Madhyamam

  • Posted by Sanveer Ittoli
  • at 8:40 PM -
  • 0 comments
Madhyamam

ഇവിടെയുണ്ട് വായന ജീവശ്വാസമായ ഒരാള്‍

കോഴിക്കോട്: വായന മരിക്കുന്നുവെന്ന വിലാപങ്ങള്‍ക്കിടയില്‍ ഇതാ ഇവിടെയുണ്ട്, വായിക്കാതെ ജീവിക്കാന്‍ കഴിയാത്ത ഒരാള്‍. വലിയ വാണിജ്യസ്ഥാപനത്തിന്‍െറ അധിപനായിരുന്നിട്ടും പുസ്തകങ്ങള്‍ മാത്രം സ്വത്തായി കരുതുന്ന ഒരാള്‍. ആറ്റംബോംബ് മുതല്‍ കൈരേഖാ ശാസ്ത്രം വരെ ഏത് വിഷയങ്ങളുടെയും പുസ്തകങ്ങള്‍ ശേഖരിച്ച് ഓമനിക്കുന്ന ഒരാള്‍. 95 വയസ്സ് പിന്നിടുമ്പോഴും വായനയാണ് ഇദ്ദേഹത്തിന് ജീവിതം. ഇത് എക്സല്‍ ബീരാന്‍ കോയ. ഒരുകാലത്ത് മലബാറിലെ ഏറ്റവും വലിയ ഇലക്ട്രോണിക്-വൈദ്യുതി വിപണന വിതരണ രംഗത്തെ കുത്തകയായിരുന്ന എക്സല്‍ റേഡിയോയുടെ സ്ഥാപകന്‍. 1940കളില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ ഇതടക്കം മൂന്നോ നാലോ വാണിജ്യ കേന്ദ്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. ബുഷ് റേഡിയോ, വോള്‍ട്ടാസ് എന്നീ കമ്പനികളുടെ മലബാറിലെ ആദ്യവിതരണക്കാരനും സേവനദാതാവും. എ.സി, ഫ്രിഡ്ജ്, എകസ്റേ, ആംപ്ളിഫയര്‍, റേഡിയോ, ട്രാന്‍സ്ഫോര്‍മര്‍ അങ്ങനെ എന്തും ബീരാന്‍കോയക്ക തൊട്ടാല്‍ നന്നാകും. അതിനാല്‍, ജവഹര്‍ലാല്‍ നെഹ്റു അടക്കം നേതാക്കള്‍ എത്തുമ്പോഴെല്ലാം പ്രസംഗവേദിയില്‍ ഉപയോഗിച്ചത് റേഡിയോ എക്സലിന്‍െറ ഉപകരണങ്ങള്‍. റേഡിയോ അദ്ഭുതമായിരുന്ന അക്കാലത്ത് പലയിടങ്ങളില്‍നിന്നായി ലഭിച്ച സ്പെയര്‍ പാര്‍ട്സുകള്‍ ചേര്‍ത്ത് റേഡിയോ പ്രവര്‍ത്തിപ്പിച്ചായിരുന്നു തുടക്കം. 70കളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ഓര്‍ത്തോ വിഭാഗത്തില്‍ എത്തിയ എക്സ്റേ യന്ത്രം പ്രവര്‍ത്തിപ്പിക്കാനാകാതെ അധികൃതര്‍ വിദഗ്ധരെ കാത്ത് ബുദ്ധിമുട്ടുമ്പോള്‍ യന്ത്രം നിഷ്പ്രയാസം നന്നാക്കി പുഞ്ചിരിച്ചുനിന്നു, ഈ മനുഷ്യന്‍.
തിരുച്ചിറപ്പള്ളി സെന്‍റ് ജോസഫ്സ് കോളജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം കോഴിക്കോട് സാമൂതിരി സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ വായനാ തല്‍പരനായിരുന്നു. 20ാം വയസ്സില്‍ തുടങ്ങിയതാണ് ഗ്രന്ഥ ശേഖരണം. വലിയങ്ങാടിയില്‍ അമ്മാവന്‍ നടത്തിയിരുന്ന കടയില്‍ ചെന്നിരിക്കുമ്പോള്‍ തൊട്ടടുത്ത പുകയിലക്കടയില്‍ പൊതിയാന്‍ കൊണ്ടുവന്ന അമേരിക്കന്‍ വാരികകളിലെ അണുബോംബിനെക്കുറിച്ചുള്ള ലേഖനം വായിച്ച് ഹരംകയറി. വിദേശ മാഗസിനുകളും പുസ്തകങ്ങളും ശേഖരിച്ചു. ഒരുമാസം പുസ്തകത്തിനായി ചെലവഴിച്ചത് 5000ഓളം രൂപ. വീട്ടിലെ ഒരുമുറി നിറയെ 10,000ഓളം പുസ്തകങ്ങള്‍. വിഷയങ്ങള്‍ ശാസ്ത്രം, മതം, സാങ്കേതിക വിദ്യ, ഓട്ടോമൊബൈല്‍, സെല്‍ഫ് ഹെല്‍പ് അങ്ങനെ എന്തും. പല ഭാഷകളിലായി ആനുകാലികങ്ങള്‍. കോമണ്‍വെല്‍ത്ത് കമ്പനിയുടെ തലവനായിരുന്ന ബോളണ്ട് സായിപ്പ് ഇംഗ്ളണ്ടിലെ ശാസ്ത്ര ഗ്രന്ഥങ്ങള്‍ അയച്ചുകൊടുക്കും. തിരിച്ച് ബീരാന്‍കോയ കഥകളിയെപറ്റിയും കേരളീയ കലകളെക്കുറിച്ചുമുള്ള ഗ്രന്ഥങ്ങള്‍ അയക്കും.
കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും വീട്ടില്‍ അതിഥികള്‍ക്കുപോലും സമ്മാനമായി നല്‍കിയിരുന്നത് പുസ്തകങ്ങളായിരുന്നു. ഇപ്പോഴും കോഴിക്കോട് ആനിഹാള്‍ റോഡിലെ വീട്ടില്‍ പുസ്തകങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും കൂട്ടിരിപ്പായി ഇദ്ദേഹമുണ്ട്. എങ്കിലും ഈയിടെയായി നല്ല സുഖമില്ളെന്ന് ഇദ്ദേഹം പറയുന്നു. ഇതോടെ മിനുക്കിത്തുടച്ച് സൂക്ഷിച്ചുവെച്ച പുസ്തകങ്ങള്‍ അനാഥമായി. ചിതല് തിന്നും വെള്ളം നനഞ്ഞും കേടുവന്നു. കുറെ പുസ്തകങ്ങള്‍ പലര്‍ക്കായി കൊടുത്തു. എങ്കിലും നേരം പുലരുമ്പോള്‍ ഏതെങ്കിലും പുസ്തകമോ വാരികയോ കൈയില്‍വെച്ച് ബീരാന്‍കോയക്ക ഇരിക്കും. അറിവിന്‍െറ പുതിയ പ്രഭാതം തേടി. COURTESY:Madhyamam

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: