വിവാഹമെന്ന തലക്കെട്ടില്‍ പെണ്‍കുട്ടിയുടെ ജീവിതം

  • Posted by Sanveer Ittoli
  • at 9:05 PM -
  • 0 comments

http://pudavaonline.net/?p=1603#more-1603

നൂറ 
സ്വപ്‌നങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പൂവിടുക തന്നെയാണ്‌, യൗവനം വന്നു പതിയെ വിളിക്കുമ്പോള്‍… അത്ഭുതം തോന്നും, എത്ര മനോഹരമായാണ്‌ നിറങ്ങളിലേക്കുള്ള പെണ്‍കുട്ടികളുടെയീ രൂപാന്തരത്തെ പടച്ച തമ്പുരാന്‍ സംവിധാനിച്ചതെന്നോര്‍ക്കുമ്പോള്‍. എത്ര പ്രതിഭാധനനായ കലാസംവിധായകനാണവന്‍! അവനോളം നിപുണനായ ചിത്രകാരനുണ്ടോ? അവനോളം ഭാവനാസമ്പന്നനായ കവിയുണ്ടോ? കൗമാരത്തിന്റെ വിഭ്രമങ്ങളിലിരിക്കുന്ന പെണ്‍കുട്ടിയില്‍ അവളറിയാതെ, അവളെ കണ്‍പാര്‍ത്തിരിക്കുന്ന മാതാപിതാക്കള്‍ പോലുമറിയാതെ നാഥനാ പൂക്കള്‍ വിതറുകയാണ്‌. ഇണയോടു ചേരാനുള്ള പ്രണയ സന്നദ്ധതയും രണ്ടു കുടുംബത്തില്‍ നിറയാനുള്ള വെളിച്ചതീവ്രതയും മാനവ കുലത്തിന്റെ നിലനില്‌പിനാധാരമായ, അന്തര്‍ലീനമായ മാതൃബോധവും അവളില്‍ നിറയുന്നു. ഏറെ ആഴത്തിലുള്ളതും ആദ്യമെത്തുന്നതും ഒന്നാമത്തേതു തന്നെ. തന്റെ ജീവന്റെ പപ്പാതിയെ കണ്ടുമുട്ടാനും മനുഷ്യനെന്ന തന്റെ പൂര്‍ണതയെ സാക്ഷാത്‌കരിക്കാനുമുള്ള അഭിനിവേശം ഏതു പെണ്ണിലും അടിസ്ഥാനാവശ്യമായി രൂപം കൊള്ളുന്നു. അതവളെ ഉള്ളിലും പുറത്തും ഭംഗിയുള്ളവളാക്കുന്നു. മറ്റൊരു ജീവന്റെ താളങ്ങളുള്‍ക്കൊള്ളാവുന്ന വിധം അവളുടെ മനസ്സു വളക്കൂറുള്ളതാകുന്നു.ഇണയും തുണയുമായവനോടു ചേരുകയെന്ന ആത്മസാക്ഷാത്‌ക്കാരത്തിന്‌ അനാദികാലം മുതല്‍ക്കേ നിശ്ചയിക്കപ്പെട്ടിട്ടുള്ള മാര്‍ഗമാണ്‌ വിവാഹം. ഇസ്‌ലാം മുന്നോട്ടു വെക്കുന്നതും ആ മനോഹരമായ രാസപ്രക്രിയ തന്നെയാണ്‌. വ്യക്തിയുടെ ജീവിത സുരഭിലതയുടെ മാത്രമല്ല, സമൂഹത്തിന്റെ സുസ്ഥിരതയുടെ തന്നെ ആണിക്കല്ലാണിത്‌. അതുകൊണ്ടുതന്നെ വിവാഹമെന്ന പെണ്‍കുട്ടിയുടെ സ്വപ്‌നത്തിന്‌ മനുഷ്യകുലത്തിന്റെ തന്നെ ഭാവിയുടെ ഛായയാണുള്ളത്‌. പക്ഷേ, കിനാവിന്റെ കുപ്പായമൂരിയിട്ട്‌ യാഥാര്‍ഥ്യത്തിലേക്കിറങ്ങിവരുമ്പോള്‍ വിവാഹത്തിന്‌ പലപ്പോഴും അവിശ്വസനീയമായ മാറ്റങ്ങളാണ്‌ സംഭവിക്കുന്നത്‌. അതിന്റെ പ്രായോജക എന്ന നിലയില്‍ പെണ്‍കുട്ടിയില്‍ വന്നുചേരുന്നത്‌ അതിലും വലിയ പരിണാമങ്ങളും പരിണതികളുമാണ്‌.വര്‍ഷക്കാലത്തെ പുഴപോലെയാണ്‌ ഒരു യുവതിയുടെ മനസ്സ്‌. ഒഴുക്കു ശക്തമല്ലെങ്കിലും വെള്ളം ഏറെ കലങ്ങിയതാണ്‌. സ്വപ്‌നങ്ങളുടെ ജലസമ്പന്നതക്കൊപ്പം ആകുലതകളുടെയും നിരാശകളുടെയും നെടുവീര്‍പ്പുകളുടെയും കലക്കം അതിനുണ്ടാകും. ഈ രണ്ടിന്റെയും വിത്തുകള്‍, ഭൂമിയില്‍ മിഴിതുറക്കുന്ന നാള്‍ മുതല്‍ പെണ്ണിന്റെ മനസ്സില്‍ വിദഗ്‌ധമായി പാകപ്പെടുന്നുണ്ട്‌. ഉമ്മയോടു ചേര്‍ന്നുകിടന്ന്‌ കുഞ്ഞിക്കണ്ണ്‌ മിഴിച്ച്‌ ലോകത്തെ കാണുന്ന പിഞ്ചുകുഞ്ഞിലേക്ക്‌ തന്നെത്തന്നെ നോക്കിനില്‌ക്കുന്ന ഉപ്പയുടെ മനസ്സിലെ ആളല്‍ പടരുന്നുണ്ടാകും… റബ്ബേ, പെണ്‍കുട്ടിയാണ്‌. അവളുടെ കിളിക്കൊഞ്ചലുകള്‍ക്ക്‌ കാതോര്‍ത്തിരിക്കാന്‍ നേരമില്ലാതെ അയാള്‍ പിന്നെ പുറപ്പെടുകയാണ്‌. മരുക്കാട്ടിലേക്ക്‌. നാലു കാശുണ്ടാക്കണം. കുട്ടി പെണ്ണാണ്‌ മാനത്തിനൊത്ത പൊന്നു കൊടുക്കണം. മാത്രമല്ല, അവളുടെ നിറവുമല്‌പം മങ്ങിയതാണ്‌. കാര്യമായിട്ടെന്തെങ്കിലും കരുതിയില്ലേല്‍ പെണ്ണ്‌ മുടക്കാച്ചരക്കായി നിന്നുപോകും. മകളുടെ വളര്‍ച്ചയുടെ ഓരോ സാക്ഷ്യത്തിലും ഉമ്മ നെടുവീര്‍പ്പിടുന്നു. നേരിട്ടും അല്ലാതെയും മൊഴിയുന്നു. `മകളേ നീ പെണ്ണാണ്‌. മറ്റൊരു വീട്ടില്‍ കഴിയേണ്ടവള്‍.` അതു ചെയ്യരുത്‌. ഇതു ചെയ്യരുത്‌, പേരുദോഷം കേള്‍പ്പിക്കരുത്‌. സമൂഹവും അവളോടു പറയുന്നു. ആധിയുടെ മനുഷ്യരൂപമാണെന്നു പെണ്‍കുട്ടിയും വിശ്വസിച്ചു തുടങ്ങുന്നു. താനൊരു പെണ്‍കുട്ടിയാണ്‌. മറ്റൊരു വീട്ടിലേക്ക്‌ പറിച്ചു നടേണ്ടവള്‍. അവള്‍ സ്വയം പറയുന്നു. കുഞ്ഞിലേ ലഭിക്കുന്ന, അത്ര രസകരമല്ലാത്ത ഈ അറിവ്‌ അവളുടെ ആലോചനകളെ, ചെയ്‌തികളെ, പതിയെ അടിമപ്പെടുത്തുന്നു. അതിന്റെ അനന്തര ഫലങ്ങള്‍ പല രൂപത്തിലും പല ഭാവത്തിലും പ്രതിഫലിക്കുന്നു. എന്തു തന്നെയായാലും നമ്മുടെ സാമൂഹികസാഹചര്യത്തില്‍ ഏകദേശം പതിനാറു പതിനേഴ്‌ വയസ്സു പ്രായമെത്തുമ്പോള്‍ വിവാഹമെന്ന കുശുകുശുപ്പ്‌ പെണ്‍കുട്ടിയുടെ ചുറ്റുവട്ടത്തും മുഴങ്ങിത്തുടങ്ങുന്നു. പതിനെട്ടാകുമ്പോള്‍ ഇതൊരുറക്കെ പറച്ചിലായും 22 കഴിയുന്നതോടെ കനപ്പെട്ട ഒരു മൗനമായും മാറുന്നു. ഓരോ മാറ്റത്തിനിടയിലൂടെയും കടന്നുപോകുന്ന പെണ്‍കുട്ടിയുടെ മനസില്‍ ശക്തമായ അടയാളങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ കാലയളവുകള്‍ക്കിടയില്‍ പകുതിയോളം പേര്‍, തന്റെ ഇണയെ കണ്ടുമുട്ടുന്നു. മറുപകുതി, അപ്പോഴും കലങ്ങിയൊഴുകുന്ന നദിയായി, പരിണിതപ്പെടുന്നു. ഇതിന്റെ കാരണങ്ങള്‍ പലതാണ്‌… അതില്‍ ചിലതെങ്കിലും നാം ബോധപൂര്‍വം അറിഞ്ഞില്ലെന്ന്‌ നടിക്കുന്നവയാണ്‌.
ഇപ്പോഴത്തെ കമ്പോള നിലവാരം 
ഞങ്ങളുടെ നാട്ടിലൊരു കന്നുകാലി കച്ചവടക്കാരനുണ്ട്‌. അയാള്‍ക്ക്‌ തൊഴുത്തുനിറയെ ആടുമാടുകളാണ്‌. അയാള്‍ ദയാലുവാണ്‌. സത്യസന്ധനും. തന്റെ ആലയിലെ മിണ്ടാപ്രാണികളെ പൊന്നുപോലെ നോക്കും. നന്നായി തിന്നാന്‍ കൊടുക്കും. ഓമനിക്കും… ഒടുക്കം അവയങ്ങനെ തടിച്ചുകൊഴുത്തുവരും. സമയമാകുമ്പോള്‍, നല്ല വിലയ്‌ക്ക്‌ ആര്‍ക്കെങ്കിലും വില്‌ക്കും. ഏതാണ്ട്‌ ഇതുപോലെയാണ്‌ നമ്മുടെ നാട്ടിലെ പെണ്‍കുട്ടിയുടെ കാര്യവും. വില്‌പനയില്‍, ഭാരമൊഴിയുക എന്ന ആശ്വാസമല്ലാതെ കച്ചവടക്കാരനൊന്നും കിട്ടില്ല എന്നേയുള്ളൂ. എപ്പോഴും ഇതൊരു നഷ്‌ടക്കച്ചവടമായി അനുഭപ്പെടുകയും ചെയ്യും.
വിവാഹാക്കമ്പോളത്തില്‍ പെണ്ണിന്റെ വില നിര്‍ണയിക്കുന്ന ഘടകങ്ങള്‍ പലതാണ്‌. ഓരോന്ന്‌ ചൂഴ്‌ന്നു നോക്കുമ്പോള്‍ കാണാം അതിന്റെ അന്തസ്സില്ലായ്‌മയും വിഡ്‌ഢിത്തവും.
ഓളെ കാണാനൊരു ചേലൂല്ല.
പെണ്ണിന്റെ ഡിമാന്റ്‌ നിര്‍ണയിക്കുന്നതില്‍ ഒന്നാമത്തേത്‌ സൗന്ദര്യമാണ്‌. എന്നുവെച്ചാല്‍ ബാഹ്യസൗന്ദര്യം. അകം പാല്‍നിലാവാണെങ്കിലും പുറം കരുവാളിച്ചാല്‍ ആരും തിരിഞ്ഞുനോക്കില്ല. സൗന്ദര്യത്തിന്റെ അളവുകോലുകള്‍ വിചിത്രമാണ്‌. നിറം, മുടി, തടി, കണ്ണ്‌, മൂക്ക്‌, പല്ല്‌ തുടങ്ങി ഓരോന്നിനും പാരമ്പര്യമായി ചില അളവുകോലുകള്‍ പറഞ്ഞുവെച്ചിട്ടുണ്ട്‌. ചിലര്‍ ഉറക്കെപറയും. മറ്റുള്ളവരത്‌ മനസ്സില്‍ വെക്കും. അത്രേയുള്ളൂ വ്യത്യാസം. ആ അളവുകോലുകള്‍ അനുസരിച്ച്‌ ഹാ എന്തൊരു ചൊറുക്ക്‌, രസണ്ട്‌… തരക്കേടില്ല… ആ ഒപ്പിക്കാം… അയീ… ഛെ…! അങ്ങനെ പോകുന്നു തരം തിരിവുകള്‍. ഒന്നും രണ്ടും വേഗം രക്ഷപ്പെടും. ഒന്നാഞ്ഞു പിടിച്ചാല്‍ മറ്റു പല അസംസ്‌കൃത വസ്‌തുക്കളും ചേര്‍ത്താല്‍ മൂന്നും നാലും രക്ഷപ്പെട്ടെന്നു വരാം. ബാപ്പയുടെ മടിശ്ശീലക്ക്‌ ആവശ്യത്തിലധികം കനമില്ലെങ്കില്‍ അഞ്ചും ആറും പെണ്‍കുട്ടികളെ, നിങ്ങള്‍ക്ക്‌ നെടുവീര്‍പ്പുകള്‍ ശരണം. നിങ്ങളുടെ ഉള്ളിലെ പൂവൊത്ത സന്മനസ്സിനെ കാണാന്‍ പോന്നവര്‍ വന്നെത്തും വരെ.
ഓള്‍ക്ക്‌ നെറമില്ലാ… 
വര്‍ണവിവേചനം ഞങ്ങളെ നാട്ടില്‍ അശേഷം ഇല്ലെന്നത്‌ മലയാളിയുടെ പച്ചപ്പൊള്ളല്ലാതൊന്നുമല്ല. പ്രത്യേകിച്ചും വിവാഹ മേഖലയില്‍ തൊലിനിറത്തിനുള്ളത്‌ പ്രധാന പങ്കാണ്‌. മേല്‌പറഞ്ഞ ചേലിന്റെ മറ്റുവ്യവസ്ഥകളൊക്കെയൊത്തുവന്നാലും നിറമൊന്നിരുണ്ടാല്‍ പോയി മാര്‍ക്ക്‌. ഇനിയതൊന്നുമില്ല, നിറമുണ്ട്‌ എങ്കിലോ ഒരു മുക്കാല്‍ ഭാഗം രക്ഷപ്പെടും. അതുകൊണ്ടുതന്നെ, നിറമില്ലാത്ത കുഞ്ഞുമോളെ വെളുപ്പിക്കാന്‍ ഉമ്മച്ചി പഠിച്ച പണി പതിനെട്ടും നോക്കും. വലുതാകുമ്പോ മഞ്ഞളും ക്രീമുകളുമൊക്കെ തേച്ച്‌ അവള്‍ തന്നെത്താന്‍ ശ്രമിക്കും… സൗന്ദര്യവര്‍ധക വസ്‌തുക്കളുല്‌പാദിപ്പിക്കുന്ന കമ്പനികള്‍ കാശുണ്ടാക്കുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. കുടുംബ ജീവിതത്തില്‍ ഒരു കറിവേപ്പിലയുടെ ഉപയോഗം പോലുമില്ലാത്ത നിറത്തിന്‌ അതിനു മുന്നെ ലഭിക്കുന്ന ഈ അപ്രമാദിത്തം നമ്മുടെ പമ്പര വിഡ്‌ഢിത്തമെന്നല്ലാതെ എന്തു പറയണം.
ഓള്‍ക്കെത്ര കൊടുക്കും? 
വിവാഹാലോചനയുമായി ബന്ധപ്പെട്ട്‌ ഏറ്റവും ഗഹനമായ മേഖലയാണ്‌ പൊന്നും പണവും. അത്‌ വാരിക്കോരി കൊടുക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞവയൊക്കെ ഒരു പരിധി വരെ അതിജയിക്കാന്‍ കഴിയും. സ്‌ത്രീ തന്നെ ധനമെന്നത്‌ നമുക്ക്‌ പുസ്‌തകത്തില്‍ എഴുതിവെക്കാനുള്ള അസ്സല്‍ തമാശയാണ്‌. പൊതുവെ അവരുടെ അത്തരത്തിലുള്ള ആവശ്യകതയാണ്‌ ഈ രംഗത്ത്‌ കാണാറുള്ളത്‌. സ്വര്‍ണവും സ്‌ത്രീധനവും വേണ്ടവര്‍, സ്വര്‍ണം ധാരാളം വേണ്ടവര്‍, രണ്ടും വേണ്ട, കാറോ പറമ്പോ ഒക്കെയായി വിവാഹ സമ്മാനം കിട്ടിയാല്‍ മതിയാകുന്നവര്‍. സ്വര്‍ണവും സ്‌ത്രീധനവും കൊടുക്കാതെ മകളെ കെട്ടിച്ചയച്ചാല്‍ അഭിമാനക്ഷതം പറ്റുമെന്ന്‌ വിശ്വസിക്കുന്നതുവരെയായി കാര്യങ്ങള്‍. പാവപ്പെട്ടവന്‌ കിടപ്പാടം പോലും നഷ്‌ടപ്പെടുമെന്നു പറഞ്ഞാല്‍ മതിയല്ലോ.
ഒാള്‍ക്ക്‌ പഠിപ്പേറിപ്പോയി 
അടുത്ത കാലത്തായി വിവാഹക്കമ്പോളത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരു പ്രശ്‌നമാണിത്‌. പാവം പെണ്ണ്‌. അവള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. ബാപ്പ നന്നായി പണിയെടുത്ത്‌ മകളെ ആവോളം പഠിപ്പിച്ചു. ഒടുക്കം കല്യാണാലോചന വന്നപ്പോ പി എച്ച്‌ ഡിക്കാരി കുടങ്ങി. അവള്‍ക്ക്‌ പോന്ന ചെറുക്കനെ കിട്ടാനില്ല. പെണ്ണിനു തന്നേക്കാള്‍ പഠിപ്പ്‌ കൂടിപ്പോയാല്‍ ചെക്കന്‌ കോംപ്ലക്‌സായി. “മനേ, പതിനാറ്‌, പതിനേഴ്‌ പ്രായത്തില്‍ കെട്ടിക്കാന്‍ നോക്കീരുന്നെങ്കില്‍ അന്റെ മോള്‌ ചെലവായിപ്പോയേനെ..” ബാപ്പാന്റെ നെഞ്ചിനിട്ട്‌ കാര്‍ന്നോമ്മാര്‌ കുത്തും. “അപ്പറത്തെ കാക്കാന്റെ മോളെ കണ്ടീലേ…” അയല്‍പക്കത്തെ പ്ലസ്‌ടുക്കാരീടെ പഠനം അതോടെ നിക്കും.
ഓളെ വല്ലിപ്പാന്റെ വല്ലിപ്പമാര്‍ക്കം കൂടീതാണേലോ… 
ഇതില്‍പരം പുളുത്തളിഞ്ഞ ചിന്താഗതിയെന്തുണ്ട്‌? രണ്ടു കയ്യും നീട്ടി സ്വീകരിച്ച്‌, വീടും കുടുംബവും നല്‌കി സഹായിക്കേണ്ട വിഭാഗത്തെ അവരുടെ വിദൂര ചരിത്രത്തിലെ ഏറ്റവും ധീരതാപൂര്‍ണമായ തെരഞ്ഞെടുപ്പിന്റെ പേരില്‍ അകറ്റി നിര്‍ത്താന്‍ പോന്നതാണ്‌ നിലമറക്കുന്ന സമൂഹത്തിന്റെ അഹംബോധം. സൗന്ദര്യവും നിറവും പണവും ഒക്കെയുണ്ടായിട്ടും ഇത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ അസ്വീകാര്യരായി തുടരുന്നു.ഇതിനൊക്കെ പുറമേ കുടുംബത്തിന്റെ ധനസ്ഥിതി, ബാപ്പയുടെ ജോലി, ഉമ്മയുടെ അനുജത്തിയുടെ മകളുടെ മാനസിക രോഗം, ഏട്ടത്തിയുടെ നാത്തൂന്റെ പ്രണയ വിവാഹം തുടങ്ങി, ചെറുപ്പത്തില്‍ റേഷന്‍ പീടീലൊന്നു പോയതുവരെ അളന്നെടുത്തു നോക്കും ചരക്കൊന്നു തെരഞ്ഞെടുക്കാന്‍.
വിവാഹിതയുടെ ആശങ്കകള്‍ 
പെണ്‍കുട്ടിയുടെ മൂല്യം നിര്‍ണയിക്കുന്ന കമ്പോളക്കാര്യങ്ങളും ബാപ്പയുടെയും ഉമ്മയുടെയും ആധിയും താന്‍ സ്വരുക്കൂട്ടിവെച്ച സ്വപ്‌നങ്ങളും എല്ലാം കൂടി കലങ്ങിമറിയുന്നതിനു പുറമെ, പുതിയൊരു കുടുംബത്തിലേക്ക്‌ ചെല്ലുന്നതിനെക്കുറിച്ചുള്ള ഒട്ടും പരിചയമില്ലാത്തൊരാളുടെ ജീവിതത്തിന്റെ ഭാഗമാകുന്നതിലുള്ള അമ്മായിപ്പോര്‌, നാത്താന്‍ പോര്‌ തുടങ്ങിയ പേരുകേട്ട പോരുകള്‍ ഉണ്ടാകുമോയെന്നുള്ള, ഇതോടെ തന്റെ ബാപ്പയുടെ നടുവൊടിയുമല്ലോ എന്നുള്ള തന്റെ കുട്ടിക്കാലം നഷ്‌ടപ്പെട്ടല്ലോ എന്നുള്ള, പഠനം തുടരാനാകുമോ എന്നുള്ള നൂറു നൂറായിരം ബേജാറുകള്‍ കടന്നുകൂടിയിരിക്കും പെണ്ണിന്റെ മനസ്സില്‍. എല്ലാ ചേലുമൊപ്പിച്ച്‌ കല്യാണ സാരിക്കകത്തിരിക്കുമ്പോഴും നല്ല ചിരിക്കകത്ത്‌ അതിന്റെയൊരു കടലിരമ്പം ശ്രദ്ധിച്ചാല്‍ കേള്‍ക്കാം.അതിന്റെയൊക്കെ തിരകള്‍ പിന്നെ നമ്മള്‍ നേരിട്ടുകാണുന്നത്‌ അവളുടെ വിവാഹജീവിതത്തിലാണ്‌. മിടുക്കുള്ള പലരും വിദഗ്‌ധമായി ഒളിപ്പിച്ചുവെക്കും. ചിലരൊക്കെ വേണ്ടവിധമിതിനെ മെരുക്കിയെടുക്കും. മറ്റു ചിലരുടെ ജീവിതങ്ങളെ, ഈ വിവാഹാനന്തര പ്രശ്‌നങ്ങള്‍ എടുത്തമ്മാനമാടുന്നത്‌ പുറത്തുനിന്ന്‌ നോക്കുമ്പോള്‍ നമുക്കു കാണാം.ഒരു വിവാഹിതയനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ഭര്‍ത്താവുമായുള്ള പൊരുത്തക്കേടുകള്‍ തന്നെയാണ്‌. കാരണങ്ങള്‍ പലതാകാം, എങ്കിലും അതിരറ്റ ഇഷ്‌ടവും എതിരില്ലാത്ത ക്ഷമയുമുണ്ടെങ്കില്‍ ഒരു മദ്യപനല്ലാത്തവനുമായൊക്കെ പൊരുത്തപ്പെടാവുന്നതേയുള്ളൂ. അടിമപ്പെടുക എന്നല്ല തന്നെ അര്‍ഥം. അതുപോലെ തന്നെ പുതിയ കുടുംബത്തില്‍ ചെന്നുപെടുമ്പോഴുള്ള പറിച്ചുനടലിന്റെ പ്രശ്‌നങ്ങളെ, പ്രാര്‍ഥനയും ഇഷ്‌ടവും മിടുക്കുമുണ്ടെങ്കില്‍ ഏതൊരു പെണ്ണിനും വെളിച്ചമാക്കാം. സ്വയം സന്തോഷം കണ്ടെത്തുകയും ചെയ്യാം… എന്നാല്‍ അവള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കാത്ത ചില പ്രശ്‌നങ്ങളുണ്ട്‌. വിദ്യാഭ്യാസവും ജോലിയുമൊക്കെയായി ബന്ധപ്പെട്ടവയാണവ. ഇവിടെ വരനെ തിരഞ്ഞെടുക്കുന്ന സമയത്ത്‌ മാതാപിതാക്കളുടെ ശ്രദ്ധ തന്നെയേ രക്ഷയുള്ളൂ.
ഈ പറഞ്ഞവയിലൊന്നും തീരുന്നില്ല വിവാഹിതയുടെ പ്രശ്‌നങ്ങള്‍. എന്നാല്‍ പഴമക്കാര്‍ പറയുന്നതുപോലെ ചട്ടീം കലവുമായാല്‍ തട്ടീം മുട്ടീമൊക്കെയിരിക്കും. പക്ഷെ, മുട്ടധികമാകരുത്‌. പൊട്ടിയാല്‍ പിന്നെ ഒന്നിനും പറ്റില്ല. ചെറിയ ചെറിയ പ്രയാസങ്ങള്‍ വലിയ സന്തോഷങ്ങളുടെ മുന്നോടിയായി സ്വീകരിക്കാനും അവയെ കരുതലോടെ നേരിടാനുമാണ്‌ ഓരോ ഉമ്മയും പെണ്‍കുട്ടിയെ പഠിപ്പിക്കേണ്ടത്‌. അല്ലാതെ നിനക്ക്‌ ചെറുക്കനെ കിട്ടുമോ എന്നും, കിട്ടിയാല്‍ തന്നെ നീയവിടെ നിന്നു പോകുമോയെന്നുമുള്ള ആധികളല്ല. നല്ല ഇണക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും ശീലിപ്പിക്കുകയും സാന്മാര്‍ഗിക ജീവിതം കല്യാണക്കമ്പോളത്തിനുവേണ്ടി മാത്രമല്ല, ജീവിത വിജയത്തിനാണെന്നും അവര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കുകയും വേണം. ഇതൊക്കെയുണ്ടായാലും പൊതു സമൂഹത്തിന്റെ സ്‌ത്രീ ചരക്കെന്ന കാഴ്‌ചപ്പാടും അവളുടെ മൂല്യം നിര്‍ണയിക്കാനുള്ള നൂറായിരം അളവുകോലുകളും ചവറ്റുകൊട്ടയില്‍ എറിഞ്ഞ്‌ പ്രവാചക തിരുമേനി പഠിപ്പിച്ചുതന്ന തെരഞ്ഞെടുപ്പു മര്യാദകള്‍ പാലിക്കുന്നില്ലായെങ്കില്‍ ഒരുപാടു പെണ്‍കുട്ടികളും കുടുംബങ്ങളും ഉള്ളില്‍ തീയാളി ജീവിച്ചുമരിക്കുക തന്നെ ചെയ്യും.
എനിക്കിപ്പോ കല്യാണം വേണ്ട 
ഇതെല്ലാം കണ്ടും കേട്ടുമിരിക്കുന്ന ലേശം അന്തക്കൂടുതലിന്റെ അസുഖമുള്ള പല പെണ്‍കുട്ടികളും കല്യാണപ്പേടിയെന്ന അസുഖത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിട്ടുണ്ട്‌. വിവാഹത്തെ ഒരു സാമൂഹ്യ വിപത്തായി ചിരലെങ്കിലും കാണുന്നത്‌ അത്ര ആശാവഹമല്ല. ഈ കാണുന്ന പങ്കപ്പാടുകളല്ല, രണ്ടു വ്യക്തികളും രണ്ടു കുടുംബങ്ങളും രണ്ടു നാടുകളുമൊക്കെ ഒന്നാകുന്ന പരസ്‌പര വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ദയയുടെയും സംരക്ഷണത്തിന്റെയും അതിലുപരി നന്മയുടെയും ആരംഭമുഹൂര്‍ത്തമാണ്‌, പവിത്രവും മനോഹരവുമാണ്‌… അപൂര്‍ണനായ മനുഷ്യനെ സന്ദരനാക്കാനുള്ള പടച്ച തമ്പുരാന്റെ സൂത്രപ്പണിയാണ്‌ വിവാഹമെന്ന്‌ നാം തിരിച്ചറിഞ്ഞ്‌ സ്വീകരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുhttp://pudavaonline.net/?p=1603#more-1603

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: