വിപ്ലവ വിളംബരം ഈ യുവജന സമ്മേളനം
ഇസ്്ലാഹി പ്രസ്ഥാനത്തിന്റെ കരുത്തുറ്റ യുവജന പ്രസ്ഥാനമായ ഐ എസ് എം നാലര പതിറ്റാണ്ട് പിന്നിടുമ്പോള്‍ സംഘടിപ്പിച്ചിട്ടുള്ള പ്രൗഢോജ്വലമായ കേരള യുവജന സമ്മേളനം അവസാനിക്കുകയാണ്. ഇസ്്ലാമിന്റെ പവിത്രമായ സന്ദേശം കേരള ജനതയ്ക്ക് കൈമാറുകയും സാമൂഹിക പരിവര്‍ത്തനത്തില്‍ നേതൃപരമായ പങ്ക് വഹിക്കുകയും സമുദായത്തിന്റെ സര്‍വതോമുഖമായ സമുദ്ധാരണം സാധ്യമാക്കുകയുമാണ് കേരള മുസ്്ലിം നവോത്ഥാന പ്രസ്ഥാനം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യം. ആ ദൗത്യം സഫലമാക്കുന്നതിന് യൗവനം സമര്‍പ്പിച്ചിട്ടുള്ള ആയിരക്കണക്കായ കര്‍മ ഭടന്മാരുടെ സംഘമാണ് ഐ എസ് എം.
യൗവനത്തിന്റെ പ്രസരിപ്പും കര്‍മോത്സുകതയും സമരസജ്ജതയും ഒരിക്കല്‍കൂടി വിളംബരം ചെയ്തുകൊണ്ടാണ് വിശ്വാസ വിശുദ്ധി സമര്‍പ്പിത യൗവനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുള്ള ഈ സമ്മേളനം ചരിത്രത്തില്‍ ഇടം നേടുന്നത്.
1967ലാണ് ഐ എസ് എം രൂപീകരിക്കപ്പെട്ടത്. രൂപീകരണത്തിലൂടെ, പ്രസ്ഥാന നായകന്മാര് മുന്നില്‍ കണ്ട ലക്ഷ്യങ്ങള്‍ എന്താണോ അതുതന്നെയാണ് ഇന്നും എന്നും ഐ എസ് എമ്മിന് പൂര്‍ത്തീകരിക്കാനുള്ളത്. ഇസ്്ലാമിന്റെ വിശുദ്ധ പാഠങ്ങളും മൗലികമായ ആദര്‍ശങ്ങളും അലംഘ്യവും കാലാതീതവുമാണ്. അതുകൊണ്ടു തന്നെ ഐ എസ് എമ്മിന്റെ ആദര്‍ശത്തില്‍ എക്കാലവും മൗലികതയുടെ ശോഭ ഉണ്ടായിരിക്കും. എന്നാല്‍, 1967ലെ ലോകസാഹചര്യമല്ല ഇന്നുള്ളത്. കാലത്തിന്റെ മാറ്റം സമൂഹത്തിന്റെ സമസ്ത മണ്ഡലങ്ങളിലും നിരവധി മാറ്റമുണ്ടാക്കിയിട്ടുണ്ട്. ജനതയുടെ വീക്ഷാഗതികളിലും രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളിലും ശാസ്ത്ര സാങ്കേതിക മണ്ഡലങ്ങളിലും അനിതര സാധാരണമായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ സഫലീകരിക്കാനുള്ള നയങ്ങളിലും നിലപാടുകളിലും മാറ്റം അനിവാര്യമാണ്. സംവേദനത്തിന്റെ ഭാഷയില്‍ മാറ്റം അനിവാര്യമാണ്, പ്രവര്‍ത്തനത്തിന്റെ ശൈലികളിലും സമീപനങ്ങളിലും മാറ്റം അനിവാര്യമാണ്. സ്വയം മാറ്റത്തെ ഉള്‍ക്കൊള്ളാത്ത ഒരു കൂട്ടായ്മക്ക് ഒരിക്കലും ചരിത്രത്തെ മാറ്റിപ്പണിയാന്‍ സാധിക്കില്ലെന്ന് നാം മനസ്സിലാക്കണം.
ആഗോളതലത്തില്‍ തന്നെ അര നൂറ്റാണ്ടിനിടെ അധികാരഘടനയില്‍ വന്‍ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചിരിക്കുന്നു. കമ്യൂണിസത്തിന് മേല്‍ക്കൈ ഉണ്ടായിരുന്ന ഒരു ആഗോള ശാക്തികചേരി അമ്പേ തകര്‍ന്നുപോയി. ഈശ്വരനിഷേധവും കേവല യുക്തിവാദവും ആചാരമാക്കിയ ഭൗതികവാദ പ്രസ്ഥാനങ്ങള്‍ക്ക് പുതിയ കാലത്ത് ചരിത്രത്തില്‍ ഇടം നഷ്ടപ്പെട്ടിരിക്കുന്നു. നിരീശ്വര, നിര്‍മത വാദം ഒരു സംവാദം പോലും അര്‍ഹിക്കാത്ത തരത്തില്‍ അപ്രസക്തമായിത്തീര്‍ന്നിരിക്കുന്നു. അതുകൊണ്ട് ഒരു ഘട്ടത്തില്‍ ഐ എസ് എം ഏറ്റെടുത്തിരുന്ന, ഈശ്വര നിഷേധവാദ പ്രസ്ഥാനങ്ങള്ക്കെതിരിലുള്ള ആശയപരമായ പോരാട്ടം ഇക്കാലത്ത് അത്ര അളവില്‍ ആവശ്യമില്ലാതായിത്തീര്ന്നിട്ടുണ്ട്. എന്നാല്‍ ആ സ്ഥാനത്ത് ഇരിപ്പിടം നേടിയ മുതലാളിത്ത കേന്ദ്രീകൃത അധികാര ഘടന നിരീശ്വര വിശ്വാസത്തിന്റെ സ്ഥാനത്ത് ആള്‍ദൈവങ്ങളെയും കള്‍ട്ട് ഫിഗറുകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
മുതലാളിത്തത്തിന്റെ ഉപോല്പന്നമായ കണ്‍സ്യൂമറിസം മനുഷ്യമനസ്സുകളില്‍ നിന്ന് എല്ലാതരം വിശ്വാസങ്ങളെയും ആദര്‍ശങ്ങളെയും നിഷ്കാസനം ചെയ്ത് തല്‍സ്ഥാനത്ത് ആര്‍ത്തിയും ആസക്തിയും മോഹചിന്തയും കുടിയിരുത്തിയിരിക്കുന്നു. ഈശ്വരനിഷേധവുമായി ഒരു സംവാദമെങ്കിലും സാധ്യമായിരുന്നു. എന്നാല്‍ ഈ ഉപേഭാഗ മുതലാളിത്തവുമായി ഒരു സംവാദംപോലും സാധ്യമല്ലെന്നതാണ് വാസ്തവം. ഈശ്വരനിഷേധത്തോടും ബഹുദൈവ വിശ്വാസത്തോടും ബുദ്ധിപരമായി എതിരിടാം. എന്നാല്‍ ആര്‍ത്തിയെ എങ്ങനെയാണ് ബുദ്ധിപരമായി നേരിടാനാവുക. ഐ എസ് എം മനസ്സിരുത്തേണ്ട ഒരു പ്രധാന പ്രശ്നമാണിത്.
ഇസ്്ലാമിക ലോകത്തും അപ്രതീക്ഷിതമായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ദീര്‍ഘമായ പതിറ്റാണ്ടുകള്‍ ഏകാധിപതികളും സുല്ത്താന്മാരും അധികാരം വാണ, ജനാഭിലാഷങ്ങള്‍ തള്ളിക്കളയുകയും പൗരാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യപ്പെട്ട രാജ്യങ്ങളിലെ ചെറുപ്പക്കാര്‍ തെരുവുകളില്‍ കലഹം സൃഷ്ടിച്ച്, ജനകീയ പോരാട്ടങ്ങളിലൂടെ തങ്ങളുടെ ഭാഗധേയം മാറ്റിയെഴുതിയിരിക്കുന്നു. സ്വയം നിര്‍ണയിക്കാനുള്ള തങ്ങളുടെ അവകാശ പോരാട്ടത്തിലൂടെ അവര്‍ നേടിയെടുത്തിരിക്കുന്നു. അക്രമത്തിനും അനീതിക്കും ഏകാധിപത്യത്തിനുമെതിരെ മുസ്്ലിം യുവജനങ്ങള്‍ ആര്‍ത്തിരമ്പിയപ്പോള്‍ മതപ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച് രാജ്യസേവ ചെയ്ത മുഫ്തിമാര് അപ്രസക്തമാക്കപ്പെട്ടിരിക്കുന്നു. നീതിയും ന്യായവും നന്മയും മനുഷ്യാവകാശങ്ങളും വിളംബരം ചെയ്തിട്ടുള്ള ഇസ്്ലാമിന്റെ ആത്മാവിനെ മൂടിവെച്ച് സ്വാര്‍ഥംഭരികളുടെ മൂടുതാങ്ങുന്ന മതയാഥാസ്ഥിതികതയാണ് ചെറുപ്പക്കാര്‍ ചോദ്യം ചെയ്തിരിക്കുന്നത്.
ഇസ്്ലാമിക രാഷ്ട്രീയ സങ്കല്പവും പഴകിയ ഇസ്്ലാമിക സാമൂഹിക സിദ്ധാന്തങ്ങളും പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. ഇസ്്ലാമല്ലാത്ത മുഴുവന്‍ ദര്‍ശനങ്ങളും മതേതര ജനാധിപത്യ രാഷ്ട്രീയ സിദ്ധാന്തവും അവയുടെ പ്രയോഗരൂപങ്ങളും ജാഹിലിയ്യത്തും അനിസ്ലാമികവുമാണെന്ന പഴഞ്ചന്‍ നിലപാട്, തൂത്തുമാറ്റപ്പെട്ടിരിക്കുന്നു. തുനീഷ്യയിലും ഈജിപ്തിലും മൊറോക്കോയിലും ലിബിയയിലുമെല്ലാം അടിസ്ഥാനപരമായ സ്വാതന്ത്ര്യങ്ങള്‍ക്കു വേണ്ടി നടന്ന യുവജന പോരാട്ടത്തില്‍ മുസ്്ലിംകളും ക്രിസ്ത്യാനികളും മതനിഷേധികളുമെല്ലാം ഉള്‍ക്കൊള്ളുന്ന ബഹുകക്ഷികളായിരുന്നു. പൊതുതാല്പര്യങ്ങള്ക്കു വേണ്ടി ബഹുകക്ഷി മുന്നണി എന്ന ആശയം വിജയകരമായി മുന്നേറിയിരിക്കുന്നു. വിവിധ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സലഫി സംഘടനകള്‍, തങ്ങളുടെ നിലപാടുകളില്‍ വമ്പിച്ച മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ്ട് അറബ് വസന്തത്തില്‍ പങ്കുചേര്‍ന്നിട്ടുള്ളത്. ഫാസിസത്തിനും തീവ്രവാദത്തിനുമെതിരെ മതേതര ജനാധിപത്യ കൂട്ടായ്മ സൃഷ്ടിക്കാന്‍ വേണ്ടി മുന്നില്‍ നടന്ന ഐ എസ് എമ്മിന് ബഹുകക്ഷി മുന്നണിയെന്ന ആശയത്തില്‍ ഒട്ടും പുതുമയില്ല. എന്നാല്‍ ഇന്ത്യപോലുള്ള ഒരു മതേതര-ബഹുമത സമൂഹത്തില്‍, സഹവര്‍ത്തിത്തവും സ്വാശ്രയപൂര്‍ണമായ അസ്തിത്വവും ആര്‍ജിക്കണമെങ്കില്‍ രാജ്യത്തിലെ ഭൂരിപക്ഷം വരുന്ന മുസ്ലിം സമൂഹം പുലര്‍ത്തിപ്പോരുന്ന വിശ്വാസ, ആചാരപരമായ നിലപാടുകളില്‍ പുനപ്പരിശോധനകള്‍ വേണ്ടിവരും. പുതിയ ഇജ്തിഹാദുകള്‍ വേണ്ടിവരും. ഇത് പറയുമ്പോള്‍ പൊതുസമൂഹത്തില്‍ നിന്നും പൊതുമണ്ഡലത്തില്‍ നിന്നും പിന്‍വാങ്ങുകയും സ്വകാര്യ തുരുത്തുകളില്‍ അപ്രസക്തവും അനാവശ്യവുമായ വിഷയങ്ങളില്‍ ഗുസ്തി പിടിക്കുകയും ചെയ്യുന്ന നവോത്ഥാന പാരമ്പര്യം പ്രസംഗിക്കുന്ന ഒരുകൂട്ടം ഇവിടെയുണ്ടെന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യവും മനസ്സില്‍വെക്കണം. ഒരു ബഹുസ്വര സമൂഹത്തെ അഭിമുഖീകരിക്കാന്‍ ശീലിപ്പിച്ച കേരളീയ മുസ്ലിം സമുദായത്തെ, ഇസ്ലാഹീ പ്രസ്ഥാനത്തിന്, അതിന്റെ യുവജന വിഭാഗത്തിന് പണ്ടുപറഞ്ഞ പഴയ പാഠങ്ങളില്‍ ചുരുങ്ങിക്കിടക്കാന് കഴിയില്ല. ഇസ്ലാമിന്റെ മൗലിക സ്രോതസ്സില്‍ നിന്ന് വെളിച്ചംകൊണ്ട്, പുതിയ സാഹചര്യങ്ങള്‍ക്ക് ചേരുന്ന പുതിയ സമീപനങ്ങള്‍ രൂപപ്പെടേണ്ടതുണ്ട്.
ഇന്നിപ്പോള്‍, കേരളത്തിലെ യുവജനസംഘടനകള്‍ ഹരിതരാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചിരിക്കുന്നു. മുതലാളിത്ത ഭൗതികവാദത്തിന്റെ ലോകവീക്ഷണവും തെറ്റായ വികസന സങ്കല്പങ്ങളും ആവാസ വ്യവസ്ഥയില്‍ സൃഷ്ടിച്ചിട്ടുള്ള കനത്ത ആഘാതങ്ങളാണ് പ്രകൃതിയെക്കുറിച്ച് പുനരാലോചിക്കാന്‍ പ്രേരണയായിത്തീരുന്നത്. മുസ്ലിംകളാണ് ഇക്കാര്യത്തില്‍ ഒന്നാമതായി ജാഗ്രത പുലര്‍ത്തേണ്ടത്. ഒന്നര പതിറ്റാണ്ട് മുമ്പേ ഐ എസ് എം അവതരിപ്പിച്ച ഹരിതസമരത്തിന്റെ തുടര്‍ച്ചയായി പുതിയ പരിസ്ഥിതി വാദങ്ങളെ കാണാം. മനുഷ്യജീവിതം ഏറെ ദുസ്സഹമാക്കുകയും ജീവിക്കാനുള്ള മൗലികാവകാശം ലംഘിക്കുകയും ചെയ്യുന്ന പരിസ്ഥിതിവിരുദ്ധ രാഷ്ട്രീയനയങ്ങളെയും ജീവിതശൈലികളെയും പ്രതിരോധിക്കാന്‍, അതിന്റെ മുന്നില്‍ നടക്കാന്‍ ഐ എസ് എം കൂടുതല്‍ ആവേശത്തോടെ മുന്നോട്ടുവരേണ്ടതാണ്. അനീതിക്കെതിരിലുള്ള ഇസ്ലാമിക ദൗത്യത്തിന്റെ ഭാഗമാണത്.
സമുദായത്തിനകത്ത് യാഥാസ്ഥിതികത ഇല്ലാതായിട്ടില്ല. പഴയ യാഥാസ്ഥിതികര്‍ വിശ്വാസാചാരങ്ങളില്‍ പഴയ അവസ്ഥയില്‍ നിന്ന് ഇനിയും മാറിയിട്ടില്ല. പുതിയ യാഥാസ്ഥിതിക സംഘങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരിലുള്ള, പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത സമരം അവസാനിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍, പ്രബോധന, പ്രചാരണ രംഗങ്ങളില്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളണം. പ്രബോധിതരെ കുറിച്ചുള്ള യാഥാര്‍ഥ്യബോധം കൈവിടരുത്. ഐ എസ് എം പോലുള്ള യുവജന പ്രസ്ഥാനം ഇസ്ലാമിക പ്രബോധനരംഗത്തെ സവിശേഷമാക്കുന്ന നയതന്ത്രജ്ഞതയും ഹിക്മത്തും പ്രവൃത്തി പഥത്തില്‍ കൊണ്ടുവരണം.
ഇസ്ലാമിന്റെ മൗലികസന്ദേശം ഫലപ്രദമായി ജനങ്ങള്‍ക്കു നല്‍കുക, നന്മ കല്പിക്കുക, തിന്മ വിരോധിക്കുക, സമൂഹത്തില്‍ നീതിയുടെ വാഹകരായിത്തീരുക -ഒരു ഇസ്ലാമിക സംഘടനയുടെ ദൗത്യം ഇങ്ങനെ സംഗ്രഹിക്കാന്‍ സാധിക്കും. ഐ എസ് എം ഈ ദൗത്യത്തില്‍ അടിയുറച്ച് മുന്നോട്ടുപോകും. അപസ്വരങ്ങളെ നമുക്ക് അവഗണിച്ചുതള്ളാം.
ഈ ദൗത്യനിര്‍വഹണത്തിന് പക്ഷെ, പഴയ രീതികളും പഴകിയ ശൈലിയും സമീപനവും മതിയാകില്ല. നമുക്ക് പുതുക്കിയ അജണ്ടകള്‍ വേണം, പരിഷ്കരിച്ച നയങ്ങളും കാലോചിതമായ നിലപാടുകളും വേണം.
1967ലെ നയനിലപാടുകളും ശൈലീസമീപനവും പ്രവര്‍ത്തനപദ്ധതികളുമായി 2013ല്‍ സാമൂഹിക പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ തുനിഞ്ഞാല്‍ അത് പരിഹാസ്യമാകും. നവസാങ്കേതിക വിദ്യയും നവസാമൂഹിക പ്രവര്‍ത്തനവും ശ്രദ്ധിച്ച് പഠിച്ച്, ചുവരെഴുത്തുകള്‍ വായിച്ച് നമുക്ക് മുന്നോട്ട് നോക്കി നടക്കാം. പുതിയ പ്രഭാതങ്ങള്‍ സ്വപ്നം കാണാം. വലിയ സ്വപനങ്ങളുള്ളവര്‍ക്ക് മാത്രമേ വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കൂ.
(സമാപന സമ്മേളനത്തില്‍ നടത്തിയ അധ്യക്ഷപ്രസംഗം)
0 comments: