ഹദീസുകള്‍ മുഴുവനും വഹ് യില്‍ പെട്ടതോ?

  • Posted by Sanveer Ittoli
  • at 8:42 AM -
  • 0 comments
ഹദീസുകള്‍ മുഴുവനും വഹ് യില്‍ പെട്ടതോ?
പി കെ മൊയ്തീന്‍കുട്ടി സുല്ലമി
സമൂഹം കയ്യൊഴിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പൊടിതട്ടിയെടുത്ത്‌ സ്ഥാപിച്ചെടുക്കാന്‍ വേണ്ടി രംഗത്തിറങ്ങിയിട്ടുള്ള ജിന്നുകോക്കസിന്റെ പുതിയ വാദമാണ്‌ `ഖുര്‍ആനും ഹദീസും തുല്യപ്രമാണങ്ങളാണ്‌' എന്നത്‌. അല്ലാഹുവിന്റെ വചനമായ ഖുര്‍ആനിനും നബി(സ)യുടെ വചനമായ ഹദീസിനും ഇവരുടെ പക്കല്‍ തുല്യസ്ഥാനമാണത്രെ. ഈ വാദം മുസ്‌ലിംലോകത്തിന്റെ ഇജ്‌മാഇനു തന്നെ വിരുദ്ധമാണെന്ന്‌ മുമ്പ്‌ ശബാബിലൂടെ വിശദീകരിച്ചിരുന്നു.  `ജിന്നു-ശൈത്വാന്‍ വാദം സ്ഥാപിച്ചെടുക്കണമെങ്കില്‍ ദുര്‍ബലമോ വ്യാജ നിര്‍മിതമോ ആയ വാറോലകള്‍ക്കും കഥകള്‍ക്കും വിശുദ്ധ ഖുര്‍ആനിന്റെ സ്ഥാനം നല്‌കുകയെന്നത്‌ അവരുടെ ഒഴിച്ചുകൂടാത്ത ആവശ്യമാണ്‌. ഫള്‌ലുല്‍ഹഖ്‌ സുല്ലമി ആമയൂര്‍ 2013 ജനുവരിയില്‍ അല്‍ ഇസ്വ്‌ലാഹ്‌ മാസികയില്‍ രേഖപ്പെടുത്തിയത്‌ ശ്രദ്ധിക്കുക: ``സത്യത്തില്‍ ഖുര്‍ആനിനും ഹദീസിനുമിടയില്‍ ഒരു വേര്‍തിരിവ്‌ കാണിക്കാന്‍ പാടില്ല. കാരണം രണ്ടിന്റെയും ഉത്ഭവകേന്ദ്രം അല്ലാഹു തന്നെയാണ്‌. `അദ്ദേഹം തന്നിഷ്‌ടപ്രകാരം സംസാരിക്കുന്നുമില്ല. അത്‌ അദ്ദേഹത്തിന്‌ ദിവ്യസന്ദേശമായി നല്‌കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു' (നജ്‌മ്‌ 3,4)'' (പേജ്‌ 85)
സത്യത്തില്‍ ഖുര്‍ആനിനും ഹദീസിനുമിടയില്‍ വേര്‍തിരിവു കല്‍പിച്ചത്‌ അല്ലാഹുവും റസൂലും തന്നെയാണ്‌. അതുകൊണ്ടാണ്‌ പ്രമാണങ്ങള്‍ ക്രമപ്രകാരം വിലയിരുത്തുമ്പോള്‍ ആദ്യം ഖുര്‍ആനിനെയും പിന്നീട്‌ സുന്നത്തിനെയും (അഥവാ ഹദീസ്‌) എണ്ണുന്നത്‌. ഖുര്‍ആനിലും ഹദീസിലും പണ്ഡിതാഭിപ്രായങ്ങളിലുമെല്ലും ഹദീസുകള്‍ക്ക്‌ രണ്ടാം സ്ഥാനമാണ്‌ ഇന്നേവരെ കല്‌പിച്ചുപോന്നിട്ടുള്ളത്‌. അത്‌ തകിടം മറിക്കാന്‍ സാധ്യമല്ല. ``നബി(സ) ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സംസാരിക്കൂ'' എന്ന സൂറത്തുന്നജ്‌മിലെ മൂന്നും നാലും വചനങ്ങള്‍ മൊത്തത്തിലുള്ള പ്രവാചകചര്യയെ സംബന്ധിച്ചല്ല. മറിച്ച്‌ നിര്‍ബന്ധമായും ഐച്ഛികമായും മുസ്‌ലിംകള്‍ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ചാണ്‌. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്‌യല്ലാത്ത നൂറു കണക്കില്‍ ഹദീസുകള്‍ നബി(സ)യില്‍ നിന്നും റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഖുര്‍ആന്‍ മുഴുവനും അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌ താനും. അതാണ്‌ ഖുര്‍ആനും ഹദീസും തമ്മിലുള്ള കാതലായ വ്യത്യാസം. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക:
ഒന്ന്‌). നബി(സ) മക്കയിലെ പ്രമാണിമാരെ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചുകൊണ്ടിരിക്കുമ്പോള്‍ അബ്‌ദുല്ലാഹിബ്‌നു ഉമ്മിമക്‌തൂം എന്ന അന്ധനായ സ്വഹാബി ഇസ്‌ലാമിനെക്കുറിച്ച്‌ എനിക്ക്‌ പഠിപ്പിച്ചുതരണം എന്ന അപേക്ഷയുമായി നബി(സ)യെ സമീപിക്കുകയും നബി(സ) അദ്ദേഹത്തിന്റെ ആവശ്യത്തില്‍ നിന്ന്‌ മുഖംതിരിക്കുകയും അക്കാരണത്താല്‍ നബി(സ)യെ ആക്ഷേപിച്ചുകൊണ്ട്‌ അല്ലാഹു താഴെ വരുന്ന വചനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്‌തു: ``അദ്ദേഹം മുഖംചുളിച്ചു തിരിച്ചുകളഞ്ഞു. അദ്ദേഹത്തിന്റെ അടുക്കല്‍ ആ അന്ധന്‍ വന്നതിനാല്‍.'' (അബസ 1,2) ഈ സംഭവം അബൂയഅ്‌ലാ, തിര്‍മിദി, ഇമാം മാലിക്‌ എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്‌. അഥവാ ഹദീസില്‍ വന്നതാണ്‌. നബി(സ)യുടെ വാക്കും പ്രവൃത്തിയും അംഗീകാരവുമാണല്ലോ ഹദീസ്‌. മേല്‍പറഞ്ഞ സംഭവത്തില്‍ നബി(സ)യുടെ പ്രവര്‍ത്തനമാണ്‌ മുഖം ചുളിക്കലും തിരിഞ്ഞുകളയലും. നബി(സ)യുടെ പ്രവര്‍ത്തനം എന്ന നിലയില്‍ അന്ധന്‍ വന്നപ്പോള്‍ മുഖം ചുളിച്ചതും തിരിഞ്ഞു കളഞ്ഞതും ഹദീസാണല്ലോ? എന്നാല്‍ ഇത്‌ സംഭവിച്ചത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്‌യ്‌ അനുസരിച്ചായിരുന്നോ? വഹ്‌യനുസരിച്ചായിരുന്നെങ്കില്‍ എന്തിനാണ്‌ അല്ലാഹു നബി(സ)യെ തിരുത്തിയതും ആക്ഷേപിച്ചതും. ഖുര്‍ആനും ഹദീസും തുല്യമായിരുന്നെങ്കില്‍ അല്ലാഹുവിന്‌ ഒരിക്കലും നബി(സ)യെ തിരുത്തേണ്ട ആവശ്യം വരില്ലായിരുന്നു.
രണ്ട്‌). ``നബി(സ) സൈനബ്‌(റ) എന്ന ഭാര്യയുടെ വീട്ടില്‍ നിന്നും തേന്‍ കഴിച്ചതിന്റെ പേരില്‍ മറ്റു ചില ഭാര്യമാര്‍ അനിഷ്‌ടം പ്രകടിപ്പിക്കുകയും, അതിന്റെ പേരില്‍ നബി(സ) തേന്‍ സ്വയം നിഷിദ്ധമായി പ്രഖ്യാപിക്കുകയും ചെയ്‌തു. അപ്പോള്‍ അല്ലാഹു ഇപ്രകാരം വചനമിറക്കി: ``ഓ നബീ, താങ്കളെന്തിനാണ്‌ താങ്കളുടെ ഭാര്യമാരുടെ പ്രീതി തേടിക്കൊണ്ട്‌ അല്ലാഹു താങ്കള്‍ക്ക്‌ അനുവദിച്ചുതന്നത്‌ നിഷിദ്ധമാക്കുന്നത്‌?'' (തഹ്‌രീം 1)
മൂന്ന്‌, ``കപടവിശ്വാസികളുടെ നേതാവായിരുന്ന അബ്‌ദുല്ലാഹിബ്‌നു ഉബയ്യിന്റെ ജനാസ നമസ്‌കാരത്തിന്നുവേണ്ടി നബി(സ) ഒരുങ്ങുന്നു. ഉമര്‍
(റ) അതിനെ എതിര്‍ക്കുന്നു. എന്നിട്ടും നബി(സ) അദ്ദേഹത്തിന്നുവേണ്ടി നമസ്‌കരിക്കുന്നു. അപ്പോഴാണ്‌ തൗബയിലെ താഴെ വരുന്ന വചനം അല്ലാഹു അവതരിപ്പിക്കുന്നത്‌: ``അവരുടെ കൂട്ടത്തില്‍ നിന്ന്‌ മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്‌. അവന്റെ ഖബറിന്നരികില്‍ നില്‌ക്കുകയും ചെയ്യരുത്‌. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിക്കുകയും ധിക്കാരികളായിക്കൊണ്ട്‌ മരിക്കുകയും ചെയ്‌തിരിക്കുന്നു.'' (തൗബ 84)
മേല്‍ സംഭവം ഇമാം ബുഖാരി ഉദ്ധരിച്ചതാണ്‌. ഈ നബിചര്യയെയും അല്ലാഹു തിരുത്തുകയാണ്‌ ചെയ്യുന്നത്‌. ഖുര്‍ആനിന്ന്‌ തുല്യമാണ്‌ ഹദീസെങ്കില്‍ അബ്‌ദുല്ലാഹിബ്‌നു ഉബയ്യിന്റെ പേരില്‍ നബി(സ) ജനാസ നമസ്‌കാരം നിര്‍വഹിച്ചപ്പോള്‍ അത്‌ പാടില്ലാ എന്ന നിലയില്‍ അല്ലാഹു അത്‌ തിരുത്തുമായിരുന്നില്ല. ഇവിടെയൊക്കെ ഹദീസിനെ അല്ലാഹു തിരുത്തുകയാണ്‌.
ഫള്‌ലുല്‍ ഹഖ്‌ ഉമരി രേഖപ്പെടുത്തിയ മറ്റൊരു അബദ്ധം ഇപ്രകാരമാണ്‌: ``അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അവിശ്വസിക്കുകയും അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്‌പിക്കാന്‍ ആഗ്രഹിക്കുകയും, ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്ന്‌ പറയുകയും അങ്ങനെ അതിന്നിടയില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കാനുദ്ദേശിക്കുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാകുന്നു യഥാര്‍ഥത്തില്‍ സത്യനിഷേധികള്‍. (നിസാഅ്‌ 150,151)'' (അല്‍ഇസ്വ്‌ലാഹ്‌ -2013 ജനുവരി, പേജ്‌ 85,86)
മേല്‍പറഞ്ഞ വചനത്തില്‍ ``അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്‌പിക്കാന്‍ അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു'' എന്ന വചനം ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ടാണ്‌ ഖുര്‍ആനിനും ഹദീസിനും തുല്യപദവിയാണെന്ന്‌ സ്ഥാപിക്കാന്‍ ഇവിടെ ശ്രമം നടത്തുന്നത്‌. എന്താണ്‌ വിവേചനം എന്ന്‌ അതേ ആയത്തില്‍ തന്നെ പറഞ്ഞിട്ടുപോലും യാതൊരു ദയയുമില്ലാതെ തോന്നിയത്‌ രേഖപ്പെടുത്തിയിരിക്കുകയാണ്‌. ആയത്തില്‍ പറഞ്ഞ ``അല്ലാഹുവിലും അവന്റെ ദൂതന്മാര്‍ക്കിടയിലും വിവേചനം കല്‌പിക്കാന്‍ ആഗ്രഹിക്കും'' എന്നതിന്റെ താല്‌പര്യം ``ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു'' എന്നാണെന്ന വസ്‌തുത മേല്‍ വചനത്തില്‍ തന്നെ അല്ലാഹു ഉണര്‍ത്തിയിട്ടുണ്ട്‌.
യഹൂദികള്‍ മൂസാനബി(അ)യില്‍ മാത്രവും ക്രിസ്‌ത്യാനികള്‍ ഈസാനബി(അ)യില്‍ മാത്രവും വിശ്വസിക്കുകയും മുഹമ്മദ്‌ നബി(സ)യെ തള്ളിക്കളയുകയും അദ്ദേഹത്തില്‍ അവിശ്വസിക്കുകയും ചെയ്‌തു എന്ന വസ്‌തുതയാണ്‌ അല്ലാഹു ഇവിടെ ഉണര്‍ത്തുന്നത്‌. അല്ലാഹുവിന്റെ ദൂതന്‍ എന്ന നിലയില്‍ മൂസാനബിക്കും ഈസാനബിക്കും കൊടുത്ത പരിഗണന അവര്‍ നബി(സ)ക്കും കൊടുക്കേണ്ടതായിരുന്നു. അതവര്‍ രണ്ടുകൂട്ടരും കൊടുത്തില്ല. അതിലവര്‍ വിവേചനം കാണിച്ചു എന്നാണ്‌ പറഞ്ഞത്‌. അല്ലാതെ ഖുര്‍ആനിനും സുന്നത്തിനും ഒരേ സ്ഥാനമാണെന്ന സൂചന പോലും മേല്‍വചനത്തിലില്ല. സൂറത്തുന്നിസാഇലെ 150-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തിയത്‌ ശ്രദ്ധിക്കുക: ``അവര്‍ പ്രവാചകന്മാരില്‍ ചിലരില്‍ വിശ്വസിക്കുകയും ചിലരില്‍ അവിശ്വസിക്കുകയും ചെയ്യുക വഴി അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വാസപരമായി വേര്‍തിരിവ്‌ സൃഷ്‌ടിച്ചിരിക്കുന്നു.'' (മുഖ്‌തസ്വര്‍ ഇബ്‌നുകസീര്‍: 1/453)
നബി(സ)യുടെ എല്ലാ വാക്കുകളും പ്രവര്‍ത്തനങ്ങളും വഹ്‌യില്‍ പെട്ടതല്ല. കാര്യങ്ങള്‍ പഠിക്കാതെ ദീനിന്റെ പേരില്‍ പുതിയ ഗവേഷണങ്ങള്‍ നടത്തി ഫത്‌വ പുറപ്പെടുവിക്കുന്നവര്‍ ഏറിവരികയാണ്‌. ഹദീസെന്ന പേരില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള വാറോലകളും ഖിസ്സകളും വിശുദ്ധ ഖുര്‍ആനിന്‌ തുല്യമാക്കുന്നതിന്റെ പിന്നിലുള്ള അജണ്ട, പഴകിപ്പുളിച്ച അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പുതുജീവന്‍ നല്‌കുക എന്നതു മാത്രമാണ്‌. ഹദീസുകള്‍ മുഴുവനും `വഹ്‌യു'കളുടെ അടിസ്ഥാനത്തിലുള്ളവയല്ല.
ശാഹ്‌വല്ലിയുല്ലാഹി ദ്ദഹ്‌ലവിയുടെ പ്രസ്‌താവന ശ്രദ്ധിക്കുക: ``നബി(സ)യില്‍ നിന്ന്‌ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളതും ഹദീസ്‌ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതുമായ (ഹദീസുകള്‍) രണ്ടു വിധമുണ്ട്‌. ഒന്ന്‌: പ്രബോധനം ചെയ്യേണ്ടതായ ഹദീസുകള്‍. ``അല്ലാഹുവിന്റെ ദൂതന്‍ എന്തു കൊണ്ടുവന്നുവോ അത്‌ നിങ്ങള്‍ സ്വീകരിക്കുക, അവിടുന്ന്‌ എന്ത്‌ നിരോധിച്ചുവോ അത്‌ നിങ്ങള്‍ വെടിയുക'' എന്ന സൂറത്ത്‌ ഹശ്‌റിലെ 7-ാം വചനത്തിന്റെ താല്‍പര്യം അതാണ്‌.
രണ്ട്‌), പ്രബോധനം ചെയ്യേണ്ടതല്ലാത്ത ഹദീസുകള്‍: ``ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്‌. ഞാന്‍ ദീനില്‍ നിന്നും വല്ലതും നിങ്ങളോട്‌ കല്‌പിച്ചാല്‍ അത്‌ നിങ്ങള്‍ സ്വീകരിക്കുക. എന്റെ അഭിപ്രായം വല്ലതും ഞാന്‍ പറഞ്ഞാല്‍ (ഞാനൊരു മനുഷ്യന്‍ മാത്രമാകുന്നു. ആ വിഷയത്തില്‍ നിങ്ങള്‍ അനുസരിക്കണം എന്നില്ല) എന്ന ഇമാം മുസ്‌ലിമിന്റെ ഹദീസ്‌ രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടതാകുന്നു. ``ഈത്തപ്പനക്കുലയുടെ ബീജപരാഗണം നടത്തുന്ന ഹദീസ്‌ രണ്ടാമത്തെ വകുപ്പില്‍ പെട്ടതാണ്‌. ഞാന്‍ ഊഹിച്ചുകൊണ്ട്‌ വല്ലതും പറഞ്ഞാല്‍ നിങ്ങളെന്നെ പിന്‍തുടരേണ്ടതില്ല. എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങളത്‌ സ്വീകരിക്കേണ്ടതാണ്‌. തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്റെ പേരില്‍ കളവു പറയുകയില്ല'' എന്ന മുസ്‌ലിം ഉദ്ധരിച്ച ഹദീസും രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ചികിത്സാ സംബന്ധമായി വന്നിട്ടുള്ള ഹദീസുകളും രണ്ടാം വിഭാഗത്തില്‍ ഉള്‍പ്പെടുന്നു'' (ഹുജ്ജതുല്ലാഹിഅല്‍ബാലിഗ 1:423,424)
ചികിത്സാ സംബന്ധമായി നബി(സ)യില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഹദീസുകള്‍ `വഹ്‌യി'ന്റെ അടിസ്ഥാനത്തില്‍ നബി(സ) പറഞ്ഞതല്ല, മറിച്ച്‌ അറബികള്‍ പൂര്‍വീകമായി കൈക്കൊണ്ട ചികിത്സാരീതിയോ, പരീക്ഷണമോ നബി(സ) പറഞ്ഞതാണെന്നാണ്‌ മേല്‌പറഞ്ഞ ഗ്രന്ഥത്തിന്റെ താഴെ വന്നിട്ടുള്ള വിശദീകരണത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്‌. അഥവാ `അജ്‌വാ കാരക്ക' ഭക്ഷിച്ചാല്‍ വിഷത്തില്‍ നിന്നും മുക്തി നേടുമെന്ന ഹദീസും, `കരിംജീരകം മരണമല്ലാത്ത എല്ലാ രോഗങ്ങള്‍ക്കും ശമനമാണ്‌' എന്ന നിലയില്‍ വന്നിട്ടുള്ള ഹദീസും അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
ഹുജ്ജതുല്ലാഹി അല്‍ബാലിഗയുടെ ശറഹില്‍ (വിശദീകരണത്തില്‍) രേഖപ്പെടുത്തിയത്‌ ശ്രദ്ധിക്കുക: ``വഹ്‌യിന്റെ ഇനത്തില്‍ പെടാത്ത ആറുതരം ഹദീസുകളുണ്ട്‌. ചികിത്സയുടെ വിഷയത്തില്‍ ബുഖാരിയും മുസ്‌ലിമും സംയുക്തമായി റിപ്പോര്‍ട്ടുചെയ്‌ത `കരിംജീരകം മരണമല്ലാത്ത എല്ലാ രോഗത്തിനും ശമനമാണ്‌' എന്ന നിലയില്‍ വന്നിട്ടുള്ള ഹദീസാണ്‌ അതില്‍ ആദ്യത്തേത്‌. രണ്ടാമത്തേത്‌ നബി(സ) നിരീക്ഷണം നടത്തിപ്പറഞ്ഞവയാണ്‌. മുന്തിയ ഇനം കുതിരകളുടെ വിശേഷണങ്ങള്‍ പറഞ്ഞത്‌ അക്കൂട്ടത്തിലുള്‍പ്പെടുന്നു. മൂന്നാമത്തേത്‌ നബി(സ) അറേബ്യയുടെ കാലാവസ്ഥക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച്‌ അനുഷ്‌ഠിച്ചിട്ടുള്ള കര്‍മങ്ങളാണ്‌. നാലാമതായി നബി(സ) പറഞ്ഞിട്ടുള്ള തമാശകളും മറ്റുമാണ്‌. അഞ്ചാമതായി സമൂഹത്തിന്റെ സാന്ദര്‍ഭികമായ നന്മയെ ലക്ഷ്യമാക്കി പറഞ്ഞിട്ടുള്ളവയാണ്‌. ആറാമതായി സാന്ദര്‍ഭികമായ നന്മയെ ലക്ഷ്യമാക്കി അവിടുന്ന്‌ സമൂഹത്തോട്‌ പ്രഖ്യാപിച്ച പ്രത്യേകമായ വിധികളാണ്‌.'' (1:424)
ചുരുക്കത്തില്‍ ഖുര്‍ആന്‍ മുഴുവന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്‌യാണ്‌. എന്നാല്‍ ഹദീസുകളില്‍ ചിലത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്‌യല്ല. ഖുര്‍ആനിന്‌ മുഅ്‌ജിസത്തും അല്ലാഹുവിന്റെ സംരക്ഷണവും ഒരു ഹര്‍ഫ്‌ ഉച്ചരിച്ചാല്‍ പ്രതിഫലവും ഉണ്ട്‌. മേല്‌പറഞ്ഞ ഗുണങ്ങളൊന്നും ഹദീസുകള്‍ക്കില്ല. ഖുര്‍ആനില്‍ ദുര്‍ബലമോ നിര്‍മിതമോ ആയിട്ടുള്ള ഒരു വചനവുമില്ല. ഹദീസുകളെന്ന പേരില്‍ നിദാനശാസ്‌ത്ര പണ്ഡിതന്മാരുടെ കണക്കനുസരിച്ച്‌ 14000 ത്തോളം നിര്‍മിത റിപ്പോര്‍ട്ടുകളുണ്ട്‌. ഖുര്‍ആന്‍ നമ്മുടെ കൈകളിലെത്തിയത്‌ പാപസുരക്ഷിതനായ ജിബ്‌രീല്‍, നബി(സ) എന്നിവര്‍ മുഖേനയാണ്‌. എന്നാല്‍ ഹദീസുകള്‍ നമ്മുടെ കൈകളിലെത്തിയത്‌ തെറ്റും ശരിയും ചെയ്യുന്ന മനുഷ്യര്‍ മുഖേനയാണ്‌. ഈ വ്യത്യാസങ്ങളൊക്കെ നിലനില്‌ക്കെ തന്നെ ഖുര്‍ആനിനും സുന്നത്തിനും തുല്യസ്ഥാനമാണെന്ന വാദം അംഗീകരിക്കാനാവില്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: