ഉണരുവാന്‍ നേരമായി -റഹ്‌മാന്‍ ഖാന്‍

ഉണരുവാന്‍ നേരമായി -റഹ്‌മാന്‍ ഖാന്‍

ഇന്ത്യാരാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ സമുദായ സമുദ്ധാരണത്തെപ്പറ്റി ചിന്തിക്കുന്ന ഒരു വേദിയൊരുക്കിയതില്‍ ആള്‍ ഇന്ത്യാ ഇസ്വ്‌ലാഹി മൂവ്‌മെന്റിനെ ഞാന്‍ അഭിനന്ദിക്കുന്നു. നവോത്ഥാനത്തിലൂടെയല്ലാതെ ഒരു സമൂഹവും പുരോഗതി പ്രാപിച്ചിട്ടില്ല. നവോത്ഥാനമെന്നത്‌ ജീവിതത്തിനപ്പുറമുള്ള വേറൊരു സംഗതിയല്ല. ആയതിനാല്‍ നാം സ്വയം മാറ്റത്തിന്‌ വിധേയമാവണം. സമുദായം നവോത്ഥാനം തേടുന്നു. നമ്മുടെ പിന്നാക്കാവസ്ഥ വിദ്യാഭ്യാസത്തിലൂടെ ദൂരീകരിക്കാന്‍ ശ്രമിക്കണം.നാം ഒരു കാര്യം മനസ്സിലാക്കണം. ഇന്ത്യയെപ്പോലെ വൈജാത്യം നിറഞ്ഞ ഒരു രാജ്യം ലോകത്ത്‌ വെറെയില്ല; ഇന്ത്യയോളം ശക്തമായ ഒരു രാജ്യവുമില്ല. നാനാത്വത്തിലെ ഏകത്വമാണ്‌ നമ്മുടെ ശക്തി. ഇരുപതിലേറെ ഭാഷകള്‍. നിരവധി മതങ്ങള്‍. ഒരുപാട്‌ ജാതികള്‍. അതെ, വൈവിധ്യങ്ങളിലെ ഏകതാനത. അതോടൊപ്പം മതനിരപേക്ഷ ജനാധിപത്യമാണ്‌ ഇന്ത്യ അവലംബിച്ച നയം. പൗരന്‌ ഏതു മതവും സ്വീകരിക്കാം, പ്രയോഗിക്കാം, പ്രചരിപ്പിക്കാം. ഇത്‌ ഭരണഘടനാപരമായ അവകാശമാണ്‌.
സഹോദരങ്ങളേ, നമ്മുടെ മതേതര ജനാധിപത്യ സംവിധാനത്തില്‍ നാം അഭിമാനം കൊള്ളുന്നു. നമ്മുടെ ജനാധിപത്യത്തിന്‌ കേവലം അറുപത്തിയഞ്ചു വയസ്സു മാത്രമേ ആയുള്ളൂ. എങ്കിലും ഈ ചുരുങ്ങിയ കാലയളവില്‍ സങ്കല്‌പിക്കാനാവാത്ത നേട്ടങ്ങള്‍ നാം കൈവരിച്ചിട്ടുണ്ട്‌. നമുക്ക്‌ നമ്മുടെ ശക്തി അറിയില്ല. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നാളുകളില്‍ നാം ആഹാരത്തിനു വേണ്ടി അമേരിക്കയുടെയും മറ്റും മുന്‍പില്‍ കൈനീട്ടുകയായിരുന്നു. ഇന്ന്‌ നാം ഭക്ഷ്യസ്വയംപര്യാപ്‌തത നേടിയിരിക്കുന്നു. ഇതൊരു നേട്ടമല്ലേ? ലോകത്തിന്റെ വിജ്ഞാന സ്രോതസ്സായി മാറിക്കൊണ്ടിരിക്കുകയാണ്‌ ഇന്ത്യ.
ഇങ്ങനെയൊക്കെയാണെങ്കിലും നിരവധി പോരായ്‌മകള്‍ സ്വാഭാവികം. ഈ ഇന്ത്യാ മഹാരാജ്യത്തുള്ള മുസ്‌ലിം ജനതതിക്കെന്തുപറ്റി? സമൂഹ ജീവിതത്തിലെ `കൊള്ളക്കൊടുക്കലി'ല്‍ നാം വേണ്ടത്ര പങ്കാളികളായോ? നമ്മുടെ പക്കല്‍ വിശുദ്ധ ഖുര്‍ആന്‍ ഉണ്ട്‌. അത്‌ നമുക്ക്‌ മാത്രമുള്ളതല്ലല്ലോ. ലോകത്തിനു മുഴുവനുള്ളതാണ്‌. വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന്റെ വഴികാട്ടി എന്ന നിലയില്‍ നാം പ്രചരിപ്പിച്ചിട്ടുണ്ടോ? മുഹമ്മദ്‌ നബി ആ സമൂഹത്തില്‍ ചെയ്‌ത കാര്യങ്ങള്‍ നാം ഇവിടെ ചെയ്യുന്നുണ്ടോ? വിദ്യാഭ്യാസപരമായി നാം ഏറെ പിന്നിലായി. എന്തുകൊണ്ട്‌? ആരാണുത്തരവാദി? നാമല്ലാതെ മറ്റാരുമല്ല. നാം മതപരമായ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്നു. വൈകാരികതയില്‍ പരസ്‌പരം പോരടിക്കുന്നു. ഇതുമാറ്റി സ്വത്വത്തെ തിരിച്ചറിയണം.
സഹോദരങ്ങളേ, ഉണരുവാന്‍ സമയമായിരിക്കുന്നു. സമുദായത്തെ വിദ്യയഭ്യസിപ്പിക്കുക. പ്രസിദ്ധമായ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ക്കുവേണ്ടി ഗവണ്‍മെന്റിനു സമര്‍പ്പിച്ചതാണെങ്കിലും അത്‌ മുസ്‌ലിംകള്‍ക്കു നേരെ തിരിച്ചുവെച്ച കണ്ണാടിയാകുന്നു. നമുക്ക്‌ നമ്മെ നോക്കിക്കാണാന്‍, നാം എത്ര മോശമായ സ്ഥിതിയിലാണെന്ന്‌ തിരിച്ചറിയാന്‍. സ്വതന്ത്ര ഇന്ത്യയില്‍ ഇരുനൂറ്‌ സര്‍വകലാശാലകളേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്‌ 630 ആയിരിക്കുന്നു. പാശ്ചാത്യര്‍ ഇവിടെവന്നു വിദ്യനേടുന്ന അവസ്ഥയിലേക്ക്‌ ഇന്ത്യ കുതിക്കുന്നു. അതാണ്‌ നമ്മുടെ ലക്ഷ്യം. നാം നിഷേധാത്മകമായി ചിന്തിക്കരുത്‌.
നിങ്ങള്‍ ഗള്‍ഫാര്‍ ഗ്രൂപ്പ്‌ മുഹമ്മദലിയെ നോക്കൂ (അദ്ദേഹം വേദിയിലുണ്ട്‌). നമുക്കദ്ദേഹത്തെപ്പറ്റി അഭിമാനമുണ്ട്‌. സ്വയപ്രയത്‌നത്താല്‍ ഉന്നത സ്ഥാനത്തെത്തിയ വ്യക്തിത്വമാണദ്ദേഹം. പത്തുവര്‍ഷം മുന്‍പ്‌ മേഘാലയയില്‍ ഒരു ചെറുപ്പക്കാരന്‍ ഒരു കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ തുടങ്ങി. ചെറിയ ആ സംരംഭം ഇന്ന്‌ പത്ത്‌ ഏക്രയില്‍ പരന്നുകിടക്കുന്ന ഒരു സ്വകാര്യ യൂണിവേഴ്‌സിറ്റിയായിത്തീര്‍ന്നു. മലയാളിയായ ഡോ. ഇ കെ അബ്‌ദുല്‍ അസീസ്‌ (അലീഗഡ്‌ സര്‍വകലാശാല മുന്‍ വി സി) അതിന്റെ വൈസ്‌ ചാന്‍സലറായി നിയോഗിക്കപ്പെട്ടിരിക്കയാണ്‌. എല്ലാവരും ഒന്നിച്ച്‌ സഹകരിച്ചാല്‍ വിജയം സുനിശ്ചിതം. സര്‍ക്കാര്‍ എല്ലാവര്‍ക്കും കൂടിയുള്ളതാണ്‌. നമ്മുടെ ഉന്നമനത്തിന്‌ നാമാണ്‌ മുന്‍കൈ എടുക്കേണ്ടത്‌. നമ്മുടെ പക്കല്‍ നിന്നുണ്ടാകേണ്ട ഇനീഷ്യേറ്റീവിന്റെ കുറവാണ്‌ നമ്മെ പിന്നിലാക്കുന്നത്‌. ഇതേക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കണം. ഒരു മന്ത്രി എന്ന നിലയില്‍ നിങ്ങള്‍ക്ക്‌ എന്തെങ്കിലും കൊണ്ടുവന്ന്‌ തരാന്‍ എനിക്കാവില്ല. എന്നാല്‍ നിങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‌കാനാവും.
സമുദായ ശാക്തീകരണത്തിനായി നാം ഉദ്ദേശിക്കുന്ന ആവശ്യങ്ങളുടെ മുന്‍ഗണനാക്രമം തയ്യാറാക്കണം. ആള്‍ ഇന്ത്യാ ഇസ്വ്‌ലാഹി മൂവ്‌മെന്റിന്റെ സമ്മേളനസന്ദേശം ശരിയായ ദിശാബോധം നല്‌കുന്നു. അതായത്‌ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം. നമ്മെ ഹിമാലയത്തിലേക്ക്‌ കൈപിടിച്ചു കയറ്റാന്‍ ആരും വരില്ല. നാം ഹിമാലയത്തിലേക്ക്‌ പോകാന്‍ തയ്യാറാകണം. ഈ കാല്‍വെപ്പിന്‌ നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. പത്തു വര്‍ഷത്തേക്ക്‌ ഇനി മറ്റൊരു അജണ്ടയും ഉണ്ടാവരുത്‌. 
വിദ്യഭ്യാസം മാത്രം. മുന്നോട്ടു നീങ്ങുക; വിജയം തീര്‍ച്ച. നമുക്ക്‌ എന്താണോ കിട്ടാന്‍ അര്‍ഹതയുള്ളത്‌ അത്‌ നമുക്ക്‌ കിട്ടണം. ഉത്തരേന്ത്യയിലെ മദ്‌റസകളും കേരളത്തിലെ വിദ്യാഭ്യാസ രീതിയും പഠനവിധേയമാക്കുക. വിദ്യാഭ്യാസത്തില്‍ മത്സരിക്കുക. കേരളത്തിലുള്ളത്ര സുരക്ഷിതത്വം മുസ്‌ലിംകള്‍ക്ക്‌ ഇന്ത്യയില്‍ മറ്റൊരിടത്തുമില്ല. അതിന്റെ കാരണം നിങ്ങള്‍ ഉള്‍ക്കൊള്ളുക. ഭാവുകങ്ങള്‍ നേരുന്നു.
(കേന്ദ്ര ന്യൂനപക്ഷ വകുപ്പുമന്ത്രി റഹ്‌മാന്‍ ഖാന്‍, ആള്‍ ഇന്ത്യാ ഇസ്വ്‌ലാഹി മൂവ്‌മെന്റ്‌ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ദേശീയ മുസ്‌ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം) 

0 comments:

സമുദായ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ

സമുദായ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ

റിപ്പോര്‍ട്ട്‌ -
സ്റ്റാഫ്‌ പ്രതിനിധി
എട്ടു നൂറ്റാണ്ടിലേറെയായി ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണം കയ്യാളിയത്‌ മുസ്‌ലിം സുല്‍ത്താന്മാരായിരുന്നുവെങ്കിലും അവരുടെ പിന്‍മുറക്കാരായ മുസ്‌ലിം സമുദായം ഇന്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ പിന്നാക്കത്തിന്റെ പിന്നണിയിലേക്ക്‌ തള്ളപ്പെട്ട ദയനീയാവസ്ഥ ഇന്ന്‌ എല്ലാവരും ഉറക്കെപ്പറയുന്നു. ഏറ്റവും ഒടുവിലായി, ഇന്ത്യാ ഗവണ്‍മെന്റ്‌ നിശ്ചയിച്ച സച്ചാര്‍ കമ്മീഷന്‍ ഈ വസ്‌തുത അക്കമിട്ടു തെളിവുസഹിതം ലോകത്തിന്റെ മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍-രാജ്യ തലസ്ഥാനത്തുപോലും-ദലിത പിന്നാക്ക വിഭാഗങ്ങളെക്കാള്‍ പിന്നിലാണെന്ന്‌ കമ്മീഷന്‍ കണ്ടെത്തുന്നു. ദുര്‍ബലവിഭാഗങ്ങളുടെ ഉന്നമനത്തിലൂടെ മാത്രമേ രാജ്യപുരോഗതി സമ്പൂര്‍ണമാകൂ. ഈ തിരിച്ചറിവിന്റെ ഭാഗമായി പലവിധ പദ്ധതികളും മുസ്‌ലിംകള്‍ക്കുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയും ചെയ്‌തു. എന്നാല്‍ അതുപോലും ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത വിധം വിദ്യാവിഹീനരാണ്‌ മുസ്‌ലിംകള്‍ എന്നത്‌ അതിശയോക്തിയല്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും ലാപ്‌സായിപ്പോകുന്നു. ഇതാണ്‌ സമുദായത്തിന്റെ ദുരവസ്ഥയുടെ ഒരു വശം.
ലോകത്തെ ഏറ്റവും ഉന്നതമായ ഒരു ദര്‍ശനത്തിന്റെ ഉടമകളായ മുസ്‌ലിംകള്‍ അന്ധവിശ്വാസങ്ങളുടെ കോട്ടകൊത്തളങ്ങളായ ശവകുടീരങ്ങളുടെ (ജാറം/മസാര്‍) തടവറയില്‍ കിടന്നുഴലുകയാണ്‌. വിശുദ്ധ ഖുര്‍ആനോ നബിചര്യയോ കേട്ടുകേള്‍വി പോലുമില്ലാത്ത ഈ പാവങ്ങള്‍ കേവലം ചില ബാഹ്യചിഹ്നങ്ങളില്‍ നിര്‍വൃതിയടയുക മൂലം ഇഹവും പരവും നഷ്‌ടപ്പെടുന്ന അവസ്ഥയിലാണുള്ളത്‌. ഒറ്റപ്പെട്ടതെങ്കിലും പ്രശസ്‌തങ്ങളായിരുന്ന ദീനി വിജ്ഞാനസ്ഥാപനങ്ങള്‍ ഇടുങ്ങിയ മദ്‌ഹബീ ചിന്താഗതിക്കപ്പുറം ചിന്തിക്കാന്‍ കഴിയാത്ത ദയനീയാവസ്ഥയിലുമാണ്‌. ഏറ്റവുമധികം മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്‌, ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്‌, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ ദിശാബോധം നല്‍കപ്പെടാതെ നേതൃദാരിദ്ര്യവും വിദ്യാവിഹീനതയും ഒന്നിച്ചനുഭവിക്കുന്ന ദയനീയചിത്രം അതിശയോക്തിപരമല്ല. ഇതാണ്‌ പിന്നാക്കത്തിന്റെ മറുവശം.
ഈയൊരു പശ്ചാത്തലത്തില്‍ മുസ്‌ലിം സമൂഹത്തെ സമുദ്ധരിക്കാനാവശ്യമായ ഒരു കാഴ്‌ചപ്പാടെങ്കിലും സൃഷ്‌ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഓള്‍ ഇന്ത്യാ ഇസ്വ്‌ലാഹീ മുവ്‌മെന്റ്‌, രാഷ്‌ട്ര തലസ്ഥാനത്ത്‌ നടത്തിയ ദേശീയ മുസ്‌ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സമ്മേളനം എന്തുകൊണ്ടും ശ്രദ്ധേയമായിത്തീര്‍ന്നിരിക്കുകയാണ്‌. `സമുദായത്തെ ശാക്തീകരിക്കുക; വിദ്യാഭ്യാസത്തിലൂടെ' എന്ന പ്രമേയവുമായി 2013 ഏപ്രില്‍ 8,9 തിയതികളില്‍ ന്യൂഡല്‍ഹിയില്‍ നടന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്കു പുറമെ ജമ്മുകശ്‌മീര്‍, ഉത്തര്‍പ്രദേശ്‌, ബീഹാര്‍, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യന്‍ ഇസ്‌ലാമിക്‌ കള്‍ച്ചറല്‍ സെന്റര്‍, ഫിക്കി ഓഡിറ്റോറിയം എന്നീ വേദികളില്‍ ഏഴ്‌ സെഷനുകളിലായി നടന്ന ദ്വിദിന സമ്മേളനത്തില്‍ അറിയപ്പെട്ട വിദ്യാഭ്യാസ വിചക്ഷണരും വിദ്യാഭ്യാസ പ്രവര്‍ത്തകരും മതപണ്ഡിതന്മാരും ന്യൂനപക്ഷ ക്ഷേമതത്‌പരരുമായ നിരവധി വ്യക്തിത്വങ്ങള്‍ അതിഥികളായി എത്തിച്ചേരുകയും സമുദായോദ്ധാരണത്തിനുള്ള ഈ കാല്‍വെപ്പില്‍ തങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവയ്‌ക്കുകയും ഈ കൂട്ടായ്‌മയില്‍ പങ്കുചേരാമെന്ന്‌ വാഗ്‌ദാനം ചെയ്യുകയുമുണ്ടായി.
കേന്ദ്ര ന്യൂനപക്ഷവകുപ്പു മന്ത്രി റഹ്‌മാന്‍ഖാന്‍ ഉദ്‌ഘാടനം ചെയ്‌ത സമ്മേളനത്തില്‍ ഡോ. സഫര്‍ മഹ്‌മൂദ്‌ (ചെയര്‍മാന്‍, സകാത്ത്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യ), ഡോ. ഫസല്‍ ഗഫൂര്‍ (പ്രസിഡന്റ്‌, മുസ്‌ലിം എജ്യുക്കേഷനല്‍ സൊസൈറ്റി), അമീനുദ്ദീന്‍ ഫൈസി (ചെയര്‍മാന്‍, അല്‍ഫലാഹ്‌ എഡ്യുക്കേഷന്‍ ട്രസ്റ്റ്‌, ബംഗാള്‍), ജസ്റ്റിസ്‌ എം എസ്‌ എം സിദ്ദീഖി (ചെയര്‍മാന്‍, നാഷണല്‍ കമ്മിഷന്‍ ഫോര്‍ മൈനോരിറ്റി എഡ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്‌), വജാഹത്ത്‌ ഹബീബുല്ല (ചെയര്‍മാന്‍, നാഷണല്‍ മൈനോരിറ്റി കമ്മീഷന്‍), ഗള്‍ഫാര്‍ മുഹമ്മദലി, മൗലാനാ മുസ്‌തഫ ഖാന്‍ നദ്‌വി (ലക്‌നൗ), ഡോ. ഹമീദ്‌ നസീം റഫിയാബാദി (കശ്‌മീര്‍), അഗസ്റ്റിന്‍ വിലായത്ത്‌ (ഡല്‍ഹി), പി വി അബ്‌ദുല്‍ഖാലിഖ്‌ (ഡല്‍ഹി), മൗലാനാ അബ്‌ദുല്‍വഹാബ്‌ ഖില്‍ജി (ഡല്‍ഹി), ഡോ. ഹുസൈന്‍ മടവൂര്‍ (ആള്‍ ഇന്ത്യാ ഇസ്വ്‌ലാഹീ മുവ്‌മെന്റ്‌ ജനറല്‍ സെക്രട്ടറി), ഡോ. ഇ കെ അഹ്‌മദ്‌ കുട്ടി (പ്രസിഡന്റ്‌, കെ എന്‍ എം), സി പി ഉമര്‍ സുല്ലമി (ജന.സെക്രട്ടറി കെ എന്‍ എം), ഡോ. മുസ്‌തഫ ഫാറൂഖി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി മുതലായവര്‍ വിവിധ സെഷനുകളില്‍ വിഷയം അവതരിപ്പിച്ച്‌ സംസാരിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, അലീഗഡ്‌ മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ, ഹംദര്‍ദ്‌ യൂനിവേഴ്‌സിറ്റി മുതലായ സര്‍വകലാശാലകളില്‍ പഠിക്കുന്ന റിസര്‍ച്ച്‌ സ്‌കോളേഴ്‌സും സിവില്‍ സര്‍വീസ്‌ വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്ത വിദ്യാര്‍ഥി സംഗമം (പ്രഥമ സെഷന്‍) വളരെ ശ്രദ്ധേയമായിരുന്നു. കണ്ണീരും പുഞ്ചിരിയും പങ്കിട്ട വിദ്യാര്‍ഥി സംഗമത്തിലെ ഇന്റര്‍ ആക്‌ഷന്‍ പരസ്‌പരം അറിയാനും സമ്മേളനത്തിന്റെ സന്ദേശം കൈമാറാനും ഇടയാക്കി. ഉന്നത കലാലയങ്ങളില്‍ എത്തിപ്പെടാനുള്ള അവസരങ്ങളും ജോലി സാധ്യതകളുടെ അപര്യാപ്‌തതകളുമൊക്കെയാണ്‌ വിദ്യാര്‍ഥി സംഗമത്തിലെ ചര്‍ച്ചകളില്‍ വന്നതെങ്കില്‍, പ്രൈമറി തലത്തില്‍പോലും പഠിക്കാനവസരം ലഭിക്കാത്ത മുസ്‌ലിം ജനകോടികളെ എങ്ങനെ വഴികാണിക്കണമെന്നതായിരുന്നു `സമുദായ പുരോഗതി' എന്ന ശീര്‍ഷകത്തില്‍ നടത്തിയ സെമിനാറിലെ (രണ്ടാം സെഷന്‍) ചര്‍ച്ചാ വിഷയം.
മുസ്‌ലിം സമുദായത്തിന്റെ പുരോഗതി ചര്‍ച്ച ചെയ്യുമ്പോള്‍ എല്ലാവരുടെയും മുന്നിലുള്ള ഒരു വസ്‌തുത, ഈ രംഗത്ത്‌ കേരള മുസ്‌ലിംകള്‍ കൈവരിച്ച നേട്ടമായിരുന്നു. കഴിഞ്ഞ പതിറ്റാണ്ടില്‍ വിദ്യാഭ്യാസ പുരോഗതിക്കായി കേരളത്തില്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനം എന്തു ചെയ്‌തു എന്ന്‌ വിശദീകരിച്ച്‌ ആ മോഡല്‍ അഖിലേന്ത്യാ തലത്തില്‍ പരീക്ഷിക്കാവുന്നതാണെന്ന്‌ ചൂണ്ടിക്കാട്ടി, എം ഇ എസ്‌ പ്രസിഡന്റ്‌ ഡോ. ഫസല്‍ഗഫൂര്‍ സംസാരിച്ചത്‌ ഏറെ ശ്രദ്ധേയമായി. സമുദായത്തിന്റെ പുരോഗതിയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും വിദ്യാഭ്യാസപുരോഗതിയില്‍ സമുദായ സംഘടനകള്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള സ്വാധീനവും ഡോ. ഫസല്‍ഗഫൂര്‍ സോദാഹരണം വിശദീകരിച്ചു. മണ്ഡല്‍, സച്ചാര്‍, മിശ്ര കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളും അനുബന്ധ പ്രവര്‍ത്തനങ്ങളും വിലയിരുത്തിക്കൊണ്ട്‌ സര്‍ക്കാര്‍ നിയമങ്ങളിലെ പോരായ്‌മകളും ഉള്ള നിയമത്തില്‍ നിന്നുകൊണ്ട്‌ തങ്ങള്‍ക്കുള്ള അവകാശത്തെപ്പറ്റി ബോധമില്ലാത്ത സമൂഹത്തിന്റെ അവസ്ഥകളും വിശദീകരിച്ചുകൊണ്ട്‌ ഡോ. സഫര്‍ മഹ്‌മൂദ്‌ ഇന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ സ്ഥിതികളുടെ ഒരു നഖചിത്രം സെമിനാറില്‍ അവതരിപ്പിച്ചു. സെമിനാര്‍ എത്തിച്ചേര്‍ന്ന നിഗമനം ഇങ്ങനെ സംഗ്രഹിക്കാം.
മുസ്‌ലിം സമുദായം പുരോഗതി നേടണം. സമുദായത്തിന്‌ വിദ്യാഭ്യാസം നല്‍കപ്പെടണം. ഇക്കാര്യത്തില്‍ ഉലമാക്കള്‍ക്കും ഖത്വീബുമാര്‍ക്കും വലിയ പങ്കുവഹിക്കാനുണ്ട്‌. ഉലമാക്കള്‍ക്ക്‌ കൂടി ദിശാബോധം നല്‍കപ്പെടേണ്ടതുണ്ട്‌. കേവല വിദ്യാഭ്യാസമല്ല; വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ഊന്നിയ വിദ്യാഭ്യാസമാണ്‌ സമുദായോന്നമനത്തിന്റെ ആണിക്കല്ലാകേണ്ടത്‌. ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതു അവസ്ഥയില്‍ നിന്ന്‌ കേരള മുസ്‌ലിംകള്‍ വേറിട്ടുനില്‌ക്കാനും പുരോഗതിപ്പെടാനുമുള്ള കാരണങ്ങള്‍ കണ്ടെത്തി പരീക്ഷിക്കാന്‍ ശ്രമിക്കാവുന്നതാണ്‌. ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ സുചിന്തിതമായി ആവിഷ്‌കരിക്കണം.
സമ്മേളനത്തിന്റെ രണ്ടാം ദിവസം ഫിക്കി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി റഹ്‌മാന്‍ഖാന്‍ എടുത്തുപറഞ്ഞത്‌ സമുദായത്തിന്റെ ഉയര്‍ച്ചയ്‌ക്കുവേണ്ടി സമുദായത്തിനകത്തുനിന്നുതന്നെ ഉയിര്‍ത്തെഴുന്നേല്‍പുണ്ടാകണമെന്നും അതിന്‌ ഈ സമ്മേളനം തുടക്കവും പ്രചോദനവും ആയിത്തീരട്ടെ എന്നുമാണ്‌. സമുദായത്തെ വിദ്യാഭ്യാസത്തിലൂടെ ഉന്നമനത്തിലേക്കെത്തിക്കുക എന്ന ദീര്‍ഘകാല പദ്ധതിയുടെ തുടക്കംകുറിച്ചുകൊണ്ട്‌ ആള്‍ ഇന്ത്യ ഇസ്വ്‌ലാഹീ മുവ്‌മെന്റ്‌ മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ വിശദീകരിച്ചു.
``ശാഹ്‌ വലിയ്യുല്ലാഹി ദ്ദഹ്‌ലവിയും സനാഉല്ല അമൃതസരിയും പോലുള്ള നവോത്ഥാന നായകര്‍ അന്ന്‌ ഈ സമൂഹത്തോട്‌ പറഞ്ഞത്‌ ഖുര്‍ആനിലേക്ക്‌ മടങ്ങുക എന്നതായിരുന്നു. നാം ശ്രമിച്ചാല്‍ പത്തുവര്‍ഷം കൊണ്ട്‌ വിദ്യാഭ്യാസത്തിലൂടെ മുസ്‌ലിം സമുദായത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാന്‍ സാധിക്കും. അതിനുവേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യണം. മദ്‌റസകളിലൂടെ പോലും ആധുനിക വിദ്യാഭ്യാസരംഗത്തേക്ക്‌ സമുദായത്തെ കൊണ്ടുവരണം. ഇസ്‌ലാമിന്റെ സമാധാനസന്ദേശം പ്രചരിപ്പിക്കണം. മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കണം. പൊതുവിദ്യാഭ്യാസം മൂല്യാധിഷ്‌ഠിതമാക്കിത്തീര്‍ക്കണം'' -അദ്ദേഹം വിശദീകരിച്ചു.
മതനിരപേക്ഷ ജനാധിപത്യസംവിധാനത്തോടെ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിക്കൊണ്ടു മാത്രമേ ഏതൊരു വിഭാഗത്തിനും പുരോഗതിയിലേക്കെത്താനാവൂ എന്നതായിരുന്നു സമ്മേളനത്തിന്റെ മറ്റൊരു സന്ദേശം. ബഹുസ്വര സമൂഹത്തില്‍ സ്വത്വം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ കൊടുക്കല്‍ വാങ്ങല്‍ സമീപനത്തിലൂടെ മാത്രമേ ഇസ്‌ലാമിന്റെ മഹിതസന്ദേശങ്ങള്‍ മറ്റുള്ളവരിലേക്കെത്തിക്കാനാവൂ. വേറിട്ടുനില്‍ക്കല്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനേ ഉതകൂ. ഈ സമീപനം പ്രായോഗികമായി പുലര്‍ത്തിവരുന്ന കേരള സമൂഹത്തിന്റെ മാതൃക സമ്മേളനം എടുത്തുകാട്ടി. ഈ വസ്‌തുതകളിലേക്ക്‌ വെളിച്ചം വീശുന്ന മതാന്തരസംവേദന സെഷന്‍ ഏറെ ശ്രദ്ധേയമായി.
കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം അഖിലേന്ത്യാ തലത്തിലേക്ക്‌ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സമ്മേളനം ഡല്‍ഹിയില്‍ സംഘടിപ്പിച്ചത്‌. കഴിഞ്ഞ ഒന്‍പത്‌ ദശാബ്‌ദങ്ങളായി കേരളത്തില്‍ നടന്നുവരുന്ന നവോത്ഥാന സംരംഭങ്ങളിലൂടെ കേരള മുസ്‌ലിം സമൂഹം കൈവരിച്ച പുരോഗതിയാണ്‌ ഈ സമ്മേളന സംഘാടനത്തിന്‌ പ്രചോദനം. ഉത്തരേന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ പതിതാവസ്ഥയും കേരളത്തിലെ വ്യതിരിക്തതകളും സമ്മേളനത്തിന്റെ ചിന്താവിഷയമായിരുന്നു. ഇവിടെ നടന്ന നവോത്ഥാനത്തിന്റെ ചാലകങ്ങള്‍ എന്തായിരുന്നുവെന്ന്‌ ചര്‍ച്ച ചെയ്യപ്പെട്ടു. അത്‌ ഇവയായിരുന്നു:
ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങി അന്ധവിശ്വാസങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക. മതപരവും ഭൗതികവുമായ വിദ്യാഭ്യാസം നേടാന്‍ അവസരം സൃഷ്‌ടിക്കുക. ബാഹ്യചിഹ്‌നങ്ങള്‍ക്കപ്പുറം ആഴത്തില്‍ ഇസ്‌ലാമിന്റെ ആദര്‍ശം ഉള്‍ക്കൊള്ളുക. മതനിരപേക്ഷതയും ജനാധിപത്യവും ഇസ്‌ലാമിന്‌ എതിരല്ലാത്തതിനാല്‍ അവ ഉള്‍ക്കൊണ്ട്‌ രാഷ്‌ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാവുക. ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷമെന്ന നിലയില്‍ മുസ്‌ലിംകള്‍ക്കനുവദിച്ച അവകാശങ്ങളെപ്പറ്റി ബോധമുണ്ടാക്കുക. സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന്‌ ഒറ്റപ്പെട്ടു നില്‌ക്കുന്നതിനുപകരം സ്വത്വം നിലനിര്‍ത്തി ഒന്നിച്ചുചേരുക. മദ്‌റസകളും മറ്റ്‌ ഉന്നത മതപാഠശാലകളും ഭൗതിക വിജ്ഞാന സമ്പാദനത്തിനുകൂടി മാര്‍ഗമാരായുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുക. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ എത്തിച്ചേരാന്‍ പ്രതിഭകള്‍ക്ക്‌ പ്രോത്സാഹനവും സഹായവും നല്‍കുക. രാഷ്‌ട്രീയരംഗത്ത്‌ തങ്ങളുടേതായ ഭാഗധേയം നിര്‍ണയിക്കാനും അവകാശങ്ങള്‍ നേടാനും ശ്രമിക്കുക. ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടി പ്രാദേശിക കൂട്ടായ്‌മകളും എന്‍ ജി ഒകളും രൂപീകരിക്കുക. ഖത്വീബുമാരും മൗലാനമാരും നിരന്തരബോധവത്‌കരണം നടത്തുക. നിയമനിര്‍മാണത്തിലും ഭരണനിര്‍വഹണത്തിലും നീതിന്യായ രംഗത്തും നിയമാനുസൃതം എത്തിച്ചേരുക. ഈ ആശയങ്ങള്‍ ഉത്തരേന്ത്യന്‍ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുകയും തങ്ങളുടെ പ്രവര്‍ത്തനമേഖലകളില്‍ ഈ സന്ദേശം എത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രഖ്യാപിക്കുകയും ചെയ്‌തു എന്നതാണ്‌ സമ്മേളനത്തിന്റെ വിജയം.

0 comments:

മുസ്‌ലിംസ്‌ത്രീ എന്ന രണ്ടാം തരം പൗര

മുസ്‌ലിംസ്‌ത്രീ എന്ന രണ്ടാം തരം പൗര

- കാക്കനോട്ടം -
എ പി കുഞ്ഞാമു
ജോലിയുടെ ഭാഗമായി കുറച്ചുകാലം മുമ്പ്‌ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. നല്ല തറവാട്ടില്‍ പിറന്ന കുട്ടി, ഭേദപ്പെട്ട കുടുംബത്തിലേക്ക്‌ വിവാഹവും കഴിച്ചു. പക്ഷേ ഇപ്പോള്‍ ഭര്‍ത്താവുമായി രമ്യതയിലല്ല. അയാള്‍ക്ക്‌ മദ്യപാനംതൊട്ട്‌ പരസ്‌ത്രീഗമനം വരെയുള്ള പല കുഴപ്പങ്ങളും. മാത്രവുമല്ല, ദുരെയെവിടെയോ രഹസ്യമായി വേറെയൊരു വിവാഹം കഴിച്ചിട്ടുമുണ്ട്‌. ഏറ്റവും വിഷമകരം ആള്‍ ഈ പെണ്‍കുട്ടിയെയും മക്കളെയും തിരിഞ്ഞുനോക്കുന്നില്ല എന്നതാണ്‌. അവരുടെ മൂത്ത മകള്‍ക്ക്‌ ഒരു വിദ്യാഭ്യാസ വായ്‌പവേണം. രക്ഷിതാവെന്ന നിലയില്‍ പിതാവ്‌ ഒപ്പിട്ടാല്‍ മത്രമേ വായ്‌പ കൊടുക്കാന്‍ സാധിക്കുകയുള്ളൂ. മുസ്‌ലിം വ്യക്തിനിയമമനുസരിച്ച്‌ ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ ഉമ്മയെ രക്ഷിതാവാക്കാന്‍ പറ്റില്ല എന്ന്‌ ബാങ്കുകാര്‍. നട്ടം തിരിയുക മാത്രമായിരുന്നു ഈ യുവതിയുടെ വിധി.
സ്‌ത്രീയുടെ മതം, പുരുഷന്റെ ഹിതം

ഇത്തരം വിധിവിഹിതങ്ങളുടെ ആഘാതങ്ങള്‍ താണ്ടി ജീവിക്കുന്ന നിരവധിപേര്‍ മുസ്‌ലിം സമുദായത്തിലുണ്ട്‌. ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെട്ടവരും മൊഴി ചൊല്ലപ്പെട്ടവരും പീഡനങ്ങള്‍ അനുഭവിക്കുന്നവരും മറ്റും. മതനിയമങ്ങള്‍ അവര്‍ക്ക്‌ തണലാവുന്നില്ല. മുസ്‌ലിം സമുദായത്തില്‍ എപ്പോഴും അവഗണിക്കപ്പെട്ട മണ്ഡലമാണ്‌ സ്‌ത്രീകളുടേത്‌. ചരിത്രത്തിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍, സ്‌ത്രീക്ക്‌ ഏറ്റവും കൂടുതല്‍ അന്തസ്സ്‌ നല്‌കുകയും അവള്‍ക്ക്‌ അവകാശങ്ങള്‍ സ്ഥാപിച്ചുകൊടുക്കുകയും ചെയ്‌ത മതമാണ്‌ ഇസ്‌ലാം എന്ന്‌ കാണാം. ജീവനോടെ കുഴിച്ചുമൂടപ്പെടുന്ന അവസ്ഥയില്‍ നിന്നാണല്ലോ സ്വത്തിന്‌ അവകാശമുള്ള സ്ഥിതിയിലേക്കുള്ള സ്‌ത്രീയുടെ പരിണാമം. സ്‌ത്രീക്ക്‌ കര്‍തൃത്വ പദവി വകവെച്ചു നല്‍കിയ മതമാണ്‌ ഇസ്‌ലാം. അതുകൊണ്ടാണ്‌ മക്കാ വിജയവേളയില്‍, പ്രവാചകനോട്‌ ഹിന്ദ്‌ ബിന്‍ത്‌ ഉത്‌ബക്ക്‌ നേരെ നിന്ന്‌ സംസാരിക്കാനും സ്വന്തം കാലുഷ്യങ്ങള്‍ പുറത്തേക്കൊഴുക്കാനും സാധിച്ചത്‌. ആഇശക്കും ഉമ്മുസല്‍മക്കും വ്യക്തിത്വമുള്ള മനുഷ്യര്‍ എന്ന നിലയില്‍ സ്വയം സ്ഥാപിക്കാനായത്‌. ഇങ്ങനെ ഉദാഹരണങ്ങള്‍ നിരവധി.
എങ്കിലും ഇസ്‌ലാമിക സമൂഹത്തില്‍ സ്‌ത്രീയുടെ പ്രതീകം ഹാജറാബീവി തന്നെ. സ്ഥലകാലങ്ങള്‍ ഒറ്റപ്പെടുത്തിയ സ്‌ത്രീ, സ്വന്തം കുടുംബത്തിന്റെ ദുരിതങ്ങള്‍ക്ക്‌ അറുതിവരുത്താന്‍ വേണ്ടി നെട്ടോട്ടമോടേണ്ടിവന്ന സ്‌ത്രീ. ലോകത്തെവിടെയും മുസ്‌ലിംസ്‌ത്രീയുടെ പ്രതിരൂപം ഹാജറയാണ്‌. ഒരിടത്ത്‌ യുദ്ധങ്ങള്‍, വേറൊരിടത്ത്‌ പൗരോഹിത്യവും യാഥാസ്ഥിതികത്വവും, ഇനിയുമൊരിടത്ത്‌ ലോകത്തിന്റെയും മതത്തിന്റെയും നിയമങ്ങള്‍ -ഇവയൊക്കെച്ചേര്‍ന്ന്‌ പ്രയാസങ്ങളുടെ സഫാ-മര്‍വകള്‍ക്കിടയില്‍ എത്തും പിടിയുമില്ലാതെ ഓടിക്കൊണ്ടിരിക്കുകയാണ്‌ മുസ്‌ലിം സ്‌ത്രീകള്‍. അവരിലൊരാളെപ്പറ്റിയാണ്‌ ഞാന്‍ ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചത്‌. അവര്‍ക്കുവേണ്ടി നാം എന്തു ചെയ്‌തു? ഹാജറയുടെ പ്രയാസങ്ങള്‍ ശമിപ്പിക്കാന്‍ ഒരു നീരുറവയുണ്ടായി. നമ്മുടെ ഹാജറമാര്‍ക്കെവിടെ സംസം ജലപ്രവാഹത്തിന്റെ `കുളിര്‍സ്‌പര്‍ശം'?
കേരളത്തിലെ മുസ്‌ലിം സ്‌ത്രീകളുടെ പൊതുവായ പ്രതീകമാണ്‌ ഹാജറ. ദൈവത്തിന്റെ തുണ മാത്രമേ അവര്‍ക്കുള്ളൂ. മുസ്‌ലിം സ്‌ത്രീ വിദ്യയഭ്യസിക്കരുത്‌ എന്നായിരുന്നു ഒരു കാലത്ത്‌ ഫത്‌വ. 1930 മാര്‍ച്ച്‌ 16-ന്‌ മണ്ണാര്‍ക്കാട്‌ ചേര്‍ന്ന സമസ്‌തയുടെ 4-ാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച്‌ കൈക്കൊണ്ട സ്‌ത്രീ വിദ്യാഭ്യാസത്തിന്നെതിരായ ഫത്‌വ ഇതേവരെ പിന്‍വലിക്കപ്പെട്ടിട്ടില്ല. പക്ഷേ സ്‌ത്രീകള്‍ സുഖമായി സ്‌കൂളിലും കോളെജിലും പോവുന്നു. സ്‌ത്രീകള്‍ക്ക്‌ പള്ളിപ്രവേശം ഇനിയും അനുവദിക്കപ്പെട്ടിട്ടില്ല. പക്ഷേ, മിക്ക പള്ളികളുടെയും വാതിലുകള്‍ യാത്രക്കാരായ സ്‌ത്രീകള്‍ക്കുവേണ്ടിയെന്ന പേരില്‍ തുറന്നിടപ്പെട്ടിരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ മതയാഥാസ്ഥിതികതയുടെ തിട്ടൂരങ്ങളില്‍ മാറ്റം വരാതെതന്നെ, അവയെ നിരാകരിക്കാന്‍ സമൂഹം നിര്‍ബന്ധിതമായി എന്നാണ്‌. 
എന്നാല്‍ ഈ രീതിയില്‍ സ്‌ത്രീകള്‍ക്കിടയില്‍ ഉണ്ടാവുന്ന ഉണര്‍വുകള്‍, കേരളീയ സമൂഹത്തില്‍ മുസ്‌ലിം സ്‌ത്രീയെ കര്‍തൃസ്ഥാനത്തില്‍ എത്തിക്കുന്നുണ്ട്‌ എന്ന്‌ പറഞ്ഞുകൂടാ. പൊതുസമൂഹത്തിലും സ്ഥിതി ഏറെക്കുറെ ഇതുതന്നെ. കേരളത്തില്‍ ധാരാളം സ്‌ത്രീകള്‍ തൊഴിലെടുക്കുകയും ഉദ്യോഗം ഭരിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാല്‍ അവര്‍ക്ക്‌ സ്വന്തം ഇച്ഛകള്‍ നടപ്പാക്കാനും സ്വയംതീരുമാനങ്ങള്‍ എടുക്കാനും ത്രാണിയുണ്ട്‌ എന്ന്‌ പറഞ്ഞുകൂടാ. ഭര്‍ത്താവിന്റെയോ പിതാവിന്റെയോ സാമ്പത്തികഭാരം ലഘൂകരിക്കാനുള്ള സഹായഹസ്‌തമായി മാത്രമാണ്‌ നമ്മുടെ നാട്ടില്‍ സ്‌ത്രീകളുടെ ഉദ്യോഗങ്ങള്‍ നിലനില്‌ക്കുന്നത്‌. അവര്‍ അധ്വാനിച്ചുകൊണ്ടുവരുന്ന പണം കുടുംബബാധ്യതകള്‍ നിറവേറ്റാന്‍ ഉപയോഗിക്കുന്നു. മുസ്‌ലിം സ്‌ത്രീയെ സംബന്ധിച്ചേടത്തോളവും ഇതുതന്നെയാണ്‌ സ്ഥിതി. സ്‌ത്രീയുടെ സ്വന്തം സമ്പാദ്യത്തെക്കുറിച്ചുള്ള ഇസ്‌ലാമിക പരികല്‌പന വ്യത്യസ്‌തമാണെങ്കിലും ഗൃഹനാഥന്റെ പെട്ടിയിലേക്കാണ്‌ ഈ സമ്പാദ്യവും ചെന്നുവീഴുന്നത്‌. ഇത്തരം പ്രവൃത്തികളിലൂടെ സ്‌ത്രീക്ക്‌ ഇസ്‌ലാം കല്‌പിച്ചു നല്‍കിയ കര്‍തൃസ്ഥാനം, അല്ലെങ്കില്‍ സ്വതന്ത്ര വ്യക്തിത്വം അവരില്‍നിന്നു എടുത്തുമാറ്റുകയാണ്‌ നാം ചെയ്യുന്നത്‌. ആണിന്റെ തണലില്‍ വളര്‍ച്ച മുരടിച്ചുപോയ ചെടിയായി അവള്‍ മാറുന്നു.
പുര നിറഞ്ഞുനിന്നാല്‍
മുസ്‌ലിം സമൂഹത്തില്‍ വിവാഹം, വിവാഹമോചനം, കുടുംബജീവിതം എന്നീ കാര്യങ്ങളിലെല്ലാം, സ്‌ത്രീയുടെ നേരെ പുലര്‍ത്തുന്ന `അവള്‍ രണ്ടാം തരം പൗര'യാണ്‌ എന്ന ബോധം ഒരു അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്‌. പുരുഷന്റെ തലയില്‍ വെച്ചുകെട്ടിയ ഭാരമാണ്‌ സ്‌ത്രീ എന്നാണ്‌ സാമാന്യധാരണ. അതുകൊണ്ട്‌ അവള്‍ എഴുത്തു പഠിക്കുന്നതിനെപ്പറ്റിയും പള്ളിയില്‍ പോകുന്നതിനെപ്പറ്റിയും മുഖം മറയ്‌ക്കുന്നതിനെപ്പറ്റിയുമെല്ലാം അനാവശ്യമായ ഉത്‌കണ്‌ഠകള്‍ പുരുഷ കേന്ദ്രീകൃതമായ ലോകം വെച്ചുപുലര്‍ത്തുന്നു. സ്‌ത്രീ സഞ്ചരിക്കുന്നതിനുള്ള അതിരുകളും വേലികളും നിര്‍മിച്ചുകൊടുക്കുന്നതും ഈ ലോകംതന്നെ. അങ്ങനെയാണ്‌ പ്രായപൂര്‍ത്തിയായാല്‍ മറ്റൊരാളുടെ തലയിലേക്ക്‌ ഈ ഭാരം വെച്ചുകൊടുക്കേണ്ടതുണ്ട്‌ എന്ന്‌ അതേവരെ പ്രസ്‌തുത ഭാരം ചുമന്നുനടന്ന പിതാവിനോ സഹോദരനോ തോന്നുന്നത്‌. പുരനിറഞ്ഞുനില്‌ക്കുന്ന പെണ്ണിനെ കെട്ടിച്ചുവിടണമല്ലോ എന്ന ആധി മൂലമാണ്‌ മുന്‍പിന്‍ നോട്ടമില്ലാതെ വിവാഹബന്ധങ്ങള്‍ക്ക്‌ നാം തുനിഞ്ഞിറങ്ങുന്നത്‌. സ്‌ത്രീധനം, മൈസൂര്‍ കല്യാണം തുടങ്ങിയ ദുഷിച്ച ഏര്‍പ്പാടുകള്‍ക്ക്‌ ഈ ആധി നിമിത്തമായിത്തീരുന്നു. എങ്ങനെയൊക്കെയോ ഇരന്നും തെണ്ടിയും പണമുണ്ടാക്കി നടത്തിക്കൊടുക്കേണ്ട ഒന്നാണോ വിവാഹം? പെണ്‍കുട്ടി പുര നിറഞ്ഞുനില്‌ക്കുന്നു എന്ന വസ്‌തുതയെ വീട്ടിലൊരു ടൈംബോംബ്‌ വെച്ചിരിക്കുന്നു എന്ന മട്ടിലാണ്‌ പല രക്ഷിതാക്കളും കാണുന്നത്‌. എപ്പോള്‍ വേണമെങ്കിലും ഈ ബോംബ്‌ പൊട്ടിത്തെറിക്കാം. പ്രസ്‌തുത വിസ്‌ഫോടനമൊഴിവാക്കാനുള്ള തത്രപ്പാടില്‍ മൈസൂര്‍ കല്യാണം പോലെയുള്ള `വഞ്ചനാ നെറ്റ്‌വര്‍ക്കി'ന്റെ ഭാഗമായെത്തുന്ന വരന്മാര്‍ പോലും നമുക്ക്‌ സ്വീകാര്യരാവുന്നു. ഇങ്ങനെ കെട്ടിച്ചയക്കുന്ന പെണ്‍കുട്ടികളുടെ വിധിയെന്താണ്‌ എന്ന്‌ നാം ആലോചിക്കുന്നേയില്ല.
മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മൈസൂര്‍ കല്യാണം ഒരു സാമൂഹ്യരോഗമായി മാറിയിരിക്കുന്നു എന്നാണ്‌ ഈയിടെ ചില പ്രസിദ്ധീകരണങ്ങള്‍ നടത്തിയ സര്‍വേയില്‍ നിന്ന്‌ വെളിവായത്‌. പെണ്‍കുട്ടികളെ കെട്ടിച്ചയക്കുക എന്ന ബാധ്യത എങ്ങനെയെങ്കിലും പൂര്‍ത്തീകരിക്കുകയാണവര്‍. ശേഷമെന്ത്‌ സംഭവിക്കുന്നു എന്നതിനെക്കുറിച്ച്‌ സമുദായത്തിലെ മത-രാഷ്‌ട്രീയ-സാമൂഹ്യ-സേവാ പ്രസ്ഥാനങ്ങള്‍ക്ക്‌ നോട്ടമേയില്ല. മൈസൂര്‍ കല്യാണങ്ങളില്‍ മാത്രമല്ല, ഇതര വിവാഹങ്ങളിലും നമ്മുടെ സങ്കല്‌പം ഈ `ബാധ്യതാ ബോധ'ത്തിന്‌ ചുറ്റും കറങ്ങുകയാണ്‌. ബാധ്യത തീര്‍ക്കാന്‍ വേണ്ടി വിവാഹം കഴിപ്പിച്ചുവിടുന്ന പെണ്‍കുട്ടികളാണ്‌ പരിത്യക്തകളായി ജീവിതത്തിന്റെ പെരുവഴിയില്‍ പൊടുന്നനെ ഒറ്റപ്പെട്ടുപോവുന്നത്‌.
പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുക എന്നത്‌ ഒരു സാമൂഹ്യ ബാധ്യതയായിപ്പോലും മുസ്‌ലിം സമൂഹം കണക്കാക്കുന്നുണ്ടോ എന്ന്‌ സംശയിക്കണം. സമൂഹ വിവാഹം ഇന്ന്‌ മതസംഘടനകളുടെയും അനാഥാലയങ്ങളുടെയും മഹല്ലുകളുടെയും മറ്റും മുന്‍ഗണനാ വിഷയമായി മാറിയിട്ടുണ്ട്‌. ഇത്തരത്തില്‍ സമൂഹം മുന്‍കൈ എടുത്ത്‌ ഒരു സല്‍ക്കര്‍മമെന്ന നിലയില്‍ പൂര്‍ത്തീകരിക്കേണ്ട ഒന്നാണോ പെണ്‍കുട്ടികളുടെ വിവാഹം? ഒരര്‍ഥത്തില്‍ സമൂഹവിവാഹത്തില്‍ നാം കാണിക്കുന്ന താല്‌പര്യം ദ്യോതിപ്പിക്കുന്നത്‌ സ്‌ത്രീകള്‍ സ്വതന്ത്ര വ്യക്തിത്വങ്ങളല്ല, അനാവശ്യമായി വെച്ചുകെട്ടിയ ദുര്‍വഹ ഭാരമാണ്‌ എന്ന ചിന്തയാണെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ കുറ്റപ്പെടുത്താനാവുകയില്ല. നാം ചെയ്യുന്നത്‌ സ്‌ത്രീയുടെ സ്വാതന്ത്ര്യം അവളില്‍നിന്ന്‌ എടുത്തുമാറ്റുകയാണ്‌. സ്വര്‍ണാഭരണങ്ങള്‍, സ്‌ത്രീധനം, ഉദ്യോഗം, സ്വത്ത്‌ തുടങ്ങിയ നിരവധി കുരുക്കുകളില്‍ അകപ്പെടുത്തിയശേഷം, അവളെ മോചിപ്പിക്കാന്‍ സമൂഹം ശ്രമിക്കുന്നു. ഇസ്‌ലാമിക സങ്കല്‌പമനുസരിച്ച്‌ ഇങ്ങനെയൊരു അസ്വാതന്ത്ര്യം സ്‌ത്രീക്ക്‌ ഉണ്ടാവേണ്ടതില്ല. പിതാവിന്റെ ഇഷ്‌ടമനുസരിച്ച്‌ മറ്റൊരാളുടെ ഇണയാവാനും ഭര്‍ത്താവിന്റെ അനിഷ്‌ടത്തിന്റെ പേരില്‍ മൊഴി ചൊല്ലപ്പെടാനുമുള്ള ഉപഭോഗ വസ്‌തുവായി മുസ്‌ലിം സ്‌ത്രീ മാറുന്നുവെങ്കില്‍, അതിനുമതകീയവും സാമൂഹ്യവുമായ കാരണങ്ങള്‍ക്കൊപ്പം മനശ്ശാസ്‌ത്രപരമായ പ്രശ്‌നം കൂടിയുണ്ട്‌. സ്‌ത്രീയുടെ ഇച്ഛയും അനിച്ഛയും എന്താണെന്ന്‌ പരിവൃതമായ കുടുംബ സംവിധാനങ്ങളില്‍പോലും, മുസ്‌ലിം പശ്ചാത്തലത്തില്‍ പരിഗണിക്കപ്പെടുന്നില്ല.
ദുരിതപര്‍വം സ്ഥിരം
എങ്ങനെയെങ്കിലും ആര്‍ക്കെങ്കിലും കെട്ടിച്ചുവിടണമല്ലോ എന്ന സ്‌ത്രീയെക്കുറിച്ചുള്ള ചിന്തയില്‍ നിന്നാണ്‌ കുടുംബജീവിതത്തില്‍ സ്‌ത്രീ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളും മുളപൊട്ടുന്നത്‌. എന്‍ജിനീയര്‍, ഡോക്‌ടര്‍ തുടങ്ങിയ പ്രൊഫഷണലുകളിലുള്ള പെണ്‍കുട്ടികളുടെ കാര്യത്തില്‍ പോലും, സൂക്ഷ്‌മവിശകലനത്തില്‍ ഈ ചിന്തയുടെ സാന്നിധ്യമുണ്ട്‌. ചുരുക്കം ചിലര്‍ മാത്രമേ അതിനെ അതിജയിക്കുന്നുള്ളൂ. എന്തുകൊണ്ടാണ്‌ സമൂഹത്തിന്‌ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത്രയും ഉത്‌ക്കണ്‌ഠ? അവര്‍ വഴിപിഴച്ചുപോകുമെന്ന പേടിമൂലമോ? അല്ലെങ്കില്‍ നിരാലംബരായിത്തീരുമെന്ന്‌ കരുതിയോ?
സ്വയം നിലനില്‌ക്കാന്‍ ശേഷിയുള്ളവരുടെ കാര്യത്തില്‍ പോലും ഈ ബോധം പ്രവര്‍ത്തിക്കുന്നത്‌ കാണാം. അതേസമയം ആണ്‍കുട്ടികളുടെ കാര്യത്തില്‍ പൊതുവെ ഇങ്ങനെയൊരു ഭീതിയോ ഉത്‌കണ്‌ഠയോ ഇല്ലതാനും. സ്‌ത്രീയുടെ മേല്‍ പുരുഷകേന്ദ്രീകൃത സമൂഹം കെട്ടിവെച്ച അധമ ധാരണകളുടെ ഉദാഹരണമാണിത്‌. അവരുടെ അതിജീവന ശേഷിയെക്കുറിച്ചും സദാചാരബോധത്തെക്കുറിച്ചുമുള്ള തെറ്റായ ധാരണകളാണ്‌ ഇവ എന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍ ആധുനിക സമൂഹത്തില്‍, സ്‌ത്രീകളെക്കുറിച്ച്‌ ഇത്തരം ആശങ്കകളൊന്നും ആവശ്യമില്ലതന്നെ. ഉറച്ചുനിന്നു പൊരുതാന്‍ കെല്‌പുള്ളവരാണവര്‍. അതിനുള്ള വിദ്യാഭ്യാസവും പൊതുബോധവും ലോകപരിചയവും അവര്‍ക്കുണ്ട്‌. അതറിഞ്ഞു മതി, നമ്മുടെ ഭാഗത്തുനിന്ന്‌ അവര്‍ക്ക്‌ ഇണയും തുണയും കണ്ടെത്തല്‍.
പെണ്‍കുട്ടികള്‍ വീട്ടിനകത്ത്‌ സൂക്ഷിച്ചുവെച്ച ടൈംബോംബുകളാണെന്നും എങ്ങനെയെങ്കിലും അവ നിര്‍വീര്യമാക്കുകയാണ്‌ നമ്മുടെ പ്രഥമ ചുമതലയെന്നുമുളള സമൂഹത്തിന്റെ തോന്നല്‍ സ്‌ത്രീകളെ പല പ്രയാസങ്ങളിലും അകപ്പെടുത്തുന്നുണ്ട്‌. ഈ തോന്നല്‍ അവരെ അനാരോഗ്യകരമായ കുടുംബബന്ധങ്ങളിലേക്ക്‌ തള്ളിവിടുന്നു. മൈസൂര്‍ കല്യാണത്തിന്റെ അനിവാര്യദുരന്തങ്ങള്‍ ഏറ്റുവാങ്ങാന്‍ അവര്‍ വിധിക്കപ്പെടുന്നു, അവര്‍ സ്‌ത്രീധനത്തിന്റെ ഇരകളായി മാറുന്നു. എല്ലാ അര്‍ഥത്തിലും സ്‌ത്രീകള്‍ പരിത്യക്തകളാവുന്നു. എന്നാല്‍ നാം അവരെ സ്വതന്ത്രവ്യക്തികളെന്ന നിലയില്‍ കണക്കാക്കുകയാണെങ്കിലോ- ചിത്രം അടിമുടി മാറും. എല്ലാ പ്രതികൂലാവസ്ഥകളേയും മറികടന്ന്‌ ദൈവസഹായത്തോടെ ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ സ്വന്തം ജീവിതം കരുപ്പിടിപ്പിച്ച ഹാജറയാണ്‌ അവരുടെ ആദര്‍ശബിംബം. ഒറ്റപ്പെട്ടവള്‍, അനാഥ. ഹാജറാ ബീവിയെ സനാഥത്വത്തിലേക്ക്‌ നയിച്ച ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ നാം നമ്മുടെ സ്‌ത്രീകളെ അനുവദിച്ചാല്‍ മാത്രം മതി, ദുരിതങ്ങളുടെ മാമലകള്‍ പലതും താനേ അലിഞ്ഞുപോവും. അതിന്‌ ഒരു പക്ഷെ മതനിയമങ്ങളെ യഥാര്‍ഥ ഇസ്‌ലാമിക മൂല്യ സങ്കല്‌പങ്ങള്‍ക്കനുസരിച്ച്‌ പുനര്‍നിര്‍ണയിക്കേണ്ടിവരികപോലും ചെയ്‌തേക്കാം. നാമതിന്‌ തയ്യാറാണോ?

0 comments:

ശബാബ് മുഖാമുഖം 26-04-2013

ശബാബ് മുഖാമുഖം 26-04-2013

സൃഷ്‌ടിപ്പിനെക്കുറിച്ച്‌ പറയുന്നതില്‍ വൈരുധ്യമില്ലേ?

മനുഷ്യനെ മണ്ണില്‍ നിന്ന്‌ സൃഷ്‌ടിച്ചെന്ന്‌ ഖുര്‍ആനില്‍ പല സ്ഥലത്തും പറയുന്നു. അതോടൊപ്പം തന്നെ വെള്ളത്തില്‍ നിന്ന്‌ സൃഷ്‌ടിച്ചുവെന്നും പറയുന്നു. ഇവ തമ്മില്‍ വൈരുധ്യമില്ലേ?
അഹ്‌മദ്‌ ബശീര്‍ പാലക്കാട്‌
മനുഷ്യന്റെ സൃഷ്‌ടിപ്പ്‌ പല ഘട്ടങ്ങളിലായാണ്‌ നടന്നതും നടക്കുന്നതും. ആദ്യത്തെ മനുഷ്യനായ ആദമിനെ അല്ലാഹു മണ്ണില്‍ നിന്ന്‌ നേരിട്ട്‌ സൃഷ്‌ടിക്കുകയാണുണ്ടായത്‌. ഈ കാര്യം വിശുദ്ധ ഖുര്‍ആനിലെ 3:59 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ആദമിന്‌ പിതാവോ മാതാവോ ഇല്ലാത്തതുകൊണ്ട്‌ അദ്ദേഹത്തിന്റെ ജനനം ബീജവും അണ്ഡവും ചേര്‍ന്ന ഭ്രൂണത്തില്‍ നിന്നല്ല. മാതാവില്‍ നിന്ന്‌ മാത്രമായാണ്‌ ഈസാനബി(അ)യെ അല്ലാഹു സൃഷ്‌ടിച്ചത്‌. അദ്ദേഹം ഉള്‍പ്പെടെ എല്ലാ മനുഷ്യരുടെയും ഘടനയില്‍ മണ്ണിന്റെ അംശങ്ങളുണ്ട്‌. ബീജവും അണ്ഡവും ഉള്‍പ്പെടെ മനുഷ്യശരീരത്തിലെ കോശങ്ങളെല്ലാം മണ്ണിലെ ധാതുലവണങ്ങളില്‍ നിന്ന്‌ ഉരുത്തിരിയുന്നതാണ്‌. മണ്ണില്‍ നിന്ന്‌ മനുഷ്യരെ സൃഷ്‌ടിച്ചുവെന്ന്‌ വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളില്‍ തന്നെ സൃഷ്‌ടിപ്പിന്റെ മറ്റു ഘട്ടങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്‌.
``മണ്ണില്‍ നിന്നും പിന്നെ ബീജത്തില്‍ നിന്നും പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്‌ടിച്ചത്‌ അവനാകുന്നു. പിന്നീട്‌ ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്തുകൊണ്ടുവരുന്നു'' (വി.ഖു 40:67). ``കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന്‌ തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്‌ടിച്ചിരിക്കുന്നു'' (വി.ഖു 76:2). ``അവന്‍ (മനുഷ്യന്‍) സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു ബീജമായിരുന്നില്ലേ? പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലാഹു സൃഷ്‌ടിച്ച്‌ സംവിധാനിച്ചു. അങ്ങനെ അതില്‍ നിന്ന്‌ ആണും പെണ്ണുമാകുന്ന രണ്ട്‌ ഇണകളെ അവന്‍ ഉണ്ടാക്കി.'' (വി.ഖു 75: 37-39)
മണ്ണിലെ ധാതുലവണങ്ങളില്‍ നിന്ന്‌ സ്‌ത്രീ-പുരുഷ ബീജങ്ങള്‍ അഥവാ ബീജവും അണ്ഡവും ഉരുത്തിരിയുന്നത്‌ വെള്ളത്തിന്റെ സാന്നിധ്യത്തിലാണ്‌. ബീജത്തിന്റെയും അണ്ഡത്തിന്റെയും ഭ്രൂണത്തിന്റെയും മുഖ്യഭാഗം ജലമാണ്‌. അതിനാല്‍ വെള്ളത്തില്‍ നിന്ന്‌ മനുഷ്യനെ സൃഷ്‌ടിച്ചു എന്ന ഖുര്‍ആനിക പ്രസ്‌താവവും വസ്‌തുതാപരമാകുന്നു. മനുഷ്യന്റെ ഘടനയില്‍ മണ്ണും വെള്ളവും ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ മാത്രമേ ചോദ്യകര്‍ത്താവ്‌ സംശയിക്കുന്ന വൈരുധ്യത്തിന്റെ പ്രശ്‌നമുള്ളൂ.
പ്രമാണമായി ഖുര്‍ആന്‍ മാത്രം മതിയോ?
ഇസ്‌ലാമില്‍ തെളിവായിട്ട്‌ ഖുര്‍ആന്‍ മതി എന്ന വാദം ഖലീഫമാരുടെ കാലത്തുള്ളതാണോ? അതല്ലെങ്കില്‍ ഇത്‌ ഇടക്കാലത്തുണ്ടായതാണോ? എങ്ങനെയാണ്‌ ഇവരോട്‌ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുക?
അബ്‌ദുല്‍ അക്‌ബര്‍ കൊയിലാണ്ടി
പ്രമാണമായി ഖുര്‍ആന്‍ മാത്രം മതിയെന്ന വീക്ഷണം സച്ചരിതരായ ഖലീഫമാര്‍ക്കോ അവരുള്‍പ്പെടെയുള്ള പൂര്‍വിക പണ്ഡിതന്മാര്‍ക്കോ ഉണ്ടായിരുന്നില്ല. സമീപ നൂറ്റാണ്ടുകളില്‍ ഓറിയന്റലിസ്റ്റുകളുടെ സ്വാധീനത്തിന്‌ വിധേയരായ ചിലരാണ്‌ ഹദീസ്‌ നിഷേധത്തിന്റെ വക്താക്കളായി രംഗത്ത്‌ വന്നത്‌. ഖുര്‍ആനില്‍ പൂര്‍ണമായി വിശ്വസിക്കുന്ന ആര്‍ക്കും നബിചര്യയുടെ പ്രാമാണികത തള്ളിക്കളയാന്‍ പറ്റില്ല എന്നതാണ്‌ യാഥാര്‍ഥ്യം. ചില ഖുര്‍ആന്‍ സൂക്തങ്ങളുടെ പരിഭാഷ ശ്രദ്ധിക്കുക:
``സത്യവിശ്വാസികളേ നിങ്ങള്‍ അല്ലാഹുവെ അനുസരിക്കണം. റസൂലിനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കണം. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കണം. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ്‌ വേണ്ടത്‌). അതാണ്‌ ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും'' (വി.ഖു 4:59). ഒരു കാര്യത്തില്‍ മതവിധി എന്താണെന്ന്‌ തര്‍ക്കമുണ്ടായാല്‍ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച്‌ മാത്രമല്ല, നബിചര്യ നോക്കിയിട്ടും കൂടിയാണ്‌ തീര്‍പ്പുണ്ടാക്കേണ്ടതെന്ന്‌ ഈ സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു.
``തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമ മാതൃകയുണ്ട്‌. അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്യുന്നവര്‍ക്ക്‌'' (വി.ഖു 33:21). റസൂലിന്റെ മാതൃക കണ്ടെത്താന്‍ ഹദീസുകളെ അവലംബിക്കാതെ നിവൃത്തിയില്ല.
``അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയായ പുരുഷന്നാകട്ടെ സ്‌ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തില്‍ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചുപോയിരിക്കുന്നു'' (വി.ഖു 33:36). റസൂലിന്റെ(സ) തീരുമാനങ്ങള്‍ അറിയാന്‍ ഹദീസ്‌ ഗ്രന്ഥങ്ങളെ അവലംബിക്കുക മാത്രമേ മാര്‍ഗമുള്ളൂ. ഈ ഖുര്‍ആന്‍ സൂക്തം അംഗീകരിക്കുന്നവര്‍ക്ക്‌ നബിചര്യ തെളിവല്ലെന്ന്‌ വാദിക്കാന്‍ യാതൊരു ന്യായവുമില്ല.
ശിര്‍ക്ക്‌ ചെയ്യുന്നവനെ ഇമാമാക്കുന്നതെങ്ങനെ?
``ഞങ്ങള്‍ ശിര്‍ക്കു ചെയ്യുന്നവരാണെന്നും ഖബ്‌റിനെ ആരാധിക്കുന്നവരും അവിടെ പോയി പ്രാര്‍ഥിക്കുന്നവരുമാണെന്നും പറയുന്ന വഹാബികള്‍ നമസ്‌കാര സമയമായാല്‍ ഞങ്ങളുടെ കൂടെ ജമാഅത്തില്‍ പങ്കെടുക്കുന്നു. എങ്ങനെയാണ്‌ നിങ്ങളുടെ നമസ്‌കാരം ശരിയാവുക?'' -ഒരു മുസ്‌ലിയാരുടെ ചോദ്യമാണിത്‌. ശിര്‍ക്കു ചെയ്യുന്നവരെ പിന്തുടര്‍ന്നു നമസ്‌കരിക്കാന്‍ ഒരു മുസ്‌ലിമിന്‌ പാടുണ്ടോ?
മുസ്‌ഫര്‍ കൊച്ചി
അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നതും അവരോട്‌ പ്രാര്‍ഥിക്കുന്നതും ശിര്‍ക്കാണെന്ന്‌ ഉറപ്പാണ്‌. അതിന്‌ ഖുര്‍ആനിലും പ്രാമാണികമായ ഹദീസുകളിലും ധാരാളം തെളിവുകളുണ്ട്‌. നമസ്‌കാരത്തില്‍ സത്യവിശ്വാസികള്‍ അല്ലാഹുവെ മാത്രമാണ്‌ ആരാധിക്കുന്നത്‌. അവനോട്‌ മാത്രമാണ്‌ പ്രാര്‍ഥിക്കുന്നത്‌. സൃഷ്‌ടികളെ ആരാധിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യുന്നവര്‍ നമസ്‌കരിച്ചിട്ട്‌ കാര്യമില്ല. അതിനാല്‍ യഥാര്‍ഥ ഏകദൈവ വിശ്വാസികള്‍ അവരുടെ പള്ളിയില്‍ സൃഷ്‌ടിപൂജകരെ ഇമാമാക്കാന്‍ പാടില്ല. യാഥാസ്ഥിതികരുടെ കൂട്ടത്തില്‍ സൃഷ്‌ടികള്‍ക്ക്‌ പ്രത്യക്ഷമായി ആരാധനയും പ്രാര്‍ഥനയും അര്‍പ്പിക്കുന്നവരും അല്ലാത്തവരും ഉണ്ടാകാം. ഖബ്‌ര്‍ സന്ദര്‍ശിക്കുന്നവരില്‍ മരിച്ച ആള്‍ക്കു വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്നവരും, ആഗ്രഹ സാഫല്യത്തിനു വേണ്ടി ഖബ്‌റാളികളോട്‌ നേരിട്ട്‌ പ്രാര്‍ഥിക്കുന്നവരും ഉണ്ടാകാം. ഈ രണ്ടാമത്‌ പറഞ്ഞ വിഭാഗത്തില്‍ പെട്ടവരെ ഇമാമാക്കാനോ തുടര്‍ന്ന്‌ നമസ്‌കരിക്കാനോ പാടില്ല. ഒരാള്‍ വ്യക്തമായ ശിര്‍ക്ക്‌ ചെയ്യുന്നവനാണെന്ന്‌ ഉറപ്പില്ലെങ്കില്‍ അയാളെ തുടര്‍ന്നു നമസ്‌കരിക്കുന്നതില്‍ അപാകതയില്ല.
നിന്നു കുടിച്ചവന്‌ മാറാരോഗമോ?
``ആരെങ്കിലും നിന്നുകൊണ്ട്‌ വെള്ളം കുടിച്ചാല്‍ മരുന്നില്ലാത്ത രോഗം കൊണ്ട്‌ അല്ലാഹു അവനെ പരീക്ഷിക്കുന്നതാണ്‌'' -എസ്‌ വൈ എസ്‌ സന്ദേശത്തില്‍ നിന്ന്‌ (മാര്‍ച്ച്‌ 15). മുസ്‌ലിം എന്ത്‌ പറയുന്നു?
അബൂശബാബ്‌ മലപ്പുറം
നിന്നു കുടിച്ചവന്‌ മാറാരോഗമുണ്ടാക്കുമെന്ന്‌ അല്ലാഹു പറഞ്ഞിട്ടില്ല. നബി(സ) അങ്ങനെ പറഞ്ഞതായി വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുമില്ല. പ്രാമാണികമായ തെളിവിന്റെ പിന്‍ബലമില്ലാത്ത കാര്യം അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കുന്നത്‌ ഗുരുതരമായ കുറ്റമാകുന്നു. നബി(സ) നിന്നുകൊണ്ട്‌ സംസം വെള്ളം കുടിച്ചതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എല്ലാ രോഗത്തിനും അല്ലാഹു മരുന്ന്‌ ഇറക്കിയിട്ടുണ്ടെന്ന്‌ നബി(സ) പറഞ്ഞതായി ബുഖാരി, മുസ്‌ലിം, ഇബ്‌നുമാജ, അഹ്‌മദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.
സൃഷ്‌ടിപ്പില്‍ ന്യൂനതയില്ലെങ്കില്‍ ചേലാകര്‍മം എന്തിന്‌?
``മനുഷ്യനെ കുറ്റമറ്റ രീതിയിലാണ്‌ അല്ലാഹു സൃഷ്‌ടിച്ചതെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ നബിചര്യ പ്രകാരം ചേലാകര്‍മം ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്നു. അപ്പോള്‍ മനുഷ്യസൃഷ്‌ടിപ്പ്‌ ന്യൂനതയോടെയാണ്‌ എന്ന്‌ പറയേണ്ടി വരും. അങ്ങനെയെങ്കില്‍ ഖുര്‍ആനിന്റെ വചനം ശരിയല്ലെന്നു വരില്ലേ?'' -അമുസ്‌ലിം സുഹൃത്തിന്റെ ഈ സംശയത്തോട്‌ മുസ്‌ലിം എങ്ങനെ പ്രതികരിക്കുന്നു?
അഷ്‌കര്‍ കുണ്ടുങ്ങല്‍
അഗ്രചര്‍മം ഒരു വൈകല്യമാണെന്നോ അധികപ്പറ്റാണെന്നോ സൃഷ്‌ടിപ്പിലെ ന്യൂനതയാണെന്നോ ഖുര്‍ആനിലും പ്രാമാണികമായ നബിവചനത്തിലും പറഞ്ഞിട്ടില്ല. ഒരാള്‍ മുസ്‌ലിമാകണമെങ്കില്‍ അഗ്രചര്‍മം മുറിച്ചുകളഞ്ഞേ തീരൂ എന്ന്‌ അല്ലാഹുവോ റസൂലോ വിധിച്ചിട്ടുമില്ല. ചേലാകര്‍മം ഐച്ഛികമായ പുണ്യകര്‍മം മാത്രമാണ്‌. അഗ്രചര്‍മത്തിന്റെ അടിഭാഗത്ത്‌ മൂത്രമോ മറ്റു മാലിന്യമോ അവശേഷിക്കാതിരിക്കാന്‍ ഏറ്റവും ഉപയുക്തമായ മാര്‍ഗം ചേലാകര്‍മമാണെന്ന കാര്യം വൈദ്യശാസ്‌ത്ര രംഗത്തെ പല വിദഗ്‌ധരും അംഗീകരിച്ചിട്ടുണ്ട്‌. അഗ്രചര്‍മം ഒരു വൈകല്യമോ ന്യൂനതയോ ആണെന്ന്‌ അവരും പറയുന്നില്ല.
നഖം മുറിക്കുന്നതും മീശ വെട്ടുന്നതും അതൊക്കെ സൃഷ്‌ടിപ്പിലെ ന്യൂനതയായതുകൊണ്ടല്ലല്ലോ. ഒരു ശിശുവിന്റെ ജനനേന്ദ്രിയത്തിന്റെ ലോലമായ അഗ്രം ചര്‍മത്തിനകത്ത്‌ സുരക്ഷിതമായിരിക്കേണ്ടത്‌ ഗര്‍ഭാവസ്ഥയിലും ശൈശവത്തിന്റെ ആദ്യഘട്ടത്തിലും ആവശ്യമായിരിക്കും. ശരിയായി പരിചരിക്കപ്പെടുന്നവരും അല്ലാത്തവരുമായ ശിശുക്കളുടെ കാര്യത്തില്‍ ഈ ആവശ്യം ഒരേപോലെ ആയിരിക്കില്ല.

0 comments:

മനുഷ്യകഴിവിന്‌ അതീതം: ജിന്നുവാദികളുടെ ജല്‍പനങ്ങള്‍-3

മനുഷ്യകഴിവിന്‌ അതീതം: ജിന്നുവാദികളുടെ ജല്‍പനങ്ങള്‍-3

നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
മനുഷ്യകഴിവിന്‌ അതീതമായ അല്ലെങ്കില്‍ കാര്യകാരണബന്ധത്തിന്‌ അതീതമായ സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനോടു മാത്രമേ സഹായം തേടാന്‍ പാടുള്ളൂ എന്ന്‌ പറയുന്ന തൗഹീദിന്റെ അടിസ്ഥാന തത്വം മലക്കുകളോടും ജിന്നുകളോടും പിശാചുക്കളോടും സഹായം തേടുന്നതിന്‌ എതിരാകുന്നില്ല എന്നും അതു ശിര്‍ക്കല്ല എന്നുമാണ്‌ ചിലര്‍ വാദിക്കുന്നത്‌. ഈ വാദം ശരിയല്ലെന്ന്‌ സൂറതു അന്‍ആമിലെ 63,64 സൂക്തങ്ങള്‍ ഉദ്ധരിച്ച്‌ കഴിഞ്ഞ ലക്കങ്ങളില്‍ വിശദീകരിച്ചു. ഇനിയും കാണുക:
``അല്ലെങ്കില്‍ കരയിലും കടലിലുമുള്ള അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക്‌ വഴികാണിക്കുന്നവനും തന്റെ കാരുണ്യത്തിന്റെ മുമ്പില്‍ കാറ്റുകളെ സന്തോഷവാര്‍ത്തയായി അയക്കുന്നവനുമാണോ (ഉത്തമം?) അല്ലാഹുവിന്റെ കൂടെ വല്ല ആരാധ്യനുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നവരില്‍ നിന്നും അല്ലാഹു അത്യുന്നതനാണ്‌.'' (നംല്‌ 63)
കരയിലും കടലിലും വഴിയറിയാതെ മനുഷ്യര്‍ ഗതി മുട്ടുന്ന അവസ്ഥയ്‌ക്കാണ്‌ ഇവിടെ അന്ധകാരം എന്ന്‌ പ്രയോഗിച്ചത്‌. ഈ സന്ദര്‍ഭത്തില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായംതേടാതെ, അല്ലാഹുവിനെ മാത്രമാണ്‌ മക്കാ മുശ്‌രിക്കുകള്‍ വിളിച്ച്‌ സഹായം തേടിയിരുന്നത്‌. ഈ വിഷമസന്ധിയില്‍ അല്ലാഹുവിനു പുറമെ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായം തേടുന്നതും സഹായം പ്രതീക്ഷിക്കുന്നതും നിരര്‍ഥകമാണെന്ന്‌ മക്കാ മുശ്‌രിക്കുകള്‍ വരെ സമ്മതിക്കുമ്പോള്‍ ജിന്നുവാദികള്‍ എഴുതുന്നത്‌ ശ്രദ്ധിക്കുക: ``സഹായിക്കാന്‍ ആരെയും കാണാതെ അത്യധികം വിഷമത്തില്‍ അകപ്പെടുന്ന സമയത്ത്‌ യാ ഇബാദല്ലാഹ്‌ എന്ന്‌ വിളിച്ചാല്‍ അല്ലാഹുവിന്റെ മലക്കുകളും ജിന്നുകളും ആ ഗതിമുട്ടിയ മുഅ്‌മിനീനെ സഹായിക്കാന്‍ എത്തുമെന്ന്‌ പ്രതീക്ഷിക്കാം എന്നാണല്ലോ ഉമര്‍ മൗലവി(റഹി) സല്‍സബീലിലൂടെ അംഗീകരിച്ച്‌ പഠിപ്പിച്ചു തന്നത്‌'' (ഇസ്വ്‌ലാഹ്‌ മാസിക -2013 ഫെബ്രുവരി, പേജ്‌ 29)
ഒരു വിഷമസന്ധിയില്‍ അകപ്പെട്ട വിഗ്രഹാരാധകന്മാര്‍ അല്ലാഹുവില്‍ മാത്രം സഹായം പ്രതീക്ഷിച്ചു അവനെ മാത്രം വിളിച്ചുതേടി തൗഹീദ്‌ നിഷ്‌ഠയുള്ളതാക്കി ശിര്‍ക്കില്‍ നിന്ന്‌ മോചിതരാവുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ വ്യക്തമാക്കിയ ശേഷം അല്ലാഹു ചോദിക്കുന്നതു കാണുക. അല്ലാഹുവിന്റെ കൂടെ വല്ല ഇലാഹും ഉണ്ടോ? അതായത്‌ കരയിലും കടലിലും വഴിയറിയാതെ ഗതിമുട്ടുന്ന മനുഷ്യന്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം തേടുകയും ഈ സന്ദര്‍ഭത്തില്‍ അവരില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്‌താല്‍ അവന്‍ മലക്കുകളെയും ജിന്നുകളെയും ഇലാഹുകള്‍ ആക്കി എന്ന്‌ അല്ലാഹു പ്രഖ്യാപിക്കുകയാണ്‌. അല്ലാഹുവിന്റെ കൂടെ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായംതേടല്‍, അല്ലാഹു മാത്രമേ ആരാധ്യനായിട്ടുള്ളൂ എന്ന തൗഹീദിന്റെ വചനമായ ലാഇലാഹ ഇല്ലല്ലാഹുവിന്‌ എതിരാണെന്ന്‌ പഠിപ്പിക്കുകയും ചെയ്യുകയാണ്‌ വിശുദ്ധ ഖുര്‍ആനിലൂടെ. സല്‍സബീലില്‍ ഉമര്‍ മൗലവി(റ) ഇതിനെതിരായിരുന്നുവെന്ന്‌ പഠിപ്പിക്കുന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പഠിപ്പിക്കുന്നതാണ്‌ നാം സൂറതു അന്‍ആമിലെ 63-ാം സൂക്തത്തിലും സൂറതു ന്നംല്‌ 63-ാംസൂക്തത്തിലും വായിച്ചത്‌. രണ്ടു സൂക്തത്തിന്റെയും ആയത്തിന്റെ നമ്പര്‍ ഒന്നായതിലും ഖുര്‍ആന്റെ ഒരു അമാനുഷികത ദര്‍ശിക്കാം. പണ്ഡിതന്മാര്‍ ഈ ആയത്തിനെ എങ്ങ നെ വിശദീകരിക്കുന്നു എന്ന്‌ നമുക്ക്‌ നോക്കാം.
1). ഇമാം ഇബ്‌നുജരീര്‍(റ): അല്ലാഹു പറയുന്നത്‌ നിങ്ങള്‍ പങ്കു ചേര്‍ക്കുന്നവരാണോ ഉത്തമം അതല്ല കരയിലും കടലിലും നിങ്ങള്‍ വഴിതെറ്റി വഴിയറിയാതെ ഉണ്ടാകുന്ന ഇരുട്ടില്‍ നിന്നും നിങ്ങള്‍ക്ക്‌ വഴികാണിച്ചു തന്ന്‌ നിങ്ങളെ രക്ഷപ്പെടുത്തുന്നവനോ? ഇബ്‌നു ജുറൈജ്‌(റ) പറയുന്നു: കരയിലെയും കടലിലെയും അന്ധകാരം എന്നതിന്റെ ഉദ്ദേശ്യം വഴിയറിയാതെ വിഷമത്തില്‍ അകപ്പെടുക എന്നതാണ്‌. (ഇബ്‌നുജരീര്‍ 20:6)
2). ഇമാം ഖുര്‍തുബി(റ): അതായത്‌ മറ്റു നാടുകളിലേക്ക്‌ നിങ്ങള്‍ യാത്ര പുറപ്പെടുമ്പോഴും രാത്രിയിലും പകലിലും നിങ്ങള്‍ക്ക്‌ വഴിതെറ്റി വഴിയറിയാതെ വിഷമിക്കുന്ന സന്ദര്‍ഭത്തിലും നിങ്ങള്‍ക്ക്‌ വഴികാണിച്ചുതരുന്ന അല്ലാഹുവാണോ ഉത്തമം അതല്ല നിങ്ങളുടെ പങ്കാളികളോ? (ഖുര്‍തുബി 13:202)
അല്ലാഹുവിനു പുറമെ മറ്റൊരു ആരാധ്യനില്ല എന്നതിനു അല്ലാഹു ഇവിടെ തെളിവാക്കുന്നത്‌ മക്കാ മുശ്‌രിക്കുകളെ വഴി അറിയാതെ ഗതികേട്‌ ബാധിക്കുമ്പോള്‍ അവര്‍ മലക്കുകളെയും ജിന്നുകളെയും `യാ ഇബാദല്ലാഹ്‌' എന്ന്‌ വിളിച്ച്‌ സഹായം തേടാതെ അല്ലാഹുവിനെ മാത്രം വിളിച്ച്‌ സഹായം തേടി രക്ഷപ്പെട്ട സംഭവങ്ങളാണ്‌. ഇമാം അഹ്‌മദിനും ഇമാം നവവിക്കും ഇമാം ശൗകാനിക്കും(റ) ഇത്തരം സന്ദര്‍ഭങ്ങളില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ചുതേടി രക്ഷപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന്‌ സങ്കല്‌പിക്കുക. എന്നാല്‍ മക്കാ മുശ്‌രിക്കുകള്‍ക്ക്‌ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല. അല്ലാഹുവിനെ മാത്രം വിളിച്ചുതേടിയതുകൊണ്ട്‌ ഉണ്ടായ സംഭവങ്ങള്‍ മാത്രമാണ്‌ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. ഇതാണ്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്നതിന്റെ ഒരു പ്രധാന ആശയമെന്നും വിശുദ്ധ ഖുര്‍ആന്‍ അവരെ പഠിപ്പിക്കുന്നു.
3). ഇവിടെ അന്ധകാരങ്ങള്‍ എന്നതിന്റെ വിവക്ഷ വഴിയടയാളങ്ങള്‍ ഇല്ലാത്ത വിജനമായ ഭൂമിയാവല്‍ അനുവദനീയമാക്കപ്പെട്ട വ്യാഖ്യാനമാണ്‌. (റൂഹുല്‍ മആനി 19:292, ഫതുഹ്‌ല്‍ ഖദീര്‍ 4:182)
അല്ലാഹു ഇവിടെ വിവരിക്കുന്ന രംഗം മനുഷ്യകഴിവിന്‌ അതീതമായതാണോ? അതല്ല മലക്കിന്റെയും ജിന്നുകളുടെയും കൂടി കഴിവിന്‌ അതീതമായതാണോ? ജിന്നുവാദികള്‍ വ്യക്തമാക്കണം. ഇത്തരം സന്ദര്‍ഭത്തില്‍ മലക്കിനെയും ജിന്നുകളെയും ഉദ്ദേശിച്ചുകൊണ്ട്‌ എന്നെ സഹായിക്കണമേ എന്നു വിളിച്ച്‌ സഹായം തേടിയാല്‍ അതു ശിര്‍ക്കല്ലെന്നും പ്രാര്‍ഥനയല്ലെന്നും പല മഹാന്മാരും ഇപ്രകാരം മലക്കുകളെയും ജിന്നുകളെയും വിളിച്ചു തേടിയപ്പോള്‍ അവര്‍ ഇവരെ സഹായിച്ചിട്ടുണ്ടെന്നുമാണ്‌ ജിന്നുവാദികള്‍ പറയുന്നത്‌.
മറ്റൊരു വാദം കാണുക: ``അതോടൊപ്പം പ്രസ്‌തുത ഹദീസ്‌ (യാഇബാദല്ലാ) ദുര്‍ബലമാണെന്നും അതുവെച്ച്‌ അമല്‍ ചെയ്യാന്‍ പാടില്ലെന്നും ഞാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ ഈ വിളിയില്‍ ശിര്‍ക്കില്ല എന്ന നമ്മുടെ പഴയ വാദത്തില്‍ നിന്ന്‌ മാറി ഈ ഹദീസ്‌ അനുസരിച്ച്‌ അമല്‍ ചെയ്‌തവരും ശിര്‍ക്കല്ല എന്ന്‌ വിശദീകരിച്ചവരുമായ അഹ്‌ലുസ്സുന്നയിലെ പണ്ഡിതന്‍മാരിലും നമ്മുടെ കഴിഞ്ഞകാല പണ്ഡിതന്മാരിലും ശിര്‍ക്കാരോപിക്കാനോ അങ്ങനെ എന്റെ പരലോകം നഷ്‌ടപ്പെടുത്താനോ ഞാന്‍ തയ്യാറുമല്ല.'' (കെ കെ സകരിയ്യ, സലഫി പ്രവര്‍ത്തകരോട്‌ സ്‌നേഹപൂര്‍വം, പേജ്‌ 21)
ദുര്‍ബലമായ ഹദീസ്‌ കൊണ്ട്‌ ഇവര്‍ അമല്‍ ചെയ്‌തു എന്നെങ്കിലും ഇദ്ദേഹം ഇവരുടെ മേല്‍ ആരോപിക്കേണ്ടി വരും. നബിയുടെ ഖബറിന്റെ അടുത്തു ചെന്നോ അല്ലാതെയോ നബി(സ)യെയും മരണപ്പെട്ടവരെയും വിളിച്ചു തേടാം എന്ന്‌ പറയുന്നവരും ദുര്‍ബലമായ ഹദീസുകള്‍ സ്വഹീഹാണെന്ന്‌ തെറ്റിദ്ധരിച്ചുകൊണ്ടാണ്‌ പറയുന്നത്‌. ചിലര്‍ ഖുര്‍ആനെ വരെ വ്യാഖ്യാനിച്ചുകൊണ്ടും. അതിനാല്‍ ഇവര്‍ ചെയ്‌തതും ശിര്‍ക്കല്ലെന്ന്‌ ഇയാള്‍ പറയുമോ? വിജനമായ പ്രദേശത്ത്‌ അകപ്പെടുന്ന ഒരു മനുഷ്യന്‍ ഗതിമുട്ടുന്ന അവസരത്തില്‍ മലക്കുകളെയും ജിന്നുകളെയും ഉദ്ദേശിച്ചുകൊണ്ട്‌ `യാഇബാദല്ലാഹ്‌' അല്ലാഹുവിന്റെ ദാസന്മാരേ എന്നെ സഹായിക്കുവിന്‍ എന്നു വിളിച്ചാലും ശിര്‍ക്കില്ലെന്ന്‌ ഒരൊറ്റ മുജാഹിദ്‌ പണ്ഡിതനും പറഞ്ഞിട്ടില്ല. ആ മഹാന്മാരും മക്കാ മുശ്‌രിക്കുകളെക്കാള്‍ അധപ്പതിച്ചവരായിരുന്നു എന്ന്‌ ജല്‌പിക്കാന്‍ ഇയാള്‍ സ്വയം ഗവേഷണം ചെയ്‌തുണ്ടാക്കിയ ശിര്‍ക്ക്‌ വാദമാണ്‌ ഇത്‌. ഞാനും ഈ ഹദീസില്‍ ഇസ്‌തിഗാസ ഇല്ലെന്ന്‌ എഴുതിയിട്ടുണ്ടായിരിക്കും. അതു ഇയാള്‍ ജല്‌പിക്കുന്നതുപോലെ മലക്കുകളെയും ജിന്നുകളെയും ഉദ്ദേശിച്ചു വിളിച്ചാലും ശിര്‍ക്കാകുന്ന ഇസ്‌തിഗാസ ഇല്ലെന്ന ഉദ്ദേശത്തിലല്ല. പ്രത്യുത തന്റെ ശബ്‌ദത്തിന്റെ പരിധിയില്‍ താന്‍ കാണാത്ത വല്ല മനുഷ്യനും ഉണ്ടായിരിക്കാം എന്ന്‌ വിചാരിച്ച്‌ അയാളെ ഉദ്ദേശിച്ചുകൊണ്ടു മാത്രം പറയുകയാണെങ്കില്‍ ശിര്‍ക്കുവരുന്ന ഇസ്‌തിഗാസ ഇല്ല എന്ന വീക്ഷണത്തിലാണ്‌.
മുജാഹിദുകള്‍ ഒരു ഇടവഴിയിലൂടെ നടന്നുപോകുമ്പോള്‍ ഒരാള്‍ അക്രമിക്കാന്‍ വരുമ്പോള്‍ അല്ലാഹുവിന്റെ ദാസന്മാരെ ഓടിവരുവിന്‍ എന്ന്‌ വിളിച്ച്‌ സഹായം തേടുമ്പോള്‍ അതില്‍ ശിര്‍ക്കില്ല എന്നു പറയുന്നതുപോലെ. കാരണം അവര്‍ ഇവിടെ ആ വിളിയില്‍ മരണപ്പെട്ടവരെയും ജിന്നുകളെയും മലക്കുകളെയും ഉദ്ദേശിക്കുന്നില്ല. മക്കാ മുശ്‌രിക്കുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനെ മാത്രമാണ്‌ വിളിച്ച്‌ തേടാറുള്ളത്‌. അവനില്‍ നിന്നു മാത്രമാണ്‌ സഹായം പ്രതീക്ഷിക്കാറുള്ളത്‌. മരണപ്പെട്ടവരില്‍ നിന്നും മലക്കുകളില്‍ നിന്നും ജിന്നുകളില്‍ നിന്നും പ്രതീക്ഷിക്കാറില്ല. എന്നാല്‍ ഖുബൂരികളും ജിന്നുവാദികളും ഇപ്രകാരം പറഞ്ഞാല്‍ അതില്‍ ശിര്‍ക്കുവരുന്ന ഇസ്‌തിഗാസ ഉണ്ട്‌. .കാരണം ഖുബൂരികള്‍ മരണപ്പെട്ടവരെയും ജിന്നുകളെയും മലക്കുകളെയും ഉദ്ദേശിക്കുന്നു. മറ്റവര്‍ മലക്കുകളെയും ജിന്നുകളെയും ഉദ്ദേശിക്കുന്നു.

0 comments:

`കാഫര്‍ അബുവിന്‌ ചായയില്ല!'

`കാഫര്‍ അബുവിന്‌ ചായയില്ല!'


എന്‍ പി ഹാഫിസ്‌ മുഹമ്മദ്‌
സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ കോണ്‍ഗ്രസ്‌ നേതാവും കോഴിക്കോട്ടെ നവോത്ഥാന നായകരില്‍ പ്രമുഖനുമായിരുന്ന എന്‍ പി അബു സാഹിബിനെ പേരമകന്‍ ഓര്‍മിക്കുന്നു.
കോളെജില്‍ അധ്യാപകനായിച്ചേര്‍ന്ന ശേഷം ഉപ്പാപ്പയോട്‌ പറയാനുള്ള വിശേഷം ആഹ്ലാദിച്ചറിയുന്ന അധ്യാപനത്തെക്കുറിച്ചായിരുന്നു.
ഞാനധ്യാപകനായതില്‍ ഏറ്റവുമേറെ സന്തോഷിച്ചിരുന്നത്‌ ഉപ്പാപ്പയാണെന്ന്‌ തോന്നിയിട്ടുണ്ട്‌. അതുകൊണ്ട്‌ കോളെജ്‌ കാര്യങ്ങള്‍ അപ്പപ്പോള്‍ ഉപ്പാപ്പയെ അറിയിച്ചു. ഒരിക്കല്‍ വ്യക്തിപരമായ ഒരു കാര്യം ഞാന്‍ ഉപ്പാപ്പയോട്‌ പറയാന്‍ ചെന്നു. മറ്റൊരാളോടും അഭിപ്രായമാരായാത്ത അക്കാര്യം അല്‍പം പേടിയോടെ ഞാനവതരിപ്പിച്ചു. `ഉപ്പാപ്പാ, ഞാന്‍ വെജിറ്റേറിയനാവാന്‍ തീരുമാനിച്ചു. ഉപ്പാപ്പയുടെ അഭിപ്രായമെന്താ?' -കോലായയിലെ ചാരുകസേരയില്‍ അല്‍പം മുന്നോട്ട്‌ കുനിഞ്ഞിരുന്ന്‌ നാവറ്റംകൊണ്ട്‌ മേല്‍ച്ചുണ്ട്‌ തൊട്ട്‌ എന്നോട്‌ ചോദിച്ചു: `തീരുമാനിച്ചോ?' ഞാന്‍ പറഞ്ഞു: `ഉം'. അടുത്ത ചോദ്യം: `ബോധ്യമായിട്ട്‌ തീരുമാനിച്ചതാണോ?' ഞാന്‍ അതെയെന്ന്‌ പറഞ്ഞു. ഉപ്പാപ്പയുടെ മറുപടി കിട്ടി: `നിനക്ക്‌ ബോധ്യമായെങ്കില്‍ അതുമായി മുന്നോട്ട്‌ പോയ്‌ക്കോ'. എന്റെ പുതിയ തീരുമാനത്തില്‍ സങ്കടമോ പരിഹാസമോ വെച്ചുപുലര്‍ത്തുന്നവരായിരുന്നു ചുറ്റും. ഉപ്പാപ്പയുടെ പ്രതികരണം വേറിട്ടുനിന്നു.
വേറിട്ടുനിന്ന ഒരു ജീവിതമായിരുന്നു ഉപ്പാപ്പയുടേത്‌. തനിക്ക്‌ ബോധ്യമായത്‌ പിന്തുടരുക. ആരെതിര്‍ത്താലും അതില്‍ കണിശത പാലിച്ച്‌ മുന്നോട്ട്‌ പോവുക. വിശ്വസിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്‌ചകളില്ലാതെ, നാട്യങ്ങളോ ശബ്‌ദഘോഷങ്ങളോ ഇല്ലാതെ മുന്നോട്ട്‌ നീങ്ങുക. അങ്ങനെയൊന്നും വേറിട്ട വഴിയിലൂടെ സഞ്ചരിക്കാനുള്ള ചുറ്റുവട്ടത്ത്‌ ജനിച്ച്‌ വളര്‍ന്നയാളല്ല ഉപ്പാപ്പ. നാരാപ്പറമ്പത്ത്‌ അബു 1900-ല്‍, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷം, പരപ്പനങ്ങാടിയിലെ യാഥാസ്ഥിതിക-ചെറുകിട കര്‍ഷക കുടുംബത്തിലാണ്‌ ജനിച്ചത്‌. ദാരിദ്ര്യത്തിലാണ്‌ കുട്ടിക്കാലത്തിന്റെ വേരുകള്‍. ഓത്തുപള്ളിയിലെ വിദ്യാഭ്യാസത്തിനപ്പുറമോ ഇപ്പുറമോ നീങ്ങിയിട്ടില്ല. കടുത്ത യാഥാസ്ഥിതിക മതപഠനവും ആചാരാനുഷ്‌ഠാനങ്ങളുടെ സാമൂഹിക ജീവിതവുമാണ്‌ കുട്ടിക്കാല സമ്പാദ്യം. കൗമാരകാലത്ത്‌ ഉപ്പാപ്പയെ ആകര്‍ഷിച്ച വ്യക്തിത്വങ്ങള്‍ പരപ്പനങ്ങാടിയിലോ പരിസരങ്ങളിലോ ഉണ്ടായിട്ടില്ല. ജന്മിത്വത്തിന്റെ പാര്‍ശ്വഭൂമിയില്‍ കണ്ടംമുറിച്ചിട്ട, അത്രയൊന്നും ഫലഭൂയിഷ്‌ഠതയില്ലാത്ത മണ്ണില്‍ വളര്‍ന്ന കശുമാവിന്‍ പറമ്പില്‍ ചെത്തിത്തേക്കാത്ത, ജനലുകളോ വാതിലുകളോ കൊണ്ട്‌ അടച്ചുറപ്പുണ്ടാക്കാത്ത വീട്ടിലായിരുന്നു കുട്ടിക്കാലം. എമ്പാടും വായിച്ചോ നാടാകെ ചുറ്റിനടന്നോ പുതുശബ്‌ദങ്ങള്‍ സ്വീകരിക്കാനും സ്വാംശീകരിക്കാനും അവസരമുണ്ടായിട്ടില്ല. എന്നിട്ടും നവോത്ഥാന പ്രസ്ഥാനത്തിന്റെയും പുരോഗമനപക്ഷത്തിന്റെയും കണിശതയില്‍ എത്തി. രാഷ്‌ട്രീയത്തിലും മതവിശ്വാസത്തിലും വെയിലേറ്റ്‌ വാടാത്ത, കാറ്റേറ്റ്‌ വീഴാത്ത ഒറ്റച്ചെടിയായി നിന്നു. ദേശീയ പ്രസ്ഥാനത്തിന്റെ എളിയ പ്രവര്‍ത്തകനായി ഉപ്പാപ്പ യൗവനകാലത്ത്‌, മുപ്പതുകളില്‍ കോഴിക്കോട്ടെത്തിച്ചേരുകയായിരുന്നു. ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും സജീവ പ്രവര്‍ത്തകനായി. അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ വിശ്വസ്‌ത സഹചാരികളിലൊരാളായി മാറി. മൊയ്‌തു മൗലവി, മാധവമേനോന്‍, കുട്ടിമാളുഅമ്മ തുടങ്ങിയവരുടെ സഹപ്രവര്‍ത്തകനായി. കീഴരിയൂര്‍ ബോംബ്‌ കേസില്‍ ഇടക്കാലത്ത്‌ ജയിലിലായി. സ്വാതന്ത്ര്യം കിട്ടിയ കാലത്തും യഥാര്‍ഥ കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിച്ചു; സ്ഥാനമാനങ്ങളിലോ അധികാരത്തിലോ വലിയ മോഹങ്ങളില്ലാതെ.
ഉപ്പാപ്പ എനിക്ക്‌ അത്ഭുതമായി മാറിയതിനു ഇനിയും കാരണങ്ങളുണ്ട്‌. എണ്‍പത്തിയെട്ടാം വയസ്സിലും പുരോഗമനാശയങ്ങളുടെ കെട്ടുപോവാത്ത ഒരു കൊച്ചുവിളക്കായിരുന്നു ഉപ്പാപ്പ. സ്വാതന്ത്ര്യസമരകാല പങ്കാളിത്തത്തെക്കാളേറെ എന്നെ അത്ഭുതപ്പെടുത്തിയത്‌ മതപരമായ കാര്യങ്ങളിലെ അചഞ്ചലമായ തീരുമാനങ്ങളായിരുന്നു. വക്കം മൗലവിയുമായോ, മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ അമരക്കാരുമായോ അടുപ്പമുണ്ടായിരുന്നോ എന്നറിയില്ല. എന്നാല്‍ ഉപ്പാപ്പ മുജാഹിദ്‌ ആശയക്കാരനായിരുന്നു. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആദ്യനാളുകളില്‍ കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും ഒത്തുതീര്‍പ്പുകളില്ലാതെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മുന്‍നിരയിലണിനിരന്നവരിലൊരാളായിരുന്നു. കോഴിക്കോട്ടെ ആദ്യകാല മുജാഹിദ്‌ പള്ളിയായ കുണ്ടുങ്ങല്‍ മൊഹ്‌യുദ്ദീന്‍ പള്ളിയുടെ നിര്‍മാണത്തിലും നടത്തിപ്പിലും, പാളയം മൊയ്‌തീന്‍പള്ളിയുടെ പുനര്‍നിര്‍മാണത്തിലും ഉപ്പാപ്പ സജീവമായി നേതൃത്വത്തിലുണ്ടായിരുന്നു. കോഴിക്കോട്ട്‌ നടത്തിയ ആദ്യകാല മതപഠനക്ലാസ്സുകളും സ്‌ത്രീകള്‍ക്കു വേണ്ടി പ്രത്യേകമായി നടത്തിയ ക്യാമ്പുകളും ഉപ്പാപ്പയുടെ കൂടി പ്രവര്‍ത്തനഫലമായാണ്‌ കടുത്ത എതിര്‍പ്പുകള്‍ക്കിടയില്‍ നടന്നത്‌.
യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ്‌ വിവാഹം കഴിച്ചത്‌. കോഴിക്കോട്ടെ കച്ചവടക്കാര്‍ക്കിടയില്‍ സ്വാധീനവും കൊളോണിയല്‍ ഭരണസംവിധാനങ്ങളുമായി അടുത്ത ബാന്ധവവും വെച്ചുപുലര്‍ത്തിയിരുന്ന അവരുടെ പ്രതാപത്തെ ചോദ്യം ചെയ്‌താണ്‌ ഉപ്പാപ്പ തന്റെ വഴിയില്‍ നിര്‍ഭയം നീങ്ങിയത്‌. യാഥാസ്ഥിതികതയുടെ കോട്ടയിലൊരിടത്താണ്‌, കല്ലായിപ്പുഴയോരത്തെ എണ്ണപ്പാടത്താണ്‌, ഉപ്പാപ്പ ചെറിയ വീടുവെച്ച്‌ കോഴിക്കോട്ട്‌ താമസം തുടങ്ങുന്നത്‌. കച്ചവടക്കാരായ കോയമാരുടെ വലിയ തറവാടുകളുടെ നിഴലില്‍ കഴിഞ്ഞവര്‍ പ്രതാപികളുടെ ആചാരാനുഷ്‌ഠാനങ്ങളെ ആഞ്ഞുപുല്‍കിയിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കുവേണ്ടി മരിക്കാനും തയ്യാറായ യാഥാസ്ഥിതികര്‍ക്കിടയില്‍ അവരില്‍ വേരുപിടിച്ച വിശ്വാസപ്രമാണങ്ങളെ ആദ്യമായി ചോദ്യം ചെയ്‌തവരില്‍ ഒരാളായി മാറിയത്‌ അത്ഭുതമാണ്‌. എതിര്‍ക്കേണ്ടതിനെ നിരാകരിച്ച്‌ വിമത ഹൃദയവുമായി, അതിനെപ്പൊതിഞ്ഞ മെലിഞ്ഞ്‌ കൊലുന്നനെയുള്ള ശരീരവുമായി, എന്നാല്‍ ഉറച്ച കാല്‍വെപ്പുകളുമായാണ്‌ ഉപ്പാപ്പ നടന്നിരുന്നത്‌. അയിശമ്മായി, ഉപ്പയുടെ മൂത്തപെങ്ങള്‍, പറഞ്ഞുതന്ന പഴയകാല കഥകളില്‍ ഉപ്പാപ്പയുടെ പുരോഗമനാശയങ്ങളോടുള്ള അടുപ്പം വിളിച്ചുവരുത്തിയ അനിഷ്‌ട സംഭവങ്ങളുമുണ്ട്‌: ഒരിക്കല്‍ ആണ്ടുനേര്‍ച്ചയുടെ പേരില്‍ നാട്ടില്‍ ഭക്ഷണമൊരുക്കപ്പെട്ടു. പുണ്യപുരുഷന്റെ ജാറത്തിങ്കല്‍ സമര്‍പ്പിച്ച ഭക്ഷണം ഉപ്പാപ്പയുടെ വീട്ടിലുമെത്തി. അനിഷേധ്യമായ ഒരവകാശത്തിന്റെ ധാര്‍ഷ്‌ട്യമായിരുന്നു ആ ഭക്ഷണ വിതരണം. ഉപ്പാപ്പ അത്‌ കൊണ്ടുവന്നവരോട്‌ പറഞ്ഞു: `ഇതിവിടെ വേണ്ട.' അവരുടെ കണ്ണുതള്ളിപ്പോയി. ഒരാളും ഉപേക്ഷിക്കാത്ത ഭക്ഷണത്തിന്റെ പോരിശയെക്കുറിച്ച്‌ അവരും പറഞ്ഞു: `എടുത്തുകൊണ്ടുപോയില്ലെങ്കില്‍ ഞാ ന്‍ വലിച്ചെറിയും. ഇത്‌ തിന്നവര്‍ക്ക്‌ നരകത്തിലേക്കുള്ള യാത്ര എളുപ്പമായിരിക്കും.' ഉപ്പാപ്പക്ക്‌ നേരെ ജനം ചീറിയടുത്തു. ഉപ്പാപ്പ കുലുങ്ങിയില്ല. വന്നവര്‍ക്ക്‌ അവരുടെ വഴിയില്‍ മടങ്ങേണ്ടിവന്നു.
ഒരിക്കല്‍ ഉപ്പാപ്പ വീട്ടിലെ കൊട്ടിലില്‍ (സിമന്റുതറ) നിന്ന്‌ നമസ്‌കരിച്ച്‌ സലാം വീട്ടിയപ്പോള്‍ ഉപ്പാപ്പയുടെ പെങ്ങള്‍ ഇള്ളായിയുടെ ചേദ്യം: `എന്താ അബൂ, ഇയ്യ്‌ പള്ളീപ്പോയി നിസ്‌കരിക്കാത്തേ?' ഉപ്പാപ്പയുടെ കണ്ണുനിറഞ്ഞു: `അക്കരെപ്പള്ളീലെന്നെ കേറ്റ്‌ണില്ല.' പള്ളിയില്‍ നിന്ന്‌ മാത്രമല്ല, ഹോട്ടലില്‍നിന്നും അക്കാലത്ത്‌ ഉപ്പാപ്പയെ ബഹിഷ്‌കരിച്ചിരുന്നു. കാഫര്‍ അബുവിന്‌ ചായ കൊടുത്തില്ല അവര്‍. ഒരു കൊച്ചുസമൂഹത്തില്‍ ബഹിഷ്‌കൃതനായിട്ടും, അപമാനിക്കപ്പെട്ടിട്ടും ഉപ്പാപ്പ മടങ്ങിപ്പോയില്ല.
മുക്കാല്‍ നൂറ്റാണ്ട്‌ മുമ്പ്‌ ഉപ്പാപ്പക്ക്‌ ഈ ചങ്കുറപ്പ്‌ എവിടെനിന്നു കിട്ടി? കാറ്റടിച്ചാല്‍ പാറിപ്പോകുമെന്ന്‌ തോന്നാവുന്ന ശരീര പ്രകൃതമാണ്‌. ബന്ധുബലമില്ല. കോഴിക്കോട്ട്‌ എമ്പാടും ചങ്ങാതിമാരില്ല. സഹപ്രവര്‍ത്തകര്‍ വിരലിലെണ്ണാവുന്നവര്‍ മത്രം. എന്നിട്ടും അചഞ്ചലമായിരുന്നു ഉപ്പാപ്പയുടെ വിശ്വാസബോധം. `ഞാനിതാ ഈ വഴിയിലൂടെ പോകുന്നു. ബോധ്യപ്പെട്ടെങ്കില്‍ കൂടെച്ചേരാം' -ഉപ്പാപ്പയുടെ ജീവിതസന്ദേശം മറ്റൊന്നായിരുന്നില്ല. എനിക്ക്‌ ഉപ്പാപ്പയോടൊപ്പം നീങ്ങാന്‍ ഇഷ്‌ടമായിരുന്നു.
ഉപ്പാപ്പയ്‌ക്കൊപ്പം ഒരിക്കല്‍ ആകാശവാണിയില്‍ പോകാന്‍ ഭാഗ്യമുണ്ടായി. കോളെജില്‍ പഠിക്കുന്ന കാലത്താണ്‌. ഉപ്പാപ്പയ്‌ക്ക്‌ റേഡിയോ നിലയത്തില്‍ എന്തോ റെക്കാര്‍ഡിംഗ്‌. ഞാന്‍ കൂടെക്കൂടി. കല്ലായി റോഡില്‍നിന്ന്‌ ഉപ്പാപ്പ ചോദിച്ചു: `നമുക്ക്‌ നടന്നാലോ?' അഞ്ച്‌ കിലോമീറ്ററോളമുണ്ടാവും. ഞാന്‍ ഉപ്പാപ്പയെ നോക്കി. ഉപ്പാപ്പയുടെ ചോദ്യം: `എന്താ നിനക്ക്‌ വിഷമമുണ്ടോ?' ഉപ്പാപ്പയ്‌ക്ക്‌ അത്രദൂരം നടക്കാനാവുമോ എന്ന ഭയമായിരുന്നു എനിക്ക്‌. ഞാന്‍ നടക്കാനുള്ള എന്റെ ഇഷ്‌ടമറിയിച്ചു. പ്രത്യേകിച്ച്‌, ഉപ്പാപ്പയുടെ കൂടെ. ഞാന്‍ പഠിച്ച സ്‌കൂളിന്‌ മുന്നിലൂടെ, കടപ്പുറത്തെ നിരത്തിലൂടെ ഉപ്പാപ്പയുമായി സംസാരിച്ചു നടന്നു. എനിക്ക്‌ ഉപ്പാപ്പയില്‍ നിന്ന്‌ കേള്‍ക്കാന്‍ ധാരാളം കാര്യങ്ങളുണ്ടായിരുന്നു.
ഉപ്പാപ്പയ്‌ക്ക്‌ നടത്തം ജീവിതമായിരുന്നു. എണ്‍പത്തിയെട്ടാം വയസ്സുവരെയും ഉപ്പാപ്പയത്‌ മുടക്കിയിട്ടില്ല. കണങ്കാലിന്‌ മീതെയുടുത്ത വെളുത്ത ഖദര്‍മുണ്ട്‌. വെളുത്തതോ ഇളംമഞ്ഞ നിറത്തിലോ ഉള്ള നീണ്ട ഖദര്‍ ജുബ്ബ. വെളുത്ത ഗാന്ധിത്തൊപ്പി അല്‌പം ഇടതുവശത്തേക്ക്‌ ചരിഞ്ഞ്‌ തലയില്‍ പറ്റിക്കിടക്കുന്നു. കയ്യില്‍ വളഞ്ഞ കാലുള്ള കുട. ഒക്കത്ത്‌ ചെറിയൊരു കറുത്ത ബാഗ്‌. കോഴിക്കോട്ടെ തെരുവുകള്‍ക്ക്‌, തെക്കെപ്പുറത്തെ ഇടവഴികള്‍ക്കുപോലും, ഉപ്പാപ്പയുടെ കാലടികള്‍ പരിചിതമായിരുന്നു. നിശ്ശബ്‌ദം നടന്നുനീങ്ങുന്ന ഉപ്പാപ്പ ഏതോ ഒരു ഉത്തരേന്ത്യന്‍ കോണ്‍ഗ്രസുകാരനായാണ്‌ പലരും കരുതിയിരുന്നത്‌. എന്റെ ഒരു സുഹൃത്ത്‌ ചോദിച്ചിട്ടുണ്ട്‌: `ആരിത്‌, ലാല്‍ബഹദൂര്‍ ശാസ്‌ത്രിയോ, മൊറാര്‍ജി ദേശായിയോ?' അയാള്‍ക്കത്‌ എന്റെ ഉപ്പാപ്പയാണെന്നറിയാമായിരുന്നില്ല.
ഉപ്പാപ്പയുടെ നടത്തത്തിനൊരു ലക്ഷ്യമുണ്ടാവും. ഒന്നുകില്‍ മാതൃഭൂമി ദിനപത്രത്തിന്റെ വരിസംഖ്യ പിരിക്കല്‍. അല്ലെങ്കില്‍ ഏതെങ്കിലും കോണ്‍ഗ്രസ്സനുഭാവിയുടെ വീട്‌. അതുമല്ലെങ്കില്‍ ആരുടെയെങ്കിലും പ്രശ്‌നത്തിന്‌ കോര്‍പറേഷന്‍ ഓഫീസിലേക്കോ താലൂക്കാപ്പീസിലേക്കോ യാത്ര. എണ്ണപ്പാടത്തെ വീട്ടില്‍ പലവിധ ആവശ്യങ്ങളുമായി ആളുകളെത്താറുണ്ട്‌. അവര്‍ ആവശ്യങ്ങളറിയിക്കുന്നു. അവര്‍ പടിയിറങ്ങിയാല്‍ ഉപ്പാപ്പയും പുറത്തിറങ്ങുന്നു. അവരുടെ ആവശ്യനിര്‍വഹണത്തിന്‌. ഓരോ നടത്തവും നിശ്വാസവും ഉപ്പാപ്പക്ക്‌ മതപ്രവര്‍ത്തനമായിരുന്നു. സുദൃഢമായ വിശ്വാസത്തിന്റെ പ്രതിഫലനം ഉപ്പാപ്പയുടെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഞാനെന്നും കണ്ടിട്ടുണ്ട്‌. ഇന്ദിരാ കോണ്‍ഗ്രസില്‍ നിന്ന്‌, മകന്‍ എന്‍ പി മൊയ്‌തീന്‍ അക്കൂട്ടത്തിലാണെന്നറിഞ്ഞിട്ടും, മാറിനിന്നത്‌ ആ വിശ്വാസത്തിന്റെ കെട്ടുറപ്പാലായിരുന്നു. രണ്ടോ മൂന്നോ തവണ കോര്‍പറേഷനില്‍ കൗണ്‍സിലറായി. തനിക്കിണങ്ങാത്ത പുതുരാഷ്‌ട്രീയ കാലം പിറന്നപ്പോള്‍ ദീര്‍ഘകാലം കൊണ്ടുനടന്ന രാഷ്‌ട്രീയ പ്രവര്‍ത്തനം തന്നെ മാറ്റിവെച്ചു. ക്ഷേമപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം മരണംവരെയും തുടര്‍ന്നു, വിശുദ്ധിയോടെ.
ഉപ്പാപ്പയുടെ ഈ കണിശതയുടെയും ആത്മവിശ്വാസത്തിന്റെയും വേരുകള്‍ എവിടെയാണെന്ന അന്വേഷണം, രാഷ്‌ട്രീയത്തിലും സമൂഹിക പ്രവര്‍ത്തനത്തിലും ആത്മീയ ഗുരുവായിട്ടുള്ള മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബില്‍ എത്തിച്ചേരുന്നു. സാഹിബ്‌ ഉപ്പാപ്പയുടെ വികാരമായിരുന്നു. കുട്ടിക്കാലം തൊട്ട്‌ കുടുംബ സദസ്സുകളില്‍ കേള്‍ക്കുന്ന പേരായിരുന്നു മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌. സാഹിബിന്റെ അല്‍അമീന്‍ ലോഡ്‌ജിലെ നിത്യസന്ദര്‍ശകനായിരുന്നു ഉപ്പാപ്പ. അനുയായിയായി. സാഹിബിന്റെ പ്രവര്‍ത്തനങ്ങളില്‍ അരുനില്‌ക്കുന്ന വിശ്വാസി. അല്‍അമീന്‍ ദിനപത്രത്തിന്റെ പണപ്പിരിവായിരുന്നു ഉപ്പാപ്പയുടെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളിലൊന്ന്‌. ലോഡ്‌ജിലെ കൗമാരസംഘത്തില്‍ എം റഷീദ്‌, കെ എ കൊടുങ്ങല്ലൂര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ഉപ്പ എന്‍ പി മുഹമ്മദ്‌. ഉപ്പാപ്പയും ഉപ്പയും സാഹിബിന്റെ വ്യക്തിത്വത്തിലെ സവിശേഷ ഘടകങ്ങളെക്കുറിച്ച്‌ പറയുമായിരുന്നു. ഇരുവരെയും ഇത്രയേറെ സ്വാധീനിച്ച ഒരാളില്ല. ദേശീയ ബോധവും പുരോഗമനാശയവും ഉപ്പാപ്പയ്‌ക്ക്‌ പകുത്ത്‌ കൊടുത്തതില്‍ സാഹിബിനുള്ള പങ്ക്‌ പ്രകടമായിരുന്നു. മതപരമായ കാര്യങ്ങളില്‍ ഉപ്പാപ്പയ്‌ക്ക്‌ മറ്റൊരു മാതൃകയില്ല. സ്വേച്ഛാധിപത്യത്തിനെതിരെ ഉപ്പ പറഞ്ഞതും എഴുതിയതും അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ അത്ഭുതസ്വാധീനം കൊണ്ടാണെന്ന്‌ തോന്നിയിട്ടുണ്ട്‌. മുസ്‌ലിം സമുദായത്തോട്‌ ഉപ്പ വെച്ചുപുലര്‍ത്തിയ സമീപനത്തിന്റെ വേരുകളും സാഹിബില്‍ എത്തിച്ചേരുന്നു. ഒരേ വ്യക്തിത്വം പിതാവിനെയും മകനെയും സ്വാധീനിക്കുകയും അവരുടെ ചിന്തയെയും പ്രര്‍ത്തനങ്ങളെയും രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക്‌ വഹിക്കുകയും ചെയ്‌തിരിക്കുന്നു. ഇരുവരുടെയും അസാധാരണമായ മാര്‍ഗദീപമായിരുന്നു സാഹിബ്‌.
ഉപ്പാപ്പയുടെ സഹപ്രവര്‍ത്തകന്‍ മൊയ്‌തു മൗലവിയായിരുന്നു. മൗലവി താമസിച്ചിരുന്ന അല്‍അമീന്‍ ദിനപത്രത്തോട്‌ ചേര്‍ന്ന `വീട്ടി'ല്‍ ഉപ്പാപ്പയോടൊപ്പം പോയിട്ടുണ്ട്‌. പിന്നീട്‌ നടുവട്ടത്തെ `സെഞ്ച്വറി'യില്‍ ഒറ്റക്കും. മൗലവിയുമായുള്ള മൂന്നാം തലമുറയില്‍ നിന്നുള്ള ബന്ധത്തില്‍ നിന്ന്‌ ഉപ്പാപ്പയോടും ഉപ്പയോടും വെച്ചുപുലര്‍ത്തിയ സ്‌നേഹസൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തിയിരുന്നു. അബുവിന്റെ മകന്‍ മുഹമ്മദിന്റെ മകന്‍, മൗലവിയുടെയും കൊച്ചുമകനായി മാറുന്ന നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.
ഒരിക്കല്‍ ഞാന്‍ ജോലിയെടുക്കുന്ന ഫാറൂഖ്‌ കോളെജിലെ നാല്‌പതാം വാര്‍ഷിക ആഘോഷ പരിപാടിയോടനുബന്ധിച്ച്‌ ഒരു പ്രതിസന്ധിയുണ്ടായി. യുവജന സമ്മേളനത്തിന്റെ ഉദ്‌ഘാടകന്‍, ഒരു രാഷ്‌ട്രീയ നേതാവ്‌, അവസാന നിമിഷം അസൗകര്യമറിയിച്ചു. സംഘാടകരായ അധ്യാപകര്‍ വിഷമസന്ധിയില്‍ തീരുമാനമെടുത്തു: മൊയ്‌തു മൗലവിയെ ക്ഷണിച്ചുവരുത്തിയാലോ? പകരക്കാരനാവേണ്ടയാളല്ല എന്ന്‌ ഞാന്‍ പറഞ്ഞു. പിറ്റേന്നുള്ള പരിപാടിയിലേക്ക്‌ തലേന്ന്‌ ക്ഷണിക്കപ്പെടേണ്ട വ്യക്തിയല്ലെന്ന്‌ പലര്‍ക്കും അറിയാമായിരുന്നു. ഒടുവില്‍, മറ്റൊരു വഴിയുമില്ലാതെ, ദൗത്യം എന്നെ ഏല്‌പിച്ചു. ശകാരം കേള്‍ക്കാനിട വന്നാല്‍, സാക്ഷി വേണ്ടെന്ന്‌ തീരുമാനിച്ചു ഒറ്റയ്‌ക്ക്‌ സെഞ്ച്വറിയിലെത്തി. സത്യം വെളിപ്പെടുത്തി. കുറച്ചുനേരം മിണ്ടാതിരുന്ന മൗലവി പറഞ്ഞു: ``അബുവിന്റെ പേരക്കുട്ടി, മുഹമ്മദിന്റെ മകന്‍ ക്ഷണിച്ചാല്‍ ഞാന്‍ വരും.'' അത്രക്ക്‌ ഉപ്പാപ്പയോടടുത്ത ബന്ധമായിരുന്നു മൗലവിയുമായുള്ളത്‌. 
1988-ല്‍ ഉപ്പാപ്പ മരിച്ചപ്പോള്‍, പതിവിന്‌ വിപരീതമായി പള്ളിത്തളം വിട്ട്‌ എം എം ഹൈസ്‌കൂളിലെ ഗ്രൗണ്ടില്‍ വെച്ച്‌ നടന്ന ഉപ്പാപ്പയുടെ ആയിരങ്ങളണിനിരന്ന മയ്യിത്ത്‌ നമസ്‌കാരത്തിന്‌ നേതൃത്വം കൊടുത്തത്‌ മൊയ്‌തു മൗലവിയായിരുന്നു. നമസ്‌കാരത്തിന്‌ മുമ്പ്‌ മൗലവി പറഞ്ഞു: ``എന്റെ കൂട്ടുകാരന്‍ അബു എന്നേക്കാള്‍ മുമ്പേ ഈ ലോകത്ത്‌ നിന്നുപോയി. എനിക്കാണ്‌ അബുവിന്റെ മയ്യിത്ത്‌ നമസ്‌കാരത്തിന്‌ നേതൃത്വം കൊടുക്കാന്‍ അല്ലാഹുവിന്റെ നിയോഗം. അബുവിന്‌ പരലോകത്ത്‌ നിത്യശാന്തി ലഭിക്കട്ടെ.'' നാനാതുറകളില്‍ നിന്നും വന്നുചേര്‍ന്ന്‌ അണിനിരന്ന മയ്യിത്തു നമസ്‌കാരത്തില്‍ അവര്‍ ഉപ്പാപ്പയ്‌ക്കുവേണ്ടി പ്രാര്‍ഥിച്ചു: ആമീന്‍.
ഉപ്പാപ്പ എന്നെ ഏറ്റവുമേറെ സ്വാധീനിച്ച വ്യക്തിയായിത്തീര്‍ന്നതിന്‌ ഇനിയും കാരണങ്ങളുണ്ട്‌. ഉപ്പാപ്പയോട്‌ ഏറ്റവുമടുത്ത മൂന്നാം തലമുറക്കാരന്‍ ഞാനായിരുന്നുവെന്ന്‌ വിശ്വസിക്കുന്നു. ഉപ്പാപ്പയുടെ അനുഭവങ്ങള്‍ ഏറ്റവുമേറെ പറഞ്ഞത്‌ എന്നോടാണ്‌. ഉപ്പാപ്പയ്‌ക്ക്‌ വേണ്ടി അനുഭവക്കുറിപ്പെഴുതാന്‍ നിയോഗമുണ്ടായത്‌ എനിക്ക്‌. ഉപ്പാപ്പയുടെ വ്യക്തിത്വത്തിലെ പല ഘടകങ്ങളും ഞാന്‍ ആദരത്തോടെ ഇന്നും താലോലിക്കുന്നു. ദേശീയ ബോധം, മതമൈത്രിയിലടിയൂന്നിയ കാഴ്‌ചപ്പാട്‌, മതപരമായ കാര്യങ്ങളിലെ പുരോഗമനപരത, ലളിതജീവിതം, മിതത്വം, വിനയം തുടങ്ങിയവ ഉപ്പാപ്പയെ എന്നില്‍ എക്കാലത്തും പ്രതിഷ്‌ഠിക്കുന്നതിന്‌ കാരണമായിട്ടുണ്ട്‌. പ്രവര്‍ത്തിക്കാനുള്ള ഉപ്പാപ്പയുടെ മോഹം മരിക്കുന്നതിന്റെ തലേന്നും നിറഞ്ഞുനിന്നിരുന്നു. വിശ്വസിക്കുന്ന മാര്‍ഗങ്ങളില്‍ ഉപ്പാപ്പ ഒടുവിലെ ശ്വാസം വരെ നിലകൊണ്ടു, പ്രവര്‍ത്തിച്ചു. മദ്യവര്‍ജന പ്രസ്ഥാനത്തിന്റെ മുന്‍പന്തിയിലായിരുന്നു ഒടുവില്‍ ഉപ്പാപ്പ പ്രവര്‍ത്തിച്ചിരുന്നത്‌. എണ്‍പത്‌ കഴിഞ്ഞ ഉപ്പാപ്പ ഡല്‍ഹിയിലെ രാജ്‌ഘട്ടില്‍ ഉപവസിക്കാന്‍ പോയത്‌, മദ്യവര്‍ജനാശയത്തോടുള്ള പ്രതിബദ്ധതകൊണ്ടായിരുന്നു. എണ്‍പതുകളില്‍ ഉപ്പാപ്പയുടെ പ്രവര്‍ത്തനം കണ്ട്‌ പലരും അത്ഭുതപ്പെട്ടിരുന്നു. ചിലര്‍ കൂടെ നടക്കുന്നവരെക്കുറിച്ച്‌ അറിഞ്ഞു പരിഹസിക്കുകയും ചെയ്‌തിരുന്നു. ഉപ്പാപ്പയോടൊപ്പം ലഹരിവിരുദ്ധ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ മദ്യപിക്കുകയും പണം തട്ടുകയും ചെയ്യുന്നുവെന്ന ആരോപണം ഞാനൊരിക്കല്‍ ഉപ്പാപ്പയോട്‌ തന്നെ പറഞ്ഞു. ഉപ്പാപ്പയുടെ മറുപടി: ``അതെന്റെ വിഷയമല്ല. ഞാന്‍ പൂര്‍ണമായി ബോധ്യപ്പെട്ട കാര്യം ചെയ്യുന്നു. ലോകത്തുള്ള മദ്യപന്മാരെയൊക്കെ മാറ്റിയെടുക്കാനോ മദ്യപിക്കുന്നത്‌ ഇല്ലാതാക്കാനോ അല്ല. അതാവണമെന്നുമില്ല. ഒരാളെയെങ്കിലും രക്ഷിക്കാനായാല്‍ എന്റെ പ്രവര്‍ത്തനം വെറുതയാവില്ല.''
ഉപ്പാപ്പയുടെ കറകളഞ്ഞ വിശ്വാസ ദാര്‍ഢ്യത എന്നെ വിസ്‌മയിപ്പിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും കീഴ്‌പ്പെട്ട മൂവായിരത്തിലധികം വരുന്ന നിസ്സഹായരുമായി അടുത്തിടപഴകുമ്പോഴും, അവരുടെ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോഴും ഞാന്‍ ഉപ്പാപ്പയെ ഓര്‍ക്കുന്നു: ``ഒരാളെയെങ്കിലും സുബോധാവസ്ഥയിലേക്ക്‌ കൗണ്‍സലിംഗിലൂടെ രക്ഷപ്പെടുത്താനായാല്‍ എന്റെയും പ്രവര്‍ത്തനം വെറുതെയാവില്ല.'' കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കാനും പ്രശ്‌ന പരിഹാരത്തിന്‌ ശാസ്‌ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോഴും ഞാനാശിക്കുന്നു: ഒരാള്‍ക്കെങ്കിലും ഉപകാരമായാല്‍ എന്റെയും പ്രവര്‍ത്തനം സഫലമായി. തീര്‍ച്ച, ഉപ്പാപ്പയാണ്‌ എന്റെ മാര്‍ഗദീപം. 

0 comments:

ജീവിതവിശുദ്ധി നേടാന്‍ വന്‍പാപങ്ങള്‍ വര്‍ജിക്കുക

ജീവിതവിശുദ്ധി നേടാന്‍ വന്‍പാപങ്ങള്‍ വര്‍ജിക്കുക


ജീവിതവിശുദ്ധിയിലൂടെ വിജയം കൈവരിക്കുക എന്നതാണ്‌ ഇസ്‌ലാമിന്റെ ജീവിത വീക്ഷണത്തിന്റെ അടിത്തറ. ഈ ലോകജീവിതം വിജയകരമായി മുന്നോട്ടുനീക്കുക എന്ന താത്‌ക്കാലിക സംവിധാനത്തിനപ്പുറം മരണാനന്തര ജീവിതം കൂടി ധന്യമാക്കാന്‍ ഉതകുംവിധം ജീവിതം നയിക്കുക എന്നതാണ്‌ സത്യവിശ്വാസിയുടെ ബാധ്യത. 
നന്മകള്‍ ധാരാളമായി ചെയ്യുകയും തിന്മകള്‍ വെടിയുകയും ചെയ്യുക എന്നതാണല്ലോ ജീവിതവിശുദ്ധി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം നന്മതിന്മകള്‍ അവനവന്‍ തീരുമാനിക്കുന്നതല്ല. ദൈവികമായ അറിയിപ്പുകള്‍ അനുസരിച്ചാണ്‌ ആത്യന്തികമായി നന്മയേത്‌ തിന്മയേത്‌ എന്ന്‌ വ്യവച്ഛേദിക്കപ്പെടേണ്ടത്‌. എല്ലാ മതങ്ങളും-അല്ല, മാനവസമൂഹം ഒന്നടങ്കം- അംഗീകരിക്കുന്ന ചില നന്മകളുണ്ട്‌. അതുപോലെ തന്നെ ഒരാള്‍ക്കും പക്ഷാന്തരമില്ലാത്ത ചില ചീത്ത കാര്യങ്ങളുമുണ്ട്‌. ഇസ്‌ലാമാകട്ടെ, ചെറുതും വലുതുമായ നന്മതിന്മകളുടെയൊക്കെ വിശദാംശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലൂടെയും നബിചര്യയിലൂടെയും വ്യക്തമാക്കിയിട്ടുണ്ടുതാനും. ഈയടിസ്ഥാനത്തില്‍ നന്മകള്‍ ഏറെ ചെയ്‌തുകൂട്ടിയവര്‍ക്ക്‌ മരണാനന്തരജീവിതത്തില്‍ രക്ഷയും -സ്വര്‍ഗപ്രവേശം- തിന്മകള്‍ ഏറെ ചെയ്‌തുകൂട്ടിയവര്‍ക്ക്‌ ശിക്ഷയും-നരകം- ഉണ്ടെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തിട്ടുണ്ട്‌.
ഒരുപാട്‌ പുണ്യം ചെയ്‌ത്‌ ജീവിതം ധന്യമാക്കി ആത്മീയതയുടെ അത്യുന്നതിയിലെത്തുന്നവരുണ്ട്‌. എന്നാല്‍ വിശുദ്ധ ജീവിതത്തിന്റെ ഏറ്റവും ചുരുങ്ങിയ രൂപമെങ്കിലും കാഴ്‌ചവയ്‌ക്കാന്‍ നമുക്ക്‌ കഴിയണം. വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്‌: വന്‍പാപങ്ങളും (കബാഇര്‍) മ്ലേച്ഛവൃത്തികളും (ഫവാഹിശ്‌) വെടിഞ്ഞു ജീവിക്കാന്‍ തയ്യാറാകുന്നവരില്‍ വന്നുപോയേക്കാവുന്ന ചെറുതിന്മകള്‍ ദയാലുവായ അല്ലാഹു പൊറുത്തുരും (53:33). അഥവാ മാനുഷികമായി വന്നുഭവിച്ചേക്കാവുന്ന ദോഷങ്ങളല്ലാത്ത വന്‍പാപങ്ങള്‍ വെടിഞ്ഞ്‌ ജീവിക്കുക എന്നതാണ്‌ ഉദ്ദേശ്യം.
പ്രവാചകന്‍ ഒരിക്കല്‍ പറയുകയുണ്ടായി: `നിങ്ങള്‍ വന്‍പാപങ്ങള്‍ വെടിയുക' അപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു: `ഏതാണ്‌ പ്രവാചകരേ, വന്‍പാപങ്ങള്‍?' അദ്ദേഹം ഏഴ്‌ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു: `അല്ലാഹുവില്‍ പങ്കുചേര്‍ക്കുക (ശിര്‍ക്ക്‌), മാരണവും കൂടോത്രവും (സിഹ്‌റ്‌) ചെയ്യുക, അല്ലാഹു ആദരണീയമാക്കിയ മനുഷ്യാത്മാവിനെ അന്യായമായി വധിച്ചുകളയുക, പലിശ ഭക്ഷിക്കുക, അനാഥയുടെ ആസ്‌തി അന്യായമായി അനുഭവിക്കുക, ഇസ്‌ലാമിക സമൂഹത്തിന്റെ രക്ഷയ്‌ക്കായുള്ള പൊതുമുന്നേറ്റത്തില്‍നിന്ന്‌ പിന്‍വലിയുക, പതിവ്രതകളായ വിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കുക'. അതുപോലെ ഇസ്‌ലാം നിര്‍ണിതശിക്ഷ (ഹദ്ദ്‌) നിശ്ചയിച്ച വ്യഭിചാരം, മോഷണം മുതലായവ ഉള്‍പ്പെടെയുള്ള വന്‍പാപങ്ങളും (കബാഇര്‍) സ്വവര്‍ഗരതി മുതലായ ലൈംഗിക അരാജകത്വങ്ങളും (ഫവാഹിശ്‌) പാപങ്ങളുടെ താക്കോലായ മദ്യപാനവും പൂര്‍ണമായും വെടിഞ്ഞാല്‍ തന്നെ ഒരളവോളം ജീവിതവിശുദ്ധി കൈവരിക്കാനാവും.
മനുഷ്യര്‍ മാലാഖമാരെപ്പോലെ പാപം ചെയ്യാത്തവരോ ദൈവദൂതന്മാരായ മനുഷ്യരെപ്പോലെ പാപസുരക്ഷിതത്വം (ഇസ്‌മത്‌) ലഭിച്ചവരോ അല്ല. തെറ്റുകള്‍ ചെയ്യാന്‍ സാധ്യതയുള്ള പ്രകൃതമാണ്‌ മനുഷ്യരുടേത്‌. ഇങ്ങനെ സഹജമായ ദൗര്‍ബല്യത്താല്‍ ഒരുപാട്‌ വീഴ്‌ചകള്‍ വന്നുപോകാനിടയുണ്ട്‌. എന്നാല്‍ ബോധപൂര്‍വം ചെയ്യുന്ന നന്മകള്‍കൊണ്ട്‌ അവയെ മറികടക്കാനാവും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: `തീര്‍ച്ചയായും സല്‍പ്രവര്‍ത്തനങ്ങള്‍ ചീത്ത കാര്യങ്ങളെ ഇല്ലാതാക്കിക്കളയും' (11:115). നബി(സ) ഇക്കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കുന്നത്‌ നോക്കൂ: `നിഷിദ്ധ കാര്യങ്ങളെ നീ സൂക്ഷിക്കുക; നീ ജനങ്ങളില്‍ വച്ച്‌ ഏറ്റവും നല്ല ഭക്തനായിത്തീരും' (അഹ്‌മദ്‌). വ്യക്തി ജീവിതത്തിലെ വിശുദ്ധിയാണ്‌ ഓരോ മനുഷ്യനെയും സ്വര്‍ഗാവകാശിയാക്കിത്തീര്‍ക്കുന്നത്‌.
വ്യക്തി വിശുദ്ധി എല്ലാ മതങ്ങളും ഊന്നിപ്പറഞ്ഞ കാര്യമാണ്‌. ഇസ്‌ലാമാകട്ടെ, വിശുദ്ധജീവിതം നയിക്കുന്ന വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിനും സാമൂഹിക ജീവിതത്തിനും ഏറെ പ്രാധാന്യം കല്‌പിക്കുന്നുണ്ട്‌. മുകളില്‍ സൂചിപ്പിച്ച വന്‍പാപങ്ങളില്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്ന മഹാപാതകം (ശിര്‍ക്ക്‌) തികച്ചും വ്യക്‌തിപരമാണ്‌. അതേസമയം, മറ്റുള്ളവയെല്ലാം ശാന്തിയും സമാധാനവും നിലനില്‌ക്കുന്ന സമൂഹത്തിനാവശ്യമുള്ളതു കൂടിയാണ്‌. സമൂഹക്ഷേമത്തിനു വേണ്ടി ചെയ്യുന്ന ഓരോ കാര്യവും ഏറെ പ്രതിഫലാര്‍ഹമാണ്‌. മാത്രമല്ല, പുണ്യമെന്ന്‌ പറയുന്നത്‌ ദുന്‍യാവിന്റെ ഒരു മൂലയില്‍ ഒരാള്‍ ഒറ്റക്കിരുന്ന്‌ നാമം ജപിക്കുകയോ, തപസ്സു ചെയ്യുകയോ അല്ല. മറിച്ച്‌, താനല്ലാത്ത ഇതര മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും പരിസ്ഥിതിക്കുപോലും പോറലേല്‍പിക്കാതെ ജീവിക്കാന്‍ സാധിക്കുക എന്നതാണ്‌ പുണ്യം. വ്യഷ്‌ടിയെയും സമഷ്‌ടിയെയും സമ്യക്കായി കണ്ടുകൊണ്ടുള്ള ഇസ്‌ലാമിന്റെ പുണ്യവിചാരം വിശുദ്ധ ഖുര്‍ആന്‍ സംക്ഷിപ്‌തമായി വിവരിക്കുന്നതുകാണാം.
`നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടെ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കനും ചോദിച്ചുവരുന്നവര്‍ക്കും അടിമമോചനത്തിനും നല്‌കുകയും, കരാറിലേര്‍പ്പെട്ടാല്‍ അത്‌ നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്നവരാരോ അവരാണ്‌ പുണ്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍' (2:177)
ജീവിതവിശുദ്ധിക്കായി നാം ചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക്‌ വ്യക്തിപരമായിട്ടാണ്‌ പ്രതിഫലം ലഭിക്കുന്നത്‌. മനുഷ്യന്‍ ചെയ്യുന്ന പാതകങ്ങള്‍ക്ക്‌ ശിക്ഷ ലഭിക്കുന്നതും അങ്ങനെത്തന്നെ. എന്നാല്‍ ഒരാളുടെ ചെയ്‌തികള്‍ സമൂഹത്തിന്‌ ദോഷകരമായി ഭവിക്കുമ്പോള്‍ അയാള്‍ ഭൗതികമായി ശിക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. ഇസ്‌ലാം നിശ്ചയിച്ച ശിക്ഷാ സമ്പ്രദായങ്ങള്‍ സമൂഹസുരക്ഷയ്‌ക്കാണ്‌. ജീവിതവിശുദ്ധിയിലൂടെ മറ്റൊരുവശം കൂടിയുണ്ട്‌. അറിവില്ലായ്‌മ മൂലമോ മറ്റു കാരണത്താലോ പുണ്യം ചെയ്യാത്ത, പാപങ്ങള്‍ ചെയ്‌തുകൂട്ടിയ, മനുഷ്യര്‍ക്കു പോലും നിരാശ വേണ്ട. ആത്മാര്‍ഥമായ കുറ്റബോധവും ആത്മവിചാരവും നിമിത്തമായി അല്ലാഹുവിനോട്‌ പാപമോചനത്തിന്‌ തേടിയാല്‍ കുറ്റവാളികള്‍ പോലും പുണ്യവാന്മാരായിത്തീരുകയും സ്വര്‍ഗപ്രവേശം സാധ്യമാവുകയും ചെയ്യുമെന്നതാണ്‌ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌ (39:53).
സത്യവിശ്വാസിയുടെ ജീവിതലക്ഷ്യം ആത്യന്തിക വിജയം അഥവാ പരലോകമോക്ഷമാണ്‌. ഈ ലക്ഷ്യത്തിനായി ജീവിതം ക്രമപ്പെടുത്തിയവന്‍ ഈ ലോകത്തിനു വേണ്ടപ്പെട്ടവനാകും. അത്തരം വ്യക്തികള്‍ ചേര്‍ന്ന സമൂഹം മാതൃകാ യോഗ്യമാവുമെന്നതില്‍ സംശയമില്ല. അതായിരുന്നു പ്രവാചകശിഷ്യരായ സ്വഹാബത്തിന്റെ മാതൃക.

0 comments:

മുസ്‌ലിം നവോത്ഥാനവും ദേശീയ പ്രസ്ഥാനവും

മുസ്‌ലിം നവോത്ഥാനവും ദേശീയ പ്രസ്ഥാനവും

വി എസ്‌ എം കബീര്‍
മൊയ്‌തു മൗലവി നടന്നുപോയ വഴികള്‍
`നൂറ്റാണ്ടിന്റെ സാക്ഷി' ഇ മൊയ്‌തു മൗലവിയുടെ കുടുംബവേരുകളും സൗഹൃദബന്ധങ്ങളും പോരാട്ടവഴികളും ഓര്‍ത്തെടുക്കുന്നു, പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ മകന്‍ എം റഷീദ്‌
വെളിയങ്കോടിന്റെ മണ്ണില്‍ വീരചരിത്രങ്ങളുടെ ചേരുവ എമ്പാടുമുണ്ട്‌. വൈദേശിക ശക്തികളുടെ പേടിസ്വപ്‌നമായിരുന്ന ഉമര്‍ ഖാദിയും ക്രൈസ്‌തവ പാതിരിമാരുടെ കണ്ണിലെ കരടായ സയ്യിദ്‌ സനാഉല്ല മക്തിതങ്ങളും സ്വാതന്ത്ര്യ സമരഭടനും നൂറ്റാണ്ടിന്റെ സാക്ഷിയുമായ ഇ മൊയ്‌തുമൗലവിയും വെളിയങ്കോടിന്റെ മണ്ണില്‍ പിച്ചവെച്ചവരാണ്‌. ഇതേ വെളിയങ്കോട്ടെ, പഴഞ്ഞിമുള മുക്കിലെ വീട്ടില്‍ ചാരുകസേരയിലിരുന്ന്‌ ചരിത്രത്തിലൂടെ മനസ്സഞ്ചാരം നടത്തുമ്പോള്‍ എം റഷീദ്‌ എന്ന എണ്‍പത്തേഴുകാരന്റെ ഓര്‍മകളില്‍ വസന്തം വിരിഞ്ഞുനില്‌ക്കും. മൊയ്‌തു മൗലവിയുടെ ഈ മകന്‌ സ്വാതന്ത്ര്യസമരം വെറും കേട്ടുകേള്‍വിയല്ല; അനുഭവ പാഠങ്ങളാണ്‌.

എം റഷീദിന്‌ ജീവിതമെന്നാല്‍ വായനയാണ്‌. കടല പൊതിഞ്ഞു കിട്ടിയ കീറക്കടലാസുപോലും വായിച്ചിട്ടേ റഷീദ്‌ വലിച്ചെറിയൂ. അഭിമുഖത്തിനായി വീട്ടില്‍ കയറിച്ചെന്നപ്പോഴും ആ കൈകളില്‍ മറിയാന്‍ വെമ്പുന്ന പേജുകളോടെ ഒരു പുസ്‌തകമുണ്ടായിരുന്നു. സംസാരിച്ചു തുടങ്ങിയപ്പോള്‍, ഓര്‍മകള്‍ പതിഞ്ഞ സ്വരങ്ങളായി, അതില്‍ പലരും കയറിച്ചെന്നു. സ്വാതന്ത്ര്യസമരവും ദേശീയ പ്രസ്ഥാനവും, മൗലവിയും, സാഹിബും, കോണ്‍ഗ്രസ്സും, മുജാഹിദ്‌ പ്രസ്ഥാനവും എല്ലാം. പ്രായാധിക്യത്തിന്റെ തളര്‍ച്ചയിലും ക്ലാവു കയറാത്ത ഓര്‍മകളില്‍ ദേശസ്വാതന്ത്ര്യത്തിനും സമുദായ മോചനത്തിനും ആയുസ്സ്‌ പകരംവെച്ച കുറേ ധന്യജീവിതങ്ങള്‍ തെളിഞ്ഞു വന്നു. അതിങ്ങനെയായിരുന്നു:
പിതാമഹന്‍ മരക്കാര്‍ മുസ്‌ലിയാരെക്കുറിച്ച ഓര്‍മകള്‍കൊണ്ട്‌ എം റഷീദ്‌ തുടങ്ങി: കേരളക്കരയില്‍ ഇസ്‌ലാമിക നവോത്ഥാനം എത്തുന്നതിനു മുമ്പുള്ള കാലം. നേര്‍ച്ചകള്‍ കൊടികുത്തി വാഴുന്നു, ചന്ദനക്കുടങ്ങളും ഖബറുകളും ഇസ്‌ലാമിന്റെ ചിഹ്‌നങ്ങളായി വിരാജിക്കുന്നു, കാതുകുത്ത്‌ കല്യാണം പോലുള്ള ദുരാചാരങ്ങള്‍ നാടെങ്ങും അരങ്ങേറുന്നു. ഇവയിലെല്ലാം മനംനൊന്തു കഴിഞ്ഞിരുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു മരക്കാര്‍ മുസ്‌ലിയാര്‍. കാതുകുത്ത്‌ കല്യാണത്തിനെതിരെ ശബ്‌ദിച്ചുകൊണ്ടാണ്‌ മുസ്‌ലിയാര്‍ പ്രബോധനമാരംഭിച്ചത്‌. അറബി മലയാളത്തില്‍ ദുരാചാര മര്‍ദനം എന്ന കാവ്യം തന്നെ അടിച്ചിറക്കി അദ്ദേഹം.
കൂടുതല്‍ മതവിദ്യാഭ്യാസം നേടാന്‍ കൊച്ചി പള്ളുരുത്തിയില്‍ പോയി. അവിടെ കൊച്ചുണ്ണി മാസ്റ്ററുടെ വീട്ടിലായിരുന്നു താമസം. അവിടെവെച്ചാണ്‌ ശൈഖ്‌ മാഹിന്‍ ഹമദാനി തങ്ങളെ പരിചയപ്പെടുന്നത്‌. കേരളത്തില്‍ ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്ക്‌ അടിത്തറയൊരുക്കിയവരില്‍ പ്രധാനിയാണ്‌ തങ്ങള്‍. തങ്ങളുമായുള്ള ബന്ധം മരക്കാര്‍ മുസ്‌ലിയാരെ മുഴുസമയ പ്രബോധകനും പോരാളിയുമാക്കി.
മതപണ്ഡിതനായിരുന്ന മരക്കാര്‍ മുസ്‌ലിയാര്‍ സ്വാതന്ത്ര്യസമരത്തിലും പ്രത്യേകിച്ച്‌ ഖിലാഫത്ത്‌ പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്തു. 1920-ലാണെന്നു തോന്നുന്നു, അദ്ദേഹത്തെ പൊലീസ്‌ അറസ്റ്റു ചെയ്‌തു കോടതിയില്‍ ഹാജരാക്കി. ബ്രിട്ടീഷ്‌ രാജിനെതിരെ പട നയിക്കാന്‍ ആയുധം ശേഖരിച്ചു എന്നായിരുന്നു കുറ്റപത്രത്തിലുണ്ടായിരുന്നത്‌. മജിസ്‌ട്രേറ്റിനു തന്നെ ഇതു വിശ്വസിക്കാനായില്ല. മുസ്‌ലിയാര്‍ ചെയ്‌ത തെറ്റെന്താണെന്നായി മജിസ്‌ട്രേറ്റ്‌. മുസ്‌ലിയാര്‍ പറഞ്ഞിതങ്ങനെ: `മൊയ്‌തു എന്നു പേരുള്ള ഒരു മകന്‌ ജന്മം നല്‌കിയെന്ന തെറ്റ്‌ ഞാന്‍ ചെയ്‌തിട്ടുണ്ട്‌ (മൊയ്‌തു മൗലവിയെ കോഴിക്കോട്ടുവെച്ച്‌ ഇതേ ദിവസം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു).
മജിസ്‌ട്രേറ്റ്‌: മൊയ്‌തുവിന്‌ നേര്‍വഴി പറഞ്ഞുകൊടുത്തുകൂടേ താങ്കള്‍ക്ക്‌?
മുസ്‌ലിയാര്‍: മൊയ്‌തുവിന്റെ ഇപ്പോഴത്തെ വഴി തെറ്റാണെന്ന്‌ എനിക്കു തോന്നിയിട്ടില്ല.
അങ്ങനെ പിതാവിന്‌ ആറു മാസവും മകന്‌ രണ്ടര വര്‍ഷവും തടവ്‌ വിധിക്കപ്പെട്ടു. ഇരുവരെയും ബെല്ലാരി ജയിലിലടച്ചു.
ഹമദാനി തങ്ങളില്‍നിന്നു മതജ്ഞാനം നേടിയ മുസ്‌ലിയാര്‍ മകന്‍ മൊയ്‌തു മൗലവിയെയും തങ്ങളുടെ ശിഷ്യനാക്കി. സമുദായ സേവനത്തിന്റെ ബാലപാഠങ്ങള്‍ ഇരുവരും സ്വായത്തമാക്കിയത്‌ ശൈഖ്‌ ഹമദാനിയില്‍ നിന്നും നാട്ടുകാരനായ സനാഉല്ലാ മക്‌തി തങ്ങളില്‍ നിന്നുമായിരുന്നു.
മരക്കാര്‍ മുസ്‌ലിയാരുടെ ഭാര്യ ഉമ്മത്തി ഉമ്മ വസൂരിക്കാരെ പോലും പരിചരിക്കാന്‍ മുന്നിട്ടിറങ്ങിയ ധീര വനിതയായിരുന്നു. അക്കാലത്ത്‌, വസൂരിയെന്നു കേള്‍ക്കുന്നതു തന്നെ പേടിയായിരുന്നു സമൂഹത്തിന്‌.
മൊയ്‌തു മൗലവി
ശൈഖ്‌ ഹമദാനി തങ്ങളുടെ ശിഷ്യത്വം വഴി ഇസ്വ്‌ലാഹീ പ്രവര്‍ത്തനരംഗത്ത്‌ നിറഞ്ഞുനില്‌ക്കാന്‍ പിതാവ്‌ മൊയ്‌തു മൗലവിക്ക്‌ കഴിഞ്ഞതായി റഷീദ്‌ ഓര്‍മിച്ചു. വെളിയങ്കോട്ടും വളപട്ടണത്തും മദ്‌റസാധ്യാപകനായിട്ടുണ്ട്‌. 1922 -ല്‍ ഏറിയാട്‌ വെച്ച്‌ രൂപംകൊണ്ട കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പിറവിക്ക്‌ സാക്ഷിയായ ചുരുക്കം നേതാക്കളില്‍ ഒരാളായിരുന്നു ബാപ്പ. സീതി സാഹിബ്‌, കെ എം മൗലവി, അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ തുടങ്ങിയവരും കൂട്ടത്തിലുണ്ടായിരുന്നു.
മാതൃഭാഷാ പഠനത്തിനും വിദ്യാഭ്യാസം നേടാനും മൗലവി നിരന്തരം സമൂഹത്തെ പ്രേരിപ്പിച്ചു. സഹോദരന്‍ അബ്‌ദുവിന്റെ സഹായത്തോടെ മാറഞ്ചേരിയില്‍ ഒരു സ്‌കൂള്‍ ആരംഭിക്കുകയും ചെയ്‌തു. പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇറങ്ങിയിരുന്ന അല്‍ഇസ്വ്‌ലാഹ്‌ വാരികയുടെ പത്രാധിപ സ്ഥാനം മൗലവിയെയാണ്‌ നേതാക്കള്‍ ഏല്‌പിച്ചത്‌.
മുസ്‌ലിം സമുദായ സമുദ്ധാരണത്തിനായി അന്ധവിശ്വസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ്‌ രാജിനെതിരെയും വിശ്രമമില്ലാതെ പണിയെടുത്ത മൗലവിക്ക്‌ നിരവധി എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. ഏറെ ദുരനുഭവങ്ങളും നഷ്‌ടങ്ങളുമുണ്ടായി. യൗവനകാലമത്രയും നാടും വീടും വിട്ട്‌ സമരപാതയിലായിരുന്നു ഉപ്പ.
മാറഞ്ചേരിയില്‍ ഏക്കര്‍ കണക്കിന്‌ ഭൂമി കുടിയാന്‍ വ്യവസ്ഥയില്‍ ലഭിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത്‌ ജയിലില്‍ പോയതോടെ ബ്രിട്ടീഷ്‌ അനുകൂലിയായ ജന്മി കുടിയാന്‍ സ്ഥാനത്തു നിന്ന്‌ ഒഴിവാക്കി.
അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനോടൊപ്പം ചേര്‍ന്ന്‌ അല്‍അമീന്‍ പത്രം ആരംഭിച്ചതും അതില്‍ സേവനമെന്ന നിലയില്‍ ജോലി ചെയ്‌തതും സമുദായ നന്മ കാംക്ഷിച്ചുകൂടിയായിരുന്നു. സമുദായത്തിലെ ദുരാചാരങ്ങള്‍ക്കെതിരെയും ആര്‍ഭാടങ്ങള്‍ക്കെതിരെയും അല്‍അമീനിലൂടെ മൗലവി ആഞ്ഞടിച്ചിരുന്നു.
ഒരു ദിവസം പത്രം അടിക്കാന്‍ കടലാസില്ല. വാങ്ങാന്‍ പണവുമില്ല. അമീന്‍ ലോഡ്‌ജിലാകട്ടെ, പുകയെരിഞ്ഞിട്ട്‌ ദിവസങ്ങളുമായി. വിശപ്പ്‌ വകവെക്കാതെ മൗലവി എന്‍ പി അബുവിനെയും കൂട്ടി കാശുണ്ടാക്കാനിറങ്ങി. വൈകുന്നേരമായപ്പോള്‍ കടലാസിനുള്ള പണം കിട്ടി. അതില്‍ മിച്ചം വന്ന പണം കൊണ്ട്‌ പച്ചരി വാങ്ങി കഞ്ഞിവെച്ച്‌ ചമ്മന്തിയും കൂട്ടി കഴിച്ച കഥ ഉപ്പ ഒരിക്കല്‍ പറഞ്ഞിരുന്നു.
മൗലവിയുടെ ജീവിതം, പ്രബോധനം ചെയ്‌തിരുന്ന ആദര്‍ശത്തിലധിഷ്‌ഠിതമായിരുന്നു. വാക്കാട്ട്‌ തറവാട്ടുകാരിയായ പാത്തുണ്ണിമ്മയെ സ്‌ത്രീധനമില്ലാതെയാണ്‌ വിവാഹം ചെയ്‌തത്‌. മക്കളെയെല്ലാം വിദ്യാ സമ്പന്നരാക്കാന്‍ ശ്രമിച്ചു. പൊന്നാനി താലൂക്കിലെ എം എ ബിരുദധാരിയായ ആദ്യമുസ്‌ലിം പെണ്‍കുട്ടി മൗലവിയുടെ മകള്‍ ആയിശക്കുട്ടിയായിരുന്നു.
ഐക്യസംഘത്തിന്റെ സ്ഥാപക നേതാവായിരുന്നു ഉപ്പ എന്നു പറഞ്ഞല്ലോ. എന്നാല്‍ ഐക്യസംഘ നേതൃത്വത്തിന്റെ ചില നയങ്ങളെ എതിര്‍ക്കാന്‍ മൗലവി യാതൊരു മടിയും കാണിച്ചില്ല. അതിലൊന്നായിരുന്നു മുസ്‌ലിം ബേങ്ക്‌ തുടങ്ങാനുള്ള തീരുമാനം. മുസ്‌ലിംകളുടെ ദയനീയമായ സാമ്പത്തികസ്ഥിതി മാറ്റിയെടുക്കുക എന്ന സദുദ്ദേശ്യപരമായ ഒരു തീരുമാനമാകാം അത്‌. പക്ഷെ, ഇസ്‌ലാം വെറുക്കുന്ന പലിശയുമായി ബന്ധമുള്ളതിനാല്‍ മൗലവി ആ സംവിധാനത്തെ എതിര്‍ത്തു. അബ്‌ദുര്‍റഹ്‌മാന്‍ സാഹിബും എം സി സി അബ്‌ദുര്‍റഹ്‌മാന്‍ മൗലവിയും മൊയ്‌തു മൗലവിയും ഇത്‌ സംബന്ധിച്ച്‌ അല്‍അമീനില്‍ ലേഖനങ്ങളെഴുതി. അധികം വൈകാതെ ആ സ്ഥാപനവും പൊളിഞ്ഞു. ഐക്യസംഘത്തിനു പോലും പിടിച്ചു നില്‌ക്കാനായില്ല.
ബേങ്കിനു പിന്നില്‍ സീതി സാഹിബ്‌, കെ എം മൗലവി എന്നിവരെല്ലാമുണ്ട്‌ എന്നത്‌ എതിര്‍പ്പിന്‌ തടസ്സമായി മൗലവി കണ്ടില്ല. മജ്‌ലിസുല്‍ ഉലമ എന്ന പണ്ഡിത സംഘടനകളുടെ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു മൗലവി. മുസ്‌ലിംകളെ മതപരമായി ഉയര്‍ത്തുക, സ്വാതന്ത്ര്യ സമരത്തില്‍ അവരെ അണിനിരത്തുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു സംഘടനക്കുണ്ടായിരുന്നത്‌. സ്വാതന്ത്ര്യ സമരത്തിനെതിരെ മുസ്‌ലിംകളെത്തന്നെ രംഗത്തുകൊണ്ടുവന്ന്‌ നേതാക്കളെ മാനസികമായി തളര്‍ത്താനുള്ള നീക്കവും ബ്രിട്ടീഷുകാര്‍ നടത്തിയിരുന്നു. ആമു സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പലയിടങ്ങളിലും ഇതിനായി മുസ്‌ലിം സമ്മേളനങ്ങള്‍ തന്നെ നടത്തിയിരുന്നു. മൗലവിയുടെ നാടായ പൊന്നാനിയിലെ പാതാറില്‍ ഇങ്ങനെയൊരു സമ്മേളനം സൂപ്രണ്ട്‌ വിളിച്ചുകൂട്ടി.
എന്നാല്‍ പുതുപൊന്നാനിയില്‍ അതേ ദിവസം മുസ്‌ലിം മജ്‌ലിസിന്റെ വമ്പിച്ച സമ്മേളനം നടത്തി, മൗലവി. മജ്‌ലിസ്‌ സമ്മേളനം വന്‍ വിജയമായപ്പോള്‍ സൂപ്രണ്ടിന്റെ സമ്മേളനം അമ്പേ പരാജയപ്പെട്ടു. മജ്‌ലിസ്‌ സമ്മേളനത്തില്‍ ആലി മുസ്‌ലിയാരും അബ്‌ദുര്‍റഹ്‌മാന്‍ സാഹിബും പ്രസംഗിച്ചിരുന്നു.
ബ്രിട്ടീഷ്‌ രാജില്‍ മര്‍ദനമുറകള്‍ നിരന്തരം അരങ്ങേറിയ ഘട്ടത്തില്‍, സ്വാതന്ത്ര്യസമരം സായുധ പോരാട്ടത്തിലേക്ക്‌ മാറുമോ എന്ന ആശങ്ക നിലനിന്നിരുന്നു. മലബാര്‍ മേഖലയിലായിരുന്നു ഇതിന്‌ കൂടുതല്‍ സാധ്യതയുണ്ടായിരുന്നത്‌. ബ്രിട്ടീഷ്‌ വിരോധവും സ്വാതന്ത്ര്യവാഞ്‌ഛയും ഇത്തരമൊരു നീക്കത്തിന്‌ പ്രേരണയായി. കോണ്‍ഗ്രസ്‌ നേതൃത്വം മുസ്‌ലിംകളെ കുറ്റപ്പെടുത്താനും അവരുടെ ആത്മാര്‍ഥതയില്‍ സംശയിക്കാനും വരെ തുടങ്ങി. എന്നാല്‍ സാഹിബും മൗലവിയും ഇതംഗീകരിച്ചില്ല.
സായുധസമരം കൊണ്ട്‌ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താനാവില്ലെന്ന്‌ ഇരുവരും സമുദായത്തെ ഉണര്‍ത്തി. പ്രശ്‌നങ്ങളുണ്ടാവുന്നിടത്ത്‌ ഇവര്‍ കുതിച്ചെത്തി. സമരക്കാരെ പിന്തിരിപ്പിച്ചു. എന്നാല്‍ അവരുടെ സമരവീര്യത്തെയോ ആത്മാര്‍ഥതയെയോ സാഹിബും മൗലവിയും ചോദ്യം ചെയ്‌തില്ല. ആയുധങ്ങള്‍ താഴെവെച്ച്‌ വൈദേശിക ഭരണത്തിനെതിരെ സമരകാഹളം മുഴക്കാന്‍ സമുദായത്തെ അവര്‍ പഠിപ്പിച്ചു.
പാകിസ്‌താന്‍ വാദവുമായി മുസ്‌ലിംലീഗ്‌ രംഗത്തെത്തിയപ്പോഴും മൗലവി പ്രതികരിച്ചു. അതിനുവേണ്ടി മാത്രം തുടങ്ങിയ പത്രമാണ്‌ അമീന്‍. കോഴിക്കോട്‌ നിന്നു അനുമതി ലഭിക്കാതായപ്പോള്‍ തൃശൂരില്‍ നിന്നാണ്‌ മൗലവി അമീന്‍ പ്രസിദ്ധീകരിച്ചത്‌. കുറച്ചുകാലം ഞാനും ഇതില്‍ ജോലിചെയ്‌തിരുന്നു.
കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായി സ്വാതന്ത്ര്യസമര ഭൂമിയിലും ഇസ്വ്‌ലാഹി പ്രബോധകനായി മതസാമൂഹ്യ രംഗത്തും നിറസാന്നിധ്യമായി നിന്ന ഉപ്പ നൂറ്റാണ്ടിന്റെ സാക്ഷിയായാണ്‌ ചരിത്രമായത്‌. സ്വാതന്ത്ര്യാനന്തരവും അദ്ദേഹം ആശയാദര്‍ശങ്ങളെ കൈവിട്ടില്ല. എ ഐ സി സി അംഗമായും കെ പി സി സി വര്‍ക്കിംഗ്‌ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചു. മുജാഹിദ്‌ പ്രസ്ഥാന പ്രവര്‍ത്തന രംഗത്തും സജീവമായി നിലകൊണ്ടു.
അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌
കേരളചരിത്രത്തില്‍, ഞാന്‍ കണ്ട വിസ്‌മയ വ്യക്തിയായിരുന്നു മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌. മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ ഓണേഴ്‌സിനു പഠിക്കവേ, അബുല്‍കലാം ആസാദിന്റെ ഖിലാഫത്ത്‌ ഔര്‍ ജസീറതുല്‍ അറബ്‌ എന്ന ഗ്രന്ഥം വായിച്ചു സാഹിബ്‌. ഒന്നല്ല, മൂന്നുവട്ടം. ഐ സി എസ്‌ സ്വപ്‌നം വലിച്ചെറിഞ്ഞ്‌ കേരളത്തിലേക്ക്‌ വണ്ടി കയറി അബ്‌ദുര്‍റഹ്‌മാന്‍. ആസാദിന്റെ ഭാഷയ്‌ക്ക്‌ അത്രമേല്‍ ശക്തിയുണ്ടായിരുന്നു.
1921 ഏപ്രില്‍ 24-ന്‌ ഒറ്റപ്പാലത്തു നടന്ന സമ്മേളനത്തിലൂടെയാണ്‌ സാഹിബ്‌ ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും രംഗപ്രവേശം നടത്തുന്നത്‌. സമ്മേളനാനന്തരം നേരെപോയത്‌ മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ടേക്ക്‌. കൂടെയുണ്ടായിരുന്നത്‌ മൊയ്‌തു മൗലവി. കോഴിക്കോടിനെയും മൊയ്‌തു മൗലവിയെയും വിട്ടുപിരിഞ്ഞത്‌ പിന്നീട്‌ മരിക്കുമ്പോഴാണ്‌.
സാഹിബിന്റെ ചരിത്രം പറയുന്നത്‌ അധികപ്പറ്റാവും ഇവിടെ. പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യവും വിശ്വസിക്കുന്ന ആദര്‍ശത്തിന്റെ പ്രബോധനവും ജീവിതനിയോഗമായിക്കരുതിയ സാഹിബ്‌ കോണ്‍ഗ്രസിലും ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിലും ഒരുപോലെ പ്രവര്‍ത്തിച്ചു. ബ്രിട്ടീഷുകാരന്റെ കിരാത ഭരണത്തിനെതിരെ വിരല്‍ചൂണ്ടിയ അല്‍അമീന്‍ സമുദായത്തിലെ അനാചാരങ്ങള്‍ക്കും ജീര്‍ണതകള്‍ക്കും എതിരെ അച്ചുനിരത്തി.
അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ മതമൗലികവാദിയായിരുന്നു. മതത്തിന്റെ മൗലിക സിദ്ധാന്തങ്ങളെ അതേപടി അനുഷ്‌ഠിച്ചിരുന്നയാള്‍. പൊതുപ്രവര്‍ത്തനനിരതനായിരിക്കുമ്പോള്‍, ബാങ്ക്‌ വിളികേട്ടാല്‍ തിരക്കുമാറ്റിവെച്ച്‌ നമസ്‌കരിക്കും. അത്‌ അമുസ്‌ലിംകളുടെ വീട്ടിലാണെങ്കില്‍പോലും വുദൂ ചെയ്‌ത്‌ അവിടെവെച്ച്‌ നമസ്‌കരിക്കുമായിരുന്നു.
ജനപ്രതിനിധിയായിരിക്കവെ, മണ്ഡല സന്ദര്‍ശനത്തിനുപോകും. ചിലപ്പോള്‍ വീടുകളില്‍ ഭക്ഷണമൊരുക്കും ചിലര്‍. പ്രവര്‍ത്തകര്‍ക്കൊപ്പം സാഹിബും ഇരിക്കും. എല്ലാവരുടെയും പ്ലേറ്റ്‌ നീക്കിവെച്ചുകൊടുക്കും. ഭക്ഷണം വിളമ്പലും സാഹിബ്‌ തന്നെയാവും. എല്ലാവരോടും കഴിക്കാനാവശ്യപ്പെട്ട ശേഷം, തന്റെ മുന്നിലെ പ്ലേറ്റ്‌ കമഴ്‌ത്തിവെക്കും. എന്നിട്ട്‌ പറയും: ``ഇന്ന്‌ വ്യാഴാഴ്‌ചയാണ്‌ എനിക്ക്‌ നോമ്പാണ്‌''. വ്യാഴാഴ്‌ചകളില്‍ സ്ഥിരമായി ഐച്ഛികവ്രതം അനുഷ്‌ഠിച്ചിരുന്നു സാഹിബ്‌.
അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ അടുത്ത സുഹൃത്തും ബന്ധുവുമായിരുന്നു സീതിസാഹിബ്‌. കെ എം മൗലവിയും ആദരണീയ വ്യക്തിയായിരുന്നു. പക്ഷേ, മുസ്‌ലിം ബേങ്ക്‌ തുടങ്ങുകയും ഐക്യസംഘം അതിനു നേതൃത്വം നല്‍കുകയും ചെയ്‌തപ്പോള്‍ സാഹിബ്‌ അതംഗീകരിച്ചില്ല. 
അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ ദേശീയ പ്രസ്ഥാനത്തിലേക്ക്‌ വരുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭൂരിഭാഗം പേരും സവര്‍ണ വിഭാഗക്കാരായിരുന്നു. മുസ്‌ലിംകള്‍ നേതൃനിരയിലെത്തുന്നത്‌ ഈ സവര്‍ണവിഭാഗം ഇഷ്‌ടപ്പെട്ടിരുന്നില്ലെന്നുവേണം കരുതാന്‍. മുസ്‌ലിംകള്‍ എല്ലായ്‌പ്പോഴും അണികളായി നിന്നാല്‍ മതിയെന്നതായിരുന്നു അവരുടെ നിലപാട്‌. ഇതിനിടയിലാണ്‌ സാഹിബിന്റെയും മൗലവിയുടെയും രംഗപ്രവേശം. അവര്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്‌തു. നേതാക്കള്‍ക്കെതിരെ വിരല്‍ചൂണ്ടി. ഇത്‌ പലര്‍ക്കും ഇഷ്‌ടപ്പെട്ടില്ല.
ആദ്യ ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയാല്‍ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ ദേശീയപ്രസ്ഥാനം വിട്ട്‌ വീണ്ടും പഠനത്തിേലക്ക്‌ തിരിയും എന്നുവരെ കണക്കുകൂട്ടിയവരുണ്ടായിരുന്നു. എന്നാല്‍ ജയില്‍ശിക്ഷ ആവേശമാക്കി സ്വാതന്ത്ര്യസമര ഭൂമിയില്‍ അടിയുറച്ചുനില്‍ക്കാനായിരുന്നു ആ ദേശാഭിമാനിയുടെ തീരുമാനം. അല്‍അമീന്‍ പിറക്കുന്നത്‌ അങ്ങനെയായിരുന്നു.
സ്‌കൂളില്‍നിന്ന്‌ ജയിലിലേക്ക്‌
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാവുകയും ജയില്‍ശിക്ഷയനുഭവിക്കുകയും ചെയ്‌ത മൂന്നു തലമുറകള്‍ ഒരുപക്ഷെ ചരിത്രത്തില്‍ അപൂര്‍വമാകും. പിതാമഹന്‍ മരക്കാര്‍ മുസ്‌ല്യാരും പിതാവ്‌ മൊയ്‌തുമൗലവിയും മകനായ ഞാനും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത്‌ ജയിലില്‍ പോയിട്ടുണ്ട്‌.
ഹൈസ്‌കൂള്‍ പഠനം കോഴിക്കോട്‌ ഗണപത്‌ സ്‌കൂളിലായിരുന്നു. അന്ന്‌ പിതാവ്‌ മൊയ്‌തു മൗലവി സാഹിബിന്റെ കൂടെ അല്‍അമീന്‍ ലോഡ്‌ജിലായിരുന്നു. എന്റെ താമസവും അവരോടൊപ്പം തന്നെ. സാഹിബും അല്‍അമീനും ദേശീയപ്രസ്ഥാനവും അതിന്റെ നേതാക്കളും എന്റെ കൗമാരമനസ്സില്‍ വിസ്‌മയം നിറച്ചു.
വിദ്യാര്‍ഥിയായിരിക്കെ, 1944-ലെ ക്വിറ്റ്‌ഇന്ത്യാ സമരം നടക്കുമ്പോഴാണ്‌ എന്റെ മൂന്നുമാസ ജയില്‍വാസം. സമരത്തിന്റെ ഭാഗമായുള്ള ലഘുലേഖകള്‍ ഞാന്‍ കോഴിക്കോട്ട്‌ വിതരണം ചെയ്‌തിരുന്നു. അടുത്ത ദിവസം പൊന്നാനി, വള്ളുവനാട്‌ താലൂക്കുകളിലും നോട്ടീസ്‌ വിതരണം നടത്തി. ഇതിനിടെയാണ്‌ പോലീസ്‌ പിടിയിലായത്‌. വിചാരണയും ജയില്‍ശിക്ഷയും കോഴിക്കോട്ടായിരുന്നു. എനിക്ക്‌ 17 വയസ്സാണ്‌ അന്ന്‌.
ശിക്ഷയനുഭവിച്ചതോടെ സ്‌കൂളില്‍ നിന്ന്‌ പുറത്താക്കി. മദ്രാസ്‌ വിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക്‌ മാപ്പപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കാമെന്ന്‌ അറിയിച്ചു. സാഹിബിനോടും ഉപ്പയോടും വിവരം പറഞ്ഞു. ബ്രിട്ടീഷുകാരോട്‌ മാപ്പപേക്ഷിക്കാന്‍ മാത്രമുള്ള തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും മാപ്പ്‌ പറയേണ്ടെന്നുമായി സാഹിബ്‌. പിന്നീട്‌ സ്വന്തമായി പഠിച്ച്‌ പത്താം ക്ലാസ്‌ പാസായി.
സ്വാതന്ത്ര്യലബ്‌ധി വരെ കോണ്‍ഗ്രസുകാരനായിത്തന്നെ നിലകൊണ്ടു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിന്റെ നിലപാടിനോട്‌ യോജിക്കാനായില്ല. മുന്നണിയും മുന്നണി മാറ്റങ്ങളുമായി കോണ്‍ഗ്രസ്‌ നിരാശപ്പെടുത്തി. അങ്ങനെയാണ്‌ എന്റെ തന്നെ നേതൃത്വത്തില്‍ റവല്യൂഷണറി സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ കേരള ഘടകം രൂപീകൃതമാവുന്നത്‌. അതിന്‌ സഖാവ്‌ എന്ന പേരില്‍ ഒരു മുഖപത്രവും തുടങ്ങി. അതിന്റെ പത്രാധിപരും ഞാനായിരുന്നു.
അല്‍അമീനില്‍ നിന്ന്‌ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച എന്റെ വഴിയും പത്രപ്രവര്‍ത്തനമായിരുന്നു. തൃശൂരില്‍നിന്ന്‌ ഉപ്പ പ്രസിദ്ധീകരിച്ച അമീന്‍, എറണാകുളത്തു നിന്ന്‌ പുറത്തിറങ്ങിയിരുന്ന ജയ്‌ഹിന്ദ്‌ ഈവനിംഗ്‌ പത്രം എന്നിവയിലൂം ജോലിചെയ്‌തു.
എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയായിരുന്നു അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌. പ്രത്യാശയുടെ ചൈതന്യഭാവം സദാ സ്‌ഫുരിച്ചുനില്‍ക്കുന്ന ആ മുഖം ഇന്നും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു. സാഹിബിന്റെ മരണവാര്‍ത്ത എന്റെ ഹൃദയത്തില്‍ സൃഷ്‌ടിച്ച വല്ലാത്തൊരു ശൂന്യത ഇന്നും നികത്തപ്പെട്ടിട്ടില്ല. മരണവിവരം അറിയിച്ച്‌ സാഹിബിന്റെ സുഹൃത്തുക്കള്‍ക്കും പ്രധാന നേതാക്കള്‍ക്കും കമ്പിയടിച്ചത്‌ ഞാനായിരുന്നു. അന്ന്‌ ഞാനനുഭവിച്ച ഹൃദയവേദന വാക്കുകള്‍ക്കപ്പുറമായിരുന്നു. പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ജീവിതത്തില്‍ തന്നെയും സാഹിബും എന്റെ പിതാവും പകര്‍ന്നു തന്ന മൂല്യബോധം ഇന്നും ഞാന്‍ കാത്തുസൂക്ഷിക്കുന്നുണ്ട്‌.
മുസ്‌ലിം സമൂഹം
കേരള മുസ്‌ലിംകളില്‍ നവോത്ഥാനമുണ്ടാക്കിയത്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനമാണ്‌. പില്‍ക്കാലത്ത്‌ കടന്നുവന്ന സംഘടനകളും സമുദായപുരോഗതിയില്‍ അവരുടേതായ പങ്കുവഹിച്ചു.
ഇന്ന്‌ സാമുദായികമായി പുരോഗതി കൈവരിച്ചപ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ അനൈക്യം വര്‍ധിക്കുന്നുണ്ടെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അനൈക്യം നല്ലതല്ല. ഐക്യത്തിനുവേണ്ടിയുള്ള ഐക്യവും വേണമെന്നില്ല. ഐക്യപ്പെടാവുന്ന മേഖലകളില്‍ ആത്മാര്‍ഥമായ ഐക്യമാണുണ്ടാവേണ്ടത്‌. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പൊതുവിഷയങ്ങളില്‍ യോജിപ്പുണ്ടാക്കിയാല്‍ ആര്‍ക്ക്‌, എന്താണ്‌ നഷ്‌ടപ്പെടുക?
വിദ്യാഭ്യാസരംഗത്ത്‌ ഇനിയും മുന്നേറേണ്ടതുണ്ട്‌. വൈവാഹിക-നിര്‍മാണ രംഗങ്ങളില്‍ ആര്‍ഭാടവും ധൂര്‍ത്തും ഏറിവരികയാണ്‌. സാമൂഹ്യദുരാചാരങ്ങള്‍ പുതിയ രൂപത്തില്‍ എത്തിക്കൊണ്ടിരിക്കുകയാണ്‌. സമുദായ ഐക്യത്തിലൂടെ മാത്രമേ ഇവയെ പ്രതിരോധിക്കാനാവൂ.
ജിന്നും മുടിയും
സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ തിരുമുടിയും മുജാഹിദു വിഭാഗങ്ങള്‍ക്കിടയില്‍ ജിന്നും പുതിയ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന്‌ കേട്ടു. ഇത്‌ രണ്ടും അനാവശ്യവിവാദങ്ങളാണ്‌. സമുദായത്തെ അപഹാസ്യമാക്കാനേ ഇവയുപകരിക്കൂ. നിലവിലുള്ള അന്ധവിശ്വാസങ്ങളെ വിപാടനം ചെയ്യാന്‍ ബാധ്യതപ്പെട്ട മുജാഹിദുകള്‍ക്കെങ്ങനെ പുതിയ അന്ധവിശ്വാസങ്ങളെ സ്വീകരിക്കാനാവും. പ്രസ്ഥാനത്തിന്റെ അടിവേരിന്‌ കത്തിവെക്കലാണിത്‌.

0 comments: