സി എ സഈദ് ഫാറൂഖി
വിശുദ്ധഖുര്‍ആന്‍ വായനയുടെ വാതായനമാണ്. വേദഗ്രന്ഥ പാരായണത്തിലൂടെ ഒരു വ്യക്തി നിതാന്ത ജ്ഞാനത്തിലും സമാധാനത്തിലും പ്രവേശിക്കുന്നു. മറ്റൊരു ഗ്രന്ഥപാരായണം വഴിയും ഇത് സാധ്യമല്ലതന്നെ.
എന്റെ ഖുര്‍ആന്‍ പാരായണം വായനയുടെ വിവിധ തലങ്ങളെ സ്‌പര്‍ശിച്ചുള്ളതായിരുന്നു. ഞാനൊരു പരന്ന വായനക്കാരനോ പടര്‍ന്ന വായനക്കാരനോ അല്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആനിന്റെ സംക്ഷിപ്‌ത പാരായണവും സമഗ്രപാരായണവും ഞാന്‍ നിര്‍വഹിച്ചിട്ടുണ്ട്. നിയമബോധത്തോടും അര്‍ഥബോധത്തോടും ആശയബോധത്തോടും വിഷയബോധത്തോടും കൂടെ അതിന്റെ വായനയില്‍ മുഴുകിയിട്ടുണ്ട്.
ചിന്തയില്‍ ദിവസങ്ങളോളം അവയെ, അതിന്റെ അര്‍ഥാശയ തലങ്ങളെ തെളിയിച്ചെടുക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. എന്റെ ജീവിതത്തെ ക്രമീകരിച്ചതില്‍, അടുക്കും ചിട്ടയും നല്‌കിയതില്‍ വിശുദ്ധ ഖുര്‍ആനിനുള്ള പങ്ക് വിവരണങ്ങള്‍ക്കതീതമാണ്. എന്റെ ചിന്തയെയും വിചാരബോധത്തെയും വിവേകത്തെയും സ്വഭാവ രൂപീകരണത്തെയും ഏറെ സ്വാധീനിച്ചിട്ടുള്ളത് ഖുര്‍ആനാണ്. ഉദ്ധരണികള്‍ക്കപ്പുറം ഒരു ഉത്തേജനമായിരുന്നു എനിക്ക് ഖുര്‍ആന്‍. ഒരു ഘട്ടത്തില്‍ വഴിപിഴവിലേക്കടുത്ത എനിക്ക് വഴിയും വെളിച്ചവുമായി വര്‍ത്തിച്ചത് വിശുദ്ധ ഖുര്‍ആനാണ്.
ലോകത്ത് വിരചിതതമായിട്ടുള്ള എല്ലാ ഗ്രന്ഥങ്ങള്‍ക്കും ജ്ഞാനപരിമിതികളുണ്ട്. ആസ്വാദന പരിമിതികളുമുണ്ട്. അവയിലൊന്നിലൂടെയും നിത്യസമാധാനമോ സംശുദ്ധ സന്ദേശമോ നേര്‍വഴിയോ നേരെ ചൊവ്വെയുള്ള ജീവിത ദര്‍ശനമോ സ്‌മൃതിയുണര്‍ത്തുന്ന വചനസ്‌പന്ദനമോ ചിന്തയുണര്‍ത്തുന്ന അനുസ്‌മരണങ്ങളോ കാണുക സാധ്യമല്ല. ഖുര്‍ആന്‍ ഇതില്‍ നിന്നെല്ലാം വേറിട്ടുനില്‌ക്കുന്നു. എന്റെ വായനാനുഭവത്തില്‍ എന്നെ പിടിച്ചുനിര്‍ത്തിയിട്ടുള്ള അനവധി വചനങ്ങളുണ്ട്, ഓര്‍ത്തെടുക്കാന്‍ ധാരാളം കാര്യങ്ങളുണ്ട്. അവയില്‍ ചിലത് ഇന്നും നവ്യമായിത്തന്നെ എന്നെ വഴിനടത്തിക്കൊണ്ടിരിക്കുന്നു. അതിലൊന്നാണ് വിശുദ്ധ ഖുര്‍ആനിലെ അവസാന ഭാഗത്തെ ചെറു അധ്യായങ്ങളില്‍പ്പെട്ട സൂറത്തുദ്ദ്വുഹാ. ഇതിലെ പതിനൊന്ന് വചനങ്ങളും ജീവിതാനുഭവങ്ങളുടെ നഖചിത്രമാണ്. സമാശ്വാസവചനങ്ങളെന്ന നിലയില്‍ ഇതിന്റെ പരാമര്‍ശങ്ങള്‍ ഏറെ ചിന്തനീയമാണ്. പ്രവാചകജീവിതത്തിലെ ഒരു പ്രത്യേക പ്രതിസന്ധി സന്ദര്‍ഭത്തില്‍ സമാശ്വാസ സന്ദേശമായി അവതരിച്ചിട്ടുള്ള സൂറത്താണിത്. അതായത് വഹ്‌യിന്റെ അവതരണാനുഗ്രഹം കുറച്ചുകാലത്തേക്ക് മാറ്റിവെക്കപ്പെട്ടപ്പോള്‍, വഹ്‌യ് നിശ്ചലമായപ്പോള്‍ മറ്റുള്ളവരില്‍ നിന്ന് പരിഹാസം അനുഭവിക്കേണ്ടി വന്നു പ്രവാചകന്. അതില്‍ ചിലത് ഇപ്രകാരമായിരുന്നു.
``അല്ല മുഹമ്മദ്! നിന്നെ രക്ഷിതാവ് കയ്യൊഴിഞ്ഞോ?''
``എന്താ ഇപ്പോള്‍ നിനക്ക് ദുര്‍ബോധനം നല്‌കിയിരുന്ന സംവിധാനം നിലച്ചുപോയോ?''
``നീ പ്രവാചകനാണെന്നല്ലേ പറഞ്ഞത്. നിന്റെ അരികില്‍ വരാറുള്ള മാലാഖ എന്താ ഇപ്പോള്‍ വരാത്തത്. നിന്റെ നാഥന്‍ നിന്നെ വിട്ട് വേര്‍പിരിഞ്ഞോ?''
``നിന്റെ നാഥന്‍ നിന്നെ വെറുത്തൊഴിവാക്കിയോ!''
പ്രവാചകത്വത്തിന്റെ ആധാരമായി വര്‍ത്തിച്ച വഹ്‌യിന്റെ വിഘ്‌നം വരുത്തിത്തീര്‍ത്ത പരിഹാസത്തിന്റെയും അവഗണനയുടെയും അസ്വസ്ഥതകളെ പാടെ ദൂരീകരിച്ചുകൊണ്ട് തികച്ചും സാന്ത്വന സ്‌പര്‍ശമായിക്കൊണ്ടാണ് ഈ സൂറയിലെ വചനങ്ങള്‍ പ്രവാചകന് അനുഭവം നല്‌കിയത്. പ്രതിസന്ധിക്കുള്ള പരിഹാരം യാഥാര്‍ഥ്യം ബോധ്യപ്പെടലാണെന്നും, പ്രതിസന്ധികള്‍ കടക്കാന്‍ വസ്‌തുതകള്‍ തിരിച്ചറിയണമെന്നും ജീവിത പ്രതിസന്ധികളില്‍ തളരാതെ നില്‌ക്കണമെന്നും കരുത്തുറ്റ ഒരു രക്ഷാകര്‍തൃത്വത്തിന്റെ തണലിലാണ് ജീവിതം മുന്നോട്ടു പോകുന്നതെന്നും സംതൃപ്‌ത ജീവിതത്തിനുള്ള വക ആ രക്ഷകര്‍തൃത്വത്തില്‍ നിന്നനുഭവിക്കാമെന്നും, പിന്നിട്ട ജീവിത യാഥാര്‍ഥ്യങ്ങള്‍ വിസ്‌മരിക്കരുതെന്നും അവിടം സുരക്ഷിതത്വം നിലനിന്നതിനാലാണ് ഈയൊരു ഘട്ടത്തെ പ്രാപിച്ചതെന്നും, ഈ ഘട്ടത്തിലെ പ്രതിസന്ധിയെ തരണംചെയ്യാന്‍ പൂര്‍വഘട്ട അനുഗ്രഹസ്‌മരണകള്‍ സഹായകരമാകുമെന്നും, എത്ര വസ്‌തുതാപരമായാണ് അല്ലാഹു പ്രവാചകനെ ഓര്‍മപ്പെടുത്തുന്നത്. മാത്രമല്ല, പ്രതിസന്ധികളില്‍ തളര്‍ന്നുപോയവര്‍ക്ക് താങ്ങാകണമെന്നും ആശ്രിതരെ സഹായിക്കണമെന്നും ആധിവ്യാധി ബാധിതരെ അടിച്ചമര്‍ത്തരുതെന്നും, യഥേഷ്‌ടം അനുഗ്രഹങ്ങളെ പരാമര്‍ശിച്ചുകൊണ്ടിരിക്കണമെന്നും അല്ലാഹു ഉണര്‍ത്തി ഉപദേശിക്കുന്നു.
ഈ വചനങ്ങളിലെ അഭിസംബോധനകള്‍ പ്രവാചകനോടാണെങ്കിലും ജീവിതപ്രതിസന്ധികളെ മറികടക്കാന്‍ ഈ വചനങ്ങള്‍ എന്നെ ധാരാളം സഹായിച്ചിട്ടുണ്ട്. ഇതില്‍ അല്ലാഹു തന്നെ പ്രതിപാദിപ്പിക്കുന്നതും അവതരിപ്പിക്കുന്നതും സമ്പൂര്‍ണ രക്ഷാകര്‍തൃത്വത്തിന്റെ ഉടമ എന്ന നിലയിലാണ്. ഈയൊരു ചെറു സൂറയില്‍ ആവര്‍ത്തിക്കുന്ന, അവന്‍ നമ്മുടെ രക്ഷിതാവാണെന്ന പ്രബലനം എന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ട്.
എന്റെ പിതാവിനു ഞങ്ങള്‍ പതിനാറു മക്കളാണ്. വ്യത്യസ്‌ത ഭാര്യമാരില്‍ നിന്നും ജന്മംകൊണ്ട പതിനാറു മക്കളില്‍ നാലാമത്തെയാളാണ് ഞാന്‍. വിവിധങ്ങളായ പ്രതിസന്ധികളിലൂടെയാണ് എന്റെ ജീവിതം മുന്നോട്ടുപോയിട്ടുള്ളത്. സഞ്ചാരപ്രിയനും പണ്ഡിതനും സാത്വികനും ആസ്വാദകനും പ്രബോധകനും എഴുത്തുകാരനും അധ്യാപകനും പള്ളി ഇമാമും ഖത്തീബും ആശാരിയും ടൈലറും കല്‍പ്പണിക്കാരനും മെക്കാനിക്കും പെയിന്ററും സ്‌പോര്‍ട്‌സ്‌മാനും നല്ലൊരു കര്‍ഷകനുമായിരുന്നു എന്റെ വന്ദ്യനായ പിതാവ്. ഈ വക എണ്ണിത്തീര്‍ക്കാന്‍ പ്രയാസമുള്ള വ്യക്തിത്വത്തിനിടയില്‍ പിതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങളും കാത്തുസൂക്ഷിക്കേണ്ടതുണ്ടായിരുന്നു. ഉപ്പയെ ഞങ്ങള്‍ നോക്കിക്കണ്ടിരുന്നത് സദാ ഇത്തരം കാര്യങ്ങളില്‍ വ്യാപൃതനായ നിലയിലായിരുന്നു. ഞങ്ങളുടെ സംരക്ഷണത്തെ ഉപ്പ പൂര്‍ണമായും അല്ലാഹുവിനെ ഏല്‌പിക്കുകയായിരുന്നു. പിന്നെ ഉമ്മയെയും. ഉമ്മ ഞങ്ങളുടെ വളര്‍ച്ചയിലും ശിക്ഷണത്തിലും ത്യാഗപൂര്‍ണമായ, സമര്‍ഥമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. ഉപ്പയുടെ രക്ഷാകര്‍തൃത്വപാശം ഉപ്പ കാത്തുസൂക്ഷിക്കുകയും ചെയ്‌തു. സങ്കീര്‍ണതകള്‍ പലപ്പോഴും തലപൊക്കിയിരുന്നു. ഇല്ലായ്‌മകള്‍, ക്ലേശങ്ങള്‍ ഇതൊക്കെ അനുഭവപ്പെട്ടിരുന്നു. വേദന ആഹാരവും രോഗം മരുന്നുമായിരുന്നു. പട്ടിണിയെ പടി കടത്താന്‍ പലപ്പോഴും പട്ടിണി തന്നെ കിടക്കേണ്ടി വന്നിട്ടുണ്ട്. ചന്തമുള്ള വസ്‌ത്രമോ പാദരക്ഷയോ പഠനോപകരണങ്ങളോ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ആദര്‍ശപരമായ കണിശതയുള്ളതിനാലും ഉപ്പ ഒന്നിലധികം വിവാഹം ചെയ്‌തതിനാലും പലപ്പോഴും പരിഹാസങ്ങള്‍ക്കു വിധേയമാകാറുണ്ട്. ഏഴാം ക്ലാസു മുതല്‍ കൂലി വേല ചെയ്‌ത് കുടുംബത്തെ സഹായിച്ചിരുന്നു. സ്വന്തമായ കാര്യങ്ങള്‍ക്കു വക കണ്ടെത്താന്‍ അഭിമാന ബോധത്തോടെ തന്നെ കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്.
പിന്നിട്ട ഓരോ ഘട്ടവും ഓര്‍ത്തെടുക്കുമ്പോള്‍ നിന്റെ രക്ഷിതാവ് നിന്നെ കയ്യൊഴിഞ്ഞിട്ടില്ല, ഈര്‍ഷ്യത കാണിച്ചിട്ടുമില്ല, നിനക്കു വഴികാണിച്ചതും സമ്പന്നത നല്‌കിയതും സംരക്ഷണമൊരുക്കിയതും അവനായിരുന്നു എന്നത് ഇന്നും ഒരു തിരിച്ചറിവായി എന്നെ നയിച്ചുകൊണ്ടിരിക്കുന്നു. ഒന്നുമല്ലാത്ത ഒരു ജീവിത സന്ധിയില്‍ നിന്നും വര്‍ത്തമാന കാലം എത്ര മനോഹരമാണ്! പൂര്‍വ പ്രതിസന്ധികളെ ഓര്‍ത്ത്, കഷ്‌ടപ്പാടുകളെ ഓര്‍ത്ത്, ജീവിത സംതൃപ്‌തിയെ അലോസരപ്പെടാന്‍ അനുവദിക്കാതെ അല്ലാഹുവിന്റെ അപരിമേയമായ അനുഗ്രഹങ്ങളെയും സമഗ്രമായ രക്ഷാകര്‍തൃത്തെയും ജീവിതം കൊണ്ടനുഭവിച്ചറിയുകയാണ്.
എന്റെ ആദ്യത്തെ സഹധര്‍മിണി എന്റെ കരതലങ്ങള്‍ക്കിടയില്‍ കിടന്ന് മരണപ്പെട്ടപ്പോഴും, രോഗം മൗനമായി എന്നില്‍ പ്രവേശിച്ചപ്പോഴും രോഗം ശാന്തമായി എന്നോടൊപ്പം യാത്ര ചെയ്യുമ്പോഴും, നിന്റെ രക്ഷിതാവ് ഇനിയും നിനക്ക് ഔദാര്യങ്ങള്‍ നല്‌കും; അപ്പോള്‍ നീ സംതൃപ്‌തനാകും എന്ന വചനവും മുകളിലും താഴെയുമുള്ള വചനങ്ങളും എന്തുമാത്രം സമാശ്വാസമാണ് നല്‌കുന്നത്! സമാശ്വാസവും സമാധാനവും അനുഭവിക്കാന്‍ അവന്‍ നമുക്കവസരം നല്‌കട്ടെ.
0 comments: