വിവാഹാഘോഷം അത്യാചാരങ്ങള്‍ക്കും ധൂര്‍ത്തിനുമിടയില്‍

  • Posted by Sanveer Ittoli
  • at 9:02 PM -
  • 0 comments
http://pudavaonline.net/?p=1586#more-1586
അബ്‌ദുല്‍ജബ്ബാര്‍ തൃപ്പ 
അല്ലാഹു മനുഷ്യര്‍ക്കു വേണ്ടി നിശ്ചയിച്ച ജീവിത ക്രമമാണ്‌ ഇസ്‌ലാം. ഇസ്‌ലാം മനുഷ്യരിലേക്കെത്തിച്ചത്‌ ദൈവദൂതന്‍മാര്‍ (പ്രവാചകന്‍മാര്‍) ആണ്‌. അവസാനത്തെ പ്രവാചകനാണ്‌ മുഹമ്മദ്‌ നബി(സ). പ്രവാചകന്‍മാര്‍ പഠിപ്പിച്ച മതകാര്യങ്ങളില്‍ പിന്നാലെ വന്ന സമൂഹങ്ങള്‍ പലതും കൂട്ടിച്ചേര്‍ക്കുകയും പലതും മാറ്റിമറിക്കുകയും ചെയ്‌തിട്ടുണ്ട്‌. മുഹമ്മദ്‌ നബി(സ)ക്ക്‌ അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ മനുഷ്യന്‍ നിലനില്‌ക്കുന്നേടത്തോളം കാലം സുരക്ഷിതമായിരിക്കും. അത്‌ മനുഷ്യരുടെ ജീവിതപ്രമാണമാണ്‌. മതത്തിന്റെ പേരില്‍ ഓരോ കാലഘട്ടത്തിലും സ്ഥാപിതതാല്‌പര്യക്കാരും പുരോഹിതന്‍മാരും പല നൂതനനിര്‍മിതികളും നടത്തി ജനങ്ങളെ വിഷമിപ്പിച്ചിട്ടുണ്ട്‌. അനാചാരങ്ങള്‍ കൊണ്ട്‌ മതം വികലമായി. അത്യാചാരങ്ങള്‍ മൂലം മതാനുഷ്‌ഠാനം ദുസ്സഹമായിത്തീര്‍ന്നു.
ഇസ്‌ലാം ലളിതമാണ്‌. പ്രയോഗത്തില്‍ വരുത്താന്‍ എളുപ്പമാണ്‌. പൗരോഹിത്യത്തിന്റെ നിഗൂഢതകളും ദുരൂഹതകളുമില്ല. അവക്രവും ഗുണകാംക്ഷാനിര്‍ഭരവുമാണ്‌ ഇസ്‌ലാം. എന്നാല്‍ മുന്‍സമുദായങ്ങള്‍ അവരവരുടെ പ്രവാചകന്മാരുടെ കാലശേഷം ചെയ്‌തതുപോലെ, അന്ത്യപ്രവാചകന്റെ വിയോഗ ശേഷവും പിശാചിന്റെ സഹയാത്രികരായ പൗരോഹിത്യം അത്യാചാരങ്ങള്‍ കൊണ്ടും അന്ധവിശ്വാസങ്ങള്‍ കൊണ്ടും ഈ മതത്തെ വികലമാക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു, വിശ്വാസരംഗത്ത്‌ താളപ്പിഴകള്‍ സൃഷ്‌ടിച്ച്‌ ഏകദൈവവിശ്വാസികളെ ബഹുദൈവാരാധന(ശിര്‍ക്ക്‌) യിലേക്ക്‌ നയിക്കുന്നു, പ്രമാണങ്ങള്‍ക്കു വിരുദ്ധമായി പുതിയ അനുഷ്‌ഠാനകര്‍മങ്ങളും ആചാരങ്ങളും സമൂഹത്തില്‍ വ്യാപകമാക്കുന്നു, സാമൂഹിക സാംസ്‌കാരിക രംഗത്ത്‌ ഇസ്‌ലാമിക തത്വസംഹിതകള്‍ക്ക്‌ നിരക്കാത്ത നിരവധി സമ്പ്രദായങ്ങള്‍ കടത്തിക്കൂട്ടുന്നു. സാമൂഹിക രംഗത്ത്‌ പില്‌ക്കാലത്തുണ്ടായ ജീര്‍ണതകളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ സ്‌ത്രീധന സമ്പ്രദായം.സ്രഷ്‌ടാവിനോടുള്ള ബന്ധവും സൃഷ്‌ടികളോടുള്ള ബന്ധവും ഓരോ വ്യക്തിയിലും ഊട്ടിയുറപ്പിക്കുകയാണ്‌ ഇസ്‌ലാം. മനുഷ്യബന്ധങ്ങളില്‍ ഏറ്റവും പ്രധാനമാണ്‌ കുടുംബം. കുടുംബബന്ധത്തിന്റെ പ്രഥമ പടിയാണ്‌ വിവാഹം. മനുഷ്യപ്രകൃതിയാണ്‌ വിവാഹവും കുടുംബജീവിതവും. ഇതര ജന്തുക്കള്‍ക്കതില്ല. ഇസ്‌ലാം നിശ്ചയിച്ച വിവാഹരീതിയാകട്ടെ സുതാര്യവും അതീവ ലളിതവും. ഈ രംഗത്തെ പൗരോഹിത്യത്തിന്റെ കൈകടത്തലും ഉപഭോഗ സംസ്‌കാരത്തിന്റെ കടന്നുകയറ്റവുമാണ്‌ സ്‌ത്രീധന സമ്പ്രദായം ആവിഷ്‌കരിച്ചതും നിലനിര്‍ത്തുന്നതും. പ്രയോഗാധിക്യത്താല്‍ ഇന്ന്‌ ഇത്‌ `സംസ്‌കാര’മായിത്തീര്‍ന്നിരിക്കുന്നു!
എന്താണ്‌ സ്‌ത്രീധനം? 
സ്‌ത്രീ എന്ന ധനം, സ്‌ത്രീയുടെ ധനം, സ്‌ത്രീക്കു വേണ്ടിയുള്ള ധനം എന്നെല്ലാം അര്‍ഥം വരാന്‍ സാധ്യതയുള്ള ഈ പദം ഇന്ന്‌ പക്ഷേ, ഉപയോഗിക്കപ്പെടുന്നത്‌ ഒരു പ്രത്യേക സാമൂഹിക ജീര്‍ണതയ്‌ക്കുള്ള സംജ്ഞയായിട്ടാണ്‌. വിവാഹ സമയത്ത്‌ നിബന്ധനയായും നിര്‍ബന്ധിതമായും വധൂപിതാവ്‌ വരനു നല്‌കുന്ന പണത്തിനാണ്‌ സ്‌ത്രീധനമെന്നു പറയുന്നത്‌. ഇതില്‍ സ്വര്‍ണവും കാറും ജോലിയും തുടങ്ങി എല്ലാ നിബന്ധനകളും ഉള്‍പ്പെടുന്നു. `സ്‌ത്രീധനം’ എന്നു പറയപ്പെടുന്ന ആശയത്തിന്‌ സമാനമായ പ്രയോഗം അറബിയില്‍ ഇല്ലെന്നുതോന്നുന്നു. നബി (സ)യുടെ കാലത്തോ സ്വഹാബ ത്തിന്റെ കാലത്തോ ഈ സമ്പ്രദായം കേട്ടുകേള്‍വി പോലുമില്ല. എവിടെ നിന്നൊക്കെയോ കടന്നുവ ന്ന ദുരാചാര ദുസ്സൂചനയുള്ള ഒരു സംഗതിയാണ്‌ ഈ ജീര്‍ണ സംസ്‌കാരം.ഒരു സ്‌ത്രീയും പുരുഷനും വിവാഹിതരാകുമ്പോള്‍ പുരുഷന്‌ സാമ്പത്തിക നേട്ടമുണ്ടാകുന്ന സ്ഥിതിവിശേഷം ഇസ്‌ലാമിന്‌ അപരിചിതമാണ്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌ പുരുഷന്‍ സ്‌ത്രീയെ വിവാഹം ചെയ്യുമ്പോള്‍ തന്റെ വധുവിന്‌ പാരിതോഷികമായി മൂല്യവത്തായ എന്തെങ്കിലും നല്‌കണമെന്നാണ്‌. ഈ വിവാഹ മൂല്യം (മഹ്‌ര്‍) അല്ലാതെ യാതൊരു സാമ്പത്തിക ഇടപാടും വിവാഹവുമായി ബന്ധപ്പെട്ട്‌ ഇസ്‌ലാം നിശ്ചയിച്ചിട്ടില്ല.കുടുംബ സംവിധാനത്തിന്റെ അടിത്തറയാണ്‌ വിവാഹം. ഏത്‌ സമൂഹങ്ങളിലും വിവാഹസമ്പ്രദായം നിലനില്‌ക്കുന്നു. അവയില്‍ പലതും ആചാരനിബദ്ധവും പുരോഹിത പ്രധാനവുമാണ്‌. എന്നാല്‍ സകലവിധ ചങ്ങലക്കെട്ടുകളും മനുഷ്യന്റെ ചുമലില്‍ നിന്നിറക്കിവെച്ച ഇസ്‌ലാം അതീവ ലളിതമായ വിവാഹ രീതിയാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. പെണ്‍കുട്ടിയുടെ രക്ഷിതാവ്‌ വരനോട്‌ `എന്റെ മകളെ ഞാന്‍ നിനക്ക്‌ വിവാഹം ചെയ്‌തു തന്നിരിക്കുന്നു’ എന്ന്‌ പറയുന്നു. `അത്‌ ഞാന്‍ സ്വീകരിച്ചിരിക്കുന്നു’ എന്ന്‌ വരനും പറയുന്നു. ഇതോടെ വിവാഹബന്ധം നിലവില്‍ വന്നു. അതിനായി വരന്‍ വധുവിനു നല്‌കുന്ന വിവാഹമൂല്യം നേരത്തെ നിശ്ചയിച്ചിരിക്കണം. അത്‌ നല്‌കുകയും വേണം. രണ്ടു സാക്ഷികള്‍ വേണം. ഈ സന്തോഷത്തിന്റെ മുഹൂര്‍ത്തത്തില്‍ ഒരു സാന്ദര്‍ഭിക ഉപദേശം നബിചര്യയില്‍ പെട്ടതാണ്‌. വിവാഹശേഷം വരന്‍ ഈ സന്തോഷം പങ്കിടാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഭക്ഷണം(വലീമ) നല്‌കേണ്ടതാണ്‌. ഇതോടെ സമൂഹത്തിന്റെ അംഗീകാരത്തോടെ ഈ വരനും വധുവും ദാമ്പത്യ ജീവിതം ആരംഭിക്കുന്നു. അതീവ ലളിതമായ ഈ കര്‍മത്തിലൂടെ നടത്തപ്പെട്ട വിവാഹം `അതിശക്തമായ ഒരു കരാറാണ്‌’ എന്ന്‌ ഖുര്‍ആന്‍ (4:21) ഓര്‍മപ്പെടുത്തുന്നു.
വിവാഹം വഴിമാറുന്നു 
ലളിതവും എന്നാല്‍ കാര്യഗൗരവത്തോടെ പരിഗണിക്കേണ്ടതുമായ വിവാഹകര്‍മം മുസ്‌ലിം സമൂഹം അതീവ സങ്കീര്‍ണവും കച്ചവടസമാനമായ സാമ്പത്തിക ഇടപാടുമാക്കിത്തീര്‍ത്തിരിക്കുന്നു. പൊങ്ങച്ചം പ്രകടിപ്പിക്കാനുള്ള വേദിയായി ചിലര്‍ വിവാഹത്തെ മാറ്റി. തറവാടിത്തത്തിന്റെ താന്‍പോരിമക്കുള്ള നിദാനമായി മക്കളുടെ കല്യാണം കണക്കാക്കുന്നവരുമുണ്ട്‌. ഏകദേശം ഒരു നൂറ്റാണ്ടുമുമ്പ്‌ കേരള മുസ്‌ലിംകള്‍ക്കിടയില്‍ വിവാഹരംഗത്ത്‌ നിലനിന്നിരുന്ന നിരവധി അജ്ഞതകളുണ്ടായിരുന്നു. സ്‌ത്രീകള്‍ക്ക്‌ ഒരു പരിഗണനയും നല്‌കിയിരുന്നില്ല. വിവാഹമൂല്യം കാര്യമായി കണക്കിലെടുത്തില്ല. `നിശ്ചയ’ സമയത്ത്‌ മഹ്‌ര്‍ നിശ്ചയിക്കും. വിവാഹശേഷം `പൊരുത്തപ്പെടീക്കുക’യല്ലാതെ അതു നല്‌കാറില്ല. എന്നാല്‍ വധൂപിതാവ്‌ വരന്‌ `കിഴിപ്പണം’ നല്‌കണമായിരുന്നു; അതു നിര്‍ബന്ധവും. ഈ കിഴിപ്പണമാണ്‌ സ്‌ത്രീധനം. എന്നാല്‍ വിവാഹസമയത്ത്‌ നല്‌കുന്ന ഒരു തുക കൊണ്ട്‌ തീരുന്നില്ല. അതിന്റെ വേരുകളും ശാഖകളും ജീവിതത്തിലങ്ങോളം വ്യാപിക്കുന്നു. കൊടുത്ത കിഴിയുടെ വലുപ്പച്ചെറുപ്പമനുസരിച്ച്‌ സല്‌ക്കാരത്തിലും നോമ്പു തുറക്കാന്‍ ക്ഷണിക്കുമ്പോഴും പ്രസവത്തിന്‌ `കൂട്ടിക്കൊണ്ടു പോകുമ്പോഴു’മൊക്കെ നിശ്ചിതമായ സംഖ്യ വരന്റെ ആള്‍ക്കാര്‍ക്ക്‌ വധൂകുടുംബം നല്‌കണമായിരുന്നു. ഇങ്ങനെ ജീവിതം മുഴുവന്‍ നിഴല്‍പോലെ പിന്‍തുടരുന്ന വലിയ അനാചാരമായി സ്‌ത്രീധനം നിലനിന്നിരുന്നു.മതപരമായ കാര്യങ്ങളില്‍ ഒരു വിവരവുമില്ലാത്തവര്‍, പ്രത്യേകിച്ചും സ്‌ത്രീകള്‍, ഇത്തരം ആചാരങ്ങളില്‍ വലിയ വിവരസ്ഥരും പരിചയസമ്പന്നരുമായിരുന്നു. മതാനുഷ്‌ഠാനങ്ങളില്‍ കുറവു വന്നാല്‍ ആരും പരിഗണിക്കാറില്ല. ആചാരങ്ങളില്‍ വല്ലകുറവും വന്നാല്‍ ചോദ്യം ചെയ്യാനും പരിഹാരം കാണാനും ആയിരം കണ്ണുകള്‍ കാണും. അതിന്റെ പേരില്‍ മാത്രം ബന്ധങ്ങള്‍ വിഛേദിക്കപ്പെടുകയും ചെയ്യും. വിവാഹ-കുടുംബരംഗത്ത്‌ സ്‌ത്രീകള്‍ക്ക്‌ സ്വയം നിര്‍ണയാവകാശമില്ലാത്ത ഒരു കാലമായിരുന്നു നടേ പറഞ്ഞ കാലഘട്ടം. എന്നാല്‍ തറവാട്ടിലെ മുതിര്‍ന്ന സ്‌ത്രീകള്‍ ആചാരങ്ങള്‍ കൊണ്ട്‌ അടക്കി ഭരിക്കുകയും ചെയ്‌തിരുന്ന വൈരുധ്യം കാണാവുന്നതുമാണ്‌. `കിഴിപ്പണ’ത്തിലും മറ്റ്‌ ആചാരങ്ങളിലും കടുംപിടുത്തക്കാര്‍ ഈ `കാരണവത്തി’കളാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌.
മാറ്റത്തിന്റെ മാറ്റൊലി 
കേരള മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാനത്തിന്റെ ശബ്‌ദം കേട്ടുകൊണ്ടാണ്‌ ഇരുപതാം നൂറ്റാണ്ടു പിറന്നത്‌. ഒന്നുരണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴേക്കും ഈ രംഗത്ത്‌ സംഘടിതയത്‌നങ്ങളാരംഭിച്ചു. വിശുദ്ധ ഖുര്‍ആനിലേക്കും നബിചര്യയിലേക്കും `മുസ്‌ലിം സമൂഹ’ത്തെ ക്ഷണിക്കേണ്ടി വന്നു എന്നതാണ്‌ വസ്‌തുത. വിശ്വാസരംഗമായിരുന്നു പ്രധാന ലക്ഷ്യം. അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനില്‍ പങ്കുവയ്‌ക്കാതിരിക്കുക (തൗഹീദ്‌) എന്നതിന്‌ പ്രാഥമ്യവും പ്രാധാന്യവും നല്‌കി. കര്‍മങ്ങള്‍ നബിചര്യയനുസരിച്ച്‌ നിര്‍വഹിക്കുകയും നൂതന സൃഷ്‌ടികള്‍ (ബിദ്‌അത്ത്‌) വര്‍ജിക്കുകയും ചെയ്യുന്നതിന്‌ വേണ്ട ബോധവത്‌കരണം നടത്തി. അതോടൊപ്പം തന്നെ ഇസ്‌ലാഹി പ്രസ്ഥാനം രണ്ടു കാര്യങ്ങള്‍ കൂടി ഏറ്റെടുത്തു. ഒന്ന്‌, മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസാവബോധം സൃഷ്‌ടിക്കുക. രണ്ട്‌, വിവാഹരംഗത്ത്‌ നടമാടിയിരുന്ന ആചാരങ്ങള്‍ മാറ്റി, നബി(സ) കുടുംബ ബന്ധത്തിന്‌ നല്‌കിയ പ്രാധാന്യം ജനങ്ങളിലെത്തിക്കുക. ഇതിന്റെ ഭാഗമായിട്ടാണ്‌ സ്‌ത്രീധനം എന്ന സാമ്പത്തിക ചൂഷണത്തിനെതിരെ മുജാഹിദുകള്‍ രംഗത്തു വന്നത്‌.
പതിറ്റാണ്ടുകളുടെ പ്രയത്‌നത്തിന്‌ ഫലമുണ്ടായി. സമൂഹം ഉദ്‌ബുദ്ധരായി. ബിദ്‌അത്തുകള്‍ പലതും അപ്രത്യക്ഷമായി. എന്നാല്‍ ചരിത്രത്തിന്റെ ആവര്‍ത്തനമായിരിക്കാം, എല്ലാറ്റിനും പുതിയ ഭാവങ്ങള്‍ പകര്‍ന്നു. ഈ ഭാവപ്പകര്‍ച്ചയില്‍ അന്ധവിശ്വാസങ്ങള്‍ക്ക്‌ ആധുനികതയും `ശാസ്‌ത്രീയത’യും കൈവരുന്നു. ആചാരങ്ങള്‍ ആത്മീയത കൈവെടിഞ്ഞ്‌ ഭൗതികദ്രവ്യങ്ങളില്‍ പതിന്മടങ്ങ്‌ നിലനില്‌ക്കുന്നു. ജീര്‍ണതകള്‍ കാലത്തിനനുസരിച്ച്‌ കോലം മാറി കൂടുതല്‍ രംഗത്തുവന്നു. സ്‌ത്രീധനമെന്ന ദുരാചാരവും കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നു.`സ്‌ത്രീധനം അനിസ്‌ലാമികം വാങ്ങരുത്‌ പ്രോത്‌സാഹിപ്പിക്കരുത്‌’. ഇസ്വ്‌ലാഹീ പ്രസ്ഥാനം പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ മുസ്‌ലിം സമൂഹത്തിന്റെ മുന്നില്‍ സമര്‍പ്പിച്ച ഒരാശയം. ആദ്യകാലത്ത്‌ `തെളിവുകള്‍’ ഉദ്ധരിച്ച്‌ ഈ ആശയത്തെ ഖണ്ഡിക്കാന്‍ വിഫലശ്രമം നടത്തിയവര്‍ ഉള്‍പ്പെടെ ഇന്ന്‌ എല്ലാ വിഭാഗം മുസ്‌ലിംകളും ഈ ആശയം തത്വത്തില്‍ അംഗീകരിച്ചു. സ്‌ത്രീധനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട്‌ ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായവും ഈ ആദര്‍ശത്തിനു ലഭിച്ചു. എന്നാല്‍ സമൂഹത്തില്‍ സംഭവിച്ചത്‌ എന്താണ്‌?പണ്ട്‌ ഒരു ധനികന്‍ നല്‌കിയിരുന്ന `കിഴിപ്പണം’ നൂറ്‌ പണം (ഇരുപത്തിയഞ്ച്‌ രൂപ) ആയിരുന്നു. ഇന്ന്‌ നൂറും നൂറ്റമ്പതും പവനും എത്രയോ ലക്ഷങ്ങളും! ഇടത്തരക്കാര്‍ക്കുപോലും ദശലക്ഷങ്ങള്‍ ഈ വകുപ്പില്‍ വേണം. മതസംഘടനകള്‍ ഔദ്യോഗികമായി അംഗീകരിക്കാതിരുന്നിട്ടും നിയമവിരുദ്ധമായിട്ടും ഇത്‌ നിര്‍ബാധം തുടരുന്നു! പെണ്‍കുട്ടികള്‍ ജനിക്കുന്നത്‌ നിര്‍ഭാഗ്യമായി കരുതുന്നു മുസ്‌ലിംകള്‍. മക്കള്‍ അല്ലാഹുവിന്റെ അനുഗ്രഹമാണ്‌ എന്ന്‌ വിശ്വാസത്തിന്റെ ഭാഗമായി ഉള്‍ക്കൊള്ളേണ്ടവര്‍ ജാഹിലിയ്യ അറബികളെപ്പോലെ പെണ്‍മക്കളെ ദുശ്ശകുനമായി കാണേണ്ടി വന്നത്‌ സമൂഹം തീര്‍ത്ത സ്‌ത്രീധനത്തിന്റെ ചങ്ങലക്കെട്ടുകള്‍ മൂലമാണ്‌. മുസ്‌ലിം സമൂഹത്തിനു ഒട്ടും പരിചയമില്ലാത്ത- ഒരിക്കലും പാടില്ലാത്ത-ആത്മഹത്യകളും, സ്‌ത്രീപീഡനങ്ങളും വധുഹത്യകളും ഇന്ന്‌ വര്‍ദ്ധിച്ചുവരുന്നു. എല്ലാം സ്‌ത്രീധനത്തിന്റെ പേരില്‍. ഇന്നത്തെ ഉപഭോഗ സമൂഹത്തിന്‌ പണം മതി. അതിന്റെ ലഭ്യതയാല്‍ ന്യായാന്യായ പ്രശ്‌നങ്ങള്‍ പോലും നോക്കുന്നില്ല.
സ്‌ത്രീധനം നിഷിദ്ധം 
വിവാഹം മൂലം പുരുഷന്‍മാര്‍ പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന സ്‌ത്രീധനം ഇസ്‌ലാമിക വീക്ഷണത്തില്‍ തീര്‍ത്തും നിഷിദ്ധമാണ്‌.“അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്‌. അറിഞ്ഞുകൊണ്ടുതന്നെ ആളുകളുടെ സ്വത്തുക്കളില്‍ നിന്ന്‌ വല്ലതും അധാര്‍മികമായി നേടിയെടുത്ത്‌ തിന്നാന്‍ വേണ്ടി നിങ്ങളതുമായി വിധി കര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്‌.” (2:188)
ഒരാള്‍ക്ക്‌ മറ്റൊരാളുടെ ധനം ഉപയോഗിക്കാന്‍ ഇസ്‌ലാം അനുവദിച്ച മാര്‍ഗങ്ങള്‍ ഉണ്ട്‌. അതിലപ്പുറമുള്ളത്‌ അന്യായമാണ്‌. ഒരാള്‍ക്ക്‌ അനന്തരാവകാശമായി ലഭിക്കുന്ന സ്വത്ത്‌ തന്റെ അധ്വാനത്തിന്റെ ഫലമല്ലെങ്കിലും അയാള്‍ക്ക്‌ ന്യായമായി അനുഭവിക്കാന്‍ അല്ലാഹു അനുവദിച്ചതാണ്‌. കച്ചവടത്തിന്റെ ലാഭമെന്ന നിലയില്‍ മറ്റൊരാളില്‍ നിന്ന്‌ ലഭിക്കുന്ന സമ്പത്ത്‌ ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍ അതേ രീതിയില്‍ ലഭിക്കുന്നതാണെങ്കിലും അധ്വാനമോ നഷ്‌ടഭയമോ ഇല്ലാത്ത പലിശ ഇസ്‌ലാം നിഷിദ്ധമാക്കുന്നു (വി.ഖു. 2:275).ദാനമായി ലഭിക്കുന്ന സമ്പത്ത്‌ അനുഭവിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നു. സമ്പന്നനാണെങ്കില്‍ പോലും പാരിതോഷികമായി ആരെങ്കിലും എന്തെങ്കിലും നല്‌കിയാല്‍ അത്‌ സ്വീകരിക്കുന്നതിന്‌ ഇസ്‌ലാമില്‍ യാതൊരു വിലക്കുമില്ല. വഴിയില്‍ നിന്ന്‌ വീണുകിട്ടിയ മുതല്‍ കൃത്യമായ അന്വേഷണത്തിനുശേഷം നിശ്ചിതകാലം കഴിഞ്ഞിട്ടും ഉടമസ്ഥനെ കണ്ടെത്തിയില്ലെങ്കില്‍ അത്‌ കിട്ടിയ ആള്‍ക്ക്‌ ഉപയോഗിക്കാം. മറ്റൊരാളില്‍ നിന്ന്‌ പണം കടംവാങ്ങി ഉപയോഗിക്കുന്നതിന്‌ യാതൊരു വിരോധവുമില്ല. നിശ്ചിത സമയത്ത്‌ തിരിച്ചുകൊടുക്കണം. വ്യവസ്ഥകള്‍ പാലിക്ക ണം. രേഖപ്പെടുത്തിവയ്‌ക്കണം. സാക്ഷികളും വേണം.മേല്‌പറഞ്ഞ ഒരു ഇനത്തിലും `സ്‌ത്രീധനം’ എന്ന സമ്പത്ത്‌ ഉള്‍പ്പെടുന്നില്ല. വധൂപിതാവിന്റെ സമ്മാനമാണെങ്കില്‍ അത്‌ സന്തോഷപൂര്‍വം സ്വീകരിക്കാം. തമ്മില്‍ തെറ്റിയാല്‍ സമ്മാനം തിരിച്ചുകൊടുക്കാറില്ലല്ലോ. വധുപിതാവിന്റെ വക സ്വദഖയാണെന്ന്‌ പറഞ്ഞ്‌ സ്‌ത്രീധനം സ്വീകരിക്കാന്‍ ആരെങ്കിലും തയ്യാറാകുമെന്നു തോന്നുന്നില്ല. സ്വദഖയാണെങ്കില്‍, നിസ്സംശയം അനുവദനീയമാണ്‌. `അതൊരു കടമാണ്‌’ എന്ന്‌ പലരും പറഞ്ഞ്‌ ഒഴിയാറുണ്ട്‌. കടമാണെങ്കില്‍ സ്വീകരിക്കാം. എന്നാല്‍ രേഖപ്പെടുത്തണം. സാക്ഷികള്‍ വേണം. അവധി നിശ്ചയിക്കണം. സ്‌ത്രീധനത്തിന്റെ അവധി എത്രയാണ്‌?! അത്‌ തിരിച്ചു നല്‌കാതെ മരണപ്പെട്ടു പോയാലോ? കടക്കാരനായി മരിച്ച വ്യക്തിക്ക്‌ നബി(സ) മയ്യിത്ത്‌ നമസ്‌കരിച്ചത്‌, ആ കടം മറ്റൊരാള്‍ ഏറ്റെടുത്ത ശേഷമാണെന്ന്‌ പ്രത്യേകം ഓര്‍ക്കുക. വിവാഹമോചനം നടത്തുകയാണെങ്കില്‍ സ്‌ത്രീധനം കൃത്യമായി കണക്കു പറയുന്നു. ഇങ്ങനെ നിബന്ധന വച്ചുകൊണ്ട്‌ ഒരു വായ്‌പ ഇസ്‌ലാമിലില്ല. ഇതിനൊക്കെ പുറമെ നമ്മുടെ രാജ്യത്തെ നിയമപ്രകാരം കണക്കില്‍പ്പെടുത്താന്‍ പറ്റാത്ത കള്ളപ്പണമാണ്‌ സ്‌ത്രീധനത്തുക.ധാര്‍മികമായും നിയമപരമായും കണക്കില്‍ പെടാത്ത ഒരു ധനം കണക്കുപറഞ്ഞു വാങ്ങുന്നത്‌ ഇസ്‌ലാമിക ദൃഷ്‌ട്യാ നിഷിദ്ധം (ഹറാം) തന്നെയാണ്‌. നബി(സ) സാമ്പത്തിക രംഗത്തെ സൂക്ഷ്‌മത പഠിപ്പിക്കുന്നതു നോക്കൂ. തന്റെ സമ്പത്തിനെപ്പറ്റി ചോദ്യം ചെയ്യപ്പെടാതെ ഒരാളുടെയും പാദങ്ങള്‍ പരലോകത്ത്‌ മുന്നോട്ടു വയ്‌ക്കാന്‍ കഴിയില്ല. ധനം എവിടെനിന്ന്‌ സമ്പാദിച്ചുവെന്നും ഏതുമാര്‍ഗത്തില്‍ ചെലവഴിച്ചുവെന്നും ചോദ്യം ചെയ്യപ്പെടാതിരിക്കില്ല.” ഇത്ര ഗൗരവമുള്ള ഒരു കാര്യം മുസ്‌ലിം സമൂഹം അവഗണിക്കുകയും അന്യായമായി പണം സ്വരൂപിക്കപ്പെടുകയും ചെയ്യുന്നു! വിവരമുള്ളവര്‍ അതിനു കൂട്ടുനില്‌ക്കുകയും ചെയ്യുന്നു!
ജീര്‍ണതയുടെ തള്ളിക്കയറ്റം
കൂരിരുട്ടിലെ രജതരേഖയെന്നോണം എണ്ണത്തില്‍ പരിമിതമായ ഇസ്‌ലാഹീ പ്രവര്‍ത്തകരുടെ മക്കള്‍ മാത്രം ഇതില്‍ നിന്നു വിട്ടുനില്‌ക്കുന്നു. അത്രയും ആശ്വസിക്കാമായിരുന്നു. എന്നാല്‍ ഈ ജീര്‍ണതയുടെ തള്ളിക്കയറ്റത്തില്‍ നിന്ന്‌ മുവഹ്‌ഹിദുകളും പൂര്‍ണമായും ഒഴിവാകുന്നില്ല എന്ന ദു:ഖസത്യം ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. നിബന്ധനയായി പറഞ്ഞില്ലെങ്കിലും കിട്ടണമെന്ന്‌ ആഗ്രഹിക്കുന്നവര്‍, പണം വേണ്ടെന്ന്‌ പ്രഖ്യാപിക്കുകയും പണ്ടം ആവശ്യപ്പെടുകയും ചെയ്യുന്നവര്‍, പണ്ടവും പണവും വേണ്ട, ജോലി മതി എന്നു കരുതുന്നവര്‍. പരോക്ഷമായി വിവാഹം വരുമാനത്തിനുള്ള മാര്‍ഗമായി കാണുന്നതും സ്‌ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്‌.ഇത്‌ ഒരു വശം. മറുവശത്ത്‌ സ്‌ത്രീധനമെന്ന സാമ്പത്തിക ദുരാചാരം ബീഭത്‌സരൂപം പൂണ്ടിരിക്കുകയാണ്‌. കിടപ്പാടമോ ഇരിക്കാന്‍ ഒരു കൂരയോ ഇല്ലാത്തവന്‍ ലക്ഷങ്ങള്‍ കൈക്കലാക്കി മുങ്ങുന്നു! വന്‍ പണക്കാര്‍ ദശലക്ഷങ്ങളും ലാന്‍സര്‍ കാറുകളും വധൂപിതാവില്‍നിന്ന്‌ ഈടാക്കിയശേഷം ഈ നിരപരാധിയായ പെണ്‍കുട്ടിയെ ചുട്ടുകൊല്ലുന്നതായി വാര്‍ത്തകള്‍ വരുന്നു. ഇരയും വേട്ടക്കാരും `മുസ്‌ലിംകള്‍’തന്നെ. അധ്വാനിക്കാതെ ലഭിക്കുന്ന പണം കൊണ്ട്‌ ധൂര്‍ത്തടിക്കുന്നു. ദാമ്പത്യം തകരുന്നു. കുടുംബം ശിഥിലമാകുന്നു.ഈ സമൂഹതിന്മക്കെതിരെ മുസ്‌ലിം സംഘടനകളും മഹല്ല്‌ കമ്മിറ്റികളും സന്നദ്ധ പ്രവര്‍ത്തകരും മറ്റു ഭിന്നതകള്‍ മറന്ന്‌ രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. ഒറ്റയടിക്ക്‌ മാറ്റിയെടുക്കാന്‍ കഴിയില്ല. നമുക്കര്‍ഹതയില്ലാത്ത ഒരു പൈസയും ഉപയോഗിച്ചുകൂടാ എന്ന ബോധം വളര്‍ത്തുക. പരലോകത്ത്‌ കണക്കു പറയേണ്ടി വരുമെന്ന വിശ്വാസം വളര്‍ത്തിയെടുക്കുക. കുടുംബബ ന്ധത്തിന്റെ മഹത്വം ബോധ്യപ്പെടുത്തുക. ഇതിന്നാവശ്യമായ ബോധവത്‌കരണം മാത്രമാണ്‌ പോംവഴി. കാര്യബോധമുള്ളവരുടെ ബാധ്യതയാണിത്‌ എന്നു മറക്കാതിരിക്കുക.
http://pudavaonline.net/?p=1586#more-1586

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: