ആലുഇംറാനിലെ 175-ാഠ സൂക്‌തവുഠ പിശാചിനെ പേടിക്കലുഠ
നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
ജിന്നുവാദികള്‍ എഴുതുന്നു: ``ഇത്രയും എഴുതിയ ശേഷമാണ് ഈ ആശയം സ്ഥാപിക്കാന്‍ സൂറതു ആലുഇംറാനിലെ 175-ാം വചനം തെളിവായി എടുത്തുകൊടുത്തിട്ടുള്ളത്. വാസ്‌തവത്തില്‍ പിശാചിനെ പേടിക്കരുതെന്നല്ല ഈ ഖുര്‍ആന്‍ സൂക്തത്തില്‍ പറയുന്നത്. മറിച്ച് പിശാചിന്റെ മിത്രങ്ങളായ മുശ്‌രിക്കുകളെ/സത്യനിഷേധികളെ പേടിക്കരുതെന്നാണ്.'' (കെ കെ സകരിയ്യാ സ്വലാഹി, ഇസ്വ്‌ലാഹ് മാസിക -2013 ഫെബ്രുവരി, പേജ് 44).
ഈ സൂക്തത്തിന്റെ പൂര്‍ണരൂപം നോക്കൂ: ``നിശ്ചയമായും അത് പിശാച് തന്നെയാണ്; അവന്‍ തന്റെ മിത്രങ്ങളെക്കുറിച്ച് (നിങ്ങളെ) ഭയപ്പെടുത്തുകയാണ്. അതിനാല്‍ അവരെ നിങ്ങള്‍ ഭയപ്പെടരുത്, എന്നെ ഭയപ്പെടുകയും ചെയ്യുവീന്‍.
നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍'' (ആലുഇംറാന്‍ 175). അതിനാല്‍ അവരെ നിങ്ങള്‍ ഭയപ്പെടരുത് എന്ന് അല്ലാഹു പറഞ്ഞതില്‍ പിശാച് ഉള്‍പ്പെടുകയില്ല എന്നും പിശാചിന്റെ മിത്രങ്ങളെ മാത്രമാണ് ഉദ്ദേശ്യമെന്നുമാണ് ഇവര്‍ എഴുതുന്നത്.
കറുത്ത പൂച്ചയെ കാണുമ്പോള്‍, കറുത്ത നായയെ കാണുമ്പോള്‍, ഒരു മനുഷ്യരൂപം കാണുമ്പോള്‍, ഭാര്യയെ കാണുമ്പോള്‍, ഭാര്യ ഭര്‍ത്താവിനെ കാണുമ്പോള്‍ പിശാച് രൂപംമാറി വന്നതാണെന്ന് ഭയപ്പെടണം. ഒരു സര്‍പ്പത്തെ കാണുമ്പോള്‍, അതിനെ വധിക്കുമ്പോള്‍ പിശാചാണോ എന്നു ഭയപ്പെടണം. ഒരു ശബ്‌ദം കേള്‍ക്കുമ്പോള്‍, പനിയോ തലവേദനയോ വയറുവേദനയോ അപസ്‌മാരമോ മാനസികരോഗമോ ഭ്രാന്തോ മൗനം പാലിച്ചിരിക്കുന്ന സ്വഭാവമോ ബാധിച്ചാല്‍ പിശാച് ഉണ്ടാക്കിയതാണോ എന്ന് ഭയപ്പെടണം. ഒരാള്‍ക്ക് സാമ്പത്തിക നഷ്‌ടം ഉണ്ടായാല്‍ അയ്യൂബ് നബി(അ)ക്ക് സാമ്പത്തിക നഷ്‌ടം ഉണ്ടാക്കിയ പിശാചിനെ ഭയപ്പെണം. ഒരാള്‍ക്ക് സന്താനം ജനിക്കാതിരുന്നാല്‍ പിശാച് തടസ്സം ഉണ്ടാക്കിയതാണോ എന്ന് ഭയപ്പെടണം.
മേശ വലിക്കുമ്പോള്‍, വാതില്‍ അടയ്‌ക്കുമ്പോള്‍, ചൂടുവെള്ളം പുറത്തേക്ക് ഒഴിക്കുമ്പോള്‍, തെങ്ങില്‍ നിന്ന് തേങ്ങയിടുമ്പോള്‍, മടല്‍ വീഴുമ്പോള്‍ പിശാചിനെ ബാധിക്കുമോ എന്ന് ഭയപ്പെടണം. ഇതിലേതെങ്കിലും പിശാചിന് ബാധിച്ചാല്‍ അവന്‍ കൊന്നുകളയുക വരെ ചെയ്യും. ഭാര്യയുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ ബിസ്‌മി ചൊല്ലാന്‍ മറക്കുന്നത് ഭയപ്പെടണം. മറന്നാല്‍ ജനിക്കുന്ന കുട്ടി പിശാചിന്റേതായിരിക്കും. പിശാച് ചെറിയ കുട്ടികളെ കുത്തി കരയിപ്പിക്കുന്നതിനെ ഭയപ്പെടണം. ഇപ്രകാരമെല്ലാം പിശാചുക്കളെയും ജിന്നുകളെയും ഭയപ്പെടണമെന്നാണ് ഇവര്‍ പറയുന്നത്. ഇത്തരം ജല്‌പനങ്ങള്‍ക്കൊന്നും വിശുദ്ധ ഖുര്‍ആനിലെ ഒരൊറ്റ സൂക്തവും തെളിവല്ല. പ്രത്യേകിച്ച് ആലുഇംറാനിലെ 175-ാം സൂക്തം.
അല്ലാഹു പറയുന്നു: ``അതിനാല്‍ നിങ്ങള്‍ പിശാചിന്റെ മിത്രങ്ങളോടു യുദ്ധംചെയ്യുവീന്‍. നിശ്ചയമായും പിശാചിന്റെ തന്ത്രം ദുര്‍ബലമായതാകുന്നു.'' (അന്നിസാഅ് 76)
ഇവിടെ അല്ലാഹു പ്രഖ്യാപിക്കുന്നത് പിശാചിന് ഇല്ലാത്ത കഴിവുകള്‍ ഉണ്ടാക്കുന്നവരും പിശാചിനെ അനുസരിച്ച് ജീവിക്കുന്നവരുമായ അവന്റെ മിത്രങ്ങളോടാണ് തൗഹീദിന്റെ അനുയായികള്‍ യുദ്ധം ചെയ്യേണ്ടത് എന്നാണ്. കാരണം അവരാണ് അപകടകാരികള്‍. പിശാചിന്റെ തന്ത്രം വളരെ ദുര്‍ബലമായതുമാണ്. വിശുദ്ധ ഖുര്‍ആനില്‍ വൈരുധ്യമില്ല എന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. അപ്പോള്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത് എന്ന് അല്ലാഹു പറയുമ്പോള്‍ പിശാചാണ് അവന്റെ മിത്രങ്ങളെക്കാള്‍ ഇവിടെ ഉദ്ദേശിക്കപ്പെടുക. കാരണം മിത്രങ്ങളെ ഭയപ്പെട്ടു അവരോട് യുദ്ധം വരെ ചെയ്യാന്‍ അല്ലാഹു പറഞ്ഞ ശേഷം പിശാചിന്റെ തന്ത്രം ദുര്‍ബലമാണെന്നാണ് പറയുന്നത്. ഇതുകൊണ്ടാണ് തഫ്‌സീര്‍ ഇബ്‌നുകസീറില്‍ ആലുഇംറാനിലെ 175-ാം ആയത്തിനെ വ്യാഖ്യാനിച്ചപ്പോള്‍ അന്നിസാഇലെ 76-ാം സൂക്തം വ്യാഖ്യാനമായി എടുത്തുകാണിക്കുന്നത്.
നിങ്ങള്‍ അവരെ ഭയപ്പെടരുത് എന്നു പറയുമ്പോള്‍ പ്രധാനമായും ഉദ്ദേശിക്കുന്നത് പിശാചാണ്. കാരണം അവന്റെ കുതന്ത്രം സൂറതുന്നിസാഇല്‍ പറഞ്ഞതുപോലെ ദുര്‍ബലമാണ്. `അവരെ നിങ്ങള്‍ ഭയപ്പെടരുത്' എന്ന് പറഞ്ഞ ഉടനെ `എന്നെ നിങ്ങള്‍ ഭയപ്പെടുവിന്‍' എന്ന് അല്ലാഹു ആജ്ഞാപിക്കുന്നു. ഇതിന്റെയര്‍ഥം എന്നെയും പിശാചിനെയും നിങ്ങള്‍ ഭയപ്പെടുവീന്‍ എന്നതാണ്. ഇപ്രകാരമാണ് ജിന്നുവാദക്കാര്‍ പറയുന്നത്. കാരണം, നിങ്ങള്‍ അവരെ ഭയപ്പെടരുത് എന്ന് അല്ലാഹു പറഞ്ഞതിന്റെ പരിധിയില്‍ പിശാച് ഉള്‍പ്പെടുകയില്ല എന്നാണ് ഇസ്വ്‌ലാഹ് മാസികയില്‍ എഴുതിയത്. അതാണ് തുടക്കത്തില്‍ നാം സൂചിപ്പിച്ചത്. ഒരൊറ്റ മുസ്‌ലിം പണ്ഡിതനും അവരെ നിങ്ങള്‍ ഭയപ്പെടരുത് എന്നു പറഞ്ഞതിന്റെ പരിധിയില്‍ പിശാച് ഉള്‍പ്പെടുകയില്ല എന്നും ``എന്നെ നിങ്ങള്‍ ഭയപ്പെടുവിന്‍'' എന്നതിന്റെ പരിധിയില്‍ പിശാചും ഉള്‍പ്പെടുമെന്നും വ്യാഖ്യാനിച്ചിട്ടില്ല.
1). കെ എന്‍ എം പ്രസിദ്ധീകരിച്ച അമാനി മൗലവിയുടെ തഫ്‌സീര്‍ എഴുതുന്നു: ``നിങ്ങള്‍ അല്ലാഹുവിനെ മാത്രമാണ് ഭയപ്പെടേണ്ടത് എന്നു സാരം'' (വിശുദ്ധ ഖുര്‍ആന്‍ വിവരണം. അമാനി മൗലവി 1:591)
2). മുകളില്‍ വിവരിച്ചതു പോലെ, തഫ്‌സീര്‍ ഇബ്‌നുകസീറില്‍ ഈ സൂക്തത്തിന്റെ വ്യാഖ്യാനമായി പിശാചിന്റെ മിത്രങ്ങളോട് നിങ്ങള്‍ യുദ്ധം ചെയ്യുവീന്‍, തീര്‍ച്ചയായും പിശാചിന്റെ കുതന്ത്രം ദുര്‍ബലമാണ് എന്ന് അല്ലാഹു പറയുന്ന സൂക്തം ഉദ്ധരിക്കുന്നു.
3). ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഇമാം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇബ്‌നുജരീര്‍(റ) എഴുതുന്നു: ``നിങ്ങള്‍ എന്നെ ഭയപ്പെടുവീന്‍. മുശ്‌രിക്കുകളെ നിങ്ങള്‍ ഭയപ്പെടരുത്. എന്റെ മുഴുവന്‍ സൃഷ്‌ടികളെയും നിങ്ങള്‍ ഭയപ്പെടരുത്'' (ഇബ്‌നുജരീര്‍ 2:192) (ഖാഫൂനീ ദുനല്‍ മുശ്‌രിക്കീന ദൂന ജമീഇ ഖല്‍ഖീ)
3). ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഇമാം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇബ്‌നുജരീര്‍(റ) എഴുതുന്നു: ``നിങ്ങള്‍ എന്നെ ഭയപ്പെടുവീന്‍. മുശ്‌രിക്കുകളെ നിങ്ങള്‍ ഭയപ്പെടരുത്. എന്റെ മുഴുവന്‍ സൃഷ്‌ടികളെയും നിങ്ങള്‍ ഭയപ്പെടരുത്'' (ഇബ്‌നുജരീര്‍ 2:192) (ഖാഫൂനീ ദുനല്‍ മുശ്‌രിക്കീന ദൂന ജമീഇ ഖല്‍ഖീ)
ജിന്നുവാദികള്‍, അച്ചടിയിലും പ്രസംഗത്തിലും വന്ന ചില ഭാഗങ്ങള്‍ എടുത്തുകാണിച്ച് യഥാര്‍ഥ വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തെറ്റിക്കാനാണ് കുതന്ത്രം പ്രയോഗിക്കുന്നത്. അല്ലാഹു പറഞ്ഞതു പോലെ പിശാചിന്റെ കുതന്ത്രം ദുര്‍ബലമാണെങ്കിലും അവന്റെ മിത്രങ്ങളുടെ കുതന്ത്രമാണ് അപകടം പിടിച്ചത്. അല്ലാഹുവിന്റെ നിര്‍ദേശം സ്വീകരിച്ചുകൊണ്ട് ഇവര്‍ക്കെതിരായി നാം യുദ്ധം തന്നെ ചെയ്യണം. അല്ലാത്തപക്ഷം ഏകദൈവ വിശ്വാസികളെ ഇവര്‍ ബഹുദൈവ വിശ്വാസികളാക്കും.
4). അല്‍മനാര്‍ മാസികയില്‍ എഴുതുന്നു: ``ജിന്ന് പിശാചിനേക്കാള്‍ അപകടകാരി മനുഷ്യപ്പിശാചാകുന്നു. മാലികുബ്‌നു ദീനാര്‍(റ) പറഞ്ഞ വാചകം കുറിക്കട്ടെ: നിശ്ചയം മനുഷ്യപ്പിശാച് ജിന്നു പിശാചിനേക്കാള്‍ എനിക്ക് കഠിനമായതാണ്. ജിന്ന്, പിശാച് അല്ലാഹുവിനോട് ഞാന്‍ ശരണം തേടിയാല്‍ എന്നെ വിട്ടുപോകുന്നതാണ്. എന്നാല്‍ മനുഷ്യപ്പിശാച് എന്റെ അടുത്തുവരും. എന്നിട്ട് പാപങ്ങളിലേക്കു എന്നെ വലിച്ചു കൊണ്ടുപോകും (ഖുര്‍തുബി).'' (2003 നവംബര്‍, പേജ് 50).
5). ഹാഫിദ് ഇബ്‌നുഹജറില്‍ അസ്‌ഖലാനി (റ) എഴുതുന്നു: മനുഷ്യപ്പിശാചുക്കളാണ് ജിന്നിലെ പിശാചുക്കളെക്കാള്‍ ഏറ്റവും ഉപദ്രവം ചെയ്യുന്നവര്‍ (ഫത്‌ഹുല്‍ ബാരി 16:309, കിതാബുല്‍ ഫിതനി, 7067-ാം ഹദീസിന്റെ വ്യാഖ്യാനത്തില്‍).
കെ കെ സകരിയ്യ തന്നെ എഴുതുന്നു: ``അല്ലാഹുവിനെ പേടിക്കുക എന്ന് പറയുന്നത് ഇബാദത്തിന്റെ ഇനമായ പേടിയെക്കുറിച്ചാണ്'' (ഇസ്വ്‌ലാഹ് മാസിക -2013, ഫെബ്രുവരി, പേജ് 45). ഇബാദത്തിന്റെ ഇനമായ പേടി എന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വിവരിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ്. കെ കെ സകരിയ്യ വീണ്ടും എഴുതുന്നു: ``എന്നാല്‍ ഗൈ്വബിയായ നിലക്കു അഥവാ അഭൗതികമായി, കാര്യകാരണബന്ധങ്ങള്‍ക്കതീതമായി മനുഷ്യരെ ഉപദ്രവിക്കാന്‍ പിശാചിന് കഴിയും എന്നൊരാള്‍ വിശ്വസിച്ചാല്‍ ആ ഭയം ശിര്‍ക്കിലെത്തുമെന്നതില്‍ സംശയമില്ല'' (അതേ മാസിക). പിശാചും ജിന്നും മലക്കും ദൃശ്യവും ഭൗതികവുമായ സൃഷ്‌ടികളാണോ എന്ന് ഇവര്‍ വ്യക്തമാക്കണം. കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതം എന്ന് പറയുവാന്‍ പിശാചുക്കളുടെയും മലക്കുകളുടെയും കഴിവുകള്‍ പരിഗണിക്കണമെങ്കില്‍ കഴിവുകള്‍ ഏതെല്ലാമാണെന്നും വ്യക്തമാക്കണം.
0 comments: