മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ മുസ്‌ലിംവേദി വരുന്നു?

  • Posted by Sanveer Ittoli
  • at 10:47 PM -
  • 0 comments
മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ മുസ്‌ലിംവേദി വരുന്നു?

എ പി അന്‍ഷിദ്‌
മുസ്‌ലിം പൊതുസമൂഹത്തില്‍ സ്വാധീനമുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക വേദി രൂപീകരിക്കുന്നതിനുള്ള ശ്രമത്തിലാണ്‌ കേരളത്തിലെ സി പി എം. ഇതിന്റെ തുടക്കമെന്ന നിലയില്‍ വേണം കോഴിക്കോട്ട്‌ നടന്ന വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത യോഗത്തെ കാണാന്‍.
മുസ്‌ലിം പൊതുസമൂഹത്തെ സ്വാധീനിക്കാനും കൂടെ നിര്‍ത്താനും എല്ലാ കാലത്തും സി പി എം ശ്രമിച്ചിട്ടുണ്ട്‌. അതിന്റെ തുടര്‍ച്ചയായി വേണം പുതിയ നീക്കത്തെയും അതിന്റെ സാധ്യതകളെയും വിലയിരുത്താന്‍.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ മുസ്‌ലിം രാഷ്‌ട്രീയ ചരിത്രം പരിശോധിച്ചാല്‍ കേരളത്തില്‍ ഒഴികെ എവിടെയും സ്ഥായിയായ ഒരു ചട്ടക്കൂടിനകത്ത്‌ അതിനെ ഒതുക്കിനിര്‍ത്താന്‍ കഴിയില്ല. താരതമ്യേന മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള ഉത്തര്‍പ്രദേശ്‌, പശ്ചിമ ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ പോലും.
കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ മുഴുവന്‍ പ്രതാനിധ്യം അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും മലബാര്‍ മേഖലയില്‍ മുസ്‌ലിംലീഗ്‌ നേടിയെടുത്തിട്ടുള്ള സ്വാധീനം കുറച്ചു കാണാന്‍ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ മുസ്‌ലിംകള്‍ ഒരു രാഷ്‌ട്രീയ ചട്ടക്കൂടിനകത്ത്‌ നിലകൊള്ളുന്നവരാണെന്ന്‌ പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. എന്നാല്‍ അത്‌ പൂര്‍ണമായും മുസ്‌ലിംലീഗിന്റെ രാഷ്‌ട്രീയ ചട്ടക്കൂടിലാണെന്ന്‌ പറയാനും കഴിയില്ല. മുസ്‌ലിം ലീഗിന്‌ സ്വാധീനം ഏറെയുള്ള മലപ്പുറം ജില്ലയില്‍ പോലും ഇടതുപക്ഷ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌, പ്രത്യേകിച്ച്‌ സി പി എമ്മിന്‌ നല്ല രാഷ്‌ട്രീയ വേരോട്ടമുള്ള മേഖലകള്‍ ഉണ്ട്‌.
മുസ്‌ലിം സമുദായം സി പി എമ്മിനെ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ല എന്നതിന്‌ തെളിവാണിത്‌. മലബാര്‍ ബ്രിട്ടീഷ്‌ ആധിപത്യത്തിനു കീഴിലായിരുന്ന കാലത്തു നടന്ന ജന്മി-കുടിയാന്‍ പോരാട്ടങ്ങളുടെയും കര്‍ഷക മുന്നേറ്റങ്ങളുടെയും ചരിത്രത്തിലാണ്‌ മലപ്പുറത്തെ മുസ്‌ലിം മനസ്സുകളില്‍ സി പി എമ്മിനുള്ള സ്വാധീനത്തിന്റെ വേരുകള്‍ ആഴ്‌ന്നുകിടക്കുന്നത്‌. എന്നാല്‍ പൊതുധാരാ മുസ്‌ലിം സമൂഹം എല്ലാ കാലത്തും സി പി എമ്മുമായി ഒരു അകലം പാലിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതാകട്ടെ, ഒരല്‌പം ശക്തമായ പ്രതിരോധത്തിന്റെ ചട്ട തന്നെയാണ്‌. മുസ്‌ലിംലീഗ്‌ പ്രതിസന്ധിയുടെ ആഴക്കയത്തില്‍ പെട്ടപ്പോള്‍ പോലും മലപ്പുറത്ത്‌ രാഷ്‌ട്രീയ മുന്നേറ്റം നടത്താന്‍ സി പി എമ്മിനു കഴിഞ്ഞില്ല എന്നത്‌ ഇതിനു തെളിവാണ്‌. മാത്രമല്ല, ഏറെ സ്വാധീനമുണ്ടായിരുന്ന പൊന്നാനിയും പഴയ വള്ളുവനാടിന്റെ ഭാഗമായ പെരിന്തല്‍മണ്ണ പോലുള്ള കേന്ദ്രങ്ങളും സി പി എമ്മിനെ കൈയൊഴിയാന്‍ തയ്യാറായി എന്നത്‌ ഈ മേഖലയില്‍ അവര്‍ നേരിട്ടു കൊണ്ടിരിക്കുന്ന ശക്തിക്ഷയമാണ്‌ വിളിച്ചോതുന്നത്‌.
ഇ എം എസ്‌ നമ്പൂതിരിപ്പാടിന്റെ ജനനം കൊണ്ട്‌ ശ്രദ്ധേയമായ ഏല ങ്കുളം ഉള്‍പ്പെടുന്ന പെരിന്തല്‍മണ്ണ നിയോജക മണ്ഡലം ഒരുകാലത്ത്‌ മലപ്പുറം ജില്ലയിലെ സി പി എമ്മിന്റെ ഏറ്റവും വലിയ ഉറച്ച കോട്ടയായിരുന്നു. ഇമ്പിച്ചി ബാവയെ പോലുള്ളവരെ തുടര്‍ച്ചയായി ജയിപ്പിച്ചുവിട്ട പൊന്നാനിയും മലപ്പുറത്തെ പച്ചക്കുള്ളിലെ ചുവപ്പുകോട്ടയാണ്‌. ഇടയ്‌ക്ക്‌ വി ശശികുമാറിലൂടെ പെരിന്തല്‍മണ്ണ മണ്ഡലം സി പി എം തിരിച്ചുപിടിച്ചെങ്കിലും മഞ്ഞളാം കുഴി അലിയുടെ കളംമാറ്റി ചവിട്ടിയുള്ള മത്സരത്തിലൂടെ അത്‌ നഷ്‌ടമായി. എന്നാല്‍ മുസ്‌ലിം മേഖലയില്‍ നിന്നുള്ള രാഷ്‌ട്രീയ സ്വാധീനത്തിന്റെ കാര്യത്തില്‍ സി പി എം ഒരു കാലത്തും നിരാശരായിരുന്നില്ലെന്ന്‌ ആ പാര്‍ട്ടിയുടെ ഇടപെടലുകള്‍ തെളിയിക്കുന്നുണ്ട്‌. മുസ്‌ലിം വോട്ടുബാങ്കിലേക്ക്‌ കടന്നുചെല്ലാനുള്ള നിരവധി ശ്രമങ്ങള്‍ ഓരോ കാലത്തും സി പി എം നടത്തിയിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും കൃത്യമായ ദിശാബോധമോ തുടര്‍ച്ചയോ ഉണ്ടായിരുന്നില്ല എന്നതാണ്‌ വാസ്‌തവം. ഒരു പ്രത്യേക സമയത്തേക്കു മാത്രം പയറ്റുന്ന രാഷ്‌ട്രീയ തന്ത്രങ്ങളായിരുന്നു ഏറെയും. അതുകൊണ്ടുതന്നെ അന്തിമഫലം പരാജയവുമായിരുന്നു. വിശ്വാസപരമായ വിഷയത്തില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി പിന്തുടരുന്ന അടിസ്ഥാന ആശയങ്ങളും മുസ്‌ലിം മനസുകളില്‍ ഇടം നേടുന്നതിന്‌ എന്നും തടസമായി നിന്നിരുന്നു. പശ്ചിമ ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഇതിനെ മറികടക്കാന്‍ സി പി എമ്മിനു കഴിഞ്ഞെങ്കിലും കേരളത്തില്‍ അതിനു സാധിച്ചിരുന്നില്ല. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ ഈ പരിമിതി രാഷ്‌ട്രീയ എതിരാളികള്‍ സമര്‍ഥമായി മുതലെടുത്തു എന്നതാണ്‌ അതിനു കാരണം.
ശരീഅത്ത്‌ വിവാദവുമായി ബന്ധപ്പെട്ട്‌ മുസ്‌ലിംകളുടെ നിലപാടിനൊപ്പം നില്‌ക്കാന്‍ ഇ എം എസ്‌ നമ്പൂതിരിപ്പാട്‌ ആദ്യഘട്ടത്തില്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വൈകാതെ നിലപാടില്‍ നിന്ന്‌ പിന്‍വാങ്ങുകയാണ്‌ ചെയ്‌തത്‌. ഇത്‌ നേരത്തെ പറഞ്ഞ, മുസ്‌ലിം വോട്ടുബാങ്കിനെ സ്വാധീനിക്കാനുള്ള സി പി എമ്മിന്റെ സ്ഥിരതയില്ലാത്ത തന്ത്രങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌. ബാബറി മസ്‌ജിദ്‌ പ്രശ്‌നം വൈകാരിക പ്രശ്‌നമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന്‌ മുസ്‌ലിംലീഗില്‍ ഭിന്നിപ്പുണ്ടാക്കിയതില്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി വഹിച്ച പങ്ക്‌ നഷേധിക്കാനാവില്ല. ഇബ്‌റാഹീം സുലൈമാന്‍ സേട്ടുവിനെ സ്വാധീനിച്ച്‌ ദേശീയ തലത്തില്‍ തന്നെ സി പി എം നടത്തിയ രാഷ്‌ട്രീയ കരുനീക്കങ്ങളുടെ ഫലമായിരുന്നു ഐ എന്‍ എല്ലിന്റെ പിറവി. കേരളത്തിലെ മുസ്‌ലിംലീഗിനെ രണ്ടു പാതിയായി നെടുകെ ഛേദിക്കാമെന്നായിരുന്നു നമ്പൂതിരിപ്പാടും കൂട്ടരും സ്വപ്‌നം കണ്ടത്‌. കേരളത്തില്‍ അധികാര പങ്കാളിത്തം ഉള്‍പ്പെടെയുള്ള വാഗ്‌ദാനങ്ങള്‍ ഇതിനായി സി പി എം നല്‌കിയിരുന്നു എന്നത്‌ നിഷേധിക്കാനാവാത്ത വസ്‌തുതയാണ്‌. എന്നാല്‍ പ്രതീക്ഷിച്ച ഫലമല്ല അതിനുണ്ടായത്‌. ഭൂരിപക്ഷം ലീഗ്‌ അനുഭവികളും മാതൃസംഘടനയില്‍ ഉറച്ചുനില്‌ക്കുന്നതാണ്‌ കണ്ടത്‌. പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെ അനിഷേധ്യ നേതൃത്വം ഇക്കാര്യത്തില്‍ മുസ്‌ലിംലീഗിന്‌ വലിയ അനുഗ്രഹമായാണ്‌ ഭവിച്ചത്‌. ഐ എന്‍ എല്ലിനെ കുറച്ചുകാലം സി പി എം കൊണ്ടുനടന്നെങ്കിലും അധികം വൈകാതെ വഴിയാധാരമാക്കി.
പൊന്നാനിയില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ്‌ വേളയില്‍ സി പി എം അവതരിപ്പിച്ചതും അത്തരമൊരു തന്ത്രം തന്നെയായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റക്കാരനല്ലെന്ന്‌ കണ്ട്‌ വെറുതെ വിട്ട അബ്‌ദുന്നാസര്‍ മഅ്‌ദനിയെ കൂടെ നിര്‍ത്തി മുസ്‌ലിം വൈകാരികതയിലേക്ക്‌ കടന്നുകയറാമെന്നായിരുന്നു സി പി എമ്മിന്റെ പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വി എസ്‌ അച്യുതാനന്ദനെപ്പോലുള്ളവര്‍ ഉയര്‍ത്തിയ കലാപവും സി പി ഐ പ്രകടിപ്പിച്ച ഉടക്കും മറ്റൊരു രാഷ്‌ട്രീയ ചാപിള്ളയുടെ ജനനത്തിലാണ്‌ കലാശിച്ചത്‌.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കുന്ന കാര്യത്തിലും അധികാരം വിട്ടൊഴിയുന്നതിന്‌ തൊട്ടു മുമ്പ്‌ നടത്തിയ പാലോളി കമ്മിറ്റി രൂപീകരണം മറ്റൊരു പാഴ്‌നീക്കമായിരുന്നു. അതേസമയം മുസ്‌ലിംലീഗ്‌ വിട്ടുവന്ന ചിലരെ ഉപയോഗപ്പെടുത്തുന്നതില്‍ ഒരു പരിധിവരെ സി പി എം വിജയിച്ചു. കുറ്റിപ്പുറത്ത്‌ കെ ടി ജലീലിനെയും കൊടുവള്ളിയില്‍ പി ടി എ റഹീമിനെയും പിന്തുണ നല്‌കി വിജയിപ്പിച്ചത്‌ ഇതിന്‌ ഉദാഹരണമാണ്‌.
ഈ രാഷ്‌ട്രീയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം സി പി എമ്മിന്റെ നിയന്ത്രണത്തില്‍ മുസ്‌ലിംകള്‍ക്കായി പുതിയ വേദി രൂപീകരിക്കാനുള്ള നീക്കത്തെയും കാണാന്‍. സി പി എമ്മിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മത ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക വേദി രൂപീകരിക്കുന്നത്‌ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ്‌ ആ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്ന അഭിപ്രായം. ന്യൂനപക്ഷ വേദി രൂപീകരണ ശ്രമത്തിന്‌ തുടക്കത്തിലേ തിരച്ചടി നേരിട്ടതും ലക്ഷ്യം നിറവേറ്റാനാവാതെ യോഗം പിരിച്ചു വിടേണ്ടി വന്നതും ഈ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു. എങ്കിലും മുസ്‌ലിം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പുതിയ പ്രസിദ്ധീകരണം തുടങ്ങാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. ഇതിനായി ഹുസൈന്‍ രണ്ടത്താണി, ജാഫര്‍ അത്തോളി എന്നിവരെ ഉള്‍പ്പെടുത്തി എഡിറ്റോറിയല്‍ ബോര്‍ഡിന്‌ യോഗം രൂപം നല്‌കിക്കഴിഞ്ഞു.
മതന്യൂന പക്ഷങ്ങള്‍ക്കു മാത്രമായി പ്രത്യേക വേദി രൂപീകരിക്കുകയെന്നത്‌ സി പി എമ്മിന്റെ അടിസ്ഥാന ആശയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ്‌. പട്ടികജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും പ്രത്യേക വേദി രൂപീകരിക്കാന്‍ നടത്തിയ നീക്കത്തിനു പിന്നാലെയാണ്‌ സി പി എമ്മിന്റെ പുതിയ ശ്രമങ്ങള്‍. വര്‍ഗരാഷ്‌ട്രീയം ഉപേക്ഷിച്ച്‌ സ്വത്വരാഷ്‌ട്രീയത്തെ വരിക്കുകയാണ്‌ സി പി എം എന്ന ആരോപണത്തെ ഇത്‌ ശക്തിപ്പെടുത്തുമെന്നുറപ്പാണ്‌. തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിലൂടെയുള്ള വിമോചനമല്ലാതെ മതത്തിന്റെയോ ജാതിയുടെയോ സമുദായങ്ങളുടെയോ അടിസ്ഥാനത്തിലുള്ള സംഘാടനത്തെ സി പി എം ഒരു കാലത്തും അംഗീകരിച്ചില്ല. മാര്‍ക്‌സിസ്റ്റ്‌ ആശയങ്ങള്‍ പ്രകാരം അതൊട്ട്‌ സ്വീകാര്യവുമല്ല. എന്നിരിക്കെ സി പി എമ്മിന്‌ എത്രത്തോളം ഈ രംഗത്ത്‌ മുന്നോട്ടു പോകാന്‍ കഴിയുമെന്ന ചോദ്യം ഉയരുന്നുണ്ട്‌. വേദി രൂപീകരണം ലക്ഷ്യമല്ലെന്നും പ്രസിദ്ധീകരണം തുടങ്ങുന്നതിനുള്ള ആലോചനകള്‍ മാത്രമാണ്‌ നടന്നതെന്നുമാണ്‌ ബന്ധപ്പെട്ടവര്‍ പറയുന്നത്‌. എന്നാല്‍ സമീപകാല സി പി എമ്മിന്റെ രാഷ്‌ട്രീയ നീക്കങ്ങളുടെ വെളിച്ചത്തില്‍ കേവലമൊരു പ്രസിദ്ധീകരണത്തിനു വേണ്ടിയുള്ള ശ്രമമായി ഇതിനെ കാണാനാവില്ല. സമീപ ഭാവിയില്‍ ന്യൂനപക്ഷ വേദി രൂപീകരണത്തിന്‌ ആ പാര്‍ട്ടി മുതിര്‍ന്നാലും അത്ഭുതപ്പെടാനില്ല. എന്നാല്‍ നേരത്തെ തന്നെ ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുന്നവരല്ലാത്ത ആരും കോഴിക്കോട്ട്‌ നടന്ന യോഗത്തില്‍ പങ്കെടുത്തില്ല എന്ന വസ്‌തുത മുസ്‌ലിം പൊതുസമൂഹത്തിനിടയിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ ഈ കൂട്ടായ്‌മക്ക്‌ എത്രത്തോളം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്‌. നേരത്തെ തന്നെ ഇടതുപക്ഷക്കാരായി ബ്രാന്‍ഡു ചെയ്യപ്പെട്ടവര്‍ക്ക്‌ മുസ്‌ലിം പൊതുസമൂഹത്തില്‍ ലഭിക്കുന്ന ഇടം തന്നെയാണ്‌ പ്രധാന വെല്ലുവിളിയാവുക. അതുകൊണ്ടുതന്നെ മുന്‍കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമല്ലാതെ ഒരു താല്‌ക്കാലിക തന്ത്രം എന്നതില്‍ ഉപരി ഗൗരവമായ ഒരു ഇടപെടല്‍ ശ്രമമായി സി പി എം ഇതിനെ കാണുമെന്ന്‌ കരുതാനും വയ്യ. ഏറി വന്നാല്‍ 2014 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ നീണ്ടുപോകുന്ന ഒരു ഇടക്കാല സര്‍ക്കസ്‌.
ന്യൂനപക്ഷങ്ങളെ അഭിമുഖീകരിക്കേ@ത്‌ ഈ വഴിയിലൂടെയല്ല
സിവിക്‌ ചന്ദ്രന്‍
നമ്മുടെ നവോത്ഥാനം നിര്‍ഭാഗ്യവശാല്‍ പാശ്ചാത്യ നവോത്ഥാനത്തെയാണ്‌ പിന്തുടര്‍ന്നത്‌. പാശ്ചാത്യനവോത്ഥാനത്തിന്റെ ഏറ്റവും റാഡിക്കലായ വാക്താക്കള്‍പോലും ഇന്ത്യ ഒരു കെട്ടിക്കിടക്കുന്ന സമൂഹമാണെന്നും ഇന്ത്യയിലാവശ്യമുള്ളത്‌ ഒരു പാശ്ചാത്യ സിവില്‍സമൂഹമാണെന്നും ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു. വെള്ളക്കാരനെ ദൈവമേല്‌പിച്ച ചരിത്രപരമായ ഒരു ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ്‌ വെള്ളക്കാര്‍ ഇവിടെ വന്നതുപോലും! `വൈറ്റ്‌മെന്‍സ്‌ ബര്‍ഡന്‍' എന്ന വാക്ക്‌ പ്രസിദ്ധമാണല്ലോ.
ഇടതുപക്ഷ സെക്യുലറിസം ഇന്ത്യയുടെ വൈരുധ്യങ്ങളെയും വൈജാത്യങ്ങളെയും മനസ്സിലാക്കുന്നതിലും അഭിമുഖീകരിക്കുന്നതിലും സമ്പൂര്‍ണമായി പരാജയപ്പെട്ടു. വര്‍ഗസമരത്തിന്റെ ഇരുമ്പുലക്കകള്‍ക്ക്‌ ഇന്ത്യയുടെ സ്വത്വസവിശേഷതകളെ മനസ്സിലാക്കാന്‍ ആയില്ല. ദളിതരെയും സ്‌ത്രീകളെയും ആദിവാസികളെയും ഗ്രാമീണരെയും കര്‍ഷകരെയും സവിശേഷമായി മനസ്സിലാക്കാന്‍ കഴിയാതിരുന്നതുപോലെതന്നെ അവര്‍ക്ക്‌ മുസ്‌ലിംകളെയും മനസ്സിലായില്ല.
ഇപ്പോള്‍ മുസ്‌ലിം പ്രശ്‌നത്തിന്‌ 9/11 നുശേഷം കൂടുതല്‍ പ്രാധാന്യമുണ്ട്‌. ബാബരി മസ്‌ജിദിനും ഗുജറാത്തിനും ശേഷം ദേശീയ തലത്തിലും സവിശേഷ പ്രാധാന്യമുണ്ട്‌. മതേതര മൗലികവാദം കൂടുതല്‍ സജീവമായിരിക്കുന്ന കേരളത്തില്‍ മുസ്‌ലിം പ്രശ്‌നത്തിന്‌ കൂടുതല്‍ സവിശേഷതയുമുണ്ട്‌. ഈ സവിശേഷതകളെയും സങ്കീര്‍ണതകളെയും അഭിമുഖീകരിക്കാന്‌ ധൈര്യപ്പെടുകയാണ്‌ സി പി എം പോലുള്ള ഒരു രാഷ്‌ട്രീയ പ്രസ്ഥാനംചെയ്യേണ്ടത്‌. ഏറ്റവും ചുരുങ്ങിയത്‌ കെ ഇ എന്‍ നടത്തിയ യാത്രയെങ്കിലും ഹോംവര്‍ക്കായി സി പി എം ചെയ്‌തിരിക്കണം.
നിര്‍ഭാഗ്യവശാല്‍ കെ ഇ എന്‍ സഞ്ചരിച്ച വഴിയിലൂടെ പോലുമല്ല സി പി എമ്മിന്റെ യാത്ര. കെ ടി ജലീലും ടി കെ ഹംസയും ഒരു മാതൃകകളേ അല്ല. അവര്‍ പൂര്‍ണമായോ ഏതാണ്ട്‌ പൂര്‍ണമായോ സി പി എം ആയിക്കഴിഞ്ഞവരാണ്‌. ഇപ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഒരു സംഭാഷണം ആരംഭിക്കാന്‍വേണ്ടി അവര്‍ ആശ്രയിക്കുന്ന ബുദ്ധിജീവികളും യഥാര്‍ഥത്തില്‍ മുസ്‌ലിം പ്രശ്‌നത്തിന്റെ കാതലില്‍ തൊട്ടിട്ടുള്ളവരല്ല. അതുകൊണ്ട്‌ കെ ഇ എന്നിന്റെ മുന്നിലെങ്കിലും വിനയത്തോടെ കുത്തിയിരുന്ന്‌ മുസ്‌ലിം പ്രശ്‌നത്തിന്റെ വിദ്യാരംഭം നടത്തണമെന്ന്‌ പിണറായി വിജയനോട്‌ അഭ്യര്‍ഥിക്കുന്നു.
ന്യൂനപക്ഷങ്ങളെ ഉയര്‍ത്തിക്കൊ@ു വരികയാണ്‌ ലക്ഷ്യം
എളമരം കരീം എം.എല്‍.എ
മുസ്‌ലിംകള്‍ക്ക്‌ മാത്രമായി സി പി എം പ്രത്യേക വേദി രൂപീകരിക്കുന്നു എന്നത്‌ മാധ്യമ പ്രചാരണം മാത്രമാണ്‌. അത്തരമൊരു ലക്ഷ്യം സി പി എമ്മിനില്ല. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ മതേതര പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട്‌ ഉന്നയിക്കുകയും പൊതുശ്രദ്ധയില്‍ കൊണ്ടുവരികയുമാണ്‌. അതിനായി ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാസിക തുടങ്ങാനാണ്‌ കോഴിക്കോട്ടു ചേര്‍ന്ന മുസ്‌ലിം വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ യോഗത്തില്‍ തീരുമാനിച്ചത്‌. കെ ടി ജലീല്‍ ചെയര്‍മാനായി എഡിറ്റോറിയല്‍ ബോര്‍ഡിനും യോഗത്തില്‍ രൂപം നല്‌കിയിട്ടുണ്ട്‌. ഏപ്രില്‍ മാസത്തില്‍ ആദ്യ ലക്കം പുറത്തിറക്കാനാണ്‌ ആലോചിക്കുന്നത്‌.
സാമുദായിക വിഷയങ്ങള്‍ പാര്‍ശ്വവത്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഏതെങ്കിലും ഒരു സമുദായം ആവശ്യപ്പെട്ടു എന്നതുകൊണ്ടു മാത്രം അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്കു പോലും ജാതീയമായ മുഖം നല്‌കുകയാണ്‌. ഈ സര്‍ക്കാറിന്റെ കാലത്താണ്‌ ഇത്തരമൊരു ദുഷ്‌പ്രവണത രൂപപ്പെട്ടത്‌. കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത്‌ മദ്‌റസാധ്യാപക ക്ഷേമനിധി, മുസ്‌ലിം ഗേള്‍സ്‌ സ്‌കോളര്‍ഷിപ്പ്‌ പോലുള്ള ഒട്ടേറെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ആരംഭിച്ചിരുന്നു. തോമസ്‌ ഐസക്കിന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക്‌ ബാങ്കിംഗിനെക്കുറിച്ചുള്ള ആലോചനകള്‍ നടന്നിരുന്നു. അന്നൊന്നും ഇല്ലാത്ത ആരോപണങ്ങളാണ്‌ ഇപ്പോള്‍ എന്‍ എസ്‌ എസ്സും എസ്‌ എന്‍ ഡി പിയും ഉന്നയിക്കുന്നത്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വലിയ തോതില്‍ സാമുദായിക ധ്രുവീകരണത്തിന്‌ വഴിവെക്കുന്ന പശ്ചാത്തലത്തിലാണ്‌ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സെക്യുലര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട്‌ ഉന്നയിക്കാനുള്ള സി പി എം തീരുമാനം.
ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തില്‍ വലിയ തോതില്‍ ഇന്‍സെക്യൂരിറ്റി ഫീലിംഗ്‌ രൂപപ്പെട്ടുവരുന്നുണ്ട്‌. അവര്‍ തീവ്രവാദികളും വര്‍ഗീയവാദികളുമായി ചിത്രീകരിക്കപ്പെടുന്നതാണിതിന്‌ കാരണം. വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ മുസ്‌ലിംകള്‍ നേരിടുന്ന പിന്നാക്കാവസ്ഥയും വലിയ വെല്ലുവിളിയാണ്‌. സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഇതിന്റെ സത്യാവസ്ഥ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. അത്തരം വിഷയങ്ങളില്‍ കൂടുതല്‍ ശക്തമായ ഇടപെടലിന്‌ പുതിയ പ്രസിദ്ധീകരണം തുടങ്ങുന്നതിലൂടെ കഴിയും. സി പി എം മുപ്പത്‌ വര്‍ഷക്കാലം ഭരിച്ച ബംഗാളിലാണ്‌ മുസ്‌ലിംകള്‍ ഏറ്റവും പിന്നാക്കമെന്ന പ്രചാരണം ശരിയല്ല. ഉത്തര്‍പ്രദേശിലും ബീഹാറിലുമെല്ലാം മുസ്‌ലിംകളുടെ അവസ്ഥ അതിനെക്കാള്‍ പരിതാപകരമല്ലേ. ഇന്ത്യന്‍ മുസ്‌ലിംകള്‍ മൊത്തത്തില്‍ നേരിടുന്ന അവഗണനയുടെ ഫലമാണിത്‌. ബംഗാളില്‍ മുസ്‌ലിംകള്‍ മാത്രമല്ല പിന്നാക്കം. അവിടെ ഹിന്ദുക്കളുടെയും അവസ്ഥ അതില്‍ നിന്നു ഭിന്നമല്ല. ബംഗാളിന്റെ പൊതുവായ സാഹചര്യമാണത്‌. കേരളം മാത്രമാണ്‌ ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായിട്ടുള്ളത്‌. ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള കേരള മുസ്‌ലിംകളുടെ കുടിയേറ്റവും അതിലൂടെയുണ്ടായ സാമ്പത്തിക പുരോഗിതയുമാണ്‌ സാമൂഹ്യ മുന്നേറ്റത്തിന്‌ വഴിവെച്ചത്‌. മുസ്‌ലിം മുന്നേറ്റത്തിന്റെ മുഴുവന്‍ ക്രഡിറ്റ്‌ മുസ്‌ലിംലീഗ്‌ അവകാശപ്പെടുന്നത്‌ അര്‍ഥശൂന്യമാണ്‌. പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടതും സൗജന്യ വിദ്യാഭ്യാസത്തിന്റെ വഴിയൊരുങ്ങിയതുമാണ്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്ക്‌ പഠനത്തിന്‌ അവസരം ഒരുക്കിയത്‌. പൊതു വിദ്യാഭ്യാസ മേഖലയെത്തന്നെ കച്ചവടത്തിന്‌ വെച്ച മുസ്‌ലിം ലീഗിന്‌ എങ്ങനെയാണ്‌ അതിന്റെ ക്രഡിറ്റ്‌ അവകാശപ്പെടാന്‍ കഴിയുക.
മുസ്‌ലിം വിഷയങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സി പി എം ഒരുങ്ങുന്നതിനെ ഐഡന്റിറ്റി പൊളിറ്റിക്‌സിലേക്കുള്ള ദിശമാറ്റമായി കാണേണ്ട കാര്യമില്ല. ഏതു വിഭാഗക്കാരുടെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ സി പി എം മുമ്പും ഏറ്റെടുത്തിട്ടില്ലേ. പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പാര്‍ട്ടി പല കുറി രംഗത്തെത്തിയിട്ടില്ലേ. അതില്‍ എന്താണ്‌ തെറ്റുള്ളത്‌. ഏതു വിഭാഗക്കാരായാലും അവര്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന്‌ സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്‌ തന്നെ അംഗീകരിച്ചിട്ടുള്ള നിലപാടാണ്‌. അതിന്‌ പാര്‍ട്ടിയുടെ അടിസ്ഥാന നയങ്ങളെയോ നിലപാടുകളെയോ ബലകഴിക്കേണ്ട ഒരു കാര്യവും ഇല്ല.
ലക്ഷ്യം താല്‍ക്കാലിക രാഷ്‌ട്രീയ ലാഭം
കെ എന്‍ എ ഖാദര്‍ എം.എല്‍.എ
മതന്യൂനപക്ഷങ്ങളോട്‌ പുതിയൊരു സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമാണ്‌ മാര്‍ക്‌സിസ്റ്റ്‌ ആഭിമുഖ്യമുള്ള ചിലരെ വിളിച്ചുചേര്‍ത്ത്‌ മുസ്‌ലിംകള്‍ക്ക്‌ മാത്രമായി പ്രത്യേക വേദി രൂപീകരിക്കാനുള്ള സി പി എമ്മിന്റെ നീക്കമെന്ന്‌ കരുതാനാവില്ല. താല്‍ക്കാലിക രാഷ്‌ട്രീയലാഭം മാത്രം ലക്ഷ്യംവെച്ചുള്ളതാണിത്‌. മുസ്‌ലിംകളോട്‌ മാത്രമായി അവര്‍ക്ക്‌ പ്രത്യേകമായ ഒരു സമീപനം സ്വീകരിക്കാന്‍ കഴിയില്ല. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍പോലും ന്യൂനപക്ഷ വകുപ്പ്‌ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളെ എതിര്‍ക്കുകയാണ്‌ സി പി എമ്മിന്റെ നേതാക്കള്‍ ചെയ്‌തതെന്ന വസ്‌തുത മതന്യൂനപക്ഷങ്ങളോട്‌ ആ പാര്‍ട്ടിക്കുള്ള നിലപാട്‌ വ്യക്തമാക്കുന്നുണ്ട്‌.
വര്‍ഗരാഷ്‌ട്രീയത്തില്‍ ഊന്നിയുള്ള സി പി എമ്മിന്റെ നിലനില്‍പിന്‌ കോട്ടംതട്ടിയതോടെ സ്വത്വരാഷ്‌ട്രീയം സ്വീകരിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളുടെ ഭാഗമായി വേണം ഈ നീക്കത്തെയും കാണാന്‍. പട്ടികജാതി ക്ഷേമ സമിതി രൂപീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതിനു തെളിവാണ്‌. സ്വത്വ സങ്കല്‍പ്പത്തില്‍ സജീവമായാണ്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ നിലനില്‍പ്പുതന്നെ. എന്നാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇതിനെ ഒരുകാലത്തും അംഗീകരിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍നടന്ന സി പി എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പോലും വര്‍ഗരാഷ്‌ട്രീയത്തില്‍ നിന്നു വ്യതിചലിക്കരുതെന്നാണ്‌ പറയുന്നത്‌. എന്നാല്‍ പുതിയ സാഹചര്യത്തില്‍ നിലനില്‍പ്പില്ലെന്ന്‌ മനസിലാക്കിയാണ്‌ അസ്വീകാര്യമെങ്കിലും പുതിയ പുതിയ ചില മേഖലകളിലേക്ക്‌ കടന്നുചെല്ലാന്‍ അവര്‍ ശ്രമം നടത്തുന്നത്‌. അതിന്റെ ഭാഗമാണ്‌ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ഇടതു അനുഭാവം പുലര്‍ത്തുന്നവരില്‍ ചിലരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ കോഴിക്കോട്ടു വിളിച്ചുചേര്‍ത്ത യോഗം.
സംഘടനാ രൂപീകരണമല്ല, മുസ്‌ലിം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പുതിയ പ്രസിദ്ധീകരണം തുടങ്ങുക മാത്രമാണ്‌ യോഗത്തിന്റെ ലക്ഷ്യമെന്നാണ്‌ ഇപ്പോള്‍ അവര്‍ പറയുന്നത്‌. ഇതില്‍ നിന്നു തന്നെ സി പി എമ്മിന്‌ ഇക്കാര്യത്തിലുള്ള ആത്മാര്‍ഥതക്കുറവ്‌ വ്യക്തമാകുന്നുണ്ട്‌. ന്യൂനപക്ഷ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും അതില്‍ നിന്ന്‌ എങ്ങനെ രാഷ്‌ട്രീയമായി മുതലെടുപ്പ്‌ നടത്താമെന്നുമാണ്‌ അവര്‍ ആലോചിക്കുന്നത്‌. ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളില്‍ സി പി എമ്മിന്‌ ഒരു താല്‍പര്യവുമില്ലെന്ന്‌ ഇതപര്യന്തമുള്ള അതിന്റെ പ്രവര്‍ത്തനങ്ങളും അടിസ്ഥാന പ്രമാണങ്ങളും നയനിലപാടുകളും തെളിയിക്കുന്നുണ്ട്‌. മുസ്‌ലിം ന്യൂനപക്ഷങ്ങളെന്നത്‌ വിശ്വാസത്തില്‍ ഊന്നി നിലനില്‍ക്കുന്നവരാണ്‌. ന്യൂനപക്ഷ അനുകൂല സമീപനം സ്വീകരിക്കാന്‍ ആ പാര്‍ട്ടി പിന്തുടരുന്ന സമീപനങ്ങള്‍ അനുവദിക്കുന്നില്ലെന്നത്‌ വ്യക്തമാണ്‌. പുതിയ നീക്കത്തെയും സി.പി.എമ്മിന്റെ ഏതെങ്കിലും തരത്തിലുള്ള നയവ്യതിയാനമോ ആത്മാര്‍ത്ഥമായ ശ്രമങ്ങളോ ആയി കാണേണ്ടതില്ല.
ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചില ഘട്ടങ്ങളിലെല്ലാം സി.പി.എം മുസ്‌ലിംപക്ഷത്ത്‌ നിലകൊണ്ടിട്ടുണ്ട്‌. എന്നാല്‍ അതെല്ലാം താല്‍ക്കാലിക ലാഭത്തിനു വേണ്ടിയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ അത്‌ എല്ലാവരും കണ്ടതാണ്‌. പുതിയ നീക്കത്തെയും 2014ലോ ഒരുപക്ഷേ അതിനു മുമ്പോ നടക്കാന്‍ സാധ്യതയുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ള ചില പാഴ്‌ശ്രമങ്ങള്‍ മാത്രമായി കണ്ടാല്‍മതി.
ന്യൂനപക്ഷങ്ങള്‍ക്കായി സി.പി.എം പ്രത്യേക സംഘടന രൂപീകരിക്കില്ലെന്ന വാദം ഒരുപക്ഷേ ശരിയായിരിക്കാം. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അതിനുള്ള അവസരങ്ങളും കുറവാണ്‌. അവര്‍ക്കതിന്‌ കഴിയുകയുമില്ല. പകരം ന്യൂനപക്ഷ സബ്‌കമ്മിറ്റികള്‍ രൂപീകരിക്കും. പൊന്നാനിയില്‍ മാത്രമല്ല, ഓരോ തെരഞ്ഞെടുപ്പ്‌ കാലത്തും സി.പി.എം വോട്ടുബാങ്ക്‌ ലക്ഷ്യമിട്ടുള്ള ഇത്തരം ചില ശ്രമങ്ങള്‍ നടത്തിനോക്കിയിട്ടുണ്ട്‌. അതെല്ലാം ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത തല്‍ക്കാലിക പ്രതിഭാസങ്ങള്‍ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ അതൊന്നും ഫലം കണ്ടിട്ടുമില്ല.
മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയകക്ഷി എന്ന നിലയില്‍ മുസ്‌ലിംലീഗ്‌ അതിന്റെ ഇടം വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്‌. മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനങ്ങളെ സി.പി.എം പോലും അസൂയാര്‍ഹമായാണ്‌ കാണുന്നതെന്ന്‌ വ്യക്തമാക്കുന്ന പ്രസ്‌താവനകളാണ്‌ ഈയടുത്തകാലത്ത്‌ ആ പാര്‍ട്ടിയുടെ നേതാക്കളില്‍നിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. പ്രത്യേകിച്ച്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍.
മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഏറ്റവും നല്ല പ്രവര്‍ത്തനങ്ങളുമായാണ്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്നേറുന്നത്‌. സച്ചാര്‍കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കുന്നത്‌ ഉള്‍പ്പെടെയുള്ള ശ്രമങ്ങളെ എതിര്‍ത്ത്‌ തോല്‍പ്പിക്കുന്ന സമപീനമാണ്‌ സി.പി.എം സ്വീകരിച്ചിട്ടുള്ളത്‌. ഏറ്റവുമൊടുവില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍പോലും എ.ഐ.പി സ്‌കൂളുകളുടെ വിഷയം ഉയര്‍ത്തി ന്യൂനപക്ഷ ക്ഷേമ പദ്ധതികളെ അട്ടിമറിക്കാനാണ്‌ സി.പി.എമ്മിന്റെ നേതാക്കള്‍ ശ്രമിക്കുന്നത്‌. മുസ്‌ലിം കേന്ദ്രീകൃത പ്രദേശങ്ങളുടെ പുരോഗതി മാത്രം ലക്ഷ്യമിട്ട്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതാണ്‌ ഏരിയ ഇന്റന്‍സീവ്‌ പ്രോഗ്രാം(എ.ഐ.പി). വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ സംസ്ഥാനത്തിന്‌ കഴിയുമെങ്കില്‍ കെട്ടിടവും അനുബന്ധ സജ്ജീകരണങ്ങളും കേന്ദ്രം ഒരുക്കിത്തരുന്നതാണ്‌ പദ്ധതി. ഈ സ്‌കൂളിലെ അധ്യാപകര്‍ക്ക്‌ സര്‍ക്കാര്‍ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അവ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വാദവുമായാണ്‌ ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്‌. മലപ്പുറത്തെ 33 സ്‌കൂളുകള്‍ മാത്രമല്ല, കേരളത്തിലെ എല്ലാ എയ്‌ഡഡ്‌ സ്‌കൂളുകളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു തന്നെയാണ്‌ മുസ്‌ലിംലീഗ്‌ നിലപാട്‌. എന്നാല്‍ മലപ്പുറത്തെ 33 സ്‌കൂളുകള്‍ ഏറ്റെടുക്കണമെന്നു മാത്രമാണ്‌ സി.പി.എം വാദിക്കുന്നത്‌. എസ്‌.എന്‍.ഡി.പിയും എന്‍.എസ്‌.എസും നടത്തുന്ന എയ്‌ഡഡ്‌ സ്‌കൂളുകളുടെ കാര്യത്തില്‍ അവര്‍ക്ക്‌ ഈ വാദമില്ലല്ലോ. അതിനുപിന്നിലാണ്‌ വര്‍ഗീയതയുടെ ചില അന്തര്‍ധാരകള്‍ ഒളിഞ്ഞിരിക്കുന്നത്‌. ചുവപ്പിനകത്ത്‌ പൊതിഞ്ഞുവെച്ച കുങ്കുമനിറമാണ്‌ ഇതിലൂടെ പുറത്തുവരുന്നത്‌. ഭൂരിപക്ഷ പ്രീണനത്തിലൂടെ ഹിന്ദു ഐക്യത്തിനുവേണ്ടിയുള്ള ശ്രമങ്ങളാണ്‌ സി.പി.എം നടത്തുന്നത്‌.
മുസ്‌ലിം വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട്‌ മേഖലാടിസ്ഥാനത്തില്‍ ന്യൂനപക്ഷ പ്രമോട്ടര്‍മാരെ നിയമിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്‌. 4000 രൂപയാണ്‌ ഇവരുടെ ശമ്പളം. കേന്ദ്രസര്‍ക്കാറാണ്‌ ഇതിന്റെ ചെലവു വഹിക്കുന്നത്‌. സംസ്ഥാന സര്‍ക്കാറിന്‌ യാതൊരു സാമ്പത്തിക ബാധ്യതയുമുണ്ടാക്കാത്ത ഇത്തരം വിഷയങ്ങളെപ്പോലും എതിര്‍ക്കുകയാണ്‌ ഇക്കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ സി.പി.എം ചെയ്‌തത്‌. എന്തിനാണ്‌, ഏതിനാണ്‌ അത്തരമൊരു പ്രമോട്ടര്‍മാര്‍ എന്നാണ്‌ അവരുടെ ചോദ്യം. ബാബരി മസ്‌ജിദ്‌ തകര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലും അത്‌ മൂന്നു കൂട്ടര്‍ക്കുമായി വീതിച്ചുകൊടുത്തുകൂടേ എന്നാണ്‌ ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌ തിരൂരില്‍ പ്രസംഗിച്ചത്‌. അത്തരക്കാര്‍ എങ്ങനെയാണ്‌ ന്യൂനപക്ഷ സംരക്ഷകരാവുക.
മുസ്‌ലിംലീഗിന്‌ ബദലായി ചില ശക്തികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ കാലത്തും സി.പി.എം ശ്രമിച്ചിട്ടുണ്ട്‌. അതൊന്നും വിജയിച്ചിട്ടില്ല എന്നതിന്‌ തെളിവുകള്‍ എമ്പാടുമുണ്ട്‌. പ്രോഗ്രസീവ്‌ ലീഗ്‌ എന്ന പേരില്‍ നേരത്തെ ഒരു സംഘടനയുണ്ടാക്കാന്‍ ശ്രമമുണ്ടായി. എന്‍.ഡി..എഫ്‌, പി.ഡി.പി... മുസ്‌ലിംലീഗിന്‌ പകരം ഒരു രാഷ്‌ട്രീയപാര്‍ട്ടി എന്ന നിലയില്‍ സി.പി.എം താലോലിച്ച ബദല്‍വഴികളെല്ലാം പൊളിഞ്ഞുപോയിട്ടേയുള്ളൂ. മുസ്‌ലിംലീഗില്‍നിന്ന്‌ പൊള്ളവാഗ്‌ദാനങ്ങള്‍ നല്‍കി അടര്‍ത്തിക്കൊണ്ടുപോയവരെപ്പോലും വഴിയരികില്‍ ഉപേക്ഷിച്ച്‌ അപമാനിച്ചുവിട്ട ചരിത്രമല്ലേ അവര്‍ക്ക്‌ പറയാനുള്ളൂ. അത്തരമൊരു സാധ്യത പോലും ഇക്കാര്യത്തില്‍ കാണുന്നില്ല. കാരണം നേരത്തെതന്നെ സി.പി.എം പാളയത്തിലുള്ള കെ.ടി ജലീല്‍, ഹുസൈന്‍ രണ്ടത്താണിയെപ്പോലുള്ളവരല്ലാതെ പുറമെനിന്നുള്ള ആരും ഈ യോഗത്തില്‍ പങ്കെടുത്തിട്ടില്ലല്ലോ. അവര്‍ സി.പി.എമ്മിനൊപ്പം നിന്നാലും വേറിട്ടുനിന്നാലും ഫലം ഒന്നല്ലേ. ഓരോന്നു വരുമ്പോള്‍ ചെറിയ ചില വാദകോലാഹലങ്ങള്‍ ഉണ്ടാകും. അല്‍പം കഴിയുമ്പോള്‍ അത്‌ കെട്ടടങ്ങുകയും ചെയ്യും. അത്രമാത്രം. അവസാനഫലം നോക്കിയാല്‍ നട്ടപ്പോഴും ഒരു കൊട്ട, കൊയ്‌തപ്പോഴും ഒരുകൊട്ട എന്നതാവും സി.പി.എമ്മിന്റെ അവസ്ഥ. ലാഭമൊന്നും കാണില്ല.
ന്യൂനപക്ഷവേദി ചര്‍ച്ച ചെയ്‌തിട്ടില്ല
ഡോ. ഹുസൈന്‍ ര@ത്താണി
മുസ്‌ലിംകള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള വേദി രൂപീകരിക്കുകയെന്നത്‌ കോഴിക്കോട്ടുചേര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ യോഗത്തിന്റെ ലക്ഷ്യമായിരുന്നില്ല. മുസ്‌ലിം പ്രശ്‌നങ്ങളില്‍ ക്രിയാത്മക ഇടപെടലിനുള്ള സാധ്യതകള്‍ ആരായുക മാത്രമായിരുന്നു ലക്ഷ്യം. ഇതിനായി മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി പ്രത്യേക പ്രസിദ്ധീകരണം തുടങ്ങാനാണ്‌ യോഗം തീരുമാനിച്ചത്‌. സംഘടനാ രൂപീകരണമെന്ന ലക്ഷ്യം സി.പി.എമ്മിനുണ്ടോ എന്നറിയില്ല. അത്തരമൊരുനിര്‍ദേശമോ സൂചനയോ ഇതുവരെ ലഭിച്ചിട്ടില്ല. കോഴിക്കോട്ടു നടന്ന ചര്‍ച്ചയില്‍ അത്തരമൊരു വിഷയം കടന്നുവന്നിട്ടുമില്ല. സംഘടനാ രൂപീകരണ യോഗമെന്ന നിലയില്‍ ഇത്‌ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.
തീവ്രവാദത്തിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുന്നത്‌ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നുണ്ട്‌. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്‌. ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും പ്രശ്‌നപരിഹാരത്തിനുള്ള അവസരങ്ങള്‍ ആരായുകയുമാണ്‌ പുതിയ പ്രസിദ്ധീകരണം കൊണ്ട്‌ ലക്ഷ്യമിടുന്നത്‌. കുറേ ബഹളംവെക്കുമ്പോള്‍ ചിലരുടെയെങ്കിലും കാതില്‍ ചില കാര്യങ്ങളെങ്കിലും എത്താതിരിക്കില്ലല്ലോ.
തിരുവനന്തപുരത്താണ്‌ ഇതുസംബന്ധിച്ച യോഗം ആദ്യം വിളിച്ചത്‌. പലര്‍ക്കും പങ്കെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ്‌ പിന്നീട്ട്‌ കോഴിക്കോട്ട്‌ യോഗം ചേര്‍ന്നത്‌. പുതിയ പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ്‌ രൂപീകരണം കോഴിക്കോട്ടെ യോഗത്തില്‍ നടന്നു. മാര്‍ച്ചില്‍ പ്രസിദ്ധീകരണം ആരംഭിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.
ദേശീയ തലത്തിലും കേരളത്തിലും മുസ്‌ലിം സമൂഹം നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നത്‌ സി.പി.എം ആണ്‌. ദേശീയതലത്തില്‍ സമാജ്‌വാദി പാര്‍ട്ടി പോലുള്ളവ മുസ്‌ലിം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാറുണ്ടെങ്കിലും അത്‌ അടിസ്ഥാന പ്രശ്‌നങ്ങളെ ഉള്‍കൊണ്ടല്ല. വോട്ടുബാങ്ക്‌ താല്‍പര്യമാണ്‌ പലപ്പോഴും അവരെ നയിക്കുന്നത്‌. മുസ്‌ലിം പ്രശ്‌നങ്ങളില്‍ ദേശീയ തലത്തില്‍തന്നെ സി.പി.എം കാണിക്കുന്ന താല്‍പര്യത്തിനു തെളിവാണ്‌ അടുത്തിടെ പ്രകാശ്‌ കാരാട്ട്‌ ഈ വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി നടത്തിയ കൂടിക്കാഴ്‌ച. അതിന്റെ തുടര്‍ച്ചയായാണ്‌ ഓരോ സംസ്ഥാനത്തും ന്യൂനപക്ഷങ്ങള്‍ നേടിരുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം. സി.പി.എം കേന്ദ്രകമ്മിറ്റി തന്നെ ഇത്തരമൊരു നിര്‍ദേശം സംസ്ഥാന ഘടകങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്‌. ക്രിസ്‌ത്യാനികള്‍ കൂടുതല്‍ അവഗണന നേരിടുന്ന ഒഡീഷ പോലുള്ള സംസ്ഥാനങ്ങളില്‍ അത്തരം സമുദായങ്ങളുടെ സുരക്ഷക്കും പുരോഗതിക്കും വേണ്ടി ഇടപെടാനാണ്‌ സി.പി.എം തീരുമാനം.
ന്യൂനപക്ഷ പ്രേമം ദുരൂഹതയുണര്‍ത്തുന്നത്‌
കൊച്ചുമുഹമ്മദ്‌ (കെ പി സി സി ന്യൂനപക്ഷസെല്‍ കണ്‍വീനര്‍)
ന്യൂനപക്ഷങ്ങളുടെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏത്‌ സംഘടനകളുടെ ഭാഗത്തുനിന്നായാലും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്‌. എന്നാല്‍ സി പി എം ഇത്തരമൊരു വിഷയം ഏറ്റെടുത്ത്‌ രംഗത്തുവരുന്നതിനെ ആശങ്കയോടുകൂടി മാത്രമേ ഒറ്റനോട്ടത്തില്‍ കാണാനാകൂ. മുസ്‌ലിംകള്‍ എന്നത്‌ പൂര്‍ണമായും ദൈവത്തിലും പരലോക ജീവിതത്തിലും വിശ്വസിക്കുകയും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്‌. അടിസ്ഥാനപരമായിത്തന്നെ ഈശ്വര വിശ്വാസം പാടില്ലെന്ന്‌ പറയുകയും അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിലപാട്‌ സ്വീകരിക്കുകയും ചെയ്യുന്ന സി പി എം ഇത്തരമൊരു വിഷയവുമായി രംഗത്തുവരുന്നതിനെ സംശയദൃഷ്‌ടിയോടെയാണ്‌ കാണേണ്ടത്‌.
മനുഷ്യന്‍ എന്ന നിലയില്‍ പ്രപഞ്ചത്തില്‍ അവന്‌ ലഭിക്കേണ്ട ന്യായമായ കുറേ അവകാശങ്ങളുണ്ട്‌. അക്കാര്യത്തില്‍ ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവുകള്‍ പാടില്ല. മുസ്‌ലിം ആയി, ഹിന്ദുവായി എന്നതുകൊണ്ടുമാത്രം നേരിടേണ്ടിവരുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെ രംഗത്തുവരുന്നത്‌ ആരായാലും തള്ളിപ്പറയാനാവില്ല. അതേസമയം സി പി എമ്മിനെപ്പോലുള്ള ഒരു രാഷ്‌ട്രീയപ്രസ്ഥാനം ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിനുവേണ്ടി വാദിക്കാന്‍ രംഗത്തെത്തുന്നത്‌ തികച്ചും രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാവണം. മറ്റു ലക്ഷ്യങ്ങള്‍ അവര്‍ക്കില്ലല്ലോ. വോട്ടുബാങ്ക്‌ തന്ത്രമാണ്‌ അവര്‍ പുറത്തെടുക്കുന്നതെന്നു പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. അല്ലാതെ ന്യൂനപക്ഷങ്ങളോടു മാത്രമായി സി പി എം പ്രത്യേക സ്‌നേഹമോ മമതയോ കാണിക്കുമെന്ന്‌ വിശ്വസിക്കാനാവില്ല.
ഇന്ത്യയില്‍ മുസ്‌ലിംകള്‍ വലിയതോതില്‍ ഒറ്റപ്പെടല്‍ നേരിടുന്നുവെന്നാണ്‌ പുതിയ രംഗപ്രവേശനത്തിനു ന്യായമായി സി പി എം പറയുന്നത്‌. അതു ശരിയല്ല. മുസ്‌ലിം രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ മുസ്‌ലിംകള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത്‌ ഇന്ത്യയിലായിരിക്കും. മുസ്‌ലിം രാഷ്‌ട്രങ്ങളില്‍ അതിന്റെ ചട്ടക്കൂടുകളില്‍ നിന്നുകൊണ്ട്‌ മാത്രമേ പ്രവര്‍ത്തിക്കാനാവൂ. മഅ്‌ദനിയെപ്പോലുള്ളവര്‍ വിചാരണത്തടവുകാരായി ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടിവരുന്നതില്‍ വ്യക്തിപരമായി വലിയ വേദനയുണ്ട്‌. എന്നാല്‍ ഇതിനെ മുസ്‌ലിംകള്‍ മൊത്തം നേരിടുന്ന പ്രശ്‌നമായി ഉയര്‍ത്തിക്കാണിക്കുന്നത്‌ ശരിയല്ല. ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയില്‍ സുശക്തമായ നീതിന്യായ സംവിധാനങ്ങളും നിയമവ്യവസ്ഥയുമുണ്ട്‌. വ്യവസ്ഥാപിത സംവിധാനം എന്ന നിലയില്‍ ഇത്തരം ചില വിഷയങ്ങള്‍ സ്വാഭാവികമാണ്‌. അതിനെ മുസ്‌ലിംകള്‍ മാത്രമായി നേരിടുന്ന പ്രശ്‌നമായി എടുത്തുകാണിക്കേണ്ട കാര്യമെന്താണ്‌? ഏറ്റവും വലിയ ഹിന്ദുത്വ വക്താവായ നരേന്ദ്രമോഡി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ അല്ലേ ഹിന്ദുവായ അദ്ദേഹത്തിനു കീഴിലെ ആഭ്യന്തരമന്ത്രിക്ക്‌ അറസ്റ്റിലായി ജയിലില്‍ പോകേണ്ടിവന്നത്‌? അത്‌ ഇന്ത്യന്‍ ജുഡീഷ്യറിയുടെ കാര്യക്ഷമതയെയാണ്‌ കാണിക്കുന്നത്‌.
എന്നാല്‍ ന്യൂനപക്ഷ വിഷയത്തില്‍ പ്രത്യേകിച്ച്‌ ഒരു താല്‌പര്യവുമില്ലാത്ത സി പി എം ഇത്തരം വിഷയങ്ങള്‍ ഉന്നയിച്ച്‌ രംഗത്തെത്തുന്നതിനെ രാഷ്‌ട്രീയ മുതലെടുപ്പിനുള്ള നീക്കമായി മാത്രമേ കാണാനാവൂ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: