ഏകദൈവവിശ്വാസവും സ്വയംകഴിവും

  • Posted by Sanveer Ittoli
  • at 7:35 AM -
  • 0 comments
ഏകദൈവവിശ്വാസവും സ്വയംകഴിവും


- നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
ജിന്നുവാദിയായ ഒരു മൗലവി എഴുതുന്നു: ആകയാല്‍ സൃഷ്‌ടികഴിവിന്നപ്പുറമുള്ള ഒരു കാര്യം അദ്ദേഹത്തിനുള്ള സിദ്ധിമൂലം ഒരു സൃഷ്‌ടിക്ക്‌ സാധ്യമാണെന്നോ അല്ലെങ്കില്‍ സ്വയം കഴിവ്‌ ഉണ്ടെന്നോ ഉള്ള വിശ്വാസമാണ്‌ ഭക്തിയാദരവു വരാനുള്ള കാരണം. അല്ലാഹുവിനെക്കുറിച്ച്‌ പലപ്പോഴും നാം അറിയാതെ തന്നെ നമുക്ക്‌ ഭക്തിയാദരവുണ്ടാകും. റസൂലുല്ലാഹി(സ)യെ നാം ഓര്‍ക്കുമ്പോള്‍ നമുക്ക്‌ അങ്ങേയറ്റത്തെ ആദരവുണ്ട്‌. ഭക്തിയാദരമില്ല. ആദരവോടെയല്ലാതെ സ്വദ്ദീഖി(റ)നെ നമുക്ക്‌ ഓര്‍ക്കാന്‍ കഴിയുകയില്ല. പക്ഷേ, ഭക്തിയാദരമില്ല. ഭക്തിയാദരവോടെ ഒരു സൃഷ്‌ടിയോടൊരു കാര്യം ആവശ്യപ്പെട്ടാല്‍ അത്‌ സൃഷ്‌ടിയോടുള്ള പ്രാര്‍ഥനയായി.'' (പി എ ജെ തുറക്കല്‍, ഇസ്വ്‌ലാഹ്‌ മാസിക -2013 ഫെബ്രുവരി, പേജ്‌ 28).
ഇത്‌ കാന്തപുരം മുസ്‌ലിയാരോ ഇ കെ ഹസന്‍ മുസ്‌ലിയാരോ മറ്റു ഖുബൂരി മുസ്‌ലിയാന്മാരോ എഴുതിയതല്ല. ജിന്നുവാദികളുടെ നേതാവിന്റേതാണീ വരികള്‍. ഇയാള്‍ നേരത്തെ ഖുബൂരികളുടെ പാളയത്തിലായിരുന്നു. ശേഷം മുജാഹിദ്‌ പ്രസ്ഥാനത്തിലേക്ക്‌ കടന്നുവന്നയാളാണ്‌. ആരുടെ നേരെയാണോ നാം ഭക്തിയാദരവ്‌ പ്രകടിപ്പിക്കുന്നത്‌ അയാള്‍ക്ക്‌ സ്വയം കഴിവ്‌ ഉണ്ടെന്ന്‌ വിശ്വസിച്ചാലാണത്രെ ശിര്‍ക്കാകുന്ന ഭക്തിയാദരവ്‌ ആയിത്തീരുന്നത്‌! സ്വയം കഴിവുണ്ടെന്ന ഭക്തിയാദരവോടെ ഒരു സൃഷ്‌ടിയോടൊരു കാര്യം ആവശ്യപ്പെട്ടാല്‍ മാത്രമാണ്‌ അത്‌ സൃഷ്‌ടിയോടുള്ള പ്രാര്‍ഥനയാവുകയുള്ളൂ എന്നാണ്‌?!
ഇതിന്‌ ഇയാള്‍ക്കുള്ള തെളിവ്‌ അല്ലാഹുവിനെക്കുറിച്ച്‌ പലപ്പോഴും നാം അറിയാതെ തന്നെ നമുക്ക്‌ പ്രാര്‍ഥനയായ ഭക്തിയാദരവുണ്ടാകുന്നത്‌ അല്ലാഹുവിന്‌ സ്വയം കഴിവുണ്ടെന്ന്‌ നാം വിശ്വസിക്കുമ്പോഴാണെന്നാണ്‌. റസൂലുല്ലാഹി(സ)യെയും സിദ്ദീഖി(റ) നെയും ഓര്‍ക്കുമ്പോള്‍ പ്രാര്‍ഥനയാകുന്ന ഭക്തിയാദരവ്‌ ഇല്ലാതിരിക്കാന്‍ കാരണം അവര്‍ക്കു സ്വയം കഴിവുണ്ടെന്ന്‌ വിശ്വസമില്ലാത്തതുകൊണ്ടാണെന്നും എഴുതുന്നു. അല്ലാഹുവിനെ കുറിച്ചു നമുക്ക്‌ ഓര്‍മ വരുമ്പോള്‍ അവന്‌ സ്വയം കഴിവ്‌ ഉണ്ടെന്ന ചിന്തയല്ല ആദ്യമായി നമുക്കുണ്ടാവുക. പ്രത്യുത അല്ലാഹുവാണ്‌ നമ്മെ സൃഷ്‌ടിച്ചതും നമ്മെ സംരക്ഷിക്കുന്നവനും നമ്മെ നശിപ്പിക്കുന്നവനും എല്ലാറ്റിനും കഴിവുറ്റവനും എന്ന ചിന്തയാണ്‌. അപ്പോള്‍ ഈ സ്വഭാവഗുണങ്ങള്‍ ഉണ്ടെന്ന്‌ വിശ്വസിച്ചാലാണ്‌ പ്രാര്‍ഥനയാകുന്ന സഹായതേട്ടവും ഭക്തിയാദരവും ആകുകയുള്ളൂ എന്നും അടുത്തു തന്നെ ഇവര്‍ എഴുതാന്‍ സാധ്യതയുണ്ട്‌. ഈ ജല്‌പനത്തിലൂടെ ഇവര്‍ താഴെ പറയുന്ന കാര്യങ്ങളാണ്‌ ഉന്നയിക്കുന്നത്‌.
1). മുഹമ്മദ്‌ നബി(സ)യെയും അബൂബക്കര്‍ സിദ്ദീഖിനെയും അവര്‍ക്ക്‌ സ്വയംകഴിവ്‌ ഇല്ലെന്നു വിശ്വസിച്ച്‌ അവരോട്‌ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അതു ശിര്‍ക്കാകുന്ന ഭക്തിയാദരവാകുകയില്ല. പ്രാര്‍ഥനയുമല്ല.
2). ദൂരെയുള്ള ഒരു മനുഷ്യനെയോ ഒരു ഡോക്‌ടറെയോ ആധുനിക സംവിധാനങ്ങള്‍ ഇല്ലാതെ വിളിച്ച്‌ സഹായംതേടിയാല്‍ അതു ശിര്‍ക്കാകുകയില്ല. സ്വയംകഴിവ്‌ ഉണ്ടെന്ന്‌ വിശ്വസിച്ചാലാണ്‌ പ്രാര്‍ഥനയും ശിര്‍ക്കുമാകുന്നത്‌.
3). മക്കാമുശ്‌രിക്കുകള്‍ മലക്കുകളെയും ജിന്നുകളെയും ലാത്ത, ഉസ്സ, മനാത്ത പോലെയുള്ളവരെയും വദ്ദ്‌, സുവഅ്‌, യഗൂസ്‌ മുതലായവരെയും വിളിച്ച്‌ സഹായംതേടിയത്‌ പ്രാര്‍ഥനയോ ശിര്‍ക്കാകുന്ന ഭക്തിയാദരവോ ആകുന്നില്ല. കാരണം മക്കാ മുശ്‌രിക്കുകള്‍ അല്ലാഹുവിന്‌ മാത്രമാണ്‌ സ്വയംകഴിവ്‌ ഉണ്ടെന്ന്‌ വിശ്വസിച്ചിരുന്നതെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ തന്നെ നൂറില്‍പരം സൂക്തങ്ങളിലൂടെ വ്യക്തമാക്കുന്നു. അല്ലാഹു നല്‌കിയ കഴിവ്‌ അല്ലാതെ യാതൊരു കഴിവും ഇല്ലെന്നും അവര്‍ വിശ്വസിച്ചിരുന്നു. നിരീശ്വരവാദികള്‍ മാത്രമാണ്‌ വസ്‌തുക്കളിലും മറ്റും സ്വയംകഴിവിനെ സ്ഥാപിക്കുന്നത്‌.
4). ഒരു ഖബറാളിയെ അയാള്‍ക്ക്‌ സ്വയംകഴിവ്‌ ഇല്ലെന്നും അല്ലാഹു നല്‌കിയ കഴിവ്‌ മാത്രമാണ്‌ ഉള്ളതെന്നും വിശ്വസിച്ചുകൊണ്ട്‌ സമീപിച്ച്‌ ഒരു കാര്യം സഹായംതേടിയാല്‍ അതു ശിര്‍ക്കാകുന്ന ഭക്തിയാദരവോ പ്രാര്‍ഥനയോ പ്രാര്‍ഥനക്കും ശിര്‍ക്കിനും ഇവര്‍ നല്‌കുന്ന പുതിയ വ്യാഖ്യാനപ്രകാരം ആകുന്നില്ല. ഏറിയാല്‍ അബദ്ധവും വിഡ്‌ഢിത്തവും മാത്രമാണ്‌ ആയിത്തീരുന്നത്‌. ശിയാക്കള്‍ ജല്‌പിക്കുന്നതുപോലെ. കിണറ്റില്‍ ചാടിയ ഒരു മനുഷ്യന്‍ തന്റെ അടുത്തുള്ള കറുത്ത പാറയെ ഇലാഹാക്കാതെയും സ്വയം കഴിവ്‌ ഉണ്ടെന്ന്‌ വിശ്വസിക്കാതെയും വിളിച്ച്‌ സഹായം തേടിയാല്‍ അത്‌ ശിര്‍ക്കാവുകയില്ലെന്നും പരമാവധി ഒരു വിഡ്‌ഢിത്തം ആവുകയുള്ളൂ എന്നും ശീഅകള്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളില്‍ കാണാം. (ഉദാ: ഇറാന്‍ എംബസി വിതരണം ചെയ്യുന്ന അത്തൗഹീദ്‌ എന്ന ഗ്രന്ഥം)
5). ഒരു മനുഷ്യന്റെ അടുത്തുള്ള മറ്റൊരു മനുഷ്യനോട്‌ അവന്റെ കഴിവില്‍ പെട്ടത്‌ ചോദിക്കല്‍ പ്രാര്‍ഥനയല്ല. ശിര്‍ക്കുമല്ല. സ്വയം കഴിവ്‌ ഉണ്ടെന്ന്‌ വിശ്വസിച്ചു ചോദിച്ചാല്‍ ശിര്‍ക്കും പ്രാര്‍ഥനയുമാകും. ഇതുപോലെ തന്നെയാണ്‌ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ തേടുന്നതും എന്ന്‌ ഇവര്‍ക്ക്‌ പറയേണ്ടിവരും. തന്റെ അടുത്തുള്ള മനുഷ്യനെ വിളിച്ച്‌ സഹായംതേടല്‍ ചിലപ്പോള്‍ നിര്‍ബന്ധമാകും. അയാള്‍ അപകടത്തില്‍ ചാടുകയാണെങ്കില്‍ ചിലപ്പോള്‍ അനുവദനീയമാകുകയും ചെയ്യും. ഇത്‌ ഹറാമോ ശിര്‍ക്കിലേക്കുള്ള മാര്‍ഗമോ ആകുന്നില്ല. ഇതുപോലെ തന്നെയായിത്തീരും മലക്കുകളെയും ജിന്നുകളെയും ദൂരെയുള്ള മനുഷ്യരെയും വിളിച്ച്‌ ഒരു കാര്യം ആവശ്യപ്പെടുന്നതും. മുജാഹിദുകളുടെ തൗഹീദിനോടും ശത്രുത കാരണം ഇതെല്ലാം മനസ്സിലാക്കുന്നതില്‍ നിന്നും ഇവരെ അന്ധന്മാരും ബധിരന്മാരുമാക്കിയിരിക്കുകയാണ്‌.
മക്കാ മുശ്‌രിക്കുകള്‍ അവര്‍ വിളിച്ച്‌ പ്രാര്‍ഥിക്കുന്നവര്‍ക്ക്‌ സ്വയംകഴിവ്‌ ഉണ്ടെന്ന്‌ വിശ്വസിച്ചിരുന്നുവെന്ന്‌ ഒരൊറ്റ ആയത്തുകൊണ്ടെങ്കിലും ജിന്നുവാദികള്‍ സ്ഥാപിക്കുമോ? ഒരൊറ്റ സ്വഹീഹായ ഹദീസുകൊണ്ടും തെളിയിക്കുമോ?
1). മലക്കുകളോടും ജിന്നുകളോടുമുള്ള സഹായതേട്ടം അഭൗതികവും അദൃശ്യവുമായ നിലക്കുള്ള സഹായം ആവശ്യപ്പെടല്‍ എപ്പോഴാണ്‌ ആയിത്തീരുക.
2). മലക്കുകളുടെയും ജിന്നുകളുടെയും കഴിവില്‍ പെട്ട കാര്യങ്ങള്‍ ഏതെല്ലാമാണ്‌? കഴിവില്‍ പെടാത്തത്‌ ഏതെല്ലാമാണ്‌.
3). കഴിവില്‍ പെട്ടത്‌ ചോദിക്കല്‍ എങ്ങനെയാണ്‌ ഹറാമും ശിര്‍ക്കിലേക്കുള്ള മാര്‍ഗവുമായിത്തീരുന്നത്‌?
4). മലക്കുകള്‍ക്കും ജിന്നുകള്‍ക്കും നല്‌കിയ ഭൗതിക കഴിവുകള്‍ ഏതെല്ലാം?
5). ഭൗതിക കഴിവുകള്‍ ചോദിക്കുന്നതിന്റെ മതവിധി എന്ത്‌?
6). ഒരു സഹായതേട്ടം പ്രാര്‍ഥനയും ശിര്‍ക്കുമാകുന്നതിന്റെ അടിസ്ഥാന തത്വം സ്വയം കഴിവിന്റെ പ്രശ്‌നമാണോ?
7). സ്വയം കഴിവിന്റെ പ്രശ്‌നത്തില്‍ മക്കാ മുശ്‌രിക്കുകളുടെ വിശ്വാസം എന്തായിരിക്കും.
8). പ്രാര്‍ഥനയുടെ നിര്‍വചനം എന്താണ്‌?
9). മക്കാ മുശ്‌രിക്കുകള്‍ അല്ലാഹുവിനെ മാത്രം വിളിച്ച്‌ സഹായംതേടി തൗഹീദ്‌ നിഷ്‌കളങ്കമാക്കിയ സംഭവങ്ങളും രംഗങ്ങളും ഖുര്‍ആന്‍ വിവരിക്കുന്നു, ഈ രംഗങ്ങളില്‍ അവര്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അതു തൗഹീദിന്‌ എതിരാകുമോ?
10). മരണപ്പെട്ടവരെ വിളിച്ചു സഹായംതേടിയാല്‍ (ഇസ്‌തിഗാസ) ചെയ്‌താല്‍ ശിര്‍ക്കാകുമെന്നതിന്‌ നാം ഓതിയിരുന്ന ആയത്തുകളുടെ പരിധിയില്‍ മലക്കുകളും ജിന്നുകളും ഉള്‍പ്പെടുമോ?
12). മക്കാ മുശ്‌രിക്കുകളുടെ തല്‍ബിയത്ത്‌ എന്തായിരുന്നു?
13). മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ ഇസ്‌തിഗാസ (സഹായതേട്ടം) ചെയ്‌താല്‍ എപ്പോഴാണ്‌ ശിര്‍ക്കും പ്രാര്‍ഥനയുമാകുക?
ഇസ്വ്‌ലാഹീ പ്രസ്ഥാനം ഒരു നൂറ്റാണ്ടു കാലമായി ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന തൗഹീദില്‍ നിന്ന്‌ ജിന്നുവാദികള്‍ എത്രയോ കാതം അകലെ എത്തിയിരിക്കുന്നു. അവര്‍ തന്നെ ആദ്യം പറഞ്ഞതും ഇപ്പോള്‍ പറയുന്നതും എന്താണെന്ന്‌ തിരിച്ചറിയാതാവും വിധം അവര്‍ക്ക്‌ അന്ധത ബാധിച്ചിരിക്കുന്നു. മുജാഹിദുകളെ എതിര്‍ത്തുകൊണ്ട്‌ യാഥാസ്ഥിതിക വിഭാഗം എന്തെല്ലാം ന്യായങ്ങള്‍ നിരത്തിയിരുന്നുവോ അതെല്ലാം മുജാഹിദുകളെന്ന വ്യാജേന ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: