മൂന്നു വെട്ടുകത്തിയും ഒരു തേഞ്ഞ കോടാലിയും ഒരു പിക്കാ
സിന്റെ പിടിയും മറ്റുമായി ലാന്റ് ട്രിബ്യൂണലില്‍ കയറിച്ചെന്ന്, `ഇതാ എന്റെ അടിയാധാരങ്ങള്‍' എന്നു പറഞ്ഞ് അവ മേശപ്പുറത്തു വച്ചു! പതിനഞ്ചു മിനിറ്റിനകം വൃദ്ധന്റെ പട്ടയം റെഡി! ചുരുക്കത്തില്‍ അക്രമം ചോദിച്ചുവാങ്ങുന്നവരും സമരം ചെയ്‌ത് അക്രമം തിരിച്ചുവാങ്ങുന്നവരും ജനാധിപത്യത്തിനു ശാപമാണ്. പ്രബുദ്ധ ജനങ്ങള്‍ ഇത് തിരിച്ചറിയണം.
സിന്റെ പിടിയും മറ്റുമായി ലാന്റ് ട്രിബ്യൂണലില്‍ കയറിച്ചെന്ന്, `ഇതാ എന്റെ അടിയാധാരങ്ങള്‍' എന്നു പറഞ്ഞ് അവ മേശപ്പുറത്തു വച്ചു! പതിനഞ്ചു മിനിറ്റിനകം വൃദ്ധന്റെ പട്ടയം റെഡി! ചുരുക്കത്തില്‍ അക്രമം ചോദിച്ചുവാങ്ങുന്നവരും സമരം ചെയ്‌ത് അക്രമം തിരിച്ചുവാങ്ങുന്നവരും ജനാധിപത്യത്തിനു ശാപമാണ്. പ്രബുദ്ധ ജനങ്ങള്‍ ഇത് തിരിച്ചറിയണം.
0 comments: