വഹ്‌ശിയുടെ വിലാപങ്ങള്‍

  • Posted by Sanveer Ittoli
  • at 7:34 AM -
  • 0 comments

വഹ്‌ശിയുടെ വിലാപങ്ങള്‍

വി പി വലിയോറ
പ്രാരംഭം
പിറന്നു ബുദ്ധിയുദിച്ച കാലം തൊട്ടേ ഇടനെഞ്ചില്‍ കൊണ്ടുനടന്നിരുന്ന ഒരു സ്വപ്‌നമുണ്ട്‌!
സര്‍പ്പത്താനെപ്പോലെ ഉയിരും ഉടലും ചുറ്റിവരിഞ്ഞു കിടന്നു ശ്വാസം മുട്ടിക്കുന്ന അടിമച്ചങ്ങല പൊട്ടിച്ചെറിയുക: അങ്ങനെ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ചനുഭവിക്കുക.
ആരോടും വിധേയത്വമില്ലാതെ, കൈകള്‍ ആഞ്ഞുവീശി നെഞ്ചുവിരിച്ച്‌ കുനിയാതെ, കൂസാതെ സമൂഹമധ്യേ പ്രത്യക്ഷപ്പെടുന്നത്‌ എത്ര ആശ്വാസകരമാണ്‌?
നേരിനോടടുക്കുമ്പോള്‍ വഹ്‌ശിക്കു ബോധ്യപ്പെടാറുണ്ട്‌, കാണുന്നതു പകല്‍ക്കിനാവാണെന്ന്‌! ഒരിക്കലും സഫലമാവാത്ത… പക്ഷേ…
ആകാശക്കോട്ടകള്‍ കെട്ടുമ്പോഴും ഭാവനാലോകത്തു വിഹരിക്കുമ്പോഴും നെഞ്ചില്‍ കുരുക്കുന്നതു പൂക്കിനാവാണെന്നു വിശ്വസിക്കാന്‍ ശ്രമിക്കുന്നു. ആ കിനാവു പൂത്തുലഞ്ഞു കനിയായ്‌ മാറുന്ന ഒരു നാള്‍ വരുമെന്നും.
സ്വപ്‌നം യാഥാര്‍ഥ്യമായാല്‍…
ഇവന്‍ ഭൂമിയിലെ രാജാവാകും; കനകസിംഹാസനത്തിന്‌ അധിപനാകും. ചെങ്കോലും കിരീടവുമണിഞ്ഞ ചക്രവര്‍ത്തിയാകും.. (നടക്കുന്ന കാര്യമാണോ?)
അറിയാം മാലോകരേ, ഒരു നീഗ്രോ അടിമക്കു പരിമിതികളുണ്ട്‌!
`ഉക്കാദ’ അടിമച്ചന്തയില്‍ നിന്ന്‌ മോഹവിലകൊടുത്തു വാങ്ങിയതാണിവനെ. ഉടമയുടെ ഇച്ഛയ്‌ക്കനുസരിച്ച്‌ നീങ്ങുവാന്‍ ഇവന്‍ ബാധ്യസ്ഥനാണ്‌. യജമാനന്‍ കല്‌പിക്കുന്നതുപോലെ അടിമ നടന്നുകൊള്ളണം.രാവും പകലും ഉടമയ്‌ക്കുവേണ്ടി അടിമ വിയര്‍പ്പു ചിന്തുന്നു! വയലേലകളില്‍, കൃഷിടിയങ്ങളില്‍, തോട്ടങ്ങളില്‍….വെട്ടാനും കിളയ്‌ക്കാനും തറ കൂട്ടാനും തൈകള്‍ പാകാനും നടാനും… പോരാ, വിളകള്‍ നനയ്‌ക്കാനും അടിമ തയ്യാറാവണം. വിള സംരക്ഷിക്കേണ്ടതുണ്ട്‌ അവന്‍; വിളകൊയ്യേണ്ടതും അവന്‍ തന്നെ. വിള കൊയ്‌തെടുത്തു കലവറ നിറയ്‌ക്കുകയും ഉടമയെ പരമാവധി സമ്പന്നനാക്കുകയും ചെയ്യേണ്ടത്‌ അടിമയുടെ കടമയാവുന്നു.
സ്വന്തത്തെക്കുറിച്ച്‌ ചിന്തിക്കാനവകാശമുണ്ടോ അടിമയ്‌ക്ക്‌? ഇല്ലല്ലോ. ഉടമയുടെ മുന്നേറ്റവും പുരോഗതിയും അവന്റെ നേട്ടമായും വളര്‍ച്ചയായും വിലയിരുത്തേണ്ടവനാണല്ലോ അടിമ!
യജമാനന്‍ അറിഞ്ഞുനല്‍കുന്ന ആനുകൂല്യത്തിനപ്പുറം അവകാശപ്പെടാന്‍ (ആവശ്യപ്പെടാനും) അടിമയ്‌ക്ക്‌ പാങ്ങില്ല. ആഹാരമായാലും ഉടുവസ്‌ത്രമായാലും ഒക്കെ. എത്രമോശമായ ഭക്ഷണമായാലും കഴിക്കാന്‍ അവന്‍ നിര്‍ബന്ധിതന്‍! ചിലപ്പോള്‍ കാലികള്‍ വരെ ചെലുത്താനറയ്‌ക്കുന്ന തീറ്റയായിരിക്കാമത്‌. പരാതിയരുത്‌. അളവില്‍ കുറഞ്ഞാലും മിണ്ടിക്കൂടാ. ഉള്ളതു കഴിച്ച്‌ അരവയര്‍ നിറയ്‌ക്കുക. ഉടുമുണ്ട്‌ മുറുക്കി കര്‍ത്തവ്യങ്ങളില്‍ മുഴുകുക!.. വിശ്രമം അടിമയ്‌ക്ക്‌ വിധിച്ചിട്ടുള്ളതല്ലല്ലോ. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ അനുസരിച്ചില്ലെങ്കില്‍… കഠോരമായ ശിക്ഷ വാങ്ങേണ്ടിവരും. ചാട്ടവാര്‍ കൊണ്ട്‌ നിഷ്‌ഠൂരമായ പ്രഹരങ്ങള്‍! ചര്‍മം പൊട്ടിക്കീറും; ചോര ചീറ്റിയൊഴുകും.എന്നിട്ടും അടിമ വിങ്ങിയില്ലെങ്കിലേളളളളാ? കഠിനമായ സൂര്യതാപത്തില്‍, തിളയ്‌ക്കുന്ന മണലിലമര്‍ത്തിക്കിടത്തും അവനെ. ഭാരമേറിയ ശിലകള്‍ നെഞ്ചില്‍ കയറ്റിവെച്ച്‌….ശിക്ഷയുടെ ചരിത്രത്താളുകളില്‍ അവയെല്ലാം രേഖപ്പെട്ടുകിടക്കുന്നു! എന്നുവെച്ച്‌…ഒരടിമയ്‌ക്ക്‌ സ്വപ്‌നം കണ്ടുകൂടെന്നുണ്ടോ? ഇല്ലല്ലോ.ആകാശത്തിനു ചുവട്ടിലുള്ള ഏതൊരു മനുഷ്യജീവിക്കും സ്വപ്‌നം കാണാം. കിനാവുകളാവണം ഒരാളുടെ ജീവിതത്തെ മുന്നോട്ടു നടത്തുന്നത്‌.വഹ്‌ശി മോചനത്തെക്കുറിച്ച്‌ സ്വപ്‌നം കാണുന്നു. എന്നും എപ്പോഴും.അതെങ്ങനെ സാധ്യമാവും?
മുന്‍പ്‌….
ചില യജമാനന്മാര്‍ അടിമകളോട്‌ ദാക്ഷിണ്യം കാട്ടിയതായി കേട്ടിട്ടുണ്ട്‌. ഒന്നും മുളയ്‌ക്കാത്ത, വിസ്‌തൃതമായ തരിശുകള്‍ ചൂണ്ടിക്കാട്ടി, അവിടെ തൈകള്‍ വെച്ചുപിടിപ്പിച്ച്‌ ഒരു തോട്ടം സൃഷ്‌ടിച്ചുതരികയാണെങ്കില്‍ തനിക്കു മോചനം നല്‍കാം എന്നു വാഗ്‌ദാനം നല്‍കിയതായും അറിയാം.
സ്വാതന്ത്ര്യം മോഹിച്ച കഠിനാധ്വാനികള്‍ വെല്ലുവിളികള്‍ ഏറ്റെടുത്തിരുന്നുപോലും. അത്തരക്കാര്‍ പരാജയപ്പെട്ടു പിന്‍മാറിയതായും ചരിത്രമില്ല.
കേട്ട കഥകള്‍ വഹ്‌ശിക്ക്‌ പ്രചോദനമേകുന്നുണ്ട്‌. തന്റെ ഉടമയില്‍ നിന്ന്‌ അപ്രകാരമൊരു വാഗ്‌ദാനം ഉയരുകയാണെങ്കില്‍ കണ്ണടച്ച്‌ അത്‌ സ്വീകരിക്കാന്‍ വഹ്‌ശി സന്നദ്ധമാണ്‌!
വന്ധ്യയായ മണ്ണിനോട്‌ പടവെട്ടാം; നിലം വെടിപ്പാക്കി പതം വരുത്താം. വിത്തു കിളുര്‍പ്പിക്കാനും പാകാനും വഹ്‌ശിക്കു മടിയേതുമില്ല. മരുപ്പച്ചകള്‍ തേടിയലഞ്ഞു പാറക്കെട്ടുകളില്‍ നിന്നു കിനിഞ്ഞിറങ്ങുന്ന ഉറവകള്‍ കണ്ടെത്താം. തോല്‍പ്പാത്രങ്ങളില്‍ വെള്ളം ചുമന്നു ജലസേചനം നടത്താം; തൈകള്‍ വളര്‍ത്തി തോട്ടമാക്കാം.
സ്വന്തം വിയര്‍പ്പൊഴുക്കി വിഭവസമൃദ്ധമായ വിളനിലം വളര്‍ത്തിയെടുത്തു മോചനം നേടിയെടുക്കുന്നതില്‍പ്പരം അഭിമാനകരമായി മറ്റെന്തുണ്ട്‌? പക്ഷേ…
വഹ്‌ശിയുടെ യജമാനന്‍ ഒരു നനഞ്ഞ കോപ്പാകുന്നു! വാഗ്‌ദാനങ്ങള്‍ നല്‍കാന്‍ അദ്ദേഹമുണ്ടോ മുതിരുന്നു? തരിശുഭൂമിയില്‍ സമൃദ്ധമായി വിളയുന്ന ഒരു ഈത്തപ്പനത്തോട്ടം ജുബൈര്‍ ബിന്‍ മുത്‌ഇമിന്റെ സങ്കല്‍പത്തില്‍ ഉദിച്ചുവരുന്നില്ല എന്നുണ്ടോ?
നീണ്ടുപോകുന്ന വിചാരങ്ങള്‍ വഹ്‌ശിയുടെ ഇടനെഞ്ചില്‍ ഇച്ഛാഭംഗം നുരഞ്ഞുയരാന്‍ നിമിത്തമായിക്കൊണ്ടിരുന്നു.
ഒന്ന്‌ 
ഖുറൈശികളുടെ രണ്ടാമത്തെ പടയോട്ടം ആരംഭിച്ചു കഴിഞ്ഞു. പെരുമ്പറ നാദം മുഴങ്ങുന്നുണ്ട്‌. കുഴല്‍വിളികള്‍ ഉയരുന്നുണ്ട്‌.
ബദര്‍ പോരാട്ടത്തിലെ തിക്താനുഭവങ്ങള്‍ ഖുറൈശീ മനസ്സുകളെ ശരിക്കും മദിക്കുന്നുണ്ടായിരുന്നു. ഒരിക്കലും മറക്കാനാവാത്ത ദുരന്തങ്ങളാണ്‌ ആ ഏറ്റുമുട്ടല്‍ അവര്‍ക്ക്‌ സമ്മാനിച്ചത്‌. പകയും വിദ്വേഷവും കൊണ്ട്‌ പുകയുകയായിരുന്നു മക്കയിലെ പ്രമാണികളുടെ നെഞ്ചകങ്ങള്‍.
ചോരയ്‌ക്കു ചോര എന്നാണ്‌ പ്രമാണം. പ്രതികരം നിര്‍വഹിച്ചേ തീരൂ. മുഴുവന്‍ ശക്തികളും സംഭവിച്ചു ഖുറൈശിക്കൂട്ടം മുന്നേറുകയാണ്‌! പകരംവീട്ടാന്‍ പുതിയ ഏറ്റുമുട്ടലിനു നേതൃത്വം നല്‍കുന്നത്‌ ആരൊക്കെയാണെന്നറിയാമോ?
ഉമ്മുല്‍ഖുറായിലെ ചോദ്യം ചെയ്യപ്പെടാത്ത പ്രമാണി അബൂസുഫ്‌യാന്‍, അബുല്‍ഹികമിന്റെ മകന്‍ ഇക്‌രിമ, ഉമയ്യത്തിന്റെ മകന്‍ സഫ്‌വാന്‍, അബൂറബീഅയുടെ മകന്‍ അബ്‌ദുല്ലാഹ്‌…
സര്‍വരും പ്രമുഖരാണ്‌; എല്ലാ നിലയ്‌ക്കും കഴിവുറ്റവരാണ്‌.
മുവ്വായിരത്തോളം വരുന്ന കരുത്തുറ്റ പടയാളികള്‍, കനത്ത ആയുധശേഖരം. കുതിരകള്‍ കോവര്‍ക്കഴുതകള്‍, ഒട്ടകങ്ങള്‍ തുടങ്ങി ആവശ്യത്തില്‍ക്കവിഞ്ഞ മൃഗസഞ്ചയം… ദീര്‍ഘനാളത്തേക്കുവേണ്ടിവരുന്ന ആഹാര വസ്‌തുക്കള്‍, മറ്റു സന്നാഹങ്ങള്‍. പോരാട്ടം നീണ്ടുപോയാലും അണികള്‍ക്കു ക്ഷീണം വരരുത്‌!
പോരിനൊരുങ്ങി മുന്നോട്ടുവന്ന പടയാളികള്‍ക്ക്‌ ആവേശമേകാനും ഹരം പകരാനും പ്രമുഖരുടെ പത്‌നിമാര്‍ അടക്കം വരുന്ന തരുണീമണികള്‍… അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ്‌, ഇക്‌രിമയുടെ സഹധര്‍മിണി ഉമ്മുഹകീന, ഹാരിസുബ്‌നുല്‍ ഹിശാമിന്റെ പത്‌നി ഫാത്തിമ, സഫ്‌വാന്റെ കുടുംബിനി ബര്‍സത്ത്‌… ഇപ്രകാരം നീളുന്നു ആ പട്ടിക!നൃത്തച്ചുവടുകള്‍ വച്ചുകൊണ്ടാണ്‌ വനിതാവ്യൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്‌. ആര്‍പ്പുവിളികള്‍, പാട്ടും കൂത്തും…
‘ബദറിന്റെ പ്രതികാരം ചെയ്‌തുതീര്‍ക്കാന്‍
വരുന്നു… അണിചേര്‍ന്നു ഖുറൈശീ മക്കള്‍!
ചോരയ്‌ക്കു പകരം ചോര ചിന്തീടാനും
ശത്രുവെ ഖഡ്‌ഗത്തിന്നിരയാക്കീടാനും
ലാത്തയും ഉസ്സയും ആണേ, സത്യം സത്യം
വരുന്നു… അണിചേര്‍ന്നു ഖുറൈശീ മക്കള്‍!
പുത്തന്‍ പാതക്കാരെ തകര്‍ത്തു തള്ളാന്‍
പരമ്പരാഗത വിശ്വാസം പുലര്‍ത്തീടാനും
ലാത്തയും ഉസ്സയും ആണേ, സത്യം സത്യം
പോരിന്നിറങ്ങുന്നു ഖുറൈശീ മക്കള്‍!
(ബദറിന്റെ….) 

ആരവങ്ങളോടെ ആ പടയണി മുന്നോട്ടുനീങ്ങുന്നു! ഉഹ്‌ദ്‌ ലക്ഷ്യമാക്കി.
നാട്ടുകാര്‍ക്കൊപ്പം നിന്ന്‌ കാഴ്‌ചകള്‍ കാണുകയായിരുന്നു വഹ്‌ശി. അപ്പോഴത്രെ അയാളുടെ യജമാനന്‍ ജുബൈര്‍ ബിന്‍ മുത്‌ഇം തിക്കിത്തിരക്കി അങ്ങോട്ടു പാഞ്ഞു വരുന്നത്‌. വഹ്‌ശീ… എന്ന്‌ നീട്ടി വിളിച്ചുകൊണ്ട്‌!
യജമാനനെക്കണ്ട്‌ അടിമ ഓടിയണയുന്നു. കാര്യമാരായുന്നു.
ജുബൈര്‍ നിന്നു കിതയ്‌ക്കുകയാണ്‌! പ്രയാസപ്പെട്ടാണ്‌ ആ വായില്‍ നിന്ന്‌ വാക്കുകളുതിരുന്നതെന്നു തോന്നി:
“….. എന്റെ പിതൃവ്യന്‍ ബദ്‌റില്‍ വെച്ചാണ്‌ കൊല്ലപ്പെടുന്നത്‌. ശത്രുക്കളോടുള്ള പ്രതികാരചിന്ത എന്റെയുള്ളില്‍ ഒടുങ്ങാതെ കിടപ്പുണ്ട്‌ വഹ്‌ശീ.
പക്ഷേ എനിക്ക്‌ യുദ്ധമുറകള്‍ അറിയില്ല: യുദ്ധമുഖത്തെ അഭിമുഖീകരിക്കാന്‍ മാത്രമുള്ള ചോരത്തിളപ്പും എന്നില്‍നിന്ന്‌ വാര്‍ന്നുപോയിരിക്കുന്നു. അതുകൊണ്ട്‌ വഹ്‌ശീ, എനിക്ക്‌ പകരമായി നീ പോകാന്‍ തയ്യാറാവുമോ? മികച്ചൊരു ആയുധാഭ്യാസിയല്ലേ നീ? ഖുറൈശിക്കൂട്ടം മുഖ്യമായും ഉന്നംവെയ്‌ക്കുന്നത്‌ മുഹമ്മദിന്റെ പിതൃവ്യനെയാണ്‌. ബദ്‌റില്‍വെച്ച്‌ അയാളാണ്‌ ഒട്ടേറെ പ്രമുഖരെ അരിഞ്ഞുവീഴ്‌ത്തിയത്‌. ഞാന്‍ ചോദിക്കട്ടെ, ഹംസയെ വധിക്കാന്‍ വഹ്‌ശിക്കു ചങ്കൂറ്റമില്ലേ? നോക്കൂ, ആ ലക്ഷ്യം സാധിച്ചു നീ തിരിച്ചുവരികയാണെങ്കില്‍, വഹ്‌ശീ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പാരിതോഷികം ഞാന്‍ നിനക്ക്‌ നല്‍കുന്നതാണ്‌. തീര്‍ച്ച”
തനിക്കു സങ്കല്‍പിക്കാനാവാത്ത പാരിതോഷികം…അതെന്താവും? വഹ്‌ശിയുടെ നെഞ്ചില്‍ ആകാംക്ഷയുടെ കനല്‍ പെരുകുന്നു.
പോയരാവില്‍, ഗാഢനിദ്രയിലായിരുന്നപ്പോള്‍ ദൃശ്യമായ ഒരു സ്വപ്‌നത്തിന്റെ ചീള്‌ വീണ്ടും വഹ്‌ശിയുടെ ഓര്‍മയിലേക്കെത്തി നോക്കി, അപ്പോള്‍.
വിജനവും അജ്ഞാതവുമായ ഒരിരുണ്ട സ്ഥലത്ത്‌ അകപ്പെട്ടിരിക്കുകയാണ്‌ അയാള്‍. വെളിച്ചത്തിന്റെ ഒരു തുള്ളിപോലും എങ്ങുമില്ല! അന്ധകാരത്തില്‍ എങ്ങോട്ടു നീങ്ങണമെന്നറിയാതെ വിറകൊള്ളുകയായിരുന്നു അടിമ. അപ്പോഴതാ, മുകളില്‍ ആകാശത്ത്‌ ഒരു വെള്ളിവെളിച്ചം ഉദിച്ചുവരുന്നതായി വഹ്‌ശി കാണുന്നു. ആ നക്ഷത്രം അടിമയ്‌ക്കു ചുറ്റും പ്രകാശം പകരുന്നു! മുന്നില്‍ വ്യക്തമായ പാത തെളിഞ്ഞുവരുന്നു. വഹ്‌ശിയുടെ നെഞ്ചിനെപ്പൊതിഞ്ഞ ഉള്‍ഭീതി അടര്‍ന്നുമാറുന്നു. തെളിഞ്ഞുകണ്ട വഴിയിലൂടെ വഹ്‌ശി കാലടികള്‍ എടുത്തുവെക്കാന്‍ തുടങ്ങി. ഉത്സാഹപൂര്‍വം…
സാധാരണ കാണുന്ന പാഴ്‌ക്കിനാവായിരുന്നുവോ അത്‌? അതോ സത്യമായ കിനാവോ? സ്വപ്‌നം ചിലര്‍ക്ക്‌ ചില കാലമൊത്തിടും എന്നു കേട്ടിട്ടുണ്ടല്ലോ.
…ചിന്തകളാല്‍ മനസ്സുഴറിയ വഹ്‌ശി യജമാനനെ തുറിച്ചുനോക്കിക്കൊണ്ട്‌ നില്‌പായി. താന്‍ സൂചിപ്പിക്കുന്ന വാഗ്‌ദാനം എന്താണെന്ന്‌ ജുബൈര്‍ ശരിക്കും വ്യക്താക്കുന്നു:
“ഹംസയെ ഒടുക്കിവരുന്നപക്ഷം ആ നിമിഷം ഞാന്‍ നിന്നെ മോചിപ്പിക്കാന്‍ തയ്യാറാണ്‌ വഹ്‌ശീ. പോരിന്‌ പുറപ്പെട്ട ഈ പടയണിക്കൊപ്പം ചേരാന്‍ തയ്യാറുണ്ടോ നീ? ഉണ്ടെങ്കില്‍ ശീഘ്രം പുറപ്പെടാന്‍ നോക്ക്‌…”
എന്നെന്നേക്കുമായി പാരതന്ത്ര്യത്തില്‍ നിന്നുള്ള മുക്തി! ഒരടിമയുടെ കാതുകുളുര്‍പ്പിക്കുന്ന ഏറ്റംമികച്ച വാക്കുകള്‍….
ആവേശം അലയടിച്ചുയരുന്ന മനസ്സുമായി നീഗ്രോ അടിമ മുന്നോട്ടു ചാടുന്നു…
“പോകാന്‍ വഹ്‌ശി തയ്യാര്‍!… വഹ്‌ശി തയ്യാര്‍…”
പ്രകാശ പൂരിതമായിരുന്നു വഹ്‌ശിയുടെ മുഖം!
താമസിയാതെ നീഗ്രോ അടിമ സേനക്കൊപ്പം നീങ്ങി. തന്റെ പ്രിയപ്പെട്ട ആയുധവും കൈയിലേന്തി.
നീഗ്രോ അടിമ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുത്തെന്നു പടയോട്ടത്തിന്റെ മുന്നണിയില്‍ നീങ്ങുന്ന തരുണീമണികളെ ആരാണ്‌ കേള്‍പ്പിച്ചത്‌? അറിഞ്ഞുകൂടാ! ഏറെ വൈകിയില്ല, സുന്ദരിയായ ഹിന്ദ്‌ അതാ വഹ്‌ശിയെ തേടിയെത്തുന്നു; ആകാംക്ഷാപൂര്‍വം ആ പ്രഭുകുമാരി ആരായുന്നു!
“വഹ്‌ശീ, ഹംസയെ ഭൂമുഖത്തുനിന്നു നീക്കുന്ന കാര്യം നീ ഏറ്റെടുത്തുവോ? മിടുക്കാ, നീയതു സാധിച്ചാല്‍… എന്റെ ആഭരണങ്ങള്‍ സകലതും നിനക്ക്‌ സമ്മാനമായി ലഭിക്കും. ഞാന്‍ കരങ്ങളിലണിഞ്ഞ ഈ കങ്കണങ്ങള്‍, കാലിലണിഞ്ഞ പാദസരം, കഴുത്തില്‍ ചാര്‍ത്തിയ പതക്കം, ഇളക്കത്താലി, കര്‍ണാഭരണങ്ങള്‍… വിലപിടിപ്പുള്ളത്‌ ഒന്നും സ്വന്തമായി വയ്‌ക്കാതെ ഞാന്‍ നിനക്ക്‌ നല്‍കുന്നതാണ്‌. സംശയിക്കേണ്ട….
- കര്‍ണപുടങ്ങളെ തണുപ്പിക്കുന്ന വ്‌ഗാദനമിതാ, രണ്ടാമതും!
വഹ്‌ശി നിലംവിട്ട നിലയിലാവുന്നു… (തുടരും)

http://pudavaonline.net/?p=1432#more-1432

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: