ആരെയാണ്‌ കരിമ്പട്ടികയില്‍ പെടുത്തേ@ത്‌?

  • Posted by Sanveer Ittoli
  • at 10:48 PM -
  • 0 comments
ആരെയാണ്‌ കരിമ്പട്ടികയില്‍ പെടുത്തേ@ത്‌?

ശ്രീ ഹരികുമാര്‍ സര്‍, ഉന്നതരായ മഹദ്‌വ്യക്തിത്വങ്ങളേ, ഗുരുനാഥന്‍മാരേ, മാതാപിതാക്കളേ, ഞാനേറെയിഷ്‌ടപ്പെടുന്ന എന്റെ മുന്നിലിരിക്കുന്ന സുന്ദരികളും സുന്ദരന്മാരുമായ കുഞ്ഞുങ്ങളേ,
പത്തനംതിട്ടയില്‍ നിന്ന്‌ പുറപ്പെട്ട്‌ ചെങ്ങന്നൂര്‍ എന്‍ജിനിയറിംഗ്‌ കോളെജിലെ പരിപാടി കഴിഞ്ഞ്‌ ഞങ്ങള്‍ എം എസ്‌ എം കോളെജ്‌ (കായംകുളം) അങ്കണത്തില്‍ എത്തിച്ചേര്‍ന്നത്‌ വൈകിയാണ്‌. ആദ്യമായി ക്ഷമ ചോദിക്കുന്നു. എട്ടു ദിവസമായി രാപ്പകല്‍ പണിയെടുക്കുന്ന ജാഥാംഗങ്ങളെ ഞാന്‍ ആദരിക്കുന്നു.നിങ്ങള്‍ എന്റെ വാക്കുകള്‍ ശ്രദ്ധിച്ചുകേള്‍ക്കുക. പിടിവാശിയോ മുന്‍വിധികളോ ഇല്ലാതെ ശ്രദ്ധാപൂര്‍വം എന്നെ കേള്‍ക്കുക. ശരിയെന്തെങ്കിലും ലഭിച്ചാല്‍ അതെടുക്കുക. തെറ്റെങ്കില്‍ ഇവിടത്തന്നെ കളഞ്ഞേക്കുക. ഞാന്‍ എന്റെ സംസാരത്തില്‍ നീയെന്നും നിങ്ങളെന്നും പറയുന്നത്‌ എന്റെ മുന്നിലിരിക്കുന്ന `നിങ്ങള്‍' അല്ല. കേരളീയര്‍ എന്നാണ്‌ ഞാനുദ്ദേശിക്കുന്നത്‌. ഇന്നെനിക്ക്‌ പത്തുലക്ഷം സഹോദരങ്ങളുണ്ട്‌ കേരളത്തില്‍.
നമ്മുടെ സമൂഹത്തിന്‌ ചില പ്രത്യേകതകളും ചില മനോഭാവങ്ങളുമുണ്ട്‌. ഒന്ന്‌: നമ്മള്‍ ആരെയും അനുസരിക്കാറില്ല. നമ്മെ എല്ലാവരും അനുസരിക്കുകയും വേണം. ഭഗവദ്‌ഗീതയില്‍ കൃഷ്‌ണന്‍ ഉപദേശിക്കുന്നു: അര്‍ജുനാ... യഥാര്‍ഥ പഠിതാവിന്റെ ഗുണം, വിനയം, ശ്രദ്ധ, അനുസരണം എന്നിവയാണ്‌. നമ്മുടെ തലമുറക്ക്‌ വിനയം എന്താണെന്നറിയില്ല. ശ്രദ്ധയാകട്ടെ പഠന കാര്യങ്ങളിലല്ല. പ്രണയം, മൊബൈല്‍, വൃത്തികെട്ട സിനിമകള്‍, ബ്‌ളൂ ഫിലിം മുതലായവയിലാണ്‌.
രണ്ടാമത്തെ പ്രത്യേകത: നാം ആരെയും ആദരിക്കില്ല. നമ്മെ എല്ലാവരും ആദരിക്കണം എന്ന മനോഭാവം. ജീവിച്ചിരിക്കുമ്പോള്‍ സ്വസ്ഥത പോലും കൊടുക്കാത്തവര്‍ മരണപ്പെട്ടാല്‍ മാറത്തടിച്ചു കരയുന്നു. ജസ്റ്റിസ്‌ ഡി ശ്രീദേവി മാഡം പറഞ്ഞത്‌ കേരളത്തില്‍ 90 ശതമാനം കുടുംബങ്ങളും തകര്‍ച്ചയിലാണെന്നാണ്‌.
മൂന്നാമത്തെ പ്രത്യേകത: നാം ആര്‍ക്കും ഒന്നും കൊടുക്കില്ല. നമുക്ക്‌ എല്ലാം കിട്ടണമെന്ന മനോഭാവമാണ്‌. ബൈബിള്‍ പറയുന്നു: മറ്റുള്ളവര്‍ നിനക്ക്‌ തരണമെന്ന്‌ നീയാഗ്രഹിക്കുന്നതെല്ലാം നീയവര്‍ക്ക്‌ അറിഞ്ഞുകൊടുക്കണം. നാലാമത്തെ നമ്മുടെ മനോഭാവമാകട്ടെ മുന്‍പ്‌ കഴിഞ്ഞുപോയവരെല്ലാം വിഡ്‌ഢികളും നമ്മള്‍ മിടുക്കന്മാരുമാണെന്നതാണ്‌. നിങ്ങളുടെ മിടുക്ക്‌ ഞാന്‍ കുറച്ചു കാണുന്നില്ല. പലരുടെയും മിടുക്ക്‌ കള്ളത്തരത്തിലും തട്ടിപ്പിലുമാണെങ്കിലും അതി മിടുക്കന്മാര്‍ നമുക്കിടയിലുണ്ട്‌; പത്തു ശതമാനമെങ്കിലും. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എഴുപതു ലക്ഷം രൂപ ശമ്പളം നല്‌കി `ഗൂഗ്‌ള്‍' ഒരു ചെറുപ്പക്കാരനെ കൊണ്ടുപോയി. മറ്റൊരു എംടെക്‌ പയ്യനെ `നാസ' കൊണ്ടുപോയി. നമ്മുടെ ബുദ്ധിശക്തിയുടെ നിദര്‍ശനമാണിതെല്ലാം.
ആരാണ്‌ യഥാര്‍ഥ മിടുക്കര്‍ എന്ന്‌ നിങ്ങള്‍ക്ക്‌ കാണാം. ബൈബിള്‍ പറയുന്നു: രണ്ടുപേര്‍ പ്രാര്‍ഥിക്കുമ്പോള്‍ മൂന്നാമനായി ദൈവം ഉണ്ടാവും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ രണ്ടുപേര്‍ പരദൂഷണവും ഗൂഢാലോചനയും നടത്തുമ്പോള്‍ മൂന്നാമനായി അല്ലാഹു ഉണ്ടാകും. ഗീത പത്താം അധ്യായം വിഭൂതി യോഗം ഇങ്ങനെ കാണാം: അര്‍ജുനാ, ആത്മജ്ഞാനം ലഭിക്കണമെന്നുള്ളവര്‍ക്കു മുന്നില്‍, സത്യം അറിയണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ക്കു മുന്നില്‍ മാത്രം നീ പ്രഭാഷണം നടത്തുക. ലൗകികതക്കു വേണ്ടി കഴിഞ്ഞു കൂടുന്നവര്‍ക്ക്‌ നിന്റെ പ്രഭാഷണം പ്രയോജനം ചെയ്യില്ല. വലിയ മൊബൈല്‍, അശ്ലീലം, ഡൗണ്‍ ലോഡ്‌, ക്ലിപ്പിംഗ്‌ മുതലായവയില്‍ അഭിരമിക്കുകയാണിന്ന്‌ ലോകം. `നീ എത്ര കൊതിച്ചാലും അധിക പേരെയും സത്യത്തില്‍ വിശ്വസിപ്പിക്കാനാവില്ല' എന്ന്‌ വിശുദ്ധ ഖുര്‍ആനും പരിഹാസകന്റെയും ഭോഷന്റെയും മുന്നില്‍ പ്രഭാഷണം അരുതെന്ന്‌ ഗീതയും പറയുന്നു. ആയതിനാല്‍ നല്ല ചിന്തയോടെ വിനയത്തോടെ ശ്രദ്ധിക്കണമെന്ന്‌ കുഞ്ഞുമക്കളോട്‌ ഞാന്‍ ഉണര്‍ത്തുന്നു. 
നമ്മുടെ മുന്‍ രാഷ്‌ട്രപതി ഡോ. എ പി ജെ അബ്‌ദുല്‍കലാം പറഞ്ഞത്‌ ശ്രദ്ധിക്കുക: ``വിദ്യാഭ്യാസം ആത്മീയതയിലൂന്നിയതും ആത്മബോധം നല്‌കുന്നതുമാണ്‌.'' എന്റെ കുഞ്ഞുമക്കളേ, ഞാന്‍ ചോദിക്കട്ടെ: പത്തു മാസം നിന്നെ ഗര്‍ഭം ധരിച്ച്‌ നൊന്തു പെറ്റ അമ്മയോടും നിനക്കു ജന്മം നല്‌കി നിന്നെ പോറ്റി വളര്‍ത്തിയ നിന്റെ അച്ഛനോടും കഴിഞ്ഞ ഒരു വര്‍ഷം കള്ളത്തരങ്ങള്‍ ഒന്നും ചെയ്യാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ കൈപൊക്കാമോ? ഇല്ലെങ്കില്‍ ഇതാണ്‌ മക്കളേ നിങ്ങളുടെ പരാജയത്തിന്റെ ആരംഭം. നിങ്ങളുടെ മാതാപിതാക്കളോട്‌ ഞാനിത്‌ പറയാന്‍ ആളല്ല. നിങ്ങളിലുള്ള നാളത്തെ അമ്മയോടും അച്ഛനോടുമാണ്‌ എനിക്ക്‌ പറയാനുള്ളത്‌. ലോകാര്യോഗ സംഘടന പറയുന്നു: യു ആര്‍ ദ ഫ്യൂച്ചര്‍ പാരന്റ്‌സ്‌. 
എട്ടിലും ഒന്‍പതിലും പത്തിലും പഠിക്കുന്ന കുട്ടികള്‍, കാമുകരോടൊപ്പം ഒളിച്ചോടാന്‍ തയ്യാറെടുത്തവരുണ്ടെങ്കില്‍, എന്നെ ഒരല്‌പം ശ്രദ്ധിക്കുക. ഞാനാരുമല്ല. കേവലം ബോധവത്‌കരണം. ആലോചിക്കേണ്ടത്‌ നീ. തീരുമാനമെടുക്കേണ്ടതും നീ. ഒരു കാര്യം ഓര്‍ക്കുക. കടലിനക്കരെ കടക്കണമെങ്കില്‍ കാരിരുമ്പിന്റെ മനശ്ശക്തിയും ശക്തമായ കപ്പലും വേണം. ജീവിതം അക്കരെയെത്തിക്കണമെങ്കില്‍ സത്യത എന്ന കപ്പല്‍ അനിവാര്യമാണ്‌. കഴിഞ്ഞകാലത്ത്‌ അച്ഛനമ്മമാരെ പറ്റിച്ച/കബളിപ്പിച്ച മക്കള്‍ ആലോചിക്കുക. ബൈബിള്‍ പറയുന്നു: നിങ്ങള്‍ വെള്ളയടിച്ച കുഴിമാടത്തിന്‌ സദൃശം. കാരണം നാട്ടുകാരെ പറ്റിക്കാന്‍ വേഷം കെട്ടിയ നിങ്ങളുടെ അകം കളവും ചതിയും നിറഞ്ഞതാണ്‌. 
മക്കളേ, നിങ്ങള്‍ ക്ഷേത്രത്തില്‍ പോകാറുണ്ടോ? ചര്‍ച്ചില്‍ പോകാറുണ്ടോ? നമസ്‌കരിക്കാറുണ്ടോ... (ഉണ്ടെന്ന്‌ ഉത്തരം). സന്തോഷം. നിങ്ങള്‍ ഇതെല്ലാം ചെയ്യുന്നുവെങ്കിലും നിങ്ങളുടെ വീട്ടിലൊക്കെ ദുരിതവും കഷ്‌ടപ്പാടും ദു:ഖവും നിലനില്‌ക്കുന്നു. ദൈവാനുഗ്രഹത്തിന്‌ ആദ്യം വേണ്ടത്‌ സത്യമാണ്‌; സത്യം.
മക്കളേ, നിങ്ങള്‍ സത്യമായി പറയൂ, കഴിഞ്ഞ ഒരു വര്‍ഷം നിങ്ങളെ പഠിപ്പിച്ച ഗുരുനാഥന്മാരോട്‌ കളവു പറഞ്ഞിട്ടില്ലാത്ത വിദ്യാര്‍ഥിയുണ്ടെങ്കില്‍ കൈ പൊക്കുക... ഈ കൈ പൊക്കിയ ഇവരാണോ സുന്ദരികള്‍, അതോ ത്രഡിംഗും ട്രക്കിംഗും ആയി നടിച്ചു നടക്കുന്നവരോ? ആത്മപരിശോധന നടത്താം നമുക്ക്‌. നിനക്ക്‌ വേണ്ടതു മാത്രം തന്നവരാണ്‌ അമ്മ, അച്ഛന്‍, ഗുരുനാഥന്മാര്‍ എന്ന കാര്യം മറക്കാതിരിക്കുക.
പ്ലസ്‌വണ്‍, പ്ലസ്‌ടു വിദ്യാര്‍ഥികള്‍ പഠിക്കുന്ന ബയോളജി ടെക്‌സ്റ്റ്‌ പുസ്‌തകം തയ്യാറാക്കിയത്‌ ഞാനാണെന്ന്‌ നിങ്ങള്‍ക്കറിയാമായിരിക്കും. നിന്റെ പിതാവിനെക്കുറിച്ച്‌ പറയാനല്ല, നീയെന്ന ഭാവിയിലെ പിതാവിനെ പറ്റി പറയാനാണ്‌ ഞാന്‍ വന്നത്‌. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അച്ഛനെ പറ്റിച്ച്‌ ബ്‌ളൂഫിലിമും മോശം നടപടിയുമായി നീങ്ങുന്ന നിന്റെ ബീജത്തില്‍ നിന്നുണ്ടാകുന്ന ജീനുകള്‍ നിന്റെ മക്കളിലൂടെ നിന്നെയും കൂടുതല്‍ പറ്റിക്കും. അപ്പോള്‍ നീ മനസ്സിലാക്കും; നീ ഒരു പാഴ്‌ജന്മമാണെന്ന്‌. ലൈംഗികാതിക്രമങ്ങള്‍ അതിജയിക്കാന്‍ പട്ടാളം വിചാരിച്ചാല്‍ നടക്കുമോ? അവനവന്‍ തന്നെയാണ്‌ അവനവനെ സൂക്ഷിക്കേണ്ടത്‌ എന്ന്‌ ഗീതയില്‍ പറയുന്നു. നമ്മുടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ കഴിയണം. കണ്ടവന്റെ കൂടെ ഇറങ്ങിത്തിരിക്കുമ്പോള്‍ നമ്മളറിയുന്നില്ല, പരാജയത്തിലേക്കാണ്‌ പോക്ക്‌ എന്ന്‌. സദാചാരം വ്യക്തികളില്‍ വേരൂന്നണമെങ്കില്‍ വീടുകളില്‍ വേദപഠനം നടക്കണം. നാളത്തെ മാതാക്കളായ നിങ്ങള്‍ ഓര്‍ക്കുക. മാതൃത്വം ദിവ്യമാണെന്ന്‌ ഖുര്‍ആന്‍. ഇന്നത്തെ തലമുറയാകട്ടെ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിന്‌ `കിലുക്കി'നു പകരം ഇരു കൈകളിലും മൊബൈല്‍ കൊടുക്കുന്നു. അതില്‍ നിന്നുള്ള റേഡിയേഷന്‍ അപകടകരമാണെന്ന്‌ ഓര്‍ക്കുന്നില്ല. മൊബൈല്‍ വേണ്ടെന്ന്‌ ഞാന്‍ പറഞ്ഞില്ല. എന്നാല്‍ കേള്‍വിക്കുറവ്‌, അക്ഷമ, അസ്വസ്ഥത മുതലായവയ്‌ക്ക്‌ മൊബൈല്‍ കാരണമാകുന്നുവെന്ന്‌ കേരള സയന്‍സ്‌ കോണ്‍ഗ്രസില്‍ പേപ്പര്‍ അവതരിപ്പിച്ചിരിക്കുന്നു. ഞാന്‍ കഴിഞ്ഞ വര്‍ഷം ജര്‍മനി, ലണ്ടന്‍, സ്വിറ്റ്‌സര്‍ലന്റ്‌ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. യൂറോപ്പില്‍ 90 ശതമാനം കുട്ടികള്‍ക്കും മൊബൈല്‍ ഇല്ല. ഇവിടെ 90 ശതമാനത്തിനും ഉണ്ട്‌!
കേരളത്തില്‍ പുരുഷന്മാരെല്ലാം പീഡിപ്പിച്ചു നടക്കുകയല്ല. പീഡകര്‍ 99 ശതമാനവും മദ്യലഹരിക്കടിമപ്പെട്ടവരാണ്‌. ഈ സത്യം ആരും ഓര്‍ക്കുന്നില്ല. അശ്ലീലം കുത്തിനിറിച്ച നിന്റെ മൊബൈല്‍ സ്വിച്ച്‌ഓഫ്‌ ചെയ്‌ത്‌ പള്ളിയില്‍/അമ്പലത്തില്‍/ചര്‍ച്ചില്‍ പോയിട്ട്‌ കാര്യമുണ്ടോ? പെറ്റമ്മയുടെ നോവറിയാന്‍ പെണ്‍കുട്ടിക്ക്‌ ഏറെ കഴിയും. എന്നിട്ടും അമ്മ വഴക്കുപറഞ്ഞതിന്‌ താന്‍ ഒളിച്ചോടി എന്നു പറയുന്നവര്‍ എത്രയാണ്‌!
നിന്റെ അമ്മയുടെ പ്രതീക്ഷ കൂടിയാണ്‌ നീ. നിന്റെ അച്ഛന്റെ പ്രതീക്ഷയാണു നീ. നീ നിന്റെ അമ്മയെ/അച്ഛനെ അകക്കണ്ണുകൊണ്ട്‌ കണ്ടിട്ടില്ല. നിന്റെ വരവും കാത്ത്‌ നിനക്ക്‌ വേണ്ടതൊരുക്കി കാത്തിരിക്കുന്ന അമ്മ. നിനക്കുവേണ്ടി തട്ടുകടയില്‍ തീനാളത്തിനു മുന്നില്‍ ദോശയടിക്കുന്ന അച്ഛന്‍. അവരെ നീ പറ്റിക്കുമ്പോള്‍, നിന്നെപ്പറ്റിക്കാന്‍ വരുന്നത്‌ നിന്റെ അകത്തു നിന്നുതന്നെയാണെന്നു നീ ഓര്‍ക്കുക. 
നിങ്ങള്‍ ബയോളജിക്കല്‍ ആയി ചിന്തിച്ചുനോക്കൂ. നിരന്തരമായി ഒരു കാര്യം ശീലിക്കുന്നുവെങ്കില്‍ നമ്മുടെ ജീന്‍ അതിനായി ആക്‌റ്റിവേറ്റ്‌ ആകും. നന്മയുടെ ജീനും തിന്മയുടെ ജീനും നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്‌. ഏത്‌ ജീനിനെ വ്യക്തി ആക്‌റ്റിവേറ്റ്‌ ചെയ്യുന്നുവോ അതാണ്‌ പാരമ്പര്യം (inheritance) ആയിവരുന്നത്‌. Dominent will inherit to the children ലാമാര്‍ക്കിന്റെ ഇന്‍ഹറിറ്റന്‍സ്‌ ഓഫ്‌ അക്വയേര്‍ഡ്‌ കാരക്‌റ്റര്‍ അതാണ്‌ പഠിപ്പിക്കുന്നത്‌. ഗീതയിലും ഇതുതന്നെ പറയുന്നു. അമേരിക്കയിലെ 186 യൂനിവേഴ്‌സിറ്റികളില്‍ ഗീത ഒരു പേപ്പര്‍ ആണ്‌. ജ്ഞാനം വേണം. പഠനത്തോടൊപ്പം അവനവന്റെ വേദമെങ്കിലും ശ്രദ്ധിക്കുക. പക്ഷേ, നാം അതൊക്കെ ഒഴിവാക്കി റിയാലിറ്റി ഷോയുടെ പിന്നാലെയാണ്‌.
ഞാന്‍ ചോദിക്കട്ടെ, ഇന്നത്തെ ദാമ്പത്യം രക്തബന്ധമോ, ശാരീരികബന്ധമോ? സ്‌നേഹബന്ധമെന്നു പറയുന്നു ചിലര്‍. എന്നാല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ആത്മബന്ധമാണ്‌ വേണ്ടത്‌. ആത്മബന്ധം കുടുംബകലഹത്തിലോ ഡൈവോഴ്‌സിലോ എത്തുകയില്ല. അച്ഛനും അമ്മയും തമ്മിലുള്ള ആത്മബന്ധം കണ്ട്‌ വളരുന്ന മക്കള്‍ക്ക്‌ കുടുംബത്തില്‍ സ്വര്‍ഗമായിരിക്കും. അവര്‍ `മിസ്‌ഡ്‌ കോള'ന്മാരുടെ കൂടെ ഇറങ്ങിത്തിരിക്കില്ല. 
സമ്പൂര്‍ണ സാക്ഷരതയില്‍ ഒന്നാം സ്ഥാനമാണ്‌ നമ്മുടെ കേരളത്തിന്‌. കേരളത്തിന്‌ വേറെയും ചില ഒന്നാം സ്ഥാനങ്ങളുണ്ട്‌. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുടിയന്മാര്‍ കേരളത്തില്‍. ഏറ്റവും കൂടുതല്‍ ആത്മഹത്യ കേരളത്തില്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ തൃശൂര്‍ ജില്ലയില്‍. ഒരു ലക്ഷത്തില്‍ 42 മുതല്‍ 65 വരെ. ആത്മഹത്യ ഏറ്റവും കുറഞ്ഞ ജില്ല മലപ്പുറം. ഒരു ലക്ഷത്തിന്‌ നാലു മാത്രം. ലോകത്തില്‍ ആത്മഹത്യാ നിരക്ക്‌ ഏറ്റവും കുറഞ്ഞ രാജ്യം സുഊദി അറേബ്യ. പഠനങ്ങള്‍ തെളിയിക്കുന്ന ഒരു വസ്‌തുതയുണ്ട്‌. ആത്മാഹുതി ചെയ്‌തവന്‌ ഇഹലോകവും പരലോകവും നഷ്‌ടപ്പെട്ടു എന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അത്‌ അടിസ്ഥാനപരമായി വിശ്വസിച്ച ജനതയില്‍ ആത്മഹത്യ കുറയുന്നു. വീണ്ടും ഒരു പഠനം. ഹൈന്ദവവിഭാഗങ്ങളില്‍ പരാജയം കുറവ്‌, വിജയം കൂടുതല്‍ ഉള്ളത്‌ ബ്രാഹ്‌മണരില്‍. കാരണം അവരിലെ മക്കള്‍ മാതാപിതാക്കളെ ദൈവത്തെപ്പോലെ കാണുന്നു. അവരില്‍ സത്യം നിലനില്‌ക്കുന്നു.
ഭാരത സംസ്‌കാരത്തിന്റെ പരമസ്‌തംഭങ്ങള്‍: സത്യംവദ (സത്യമേ പറയൂ), ധര്‍മം ചര (ധര്‍മം മാത്രമേ ചെയ്യൂ), മാതൃദേവോഭവ, പിതൃദേവോ ഭവ, ആചാര്യദേവോ ഭവ (മാതാപിതാ ഗുരുക്കന്മാരെ ദേവനുതുല്യം കാണുക). ഇത്‌ പഠിക്കുക. കൂടെ സ്വന്തം വേദവും പഠിക്കുക. അവനവനെ നിയന്ത്രിക്കാനാവും. ശാരീരിക നന്മ, മാനസിക അച്ചടക്കം, ആത്മീയജ്ഞാനം ഉള്ളവര്‍ക്ക്‌ മാത്രമേ സ്വസ്ഥത ലഭിക്കൂ. പുരുഷന്‌ പത്തു മിനിറ്റുമതി, തന്റെ ബീജം ഗര്‍ഭപാത്രത്തിലേക്കയക്കാന്‍. എന്നാല്‍ വിശുദ്ധ ഗര്‍ഭപാത്രം നന്മ നിറഞ്ഞതല്ലെങ്കില്‍ ശരിയായ മാതാവാകന്‍ കഴിയില്ല. ഇരുപത്‌ വയസ്സിനു മുന്‍പ്‌ ഏതെങ്കിലും പയ്യന്റെ കൂടെ ഒളിച്ചോടാന്‍ റെഡിയായി നില്‌ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ - ഒളിച്ചോടേണ്ട എന്ന്‌ ഞാന്‍ പറയില്ല - എന്നെയൊന്നു കേള്‍ക്കുക. രണ്ട്‌ കൊല്ലംകൊണ്ട്‌ രണ്ട്‌ കുട്ടികളെ നിനക്ക്‌ കിട്ടിയേക്കാം. അമ്മയെയും അച്ഛനെയും പറ്റിച്ച്‌ ഒളിച്ചോടിയ നീ നൂറുവയസ്സുവരെ ജീവിച്ചാല്‍ എണ്‍പതു വര്‍ഷവും നരകിക്കേണ്ടിവരും. 
പ്രണയം പവിത്രമല്ലേ, പ്രേമം നല്ലതല്ലേ എന്ന്‌ ഒരു കുട്ടി എന്നോട്‌ സംശയം ഉന്നയിച്ചു. എന്താണ്‌ പ്രേമം? നാട്യമല്ലേ? പറ്റിക്കല്‍ മാത്രം. പ്രണയം നല്ലതുതന്നെ. love എന്ന്‌ ഇംഗ്ലീഷ്‌. I love my mother (I like my mother അല്ല) എത്ര ഉദാത്തമാണ്‌ love. അമ്മയെ അറിയുന്ന ഒരു boy friend നിനക്കുണ്ടെങ്കില്‍ അവന്‍ നിന്നെ പീഡിപ്പിക്കുകയില്ല. അവന്‌ അമ്മയുടെ വിലയറിയാം. സഹോദരിയെയും കൂടെപ്പഠിക്കുന്ന പെണ്‍കുട്ടിയെയും തിരിച്ചറിയും. അവന്‍ യഥാര്‍ഥ friend ആയിരിക്കും. അമ്മയെ അറിയാത്ത boy friend ആണ്‌ നീ കണ്ടെത്തുന്നതെങ്കില്‍ അവന്‍ നിന്നെ ഉപയോഗിക്കും, നശിപ്പിക്കും, വലിച്ചെറിയും. ഇതെല്ലാമല്ലേ ഇന്ന്‌ നടക്കുന്നത്‌! ഇതുതന്നെയാണ്‌ girl friendന്റെയും സ്ഥിതി. അച്ഛനെ, അമ്മയെ അറിയാത്ത ഒരു girl friend ആണ്‌ മോനേ നിനക്കുള്ളതെങ്കില്‍ നിന്റെ നാശത്തിന്‌ അവള്‍ മതി.
മൊബൈല്‍ ഫോണ്‍ നിരന്തരമായി ഉപയോഗിക്കുന്ന മക്കളേ, ഓര്‍ക്കുക. നിങ്ങള്‍ക്ക്‌ മക്കളുണ്ടാകില്ല! ജീന്‍സിട്ട്‌ ടൈറ്റ്‌ ആക്കുന്നവരുടെ സ്ഥിതിയും ഇതുതന്നെ. എന്തുകൊണ്ട്‌ ഞാനിങ്ങനെ പറയുന്നു? ശ്രദ്ധിക്കുക. ആണ്‍കുട്ടിയുടെ sex organ ഏതാണെന്നറിയാമല്ലോ ബയോളജി വിദ്യാര്‍ഥികളേ. (സദസ്സില്‍നിന്ന്‌) ടെസ്റ്റിസ്‌. അതേ, ഈ സെക്‌സ്‌ ഓര്‍ഗണ്‍ ശരീരത്തിന്‌ പുറത്ത്‌ ഒരു സഞ്ചിയില്‍ നിക്ഷേപിച്ചതെന്തിന്‌? (സദസ്സില്‍നിന്ന്‌) temperature ക്രമീകരണത്തിന്‌. അതേ, very good. പെണ്‍കുട്ടിയുടെ സെക്‌സ്‌ ഓര്‍ഗന്‍ overyയാണ്‌. അതും പ്രകൃതി ഭദ്രമായി വെച്ചിരിക്കുന്നു. ആണ്‍കുട്ടി ആണ്‍കുട്ടിയാകണമെങ്കിലും പെണ്‍കുട്ടി പെണ്‍കുട്ടിയാകണമെങ്കിലും ഹോര്‍മോണ്‍ വേണം. പുരുഷന്‍ ആന്‍ട്രോജനും സ്‌ത്രീ ഈസ്‌ട്രോജനും ഉത്‌പാദിപ്പിക്കുന്നു. ഇത്‌ രണ്ടും നടക്കണമെങ്കില്‍ പിറ്റിയൂട്ടറി ഗ്രന്ഥി GNRH ഉത്‌പാദിപ്പിക്കണം. മൊബൈല്‍ ഫോണ്‍ നിരന്തരം ഉപയോഗിച്ചാല്‍ അതില്‍നിന്നു വരുന്ന microwaves പിറ്റിയൂട്ടറി ഗ്രന്ഥിയെ പ്രതികൂലമായി ബാധിക്കുന്നു. ഫലമെന്തെന്നല്ലേ. GNRH ഉത്‌പാദനം കുറയുന്നു. 
ഞാന്‍ ജീന്‍സിനെപ്പറ്റി പറഞ്ഞുവല്ലോ. യൂറോപ്പിലെ തണുപ്പു കാലാവസ്ഥയ്‌ക്കു വേണ്ടി ഉണ്ടാക്കിയ ജീന്‍സ്‌ നമ്മളിവിടെ വലിച്ചുകയറ്റി ടൈറ്റ്‌ ആക്കിവച്ചാല്‍ Sex organകള്‍ക്ക്‌ ടെംപറേച്ചര്‍ കുറയേണ്ടതിനു പകരം കൂടുന്നു. ഓര്‍ക്കുക, യൂറോപ്പിലെ സായിപ്പ്‌ കേരളത്തിലെ ചൂട്‌ കാലാവസ്ഥയിലേക്ക്‌ വരുമ്പോള്‍ ജീന്‍സ്‌ ധരിക്കാറില്ല. നേരിയത്‌ ഇടുന്നു. ഒന്നും ഉടുക്കാതെയും നടക്കുന്നു. നമുക്ക്‌ അതൊന്നും അറിഞ്ഞുകൂടാ. യൂറോപ്പിന്റെ നന്മകള്‍ നാം കാണുന്നില്ല. അനുകരണം മാത്രം. പുതിയ തലമുറയില്‍ വ്യാപകമായി വരുന്ന infertility, കൗണ്ട്‌കുറവ്‌, മൊബിലിറ്റി ഇല്ല, എനര്‍ജിക്കുറവ്‌... ആലോചിക്കുക. പെണ്‍കുട്ടികള്‍ക്ക്‌ യൂട്രസ്‌ പ്രശ്‌നങ്ങള്‍, ട്യൂബില്‍ കുടുങ്ങല്‍ എന്തെല്ലാം! അശാസ്‌ത്രീയമായ ജീവിതശൈലിയുടെ ഫലങ്ങള്‍. ജീന്‍സിട്ട്‌ ടൈറ്റാക്കി പെണ്‍കുട്ടിയെ ആണ്‍കുട്ടിയാക്കിയാല്‍ പുരോഗതി ആവില്ല. പുരുഷനു വേണ്ടത്‌ സ്‌ത്രീയെയോ അതോ ആണും പെണ്ണും കെട്ടവളെയോ? ആലോചിക്കുക, മറിച്ചും അങ്ങനെത്തന്നെ. ബൈബിള്‍ നിയമാവര്‍ത്തനം 5:22ല്‍ പറയുന്നു. ആണ്‍കുട്ടി പെണ്‍കുട്ടിയുടെ വസ്‌ത്രം ധരിക്കാന്‍ പാടില്ല. മുഹമ്മദ്‌ നബിയുടെ ഹദീസില്‍ പെണ്ണുങ്ങള്‍ ആണ്‍വേഷവും ആണുങ്ങള്‍ പെണ്‍വേഷവും ധരിക്കരുതെന്ന്‌ പറയുന്നു. ജീന്‍സ്‌ ധരിക്കരുതെന്ന്‌ ഞാന്‍ പറയില്ല. മാതാപിതാക്കള്‍ ധരിച്ചോളൂ. കുട്ടികളെ വിഷമിപ്പിക്കരുത്‌ എന്നേ ഞാന്‍ പറഞ്ഞുള്ളൂ. കൗമാരത്തില്‍ ജീന്‍സ്‌ അരുത്‌. 
ടെക്‌നോളജി കൂടിവരുന്നു. ആശുപത്രികളും കൂടിവരുന്നു. ആശുപത്രികള്‍ക്കടുത്ത്‌ പുതിയ ബോര്‍ഡുകള്‍. ഗൈനക്കോളജിക്‌ ആന്റ്‌ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക്‌. എന്താണിതിന്റെ മെസേജ്‌? നാലഞ്ചുലക്ഷം മുടക്കൂ. ഭര്‍ത്താവിന്റെ ബീജം ഞങ്ങള്‍ ഭാര്യയില്‍ വച്ചുതരാം. ഇത്‌ വ്യാപകമാവുകയല്ലേ? മുന്‍തലമുറയ്‌ക്ക്‌ കേട്ടുകേള്‍വി പോലും ഇല്ലാത്തത്‌! ജീവിതശൈലിയാണ്‌ ഒരു പ്രധാനകാരണം (ഞാന്‍ പറയുന്നത്‌ റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്നുണ്ട്‌, സര്‍ക്കാറിനു കാണാന്‍. നല്ല ബോധത്തോടുകൂടിത്തന്നെയാണ്‌ ഞാന്‍ പറയുന്നത്‌). 
പ്രകൃത്യാതന്നെ പുരുഷന്‍ Powerful ആണ്‌. അവന്റെ മസിലുകള്‍ കരുത്തുറ്റതാണ്‌. സ്‌ത്രീ മസിലുകള്‍ soft ആണ്‌. ആണ്‍കുട്ടികള്‍ നാലുപടി ചാടിയാല്‍ ഒന്നും സംഭവിക്കില്ല. പെണ്‍കുട്ടിയെ നാലുപടി ചാടിച്ചാല്‍, പടിതെറ്റി മൂടടിച്ചുവീണുപോയാല്‍ അവളുടെ യൂട്രസ്‌ ഡിസ്‌ലൊക്കേറ്റ്‌ ചെയ്യും. വലുതാകുമ്പോള്‍ പ്രസവം പ്രയാസമായിത്തീരും.
(കാലടി ശങ്കരാചാര്യ കോളെജ്‌ ബയോളജി പ്രൊഫസറും മൂല്യബോധന യാത്രാ ക്യാപ്‌റ്റനുമായ ഡോ. രജത്‌കുമാര്‍ കായംകുളം എം എസ്‌ എം കോളെജ്‌ അങ്കണത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)
ലേഖനാവിഷ്‌കരണം: അബ്‌ദുല്‍ജബ്ബാര്‍

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: