SHABAB EDITORIAL 13_JUNE_2014/
കടത്തിക്കൊണ്ടുവരുന്ന വിദ്വേഷ പ്രചരണം
കേരളത്തിലെ മുസ്‌ലിം അനാഥാലയങ്ങള്‍ വീണ്ടും വിവാദച്ചുഴികളില്‍ അകപ്പെട്ടിരിക്കുകയാണ്. അടുത്ത കാലത്തായി വളരെയേറെ കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്. ഒരു പ്രശ്‌നം എത്ര ചെറുതാണെങ്കിലും മുസ്‌ലിംകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിവാദമാക്കുക, ചര്‍വിത ചര്‍വണങ്ങള്‍ക്കു ശേഷം ച്യൂയിംഗം പോലെ നിസ്സംഗമായി തുപ്പിക്കളയുക. സ്ഥാപിത താത്‌പര്യക്കാരും മീഡിയയും ഇതില്‍ മത്സരിക്കുന്നു. ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്‌ട്രത്തില്‍ ഈ വിവേചനം അരുത്. വസ്‌തുതകളെ വസ്‌തുതകളായി കാണാതെ നിറം പകര്‍ന്ന് വെടക്കാക്കുന്ന പ്രവണത നീചമാണ്. യതീംഖാനയില്‍ പഠിച്ച ഒരു പെണ്‍കുട്ടി പതിനെട്ടു വയസ്സു തികയാതെ വിവാഹിതയായി. അതിലുള്ള നിയമപരമായ പോരായ്‌മ ആര്‍ക്കും മനസ്സിലാകും. ആ അപാകം പരിഹരിച്ചാല്‍ മതി. അതിന്റെ പേരില്‍ ആ കുട്ടിയെ പത്തു പതിനഞ്ചു വര്‍ഷം പോറ്റി വളര്‍ത്തിയ സ്ഥാപനത്തെ പ്രതിസ്ഥാനത്തു നിര്‍ത്തി വിചാരണ ചെയ്യുക മാത്രമല്ല, പ്രശ്‌നം സാമാന്യവത്‌കരിച്ച് യതീംഖാനകളെ ഒന്നടങ്കം കരിതേക്കുന്ന പ്രവണത കഴിഞ്ഞ വര്‍ഷമാണ് അരങ്ങേറിയത്. ഇപ്പോഴിതാ യതീംഖാനകള്‍ `മനുഷ്യക്കടത്തി'ന്റെ ഹോള്‍സെയില്‍ ഏജന്‍സി ആയി ചിത്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
എന്താണ് വസ്‌തുത? 2014 മെയ് 24,25 തിയതികളിലായി കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് രണ്ട് സംഘം കുട്ടികള്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി. ഭഗല്‍പൂര്‍ (ബീഹാര്‍), ഗോദ്ദ (ഝാര്‍ഖണ്ഡ്), മാള്‍ഡ (പശ്ചിമ ബംഗാള്‍) എന്നിവിടങ്ങളില്‍ നിന്നായി 579 കുട്ടികളാണ് കേരളത്തിലെത്തിയത്. മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ, കോഴിക്കോട് ജില്ലയിലെ മുക്കം മുസ്‌ലിം ഓര്‍നേജ് എന്നീ അനാഥാലയങ്ങളിലേക്ക് പഠനത്തിനെത്തിയതായിരുന്നു ഈ കുട്ടികള്‍. അവരില്‍ അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവരുന്ന ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികളും പുതുതായി ഈ സ്ഥാപനങ്ങളില്‍ ചേര്‍ക്കാന്‍ വേണ്ടി എത്തിയവരും ഉണ്ട്. കൂടെ അധ്യാപകരും ഏതാനും രക്ഷിതാക്കളും ഉണ്ടായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉര്‍ദു ഗാനാലാപനത്തില്‍ എ ഗ്രേഡ് നേടിയ കുട്ടിയും കൂട്ടത്തിലുണ്ട്. ഈ കുട്ടികളെ കൊണ്ടുവന്ന ഉസ്‌താദുമാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 370 (5) വകുപ്പുപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. മനുഷ്യക്കടത്ത് എന്ന ഭീകരനാമവും നല്‌കി ആഭ്യന്തര വകുപ്പ് ഇതിനെ മീഡിയയ്‌ക്ക് കളിക്കാന്‍ കൊടുത്തു. കേരളത്തിന്റെ ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല തികച്ചും അപക്വമായ പ്രസ്‌താവനയിറക്കി. പൊലീസാകട്ടെ നീചവും ക്രൂരവുമായി ഇവരോടു പെരുമാറി.
ഇതില്‍ എന്താണ് പ്രശ്‌നമുണ്ടായത്? കുട്ടികളെ കൊണ്ടുവന്ന ചിലരുടെ അശ്രദ്ധയോ പിടിപ്പുകേടോ മൂലം കുട്ടികളില്‍ ചിലര്‍ക്ക് തീവണ്ടി ടിക്കറ്റില്ലായിരുന്നു. ചില കുട്ടികള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ പഠനത്തിനു പോകുമ്പോള്‍ ആവശ്യമായ നിയമപരമായ രേഖകള്‍ കൈവശമുണ്ടായിരുന്നില്ല. ടിക്കറ്റില്ലാത്തവര്‍ക്ക് ഫൈന്‍ ചാര്‍ത്തുകയും രേഖകളില്ലാത്തവരോട് അവ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌താല്‍ തീരാവുന്ന ഒരു ചെറിയ പ്രശ്‌നം കേരളം അപകടത്തിലേക്കു നീങ്ങുന്നു എന്ന രീതിയില്‍ വിവാദമാക്കിയത് പൊലീസിലെ ചിലരും ചില മാധ്യമ പ്രവര്‍ത്തകരുമാണ്. ഈ കുട്ടികള്‍ മുസ്‌ലിം കുട്ടികളായിരുന്നു എന്നതല്ലാതെ ഈ കോലാഹലത്തിന് വേറെ കാരണം ഒന്നും കാണുന്നില്ല. സാങ്കേതികവും നിയമപരവുമായ ഒരു കാര്യം മനുഷ്യക്കടത്ത്, മാംസക്കച്ചവടം, അവയവക്കടത്ത്, ബാലവേല, തീവ്രവാദം തുടങ്ങിയ അത്യന്തം `സെന്‍സിറ്റീവ്' ആയ തലങ്ങളിലെത്തിച്ച് ചര്‍ച്ച ചെയ്‌തത് തത്‌പരകക്ഷികളായിരുന്നു. മാത്രമല്ല, അനാഥശാലകള്‍ കേരളത്തിലെ തീവ്രവാദ കേന്ദ്രങ്ങളാണ് എന്നും മറ്റുമുള്ള പ്രചാരണം എത്ര ജുഗുപ്‌സാവഹമായിപ്പോയി! കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തു തന്നെ എന്ന ഡി ഐ ജി ശ്രീജിത്തിന്റെ പ്രസ്‌താവനയും അതതു സംസ്ഥാനങ്ങളില്‍ പോയി അനാഥാലയങ്ങള്‍ തുടങ്ങട്ടെ എന്ന ആഭ്യന്തര മന്ത്രിയുടെ മേലൊപ്പും എത്ര നെറികെട്ട സമീപനമായിപ്പോയി. എല്ലാ അന്വേഷണവും കഴിഞ്ഞ് കുറ്റക്കാരെ കണ്ടെത്തി ശിക്ഷ വിധിച്ചശേഷം പറയാവുന്ന വാക്കുകള്‍ ഒരു ആഭ്യന്തര മന്ത്രി എഫ് ഐ ആറിനു മുന്‍പേ പറയാമോ? അന്തമില്ലായ്‌മയ്‌ക്കും വേണ്ടേ അതിരുകള്‍?
ഏതായാലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം പ്രശ്‌നം വിലയിരുത്തി. മുഖ്യമന്ത്രി അന്ന് വെളിപ്പെടുത്തിയതിന്റെ ചുരുക്കം ഇതാണ്: ``അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യക്കടത്ത് അല്ല. നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ നടപടി ക്രമത്തില്‍ വീഴ്‌ചപറ്റിയിട്ടുണ്ട്. യതീംഖാനകള്‍ക്ക് നിഗൂഢലക്ഷ്യങ്ങളില്ല. യതീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന പ്രചാരണം നീചമായിപ്പോയെന്ന് ഗവ. ചീഫ്‌വിപ്പ് പി സി ജോര്‍ജും പറഞ്ഞു. മനുഷ്യക്കടത്തെന്ന വിലയിരുത്തല്‍ ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് കോടിയേരി ബാലകൃഷ്‌ണും പറഞ്ഞിട്ടുണ്ട്. ഇനി ആവശ്യമായ അന്വേഷണം ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തട്ടെ. എവിടെയെങ്കിലും അപാകങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണം. ഇതിലാര്‍ക്കും എതിരഭിപ്രായമില്ല. യതീംഖാനകളും വിദ്യാലയങ്ങളും മാത്രമല്ല പെട്ടിക്കടകള്‍ പോലും നിയമവിധേയമായിട്ടേ പ്രവര്‍ത്തിക്കാവൂ. രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും എല്ലാവര്‍ക്കും ബാധകമാണ്. അവ പാലിച്ചേ പറ്റൂ. ബോധപൂര്‍വം ചട്ടങ്ങള്‍ മറികടക്കാന്‍ ശ്രമിച്ചാല്‍ ശിക്ഷിക്കപ്പെടണം. ചുരുക്കത്തില്‍ അപാകങ്ങള്‍ പരിഹരിക്കണം. പക്ഷേ, സമീപനങ്ങള്‍ അമാന്യമാകരുത്. വിവേചന പൂര്‍വമാകരുത്. ഒരേ പന്തിയില്‍ പലതരം വിളമ്പല്‍ അന്യായമാണ്; അനീതിയാണ്.
മുസ്‌ലിം സമുദായത്തിനു നേരെ എന്തിനീ പകയും വിദ്വേഷവും? ഇന്ത്യയിലെ മദ്‌റസകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്ന് പ്രചരിപ്പിച്ച് വലിയ വിവാദമുണ്ടാക്കി അവസാനം കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി നേരിട്ട് ആ പ്രചാരണം അസത്യമാണെന്ന് പ്രസ്‌താവനയിറക്കി. ലൗജിഹാദിലൂടെ മുസ്‌ലിംകള്‍ മതംമാറ്റം നടത്തുന്നു എന്ന ക്രൈസ്‌തവ സഭയുടെ ദുരാരോപണം ആഘോഷിച്ച മീഡിയ അത് ശുദ്ധ കളവാണെന്ന് തെളിഞ്ഞപ്പോള്‍ മിണ്ടിയില്ല. വിദ്യാലയങ്ങളില്‍ തസ്‌തികയുണ്ടാക്കാന്‍ കുട്ടികളെ കൊണ്ടുവരുന്നു എന്ന് ചിലര്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി. മലയാളനാട്ടിലെ തെരുവില്‍ കിടക്കുന്ന നാടോടികളുടെ കുട്ടികളെ വിടുതല്‍ സര്‍ട്ടിഫിക്കറ്റോ ജനന സര്‍ട്ടിഫിക്കറ്റോ കൂടാതെ ഏതു ക്ലാസ്സിലും ചേര്‍ക്കാമെന്ന് ഓര്‍ഡര്‍ ഇറക്കിയത് കേരള സര്‍ക്കാര്‍ ആണെന്ന് അറിയാവുന്നവര്‍ തന്നെയാണ് ഈ വങ്കത്തം എഴുന്നള്ളിച്ചത്. ലക്ഷക്കണക്കിന് ബംഗാളികള്‍ കേരളത്തിന്റെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും പണിയെടുക്കുന്നു; മതിയായ രേഖകളില്ലാതെ തന്നെ. ഉത്തരേന്ത്യന്‍ തീവണ്ടികളില്‍ വന്നിറങ്ങുന്ന അവരെ ആരും കാണുന്നില്ലേ? എന്തുകൊണ്ട്! അവിടെ പണിയില്ല. ഇവിടെ അതുണ്ട്. `നിതാകാത്ത്' അന്യരാജ്യക്കാര്‍ നമുക്ക് നല്‌കിയ സൗജന്യ സമീപനമെങ്കിലും അന്യ സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് നമുക്ക് നല്‌കരുതോ? അന്തര്‍സംസ്ഥാന യാത്രയ്‌ക്ക് പാസ്‌പോര്‍ട്ട് വേണ്ടല്ലോ.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളം നേരിട്ട ദുരിതത്തില്‍ നിന്ന് പിഞ്ചുമക്കളെ രക്ഷിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി ഒരു യതീംഖാന (ജെ ഡി റ്റി കോഴിക്കോട്) സ്ഥാപിച്ചത് പഞ്ചാബിലെ ഖസൂരി കുടുംബമായിരുന്നു. അന്ന് അവരോട് ആരും പഞ്ചാബില്‍ യതീംഖാനയുണ്ടാക്കാന്‍ പറഞ്ഞതായി അറിയില്ല. കേരളത്തിലെ യതീംഖാനകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് സ്വീകരിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ നടത്തിപ്പ് ചെലവ് മുക്കാലേ മുണ്ടാണിയും ഉദാരമതികളുടെ ദാനമാണെന്ന് മറക്കരുത്. ഉത്തരേന്ത്യന്‍ ഗല്ലികളിലെ മുള കെട്ടിയ കൂരകളില്‍ നിന്ന് റൊട്ടിയോടൊപ്പം വിദ്യയും തേടിയെത്തുന്ന പാവങ്ങളെ പുറംകാലുകൊണ്ട് തട്ടാതിരിക്കാന്‍ ദയവുണ്ടാവുക. l
0 comments: