സ്‌കൂള്‍ പഠനവും സമയമാറ്റത്തിന്റെ പ്രസക്തിയും

സ്‌കൂള്‍ പഠനവും സമയമാറ്റത്തിന്റെ പ്രസക്തിയും

കുറിപ്പുകള്‍ -
എച്ച്‌ എ മുഹമ്മദ്‌ മാസ്റ്റര്‍ കാസര്‍കോട്‌
1957-ല്‍ കേരള വിദ്യാഭ്യാസ നിയമം (കെ ഇ ആര്‍) നടപ്പിലാക്കിയതോടെയാണ്‌ സ്‌കൂള്‍ പഠനസമയത്തിന്‌ ഒരു ഏകീകൃത രൂപം ഉണ്ടായത്‌. അരനൂറ്റാണ്ട്‌ മുമ്പ്‌ മുസ്‌ലിം സമുദായം വിദ്യാഭ്യാസത്തോട്‌ മുഖം തിരിച്ചുനിന്നിരുന്നതുകൊണ്ട്‌ അവരുടെ കുട്ടികളെ സ്‌കൂളിലേക്ക്‌ ആകര്‍ഷിപ്പിക്കുന്നതിനായി ചില പ്രത്യേക ആനുകൂല്യങ്ങള്‍ അന്ന്‌ നടപ്പിലാക്കുകയായിരുന്നു. പ്രൈമറി തലത്തില്‍ അറബി പഠനം, മുസ്‌ലിം ഭൂരിപക്ഷ സ്‌കൂളുകള്‍ രാവിലെ 10.30-ന്‌ ആരംഭിക്കാനുള്ള അനുവാദം, വെള്ളിയാഴ്‌ചയും റമദാന്‍ മാസങ്ങളിലും അവധി തുടങ്ങിയവ ഇവയില്‍ പ്രധാനമാണ്‌. ഇവയില്‍ അറബി പഠനമാണ്‌ ഏറ്റവും ഫലപ്രദമായി കണ്ടത്‌.1980-ല്‍ അറബി പഠനത്തിന്‌ ചില നിയന്ത്രണങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തുനിയുകയുണ്ടായി. അധ്യാപകരുടെ യോഗ്യത (ക്വാളിഫിക്കേഷന്‍), രക്ഷിതാവിന്റെ സമ്മതപത്രം (ഡിക്ലറേഷന്‍), സ്‌കൂളില്‍ പ്രത്യേക സ്ഥലസൗകര്യം (അക്കമഡേഷന്‍) തുടങ്ങിയ നിബന്ധനകളില്‍ കര്‍ക്കശമായ നിലപാടു സ്വീകരിച്ചുകൊണ്ടാണ്‌ അറബി പഠനത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനം മുന്നോട്ട്‌ വന്നത്‌. എന്നാല്‍ ശക്തിയായ എതിര്‍പ്പിന്റെ ഫലമായി ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.
സംസ്ഥാനത്ത്‌ മുസ്‌ലിം ജനസംഖ്യ 25 ശതമാനമുണ്ടെന്നാണ്‌ സെന്‍സസ്‌ പ്രകാരം മനസ്സിലാകുന്നത്‌. സാമുദായിക പരിഗണന വെച്ചുകൊണ്ട്‌ സ്‌കൂളുകള്‍ അനുവദിക്കുന്ന രീതിയാണ്‌ ഇവിടെ സ്വീകരിച്ചുവരുന്നത്‌. ഒരിക്കലും മുസ്‌ലിം സമുദായത്തിന്‌ ആനുപാതികമായി സ്‌കൂളുകള്‍ അനുവദിക്കപ്പെട്ടിട്ടില്ല. 1997-98 ല്‍ 226 ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ അനുവദിച്ചതില്‍ മുസ്‌ലിം മാനേജ്‌മെന്റിന്‌ ലഭിച്ചത്‌ കേവലം 22 (9.77 ശതമാനം) എണ്ണം മാത്രമാണ്‌. ജനസംഖ്യയില്‍ 19 ശതമാനം വരുന്ന ക്രൈസ്‌തവ സമുദായത്തിന്‌ 110 (47.77%) സ്‌കൂളുകളാണ്‌ നല്‌കിയത്‌. സാമുദായികം മാത്രമല്ല പ്രാദേശികമായും ഈ രംഗത്ത്‌ വിവേചനം നിലനില്‌ക്കുന്നതായി കാണാം. അതാണ്‌ കാസറഗോഡ്‌ ജില്ലയില്‍ സ്‌കൂളുകള്‍ കുറഞ്ഞുപോയത്‌.
1998-ലാണ്‌ സ്‌കൂള്‍ പഠനരീതിയില്‍ പുതിയ സമീപനം സ്വീകരിക്കാന്‍ എന്‍ സി ഇ ആര്‍ ടി ചില ശ്രമങ്ങള്‍ക്ക്‌ ആരംഭം കുറിച്ചത്‌. എല്‍ പി-യില്‍ 5-ാം തരവും യു പി-യില്‍ 8-ാം തരവും ഉള്‍പ്പെടുത്താനാണ്‌ നിര്‍ദേശിക്കപ്പെട്ടത്‌. ഒന്നാംക്ലാസിലെ പ്രവേശന പ്രായം 5-ല്‍ നിന്ന്‌ 6 ആയി നിര്‍ണയിക്കാനും നിര്‍ദേശമുണ്ടായി. ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്ന ഈ നിര്‍ദേശത്തെ അധ്യാപക സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കുകയായിരുന്നു. അതുകൊണ്ട്‌ സ്‌കൂള്‍ സമയ മാറ്റത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പരിഷ്‌കാരങ്ങള്‍ പൂര്‍ണമായും അന്ന്‌ ഉപേക്ഷിക്കേണ്ടി വന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അവയില്‍ ചിലത്‌ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കാന്‍ പോകുന്നതായി അറിയുന്നു.
എന്നാല്‍ ഇന്ന്‌ സ്‌കൂള്‍ പഠനസമയം രാവിലെ 8 മുതല്‍ വൈകുന്നേരം 3.30 വരെയായി പുനര്‍നിര്‍ണയിക്കാനുള്ള ആലോചന നടക്കുന്നുണ്ട്‌. ഇതുമൂലം മദ്‌റസാ പഠനം അവതാളത്തിലാകുമെന്നാണ്‌ മുസ്‌ലിം സമുദായത്തിലെ ചിലരെങ്കിലും ആശങ്കപ്പെടുന്നത്‌. മറ്റു സംഘടനകളെല്ലാം തന്നെ ഈ നിര്‍ദേശത്തെ പരോക്ഷമായി അംഗീകരിക്കുന്നതായി കണ്ടുവരുന്നു. മുസ്‌ലിം സമുദായത്തിലെ 10 ശതമാനത്തോളം പേര്‍ ഇത്തരം നിര്‍ദേശത്തെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാട്‌ സ്വീകരിക്കുന്നത്‌. അപ്പോള്‍ 85 ശതമാനം അനുകൂലിക്കുന്ന സ്ഥിതിയുണ്ടായാല്‍ പദ്ധതി നടപ്പിലാകുമെന്നാണ്‌ പ്രതീക്ഷിക്കേണ്ടത്‌. അതോടൊപ്പം അറബി, ഉറുദു, സംസ്‌കൃത പഠനത്തിന്‌ നിയന്ത്രണമുണ്ടാകുമെന്ന ആശങ്കയുമുണ്ട്‌.
വിദ്യാലയങ്ങളില്‍ സമാധാന അന്തരീക്ഷവും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അറബി, ഉറുദു, സംസ്‌കൃത ഭാഷകളുടെ സ്വാധീനം വലുതാണ്‌. ഒരു ഭാഷ എന്നതിലുപരി വിദ്യാര്‍ഥികളില്‍ നല്ല സാമൂഹ്യ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ഈ ഭാഷാപഠനം ഉപകരിക്കുന്നതായി കാണാം. അഭ്യസ്‌ത വിദ്യരുടെ, പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ ഒരു പ്രധാനതൊഴില്‍ മേഖലയായി ഇവയുടെ അധ്യാപനത്തെ കാണാം.
ഗള്‍ഫ്‌ മേഖലയില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിന്‌ അറബിഭാഷ സഹായകരമായ ഘടകമാണ്‌. അറബി പഠനസംവിധാനത്തെ നിരുത്സാഹപ്പെടുത്താനും വിദ്യാര്‍ഥികളെ അതില്‍ നിന്ന്‌ അകറ്റി നിര്‍ത്താനും ചില മുസ്‌ലിം സാമുദായിക സംഘടനകള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നതായി കാണാം. അത്തരം പ്രവണതകള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകാത്തവര്‍ കാലഘട്ടത്തിനനുസരിച്ച്‌ പരിഷ്‌കാരങ്ങള്‍ക്ക്‌ ബന്ധപ്പെട്ടവര്‍ ആലോചിക്കുമ്പോള്‍ കോലാഹലമുണ്ടാക്കുന്നതില്‍ വലിയ അര്‍ഥമില്ല. 
അറബി പഠനത്തിന്‌ പാരവെക്കാന്‍ തുനിഞ്ഞവര്‍ ഇന്ന്‌ ഭരണക്കാരുടെ സ്വന്തക്കാരാണെന്നത്‌ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക്‌ പ്രേരണയാകുന്നുമുണ്ട്‌. അതുകൊണ്ട്‌ ചെറിയൊരു വിഭാഗം പരിഷ്‌കരണത്തിനെതിരെ നില്‍ക്കുന്നതും സമരം നടത്തുന്നതും സമൂഹത്തില്‍ വിഭാഗീയ ചിന്താഗതിക്ക്‌ ഇടവരുത്തും. അതുകൊണ്ട്‌ അറബി പഠനത്തിന്‌ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന നിയന്ത്രണത്തിന്‌ ബദല്‍ നിര്‍ദേശം സമര്‍പ്പിച്ച്‌ പരിഹാരം കാണാനാണ്‌ നാം ശ്രമിക്കേണ്ടത്‌.
സ്‌കൂള്‍ സമയമാറ്റം മതപഠനത്തെ ഗുരുതരമായി ബാധിക്കുമെന്നോ മദ്‌റസാ സമ്പ്രദായത്തെ തന്നെ തകര്‍ക്കുമെന്നോ ആശങ്കപ്പെടേണ്ടതില്ല. മദ്‌റസാസമയം പുനക്രമീകരിക്കുകയും സിലബസ്‌ ശാസ്‌ത്രീയമാക്കുകയും ചെയ്‌തുകൊണ്ട്‌ മതപഠനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നമുക്ക്‌ സാധിക്കേണ്ടതാണ്‌. പഠനത്തെ കാലോചിതമായി സമീപിക്കാനുള്ള സന്നദ്ധത നമ്മില്‍ ഉണ്ടായിരിക്കണമെന്നു മാത്രം. വളരെ കുറഞ്ഞ സമയം മാത്രമാണ്‌ ഇന്ന്‌ മദ്‌റസാ പഠനത്തിന്‌ ലഭിക്കുന്നത്‌. സ്‌കൂള്‍ അവധി ദിവസങ്ങളിലും വെള്ളിയാഴ്‌ചയും റമദാന്‍ അവധി ദിവസങ്ങളിലും കൂടുതല്‍ സമയമെടുത്ത്‌ മദ്‌റസാ പഠനം ഫലപ്രദമാക്കാവുന്നതാണ്‌. വര്‍ഷത്തില്‍ 180 ദിവസം മാത്രമാണ്‌ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ബാക്കിയുള്ള 185 ദിവസങ്ങളില്‍ ശാസ്‌ത്രീയമായും കാര്യക്ഷമമായും ഉപയോഗപ്പെടുത്താനുള്ള സംവിധാനമുണ്ടാക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌.
രാവിലെ എട്ടു മണി മുതലുള്ള പഠനസമയം കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനും ആരോഗ്യസംരക്ഷണത്തിനും പ്രയോജനകരമായിരിക്കണമെന്നതില്‍ സംശയമില്ല. പൊതുജനങ്ങളെയും സമുദായ സംഘടനകളെയും ബോധവത്‌കരണത്തിലൂടെ സര്‍ക്കാര്‍ സമീപനത്തിന്‌ അനുകൂലമാക്കാന്‍ ശ്രമിക്കുന്നത്‌ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റത്തിന്‌ വഴിവെക്കുക തന്നെ ചെയ്യും.

0 comments:

ആരാധനകളിലെ ഏകാഗ്രത

ആരാധനകളിലെ ഏകാഗ്രത
 പഠനം -
പി കെ മൊയ്‌തീന്‍ സുല്ലമി
അല്ലാഹു മനുഷ്യനു മേല്‍ ചില ആരാധനാകര്‍മങ്ങള്‍ നിര്‍ബന്ധമാക്കിയതിലും ചര്യയാക്കിയതിലും പല ഉദ്ദേശ്യലക്ഷ്യങ്ങളുമുണ്ട്‌. എന്നാല്‍ നമ്മുടെ ആരാധനാ കര്‍മങ്ങള്‍ ഒരു ചടങ്ങ്‌ എന്നതിലുപരി അല്ലാഹു ഉദ്ദേശിച്ച ലക്ഷ്യങ്ങളില്‍ എത്തുന്നുണ്ടോ എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. നമസ്‌കാരവും നോമ്പും അനുഷ്‌ഠിക്കുന്നവരുടെ എണ്ണം മുമ്പത്തേക്കാള്‍ എത്രയോ കൂടുതലാണ്‌. ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവരുടെ എണ്ണവും കുറവല്ല. സകാത്തിന്റെ കാര്യത്തിലാണ്‌ അല്‍പമെങ്കിലും ആളുകള്‍ അലസന്മാരാവുന്നത്‌. നബി(സ) മരണപ്പെട്ടപ്പോള്‍ അബൂബക്കറിന്‌(റ) ആദ്യമായി യുദ്ധംചെയ്യേണ്ടിവന്നത്‌ സകാത്ത്‌ മുടക്കികളോടായിരുന്നുവല്ലോ. 
നാം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന നോമ്പിലും നമസ്‌കാരങ്ങളിലും ഹജ്ജിലും ഉംറയിലും സകാത്തുകളിലും സമ്പൂര്‍ണമായ ഏകാഗ്രത നമുക്ക്‌ ലഭിക്കുന്നുണ്ടോ? നമുക്ക്‌ രാഷ്‌ട്രീയം പറയാന്‍, കുടുംബകാര്യം ചര്‍ച്ച ചെയ്യാന്‍, സംഘടനാ കാര്യം സംസാരിക്കാന്‍ കച്ചവടത്തിലും കൃഷിയിലും ലാഭവും നഷ്‌ടവും വിലയിരുത്താന്‍ ഒക്കെ യഥേഷ്‌ടം സമയമുണ്ട്‌. പക്ഷെ, നമസ്‌കരിക്കാനും അല്ലാഹുവോട്‌ പ്രാര്‍ഥിക്കാനും നമുക്ക്‌ സമയമില്ല. നമുക്കതില്‍ വേണ്ടത്ര താല്‌പര്യമോ ഏകാഗ്രതയോ ഇല്ല. പരലോകചിന്ത നമ്മില്‍ നിന്ന്‌ അപ്രത്യക്ഷമാകുന്നുണ്ടോ എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.
മനുഷ്യന്‍ ശരീരംകൊണ്ടു ചെയ്യുന്ന ഏറ്റവും ശ്രേഷ്‌ഠകരമായ ആരാധന നമസ്‌കാരമാണ്‌. നമസ്‌കാരത്തില്‍ കാര്യമായ ഏകാഗ്രത ലഭിക്കുന്നുണ്ടോ? ഏകാഗ്രത ലഭിക്കുന്നുണ്ടെങ്കില്‍ അതിന്‌ മൂന്ന്‌ കാരണങ്ങള്‍ ഉണ്ടാകും. ഒന്ന്‌: നിയ്യത്ത്‌, രണ്ട്‌: നിഷ്‌കളങ്കത (ഇഖ്‌ലാസ്‌), മൂന്ന്‌: നബി(സ) നമസ്‌കരിച്ചു മാതൃക കാണിച്ചു തന്നതുപോലെ നിര്‍വഹിക്കുക. ഏതൊരു കര്‍മം ചെയ്യുമ്പോഴും അത്‌ മാത്രം നിജപ്പെടുത്തി അല്ലാഹുവിനുവേണ്ടി നിര്‍വഹിക്കുന്നു എന്ന്‌ മനസ്സില്‍ കരുതുന്നതാണ്‌ നിയ്യത്ത്‌. ``തീര്‍ച്ചയായും കര്‍മങ്ങള്‍ നിയ്യത്ത്‌ അനുസരിച്ച്‌ മാത്രമാണ്‌'' (ബുഖാരി) എന്ന നബിവചനം നിയ്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു.
അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും ലക്ഷ്യംവെച്ചുകൊണ്ട്‌ നമസ്‌കാരം നിര്‍വഹിക്കുകയെന്നതാണ്‌ നിഷ്‌കളങ്കത അഥവാ ഇഖ്‌ലാസ്‌. ആരും കാണാന്‍ വേണ്ടിയല്ല, അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കും ഇത്തരക്കാരുടെ ലക്ഷ്യം. അല്ലാഹു പറയുന്നു: ``എല്ലാ കീഴ്‌വണക്കവും അല്ലാഹുവിന്‌ മാത്രമാക്കിക്കൊണ്ട്‌ നിഷ്‌കളങ്കരായി അല്ലാഹുവെ ആരാധിക്കാനല്ലാതെ അവര്‍ കല്‌പിക്കപ്പെട്ടിട്ടില്ല.'' (അല്‍ബയ്യിനത്‌ 5)
നബി(സ)യാണ്‌ എല്ലാ കാര്യത്തിലും നമ്മുടെ മാതൃക. അത്‌ വിശ്വാസകാര്യങ്ങളായിരുന്നാലും കര്‍മങ്ങളായിരുന്നാലും. നബി(സ) നമസ്‌കരിച്ചു മാതൃക കാണിച്ചുതന്നതുപോലെ നമ്മള്‍ നമസ്‌കരിക്കണം. അത്‌ നബി(സ) തന്നെ നമ്മോട്‌ കല്‌പിച്ചിട്ടുള്ളതാണ്‌. ``ഞാന്‍ നമസ്‌കരിക്കുന്നത്‌ നിങ്ങള്‍ ഏത്‌ രൂപത്തില്‍ കണ്ടുവോ അതുപോലെ നിങ്ങളും നമസ്‌കരിക്കുക.'' (ബുഖാരി)
മേല്‍പറഞ്ഞ മൂന്ന്‌ കര്‍മങ്ങളും സമ്പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ നമസ്‌കാരം നിര്‍വഹിക്കുന്നതെങ്കില്‍ നമസ്‌കാരത്തില്‍ ഏകാഗ്രത ലഭിക്കും. അഥവാ അല്ലാഹുവെ നേരില്‍ കണ്ട്‌ സംസാരിക്കുന്നതു പോലെ അവനുമായി സംഭാഷണം നടത്താന്‍ സാധിക്കും. നമസ്‌കാരത്തില്‍ `അല്ലാഹുവുമായുള്ള സംഭാഷണം നടത്തുന്നതിനിടയില്‍ ശ്രദ്ധ തിരിഞ്ഞുപോകാതിരിക്കുക' എന്നതാണ്‌ ഏകാഗ്രത കൊണ്ടുദ്ദേശിക്കുന്നത്‌. മറിച്ച്‌ നമസ്‌കാരത്തിന്റെ നിയ്യത്ത്‌ വ്യക്തമല്ലാത്ത അവസ്ഥയില്‍ സമൂഹത്തില്‍ ഞാനും നടത്തേണ്ട ഒരു ചടങ്ങ്‌ എന്ന നിലയില്‍ അശ്രദ്ധമായി ചിന്തകള്‍ എവിടെയൊക്കെയോ വ്യാപരിച്ചുകൊണ്ട്‌ നടത്തുന്ന നമസ്‌കാരം ഏകാഗ്രമായിരിക്കുകയില്ല. അത്‌ കുറ്റകരവും കൂടിയായിരിക്കും. അതുകൊണ്ട്‌ അല്ലാഹു ഉദ്ദേശിച്ച നന്മകള്‍ അവന്റെ നമസ്‌കാരം കൊണ്ട്‌ സമൂഹത്തിന്‌ ലഭിക്കുന്നതുമല്ല. അല്ലാഹുവും റസൂലും കല്‌പിച്ച വിധം നമസ്‌കരിക്കുന്നവര്‍ സമൂഹത്തിന്‌ നന്മ ചെയ്യുന്നവരാണ്‌. അല്ലാത്തവര്‍ സമൂഹത്തിന്‌ ഉടക്ക്‌ വെക്കുന്നവരാണെന്ന്‌ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ``എന്നാല്‍ തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി അശ്രദ്ധരും ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും പരോപകാര വസ്‌തുക്കള്‍ മുടക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്കാകുന്നു നാശം.'' (മാഊന്‍ 4-7)
നമസ്‌കാരം കൊണ്ട്‌ ശിക്ഷ ലഭിക്കുന്നവരെ സംബന്ധിച്ചാണ്‌ മേല്‍ പ്രസ്‌താവിച്ചത്‌. അവര്‍ നമസ്‌കരിക്കുന്നത്‌ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിയല്ല. മറിച്ച്‌, ആളുകളെ കാണിക്കാന്‍ വേണ്ടിയാണ്‌. അതിനാല്‍ അവര്‍ തങ്ങളുടെ നമസ്‌കാരം അശ്രദ്ധമായി നിര്‍വഹിക്കുന്നവരാണ്‌. ഇത്തരം നമസ്‌കാരം ആത്മാര്‍ഥതയില്ലാതെ നമസ്‌കരിക്കുന്നവര്‍ മനുഷ്യന്‌ ഉപകാരം ചെയ്യുന്നവരല്ല. അത്‌ തടഞ്ഞുവെക്കുന്നവരാണ്‌. അല്ലാഹുവും റസൂലും കല്‌പിച്ചതുപോലെ നമസ്‌കരിക്കുന്നവര്‍ക്ക്‌ അവരുടെ നമസ്‌കാരങ്ങളില്‍ ഏകാഗ്രത ഉണ്ടാകുമെന്ന്‌ മാത്രമല്ല, അവരില്‍ നിന്ന്‌ മനുഷ്യര്‍ക്ക്‌ നന്മയേ ഉണ്ടാകൂ എന്നും മേല്‍വചനം സൂചന നല്‍കുന്നുണ്ട്‌. മാതൃകാപരമായി നമസ്‌കരിക്കുന്നവരില്‍ നിന്ന്‌ തെറ്റുകുറ്റങ്ങള്‍ കുറയുമെന്നും വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വിശദീകരിച്ചുതരുന്നുണ്ട്‌.
``തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍ക്കുക എന്നത്‌ ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു'' (അന്‍കബൂത്‌ 45). ``അബൂഹുറയ്‌റ പറയുന്നു: ``നബി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: നിങ്ങളുടെ വീടിന്റെ വാതിലിന്നരികെ ഒരു ജലാശയമുണ്ടായിരിക്കുകയും എല്ലാ ദിവസവും അതില്‍ നിന്ന്‌ അഞ്ചുതവണ കുളിക്കുകയും ചെയ്‌താല്‍ അവന്റെ ശരീരത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ? നിങ്ങളെന്ത്‌ അഭിപ്രായപ്പെടുന്നു? അവര്‍ പറഞ്ഞു: അവന്റെ ശരീരത്തില്‍ യാതൊരുവിധ അഴുക്കും ചേറും അവശേഷിക്കുന്നതല്ല. നബി(സ) പറഞ്ഞു: അതുപോലെയാണ്‌ അഞ്ച്‌ വഖ്‌ത്‌ നമസ്‌കാരങ്ങള്‍. അവ കാരണം അവന്റെ പാപങ്ങള്‍ അല്ലാഹു മായ്‌ചുകളയുന്നു'' (മുത്തഫഖുന്‍ അലൈഹി)
ഏകാഗ്രതയുള്ള നമസ്‌കാരവും മറ്റു ആരാധനാ കര്‍മങ്ങളും മനുഷ്യരെ പാപങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. ഒരാളുടെ നമസ്‌കാരംകൊണ്ട്‌ അയാളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്തുന്നില്ലെങ്കില്‍ അയാളുടെ നമസ്‌കാരം ശരിയായ രീതിയിലല്ല എന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. നമസ്‌കാരം നിര്‍ബന്ധമായും അഞ്ചുതവണ അല്ലാഹു നിര്‍ബന്ധമാക്കാന്‍ കാരണം രണ്ടാണ്‌. ഒന്ന്‌ ചീത്തയും നിഷിദ്ധവുമായ കാര്യങ്ങളില്‍ നിന്ന്‌ അകന്നുനില്‌ക്കല്‍. രണ്ട്‌, അല്ലാഹുവിനെ സദാ ഓര്‍ത്തുകൊണ്ടിരിക്കല്‍. അല്ലാഹുവെ ഓര്‍ക്കുക എന്നുവെച്ചാല്‍ അവനെ അനുസരിക്കുകയും ഭയപ്പെടുകയും ചെയ്യുക എന്നതാണ്‌. അപ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയും. പണ്ഡിതനായിരുന്നാലും പാമരനായിരുന്നാലും അഞ്ചുതവണ കൃത്യമായി അയാള്‍ നമസ്‌കരിച്ചിട്ടും അയാളുടെ ദുസ്വഭാവങ്ങളിലും തെറ്റുകുറ്റങ്ങളിലും കാര്യമായ മാറ്റം സംഭവിക്കുന്നില്ലെങ്കില്‍ അയാളുടെ നമസ്‌കാരത്തിന്‌ എന്തോ പന്തികേടുണ്ടെന്ന്‌ മനസ്സിലാക്കാം. ആത്മാര്‍ഥമായും ഏകാഗ്രതയോടുകൂടിയും അല്ലാഹുവിന്‌ ആരാധനാകര്‍മങ്ങള്‍ അര്‍പ്പിക്കുന്നവരുടെ സല്‍കര്‍മങ്ങള്‍ സഹസൃഷ്‌ടികള്‍ക്കും അനുഗ്രഹമായി മാറുന്നു. കൃത്യമായി സകാത്തും സ്വദഖയും വിതരണം ചെയ്യുന്നവരുടെ സന്മനസ്സ്‌ സമസൃഷ്‌ടികള്‍ക്ക്‌ അനുഗ്രഹമായി മാറുന്നതുപോലെ.
ആരാധനാകര്‍മങ്ങളിലുള്ള ആത്മാര്‍ഥതയും ഏകാഗ്രതയും കുറയാനുള്ള പ്രധാന കാരണം ഭൗതികതാല്‌പര്യങ്ങളാണ്‌. പള്ളിയില്‍ നമസ്‌കാരം പ്രതീക്ഷിച്ചിരിക്കുന്നവരില്‍ തന്നെ രണ്ടുവിധം ആളുകളുണ്ട്‌. ഒന്ന്‌ ജമാഅത്ത്‌ പ്രതീക്ഷിച്ചിരിക്കുന്നവര്‍. ഇക്കൂട്ടര്‍ വളരെ വിരളമായിരിക്കും. ഈ കൂട്ടര്‍ അവിടെ നടക്കുന്ന സംസാരങ്ങളില്‍ പങ്കെടുക്കാതെ ഖുര്‍ആന്‍ പഠനത്തിലോ പാരായണത്തിലോ മുഴുകുന്നവരായിരിക്കും. രണ്ട്‌, ഒരു നമസ്‌കാരസമയം കഴിഞ്ഞ്‌ മറ്റൊരു നമസ്‌കാരസമയം വരെ മതരാഷ്‌ട്രീയ സാമൂഹ്യ ചര്‍ച്ചകള്‍ സജീവമാക്കുന്നവര്‍. ഇത്തരം ചര്‍ച്ചകള്‍ പലപ്പോഴും പരദൂഷണത്തിലും പൊറുക്കപ്പെടാത്ത പാപങ്ങളിലുമാണ്‌ ചെന്നെത്തിക്കുക. അതിനാല്‍ ഇത്തരക്കാരുടെ ജമാഅത്തിന്റെയും മറ്റു ആരാധനാകര്‍മങ്ങളുടെയും പ്രതിഫലം പരലോകത്ത്‌ മറ്റുള്ളവര്‍ കൈവശപ്പെടുത്താനും നേടിയെടുക്കാനും കാരണമാകുന്നു. 
നമ്മുടെ ആരാധനാ കര്‍മങ്ങള്‍ ആത്മാര്‍ഥതയും ഏകാഗ്രതയും ഉള്ളതായിത്തീരണമെങ്കില്‍ വിനയമുള്ള മനസ്സ്‌ നിര്‍ബന്ധമാണ്‌. അല്ലാഹു വിലയിരുത്തുന്നത്‌ നമ്മുടെ ജാടകളെയോ വേഷഭൂഷാദികളെയോ അല്ല. മറിച്ച്‌, നമ്മുടെ മനസ്സിനെയും കര്‍മങ്ങളെയുമാണ്‌. നാം പലപ്പോഴും വിലയിരുത്താറുള്ളത്‌ ഒരാളുടെ താടിയുടെ നീളം, നമസ്‌കാരത്തഴമ്പ്‌ തുടങ്ങിയവയാണ്‌. അല്‌പം വാചാലതയും കൂടിയായാല്‍ അയാള്‍ക്ക്‌ തുല്യര്‍ കുറയും. അതൊന്നുമല്ല ഒരു സത്യവിശ്വാസിയെ വിലയിരുത്താനുള്ള മാനദണ്ഡം. ഒരാളുടെ താടിയുടെ നീളത്തെക്കാളും വീതിയെക്കാളും അയാള്‍ക്കുണ്ടായിരിക്കേണ്ട ഹൃദയവിശാലതയാണ്‌ നാം കണക്കാക്കേണ്ടത്‌. 
വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌ `സുജൂദിന്റെ അടയാളങ്ങള്‍ മുഖത്തായിരിക്കും' എന്നാണ്‌. അതുകൊണ്ടുദ്ദേശിക്കുന്നത്‌ അയാളുടെ സ്വഭാവമാണ്‌. നബി(സ)യുടെ വിയര്‍പ്പിനെക്കുറിച്ചു പോലും ഹദീസുകളില്‍ പരാമര്‍ശമുണ്ട്‌. എന്നാല്‍ അവിടുത്തെയോ നാല്‌ ഖലീഫമാരുടെയോ നമസ്‌ക്കാരത്തഴമ്പുകളെ സംബന്ധിച്ച്‌ കാര്യമായ പരാമര്‍ശങ്ങള്‍ എവിടെയും വന്നിട്ടില്ല. നമ്മുടെ മനസ്സും പ്രവര്‍ത്തനങ്ങളുമാണ്‌ വിലയിരുത്തപ്പെടേണ്ടത്‌. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും അതിനെ (മനസ്സിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ ദുഷിപ്പിച്ചവന്‍ നിര്‍ഭാഗ്യമടയുകയും ചെയ്‌തു.'' (ശംസ്‌ 9,10)
``തീര്‍ച്ചയായും അല്ലാഹു നോക്കുന്നത്‌ നിങ്ങളുടെ ശരീരത്തിലേക്കോ രൂപഭംഗിയിലേക്കോ അല്ല. പക്ഷെ അവന്‍ നോക്കുന്നത്‌ നിങ്ങളുടെ മനസ്സിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമാണ്‌'' (മുസ്‌ലിം). അഹങ്കാരം ഒരിക്കലും ഒരാള്‍ക്കും പരലോകവിജയം നല്‍കുന്നതല്ല. വിനയമുള്ളവനേ ആരാധനാ കര്‍മങ്ങളിലും മറ്റു സല്‍ക്കര്‍മങ്ങളിലും ഏകാഗ്രതയും ആത്മാര്‍ഥതയും പുലര്‍ത്താന്‍ കഴിയൂ. വിനയത്തില്‍ ഏറ്റവും ഉന്നതമായത്‌ മറ്റുള്ളവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുക എന്നതാണ്‌. അതിനു കഴിയാത്തവര്‍ക്ക്‌ സല്‍ക്കര്‍മികളാവാന്‍ സാധ്യമല്ല.

0 comments:

ഒരു അന്വേഷിയുടെ ഓര്‍മയ്‌ക്ക്‌

ഒരു അന്വേഷിയുടെ ഓര്‍മയ്‌ക്ക്‌

കാക്കനോട്ടം -
എ പി കുഞ്ഞാമു
അസ്‌ഗര്‍ അലി എന്‍ജിനീയര്‍ നമുക്ക്‌ മുമ്പാകെ വിട്ടേച്ചു പോയതെന്താണ്‌? മൗലികവാദത്തില്‍ നിന്ന്‌ മതത്തെയും ആത്മീയ ശൂന്യതയില്‍ നിന്ന്‌ വര്‍ത്തമാനകാലത്തെയും മോചിപ്പിക്കാന്‍ ഇസ്‌ലാമിന്റെ നൈതിക മൂല്യങ്ങള്‍ സഹായകമാണെന്ന ഉറച്ച വിശ്വാസത്തോടെ എഴുതുകയും പ്രസംഗിക്കുകയും ചിന്തിക്കുകയും ചെയ്‌ത ആക്‌ടിവിസ്റ്റാണ്‌ അദ്ദേഹം. `ഇസ്‌ലാമിന്റെ വിമോചന ദൗത്യം ഉയര്‍ത്തിപ്പിടിച്ച ചിന്തകന്‍' എന്ന്‌ അടയാളപ്പെടുത്തുമ്പോള്‍ തന്നെ `പരമ്പരാഗത മുസ്‌ലിം പണ്ഡിതര്‍ക്ക്‌ സ്വീകാര്യമല്ലാത്തതാണ്‌ അദ്ദേഹം ചിന്തിച്ചരീതി പലപ്പോഴും' എന്നൊരു ജാമ്യാപേക്ഷ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്‌ സാമാന്യേന മുസ്‌ലിം എഴുത്തുകാര്‍ അദ്ദേഹത്തെ വിലയിരുത്താറുള്ളത്‌.
(ഉദാ: അസ്‌ഗര്‍ അലി എന്‍ജിനീയര്‍ -അതുല്യ ധിഷണാശാലി: മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍, ചന്ദ്രിക, മെയ്‌ 19). എന്തുകൊണ്ടാണ്‌ എന്‍ജീനയറുടെ വിമോചന ദൗത്യത്തെ മുഖവിലക്കെടുക്കാന്‍ നമുക്ക്‌ സാധിക്കാതെ പോവുന്നത്‌? എന്തുകൊണ്ടാണ്‌ പരമ്പരാഗത മുസ്‌ലിം പണ്ഡിതര്‍ക്ക്‌ സ്വീകാര്യമല്ലാത്ത അദ്ദേഹത്തിന്റെ ചിന്തകളെ ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നാം വിശകലനം ചെയ്യാത്തത്‌? കുറേക്കൂടി തെളിച്ചുചോദിച്ചാല്‍ എന്തുകൊണ്ടാണ്‌ അസ്‌ഗര്‍ അലി എന്‍ജിനീയറുടെ ഇസ്‌ലാമിക ദര്‍ശനങ്ങളെ മുസ്‌ലിംലോകം മുഖവിലക്കെടുക്കാതിരിക്കുകയും അദ്ദേഹത്തെ ഇടതുപക്ഷക്കാര്‍ക്കും മതേതര വാദികള്‍ക്കും, പുരോഗമന കലാസാഹിത്യ സംഘത്തിനുമൊക്കെ വിട്ടുകൊടുക്കുകയും ചെയ്യുന്നത്‌? എന്‍ജിനീയറെ ഉള്‍ക്കൊള്ളാനുള്ള ഇടം മുസ്‌ലിം മനസ്സില്‍ ഇല്ലാതിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌ എന്ന്‌ നാം ആലോചിക്കുക തന്നെ വേണം.
ഇങ്ങനെ ആലോചിക്കുമ്പോള്‍ പരമ്പരാഗത മുസ്‌ലിം പണ്ഡിതര്‍ എന്ന നിര്‍വചനത്തില്‍, നമ്മുടെ പരിഷ്‌കരണ പ്രസ്ഥാനങ്ങളിലെ പണ്ഡിതരും ഉള്‍പ്പെടുമെന്ന്‌ ഖേദപൂര്‍വം പറയേണ്ടിവരുന്നു. അസ്‌ഗര്‍ അലി എന്‍ജിനീയര്‍ ഏറ്റെടുത്തത്‌ സ്വന്തം സമുദായമായ ദാവൂദി ബോറമാര്‍ക്കിടയിലെ പൗരോഹിത്യത്തോടുള്ള വിധേയത്വത്തിന്നെതിരായുള്ള പോരാട്ടമാണ്‌. മുഖ്യപുരോഹിതനായ സയ്യിദുനായുടെ യാഥാസ്ഥിതിക നിലാപാടുകളാണ്‌ ശീഅ ഇസ്‌മായിലീ വിഭാഗമായ ബോറമാരുടെ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അടിത്തറ. മതപുരോഹിതന്മാരുടെ കുടുംബത്തില്‍ ഒരു ആലിമിന്റെ മകനായി ജനിച്ച അസ്‌ഗര്‍ അലിയെ ആദ്യമായി അബ്ബ ബോംബെയില്‍ കൊണ്ടുപോയത്‌ സയ്യിദുനായുടെ കാല്‍പ്പടം മുത്തുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ്‌.
പിന്നീട്‌ മുംബൈ കേന്ദ്രമാക്കി അദ്ദേഹം യാഥാസ്ഥിതിക പുരോഹിതന്മാര്‍ക്കെതിരായി യുദ്ധം നയിക്കുകയും ബോറമാര്‍ക്കിടയില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുകയും ചെയ്‌തു. അഞ്ചോ ആറോ തവണ അദ്ദേഹത്തിനെതിരില്‍ വധശ്രമമുണ്ടായി. അദ്ദേഹത്തിന്‌ ചില ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. മതപരിഷ്‌ക്കര്‍ത്താക്കള്‍ എവിടെയും നേരിടേണ്ടി വന്ന അനുഭവങ്ങള്‍ക്ക്‌ സമാനമാണിത്‌. എന്നിട്ടും അസ്‌ഗറലി എന്‍ജിനീയറെ ആദരണീയനായ ഒരു മതനവോത്ഥാന നായകനായി അംഗീകരിക്കാന്‍ സാമാന്യേന പ്രബുദ്ധമായ കേരളത്തിലെ മതസംഘടനകള്‍ പോലും തയ്യാറായിട്ടില്ല. സംഘടനകള്‍ അദ്ദേഹത്തെ വേലിപ്പുറത്ത്‌ നിര്‍ത്തി. ഏറിവന്നാല്‍ ഒരു ലിബറല്‍ ചിന്തകനോ എഴുത്തുകാരനോ എന്ന നിലയിലുള്ള പരിഗണന അദ്ദേഹത്തിനു നല്‌കിയിട്ടുണ്ടായിരിക്കാം. അതിലപ്പുറം ഒരു ഇടം എന്‍ജിനീയര്‍ക്ക്‌ മുസ്‌ലിം മനസ്സ്‌ നല്‍കിയില്ല.
ഇങ്ങനെ സംഭവിക്കാന്‍ കാരണങ്ങള്‍ പലതാണ്‌. അവയില്‍ പ്രധാനം എന്‍ജിനീയര്‍ മതപുരോഹിതന്മാരുടെ കുടുംബത്തില്‍ നിന്നാണ്‌ വരുന്നതെങ്കിലും വ്യവസ്ഥാപിത മതപണ്ഡിതന്‍ ആയിരുന്നില്ല എന്നതാണ്‌. മൗലാനാ ആയിരുന്നില്ല അദ്ദേഹം. ജീവിത മാര്‍ഗമായി അദ്ദേഹം തെരഞ്ഞെടുത്തത്‌ എന്‍ജിനീയറുടെ പണിയാണ്‌. തങ്ങളുടെ ജ്ഞാനമണ്ഡലത്തിനു പുറത്തുള്ള ഒരാളും മതകാര്യങ്ങളില്‍ ഇടപെടുന്നത്‌ പൊതുവെ മുസ്‌ലിം പണ്ഡിതര്‍ പൊറുപ്പിക്കാറില്ല. യാഥാസ്ഥിതികരായാലും ഉല്‌പതിഷ്‌ണുക്കളായാലും ഇജ്‌തിഹാദിന്റെ വാതില്‍ അവര്‍ തങ്ങള്‍ക്കു വേണ്ടി മാത്രം തുറന്നിടുന്നു. സര്‍ദാര്‍, ഫരീദ്‌ ഇസ്‌ഹാഖ്‌ തുടങ്ങിയവരുടെ കാര്യത്തിലും ഇതു തന്നെയാണ്‌ സ്ഥിതി.
പരമ്പരാഗത മതപാഠശാലകളിലേക്ക്‌ മുസ്‌ലിം സമൂഹത്തിലെ ബുദ്ധിയുള്ള കുട്ടികള്‍ പഠിക്കാന്‍ വേണ്ടി എത്താതിരിക്കുകയും അവര്‍ മറ്റു പ്രൊഫഷനുകളിലേക്ക്‌ തിരിയുകയും ചെയ്യുന്നതാണ്‌ ഇക്കാലത്ത്‌ പൊതു അനുഭവം. മതപഠന കേന്ദ്രങ്ങളില്‍ എത്തുന്നത്‌ പലപ്പോഴും പരിമിത വിഭവക്കാരാണ്‌. (എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടിയവര്‍ അറബിക്കോളെജുകളില്‍ പോകാറുണ്ടോ? ഡോക്‌ടറും എന്‍ജിനീയറുമാവാന്‍ യോഗ്യതയുള്ളവര്‍ മൗലവിമാരാകാറുണ്ടോ?) പരിമിത വിഭവക്കാരില്‍ നിന്ന്‌ മൗലികചിന്തകള്‍ ഉയര്‍ന്നുവരികയില്ല. മതകാര്യങ്ങളില്‍ മൗലികമായ അന്വേഷണങ്ങള്‍ ആഗോളതലത്തില്‍ തന്നെ ഉണ്ടാവാത്തത്‌, മതപണ്ഡിതന്മാര്‍ക്കിടയിലെ പ്രതിഭാദാരിദ്ര്യം കൊണ്ടാണ്‌ എന്നൊരു നിരീക്ഷണമുണ്ട്‌. പണ്ടുകാലത്ത്‌ അതായിരുന്നില്ല സ്ഥിതി. ഈ സാഹചര്യത്തില്‍ മതത്തെക്കുറിച്ച്‌ മൗലികമായ ആലോചനകളുണ്ടാവുന്നത്‌ മതപാരമ്പര്യങ്ങളില്‍ നിന്നല്ല. മതത്തിന്റെ മണ്ഡലത്തിന്നു പുറത്ത്‌ വ്യാപരിക്കുന്നവര്‍ക്കിടയില്‍ നിന്നാണ്‌. പരമ്പരാഗത മതവിജ്ഞാന മണ്ഡലവും ദൈവശാസ്‌ത്രവും മൗലിക സംഭാവനകള്‍ നല്‌കാന്‍ അപര്യാപ്‌തമാവുമ്പോള്‍ ആധുനിക വിജ്ഞാനീയങ്ങളില്‍ പ്രാവീണരായവര്‍, പുതിയ അന്വേഷണങ്ങള്‍ നടത്തുന്നു എന്ന സാമാന്യവത്‌കരണത്തിലേക്കാണ്‌ ഇത്‌ ചെന്നെത്തുന്നത്‌. എന്നാല്‍ ഇത്തരം അന്വേഷണങ്ങളെ പണ്ഡിത ലോകം നിരുത്സാഹപ്പെടുത്തുന്നു. അസ്‌ഗര്‍ അലി എന്‍ജിനീയര്‍ വേണ്ടപോലെ സ്വീകരിക്കപ്പെടാതിരുന്നതിന്‌ ഇതൊരു കാരണമായിട്ടുണ്ടാവാം.
അസ്‌ഗര്‍ അലി എന്‍ജിനീയറുടെ ചിന്തകളില്‍ ഇസ്‌ലാമിക നൈതികതയെ അടിസ്ഥാനപരമായി പൊളിച്ചെഴുതുന്ന ഒരു ഘടകമുണ്ട്‌. ഏതു ദൈവിക വെളിപാടിനും ചില പശ്ചാത്തലങ്ങളുണ്ടാവും. നിലവിലുള്ള സാമൂഹിക ജീര്‍ണതയും സദാചാര ഭ്രംശവുമാണ്‌ വെളിപാടുകളിലൂടെയുള്ള ധാര്‍മിക പുനരുത്ഥാനം അനിവാര്യമാക്കുന്നത്‌ എന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. അതായത്‌ ദൈവിക വെളിപാടുകളെ സാമൂഹ്യ പശ്ചാത്തലത്തിന്നനുസൃതമായി പുനര്‍നിര്‍ണയിക്കേണ്ടതുണ്ട്‌. എന്‍ജിനീയര്‍ ഇസ്‌ലാമികമായ ജീവിതത്തെ നിര്‍വചിക്കുന്നത്‌, അവയുടെ കാലികതയുമായി ബന്ധപ്പെടുത്തിയിട്ടാണ്‌ എന്നതിന്‌ ഇതാണ്‌ കാരണം. അപ്പോള്‍ മതനിയമങ്ങള്‍ വ്യാഖ്യാനിക്കപ്പെടുക ആറാം നൂറ്റാണ്ടിലെ ഗോത്ര സംസ്‌കൃതിയുടെ അടിസ്ഥാനത്തിലായിരിക്കുകയില്ല. ഇന്നത്തെ ബഹുസ്വര-ജനാധിപത്യ വ്യവസ്ഥകളുടെ മൂല്യസങ്കല്‌പങ്ങള്‍ക്കനുസൃതമായിരിക്കും. അസ്‌ഗര്‍ അലി എന്‍ജിനീയര്‍ ഖുര്‍ആനില്‍ വിമോചന സ്വഭാവം ദര്‍ശിക്കുന്നത്‌ ഇത്തരം മൂല്യങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളാനുള്ള ശേഷി പ്രസ്‌തുത ഗ്രന്ഥത്തിന്നുണ്ട്‌ എന്നതുകൊണ്ടാണ്‌. ഖുര്‍ആനില്‍ വിമോചന ദൈവശാസ്‌ത്ര ധാരകള്‍ കണ്ടെത്തുകയാണദ്ദേഹം ചെയ്യുന്നത്‌. പരമ്പരാഗത ചിന്തയ്‌ക്ക്‌ ഈ കാഴ്‌ചപ്പാട്‌ അന്യമാണ്‌. നമ്മുടെ നാട്ടിലെ യാഥാസ്ഥിതിക- ഉല്‌പതിഷ്‌ണു വിഭാഗങ്ങളെല്ലാം തന്നെ സാമാന്യേന വിശ്വാസാചാരങ്ങളുടെ മണ്ഡലത്തില്‍ ഇസ്‌ലാമിനെ ഒതുക്കിനിര്‍ത്താനാണ്‌ ശ്രമിക്കുന്നത്‌. അടിസ്ഥാനപരമായി മത ദര്‍ശനങ്ങളില്‍ പൊളിച്ചെഴുത്ത്‌ അവ ആഗ്രഹിക്കുന്നില്ല. അത്‌ മതത്തിന്റെ അടിത്തറ തകര്‍ത്തേക്കാം എന്ന്‌ അവര്‍ ഭയപ്പെടുന്നു. എന്‍ജീനയറുടെ കാഴ്‌ചപ്പാടുകളെ ഇങ്ങനെയൊരു ഭയപ്പാടോടെയാണ്‌ മുസ്‌ലിം പൊതുധാര സമീപിക്കുന്നത്‌. അസ്‌ഗര്‍ അലി എന്‍ജിനീയര്‍ ഉയര്‍ത്തിപ്പിടിച്ച ഇസ്‌ലാമിന്റെ വിമോചന ദൗത്യം, മുസ്‌ലിം സംഘടനകള്‍ക്ക്‌ വേണ്ടത്ര രുചിക്കാതെ പോയതിന്‌ ഇത്‌ കാരണമായിട്ടുണ്ടാവാം.
ലിംഗസമത്വമാണ്‌ എന്‍ജിനീയറുടെ മറ്റൊരു പ്രധാന പ്രമേയം. മുസ്‌ലിം സമൂഹത്തില്‍ പഴയകാലത്ത്‌ നിലനിന്നുപോന്ന ലിംഗപരമായ അസമത്വം ആധുനിക സമൂഹത്തിന്ന്‌ ബാധകമാക്കാമോ എന്നാണ്‌ അദ്ദേഹം ചോദിക്കുന്നത്‌. ഇസ്‌ലാം പുരുഷന്‌ സ്‌ത്രീയെക്കാള്‍ പ്രാമുഖ്യം കല്‌പിച്ച മതമാണെന്നത്‌ ശരിതന്നെ. സ്‌ത്രീയുടെ സംരക്ഷണം എന്ന ഉത്തരവാദിത്തം ഖുര്‍ആന്‍ പുരുഷന്മാരില്‍ അര്‍പ്പിക്കുകയും ചെയ്യുന്നു (പുരുഷന്മാര്‍ സ്‌ത്രീകളുടെ കാര്യങ്ങള്‍ കൊണ്ടുനടത്തുന്നവരാണ്‌ 4:34). ഇതൊരു ദൈവിക വെളിപാടാകയാല്‍ ചോദ്യം ചെയ്യപ്പെടാവുന്നതല്ലെന്നാണ്‌ പൊതു സമീപനം. കാലത്തിന്‌ അതിനുമേല്‍ യാതൊരു സ്വാധീനവുമില്ല. എന്നാല്‍ അസ്‌ഗറലി എന്‍ജിനീയര്‍ മറ്റൊരു നിയമസിദ്ധാന്തമാണ്‌ അവതരിപ്പിക്കുന്നത്‌. അതുപ്രകാരം അദ്ദേഹം മഖാസിദുല്‍ ശരീഅത്ത്‌ (ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍), മസാലിഹുല്‍ ഉമ്മത്ത്‌ (സമുദായ നന്മ) എന്നീ കാര്യങ്ങള്‍ കണക്കിലെടുക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ഏതു ലക്ഷ്യത്തെ ആധാരമാക്കിയാണോ നിയമങ്ങള്‍ രൂപപ്പെടുത്തിയത്‌, അവ (മഖാസിദ്‌) മുന്നില്‍ കണ്ടുകൊണ്ട്‌ മാറ്റങ്ങള്‍ വരുത്താം. സമൂഹ നന്മയാണ്‌ കണക്കിലെടുക്കേണ്ടതെന്ന്‌ സാരം. നിയമത്തിനുവേണ്ടി സമൂഹ നന്മയെ നിരാകരിക്കരുത്‌. 
പതിനാലാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍ ജീവിച്ച ഇമാം ശാത്വിബിയുടെ ചുവട്‌ പിടിച്ച്‌ സമുദായ നന്മ മുന്നില്‍ കണ്ടുകൊണ്ട്‌ പുതിയ കാലത്ത്‌ സ്‌ത്രീയുടെ റോള്‍ അദ്ദേഹം പുനര്‍നിര്‍വചിക്കുന്നു. അഹ്‌കാം (നിയമപരമായ ഉത്തരവാദിത്തം) സന്ദര്‍ഭത്തിന്നൊത്ത്‌ മാറണം എന്നാണ്‌ എന്‍ജിനീയറുടെ വാദം. അതിനു തെളിവായി ശാ വല്ലിയുല്ലാഹ്‌ ദഹ്‌ലവിയുടെ `ഹുജ്ജത്തുല്ലാഹില്‍ ബാലിഗ' എന്ന കൃതിയിലെ പരാമര്‍ശങ്ങള്‍ അദ്ദേഹം കൊണ്ടുവരുന്നു. സ്‌ത്രീപുരുഷ ബന്ധങ്ങളെ വിലയിരുത്തുമ്പോള്‍ അസ്‌ഗര്‍ അലി എന്‍ജിനീയര്‍, കാലം സമൂഹബന്ധങ്ങളില്‍ സൃഷ്‌ടിച്ച പരിവര്‍ത്തനങ്ങളെ ഗൗരവപൂര്‍വം കണക്കിലെടുക്കുന്നു എന്നു സാരം. വ്യവസ്ഥാപിത ദൈവശാസ്‌ത്ര സ്രോതസ്സുകള്‍ക്ക്‌ ഈ സമീപനവും സ്വീകാര്യമാവുകയില്ല.
ബഹുസ്വര സമൂഹങ്ങളില്‍ മുസ്‌ലിംകള്‍ എപ്രകാരമായിരിക്കണം ജീവിക്കേണ്ടത്‌ എന്നതിനെക്കുറിച്ചും എന്‍ജിനീയര്‍ക്ക്‌ വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്നു. ജനാധിപത്യ-മതേതര വ്യവസ്ഥയാണ്‌ അദ്ദേഹം മനസ്സില്‍ കണ്ട മാതൃക. ഇസ്‌ലാമിന്ന്‌ രാഷ്‌ട്രീയാധികാര വ്യവസ്ഥ എന്ന സങ്കല്‌പമുണ്ട്‌ എന്ന വാദത്തെ ഖണ്ഡിക്കാന്‍ വേണ്ടി `ഇസ്‌ലാമിക്‌ സ്റ്റേറ്റ്‌' എന്ന കനപ്പെട്ട ഒരു ഗ്രന്ഥം തന്നെ എഴുതിയിട്ടുണ്ട്‌ അദ്ദേഹം. രാഷ്‌ട്രീയ ഇസ്‌ലാമിനെ അദ്ദേഹം നിരാകരിച്ചു. പുതിയ കാലത്ത്‌ ലോകത്തുടനീളം രാഷ്‌ട്രീയ ഇസ്‌ലാം, ആധുനിക ജനാധിപത്യ ക്രമവുമായി ഏറ്റുമുട്ടുകയും ഇസ്‌ലാമിക തീവ്രവാദം ഒരു ഉപോല്‍പന്നമായി നിര്‍വഹിക്കപ്പെടുകയും ചെയ്യുന്നു. അവയുടെ കാര്യകാരണങ്ങള്‍ വളരെ ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്‌, അതോടൊപ്പം പല മുന്‍വിധികളും ധാരണകളും വെളിപ്പെടുത്തേണ്ടതുമുണ്ട്‌. അസ്‌ഗര്‍ അലി എന്‍ജിനീയര്‍ ഏതായാലും മതതീവ്രവാദത്തിന്‌ തീര്‍ത്തും എതിരാണ്‌. ഗാന്ധിയുടെ ആശ്രമം സ്ഥിതിചെയ്യുന്ന വാര്‍ദ്ധയില്‍ ചെലവഴിച്ച ബാല്യത്തിന്റെ ഓര്‍മകള്‍ മൂലമാവാം, സമാധാനത്തിന്റെ പാതയാണ്‌ അദ്ദേഹത്തിന്ന്‌ ഇഷ്‌ടം.
കമ്യൂണിസത്തോടുള്ള എന്‍ജീയനറുടെ `പ്രതിപത്തി'യും വിമര്‍ശിക്കപ്പെടുന്നു. കമ്യൂണിസ്റ്റ്‌ സഹയാത്രികനാണ്‌ അദ്ദേഹം എന്നു കരുതുന്നവര്‍ പോലുമുണ്ട്‌. പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളോടും മറ്റും അദ്ദേഹം പുലര്‍ത്തുന്ന താല്‌പര്യമാവാം ഒരുപക്ഷേ ഇങ്ങനെയൊരു ധാരണ വളരാന്‍ കാരണം. എന്നാല്‍ അസ്‌ഗര്‍ അലി എന്‍ജിനീയര്‍ കമ്യൂണിസ്റ്റല്ല. ചെറുപ്പത്തില്‍ കടുത്ത കമ്യൂണിസ്റ്റ്‌ വിരോധിയായിരുന്ന തന്നെ മാര്‍ക്‌സിസം `കീഴടക്കി'യതായി അദ്ദേഹം ആത്മകഥയില്‍ സമ്മതിക്കുന്നു. അതിന്നു കാരണം പക്ഷേ, മാര്‍ക്‌സിസ്റ്റ്‌ സിദ്ധാന്തങ്ങള്‍ ഇസ്‌ലാമിക മൂല്യങ്ങളോട്‌ അടുത്തു നില്‌ക്കുന്നു എന്നതാണ്‌. മാര്‍ക്‌സിസ്റ്റാവണമെങ്കില്‍ നിരീശ്വരവാദിയാകേണ്ടതില്ലെന്നാണ്‌ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്‌. മാര്‍ക്‌സിസത്തെയും ഇസ്‌ലാമിനെയും കൂട്ടിയിണക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. മുസ്‌ലിം ഉലമ എന്‍ജിനീയറെ വിലയിരുത്തിയത്‌ ഇതുകൂടി കണക്കിലെടുത്താവാം. 
അസ്‌ഗറലി എന്‍ജിനീയറുടെ ജീവിതവും ചിന്തകളും, മുസ്‌ലിം പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്ന്‌ കുറേക്കൂടി ഗൗരവതരമായ പരിഗണന അര്‍ഹിക്കുന്നു എന്ന്‌ തീര്‍ച്ച. അദ്ദേഹം, നേരു പറഞ്ഞാല്‍ ഒരു `ക്രിറ്റിക്കല്‍ ഇന്‍സൈഡര്‍' ആയിരുന്നു. വിശ്വാസി ആയിരിക്കെ തന്നെ ഇസ്‌ലാമിന്റെ വിമോചന ദൗത്യങ്ങള്‍ ഉള്‍ക്കൊള്ളുകയും അതിന്നുവേണ്ടി ദൈവശാസ്‌ത്രത്തെ പുനസ്സംവിധാനം ചെയ്യണമെന്ന്‌ കരുതുകയും ചെയ്‌ത ചിന്തകന്‍. ഇത്തരം വിപ്ലവകാരികള്‍ പലപ്പോഴും അംഗീകരിക്കപ്പെടാറില്ലെന്നതാണ്‌ ലോകഗതി. 

0 comments:

കോപം പൈശാചിക ഭാവം

കോപം പൈശാചിക ഭാവം
പി മുസ്‌തഫ നിലമ്പൂര്‍
സൗമ്യതയും അവധാനതയും മനുഷ്യജീവിതത്തിന്‌ വെളിച്ചമാണ്‌. വികാരത്തെ വിവേകമാക്കി മാറ്റാന്‍ അവനെ മനനശേഷി പ്രേരിപ്പിക്കേണ്ടതുണ്ട്‌. അതിനാവശ്യമായ വിജ്ഞാനം അവന്‌ അനിവാര്യവുമാണ്‌. വിശാലമായ സ്വര്‍ഗം ഒരുക്കപ്പെട്ട ഭക്തന്മാരുടെ സ്വഭാവം വ്യക്തമാക്കിയപ്പോള്‍ ഖുര്‍ആന്‍ പറയുന്നു: ``സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക്‌ മാപ്പ്‌ നല്‍കുകയും ചെയ്യുന്നവര്‍ക്ക്‌ വേണ്ടി (സ്വര്‍ഗം ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു). സല്‍ക്കര്‍മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു.'' (വി ഖു 3:134)
``ആരെങ്കിലും ദേഷ്യം പ്രകടിപ്പിക്കാന്‍ കഴിവുള്ളവനായിട്ടും അതിനെ ഒതുക്കിനിര്‍ത്തുകയാണെങ്കില്‍ അല്ലാഹു അവന്റെ മനസ്സിനുള്ളില്‍ ഈമാനും നിര്‍ഭയത്വവും നിറക്കുന്നതാണ്‌.'' (അബൂദാവൂദ്‌). അനസുബ്‌നുമാലിക്‌(റ) അദ്ദേഹത്തിന്റെ പിതാവില്‍ നിന്ന്‌ ഉദ്ധരിക്കുന്നു: റസൂല്‍(സ) പറഞ്ഞു: ആരെങ്കിലും തന്റെ കോപത്തെ മറച്ചുവെച്ചാല്‍ അല്ലാഹു അവന്റെ ശിക്ഷയെ മറച്ചുവെക്കും. ആരെങ്കിലും തന്റെ നാവിനെ സംരക്ഷിച്ചാല്‍ അവന്റെ പോരായ്‌മയെ അല്ലാഹു മറച്ചുവെക്കും.'' (അബൂയഅ്‌ല)
ഒരാളുടെ ശിക്ഷയെ അയാളുടെ കോപവുമായി താരതമ്യം ചെയ്‌തതിലൂടെ കോപത്തിന്റെ ഗൗരവമെന്തെന്ന്‌ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അമിതകോപം പിശാചില്‍ നിന്നാണ്‌. ആദര്‍ശത്തിനു വേണ്ടി ആവശ്യമായ ഘട്ടത്തിലും സന്ദര്‍ഭത്തിലും വിവേകപൂര്‍ണമായ ദേഷ്യം ഈമാനിന്റെ ലക്ഷണമാണ്‌. അതില്ലാത്തവന്‍ കഴുതയ്‌ക്ക്‌ സമാനമാണെന്നാണ്‌ ഇമാം ശാഫിഈ(റ) വ്യക്തമാക്കിയത്‌.
അമിതകോപം മനുഷ്യനെ ഖേദക്കാരനാക്കുന്നു. അത്‌ സ്വത്തും സമ്പാദ്യവും കുടുംബവും നശിപ്പിച്ചേക്കും. സ്ഥലകാല ബോധമില്ലാത്ത ഈ വികാരം അവന്‌ കുറ്റബോധത്തിലേക്കും നിരാശയിലേക്കും നാശത്തിലേക്കും വഴിതെളിയിക്കും. സര്‍വതിന്മകളുടെയും ശത്രുതയുടെയും താക്കോലാണ്‌ അമിതകോപം. വേണ്ടപ്പെട്ടവരെ തിരസ്‌കരിക്കാനും ബന്ധവിച്ഛേദം നടത്താനും അക്രമിയായി തീരാനും അസൂയയും പകയുമായി കുതന്ത്രങ്ങള്‍ മെനയുന്നതിനും ഇത്‌ നിമിത്തമാകും. ഹുമൈദുബ്‌നു അബ്‌ദിര്‍റഹ്‌മാന്‍(റ) നബി(സ)യില്‍ നിന്ന്‌ ഉദ്ധരിക്കുന്നു: ``കോപം സര്‍വതിന്മകളെയും സംഗമിപ്പിക്കുന്നു.'' (അഹ്‌മദ്‌ 22088)
അധികമാകാത്തവിധം ഉപദേശം തേടിവന്ന വ്യക്തിയോട്‌ കോപിക്കരുത്‌ എന്ന്‌ മാത്രം ഉപദേശിച്ച നബി(സ), കോപം ഒഴിവാക്കിയാല്‍ തിന്മകളെ ഒഴിവാക്കാന്‍ കഴിയും എന്ന സന്ദേശമാണ്‌ നമുക്ക്‌ നല്‍കുന്നത്‌. ഒരിക്കല്‍ ഇബ്‌നു ഉമര്‍(റ) നബി(സ)യോട്‌ ചോദിച്ചു: ``നബിയേ, പരലോകത്ത്‌ അല്ലാഹുവിന്റെ കോപത്തില്‍ നിന്ന്‌ രക്ഷ നല്‍കുന്ന കാര്യമെന്താണ്‌. നബി(സ) പറഞ്ഞു: ഇഹലോകത്ത്‌ നീ മനുഷ്യരോട്‌ കോപിക്കരുത്‌. എന്നാല്‍ പരലോകത്ത്‌ അല്ലാഹു നിന്നോട്‌ കോപിക്കുകയില്ല.'' (ത്വബ്‌റാനി). മനുഷ്യരോട്‌ കോപിക്കല്‍ ദൈവകോപത്തിന്‌ കാരണമാകുമെന്നര്‍ഥം. കോപത്തെ നിയന്ത്രിക്കുന്നവര്‍ക്കാണ്‌ സ്വര്‍ഗം തയ്യാറാക്കപ്പെട്ടതെന്ന്‌ നേരത്തെ വ്യക്തമാക്കി. കോപം നിയന്ത്രിക്കുന്നവനാണ്‌ യഥാര്‍ഥ ശക്തന്‍. ``ഗുസ്‌തിയില്‍ വിജയിക്കുന്നവനല്ല ശക്തന്‍, കോപമുണ്ടാകുമ്പോള്‍ സ്വന്തത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നവന്‍ മാത്രമാണ്‌ ശക്തന്‍.'' (ബുഖാരി 5649, മുസ്‌ലിം 4723)
കോപമുണ്ടാകാതിരിക്കാനുള്ള മാര്‍ഗവും കുപിതനായാല്‍ അത്‌ ശമിക്കാനുള്ള വഴികളും ഇസ്‌ലാം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്‌. ലോകരക്ഷിതാവായ അല്ലാഹു നമുക്ക്‌ ചൊരിഞ്ഞിട്ടുള്ള കാരുണ്യത്തെയും അവന്‍ നമുക്കായി വിട്ടുവീഴ്‌ച ചെയ്യുന്നതും ഓര്‍ക്കുന്നത്‌ സഹനത്തിന്‌ നമുക്ക്‌ പ്രേരകമാകും. ആഇശ(റ)യെ സംബന്ധിച്ച്‌ അപവാദ പ്രചാരണത്തില്‍ ഉള്‍പ്പെട്ട മിസ്‌ത്വഹിന്‌(റ) സഹായങ്ങള്‍ നല്‍കില്ലെന്ന്‌ അബൂബക്കര്‍(റ) ശപഥം ചെയ്‌തതിനെ താക്കീതു ചെയ്‌തുകൊണ്ട്‌ അല്ലാഹു പറയുന്നു: ``അവര്‍ മാപ്പ്‌ നല്‍കുകയും വിട്ടുവീഴ്‌ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക്‌ പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്‌ടപ്പെടുന്നില്ലേ?'' (വി.ഖു 24:22)
സൂറതു ഫുസ്സിലത്‌ 34-ാം വചനം വിശദീകരിക്കവെ, ഇബ്‌നുഅബ്ബാസ്‌(റ) വ്യക്തമാക്കുന്നു: ``ദേഷ്യം വരുമ്പോള്‍ ക്ഷമിക്കുക, തെറ്റ്‌ കാണുമ്പോള്‍ മാപ്പ്‌ നല്‍കുക എന്നിവയാണ്‌. അങ്ങനെ ചെയ്‌താല്‍ അല്ലാഹു അവനെ സംരക്ഷിക്കുകയും ശത്രുവിനെ അവന്‌ കീഴ്‌പ്പെടുത്തിക്കൊടുക്കുകയും ചെയ്യും.'' കോപം പിശാചിന്റെ കുതന്ത്രമാണെന്ന്‌ തിരിച്ചറിയലും കോപത്തെ നിയന്ത്രിക്കാന്‍ നിമിത്താകും. ആ പിശാചില്‍ നിന്ന്‌ രക്ഷതേടുവാനാണ്‌ നാം കല്‌പിക്കപ്പെട്ടിരിക്കുന്നത്‌. അല്ലാഹു പറയുന്നു: ``നീ വിട്ടുവീഴ്‌ച സ്വീകരിക്കുകയും സദാചാരം കല്‌പിക്കുകയും അവിവേകികളെ വിട്ട്‌ തിരിഞ്ഞുകളയുകയും ചെയ്യുക. പിശാചില്‍ നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട്‌ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌.'' (വി.ഖു 7:199)
കുപിതരായി മുഖം ചുവപ്പിച്ച്‌ അസഭ്യം പറയുന്ന രണ്ടാളുകളെ സംബന്ധിച്ച്‌ നബി(സ) പറഞ്ഞു: ``എനിക്ക്‌ ഒരു വചനമറിയാം. അത്‌ അവന്‍ പറഞ്ഞാല്‍ ഈ അവസ്ഥയില്‍ നിന്നും മാറ്റമുണ്ടാകും. എന്നിട്ട്‌ നബി(സ) പറഞ്ഞു: ശപിക്കപ്പെട്ട പിശാചില്‍നിന്നും ഞാന്‍ അല്ലാഹുവിനോട്‌ രക്ഷതേടുന്നു.'' (ബുഖാരി 5650, മുസ്‌ലിം 4725)
മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ``തീര്‍ച്ചയായും കോപം പിശാചില്‍ നിന്നുള്ളതാണ്‌. പിശാച്‌ തീയിനാല്‍ സൃഷ്‌ടിക്കപ്പെട്ടതാണ്‌. നിശ്ചയം തീ വെള്ളംകൊണ്ട്‌ അണക്കപ്പെടും. അതിനാല്‍ നിങ്ങളിലാര്‍ക്കെങ്കിലും കോപം വന്നാല്‍ അവന്‍ വുദ്വൂ ചെയ്യട്ടെ.'' (അബൂദാവൂദ്‌ 4152). കോപം വരുമ്പോള്‍ നാവിനെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. കുപിതനാകുന്ന ഒരാളുടെ പരാക്രമം പോലെ ഗുരുതരമാണ്‌ അവന്റെ നാവ്‌. അതിനെ നിയന്ത്രിക്കുന്നത്‌ നമ്മുടെ കുറ്റങ്ങള്‍ മറക്കപ്പെടാന്‍ വഴിയൊരുക്കും. ഇബ്‌നു അബ്ബാസ്‌(റ) പറയുന്നു: റസൂല്‍(സ) പറഞ്ഞു: ``നിങ്ങളിലാര്‍ക്കെങ്കിലും കോപം വന്നാല്‍ അവന്‍ മൗനം ദീക്ഷിക്കട്ടെ. ഇത്‌ അദ്ദേഹം മൂന്നുതവണ പറഞ്ഞു.'' (അഹ്‌മദ്‌ 2136)
അബൂബകറത്‌(റ) പറയുന്നു: നബി(സ) പറഞ്ഞു: ``നിങ്ങള്‍ കോപമുണ്ടായിരിക്കെ രണ്ട്‌ പേര്‍ക്കിടയില്‍ വിധി തീര്‍പ്പാക്കരുത്‌.'' (ബുഖാരി 7158, മുസ്‌ലിം 4587). കോപമുള്ളപ്പോള്‍ തീര്‍പ്പ്‌ കല്‍പിക്കുന്നതിലും ഇടപെട്ട്‌ സംസാരിക്കുന്നതിലും കോപത്തിന്‌ സ്വാധീനമുണ്ടാകുമെന്നതിനാലാണ്‌ മൗനം ദീക്ഷിക്കാനും വിധി തീര്‍പ്പാക്കാതിരിക്കാനും കല്‍പിക്കുന്നത്‌. കോപം ഒതുങ്ങാനും ശമിക്കാനുമുള്ള സാഹചര്യത്തിലേക്ക്‌ മാറിനില്‍ക്കാന്‍ ശ്രമിക്കുന്നത്‌ കോപത്തെ നിയന്ത്രിക്കാന്‍ സാധിച്ചേക്കും. അബുദര്‍റ്‌(റ) പറയുന്നു: നബി(സ) പറഞ്ഞു: ``നിങ്ങളിലാര്‍ക്കെങ്കിലും കോപം വരുമ്പോള്‍ അവന്‍ നില്‍ക്കുകയാണെങ്കില്‍ ഇരിക്കട്ടെ, എന്നിട്ടും അവന്റെ കോപം നീങ്ങിയില്ലെങ്കില്‍ അവന്‍ കിടക്കട്ടെ.'' (അഹ്‌മദ്‌ 20386, അബൂദാവൂദ്‌ 4151).
അല്ലാഹുവിന്റെ ദീനിന്റെ കാര്യത്തില്‍ ദേഷ്യപ്പെടേണ്ടിവന്നാല്‍ ദേഷ്യപ്പെടുക എന്നതാണ്‌ ഈമാനിന്റെ ലക്ഷണം. മോഷണ വിഷയത്തില്‍ ശുപാര്‍ശ പറയാനെത്തിയ ഉസാമതുബ്‌നു സെയ്‌ദ്‌(റ)നോടും മൂന്ന്‌ ത്വലാഖ്‌ വേര്‍പ്പെടുത്തിയ അനുചരന്മാരോടും നബി(സ) പ്രകടിപ്പിച്ച നീരസം അതാണ്‌ നമ്മെ പഠിപ്പിക്കുന്നത്‌. മതനിയമങ്ങളെ ലംഘിക്കുകയോ അല്ലാഹു ആദരിച്ചതിനെ അവമതിക്കുകയോ ചെയ്‌താല്‍ അല്ലാഹുവിന്‌ വേണ്ടി പ്രതികാര നടപടി സ്വീകരിക്കുകയെന്നല്ലാതെ, തിരുമേനിയെ ദ്രോഹിച്ചവരോട്‌ പോലും നബി(സ) പകരം വീട്ടിയിട്ടില്ല. കടുത്ത അക്രമവും കൊലയും നടത്തിയ മുശ്‌രിക്കുകളോട്‌ നിങ്ങള്‍ സ്വതന്ത്രരാണെന്ന്‌ പ്രഖ്യാപിച്ച നബി(സ) ഹംസ(റ)യുടെ ഘാതകന്‍ വഹ്‌ശിക്കും അദ്ദേഹത്തിന്റെ ജഡം വികൃതമാക്കിയ ഹിന്ദിനും തുല്യതയില്ലാത്ത മാപ്പ്‌ നല്‍കുകയായിരുന്നു.
അബുദര്‍റ്‌(റ) നബി(സ)യില്‍ നിന്ന്‌ ഉദ്ധരിക്കുന്നു: സൗമ്യതയില്‍ നിന്നുള്ള ഓഹരി ലഭിച്ചവന്‍ എല്ലാവിധ നന്മകളും നേടി. അത്‌ നിഷേധിക്കപ്പെട്ടവന്‌ എല്ലാ നന്മകളും നിഷേധിക്കപ്പെട്ടു. (തിര്‍മിദി)
Share/Save/Bookmark

0 comments:

ശബാബ് മുഖാമുഖം 2013_MAY_24

ശബാബ് മുഖാമുഖം 2013_MAY_24
മനുഷ്യന്റെ ആര്‍ത്തിയെയും ദുരയെയും വിശുദ്ധ ഖുര്‍ആന്‍ എടുത്തുകാട്ടിയത്‌ വളരെ ശ്രദ്ധേയമാണ്‌. ``വലിയ നന്ദികേടു കാണിക്കുന്നവനാണ്‌ മനുഷ്യന്‍. അതിന്‌ അവന്‍ തന്നെ സാക്ഷിയാണു താനും. അവന്‌ സമ്പത്തിനോടുള്ള ആര്‍ത്തി അതികഠിനമാണ്‌.'' (100:6-8). മനുഷ്യനില്‍ നൈസര്‍ഗികമായി കുടികൊള്ളുന്ന ഈ
ദുര്‍വികാരത്തിനുള്ള പോംവഴിയും വിശുദ്ധ ഖുര്‍ആന്‍ തുടര്‍ന്ന്‌ അറിയിക്കുന്നു: ``ഖബറിലുള്ളവരെല്ലാം പുറത്തുകൊണ്ടുവരപ്പെടുകയും ഹൃദയത്തിലുള്ളതുപോലും വെളിക്കു വരുത്തപ്പെടുകയും ചെയ്യുന്ന ഒരു സന്ദര്‍ഭം വരാനുണ്ട്‌ എന്ന്‌ മനുഷ്യന്‍ അറിയുന്നില്ലയോ?'' (100:9,10). ഭൗതിക ജീവിതത്തില്‍ മതിമറന്ന്‌ മൂല്യങ്ങളും ബന്ധങ്ങളും മറന്നു പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ ഏതുകാലത്തും ഉണ്ടായിട്ടുണ്ട്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ രംഗത്തുനിന്ന്‌ വന്ന വാര്‍ത്ത വായിച്ചപ്പോള്‍ മേല്‌പറഞ്ഞ വിശുദ്ധ ഖുര്‍ആന്‍ വചനമാണ്‌ ഓര്‍ത്തുപോയത്‌.
ഒരു ഡസനില്‍ താഴെ രാജ്യങ്ങള്‍ ചേര്‍ന്നതാണ്‌ `ക്രിക്കറ്റ്‌ ലോക'മെങ്കിലും ഇന്ന്‌ ഏറെ ജനപ്രിയമായ വിനോദമായി മാറിയിരിക്കുകയാണ്‌ ക്രിക്കറ്റ്‌. ജനങ്ങളുടെ വിനോദതാല്‍പര്യം ചൂഷണം ചെയ്‌തുകൊണ്ട്‌ ക്രിക്കറ്റ്‌ രംഗം പരമാവധി വാണിജ്യവത്‌കരിക്കപ്പെട്ടുകഴിഞ്ഞു. ഐ പി എല്ലില്‍ കളിക്കാരെ ലേലം ചെയ്‌തെടുക്കാറാണല്ലോ പതിവ്‌. ഏറെ ലക്ഷങ്ങള്‍ക്ക്‌ ആദ്യമാദ്യം ലേലത്തില്‍ പോയവരും എടുക്കാനാളില്ലാതെ ബാക്കിയായവരും മറ്റുമായി വാര്‍ത്തകള്‍ വായിക്കുമ്പോള്‍ പഴയകാല കാളപൂട്ടുകണ്ടത്തില്‍ നിന്നുയര്‍ന്നിരുന്ന ആരവവും ശേഷം നടക്കുന്ന കാളക്കച്ചവടവുമാണ്‌ ഓര്‍മ വരിക. എന്നാല്‍ ഇന്നിപ്പോള്‍ ഈ വിനോദരംഗം ചൂതാട്ടത്തിന്റെ വേദിയായി മാറിയ ദയനീയാവസ്ഥയില്‍ ലജ്ജിക്കാത്ത ഇന്ത്യക്കാരില്ല. മലയാളിതാരം ശ്രീശാന്തിന്റെ പ്രകടനത്തില്‍ മലയാളികള്‍ ലജ്ജിക്കാന്‍ പോലും കഴിയാത്തത്ര വഷളായിപ്പോയി. വാതുവെപ്പുകാര്‍ എന്ന ചൂതാട്ടക്കാര്‍ക്കു വേണ്ടി ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ഒരു പ്രശസ്‌ത താരം നാല്‌പതുലക്ഷം കോഴവാങ്ങി, സിഗ്‌നലായി `കര്‍ച്ചീഫ്‌ വീശി' തോറ്റുകൊടുത്തു എന്നു പറഞ്ഞാല്‍ അവിശ്വസനീയമായ വസ്‌തുതയാണത്‌. പണത്തിനു മുന്നില്‍ പിണമായി മാറുന്ന നാണം കെട്ട മനുഷ്യക്കോലങ്ങള്‍!
വിവിധ നാട്ടുകാരായ പ്രൊഫഷണല്‍ താരങ്ങളുടെ മിന്നല്‍പ്രകടനം കണ്ട്‌ ആസ്വദിക്കാനായി സ്വന്തം വരുമാനത്തില്‍ നിന്ന്‌ ആയിരങ്ങള്‍ മുടക്കി ടിക്കറ്റെടുത്ത്‌ കളി കാണാന്‍ എത്തിച്ചേരുന്ന വിനോദപ്രേമികളെ മുഖത്തുനോക്കി വഞ്ചിക്കുന്നത്‌ ആരെന്നല്ലേ? കളിച്ച്‌, കളിപഠിച്ച്‌, രാഷ്‌ട്രത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി ഇന്ത്യാ മഹാരാജ്യത്തിന്റെ ടീമില്‍ ഔദ്യോഗികമായി കളിച്ച്‌ രാജ്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന `പ്രിയതാരങ്ങള്‍'! രണ്ടുമാസക്കാലത്തേക്ക്‌ തങ്ങള്‍ക്ക്‌ ലഭിക്കുന്ന വന്‍ പ്രതിഫലങ്ങള്‍ക്കു പുറമെ മുതല്‍ മുടക്കോ മെനക്കെടോ കൂടാതെ ഒന്നു മൂളിയാല്‍ നാല്‌പതോ അന്‍പതോ ലക്ഷങ്ങള്‍ നേടാമെന്ന പ്രലോഭനത്തില്‍ വീണുപോവുക എന്നത്‌ ആര്‍ത്തിപൂണ്ട മനുഷ്യന്റെ പ്രകൃതമാണ്‌.
മാനുഷികമായി സംഭവിച്ചുപോകുന്ന പിഴവുകളോ യാദൃച്ഛികമായി പെട്ടുപോകുന്ന അബദ്ധങ്ങളോ ആണെങ്കില്‍ എത്ര വലിയ പാതകമാണെങ്കിലും നമുക്ക്‌ പൊറുക്കാം. എന്നാല്‍ ബോധപൂര്‍വം പ്ലാന്‍ ചെയ്‌ത്‌ കിട്ടാവുന്ന വന്‍തുക മുന്നില്‍ കണ്ട്‌ ചെയ്യുന്ന വഞ്ചനയാണിത്‌. മാത്രമല്ല, ഈ `കളിക്കാരെ' പാട്ടിലാക്കാന്‍ കള്ളും പെണ്ണും കൊടുത്ത്‌ മയക്കുകയാണ്‌ ചൂതാട്ടക്കാര്‍ ചെയ്യുന്നത്‌. താരപ്രേമം എന്ന മണല്‍ക്കോട്ട മനസ്സിന്റെ അഗാധതയിലേക്ക്‌ വീണുടയുകയാണ്‌. വാര്‍ത്തകളില്‍ കുറച്ചൊക്കെ വിശ്വാസമര്‍പ്പിക്കാമെങ്കില്‍, കേട്ടതിനെക്കാള്‍ ഭീകരമാണ്‌ കേള്‍ക്കാനിരിക്കുന്നത്‌. അധികൃതര്‍ക്കും അധികാരികള്‍ക്കും അറിയാവുന്ന അധോലോകത്തിന്റെ പിടിയിലാണ്‌ ക്രിക്കറ്റ്‌ രംഗമെന്നു പറയാം. ഇന്ത്യാ മഹാരാജ്യത്തിന്റെ വാര്‍ഷിക ബജറ്റിനെക്കാള്‍ വലിയ തുകകളാണ്‌ ഈ രംഗത്ത്‌ കലങ്ങി മറിയുന്നത്‌. 45,000 കോടിയാണത്രേ ഐ പി എല്ലിന്റെ പിന്‍വാതിലില്‍ മറിയുന്നത്‌! മാത്രമല്ല, ക്രിക്കറ്റിന്റെ രംഗത്ത്‌ കായികപ്രേമികളുടെ ചുണ്ടുകളില്‍ റണ്‍സ്‌, ഇന്നിംഗ്‌സ്‌ തുടങ്ങിയ ടേംസ്‌ തത്തിക്കളിക്കുമ്പോള്‍ ക്രിക്കറ്റിന്റെ അധോലോകത്ത്‌, സ്‌പോട്ട്‌ ഫിക്‌സിംഗ്‌, മാര്‍ച്ച്‌ ഫിക്‌സിംഗ്‌ തുടങ്ങിയ ചൂതാട്ട ടേമുകളും സെഷന്‍, ലംവിപാരി തുടങ്ങിയ കോഡുകളും സര്‍വ സാധാരണമാണത്രേ! എല്ലാം വഞ്ചനയുടെ മാസ്റ്റര്‍ പീസുകള്‍! രംഗത്ത്‌ ആടിത്തിമര്‍ക്കുന്നത്‌ ജീര്‍ണതയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാര്‍!
എത്ര ഗുരുതരമായ കേസുകള്‍ ഉടലെടുത്താലും നമുക്കൊരു പതിവുണ്ട്‌. നാലഞ്ചു ദിവസം വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞ ചര്‍ച്ചകള്‍ നടക്കും. പിന്നെ അത്‌ മറക്കുക. മനുഷ്യന്റെ മറവി ഒരനുഗ്രഹമായി കണ്ട്‌ വന്‍ സ്രാവുകള്‍ രക്ഷപ്പെട്ടുപോവുകയും ചെയ്യും. മാന്യന്മാരായ വിനോദപ്രേമികളായ നല്ല മനുഷ്യരെ കബളിപ്പിച്ചുകൊണ്ട്‌ കോടികള്‍ നേടിയ ഈ വഞ്ചകരെ മാതൃകാപരമായി ശിക്ഷിക്കണം. വഞ്ചനയ്‌ക്ക്‌ കൂട്ടുനില്‌ക്കുന്നവരും ഇതിനുത്തരവാദികളാണ്‌. കളിയും വലിയ കാര്യമാണല്ലോ ഇപ്പോള്‍. ആയതിനാല്‍ കളിക്കുന്നവര്‍ക്ക്‌ കൈ നിറയെ പ്രതിഫലവും ആസ്വാദകര്‍ക്ക്‌ മാനസികോല്ലാസവും പ്രദാനംചെയ്യുന്ന ക്രിക്കറ്റുള്‍പ്പെടെ എല്ലാ വിനോദരംഗങ്ങളെയും ഈ അധപ്പതനത്തില്‍ നിന്ന്‌ മോചിപ്പിക്കാന്‍ അധികൃതര്‍ക്ക്‌ ആര്‍ജവമുണ്ടാകണം. മുഖം നോക്കാതെ നടപടിയെടുക്കണം. ഈ കോഴക്കേസ്‌ അവസാനത്തേതായിരിക്കണം.
ഒരു വലിയ കളവുകേസ്‌ അന്വേഷിക്കുമ്പോള്‍ മറ്റു കുറേ കേസുകള്‍ക്ക്‌ ചുരുളഴിയുന്നതുപോലെ ക്രിക്കറ്റ്‌ കോഴയും ഒരു ശൃംഖലയുടെ കണ്ണി മാത്രമാണത്രേ. മലയാളിതാരം എസ്‌ ശ്രീശാന്തടക്കം രാജസ്ഥാന്‍ റോയല്‍സ്‌ ടീമിന്റെ മൂന്നുകളിക്കാരെ മത്സരത്തില്‍ തത്സമയം ഒത്തുകളിച്ച സ്‌പോട്ട്‌ ഫിക്‌സിംഗ്‌ എന്ന വഞ്ചനയ്‌ക്ക്‌ അറസ്റ്റു ചെയ്‌തതിനു പിന്നാലെ മെയ്‌ 3-ന്‌ നടന്ന രാജസ്ഥാനും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിലും ഒത്തുകളി നടന്നതായി പോലീസ്‌ വെളിപ്പെടുത്തിയതായി വാര്‍ത്തകള്‍ വന്നിരിക്കുന്നു. അന്വേഷണം കൂടുതല്‍ കളിക്കാരിലേക്കും ടീമിനെ വിലയ്‌ക്കു വാങ്ങിയ ഉടമകളിലേക്കും നീങ്ങുന്നു എന്നറിയുന്നു. മാത്രമല്ല, പിടിക്കപ്പെട്ടവര്‍ മറ്റു പലരുടെയും പേരുകള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എത്ര ജുഗുപ്‌സാവഹമായ സ്ഥിതി വിശേഷം!
വെള്ളിത്തിരയില്‍ മിന്നുന്ന താരങ്ങള്‍ക്കും കളിക്കളത്തില്‍ വിരാജിക്കുന്ന താരങ്ങള്‍ക്കുമൊക്കെ മനസ്സില്‍ സ്‌നേഹോഷ്‌മളമായ ഇടം നല്‍കി ആദരിക്കുന്ന സാധാരണക്കാരും അല്‌പം അതിരുകടന്ന്‌ ഇവന്മാര്‍ക്കൊക്കെ `ഫാന്‍സ്‌' രൂപീകരിക്കുന്ന കലാ-കായിക ഭ്രാന്തന്മാരും ആലോചിക്കുക. നമ്മെ വിനോദത്തിന്റെ മായികവലയത്തില്‍ അഭിരമിപ്പിക്കുന്ന ഇവരൊന്നും നമുക്കുവേണ്ടി നിലകൊള്ളുന്നവരല്ല. നമ്മുടെ താല്‌പര്യത്തെ മൂലധനമാക്കി കൊള്ളലാഭം കൊയ്യുന്ന ഷൈലോക്കുമാരാണ്‌. വേനല്‍ക്കാലത്ത്‌ ഒഴിഞ്ഞ പാടത്ത്‌ `മട്ടല്‍' ചെത്തിയെടുത്ത്‌ ക്രിക്കറ്റ്‌ പിച്ചൊരുക്കുന്ന നിഷ്‌കളങ്കരായ ഗ്രാമീണ ബാലന്മാരുടെ കളിയുണ്ടല്ലോ, അത്‌ മനസ്സിന്‌ ആശ്വാസം പകരും. വ്യാപാരികളും വ്യവസായികളും പരസ്യക്കാരും മീഡിയയും കൂടി ഒരുക്കുന്ന വലയ്‌ക്കകത്താണ്‌ ഇന്നത്തെ ജനങ്ങള്‍ കുരുങ്ങിക്കിടക്കുന്നത്‌.
ജീര്‍ണതയ്‌ക്ക്‌ പാലം പണിയുന്ന ഈ താരങ്ങള്‍ക്ക്‌ സാംസ്‌കാരിക മൂല്യങ്ങളുപദേശിക്കാനോ ദേശക്കൂറ്‌ പഠിപ്പിച്ചുകൊടുക്കാനോ പൗരബോധം സൃഷ്‌ടിക്കാനോ ആരും തുനിയാറില്ല. തന്റെ കരിയറില്‍ നിന്ന്‌ വിരമിച്ച ശേഷവും നാടിനെ സേവിക്കുന്ന കായികതാരങ്ങള്‍ക്കും മറ്റും നാണക്കേട്‌ സൃഷ്‌ടിക്കുക മാത്രമാണ്‌ ഈ പണക്കൊതിയന്മാര്‍ ചെയ്യുന്നത്‌. വളര്‍ന്നുവരുന്ന ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമായി സര്‍ക്കാര്‍ ശ്രീശാന്തിനടക്കം ജോലി നല്‌കിയിട്ടുണ്ട്‌. ജനപ്രിയത ചൂഷണംചെയ്‌ത്‌ പരസ്യങ്ങളില്‍ വേഷമിട്ട്‌ വീണ്ടും പണമുണ്ടാക്കുന്നതും, അതു കാണാന്‍ ജനങ്ങള്‍ ഉണ്ടായിട്ടാണ്‌ എന്ന നേരിയ ബോധമെങ്കിലും ഇവര്‍ക്ക്‌ ഉണ്ടാകേണ്ടതുണ്ട്‌.
വാതുവെയ്‌പ്‌ എന്ന ചൂതാട്ടം നടത്തുന്നവര്‍ക്ക്‌ കോടികള്‍ ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കി അവര്‍ക്കുവേണ്ടി ഒത്തുകളിച്ച മലയാളിയായ ശ്രീശാന്ത്‌ ഉള്‍പ്പെടെ താരങ്ങളും ചൂതാട്ടക്കാരും ഡല്‍ഹി പോലീസിന്റെ പിടിയിലായതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ജീര്‍ണ മുഖമാണ്‌ വെളിപ്പെട്ടിരിക്കുന്നത്‌. കളിയാണ്‌ രംഗമെങ്കിലും ധര്‍മചിന്തയും സാമൂഹ്യ പ്രതിബദ്ധതയും രാജ്യസ്‌നേഹവും മറന്ന്‌ താന്തോന്നിത്തവും സ്വാര്‍ഥതയും പണക്കൊതിയും കൈമുതലാക്കി മുന്നോട്ടു നീങ്ങിയാല്‍ മാനവികത മരിക്കുകയും പൈശാചികത ജയിക്കുകയും ചെയ്യും.

0 comments:

മനുഷ്യകഴിവിന്‌ അതീതം: ജിന്നുവാദികളുടെ ജല്‍പനങ്ങള്‍-6

മനുഷ്യകഴിവിന്‌ അതീതം: ജിന്നുവാദികളുടെ ജല്‍പനങ്ങള്‍-6
- നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ അല്ലാഹുവിനോടു മാത്രമേ സഹായം തേടാന്‍ പാടുള്ളൂ എന്ന തൗഹീദിന്റെ അടിസ്ഥാന തത്വം മലക്കിനോടും ജിന്നിനോടും സഹായം തേടുന്നതിന്‌ എതിരല്ല എന്നാണ്‌ ചിലര്‍ വാദിക്കുന്നത്‌. ഈ വാദം ശരിയല്ലെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും മുന്‍ഗാമികള്‍ അവയ്‌ക്ക്‌ നല്‌കിയ വിശദീകരണങ്ങളും ഉദ്ധരിച്ചുകൊണ്ട്‌ വിവരിക്കുകയുണ്ടായി. ഇനിയും കാണുക.
അല്ലാഹു പറയുന്നു: കരയിലും കടലിലും നിങ്ങളെ യാത്ര ചെയ്യിക്കുന്നത്‌ അവനാണ്‌. അങ്ങനെ നിങ്ങള്‍ കപ്പലിലായിരിക്കുകയും അനുകൂലമായ കാറ്റിനാല്‍ ആ കപ്പല്‍ അവരെ വഹിച്ച്‌ ഓടിക്കൊണ്ടിരിക്കുകയും അവരത്‌ മൂലം സന്തുഷ്‌ടരായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ പെട്ടെന്നൊരു കൊടുങ്കാറ്റതാ ആ കപ്പലിനെ ബാധിക്കുന്നു. നാനാ ഭാഗങ്ങളില്‍ നിന്നും തിരമാലകള്‍ അവര്‍ക്കു നേരെ ആഞ്ഞടിക്കുന്നു.
തങ്ങള്‍ നശിക്കാറായിപ്പോയെന്ന്‌ അവര്‍ക്ക്‌ തോന്നിക്കഴിയുന്നു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ മാത്രം അര്‍പ്പിച്ചുകൊണ്ടു അവനോടവര്‍ പ്രാര്‍ഥിക്കുന്നു. അല്ലാഹുവേ, ഈ ആപത്തില്‍ നിന്നും നീ ഞങ്ങളെ രക്ഷിച്ചാല്‍ ഭാവിയില്‍ ഞങ്ങള്‍ നിന്നോട്‌ നന്ദി കാട്ടുന്നവരില്‍ ചേര്‍ന്നുകൊള്ളുക തന്നെ ചെയ്യും (സൂറ: യൂനുസ്‌ 22) കെ വി കൂറ്റനാട്‌ മുസ്‌ലിയാരുടെ പരിഭാഷയില്‍ നല്‌കിയ അര്‍ഥമാണ്‌ ഉദ്ധരിച്ചിരിക്കുന്നത്‌ (ഫത്‌ഹുര്‍റഹ്‌മാന്‍ 2-506)
ഈ സന്ദര്‍ഭത്തില്‍ സാക്ഷാല്‍ മക്കാമുശ്‌രിക്കുകള്‍ മരണപ്പെട്ടവരെയും മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം തേടാതെ അല്ലാഹുവിനെ മാത്രം വിളിച്ച്‌ സഹായം തേടിയത്‌ `ലാഇലാഹ ഇല്ലല്ലാഹ്‌' എന്നതിന്റെ ശരിയായ ആശയമാണെന്നും ആ സ്ഥാനത്ത്‌ മലക്കുകളെയും ജിന്നുകളെയും മരണപ്പെട്ടവരെയും വിളിച്ചു സഹായം തേടിയാല്‍ അത്‌ ശിര്‍ക്കാണെന്നും അല്ലാഹു ഉദാഹരണത്തിലൂടെ വിവരിക്കുകയാണ്‌. ഈ സ്വഭാവം കരയിലും കാത്തുസൂക്ഷിക്കുവാന്‍ അവരെ നിര്‍ബന്ധിതരാക്കുകയാണ്‌. കരയിലും വലിയ വിപത്തും ഗതിമുട്ടലും പ്രത്യേകിച്ച്‌ വിജനപ്രദേശത്ത്‌ അകപ്പെട്ടു വഴിയറിയാതെ ഗതിമുട്ടുമ്പോള്‍ മക്കാമുശ്‌രിക്കുകള്‍ മരണപ്പെട്ടവരെയും ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായം തേടാതെ അല്ലാഹുവിനെ മാത്രം വിളിച്ച്‌ സഹായം തേടി തൗഹീദിനെ നിഷ്‌കളങ്കമാക്കാറുണ്ടെന്നും ഖുര്‍ആനിലൂടെ തന്നെ അല്ലാഹു വിവരിച്ചതും നാം വിശദീകരിച്ചു. നമുക്ക്‌ ചോദിക്കുവാനുള്ളത്‌ ഈ രംഗം മനുഷ്യകഴിവിന്‌ അതീതമായതാണോ? അതല്ല, സൃഷ്‌ടികളുടെ കഴിവിന്‌ അതീതമായതാണോ? ഈ രംഗത്ത്‌ മലക്കുകളെയും ജിന്നുകളെയും മുശ്‌രിക്കുകള്‍ വിളിച്ചുതേടിയിരുന്നുവെങ്കില്‍ അല്ലാഹു അവരെ ഇവിടെ പ്രശംസിച്ചതുപോലെ പ്രശംസിച്ച്‌ തൗഹീദ്‌ എന്ന്‌ പറയുമോ? മുജാഹിദുകള്‍ക്ക്‌ ഇത്തരം രംഗങ്ങളില്‍ അല്ലാഹുവിന്‌ മാത്രമേ സഹായിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന വിശ്വാസമാണുള്ളത്‌.
മുജാഹിദുകളെ സംബന്ധിച്ച്‌ കാര്യകാരണബന്ധത്തിന്‌ അതീതം, അദൃശ്യമാര്‍ഗം, അഭൗതിക മാര്‍ഗം, മനുഷ്യ കഴിവിന്‌ അതീതം, മറഞ്ഞ വഴി എന്നെല്ലാം പറയുമ്പോള്‍ ജിന്നുകളുടെയും മലക്കുകളുടെയും കഴിവുകളെ പരിഗണിക്കുക, അവയെക്കുറിച്ച്‌ ഗവേഷണം ചെയ്യുക എന്ന പ്രശ്‌നം തന്നെ ഉദിക്കുന്നില്ല. കാരണം മലക്കുകളും ജിന്നുകളും അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളാണ്‌. നാം വിളിക്കുമ്പോള്‍ വിളികേട്ട്‌ ഉത്തരം ചെയ്യുവാന്‍ അവര്‍ക്ക്‌ സാധ്യമല്ല. നമ്മുടെ തൊഴിലാളികള്‍ക്കും ഭാര്യക്കും കുട്ടികള്‍ക്കും മറ്റും സാധിക്കുന്നതുപോലെ മലക്കുകള്‍ക്കും ജിന്നുകള്‍ക്കും ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തില്‍ നമ്മെ സഹായിക്കുവാന്‍ സാധ്യമല്ല. അദൃശ്യവും അഭൗതികവുമായ നിലക്ക്‌ നാം ഉദ്ദേശിക്കുമ്പോള്‍ അല്ലാഹുവിന്‌ മാത്രമേ നമ്മെ സഹായിക്കുവാന്‍ സാധിക്കുകയുള്ളൂ. അല്ലാഹു എന്ന ശക്തിക്ക്‌ മാത്രമേ അവന്‍ ഉദ്ദേശിക്കുമ്പോള്‍ ഈ മാര്‍ഗത്തിലൂടെ നമ്മെ സഹായിക്കുവാനും സാധിക്കുകയുള്ളൂ. മറ്റൊരു അദൃശ്യ ശക്തിക്കും സാധ്യമല്ല.
അല്ലാഹുവിനെ മാത്രം അദൃശ്യവും അഭൗതികവുമായ നിലക്കു നാം വിളിച്ചു തേടുമ്പോള്‍ അവന്‍ മലക്കുകളെ അയച്ച്‌ നമ്മെ സഹായിച്ചേക്കാം. ഇവിടെ അദൃശ്യമായി നമ്മെ സഹായിച്ചത്‌ യഥാര്‍ഥത്തില്‍ അല്ലാഹു മാത്രമാണ്‌. നാം ഉദ്ദേശിക്കുമ്പോഴും മലക്ക്‌ ഉദ്ദേശിക്കുമ്പോഴും അല്ലാഹുവിന്റെ പ്രത്യേക അനുമതിയില്ലാതെ മലക്കുകള്‍ സഹായിച്ചാല്‍ മാത്രമാണ്‌ മലക്കുകള്‍ അദൃശ്യമായി നമ്മെ സഹായിച്ചു എന്ന്‌ പറയുക. ഇതിന്‌ മലക്കുകള്‍ക്കും ജിന്നുകള്‍ക്കും സാധ്യമല്ല. നാം ഉദ്ദേശിക്കുമ്പോഴും മലക്കുകള്‍ ഉദ്ദേശിക്കുമ്പോഴും മഴ വര്‍ഷിപ്പിക്കുവാന്‍ മലക്കുകള്‍ക്ക്‌ സാധ്യമല്ല. മുഹമ്മദ്‌ നബി(സ) ഉദ്ദേശിക്കുമ്പോഴും ജിബ്‌രീല്‍(അ) ഉദ്ദേശിക്കുമ്പോഴും ഖുര്‍ആന്‍ അവതരിപ്പിക്കുവാന്‍ സാധ്യമല്ല. മരണത്തിന്റെ മലക്ക്‌ ഉദ്ദേശിക്കുമ്പോള്‍ ആരെയും മരിപ്പിക്കുവാന്‍ സാധ്യമല്ല. ഘോരശബ്‌ദം ഉണ്ടാക്കി തെമ്മാടികളെ നശിപ്പിക്കാന്‍ ഒരു മലക്കിനും സാധ്യമല്ല. മനുഷ്യന്‌ അല്ലാഹു സ്വതന്ത്രമായ കഴിവും സ്വതന്ത്രമായ ഉദ്ദേശ്യവും നല്‌കിയിട്ടുണ്ട്‌. ഇത്‌ മലക്കുകള്‍ക്ക്‌ നല്‌കിയിട്ടില്ല. ഇതാണ്‌ അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസം.
തഫ്‌സീര്‍ റുഹുല്‍ മആനിയില്‍ എഴുതുന്നത്‌ പ്രത്യേകം ശ്രദ്ധിക്കുക. തീര്‍ച്ചയായും ഈ ആയത്ത്‌ മുശ്‌രിക്കുകള്‍ ഇത്തരം അവസ്ഥയില്‍ അല്ലാഹുവിനെ അല്ലാതെ മറ്റാരെയും വിളിച്ച്‌ തേടാറില്ല എന്ന്‌ വ്യക്തമായി അറിയിക്കുന്നുണ്ട്‌. എന്നാല്‍ നിനക്ക്‌ നല്ലതുപോലെ അറിയാം ഇന്ന്‌ മനുഷ്യന്മാര്‍ ഇത്തരം മഹാവിപത്ത്‌ ബാധിച്ച്‌ ഗതിമുട്ടുമ്പോള്‍ അവര്‍ വിളിച്ച്‌ സഹായം തേടുക-കരയില്‍ വെച്ചും കടലില്‍ വെച്ചും - ഉപദ്രവമോ ഉപകാരമോ ചെയ്യുവാന്‍ സാധിക്കാത്തവരെയാണ്‌. അവരില്‍ ചിലര്‍ ഖിദ്‌ര്‍ നബിയെ വിളിച്ച്‌ സഹായം തേടും. മറ്റു ചിലര്‍ ഇല്‍യാസിനെ. മറ്റു ചിലര്‍ അബുല്‍ ഖമീസിനെയും അബ്ബാസിനെയും വിളിച്ചു സഹായം തേടും. ചിലര്‍ വല്ല ഇമാമിനെയും വിളിച്ച്‌ ഇസ്‌തിഗാസ ചെയ്യും (വമിന്‍ഹും മന്‍യസ്‌തഗീസു ബിഅഹദില്‍ അഇമ്മതി) ചിലര്‍ ഏതെങ്കിലും ശൈഖിനോട്‌ വിനയം കാണിക്കും.
ഇവരില്‍ ഒരാളും തന്റെ യഥാര്‍ഥ രക്ഷകനായ അല്ലാഹുവിനോട്‌ സഹായം തേടുന്നവരായി നീ കാണുകയില്ല. ഇവരില്‍ ആരാണ്‌ ഏറ്റവും സന്മാര്‍ഗം ലഭിച്ചവരെന്ന്‌ നീ എന്നോട്‌ പറയുക. മനുഷ്യര്‍ ഇന്ന്‌ അജ്ഞതയുടെയും ദുര്‍മാര്‍ഗത്തിന്റെയും കൊടുങ്കാറ്റ്‌ ബാധിച്ചവരാണ്‌. ദുര്‍മാര്‍ഗത്തിന്റെ തിരമാലകള്‍ ഇസ്‌ലാം ശരീഅത്താകുന്ന കപ്പലിനെ ബാധിച്ച്‌ പിളര്‍ത്തിയിരിക്കുന്നു. അങ്ങനെ അല്ലാഹു അല്ലാത്തവരോട്‌ ഇസ്‌തിഗാസ ചെയ്യല്‍ വിജയത്തിന്റെ മാര്‍ഗമാക്കിയിരിക്കുന്നു (ഇത്തഖദത്തില്‍ ഇസ്‌തിഗാസതബിഗൈറില്ലാഹി ലില്‍ നജാത്തി ദറീഅതന്‍) (റൂഹുല്‍ മആനി: 10-ാം സൂറ: യൂനുസിലെ 22-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍)
റൂഹുല്‍ മആനി വഹാബികളുടെ തഫ്‌സീറായി തള്ളുവാന്‍ ആര്‍ക്കും ഒരിക്കലും സാധ്യമല്ല. കാരണം പൊന്മള അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എഴുതിയ ത്വരീഖത്ത്‌ ഒരു സമഗ്ര പഠനം എന്ന പുസ്‌തകത്തില്‍ ത്വരീഖത്തിനെയും സൂഫിയാക്കളെയും എതിര്‍ക്കുവാന്‍ ധാരാളം സ്ഥലത്ത്‌ റൂഹുല്‍ മആനിയെയാണ്‌ തെളിവായി ഉദ്ധരിക്കുന്നത്‌ (ഉദാ: പേജ്‌ 148, 149, 174, 178, 180) ഇതൊന്നും വഹാബികളെ എതിര്‍ക്കുവാന്‍ ഉദ്ധരിച്ചതല്ല. ഖുര്‍ആനില്‍ വിവരിച്ച ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇമാം അഹ്‌മദും ഇമാം നവവിയും അദ്ദേഹത്തിന്റെ ശൈഖന്‍മാരും ഇമാം ശൗക്കാനിയും(റ) എല്ലാം തന്നെ മലക്കുകളെയും ജിന്നുകളെയും ഉദ്ദേശിച്ച്‌ വിളിക്കുകയും അതിനാല്‍ അവര്‍ സഹായിക്കുകയും ചെയ്‌തിട്ടുണ്ടെന്നും അതിനാല്‍ ഇത്‌ ശിര്‍ക്കല്ല എന്നുമാണ്‌ യാഥാസ്ഥിതികരുടെയും ജിന്നുവാദികളുടെയും പക്ഷം. 
ഈ രംഗം കാര്യകാരണബന്ധം മുറിയുന്ന രംഗമാണെന്ന്‌ ഇമാം ഖുര്‍തുബി ആയത്തിനെ വിവരിച്ചുകൊണ്ടു എഴുതുന്നു (തഫ്‌സീര്‍ ഖുര്‍തുബി 8:325). ജിന്നുവാദികള്‍ പറയുന്നത്‌ മലക്കുകളുടെയും ജിന്നുകളുടെയും കൂടി കഴിവുകള്‍ പ്രയോജനപ്പെടാത്ത രംഗത്തിനുമാത്രമേ കാര്യകാരണ ബന്ധത്തിന്‌ അതീതം എന്ന്‌ പറയുവാന്‍ പാടുള്ളൂ എന്നാണ്‌. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകള്‍ ഇവര്‍ വിവരിച്ചതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യജീവിതത്തില്‍ മറ്റുള്ളവരെ വിളിച്ചുതേടിയാല്‍ ശിര്‍ക്കാകുന്ന യാതൊരു വിഷയവും രംഗവും ഉണ്ടാവുകയില്ല.

0 comments:

മലേഷ്യ മാറ്റമില്ലാതെ ബാരിസാന്‍

മലേഷ്യ മാറ്റമില്ലാതെ ബാരിസാന്‍
മുനീര്‍ മുഹമ്മദ്‌ റഫീഖ്‌
ഈ മാസം മെയ്‌ 5-ന്‌ മലേഷ്യയില്‍ നടന്ന രാജ്യത്തിന്റെ പതിമൂന്നാമത്‌ പൊതു തെരെഞ്ഞടുപ്പ്‌ ലോകമാധ്യമങ്ങള്‍ വളരെ പ്രാധാന്യപൂര്‍വമാണ്‌ നിരീക്ഷിച്ചത്‌. ബ്രിട്ടീഷ്‌ അധിനിവേശത്തില്‍ നിന്ന്‌ 1957-ല്‍ സ്വാതന്ത്യം നേടിയതു മുതല്‍ രാജ്യം ഭരിച്ചുപോരുന്ന ബാരിസാന്‍ നാഷനല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന്‌ ഈ തെരഞ്ഞെടുപ്പോടെ അവസാനമാകുമോ എന്ന ആകാംക്ഷയാണ്‌ രാജ്യത്തിന്നകത്തും പുറത്തുമുള്ള രാഷ്‌ട്രീയ നിരീക്ഷകരെ മലേഷ്യന്‍ തെരഞ്ഞെടുപ്പിനെ സാകൂതം വീക്ഷിക്കാന്‍ പ്രേരിപ്പിച്ചത്‌.
തെരഞ്ഞെടുപ്പ്‌ ദിവസം വരെയും ഭരണമാറ്റത്തിന്റെ എല്ലാ സാധ്യതയും പ്രവചിച്ചുകൊണ്ടായിരുന്നു അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ നിരീക്ഷണങ്ങള്‍. അല്‍ജസീറയും ബി ബി സിയും, അന്‍വര്‍ ഇബ്‌റാഹിമുമായി ഇന്റര്‍വ്യൂ നടത്തിയ ഒരു ആസ്‌ത്രേലിയന്‍ പത്രവും ഭരണമാറ്റം പ്രവചിച്ചുകൊണ്ടാണ്‌ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
എന്നാല്‍ തെരഞ്ഞെടുപ്പ്‌ അവസാനിക്കുമ്പോള്‍ ലഭിക്കുന്ന മലേഷ്യയുടെ രാഷ്‌ട്രീയ ചിത്രം, 222 പാര്‍ലമെന്റ്‌ സീറ്റുകളില്‍ 133 സീറ്റുകളും നേടി ബാരിസാന്‍ നാഷനല്‍ പാര്‍ട്ടി തന്നെ അധികാരത്തിലേറിയെന്നതാണ്‌. മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീമിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടി പകതാന്‍ റകയാത്‌ 2008-ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവച്ചെങ്കിലും ഭരണകക്ഷിയെ താഴെയിറക്കാമെന്ന കണക്കുകൂട്ടലുകള്‍ വിജയിച്ചില്ല.
2004 മുതല്‍ രാജ്യത്ത്‌ പാര്‍ലമെന്റ്‌ സീറ്റുകളിലേക്കും സംസ്ഥാന ഭരണസഭയായ നിയമ സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ്‌ ഒരുമിച്ചാണ്‌ നടന്നുവരുന്നത്‌. ഇരു സഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും മെയ്‌ 5-ന്‌ തന്നെയായിരുന്നു. രണ്ട്‌ കോടി എണ്‍പത്‌ ലക്ഷം മാത്രം ജനസംഖ്യയുള്ള മലേഷ്യയില്‍ വോട്ടര്‍മാര്‍ അതിന്റെ മൂന്നില്‍ രണ്ടേ വരൂ. ഇന്ത്യയിലെ പോലെ വിവിധ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പു നടത്തുകയും ഫലപ്രഖ്യാപനത്തിന്‌ ദിവസങ്ങള്‍ കാത്തിരിക്കുകയും ചെയ്യുന്ന അവസ്ഥ മലേഷ്യയിലില്ല. ഒറ്റ ദിവസം തന്നെ നടക്കുന്ന പാര്‍ലമെന്ററി-ലെജിസ്ലേറ്റീവ്‌ തെരഞ്ഞെടുപ്പുകളുടെ ഫലം അന്ന്‌ അര്‍ധരാത്രിയോടു കൂടി അറിയാനാകും.
മലേഷ്യയിലെ യുവതലമുറയും വലിയൊരു വിഭാഗം ജനതയും പ്രതിപക്ഷ നേതാവ്‌ അന്‍വര്‍ ഇബ്‌റാഹീമിനോടൊപ്പമായിരുന്നു ഈ തെരഞ്ഞെടുപ്പില്‍. തെരഞ്ഞടുപ്പിന്‌ തൊട്ടുമുമ്പുള്ള രാഷ്‌ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളില്‍ പ്രതിപക്ഷത്തിനും വളരെയധികം വിജയസാധ്യത കല്‌പിക്കപ്പെട്ടിരുന്നു. പതിനഞ്ച്‌ വര്‍ഷം മാത്രം പ്രവര്‍ത്തന പാരമ്പര്യമുള്ള പ്രതിപക്ഷ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രകടനം ഒട്ടും മോശമല്ലായെന്നു തന്നെയാണ്‌ തെരഞ്ഞെടുപ്പിനെ മൊത്തം വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത്‌. തെരഞ്ഞെടുപ്പില്‍ മൊത്തം വോട്ടുകളില്‍ 52 ശതമാനം വോട്ടുകളും നേടിയത്‌ പ്രതിപക്ഷ പാര്‍ട്ടികളാണ്‌. എന്നാല്‍ മത്സരിച്ച പാര്‍ലമെന്ററി സീറ്റുകളില്‍ ഭൂരിപക്ഷത്തിലും വിജയിക്കാന്‍ കഴിഞ്ഞതിനാലാണ്‌ ബാരിസാന്‍ നാഷനല്‍ പാര്‍ട്ടിയെ വീണ്ടും അധികാരത്തിലേറ്റിയത്‌. മലേഷ്യയുടെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തില്‍ ഏറ്റവും മോശം പ്രകടനമാണ്‌ ബാരിസാന്‍ നാഷനല്‍ പാര്‍ട്ടി കാഴ്‌ച വെച്ചത്‌. മൊത്തം വോട്ടുകളില്‍ 48% വോട്ടുകളാണ്‌ പാര്‍ട്ടിക്ക്‌ നേടാനായത്‌. വിജയിച്ച അധിക സീറ്റുകളിലും വളരെ കുറഞ്ഞ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ. പാര്‍ട്ടി ഏറ്റവും കുറവ്‌ പാര്‍ലമെന്ററി സീറ്റുകള്‍ നേടുന്ന തെരഞ്ഞെടുപ്പാണിത്‌. പോരാത്തതിന്‌ വിജയിച്ച പല മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണം പാര്‍ട്ടിയുടെ പ്രതിഛായയെ സാരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്‌. പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും മലേഷ്യന്‍ ഭാവി രാഷ്‌ട്രീയത്തില്‍ പ്രതിപക്ഷ കക്ഷിയായ പകതാന്‍ റക്‌യാതിന്‌ ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്‌ ഈ തെരഞ്ഞെടുപ്പ്‌.
മലേഷ്യയുടെ രാഷ്‌ട്രീയ ചരിത്രം
ആധുനിക മലേഷ്യയുടെ രാഷ്‌ട്രീയ ചരിത്രം ആരംഭിക്കുന്നത്‌ സാമ്രജ്യത്വ രാജ്യമായിരുന്ന ബ്രിട്ടനില്‍ നിന്ന്‌ 1957-ല്‍ രാജ്യം രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടുന്നതോടു കൂടിയാണ്‌. ബ്രിട്ടന്റെ ഏറ്റവും വലിയ കോളനിയായിരുന്ന ഇന്ത്യ 1947-ല്‍ സ്വതന്ത്രമായതോടെ തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ബ്രിട്ടന്‌ കാലിടറുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലത്തു തന്നെ ബ്രിട്ടന്‍ മലേഷ്യയില്‍ സാന്നിധ്യമുറപ്പിച്ചുവെങ്കിലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്‌ സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യം മലേഷ്യയെ പൂര്‍ണമായും കോളനിവത്‌കരിക്കുന്നത്‌. ഒരു നൂറ്റാണ്ടിലധികം ബ്രിട്ടന്റെ കോളനി രാജ്യമായിരുന്ന മലേഷ്യ 1957-ല്‍ രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടുമ്പോള്‍ രാജ്യത്തിന്റെ നീതിന്യായ-ഭരണ നിര്‍വഹണ സംവിധാനങ്ങള്‍ പൂര്‍ണമായും ബ്രിട്ടീഷ്‌ രീതിയില്‍ തന്നെ തുടരുകയായിരുന്നു. ബ്രിട്ടന്റെ വെസ്റ്റ്‌മിനിസ്റ്റര്‍ ഭരണരീതി പിന്തുടരുന്ന മലേഷ്യയില്‍ ഭരണ സഭയായ പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഭരണം നിര്‍വഹിക്കുകയും രാജകുടുംബത്തിന്‌ നാമമാത്രമായ പദവികള്‍ നല്‍കിവരികയും ചെയ്യുന്നു. ബഹു കക്ഷി ഭരണ സമ്പ്രദായമാണ്‌ സ്വാതന്ത്ര്യാനന്തര കാലം മുതല്‍ക്കു തന്നെ മലേഷ്യയില്‍. അലയന്‍സ്‌ പാര്‍ട്ടി എന്ന കൂട്ടുമുന്നണിയാണ്‌ 1973 വരെയും രാജ്യത്ത്‌ ഭരണം നടത്തിയത്‌. അലയന്‍സ്‌ പാര്‍ട്ടിയുടെ പിന്തുടര്‍ച്ചക്കാരാണ്‌ ഇന്ന്‌ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ബാരിസാന്‍ നാഷനല്‍ പാര്‍ട്ടി. ബാരിസാന്‍ നാഷനല്‍ പാര്‍ട്ടിയിലെ മുഖ്യ കക്ഷിയായ യുണൈറ്റഡ്‌ മലയ്‌ നാഷനല്‍ ഓര്‍ഗനൈസേഷന്‍ (UMNO) അടങ്ങുന്ന പാര്‍ട്ടിയാണ്‌ ഇതുവരെയും മലേഷ്യ ഭരിച്ചത്‌.
രാജ്യം ശ്രദ്ധേയമായ സാമ്പത്തിക പുരോഗതി കൈവരിക്കുകയും, ആധുനികവത്‌കരണം വഴി വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക്‌ ഉയരുകയും ചെയ്യുന്നത്‌ സ്വതന്ത്ര മലേഷ്യയുടെ നാലാമത്തെ പ്രധാന മന്ത്രിയായിരുന്ന മഹാതീര്‍ മുഹമ്മദിന്റെ ഭരണ കാലത്താണ്‌. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയെന്ന ബഹുമതിയുള്ള മഹാതീര്‍ മുഹമ്മദ്‌ 1981-ലാണ്‌ ആദ്യമായി പ്രധാനമന്ത്രിയാകുന്നത്‌. അഞ്ച്‌ പ്രാവശ്യം തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ പ്രധാനമന്ത്രി പദത്തിലെത്തിയ മഹാതീര്‍ 2003-ലാണ്‌ രാജിവെക്കുന്നത്‌. 1990-കള്‍ മുതല്‍ 2000 വരെയുള്ള മലേഷ്യയുടെ ചരിത്രം സാമ്പത്തിക വിജയത്തിന്റെയും വികസനത്തിന്റേതുമാണ്‌. 2003-ല്‍ മഹാതീറിന്റെ രാജിക്ക്‌ ശേഷം ബാരിസാന്‍ നാഷനല്‍ പാര്‍ട്ടിയിലെ തന്നെ അബ്ദുല്ല അഹ്‌മദ്‌ ബദവിയാണ്‌ രാജ്യം ഭരിച്ചത്‌. 2009-ല്‍ ഇദ്ദേഹത്തിന്റെ രാജിക്കു ശേഷമാണ്‌ ഇപ്പോഴത്തെ പ്രധാനമന്ത്രിയായ നജീബ്‌ റസാഖ്‌ അധികാരത്തില്‍ വരുന്നത്‌.
മലേഷ്യന്‍ രാഷ്‌ട്രീയത്തിലെ മുഖ്യ പാര്‍ട്ടികളുടെ നയ സമീപനങ്ങളില്‍ കാര്യമായ അന്തരമില്ല. മലേഷ്യന്‍ ദേശീയതയും സംസ്‌കാരവും രാജ്യത്തിന്റെ ഇസ്‌ലാമിക പാരമ്പര്യവും വംശവൈവിധ്യവും ഇരു പാര്‍ട്ടികളുടെയും മുന്‍നിര അജണ്ടകളില്‍പെട്ടതാണ്‌. രാജ്യത്തിന്റെ ദേശീയ ഐക്യവും മലേഷ്യയുടെ വംശീയവും മതപരവുമായ വൈവിധ്യങ്ങളെ സമന്വയിപ്പിക്കുന്ന `സാതു മലേഷ്യ' (ഒറ്റ മലേഷ്യ) എന്ന മുദ്രാവാക്യവുമായാണ്‌ ഭരണ കക്ഷിയിലെ മുഖ്യ പാര്‍ട്ടിയായ ഉംനോ (യുണൈറ്റഡ്‌ മലയ്‌ നാഷനല്‍ ഓര്‍ഗനൈസേഷന്‍) യുടെ അധ്യക്ഷനും നിലവിലെ പ്രധാനമന്ത്രിയുമായ നജീബ്‌ റസാഖ്‌ തെരഞ്ഞെടുപ്പ്‌ ഗോദയില്‍ ഇറങ്ങിയത്‌. തെരഞ്ഞെടുപ്പിന്‌ മാസങ്ങള്‍ക്കു മുമ്പ്‌ തന്നെ പ്രധാനമന്ത്രിയുടെയും ഭരണകക്ഷിയിലെ പ്രമുഖരുടെയും വലിയ കട്ടൗട്ടുകളും കൊടി തോരണങ്ങളും കൊണ്ട്‌ അലംകൃതമായിരുന്നു കൊലാംലംപൂര്‍ നഗരം മുഴുവനും. വളരെ വൈകിയാണെങ്കിലും പ്രതിപക്ഷവും തെരഞ്ഞെടുപ്പ്‌ പ്രചാരണവുമായി രംഗത്തുവന്നത്‌ മത്സരം വാശിയേറിയതാക്കി. പ്രതിപക്ഷമില്ലാത്ത ദീര്‍ഘ കാലത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമാണ്‌ ഇന്നത്തെ മലേഷ്യന്‍ രാഷ്‌ട്രീയ സാഹചര്യം.
അന്‍വര്‍ ഇബ്‌റാഹീമിന്റെ തിരിച്ചുവരവും പ്രതിപക്ഷ പാര്‍ട്ടികളും
മലേഷ്യന്‍ രാഷ്‌ട്രീയത്തില്‍ മഹാതീര്‍ കഴിഞ്ഞാല്‍ ഏറ്റവും ജനസ്വാധീനമുള്ള വ്യക്തിയാണ്‌ പ്രതിപക്ഷ നേതാവായ അന്‍വര്‍ ഇബ്‌റാഹിം. മഹാതീറിന്റെ ഭരണകാലത്ത്‌ ഡെപ്യൂട്ടി പ്രധാനമന്തിയായും സാമ്പത്തികകാര്യ മന്ത്രിയായും ശോഭിച്ച അന്‍വര്‍ ഇബ്‌റാഹിമിന്‌ ആധുനിക മലേഷ്യയുടെ വികസനത്തില്‍ മഹാതീറിനോളം തന്നെ സ്ഥാനമുണ്ട്‌. മഹാതീറിന്റെ ഭരണ കാലത്ത്‌ പ്രധാനമന്ത്രിയെക്കാള്‍ കൂടുതല്‍ വാര്‍ത്തകളില്‍ ഇടം നേടുകയും ഒരുവേള പ്രധാന മന്ത്രിയെക്കാള്‍ ജനസമ്മതി നേടുകയും ചെയ്‌ത നേതാവാണ്‌ അദ്ദേഹം. മലേഷ്യയുടെ പ്രത്യേകതകള്‍ പരിഗണിച്ചു കൊണ്ടുള്ള വികസന ഫോര്‍മുലയും, 1997-ല്‍ ഏഷ്യന്‍ രാജ്യങ്ങളെ ബാധിച്ച വന്‍ സാമ്പത്തികത്തകര്‍ച്ചയില്‍ നിന്ന്‌ രാജ്യത്തെ രക്ഷപ്പെടുത്തിയതിലുമുള്ള ക്രെഡിറ്റ്‌ സാമ്പത്തിക വിദഗ്‌ധന്‍ കൂടിയായ അന്‍വര്‍ ഇബ്‌റാഹിമിന്‌ മാത്രം അവകാശപ്പെട്ടതാണ്‌. കുറഞ്ഞ കാലം, മഹാതീറിന്റെ അഭാവത്തില്‍ മലേഷ്യയുടെ പ്രധാനമന്ത്രിയായി ഭരണം നടത്തിയ അന്‍വര്‍ ഇബ്‌റാഹിമിന്റെ അക്കാലത്തെ നയനിലപാടുകളില്‍ മഹാതീറിന്‌ വിയോജിപ്പുണ്ടായതാണ്‌ അദ്ദേഹത്തിനെതിരെ പല ആരോപണങ്ങള്‍ ഉയര്‍ന്നുവരാനും പിന്നീട്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെടാനും ഇടയാക്കിയത്‌.
മഹാതീര്‍ സ്വീകരിച്ചുപോന്ന നവ മുതലാളിത്ത ഉദാരവത്‌കരണ സമീപനങ്ങള്‍ക്കെതിരെ തൊണ്ണൂറുകളുടെ അവസാനത്തില്‍ അന്‍വര്‍ ഇബ്‌റാഹിം ശക്തമായി രംഗത്തുവന്നു. സ്വവര്‍ഗരതിയും സാമ്പത്തിക തിരിമറികളും ആരോപിക്കപ്പെട്ട്‌ 1998-ല്‍ ജയിലിലാകുന്നതിന്‌ മുമ്പുതന്നെ ഭരണ കൂടത്തിനെതിരെ പല പ്രതിഷേധറാലികളും അന്‍വര്‍ ഇബ്‌റാഹിം സംഘടിപ്പിച്ചിരുന്നു. അദ്ദേഹം ജയിലിലായിരുന്ന കാലത്ത്‌ ഭാര്യ വാന്‍ അസീസയുടെ നേതൃത്വത്തില്‍ 1999-ലാണ്‌ പാര്‍ട്ടി കെഡിലാന്‍ റക്‌യാത്‌ (പീപിള്‍സ്‌ ജസ്റ്റിസ്‌ പാര്‍ട്ടി) രൂപീകരിക്കപ്പെടുന്നത്‌. 2004-ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വാന്‍ അസീസ വിജയിക്കുകയും 2007-ല്‍ ഭര്‍ത്താവ്‌ ജയില്‍ മോചിതനാകും വരെയും പാര്‍ട്ടി അധ്യക്ഷയായി തുടരുകയും ചെയ്‌തു. 2008-ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച അന്‍വര്‍ ഇബ്‌റാഹിം പാര്‍ലമെന്റ്‌ അംഗവും പ്രതിപക്ഷ നേതാവുമായി. അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന ഒരു വര്‍ഷം മുമ്പ്‌ കോടതിയുടെ കണ്ടെത്തലും അന്‍വര്‍ ഇബ്‌റാഹിമിന്റെ ജനപിന്തുണ വലിയ അളവില്‍ കൂട്ടിയിട്ടുണ്ടെന്നുവേണം കരുതാന്‍. പതിനൊന്നായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ അന്‍വര്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്‌. ഫലസ്‌തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം, ഇസ്‌റാഈല്‍-അമേരിക്കന്‍ ലോബിയുമായുള്ള മലേഷ്യന്‍ ഗവണ്‍മെന്റിന്റെ കൂട്ടുകെട്ടിനെതിരെയുള്ള ശക്തമായ പ്രതിഷേധം, ഇസ്‌ലാമിന്റെ മധ്യമ നിലപാടുകള്‍ തുടങ്ങി അന്‍വര്‍ ഇബ്‌റാഹിമിലേക്ക്‌ മലേഷ്യന്‍ ജനതയെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങളുണ്ട്‌.
അന്‍വര്‍ ഇബ്‌റാഹിമിന്റെ പാര്‍ട്ടിയായ പീപിള്‍സ്‌ ജസ്റ്റിസ്‌പാര്‍ട്ടിയും ഇസ്‌ലാമിക പാര്‍ട്ടിയായ പാസും (പാര്‍ട്ടി ഇസ്‌ലാംസെ മലേഷ്യ) ചൈനീസ്‌ വംശജര്‍ക്ക്‌ ഭൂരിപക്ഷമുള്ള സെക്യുലര്‍ പാര്‍ട്ടിയായ ഡി എ പി (ഡെമോക്രാറ്റിക്‌ ആക്ഷന്‍ പാര്‍ട്ടി) യും കൂടിച്ചേര്‍ന്നതാണ്‌ പ്രതിപക്ഷ കക്ഷിയായ പകതാന്‍ റക്‌യാത്‌. ബാരിസാന്‍ നാഷനല്‍ പാര്‍ട്ടിയുടെ അഴിമതി നിറഞ്ഞ ഭരണ നിര്‍വഹണത്തില്‍ നിന്ന്‌ മോചനം വാഗ്‌ദാനം ചെയതുകൊണ്ടാണ്‌ പ്രതിപക്ഷ കക്ഷി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്‌. സാധാരണക്കാര്‍ക്കു കൂടി ഉപകാരപ്രദമാകുന്ന വികസന പ്രക്രിയകളെ സ്വാഗതം ചെയ്യുമെന്നും മലേഷ്യന്‍ നിരത്തുകളുടെ ചുങ്കപ്പിരിവ്‌, പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ എടുത്തുകളയുമെന്നുമുള്ള പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങളും മലേഷ്യന്‍ ജനതയെ സ്വാധീനിച്ചിട്ടുണ്ടന്നാണ്‌ കരുതുന്നത്‌.
പ്രതിപക്ഷ നിരയിലെ പ്രമുഖ കക്ഷിയായ ഇസ്‌ലാമിക പാര്‍ട്ടി പാസ്‌ `ഹുദൂദ്‌' (ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങള്‍) മലേഷ്യയില്‍ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌ വലിയ വിവാദമായിരുന്നു. മലേഷ്യന്‍ ജനതയുടെ ഇരുപത്‌ ശതമാനത്തിലധികം വരുന്ന ചൈനീസ്‌ വംശജരും 8 ശതമാനത്തോളം വരുന്ന ഇന്ത്യന്‍ തമിഴ്‌ വംശജരും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തു വന്നിരുന്നു. ജനാഭിലാഷപ്രകാരം മാത്രമേ ഹുദൂദ്‌ നടപ്പിലാക്കൂ എന്ന പാസിന്റെ പ്രസ്‌താവനകള്‍, എന്നാല്‍ വിവാദം കുറക്കുന്നതായിരുന്നില്ല. ഹുദൂദ്‌ വിഷയം തെരഞ്ഞെടുപ്പില്‍ പാസിനെ പ്രതികൂലമായി ബാധിച്ചുവെന്നാണ്‌ മനസ്സിലാകുന്നത്‌. മലേഷ്യന്‍ മുസ്‌ലിം സമൂഹത്തിനിടയില്‍ നല്ല സ്വാധീനമുണ്ടായിരുന്ന ഇസ്‌ലാമിക കക്ഷിയായ പാസിന്‌ പക്ഷേ, ഈ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. പാസ്‌ ഭരിച്ചിരുന്ന രണ്ട്‌ സംസ്ഥാനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക്‌ നഷ്‌ടമാവുകയും പാസിന്‌ വമ്പിച്ച ഭൂരിപക്ഷമുണ്ടായിരുന്ന കെലന്താന്‍ സംസ്ഥാനത്തില്‍ ഭൂരിപക്ഷം കുറയുകയും ചെയ്‌തു. രാജ്യത്തെ വളരെയധികം ജനസമ്മതിയുണ്ടായിരുന്ന ഇസ്‌ലാമിക കക്ഷിയുടെ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും നിരീക്ഷണങ്ങളും ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ.
തെരഞ്ഞെടുപ്പില്‍ ബാരിസാന്‍ നാഷനല്‍ പാര്‍ട്ടി വമ്പിച്ച ക്രമക്കേടുകള്‍ കാട്ടിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ബാരിസാനെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഏതാനും ദിവസങ്ങള്‍ക്കു ശേഷം പ്രതിപക്ഷനേതാവ്‌ അന്‍വര്‍ ഇബ്‌റാഹിമിന്റെ നേതൃത്വത്തില്‍ കൊലാംലംപൂരില്‍ തെരഞ്ഞെടുപ്പ്‌ കൃത്രിമത്തിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ ഒരു ലക്ഷത്തില്‍ പരം ജനങ്ങളാണ്‌ അണിനിരന്നത്‌. പതിമൂന്നാമത്‌ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഭരണ കക്ഷി തന്നെ വീണ്ടും അധികാരത്തിലേറിയ ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ഇനിയുളള നാളുകള്‍ അത്ര എളുപ്പമുള്ളതല്ലെന്നുള്ള സന്ദേശമാണ്‌ മലേഷ്യയിലെ പുതിയ രാഷ്‌ട്രീയ സാഹചര്യം വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത്‌.
(മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥിയാണ്‌ ലേഖകന്‍)

0 comments:

വിനോദം ചൂതാട്ടമാക്കുകയോ?

വിനോദം ചൂതാട്ടമാക്കുകയോ?
മനുഷ്യന്റെ ആര്‍ത്തിയെയും ദുരയെയും വിശുദ്ധ ഖുര്‍ആന്‍ എടുത്തുകാട്ടിയത്‌ വളരെ ശ്രദ്ധേയമാണ്‌. ``വലിയ നന്ദികേടു കാണിക്കുന്നവനാണ്‌ മനുഷ്യന്‍. അതിന്‌ അവന്‍ തന്നെ സാക്ഷിയാണു താനും. അവന്‌ സമ്പത്തിനോടുള്ള ആര്‍ത്തി അതികഠിനമാണ്‌.'' (100:6-8). മനുഷ്യനില്‍ നൈസര്‍ഗികമായി കുടികൊള്ളുന്ന ഈ
ദുര്‍വികാരത്തിനുള്ള പോംവഴിയും വിശുദ്ധ ഖുര്‍ആന്‍ തുടര്‍ന്ന്‌ അറിയിക്കുന്നു: ``ഖബറിലുള്ളവരെല്ലാം പുറത്തുകൊണ്ടുവരപ്പെടുകയും ഹൃദയത്തിലുള്ളതുപോലും വെളിക്കു വരുത്തപ്പെടുകയും ചെയ്യുന്ന ഒരു സന്ദര്‍ഭം വരാനുണ്ട്‌ എന്ന്‌ മനുഷ്യന്‍ അറിയുന്നില്ലയോ?'' (100:9,10). ഭൗതിക ജീവിതത്തില്‍ മതിമറന്ന്‌ മൂല്യങ്ങളും ബന്ധങ്ങളും മറന്നു പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ ഏതുകാലത്തും ഉണ്ടായിട്ടുണ്ട്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ രംഗത്തുനിന്ന്‌ വന്ന വാര്‍ത്ത വായിച്ചപ്പോള്‍ മേല്‌പറഞ്ഞ വിശുദ്ധ ഖുര്‍ആന്‍ വചനമാണ്‌ ഓര്‍ത്തുപോയത്‌.
ഒരു ഡസനില്‍ താഴെ രാജ്യങ്ങള്‍ ചേര്‍ന്നതാണ്‌ `ക്രിക്കറ്റ്‌ ലോക'മെങ്കിലും ഇന്ന്‌ ഏറെ ജനപ്രിയമായ വിനോദമായി മാറിയിരിക്കുകയാണ്‌ ക്രിക്കറ്റ്‌. ജനങ്ങളുടെ വിനോദതാല്‍പര്യം ചൂഷണം ചെയ്‌തുകൊണ്ട്‌ ക്രിക്കറ്റ്‌ രംഗം പരമാവധി വാണിജ്യവത്‌കരിക്കപ്പെട്ടുകഴിഞ്ഞു. ഐ പി എല്ലില്‍ കളിക്കാരെ ലേലം ചെയ്‌തെടുക്കാറാണല്ലോ പതിവ്‌. ഏറെ ലക്ഷങ്ങള്‍ക്ക്‌ ആദ്യമാദ്യം ലേലത്തില്‍ പോയവരും എടുക്കാനാളില്ലാതെ ബാക്കിയായവരും മറ്റുമായി വാര്‍ത്തകള്‍ വായിക്കുമ്പോള്‍ പഴയകാല കാളപൂട്ടുകണ്ടത്തില്‍ നിന്നുയര്‍ന്നിരുന്ന ആരവവും ശേഷം നടക്കുന്ന കാളക്കച്ചവടവുമാണ്‌ ഓര്‍മ വരിക. എന്നാല്‍ ഇന്നിപ്പോള്‍ ഈ വിനോദരംഗം ചൂതാട്ടത്തിന്റെ വേദിയായി മാറിയ ദയനീയാവസ്ഥയില്‍ ലജ്ജിക്കാത്ത ഇന്ത്യക്കാരില്ല. മലയാളിതാരം ശ്രീശാന്തിന്റെ പ്രകടനത്തില്‍ മലയാളികള്‍ ലജ്ജിക്കാന്‍ പോലും കഴിയാത്തത്ര വഷളായിപ്പോയി. വാതുവെപ്പുകാര്‍ എന്ന ചൂതാട്ടക്കാര്‍ക്കു വേണ്ടി ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ഒരു പ്രശസ്‌ത താരം നാല്‌പതുലക്ഷം കോഴവാങ്ങി, സിഗ്‌നലായി `കര്‍ച്ചീഫ്‌ വീശി' തോറ്റുകൊടുത്തു എന്നു പറഞ്ഞാല്‍ അവിശ്വസനീയമായ വസ്‌തുതയാണത്‌. പണത്തിനു മുന്നില്‍ പിണമായി മാറുന്ന നാണം കെട്ട മനുഷ്യക്കോലങ്ങള്‍!
വിവിധ നാട്ടുകാരായ പ്രൊഫഷണല്‍ താരങ്ങളുടെ മിന്നല്‍പ്രകടനം കണ്ട്‌ ആസ്വദിക്കാനായി സ്വന്തം വരുമാനത്തില്‍ നിന്ന്‌ ആയിരങ്ങള്‍ മുടക്കി ടിക്കറ്റെടുത്ത്‌ കളി കാണാന്‍ എത്തിച്ചേരുന്ന വിനോദപ്രേമികളെ മുഖത്തുനോക്കി വഞ്ചിക്കുന്നത്‌ ആരെന്നല്ലേ? കളിച്ച്‌, കളിപഠിച്ച്‌, രാഷ്‌ട്രത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി ഇന്ത്യാ മഹാരാജ്യത്തിന്റെ ടീമില്‍ ഔദ്യോഗികമായി കളിച്ച്‌ രാജ്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന `പ്രിയതാരങ്ങള്‍'! രണ്ടുമാസക്കാലത്തേക്ക്‌ തങ്ങള്‍ക്ക്‌ ലഭിക്കുന്ന വന്‍ പ്രതിഫലങ്ങള്‍ക്കു പുറമെ മുതല്‍ മുടക്കോ മെനക്കെടോ കൂടാതെ ഒന്നു മൂളിയാല്‍ നാല്‌പതോ അന്‍പതോ ലക്ഷങ്ങള്‍ നേടാമെന്ന പ്രലോഭനത്തില്‍ വീണുപോവുക എന്നത്‌ ആര്‍ത്തിപൂണ്ട മനുഷ്യന്റെ പ്രകൃതമാണ്‌.
മാനുഷികമായി സംഭവിച്ചുപോകുന്ന പിഴവുകളോ യാദൃച്ഛികമായി പെട്ടുപോകുന്ന അബദ്ധങ്ങളോ ആണെങ്കില്‍ എത്ര വലിയ പാതകമാണെങ്കിലും നമുക്ക്‌ പൊറുക്കാം. എന്നാല്‍ ബോധപൂര്‍വം പ്ലാന്‍ ചെയ്‌ത്‌ കിട്ടാവുന്ന വന്‍തുക മുന്നില്‍ കണ്ട്‌ ചെയ്യുന്ന വഞ്ചനയാണിത്‌. മാത്രമല്ല, ഈ `കളിക്കാരെ' പാട്ടിലാക്കാന്‍ കള്ളും പെണ്ണും കൊടുത്ത്‌ മയക്കുകയാണ്‌ ചൂതാട്ടക്കാര്‍ ചെയ്യുന്നത്‌. താരപ്രേമം എന്ന മണല്‍ക്കോട്ട മനസ്സിന്റെ അഗാധതയിലേക്ക്‌ വീണുടയുകയാണ്‌. വാര്‍ത്തകളില്‍ കുറച്ചൊക്കെ വിശ്വാസമര്‍പ്പിക്കാമെങ്കില്‍, കേട്ടതിനെക്കാള്‍ ഭീകരമാണ്‌ കേള്‍ക്കാനിരിക്കുന്നത്‌. അധികൃതര്‍ക്കും അധികാരികള്‍ക്കും അറിയാവുന്ന അധോലോകത്തിന്റെ പിടിയിലാണ്‌ ക്രിക്കറ്റ്‌ രംഗമെന്നു പറയാം. ഇന്ത്യാ മഹാരാജ്യത്തിന്റെ വാര്‍ഷിക ബജറ്റിനെക്കാള്‍ വലിയ തുകകളാണ്‌ ഈ രംഗത്ത്‌ കലങ്ങി മറിയുന്നത്‌. 45,000 കോടിയാണത്രേ ഐ പി എല്ലിന്റെ പിന്‍വാതിലില്‍ മറിയുന്നത്‌! മാത്രമല്ല, ക്രിക്കറ്റിന്റെ രംഗത്ത്‌ കായികപ്രേമികളുടെ ചുണ്ടുകളില്‍ റണ്‍സ്‌, ഇന്നിംഗ്‌സ്‌ തുടങ്ങിയ ടേംസ്‌ തത്തിക്കളിക്കുമ്പോള്‍ ക്രിക്കറ്റിന്റെ അധോലോകത്ത്‌, സ്‌പോട്ട്‌ ഫിക്‌സിംഗ്‌, മാര്‍ച്ച്‌ ഫിക്‌സിംഗ്‌ തുടങ്ങിയ ചൂതാട്ട ടേമുകളും സെഷന്‍, ലംവിപാരി തുടങ്ങിയ കോഡുകളും സര്‍വ സാധാരണമാണത്രേ! എല്ലാം വഞ്ചനയുടെ മാസ്റ്റര്‍ പീസുകള്‍! രംഗത്ത്‌ ആടിത്തിമര്‍ക്കുന്നത്‌ ജീര്‍ണതയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാര്‍!
എത്ര ഗുരുതരമായ കേസുകള്‍ ഉടലെടുത്താലും നമുക്കൊരു പതിവുണ്ട്‌. നാലഞ്ചു ദിവസം വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞ ചര്‍ച്ചകള്‍ നടക്കും. പിന്നെ അത്‌ മറക്കുക. മനുഷ്യന്റെ മറവി ഒരനുഗ്രഹമായി കണ്ട്‌ വന്‍ സ്രാവുകള്‍ രക്ഷപ്പെട്ടുപോവുകയും ചെയ്യും. മാന്യന്മാരായ വിനോദപ്രേമികളായ നല്ല മനുഷ്യരെ കബളിപ്പിച്ചുകൊണ്ട്‌ കോടികള്‍ നേടിയ ഈ വഞ്ചകരെ മാതൃകാപരമായി ശിക്ഷിക്കണം. വഞ്ചനയ്‌ക്ക്‌ കൂട്ടുനില്‌ക്കുന്നവരും ഇതിനുത്തരവാദികളാണ്‌. കളിയും വലിയ കാര്യമാണല്ലോ ഇപ്പോള്‍. ആയതിനാല്‍ കളിക്കുന്നവര്‍ക്ക്‌ കൈ നിറയെ പ്രതിഫലവും ആസ്വാദകര്‍ക്ക്‌ മാനസികോല്ലാസവും പ്രദാനംചെയ്യുന്ന ക്രിക്കറ്റുള്‍പ്പെടെ എല്ലാ വിനോദരംഗങ്ങളെയും ഈ അധപ്പതനത്തില്‍ നിന്ന്‌ മോചിപ്പിക്കാന്‍ അധികൃതര്‍ക്ക്‌ ആര്‍ജവമുണ്ടാകണം. മുഖം നോക്കാതെ നടപടിയെടുക്കണം. ഈ കോഴക്കേസ്‌ അവസാനത്തേതായിരിക്കണം.
ഒരു വലിയ കളവുകേസ്‌ അന്വേഷിക്കുമ്പോള്‍ മറ്റു കുറേ കേസുകള്‍ക്ക്‌ ചുരുളഴിയുന്നതുപോലെ ക്രിക്കറ്റ്‌ കോഴയും ഒരു ശൃംഖലയുടെ കണ്ണി മാത്രമാണത്രേ. മലയാളിതാരം എസ്‌ ശ്രീശാന്തടക്കം രാജസ്ഥാന്‍ റോയല്‍സ്‌ ടീമിന്റെ മൂന്നുകളിക്കാരെ മത്സരത്തില്‍ തത്സമയം ഒത്തുകളിച്ച സ്‌പോട്ട്‌ ഫിക്‌സിംഗ്‌ എന്ന വഞ്ചനയ്‌ക്ക്‌ അറസ്റ്റു ചെയ്‌തതിനു പിന്നാലെ മെയ്‌ 3-ന്‌ നടന്ന രാജസ്ഥാനും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിലും ഒത്തുകളി നടന്നതായി പോലീസ്‌ വെളിപ്പെടുത്തിയതായി വാര്‍ത്തകള്‍ വന്നിരിക്കുന്നു. അന്വേഷണം കൂടുതല്‍ കളിക്കാരിലേക്കും ടീമിനെ വിലയ്‌ക്കു വാങ്ങിയ ഉടമകളിലേക്കും നീങ്ങുന്നു എന്നറിയുന്നു. മാത്രമല്ല, പിടിക്കപ്പെട്ടവര്‍ മറ്റു പലരുടെയും പേരുകള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എത്ര ജുഗുപ്‌സാവഹമായ സ്ഥിതി വിശേഷം!
വെള്ളിത്തിരയില്‍ മിന്നുന്ന താരങ്ങള്‍ക്കും കളിക്കളത്തില്‍ വിരാജിക്കുന്ന താരങ്ങള്‍ക്കുമൊക്കെ മനസ്സില്‍ സ്‌നേഹോഷ്‌മളമായ ഇടം നല്‍കി ആദരിക്കുന്ന സാധാരണക്കാരും അല്‌പം അതിരുകടന്ന്‌ ഇവന്മാര്‍ക്കൊക്കെ `ഫാന്‍സ്‌' രൂപീകരിക്കുന്ന കലാ-കായിക ഭ്രാന്തന്മാരും ആലോചിക്കുക. നമ്മെ വിനോദത്തിന്റെ മായികവലയത്തില്‍ അഭിരമിപ്പിക്കുന്ന ഇവരൊന്നും നമുക്കുവേണ്ടി നിലകൊള്ളുന്നവരല്ല. നമ്മുടെ താല്‌പര്യത്തെ മൂലധനമാക്കി കൊള്ളലാഭം കൊയ്യുന്ന ഷൈലോക്കുമാരാണ്‌. വേനല്‍ക്കാലത്ത്‌ ഒഴിഞ്ഞ പാടത്ത്‌ `മട്ടല്‍' ചെത്തിയെടുത്ത്‌ ക്രിക്കറ്റ്‌ പിച്ചൊരുക്കുന്ന നിഷ്‌കളങ്കരായ ഗ്രാമീണ ബാലന്മാരുടെ കളിയുണ്ടല്ലോ, അത്‌ മനസ്സിന്‌ ആശ്വാസം പകരും. വ്യാപാരികളും വ്യവസായികളും പരസ്യക്കാരും മീഡിയയും കൂടി ഒരുക്കുന്ന വലയ്‌ക്കകത്താണ്‌ ഇന്നത്തെ ജനങ്ങള്‍ കുരുങ്ങിക്കിടക്കുന്നത്‌.
ജീര്‍ണതയ്‌ക്ക്‌ പാലം പണിയുന്ന ഈ താരങ്ങള്‍ക്ക്‌ സാംസ്‌കാരിക മൂല്യങ്ങളുപദേശിക്കാനോ ദേശക്കൂറ്‌ പഠിപ്പിച്ചുകൊടുക്കാനോ പൗരബോധം സൃഷ്‌ടിക്കാനോ ആരും തുനിയാറില്ല. തന്റെ കരിയറില്‍ നിന്ന്‌ വിരമിച്ച ശേഷവും നാടിനെ സേവിക്കുന്ന കായികതാരങ്ങള്‍ക്കും മറ്റും നാണക്കേട്‌ സൃഷ്‌ടിക്കുക മാത്രമാണ്‌ ഈ പണക്കൊതിയന്മാര്‍ ചെയ്യുന്നത്‌. വളര്‍ന്നുവരുന്ന ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമായി സര്‍ക്കാര്‍ ശ്രീശാന്തിനടക്കം ജോലി നല്‌കിയിട്ടുണ്ട്‌. ജനപ്രിയത ചൂഷണംചെയ്‌ത്‌ പരസ്യങ്ങളില്‍ വേഷമിട്ട്‌ വീണ്ടും പണമുണ്ടാക്കുന്നതും, അതു കാണാന്‍ ജനങ്ങള്‍ ഉണ്ടായിട്ടാണ്‌ എന്ന നേരിയ ബോധമെങ്കിലും ഇവര്‍ക്ക്‌ ഉണ്ടാകേണ്ടതുണ്ട്‌.
വാതുവെയ്‌പ്‌ എന്ന ചൂതാട്ടം നടത്തുന്നവര്‍ക്ക്‌ കോടികള്‍ ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കി അവര്‍ക്കുവേണ്ടി ഒത്തുകളിച്ച മലയാളിയായ ശ്രീശാന്ത്‌ ഉള്‍പ്പെടെ താരങ്ങളും ചൂതാട്ടക്കാരും ഡല്‍ഹി പോലീസിന്റെ പിടിയിലായതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ജീര്‍ണ മുഖമാണ്‌ വെളിപ്പെട്ടിരിക്കുന്നത്‌. കളിയാണ്‌ രംഗമെങ്കിലും ധര്‍മചിന്തയും സാമൂഹ്യ പ്രതിബദ്ധതയും രാജ്യസ്‌നേഹവും മറന്ന്‌ താന്തോന്നിത്തവും സ്വാര്‍ഥതയും പണക്കൊതിയും കൈമുതലാക്കി മുന്നോട്ടു നീങ്ങിയാല്‍ മാനവികത മരിക്കുകയും പൈശാചികത ജയിക്കുകയും ചെയ്യും.

0 comments:

ഇസ്‌ലാമിലെ പ്രമാണങ്ങള്‍ ഒരു താത്വിക പഠനം

ഇസ്‌ലാമിലെ പ്രമാണങ്ങള്‍ ഒരു താത്വിക പഠനം
http://www.scribd.com/doc/143362747/Lead-3

0 comments:

പാകിസ്‌താന്‍ തെരഞ്ഞെടുപ്പ്‌ നവാസ്‌ ശരീഫിന്‌ മൂന്നാമൂഴം

പാകിസ്‌താന്‍ തെരഞ്ഞെടുപ്പ്‌ നവാസ്‌ ശരീഫിന്‌ മൂന്നാമൂഴം

അബ്‌ദുസ്സത്താര്‍ ഗസ്സാലി
പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി സിന്ധില്‍ മാത്രം ഒതുങ്ങിപ്പോവുകയും അവാമി നാഷനല്‍ പാര്‍ട്ടി പിളരാന്‍ പോവുകയും ആസിഫലി സര്‍ദാരിക്ക്‌ രണ്ടാമതൊരിക്കല്‍ കൂടി ഭരിക്കാനുള്ള അവസരം നഷ്‌ടമാവുകയും ചെയ്‌ത ഇക്കഴിഞ്ഞ മെയ്‌ 11-ലെ പാക്‌ തെരഞ്ഞെടുപ്പ്‌ ഫലം ഏറെ പ്രാധാന്യമുള്ളതാണെന്നാണ്‌ ദ ന്യൂസിലെ ഷഹീന്‍ സുബ്‌ഹാനി പറയുന്നത്‌. പാകിസ്‌താനിലെ ഏറ്റവും ജനവാസമുള്ള പ്രവിശ്യയായ പഞ്ചാബ്‌, പാകിസ്‌താന്‍ മുസ്‌ലിംലീഗ്‌ നവാസ്‌ ശരീഫ്‌ (ജങഘച) തൂത്തൂവാരി. ഭരണത്തിന്റെ ഫെഡറല്‍ മുഖം നിലനിര്‍ത്തുന്നതിനായി പി എം എല്‍ (എന്‍), ജമാഅത്തെ ഇസ്‌ലാമി, ജംഇയ്യത്തുല്‍ ഇസ്‌ലാം (ഫസ്‌ലുര്‍റഹ്‌മാന്‍) എന്നിവരുമായി സഖ്യമുണ്ടാക്കേണ്ടി വരുമെന്നതൊഴിച്ചാല്‍ സുഹ്‌ബാനിയുടെ അഭിപ്രായത്തില്‍ പുതിയ തെരഞ്ഞെടുപ്പ്‌ ഫലം പ്രസിഡന്റ്‌ സര്‍ദാരി രണ്ടാമതൊരിക്കല്‍ കൂടി പ്രസിഡന്റാവാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി.
സിന്ധ്‌ അല്ലാത്ത ഒരു ചെറിയ പ്രവിശ്യയില്‍ നിന്ന്‌ പ്രസിഡന്റ്‌ നിയമിതനായി കാണാനാണ്‌ തന്റെ ആഗ്രഹമെന്ന്‌ നവാസ്‌ ശരീഫ്‌ ഒരു സ്വകാര്യ മീറ്റിംഗില്‍ പറയുകയുണ്ടായി. 2008 സപ്‌തംബറിലാണ്‌ അഞ്ചു വര്‍ഷത്തേക്ക്‌ സര്‍ദാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌.
തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്‌ നവാസ്‌ ശരീഫിനെ സര്‍ദാരി ഇതുവരെ ആശംസ അറിയിച്ചിട്ടില്ല. പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഓഫ്‌ പാകിസ്‌താന്റെ അന്തിമ തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിനായി സര്‍ദാരി കാത്തിരിക്കുകയാണെന്നാണ്‌. ഡോണിന്റെ അഭിപ്രായത്തില്‍ അന്തിമ പ്രഖ്യാപനം വന്നിട്ടേ പ്രസിഡന്റ്‌ പി എം എല്‍ (എന്‍) നെ ഗവണ്‍മെന്റ്‌ രൂപീകരിക്കാന്‍ ക്ഷണിക്കൂ. ദേശീയ അസംബ്ലിയില്‍ 32 സീറ്റുകള്‍ മാത്രമേ പി പി പി-ക്ക്‌ നേടാനായുള്ളൂ. ഇമ്രാന്‍ ഖാന്റെ തെഹ്‌രീകെ-ഇന്‍സാഫ്‌ 32 സീറ്റുകള്‍ നേടി. ആകെയുള്ള 272 സീറ്റുകളില്‍ 127 സീറ്റുകള്‍ പി എം എല്‍ (എന്‍) നേടി.
പി പി പി-ക്ക്‌ രാഷ്‌ട്രീയസ്വാധീനം നഷ്‌ടമായിരിക്കുന്ന ഈ അവസരത്തില്‍ ജുഡീഷ്യറിയും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയും ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ്‌ ഏജന്‍സിയും പ്രസിഡന്റ്‌ സര്‍ദാരിയോട്‌ എങ്ങനെയാണ്‌ പെരുമാറുക എന്നത്‌ താല്‌പര്യത്തോടെ കാണേണ്ട വിഷയമാണ്‌. സര്‍ദാരി ഉന്നത പദവിയിലായിരുന്നതുകൊണ്ടു മാത്രം തല്‌ക്കാലത്തേക്ക്‌ നിറുത്തി വെച്ച അക്കൗണ്ടബിലിറ്റിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുനരാരംഭിക്കാന്‍ ഇമ്രാന്‍ ഖാനും അവാമി മുസ്‌ലിംലീഗ്‌ നേതാവ്‌ ശൈഖ്‌ റാഷിദും പാര്‍ലമെന്റിലെത്തുന്നതോടെ നവാസ്‌ ശരീഫിനുമേല്‍ സമ്മര്‍ദം ശക്തമാകും. മെയ്‌ 11-ഓടെ ചിത്രം മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന്‌ സ്റ്റേറ്റ്‌ ടി വിയുടെ ഒരു റിപ്പോര്‍ട്ട്‌ പറഞ്ഞത്‌ അടുത്ത അഞ്ചുവര്‍ഷത്തേക്ക്‌ തനിച്ച്‌ ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം ദേശീയ അസംബ്ലിയില്‍ നവാസ്‌ ശരീഫിന്‌ ലഭിക്കുമെന്നാണ്‌. ഏതാനും അംഗങ്ങളുടെ കുറവുണ്ടായാല്‍ തന്നെ വിജയിച്ച സ്വതന്ത്രര്‍ നവാസ്‌ ശരീഫിന്റെ സഹായത്തിനെത്തുമെന്ന്‌ ഏതാണ്ടുറപ്പാണ്‌.
തെരഞ്ഞെടുപ്പില്‍ പി പി പി കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു. 2008-ല്‍ 91 സീറ്റുകള്‍ നേടിയ പി പി പി ഇപ്പോള്‍ 32 സീറ്റുകളില്‍ മാത്രമാണ്‌ മുന്നില്‍. പി പി പി-യുടെ സഹ-അധ്യക്ഷനായ ആസിഫലി സര്‍ദാരിക്കു കീഴില്‍ അധ്വാനിക്കുന്നവരുടെ പാര്‍ട്ടിയെന്ന്‌ പൊതുവെ ധരിക്കപ്പെടുന്ന പി പി പി, ജനറല്‍ സിയാവുല്‍ ഹഖിനും ജനറല്‍ പര്‍വേസ്‌ മുശറഫിനും നേടാനാവാത്തത്‌ നേടിയിരിക്കുന്നു. അഥവാ അധ്വാനിക്കുന്നവരില്‍ നിന്നും അകന്നു പോയിരിക്കുന്നു. അതാണ്‌ തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിച്ചത്‌.
നവാസ്‌ ശരീഫ്‌ വരുമ്പോള്‍
അസോസിയേറ്റഡ്‌ പ്രസ്‌ പറയുന്നത്‌ അമേരിക്കയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ പുറത്തുപോകുന്ന ഗവണ്‍മെന്റിനെക്കാള്‍ നവാസ്‌ ശരീഫ്‌ രാജ്യത്തിന്റെ പരമാധികാരത്തിന്റെ സംരക്ഷണത്തിനും കൂടുതല്‍ പ്രാധാന്യം നല്‌കുന്ന ദേശീയ വാദിയാണെന്നാണ്‌. 1998-ല്‍ പാകിസ്‌താന്‍ നടത്തിയ അണ്വായുധ പരീക്ഷണത്തെ അമേരിക്ക എതിര്‍ത്തതിനെ നവാസ്‌ ശരീഫ്‌ വെല്ലുവിളിച്ചിരുന്നു. രാജ്യത്തെ `ഭീകരര്‍'ക്കെതിരെയുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തെയും നവാസ്‌ ശരീഫ്‌ വിമര്‍ശിച്ചു. വിദേശ നയതന്ത്രകാര്യങ്ങളില്‍ പട്ടാളം പ്രധാന പങ്കുവഹിക്കുന്നതിനാല്‍ പാകിസ്‌താനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഉടനെ കാര്യമായൊരു മാറ്റം ഉണ്ടാകുമെന്ന്‌ ഇതര്‍ഥമാക്കുന്നില്ല. എല്ലാത്തിലുമപരി ഒരു ബിസിനസ്‌മാനായ നവാസ്‌ ശരീഫ്‌ പ്രായോഗിക വിശകലന ബുദ്ധിയോടെയാണ്‌ കാര്യങ്ങള്‍ നിരീക്ഷിക്കുക എന്നാണ്‌ പാകിസ്‌താനിലെ ഡോണ്‍ പത്രത്തിന്റെ കോളമിസ്റ്റായ സിറില്‍ അല്‍മീഡ പറയുന്നത്‌. ``അമേരിക്കയുമായുള്ള ബന്ധം മോശപ്പെട്ടതോ സംഘര്‍ഷഭരിതമോ ആകാന്‍ നവാസ്‌ ശരീഫ്‌ ആഗ്രഹിക്കുമെന്നതിന്‌ എനിക്കൊരു കാരണവും കാണാനാവുന്നില്ല.''
ഒരു പ്രധാന പാകി സ്‌താന്‍ പത്രമായ ദ നേഷന്റെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്‌ വാഷിംഗ്‌ടണില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ``പാകിസ്‌താനില്‍ അമേരിക്കയുടെ സ്വാധീനം പരിമിതപ്പെടുത്തുമെന്ന്‌ നവാസ്‌ ശരീഫും ഇമ്രാന്‍ ഖാനും ജനങ്ങള്‍ക്ക്‌ വാഗ്‌ദാനം നല്‌കുന്നതായി അമേരിക്കയിലെ പ്രധാന പത്രങ്ങളും ചാനലുകളും പ്രാധാന്യപൂര്‍വം റിപ്പോര്‍ട്ട്‌ ചെയ്‌തു.''
ലാഹോറില്‍ നിന്നും ന്യൂയോര്‍ക്ക്‌ ടൈംസിന്റെ കറസ്‌പോണ്ടന്റ്‌ ഡെക്‌ലാന്‍ വാല്‍ഷ്‌ എഴുതുന്നു: ``പാകിസ്‌താന്റെ 66 വര്‍ഷത്തെ ചരിത്രത്തില്‍ പകുതിയിലേറെ സമയത്തും തെരഞ്ഞെടുപ്പ്‌ പ്രചരണത്തിലും, തെരഞ്ഞെടുപ്പില്‍ കൃത്രിമം, ഭീഷണി എന്നിവയിലേര്‍പ്പെട്ടതിനും ആരോപണവിധേയമാക്കപ്പെട്ട ഐ എസ്‌ എ ഇത്തവണ അത്തരം കാര്യങ്ങളിലേര്‍പ്പെട്ടതിന്‌ ഒരു തെളിവുമില്ല. മുമ്പ്‌ നടന്ന തെരഞ്ഞെടുപ്പുകളും ഇത്തവണത്തെ തെരഞ്ഞെടുപ്പും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസമാണിത്‌.
വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ അതിന്റെ എഡിറ്റോറിയലില്‍ പറയുന്നത്‌ ചരിത്രപ്രധാനമായ ഈ തെരഞ്ഞെടുപ്പ്‌ അമേരിക്കക്ക്‌ പ്രയാസമുുണ്ടാക്കുമെന്നാണ്‌. ``അമേരിക്ക-പാകിസ്‌താന്‍ ബന്ധങ്ങളെ വഷളാക്കുന്ന കാര്യങ്ങളില്‍ ചിലതെങ്കിലും കൂടുതല്‍ മോശമാവുകയാണ്‌ ചെയ്യുക.'' നവാസ്‌ ശരീഫും ഇമ്രാന്‍ഖാനും പാകിസ്‌താനി താലിബാനോട്‌ കൂടുതല്‍ മൃദുലവും അമേരിക്കയോട്‌ കൂടുതല്‍ കര്‍ക്കശ്യവും പുലര്‍ത്തുന്നവരാണെന്ന്‌ വാഷിംഗ്‌ടണ്‍പോസ്റ്റ്‌ എഴുതി. ``ജിഹാദുകളുമായി ചര്‍ച്ച നടത്തുമെന്ന്‌ നവാസ്‌ ശരീഫ്‌ വാഗ്‌ദാനം നല്‍കി. തങ്ങള്‍ക്കെതിരെയുള്ള `അമേരിക്കയുടെ യുദ്ധ'ത്തിന്‌ അന്ത്യം കുറിക്കുമെന്നും അമേരിക്കന്‍ ഡ്രോണുകള്‍ വെടിവെച്ചിടുമെന്നും ഖാന്‍ പറയുന്നു. വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ എഴുതി.
നവാസ്‌ ശരീഫും ഇമ്രാന്‍ഖാനും പാകിസ്‌താനു മേലുള്ള അമേരിക്കയുടെ സ്വാധീനത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന്‌ വാഗ്‌ദത്തം ചെയ്‌തതായി ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.
ഭീകരവാദികളെ തുരത്തുന്നതിലും അയല്‍പക്കത്തുള്ള അഫ്‌ഗാനിസ്‌താനിലെ യുദ്ധത്തിന്‌ വിരാമം കുറിക്കുന്നതിനും പാകിസ്‌താനെ കാര്യമായി ആശ്രയിക്കേണ്ടിവരുന്നതിനാല്‍ വാഷിംഗ്‌ടണ്‍ ഈ തെരഞ്ഞെടുപ്പിനെ സശ്രദ്ധം വീക്ഷിക്കുന്നതായി ദ നേഷന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അഫ്‌ഗാനിസ്‌താന്‍ ആസ്ഥാനമായ അന്താരാഷ്‌ട്ര സുരക്ഷാ ഏജന്‍സികള്‍ക്ക്‌ സാധനസാമഗ്രികള്‍ എത്തിക്കുന്നതിനും സൈന്യത്തെ പിന്‍വലിക്കുന്നതിനും പ്രധാനപാതകള്‍ പാകിസ്‌താനിലൂടെയാണ്‌.
പാക്‌ തെരഞ്ഞെടുപ്പിനെ ഒബാമ അഭിനന്ദിച്ചു. അധികാരത്തിലെത്തുന്ന ഗവണ്‍മെന്റുമായി തുല്യ-പങ്കാളികളായി പ്രവര്‍ത്തിക്കാന്‍ വാഷിംഗ്‌ടണ്‍ ഒരുക്കമാണെന്ന്‌ ഒബാമ പറയുകയും ചെയ്‌തു. ``ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ ഗവണ്‍മെന്റുമായി കൂടുതല്‍ സ്ഥിരതയും സുരക്ഷിതവും സമ്പന്നവുമായ ഭാവി പാകിസ്‌താനിലെ ജനങ്ങള്‍ക്ക്‌ ലഭിക്കുന്നതിനായി തുല്യപങ്കാളികളെന്നോണം സഹകരിച്ച്‌ പ്രവര്‍ത്തിക്കാനും താനൊരുക്കമാണെന്ന്‌ ഒബാമ ഒരു പ്രസ്‌താവനയില്‍ പറഞ്ഞു.
പാക്‌-യു എസ്‌ ബന്ധം
ഫോക്‌സ്‌ ന്യൂസിലെ ഡേവിഡ്‌ പൈപറിന്റെ അഭിപ്രായത്തില്‍ പാകിസ്‌താനിലെ ചരിത്രപ്രധാനമായ ഈ തെരഞ്ഞെടുപ്പിന്‌ ഈ മേഖലയിലും `ഭീകരതക്കെതിരെയുള്ള യുദ്ധ'ത്തിലും ആസന്നമായ അനന്തരഫലങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. പാകിസ്‌താന്റെ ചരിത്രത്തില്‍ ആദ്യമാണ്‌ തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റ്‌ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു ഗവണ്‍മെന്റിന്‌ അധികാരം കൈമാറുന്നത്‌. മുമ്പെല്ലാം ഭരണ അട്ടിമറി നടത്താനോ കാലാവധി തീരുംമുമ്പ്‌ പാര്‍ലമെന്റ്‌ പിരിച്ചുവിടാനോ സൈന്യം സ്വാധീനം ചെലുത്തുകയായിരുന്നു പതിവ്‌.
സൈനിക ജനറല്‍മാര്‍ക്ക്‌ ഇപ്പോഴും പാകിസ്‌താനില്‍ ശക്തമായ അധികാരമുണ്ട്‌. എങ്കിലും ഇപ്പോള്‍ ജനറല്‍മാര്‍ രാഷ്‌ട്രീയ നേതാക്കളുടെ കശപിശകള്‍ ശ്രവിച്ചുകൊണ്ട്‌ പിന്നാമ്പുറത്ത്‌ തന്നെ ഇരിക്കാനാണ്‌ താല്‌പര്യം കാണിക്കുന്നത്‌. മോശപ്പെട്ട സാമ്പത്തികനില, രാഷ്‌ട്രീയാസ്ഥിരത, തുടരുന്ന അക്രമങ്ങള്‍ എന്നീ കാരണങ്ങളാല്‍ ഒരു പരാജയപ്പെട്ട രാജ്യമായാണ്‌ പാകിസ്‌താനെ പലരും കാണുന്നത്‌. അല്‍ഖാഇദയെയും താലിബാനെയും എതിരിടുന്നതില്‍ പാകിസ്‌താന്റെ പങ്കിനെ ചില ലോകനേതാക്കള്‍ ചോദ്യം ചെയ്‌തത്‌ തെരഞ്ഞെടുപ്പ്‌ കാമ്പയിന്‍ സമയത്ത്‌ അന്താരാഷ്‌ട്ര സമൂഹത്തെ ഉത്‌കണ്‌ഠാകുലരാക്കിയിട്ടുണ്ട്‌.
ഡേവിഡ്‌ പൈപ്പര്‍ എഴുതി: ``ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ പാകിസ്‌താന്റെ പങ്കാളിത്തം അവസാനിപ്പിക്കുമെന്ന്‌ പ്രതിപക്ഷനേതാവും വരുംപ്രധാനമന്ത്രിയുമായ നവാസ്‌ ശരീഫ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. അമേരിക്കയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുമോ എന്ന ബി ബി സി അഭിമുഖത്തിലെ ചോദ്യത്തിന്‌ `യെസ്‌' എന്നാണ്‌ നവാസ്‌ ശരീഫ്‌ മറുപടി നല്‍കിയത്‌. പാകിസ്‌താനിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച്‌ സമാധാനം കൊണ്ടുവരാന്‍ അതനിവാര്യമാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.''
പാകിസ്‌താനില്‍ `ഭീകരവാദികള്‍ക്കെതിരെ'യുള്ള അമേരിക്കയുടെ അക്രമങ്ങള്‍ തടയാത്ത ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ നടപടി പാകിസ്‌താനിലും മറ്റിടങ്ങളിലും കൂടുതല്‍ തീവ്രവാദികള്‍ വളര്‍ന്നുവരാന്‍ കാരണമാകുന്നു.
ഇന്ത്യയുടെ ആശംസ
മൂന്നാംവട്ടം പ്രധാനമന്ത്രിയാകാന്‍ പോകുന്ന നവാസ്‌ ശരീഫിന്‌ ആശംസകള്‍ നേര്‍ന്നശേഷം പുതിയ ഗവണ്‍മെന്റിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹം ഡോ. മന്‍മോഹന്‍സിംഗ്‌ അദ്ദേഹത്തെ അറിയിച്ചു. ഡോ. മന്‍മോഹന്‍സിംഗ്‌ ഇന്ത്യ സന്ദര്‍ശിക്കാന്‍ നവാസ്‌ ശരീഫിനെ ക്ഷണിക്കുകയും ചെയ്‌തു. ഭീഷണികളെ ഭയക്കാതെ വോട്ടുചെയ്യാന്‍ ധീരത കാണിച്ചതിന്‌ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ട്വിറ്ററിലൂടെ പാക്‌ ജനതയെയും പാകിസ്‌താനിലെ രാഷ്‌ട്രീയപ്പാര്‍ട്ടികളെയും അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ പുതിയൊരു ബന്ധം രൂപപ്പെടുത്താനുള്ള ഇന്ത്യയുടെ ആഗ്രഹവും ട്വിറ്ററിലൂടെ മന്‍മോഹന്‍ അറിയിച്ചു. ഇരുവര്‍ക്കും സൗകര്യപ്രദമായ സമയത്ത്‌ ഇന്ത്യ സന്ദര്‍ശിക്കാനും ശരീഫിനെ ഇന്ത്യന്‍ പ്രധാനമന്ത്രി ട്വിറ്ററിലൂടെ ക്ഷണിച്ചു.
നവംബര്‍ 1990 മുതല്‍ ജൂലൈ 1993 വരെയും ഫെബ്രുവരി 1997 മുതല്‍ ഒക്‌ടോബര്‍ 1999 വരെയും നവാസ്‌ ശരീഫ്‌ പാകിസ്‌താന്റെ പ്രധാനമന്ത്രിയായിരുന്നു. ഭരണഘടനാപരമായ കാലാവധി തീരുംമുമ്പ്‌ രണ്ട്‌ പ്രാവശ്യവും അദ്ദേഹത്തിന്റെ ഗവണ്‍മെന്റ്‌ പിരിച്ച്‌ വിടുകയായിരുന്നു.

വിവ. സിദ്ദീഖ്‌ സി സൈനുദ്ദീന്‍

0 comments: