ട്യൂഷനോമാനിയയും സമാന്തര വിദ്യാഭ്യാസവും

  • Posted by Sanveer Ittoli
  • at 8:14 PM -
  • 0 comments


shabab_editorial_june_6_2014



ട്യൂഷനോമാനിയയും സമാന്തര വിദ്യാഭ്യാസവും

പഠനം, പ്രത്യേക പഠനം, സ്വകാര്യ പഠനം എന്നെല്ലാം അര്‍ഥം വരുന്ന ഒരു പദമാണ്‌ ട്യൂഷന്‍ എന്ന ഇംഗ്ലീഷ്‌ സംജ്ഞ. ട്യൂട്ടര്‍, ലക്‌ചറര്‍, പ്രഫസര്‍ തുടങ്ങിയവ കോളെജ്‌ അധ്യാപകരുടെ വിവിധ സ്ഥാനങ്ങളാണ്‌. കോളെജ്‌ ട്യൂട്ടറുടെ മേല്‍നോട്ടത്തിലുള്ള വിദ്യാര്‍ഥി സമ്മേളനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കുന്ന പദമാണ്‌ ട്യൂട്ടോറിയല്‍. വിദ്യാലയങ്ങളില്‍ പരീക്ഷകളില്‍ നിര്‍ദിഷ്‌ട മാര്‍ക്ക്‌ ലഭിച്ചവര്‍ ജയിക്കുകയും അല്ലാത്തവര്‍ തോല്‌ക്കുകയും ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന്‌ പത്താംതരത്തില്‍ തോറ്റ പരീക്ഷകള്‍ ജയിക്കാന്‍ വീണ്ടും പഠിക്കാന്‍ വിദ്യാര്‍ഥികള്‍ ആശ്രയിച്ചിരുന്ന ഇടമായിരുന്നു ട്യൂട്ടോറിയല്‍ കോളെജുകള്‍. കാലക്രമത്തില്‍ വിജയം വരിക്കാന്‍ പഠിക്കണമെന്നില്ല എന്ന അവസ്ഥയിലെത്തിയപ്പോള്‍ വിദ്യാലയഫൈനല്‍ (പത്താംതരം) കഴിഞ്ഞാല്‍ തുടര്‍പഠനത്തിനിടമില്ലാതായി. അപ്പോള്‍ മുന്‍പ്‌ പ്രീഡിഗ്രി കോഴ്‌സിനും ഇപ്പോള്‍ പ്ലസ്‌ടുവിനും പൊതുധാരയില്‍ പ്രവേശനം ലഭിക്കാത്തവരും ലഭിക്കാന്‍ സാധ്യതയില്ലാത്തവരും ട്യൂട്ടോറിയലുകളെ ആശ്രയിക്കാന്‍ തുടങ്ങി. തോറ്റവര്‍ക്കുള്ള പഠനം എന്നതിനുപകരം സമാന്തരവിദ്യാഭ്യാസ ക്രമമായി ട്യൂട്ടോറിയലുകള്‍ വളര്‍ന്നുവന്നു. അങ്ങനെ ട്യൂട്ടോറിയലുകളും ട്യൂഷന്‍ സെന്ററുകളും നാട്ടില്‍ പെരുകിവന്നു. ബിരുദധാരികള്‍ നാട്ടില്‍ പെരുകിയപ്പോള്‍ അവര്‍ക്കുള്ള താല്‌ക്കാലിക ജോലിയായി ഇത്തരം സെന്ററുകള്‍ മാറുകയും ചെയ്‌തു. ഇതെല്ലാം കാലത്തിനനുസരിച്ച മാറ്റങ്ങള്‍ മാത്രമാണ്‌.
മെഡിക്കല്‍, എന്‍ജിനീയറിംഗ്‌ രംഗത്ത്‌ എന്‍ട്രന്‍സ്‌ ഏര്‍പ്പെടുത്തിയതോടെ എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ ഒരു പ്രഫഷനായി നിലനിന്നു. അതിന്‌ ഔദ്യോഗിക സംവിധാനങ്ങളില്ലതാനും. കുട്ടികള്‍ക്കാശ്വാസവുമാണ്‌. ആ രംഗത്ത്‌ മത്സരം ശക്തമായി. ചില കേന്ദ്രങ്ങളില്‍ പഠിച്ചാല്‍ എന്‍ട്രന്‍സ്‌ കിട്ടിയിരിക്കും എന്ന തരത്തില്‍ പ്രചാരണവും പരസ്യവും വന്നു. ഇത്തരം കേന്ദ്രങ്ങളില്‍ അവര്‍ പറയുന്ന ഫീസ്‌, സൗകര്യങ്ങളെപ്പറ്റി ചോദ്യമില്ല. മറുവാക്കില്ല, സമരങ്ങളില്ല, അച്ചടക്കത്തിന്റെ മകുടോദാഹരണങ്ങള്‍! എന്‍ജിനീയറിംഗ്‌ പിജിക്കുള്ള ഗെയ്‌റ്റ്‌ കോച്ചിംഗിനുള്ള അതിപ്രശസ്‌തമായ ചില കേന്ദ്രങ്ങളില്‍ രാവിലെ ആറു മുതല്‍ രാത്രി എട്ടു മണിവരെ കോച്ചിംഗ്‌. അടിസ്ഥാന സൗകര്യങ്ങളില്ല. കുട്ടികള്‍ താമസിക്കുന്ന ഇടംകണ്ടാല്‍ കരയാതിരിക്കാന്‍ രക്ഷിതാവിന്നാവില്ല. എങ്കിലും പരാതിയില്ല. കാരണം അഞ്ചക്ക സംഖ്യ ഫീസ്‌ ആദ്യമേ ഒടുക്കിക്കഴിഞ്ഞു. ഫാക്കല്‍റ്റി നന്നായിരിക്കുമെന്ന ഒരേയൊരു ഗുണത്തില്‍ പിടിച്ചുനില്‌ക്കുന്നു.
സംസ്ഥാന ബജറ്റിന്റെ നല്ലൊരു ശതമാനം ചെലവഴിക്കപ്പെടുന്നത്‌ വിദ്യാഭ്യാസത്തിനാണ്‌. ആ ശതകോടികളില്‍ പെടാത്ത പൗരന്റെ സ്വന്തം പണം ചെലവഴിച്ചുള്ള സമാന്തര വിദ്യാഭ്യാസമാണ്‌ മേല്‍പറഞ്ഞത്‌. കോടികള്‍ ചെലവഴിക്കപ്പെടുന്ന ഔപചാരിക വിദ്യാലയങ്ങള്‍ ഉറങ്ങുകയും വലിയ ശമ്പളക്കാരായ അധ്യാപകര്‍ സൈഡ്‌ ബിസിനസില്‍ വ്യാപൃതരാവുകയും ചെയ്‌ത ഇടക്കാലത്ത്‌ പണമുള്ളവര്‍ ട്യൂഷന്‍ നല്‌കി നഷ്‌ടം നികത്തി. സാധാരണക്കാരന്‍ കഷ്‌ടത്തിലായി. ഈ സത്യം ഏറെ വൈകി മനസ്സിലാക്കിയ വിദ്യാഭ്യാസവകുപ്പ്‌ മാറ്റത്തിന്‌ തയ്യാറായി. ഡി പി ഇ പി, എസ്‌ എസ്‌ എ തുടങ്ങിയ പദ്ധതികള്‍ വിദ്യാഭ്യാസരംഗത്ത്‌ പരിവര്‍ത്തനങ്ങളുമായി വന്നു. വിദ്യാലയരംഗം സജീവമായി. പണിയെടുക്കാത്തവര്‍ക്ക്‌ പണിപോകുമെന്ന ധാരണയുണ്ടായി. സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങള്‍ കവലകള്‍ തോറും വന്നു. പൊതുവിദ്യാഭ്യാസത്തിന്റെ നിലനില്‌പുതന്നെ അപകടത്തിലാവുമെന്ന സ്ഥിതിയുണ്ടായി. തന്നിമിത്തമുണ്ടായ ജാഗരണത്തില്‍ പൊതുവിദ്യാഭ്യാസരംഗം ഏറെ സജീവവും ഫലവത്തും ആയിത്തീര്‍ന്നു. പ്രഗത്ഭരായ അധ്യാപകര്‍, അവര്‍ക്ക്‌ നിരന്തരം ശാക്തീകരണം. ഭൗതിക സൗകര്യങ്ങള്‍ക്ക്‌ ഫണ്ട്‌ ഒഴുകി. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മുഴുവന്‍ നല്ല നിലയില്‍ തന്നെ മുന്നോട്ടുനീങ്ങുന്നു. ഒരിക്കലും ഒരു സ്വകാര്യ സ്ഥാപനത്തിന്‌ എത്തിപ്പിടിക്കാനാവാത്ത വിധം അവ മികച്ചുനിന്നു. സൗകര്യത്തിലും പഠനത്തിലും. ഇതാണ്‌ ഇപ്പോള്‍ നിലവിലുള്ള അവസ്ഥ.
എന്‍ട്രന്‍സുകള്‍ക്കോ പ്രത്യേക കോഴ്‌സുകള്‍ക്കോ ട്യൂഷനും കോച്ചിംഗും ആവശ്യമാണ്‌. പത്ത്‌, പന്ത്രണ്ട്‌ എന്നീ പൊതുപരീക്ഷകളില്‍ ഉന്നത സ്‌കോര്‍ ഉദ്ദേശിച്ചുകൊണ്ട്‌ പഠിതാക്കളെ ഒന്നുകൂടി പിന്തുണ നല്‌കി പ്രത്യേക പഠനം (ട്യൂഷന്‍) നല്‌കുന്നതും തെറ്റില്ല. എന്നാല്‍ ഒന്നുമുതല്‍ പത്തു വരെയും പതിനൊന്നും പന്ത്രണ്ടും വേറെയും സ്ഥിരമായി ട്യൂഷന്‍ സെന്ററില്‍ കുട്ടികളെ കെട്ടിയിടുന്ന ഒരു തരം ട്യൂഷനോമാനിയ പടര്‍ന്നുപിടിച്ചതു പോലെയാണ്‌ ഇന്നത്തെ സമൂഹത്തിന്റെ പോക്ക്‌. മധ്യവേനലവധിയും ഓണം, ക്രിസ്‌തുമസ്‌ അവധികളും പ്രതിവാര അവധി ദിനങ്ങളുമെല്ലാം ട്യൂഷന്‍ സെന്ററില്‍. കൂടാതെ, അതിരാവിലെയും വൈകുന്നേരങ്ങളിലും പ്രത്യേക പഠനവും. ഇത്രമാത്രം പഠിപ്പിക്കല്‍ യജ്ഞത്തിനു മാത്രം വകയുണ്ടോ വിദ്യാലയ വിദ്യാഭ്യാസം? അതോ വിദ്യാലയങ്ങള്‍ക്കകത്ത്‌ ഒന്നും നടക്കുന്നില്ല എന്നാണോ? പുതിയ പാഠ്യപദ്ധതിയും മാറുന്ന പാഠപുസ്‌തകങ്ങളും അനുസരിച്ച്‌ നിരന്തരം പരിശീലനം ലഭിക്കുന്ന പരിചയസമ്പന്നരായ അധ്യാപകര്‍ പഠിപ്പിച്ചത്‌ പോരാഞ്ഞ്‌ ട്യൂഷന്‍ നല്‌കുന്നതോ പ്ലസ്‌ ടുക്കാരും കഷ്‌ടിച്ച്‌ ഡിഗ്രികഴിഞ്ഞവരും. അവര്‍ക്കാണെങ്കില്‍ യാതൊരു പരിശീലനവുമില്ലതാനും.
ഇത്‌ ആരെയും കുറച്ചു കാണിക്കാന്‍ വേണ്ടി പറയുന്നതല്ല. സമൂഹത്തിന്റെ വികലധാരണകളെപ്പറ്റി സൂചിപ്പിക്കാന്‍ വേണ്ടി മാത്രം. `സ്‌കൂള്‍ ഗോയിംഗ്‌' എന്ന്‌ പരസ്യം കാണുന്ന എല്ലാറ്റിനും നാം അടിപ്പെടണമെന്നില്ല. അയല്‍പക്കത്ത്‌ എല്ലാവരും ട്യൂഷനുപോകുന്നു; ഞാനും പോകുന്നു. അത്ര തന്നെ. രക്ഷിതാക്കള്‍ കുറച്ചുകൂടി ജാഗ്രത പാലിക്കുകയും വിദ്യാഭ്യാസത്തില്‍ ശ്രദ്ധ ചെലുത്തുകയും വേണം. പണം മുടക്കുകയല്ല. മുസ്‌ലിംസമൂഹം ഏറെ ജാഗ്രത പാലിക്കപ്പെടേണ്ടതുണ്ട്‌. പൊതു വിദ്യാഭ്യാസത്തിന്‌ സമാന്തരമായി മതവിദ്യാഭ്യാസം കൂടി നല്‌കുന്ന ശ്ലാഘനീയവും മാതൃകാപരവുമായ ഒരു വിദ്യാഭ്യാസരീതി കേരള മുസ്‌ലിംകള്‍ വളര്‍ത്തിയെടുത്തു. ഈ രംഗത്ത്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം ചെയ്‌ത സേവനങ്ങള്‍ തുല്യതയില്ലാത്തതാണ്‌. നിര്‍ഭാഗ്യവശാല്‍ ഇസ്വ്‌ലാഹീ രംഗത്ത്‌ പ്രവര്‍ത്തിച്ചവര്‍ പലരും ഈ മഹത്വം മനസ്സിലാക്കുന്നില്ല എന്ന്‌ തോന്നുമാറ്‌ ധാര്‍മിക വിദ്യാഭ്യാസരംഗം നിലവാരം കുറഞ്ഞുവരുന്നു എന്നു പറയേണ്ടി വരും. അഞ്ചാം തരം വരെ നിര്‍ബന്ധമായും ഏഴുവരെ `തട്ടിയും മുട്ടിയും' മതപഠനം ഒപ്പിച്ചെടുക്കുന്നവരാണ്‌ മിക്ക ആളുകളും. സ്‌കൂളും ട്യൂഷനും മദ്‌റസയും കൂടി ഭാരമാകുമ്പോള്‍ പലപ്പോഴും അവസാനം പറഞ്ഞത്‌ `കട്ട്‌' ചെയ്യുന്ന പ്രവണത കണ്ടുവരുന്നു. യാഥാസ്ഥിതിക സമൂഹം കാണിക്കുന്ന (ബാഹ്യമെങ്കിലും) താത്‌പര്യമെങ്കിലും ഉത്‌പതിഷ്‌ണുക്കളില്‍ നിന്നുണ്ടാകുന്നില്ല. തടസ്സം നില്‌ക്കുന്ന ഒരു ഘടകം അമിത ട്യൂഷന്‍ ത്വരയാണ്‌.
ഏഴാം ക്ലാസ്‌ കഴിയുമ്പോള്‍ കുട്ടിക്ക്‌ പന്ത്ര ണ്ടു വയസ്സ്‌. വകതിരിവെത്തുമ്പോഴേക്ക്‌ ധാര്‍മിക ദിശാബോധം നല്‌കുന്ന രംഗം വിടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ നിര്‍ണായകഘട്ടമായ കൗമാരം വ്യക്തമായ ധാര്‍മികാടിത്തറയില്‍ വളരാതിരുന്നാല്‍ ആ തലമുറയ്‌ക്ക്‌ ശരിയായ ദിശാബോധം നഷ്‌ടപ്പെടും. ഈ വസ്‌തുത തിരിച്ചറിഞ്ഞുകൊണ്ട്‌ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തപ്പെടുന്ന അവധിക്കാല ധര്‍മപഠന ക്യാമ്പുകളില്‍ ഹാജര്‍ കുറവാണ്‌. തടസ്സമായി പറയപ്പെടുന്ന ഒരു കാരണം ട്യൂഷനാണ്‌. നന്മകളുടെ തുരുത്തുകളിലേക്ക്‌ കൈപ്പിടിച്ചുകൊണ്ടുപോകാന്‍ അവസരവും ആളും കുറവാണെങ്കിലും തിന്മയിലേക്ക്‌ മാടിവിളിക്കാനും ജീര്‍ണതയുടെ തുരുത്തുകളിലേക്ക്‌ ആനയിക്കുവാനും ആളേറെയുണ്ട്‌. മുതിര്‍ന്ന തലമുറ ഉള്‍ക്കൊള്ളാന്‍ നേരം വൈകിയാല്‍ അപടകമാണ്‌. തങ്ങളുടെ കുട്ടികള്‍ക്ക്‌ ഭൗതിക വിദ്യാഭ്യാസം നല്‌കേണ്ട എന്നോ ആ രംഗത്ത്‌ മുന്‍പന്തിയിലെത്താന്‍ മത്സരിക്കേണ്ട എന്നോ അല്ല ഇപ്പറഞ്ഞതിനര്‍ഥം. അതിരുകവിഞ്ഞ ട്യൂഷനോമാനിയ എന്ന വികല സങ്കല്‌പം മാറ്റിവയ്‌ക്കണമെന്നും ആവശ്യമുള്ളത്‌ നഷ്‌ടപ്പെടുത്തരുതെന്നുമാണ്‌. l

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: