ശബാബ് കത്തുകള്‍ 2014_feb_28

  • Posted by Sanveer Ittoli
  • at 8:13 AM -
  • 0 comments

കത്തുകള്‍



ആത്മാര്‍ഥതയുടെ വിജയം

കോട്ടക്കല്‍ എടരിക്കോട്‌ നവോത്ഥാന നഗറില്‍ സമാപിച്ച മുജാഹിദ്‌ സമ്മേളനം നല്ല അനുഭവമായിരുന്നു. തൗഹീദീ ആദര്‍ശത്തില്‍ അടിയുറച്ചുനിന്ന്‌ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‌കിയ പണ്ഡിതവര്യരെ ആദര്‍ശവ്യതിയാനം സംഭവിച്ചവര്‍ എന്നാരോപിക്കുകയും അവരെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും ശ്രമിച്ചവരെ സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. ആരോപണങ്ങള്‍ക്കുനേരെ ക്ഷമ കൊണ്ടും സഹനം കൊണ്ടും പ്രതികരിക്കുകയും ആത്മാര്‍ഥമായി അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുകയും ചെയ്‌ത ഒരു കൂട്ടം ആത്മാര്‍ഥരായ പ്രവര്‍ത്തകരെ അല്ലാഹു തീര്‍ച്ചായും സഹായിക്കും. ഇസ്വ്‌ലാഹീ പ്രവര്‍ത്തനവും നവോത്ഥാനവും ആഗ്രഹിക്കുന്നവര്‍ ഈ കൂട്ടായ്‌മയില്‍ കണ്ണി ചേരുകയാണഭികാമ്യം.
കണിയാപുരം നാസറുദ്ദീന്‍ ദാറുല്‍ സമാന്‍



തൗഹീദിന്റെ അലയൊലികള്‍ മനസ്സിലിരമ്പിയ വര്‍ഷം

മതം മാനവികത നവോത്ഥാനം, മുജാഹിദ്‌ 8-ാം സംസ്ഥാന സമ്മേളനം 2014 ഫെബ്രുവരി 6-9 എടരിക്കോട്‌ എന്ന പേരില്‍ തലയുയര്‍ത്തി നില്‌ക്കുന്ന ബാനറുകളും പോസ്റ്ററുകളും മനസ്സില്‍ അഭിമാനബോധം നിറയ്‌ക്കുമ്പോഴും എവിടെയോ ഒരു നീറ്റല്‍. എല്ലാം പെട്ടെന്ന്‌ വന്നുപോയതുപോലെ. ഓര്‍മകള്‍ സമ്മേളന നഗരിയെ തഴുകുമ്പോഴും ചിന്തകളില്‍ അത്ഭുതങ്ങളുടെ വേലിയേറ്റം. അനുസരണവും അച്ചടക്കവും അവയ്‌ക്ക്‌ മാറ്റുകൂട്ടുന്നു. മഹത്തായ വിജയത്തിനായി ദൈവീക പ്രീതി മാത്രം കാംക്ഷിച്ച്‌ ആതിഥേയമരുളാന്‍ ഒരുമയോടെ അധ്വാനിക്കുന്ന വിശ്വാസികള്‍, അവര്‍ക്ക്‌ ആദരവും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച്‌ പതിനായിരങ്ങള്‍. മുസ്‌ലിം സമൂഹത്തിന്‌ കൈമോശം വന്നിട്ടില്ലാത്ത അനുസരണത്തിന്റെ അലയൊലി അവിടമാകെ മാറ്റൊലി കൊള്ളുന്നു. ഓരോ വഖ്‌ത്തിനായും അണിനിരക്കുമ്പോള്‍ അനുഭവിക്കുന്ന നിര്‍വൃതി. സമാപന സംഗമ വേദിയില്‍ കൃതജ്ഞതയോടെ വിട നല്‌കല്‍, വാക്കുകള്‍ മുറിഞ്ഞ നിമിഷങ്ങള്‍, കണ്ണീരില്‍ കുതിര്‍ന്ന ഗദ്‌ഗദം. ദൗത്യത്തിന്റെ പാതി വഴിയില്‍ റബ്ബിലേക്ക്‌ മടങ്ങിയവര്‍ക്കായ്‌, പ്രയാണം നടത്തുന്നവര്‍ക്കായ്‌ കരുളുരികിയ പ്രാര്‍ഥന. അടുത്ത സമ്മേളനത്തില്‍ കാണാമെന്ന ശുഭപ്രതീക്ഷയുമായാണ്‌ എല്ലാവരും മടങ്ങുന്നത്‌.
നെക്‌സി മുഹമ്മദ്‌ ആലുംതറയില്‍
നമ്മുടെ സമരങ്ങള്‍
ഒരു രൂപ വിലയുള്ള അരി വേവിക്കാന്‍ 1300 രൂപയുടെ ഗ്യാസ്‌ വേണം. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനാല്‍ സാധാരണക്കാരന്‍ പൊറുതിമുട്ടിയിരിക്കുന്നു. ജനങ്ങള്‍ക്ക്‌ യാതൊരു പ്രതികരണവുമില്ല. അവരുടെ പ്രതികരണം, ഇതിനെതിരെ പ്രതിഷേധിക്കുന്നവരോടാണ്‌. ഹര്‍ത്താല്‍, ഉപരോധം, ധര്‍ണ ഒന്നും കണ്ടുകൂടാ. തനി ഗാന്ധിയന്‍ മാര്‍ഗമായ അഹിംസസമരത്തെയും പുച്ഛിച്ചുതള്ളുന്നു. ഒരു സമരത്തെ വിമര്‍ശിച്ച സന്ധ്യക്ക്‌ അഞ്ചുലക്ഷം രൂപ സമ്മാനം. സമരങ്ങള്‍ക്ക്‌ ജനപിന്തുണയില്ലെന്ന്‌ വിമര്‍ശിക്കുന്നവര്‍, ബദല്‍ നിര്‍ദേശങ്ങള്‍ ഒന്നും വെക്കുന്നുമില്ല.
ടി എം അബ്‌ദുല്‍ കരീം ഇടവെട്ടി

സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കുക

മുഹമ്മദ്‌ നബിയെക്കുറിച്ച്‌ മുശ്‌രിക്കുകള്‍ ഉന്നയിച്ചിരുന്ന ഒരു പ്രധാന ആരോപണം, അദ്ദേഹം ഇതര മനുഷ്യരുമായി ഇടപഴകുകയും അവരില്‍ ഒരാളായി ജീവിക്കുകയും ചെയ്യുന്നുവെന്നായിരുന്നു. പ്രവാചകരായി എന്തുകൊണ്ട്‌ മലക്കുകള്‍ ഇറക്കപ്പെടുന്നില്ല എന്ന ചോദ്യം അവരുയര്‍ത്തുകയുണ്ടായി.
മനുഷ്യര്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങളില്‍ മതപരിഗണനയൊന്നും കൂടാതെ തന്നെ അവര്‍ക്ക്‌ താങ്ങും തണലുമായി നിന്നുകൊണ്ടാണ്‌ നബി തന്റെ ജനതയെ വിശ്വാസപരമായും കര്‍മപരമായും സംസ്‌കരിച്ചെടുത്തത്‌. തന്നെ ഉപദ്രവിച്ച ജൂത പെണ്‍കുട്ടി രോഗിയായപ്പോള്‍ സന്ദര്‍ശിച്ചതും, അനാഥ വൃദ്ധക്ക്‌ വിറകുകെട്ട്‌ ചുമന്നുകൊണ്ടുപോയി കൊടുത്തതുമെല്ലാം ഇസ്‌ലാമിന്റെ കാരുണ്യനിബദ്ധവും മനുഷ്യപ്പറ്റുള്ളതുമായ ആദര്‍ശവശത്തെയും പ്രവാചകന്റെ സഹിഷ്‌ണുതയുടെയും സേവനതല്‌പരതയുടെയും മാതൃകകളെയാണ്‌ ഉദ്‌ഘോഷിക്കുന്നത്‌.
മനുഷ്യനിലെ സര്‍ഗാത്മകമായ കഴിവുകളെ ഏറെ പരിഗണിച്ച മതമാണല്ലോ ഇസ്‌ലാം. പ്രസംഗം, കവിത, ഇതര സാഹിത്യരചനകള്‍ തുടങ്ങിയ വിഷയങ്ങളിലെ തന്റെ അനുചരന്മാരിലെ സര്‍ഗ ശേഷികളെ നബി ധാരാളമായി പ്രോത്സാഹിപ്പിച്ചു. പ്രസംഗം പോലെത്തന്നെ കവിത എന്ന മാധ്യമവും ഇസ്‌ലാമിക പ്രബോധനത്തിന്‌ ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. വിശേഷ ദിവസങ്ങളില്‍ ദഫ്‌ മുട്ടി ഗാനമാലപിച്ചത്‌ റസൂല്‍ പ്രോത്സാഹിപ്പിച്ചതും ഇതര നാടുകളില്‍ നിന്നും വന്നയാളുകള്‍ നബിയ്‌ക്കു മുന്നില്‍ അവതരിപ്പിച്ച ആയോധന മുറകള്‍ സ്‌ത്രീകളെപ്പോലും കാണാന്‍ അനുവദിച്ചതുമെല്ലാം ഈ വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ സമീപനം ക്രിയാത്മകമാണ്‌ എന്നു വ്യക്തമാക്കുന്നതാണ്‌.
സൂര്യനുദിക്കുന്നതിലും പൂവിടരുന്നതിലും ഒരു സംഗീതാത്മകതയുണ്ട്‌. രാവിന്റെ നിശ്ശബ്‌ദതയില്‍ ദൃഷ്‌ടിഗോചരവും അല്ലാത്തതുമായ ചെറുജീവികള്‍ ഉയര്‍ത്തിവിടുന്ന ശബ്‌ദത്തിലും പുലരിയിലും പകലിലും പക്ഷികളുണ്ടാക്കുന്ന കൂവലിലും കുറുകലിലുമെല്ലാം താളാത്മകമായ ഒരു സംഗീതമുണ്ട്‌. ഇത്തരം പ്രകൃത്യാനുഭവങ്ങള്‍ മനുഷ്യനിലെ സര്‍ഗാത്മകതയെ ഉണര്‍ത്തുന്നുപോലുമുണ്ട്‌. മനസ്സിലെ സൗന്ദര്യബോധവും ആസ്വാദന ശേഷിയുമെല്ലാം ചോര്‍ന്നുപോയ ഒരാള്‍ക്കല്ലാതെ സൃഷ്‌ടിചരാചങ്ങളിലും, സ്വന്തം ഉള്ളില്‍ തന്നെയുമുള്ള സവിശേഷമായ ഈ ദൈവിക ദൃഷ്‌ടാന്തത്തെ നിരാകരിക്കാനാവില്ല. ഒരു പൂ വിടര്‍ന്നു നില്‌ക്കുന്നതു കാണുമ്പോഴും, ഒരു കുയിലിന്റെ രാഗം കേള്‍ക്കുമ്പോഴും മനുഷ്യരായ നമ്മില്‍ സന്തോഷമുണ്ടാകുന്നു. പ്രകൃതി പ്രതിഭാസങ്ങള്‍ മുഴുവന്‍ എല്ലാ അര്‍ഥത്തിലും മനുഷ്യന്‌ ദൃഷ്‌ടാന്തമാണുതാനും.
ഖുര്‍ആനിന്റെ ശൈലിയും നബിയുടെ സമീപനവുമെല്ലാം മനുഷ്യനിലെ പ്രസാദാത്മക ചിന്തയെ ഉണര്‍ത്തുന്നതാണ്‌. അല്ലാഹുവിന്റെ കാരുണ്യം, പാപമോചനം, സ്‌പര്‍ശത്തെ സംബന്ധിച്ച സുവിശേഷം എന്നിവയെല്ലാം വേദഗ്രന്ഥം മുന്തിച്ചു നിര്‍ത്തിയതായി നമുക്ക്‌ മനസ്സിലാക്കുവാന്‍ സാധിക്കും. ഇസ്‌ലാം മുന്നോട്ട്‌ വെക്കുന്ന പ്രതീക്ഷാനിര്‍ഭരമായ ഈ കാഴ്‌ചപ്പാട്‌ ജനങ്ങള്‍ക്ക്‌ പകര്‍ന്നുനല്‌കുന്നതിനു പകരം കല്ലിന്റെ കാര്‍ക്കശ്യമുള്ള ഒരു പ്രബോധനരീതി സ്വീകരിക്കുന്ന പ്രവണത വ്യാപകമാകുന്നു.
പരുഷമായ ജടപിടിച്ച മുഖങ്ങളില്‍ നിന്നും ഉയരുന്ന നിരോധാജ്ഞകള്‍ മതത്തിന്റെ മുഴുവന്‍ ചൈതന്യത്തെയും ചോര്‍ത്തിക്കളയുന്നു. മതപരമായി അയവും വിട്ടുവീഴ്‌ചയുമുള്ള വിഷയങ്ങളില്‍ തീവ്രത പുലര്‍ത്തുക, എല്ലാ കല്‌പനകളും നിര്‍ബന്ധത്തിനുള്ളതാണെന്ന്‌ പ്രചരിപ്പിക്കുക, ഐച്ഛിക വിഷയങ്ങള്‍ നിര്‍ബന്ധത്തിന്റെ വകുപ്പില്‍ പെടുത്തി കാര്‍ക്കശ്യം പുലര്‍ത്തുക, ഇസ്‌ലാമിലെ സാമൂഹ്യപരതയെ പൂര്‍ണമായും അവഗണിക്കുക, മനുഷ്യരിലെ ദൈവീകമായ സര്‍ഗശേഷികളെ നരക പ്രവേശത്തിനുള്ള കാരണമായി പ്രഖ്യാപിക്കുക, ജനങ്ങളെ സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും റിക്രൂട്ട്‌ ചെയ്യുന്ന വിധികര്‍ത്താക്കളാവുക തുടങ്ങിയവയാണ്‌ ഇത്തരക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന രീതികള്‍. ഇസ്‌ലാമിനെ സ്ഥിരമായി ഒരു തര്‍ക്കവിഷയമായി നിലനിര്‍ത്താന്‍ കാരണമാകും വിധം അനാവശ്യവും അമാന്യവുമായ സംവാദങ്ങളില്‍ നിരന്തരമായി ഏര്‍പ്പെടുകയും അത്തരമൊരവസ്ഥയില്‍ മതത്തെ പ്രതികൂലമായി ബാധിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ ദീര്‍ഘദര്‍ശനം ചെയ്യാന്‍ സാധിക്കാത്ത വിധം അടഞ്ഞ ചിന്താഗതി വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവരാണ്‌ ഇവരിലധികവും.
ജനങ്ങളില്‍ നിന്നും വേറിട്ടു നിന്നുകൊണ്ട്‌ ആത്മീയ സാക്ഷാത്‌ക്കാരം നേടാമെന്ന്‌ ധരിക്കുന്നവരാണ്‌ ഇസ്‌ലാമികേതരമായ ആത്മീയ ദര്‍ശനങ്ങള്‍ മിക്കതും. ആചാര പരതയില്‍ അഭിരമിച്ചു കൊണ്ടും പ്രത്യേക ഡ്രസ്‌ കോഡ്‌ സ്വീകരിച്ചുകൊണ്ടും ഇസ്‌ലാമിനകത്ത്‌ വളര്‍ന്നുവരുന്ന `ആത്മീയ' ധാരകളില്‍ സുഖം തേടുന്നവരെ കാണാന്‍ കഴിയും. ജീവിത പ്രശ്‌നങ്ങളില്‍ അകപ്പെട്ട്‌ കടുത്ത ഇച്ഛാഭംഗം നേരിട്ടവരും സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയാതെ അപകര്‍ഷതാബോധം പേറുന്നവരും ഇസ്‌ലാമിനെസ്സംബന്ധിച്ച്‌ ആഴത്തിലുള്ള പഠനത്തിനു മുതിരാതെ വൈജ്ഞാനിക വിഷയങ്ങളോട്‌ പുറംതിരിഞ്ഞു നില്‌ക്കുന്നവരുമൊക്കെയാണ്‌ ഇത്തരം ട്രെന്‍ഡുകളില്‍ എളുപ്പം ആകൃഷ്‌ടരാകുന്നത്‌. പ്രവാചക കാലത്തോളം വേരുകള്‍ എത്തിനില്‌ക്കുന്ന ഇസ്‌ലാമിന്റെ പേരിലുള്ള ഇത്തരം തെറ്റായ പ്രതിനിധാനങ്ങളെ തുറന്നുകാണിക്കുക എന്നതും ഇക്കാലത്തെ ഒരു നവോത്ഥാന പ്രവര്‍ത്തനം തന്നെയാണ്‌.
ജലീല്‍ പി അത്തോളി

വിദ്യാഭ്യാസവും ശിക്ഷണ രീതിയും

`മക്കളെ കയറൂരി വടരരുത്‌' എന്ന തലക്കെട്ടിലെ എഡിറ്റോറിയല്‍ (ലക്കം 25) ശ്രദ്ധേയമായി. ഇന്നത്തെ എല്ലാ രക്ഷിതാക്കളും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ട ലേഖനമാണിത്‌. ഒരു കുട്ടിയെ എങ്ങനെ വളര്‍ത്താം എന്നത്‌ ഇസ്‌ലാം കൃത്യമായി നിര്‍ദേശിക്കുന്നുണ്ട്‌. ആദ്യത്തെ ഏഴു വയസ്സില്‍ കുട്ടികളെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും ലാളിക്കണം. സ്‌നേഹബന്ധമെന്തെന്ന്‌ കുട്ടികള്‍ ഇതിലൂടെ പഠിക്കും. മറ്റുള്ളവരോട്‌ പെരുമാറുന്നതിന്റെ ആദ്യപാഠങ്ങളും. ഒരിക്കലും ലാളന അതിരുവിട്ടു മുഴുവന്‍ സമയവും ടിവിയുടെയോ പരസ്യങ്ങളുടെയോ മറ്റു ഗെയിമുകളുടെയോ അടിമയാകാന്‍ കുട്ടികള്‍ക്ക്‌ സാഹചര്യമൊരുക്കരുത്‌.
ഇക്കാലയളവില്‍ മക്കളെ സംസ്‌കാരം പഠിപ്പിക്കണം. എങ്ങനെ നാം നടക്കണം, പെരുമാറണം ഏതൊക്കെ സമയങ്ങളില്‍ എന്തൊക്കെ ചെയ്‌താല്‍ ജനം എന്ത്‌ കരുതും എന്നൊക്കെ കുട്ടികളെ ഈ ഒരു കാലഘട്ടത്തിലാണ്‌ പറഞ്ഞുകൊടുക്കേണ്ടത്‌. സാഹോദര്യ ബന്ധവും അയല്‍വാസി ബന്ധവും കുട്ടികളില്‍ ഊട്ടിവളര്‍ത്താന്‍ ശ്രദ്ധകൊടുക്കണം. തന്റെ മതത്തിന്റെ ആശയങ്ങളും അതിന്റെ വിധിവിലക്കുകയും അതോടൊപ്പം മറ്റും മതങ്ങളെ കുറിച്ചുള്ള ഒരു ബോധവും ഈ പ്രായപരിധിയില്‍ ഉണ്ടാക്കുക.
അടുത്ത 7 വര്‍ഷങ്ങളില്‍ മക്കളെ കൂട്ടുകാരാക്കുക. കാരണമെന്തെന്നുവെച്ചാല്‍ ഇത്‌ കൗമാരത്തിന്റെയും യൗവനത്തിന്റെയും കാലഘട്ടമാണ്‌. കുട്ടികള്‍ക്ക്‌ അതിന്റെ ഭാഗമായി ഒട്ടനവധി പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്‌. അവരോട്‌ നാം സുഹൃത്തുക്കളെപോലെ പെരുമാറുമ്പോള്‍ അവര്‍ അവരുടെ പ്രശ്‌നങ്ങള്‍ നമ്മോട്‌ പറയും. എങ്കില്‍ മാന്യമായ രീതിയില്‍ അത്‌ എത്രയുംപെട്ടെന്ന്‌ കൈകാര്യം ചെയ്യാന്‍ നമുക്ക്‌ സാധിക്കും. ഈ ഒരു രീതിയാണ്‌ ഇന്നത്തെ ഗവണ്‍മെന്റ്‌ അവരുടെ വിദ്യാഭ്യാസ പരിഷ്‌കരണ നിയമങ്ങളില്‍ മാറ്റംവരുത്തിക്കൊണ്ടുവരേണ്ടത്‌. ഇതാണ്‌ സര്‍ക്കാര്‍ ഓരോ രക്ഷിതാക്കളെയും കുട്ടികളെയും പഠിപ്പിക്കേണ്ടത്‌. അല്ലാതെ പ്രഫഷണല്‍ കോഴ്‌സുകളുടെ കാര്യം മാത്രം പറഞ്ഞ്‌ കുട്ടികളെയും രക്ഷിതാക്കളെയും ഭീതിപ്പെടുത്തുമ്പോള്‍ അതിനൊരാശ്വാസമായി ഏത്‌ വിദ്യാര്‍ഥിയും ഏത്‌ നട്ടപ്പാതിരക്കും ആരുമറിയാതെ വാഹനവുമായി പുറത്തിറങ്ങും എന്നുകൂടി നാം ആലോചിക്കുക.
ആദില്‍ കക്കോവ്‌

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: