തിരിച്ചുകിട്ടേണ്ട മനുഷ്യത്വം

  • Posted by Sanveer Ittoli
  • at 8:24 AM -
  • 0 comments

തിരിച്ചുകിട്ടേണ്ട മനുഷ്യത്വം

റഷീദ്‌ പരപ്പനങ്ങാടി
തിരക്കുകളുടെ ലോകത്തിലാണ്‌ നാം.
വാഹനങ്ങളില്‍, ഓഫീസുകളില്‍, കാത്തിരിപ്പ്‌ കേന്ദ്രങ്ങളില്‍, വഴിയോരങ്ങളില്‍ തുടങ്ങി എല്ലാവര്‍ക്കും എവിടെയും തിരക്കുകളാണ്‌. ഗ്രാമ-നഗരവ്യത്യാസമില്ലാതെ പരക്കം പായുന്നവരാണെങ്ങും.
സ്വന്തം കാര്യങ്ങളില്‍ ആവശ്യത്തില്‍ കവിഞ്ഞ ജാഗ്രതയും ഉദ്വേഗവുമുണ്ടുവുമ്പോള്‍ തിരക്കിന്റെ ശക്തി കൂടുകയും ചെയ്യും.
കൂടെ നില്‌ക്കുന്നവനേക്കാള്‍ മുന്നിലെത്താന്‍ ശ്രമിക്കുന്നവര്‍ ഒത്തുകൂടുമ്പോഴാണ്‌ തിരക്കിന്റേതായ ഒരാള്‍ക്കൂട്ടമുണ്ടാവുന്നത്‌.
ഒരുമിച്ച്‌ നില്‌ക്കുകയും എല്ലാ തിരക്കുകളുടെയും ഭാഗമാവുകയും ചെയ്യുന്നവര്‍ പക്ഷെ പരസ്‌പരം അറിയുന്നില്ല. വിചാര വികാരങ്ങള്‍ പങ്കിടുകയോ അന്വേഷണപ്രത്യാന്വേഷണങ്ങള്‍ നടത്തുകയോ ചെയ്യാറുമില്ല.
തിരക്കിനിടയില്‍ സ്വന്തം കാര്യങ്ങള്‍ തന്നെ ചെയ്‌തുതീര്‍ക്കാന്‍ സാധിക്കില്ലെന്ന്‌ വേവലാതിപ്പെടുന്നവന്‌ മറ്റുള്ളവന്റെ കാര്യമന്വേഷിക്കാന്‍ സമയമെവിടെ!
തിരക്കുകള്‍ക്കിടയില്‍ ഒന്നിനും സമയം തികയാത്ത ഒരവസ്ഥയിലേക്ക്‌ ഓരോരുത്തരും മാറിക്കഴിഞ്ഞിരിക്കുന്നു.
ഇവിടെ അറ്റുപോകുന്നത്‌ മനുഷ്യബന്ധങ്ങളാണ്‌. മത്സരങ്ങളാണ്‌ എവിടെയും. ആരോഗ്യകരമായ മത്സരങ്ങള്‍ ആവശ്യം തന്നെ. പക്ഷെ, എങ്ങനെയും എവിടെയും ഒന്നാമതാവണം എന്ന ചിന്ത സ്വാര്‍ഥതയില്‍ നിന്നും ഉടലെടുക്കുന്നതാണ്‌. അതിന്റെ ഫലമോ മൂല്യവത്തായ പല മനുഷ്യഗുണങ്ങളും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്നു.
ഈ മനുഷ്യത്വമില്ലായ്‌മയാണ്‌ വര്‍ത്തമാനകാലം നേരിടുന്ന വലിയ ദുരന്തം.
ശബ്‌ദവേഗത്തെയും മറികടന്ന്‌ ദൂരത്തെ കീഴടക്കിയ മനുഷ്യനു പക്ഷേ സഹജീവികളുടെ സുഖദു:ഖങ്ങളില്‍ പങ്കിടാന്‍ കഴിയാതെയാവുന്നു. അതോടെ മനുഷ്യത്വത്തിന്റെ മൗലിക ഭാവങ്ങള്‍ ദിനേന മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
സ്വാര്‍ഥത കൂടുകെട്ടിയ മനസ്സുകളില്‍ അന്ധത ബാധിക്കുന്നു. ഈ അന്ധതയാവട്ടെ മകളെയും സഹോദരിയെയും അമ്മയെയും സഹോദരനെയും തിരിച്ചറിയാനാവാത്ത കാടത്തത്തിലേക്ക്‌ മനുഷ്യനെ നയിക്കുകയും ചെയ്യുന്നു.
ഇന്ന്‌ ഒറ്റപ്പെട്ട വാര്‍ത്തകളെന്ന്‌ കരുതുന്ന പലതും വായിച്ചും കണ്ടും കേട്ടും, സര്‍വസാധാരണമാവുന്ന ഒരു കാലത്തിലേക്ക്‌ വളര്‍ന്നുവരുന്ന കുട്ടികളെയോര്‍ത്ത്‌ ജാഗരൂകരാവുക നാം.
മക്കളോട്‌ ചേര്‍ത്തുവെക്കുമ്പോള്‍ ഈ കവി വാക്യം എത്ര അന്വര്‍ഥം.
“കണ്ണുവേണമിരുപുറമെപ്പോഴും
കണ്ണുവേണം മുകളിലും താഴേം
കണ്ണിലെപ്പോഴും കത്തിജ്വാലിക്കു-
മുള്‍ക്കണ്ണുവേണമണയാത്ത കണ്ണ്‌.”http://pudavaonline.net/?p=1516

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: