ഗുജറാത്ത്‌ കലാപക്കേസ്‌ സഹായിക്കാന്‍ മുസ്‌ലിംകളുണ്ടായില്ല

  • Posted by Sanveer Ittoli
  • at 11:53 PM -
  • 0 comments
ഗുജറാത്ത്‌ കലാപക്കേസ്‌ സഹായിക്കാന്‍ മുസ്‌ലിംകളുണ്ടായില്ല

ഗുജറാത്ത്‌ കലാപക്കേസ്‌ സഹായിക്കാന്‍ മുസ്‌ലിംകളുണ്ടായില്ല

അഭിമുഖം -
ആര്‍ ബി ശ്രീകുമാര്‍ / കെ മുജീബുര്‍റഹ്‌മാന്‍

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക്‌ തലവേദനയായ ഏതാനും വ്യക്തികളില്‍ ഒരാളാണ്‌ മലയാളിയായ ആര്‍ ബി ശ്രീകുമാര്‍. ഗുജറാത്ത്‌ ഡി ജി പിയായി വിരമിച്ച അദ്ദേഹം ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട്‌ ഇതിനകം ഒന്‍പത്‌ 
അഫിഡവിറ്റുകളാണ്‌ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്‌. 663 പേജുകളുള്ള ഈ അഫിഡവിറ്റുകള്‍ മോഡി സര്‍ക്കാറിന്‌ വന്‍ പ്രയാസങ്ങളാണ്‌ സൃഷ്‌ടിച്ചിട്ടുള്ളത്‌. 2002ല്‍ ഗുജറാത്ത്‌ കലാപം അരങ്ങേറുമ്പോള്‍ ആംഡ്‌ ബറ്റാലിയന്‍ അഡീഷണല്‍ ഡി ജി പിയായും പിന്നീട്‌ ഇന്റലിജന്റ്‌സ്‌ ഡി ജി പിയായും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നിരത്തിയ തെളിവുകളിലൂടെയാണ്‌ ഗുജറാത്ത്‌ കലാപത്തിന്റെ കാണാവഴികള്‍ ലോകം മനസ്സിലാക്കിയത്‌. ആര്‍ ബി ശ്രീകുമാര്‍ ശബാബുമായി സംസാരിക്കുന്നു.
പുതിയകാല ഇന്ത്യയെ ഗുജറാത്ത്‌ കലാപത്തിന്‌ മുമ്പും പിമ്പും എന്ന്‌ വേര്‍തിരിച്ച്‌ വിളിക്കാനാവുമോ?
അങ്ങനെതന്നെ പറയാനാവും. അടിയന്തരാവസ്ഥയ്‌ക്ക്‌ ശേഷം വര്‍ഗീയ പാര്‍ട്ടികള്‍ക്ക്‌ കിട്ടിയ ഉത്തേജനമായിരുന്നു ഗോധ്ര സംഭവങ്ങളും ഗുജറാത്ത്‌ കലാപവും. അടിയന്തരാവസ്ഥയില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട ആര്‍ എസ്‌ എസ്‌, ജമാഅത്തെ ഇസ്‌ലാമി, കമ്മ്യൂണിസ്റ്റ്‌ നേതാക്കളെയെല്ലാം ഒരേ ജയിലില്‍ പാര്‍പ്പിച്ചപ്പോള്‍ തങ്ങള്‍ ഇരകളാണെന്ന്‌ അത്തരക്കാര്‍ക്ക്‌ തോന്നിയിരുന്നു. അടിയന്തരാവസ്ഥാ പീഡിതര്‍ എന്ന ഒരു പ്രതിഛായ ലഭിച്ചു. അതേ തുടര്‍ന്ന്‌ ഭാരതീയ ജനസംഘത്തിന്‌ ഇന്ത്യ ഭരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്‌തു. ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയ പ്രസ്ഥാനത്തിന്‌ ബഹുമാന്യ സ്ഥാനം നേടിക്കൊടുത്തു എന്നതാണ്‌ അടിയന്തരാവസ്ഥയുടെ ഒരു ഫലം. അടിയന്തരാവസ്ഥയ്‌ക്കു ശേഷമാണ്‌ സമൂഹത്തില്‍ ആര്‍ എസ്‌ എസ്സിന്റെ സ്വാധീനം വര്‍ധിച്ചത്‌. നേരത്തെ ഹിന്ദുക്കള്‍, കുറ്റവാളികളോട്‌ ബന്ധം പുലര്‍ത്തുന്നതു പോലെയാണ്‌ ആര്‍ എസ്‌ എസ്സുമായുള്ള ബന്ധത്തെ കണ്ടിരുന്നത്‌.
ജനസംഘത്തിന്‌ അധികാരം ലഭിച്ച കാലത്താണ്‌ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകരെ തിരുകിക്കയറ്റിയത്‌. ഒരു ജനാധിപത്യ പാര്‍ട്ടിക്ക്‌ പ്രവര്‍ത്തകരുടെ മനസ്സ്‌ നിയന്ത്രിക്കാനും പ്രവര്‍ത്തകരെ പ്രധാന കേന്ദ്രങ്ങളില്‍ തിരുകിക്കയറ്റാനും പ്രയാസമുണ്ട്‌. എന്നാല്‍ കേഡര്‍ പാര്‍ട്ടിയായ സി പി എമ്മിനോ അതിനെക്കാള്‍ കേഡറായ ആര്‍ എസ്‌ എസ്സിനോ തങ്ങളുടെ പ്രവര്‍ത്തകരെ ആവശ്യമായ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രയാസമില്ല. ഇക്കാര്യത്തില്‍ ആര്‍ എസ്‌ എസ്സാണ്‌ സി പി എമ്മിനേക്കാള്‍ മുന്നില്‍. 
അടിയന്തരാവസ്ഥാ കാലം വരെ നെഹ്‌റുവിസം എല്ലാ പാര്‍ട്ടികളും പരോക്ഷമായി അംഗീകരിച്ചിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥയ്‌ക്കു ശേഷം സ്ഥിതിഗതികള്‍ക്ക്‌ മാറ്റംവന്നു. നെഹ്‌റുവിനെ പോലെ ജനാധിപത്യ വ്യവസ്ഥയിലൂടെ മുന്നോട്ട്‌ പോകാനല്ല ഇന്ദിരാഗാന്ധി ശ്രമിച്ചത്‌. തനിക്കെതിരെ വിധി വന്നപ്പോള്‍ ഇന്ദിരാഗാന്ധി സ്ഥാനം രാജിവെച്ച്‌ കോണ്‍ഗ്രസ്സിലെ മറ്റാര്‍ക്കെങ്കിലും നേതൃസ്ഥാനം ഏല്‍പ്പിച്ചുകൊടുത്തിരുന്നെങ്കില്‍ ഇന്ത്യയ്‌ക്ക്‌ ഇന്ന്‌ ഈ ഗതി വരില്ലായിരുന്നു. ഇന്ത്യാചരിത്രത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക്‌ കാരണമായത്‌ അടിയന്തരാവസ്ഥാ പ്രഖ്യാപനമാണ്‌. 
ഗുജറാത്ത്‌ കലാപത്തിന്‌ അനുകൂലമായും പ്രതികൂലമായുമുള്ള പ്രതികരണങ്ങള്‍ ഇന്ത്യയിലെ ഹിന്ദു- മുസ്‌ലിം മനസ്സുകളില്‍ സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്‌. മോഡിക്ക്‌ അനുകൂലമായ മനസ്സ്‌ കേരളത്തിലെ ഹിന്ദുക്കളില്‍ പോലും സൃഷ്‌ടിക്കപ്പെട്ടു. അത്‌ മോഡിയുടെ വിജയമാണ്‌. ഗുജറാത്ത്‌ കലാപത്തോടെ നരേന്ദ്ര മോഡിക്ക്‌ ഇന്ത്യ മുഴുവന്‍ താന്‍ ഉദ്ദേശിച്ച വിധത്തിലുള്ള മാനസികാവസ്ഥയുള്ളവരുടെ കൂട്ടായ്‌മ സൃഷ്‌ടിക്കാന്‍ കഴിഞ്ഞു. ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയോടെ ഇന്ത്യയിലെ മുസ്‌ലിംകളെ ഒന്നിപ്പിച്ച്‌ തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ ചിലര്‍ ശ്രമിക്കുകയുണ്ടായി. അവരുടെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്ന്‌ വരുത്തിവെച്ചതോടെ ആര്‍ എസ്‌ എസ്സിന്റെ ശക്തി വര്‍ധിച്ചു. ആര്‍ എസ്‌ എസ്‌ മോഡിയുടെ മക്കളാണെങ്കില്‍ മുസ്‌ലിം തീവ്രവാദികള്‍ മോഡിയുടെ അനന്തരവന്മാരായി മാറി. 
തെക്കേ ഇന്ത്യയില്‍, പ്രത്യേകിച്ച്‌ കേരളത്തില്‍ വര്‍ഗീയ പ്രവണതകള്‍ വളര്‍ന്നുവരുന്നതായി തോന്നിയിട്ടുണ്ടോ?
ഇന്ത്യ മുഴുവന്‍ വര്‍ഗീയത വളരുന്നതിന്റെ ഒരു ഭാഗമായി കേരളത്തിലും ഈ പ്രവണത ഉണ്ടാകുന്നുണ്ട്‌. ഗുജറാത്ത്‌ കലാപത്തില്‍, കണ്‍മുമ്പില്‍ സഹോദരി ബലാത്സംഗം ചെയ്യപ്പെടുന്നത്‌ കാണേണ്ടിവന്നിട്ടും തീവ്രവാദ ചിന്താഗതിയുമായി കശ്‌മീര്‍ അതിര്‍ത്തിയില്‍ വെടിയേറ്റ്‌ മരിച്ചവരുടെ കൂട്ടത്തില്‍ ഗുജറാത്തിലെ മുസ്‌ലിം യുവാക്കള്‍ ഉണ്ടായില്ലെന്നത്‌ ശ്രദ്ധേയമാണ്‌. എന്നാല്‍ കേരളത്തിലെ നാല്‌ യുവാക്കള്‍ കശ്‌മീരില്‍ പട്ടാളക്കാരുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ദരിദ്രരായ മുസ്‌ലിംകള്‍ എന്നെയും ടീസ്റ്റ സെറ്റല്‍വാദിനെയും പോലുള്ള അമുസ്‌ലിംകളില്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ട്‌. മോഡിയോടൊപ്പം ചേര്‍ന്നെന്ന്‌ താന്‍ പറഞ്ഞാല്‍ പോലും ഗുജറാത്തിലെ മുസ്‌ലിംകള്‍ വിശ്വസിക്കില്ലെന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ.
കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ സാധാരണയില്‍ കവിഞ്ഞ പ്രശ്‌നങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ വര്‍ഗീയവാദത്തിന്റെയോ തീവ്രവാദത്തിന്റെയോ യാതൊരു ആവശ്യവുമില്ല. അബ്‌ദുന്നാസര്‍ മഅ്‌ദനിയോട്‌ എനിക്ക്‌ വ്യക്തിപരമായി വിദ്വേഷമില്ല. എന്നാല്‍ തടിയന്റവിട നസീറിന്റെ രാഷ്‌ട്രീയ പിതാവാണ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനി. കേരളത്തില്‍ മുസ്‌ലിം വര്‍ഗീയത ഉണ്ടാകുമ്പോള്‍ അതില്‍ കൂടുതല്‍ സന്തോഷിക്കുക ആര്‍ എസ്‌ എസ്സാണ്‌. തീവ്രവാദം പറയുന്നവര്‍ ആരായാലും അവര്‍ വിഷം ശരീരത്തില്‍ വഹിക്കുന്നവരാണ്‌.
ഭിന്ദ്രന്‍വാലയും ഖലിസ്ഥാന്‍ പ്രസ്ഥാനവുമൊക്കെ പഞ്ചാബിനോടും സിക്കുകാരോടും ചെയ്‌തതിന്‌ തുല്യമായ പാതകമാണ്‌ പോപ്പുലര്‍ ഫ്രണ്ടും പി ഡി പിയും എന്‍ ഡി എഫുമൊക്കെ കേരളത്തില്‍ മുസ്‌ലിംകളോട്‌ ചെയ്യുന്നത്‌. അധികാരകേന്ദ്രങ്ങളിലും ഉന്നതങ്ങളിലുമെല്ലാം സിക്കുകാര്‍ ഉണ്ടായിട്ടും അവരെ അസംതൃപ്‌തരാക്കാന്‍ ഖലിസ്ഥാന്‍ വാദികള്‍ക്ക്‌ കഴിഞ്ഞു. കേരളത്തിലെ മുസ്‌ലിംകളുടെ അവസ്ഥ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേതിനെക്കാള്‍ വ്യത്യസ്‌തമാണ്‌. ഭരണത്തിലും അധികാരത്തിലുമെല്ലാം മുസ്‌ലിംകള്‍ക്ക്‌ പങ്കാളിത്തമുണ്ട്‌. എങ്കിലും മുസ്‌ലിംകളില്‍ അസംതൃപ്‌തി വളര്‍ത്തി അത്‌ മുതലെടുക്കാനാണ്‌ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്‌.
വര്‍ഗീയത ഇത്രയേറെ വ്യാപിക്കാന്‍ കാരണം?
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഭരണാധികാരിയെന്ന വിശേഷണവുമായാണ്‌ രാജീവ്‌ഗാന്ധി അധികാരത്തില്‍ വന്നത്‌. എന്നിട്ടും അദ്ദേഹത്തിന്‌ ചില പിഴവുകള്‍ സംഭവിച്ചു. ശാബാനു കേസില്‍ അദ്ദേഹം മുസ്‌ലിം അനുകൂല നിലപാടുകള്‍ സ്വീകരിച്ചുവെന്ന്‌ ഹിന്ദുക്കളില്‍ പ്രകോപനമുണ്ടാക്കാന്‍ ആര്‍ എസ്‌ എസ്സിനു സാധിച്ചു. സത്യത്തില്‍ ശാബാനു കേസില്‍ ഇടപെടേണ്ട ആവശ്യം കോണ്‍ഗ്രസ്‌ സര്‍ക്കാറിനുണ്ടായിരുന്നില്ല. മുസ്‌ലിം പ്രീണനം നടത്തി എന്ന ചിന്താഗതി വേരുപിടിച്ചതോടെ ബാബരി മസ്‌ജിദ്‌ പൂജയ്‌ക്കായി തുറന്നുകൊടുക്കേണ്ടി വന്നു. അതോടെ മുസ്‌ലിം മനസ്സുകളിലും പ്രശ്‌നങ്ങള്‍ വന്നുതുടങ്ങി. സത്യത്തില്‍ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഗാന്ധിജി പറഞ്ഞ നയത്തിന്‌ വിരുദ്ധമായിരുന്നു ബാബരി മസ്‌ജിദ്‌ തുറന്നുകൊടുത്തത്‌.
1947 ആഗസ്‌ത്‌ 15ന്‌ ഉണ്ടായിരുന്ന അവസ്ഥയിലായിരിക്കണം എല്ലാമെന്ന നിലപാടില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. അതോടെ രാമജന്മഭൂമി പ്രസ്ഥാനത്തിന്‌ തുടക്കമാവുകയും ചെയ്‌തു. പിന്നീടുണ്ടായ നടപടികളെല്ലാം ഹിന്ദു വര്‍ഗീയതയ്‌ക്ക്‌ അനുകൂലമായ നടപടികളായിരുന്നു. അദ്വാനി ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്നും രഥയാത്ര ആരംഭിച്ചു. രാമനും സോമനാഥ ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും അവിടെ നിന്നാണ്‌ അദ്വാനി രഥയാത്ര ആരംഭിച്ചത്‌. ശരിക്കും പറഞ്ഞാല്‍ രാമേശ്വരത്തു നിന്നായിരുന്നു യാത്ര ആരംഭിക്കേണ്ടിയിരുന്നത്‌. എന്നാല്‍ നിരവധി തവണ മുസ്‌ലിം ഭരണാധികാരികള്‍ ആക്രമിച്ച്‌ കൊള്ളയടിച്ചുവെന്ന്‌ പഠിപ്പിച്ചുവെച്ചിട്ടുള്ള സോമനാഥ ക്ഷേത്രം ഹിന്ദു ഐക്യത്തിന്റെ പ്രതീകമായി അവതരിപ്പിക്കുകയായിരുന്നു. പല തവണ സോമനാഥ ക്ഷേത്രം ആക്രമിക്കപ്പെട്ടുവെങ്കില്‍ അതിനു കാരണം അവിടത്തുകാര്‍ തന്നെയാണെന്ന കാര്യം ചരിത്രം വളച്ചൊടിച്ചവര്‍ മറക്കുകയാണ്‌.
കശ്‌മീരില്‍ നിന്നും ഹിന്ദു പണ്ഡിറ്റുകള്‍ക്ക്‌ പലായനം ചെയ്യേണ്ടി വന്ന അവസ്ഥയും വര്‍ഗീയതയ്‌ക്ക്‌ ആക്കംകൂട്ടി. അഞ്ച്‌ ലക്ഷത്തോളം പണ്ഡിറ്റുകളാണ്‌ കശ്‌മീരില്‍ നിന്നും പലായനം ചെയ്‌തത്‌. 1946-47 കാലത്തെ വിഭജന പലായനങ്ങള്‍ക്ക്‌ ശേഷം ഏറ്റവും കൂടുതല്‍ പേരുടെ പലായനമായിരുന്നു കശ്‌മീര്‍ പണ്ഡിറ്റുകളുടേത്‌. ഈ അവസ്ഥ വി എച്ച്‌ പിയെ പോലുള്ളവര്‍ മുതലെടുത്തു. സത്യം പറഞ്ഞാല്‍ കശ്‌മീരിലെ പണ്ഡിറ്റുകള്‍ സാധാരണ ഹിന്ദു പ്രബല വിഭാഗങ്ങളെ പോലെ സസ്യഭുക്കുകളല്ല. അവര്‍ക്ക്‌ കശ്‌മീരി മുസ്‌ലിംകളുമായി പറയത്തക്ക വ്യത്യാസങ്ങളൊന്നും ഭക്ഷണകാര്യങ്ങളില്‍ പോലുമുണ്ടായിരുന്നില്ല.
കശ്‌മീരില്‍ അനുഭവിച്ച ദുഃഖത്തിന്‌ ഗുജറാത്തില്‍ മറുപടി കൊടുക്കുമെന്നാണ്‌ തൊഗാഡിയ പറഞ്ഞത്‌. ഹിന്ദു- മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ 24 മണിക്കൂറും വര്‍ഗീയവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മതത്തില്‍ വര്‍ഗീയതയില്ലെന്നാണ്‌ എന്റെ അനുഭവത്തില്‍ മനസ്സിലായിട്ടുള്ളത്‌. ഞാന്‍ നല്ലൊരു ഹിന്ദുമത വിശ്വാസിയാണ്‌.
വികസനത്തിന്റെ വലിയ മാതൃകയായാണല്ലോ ഗുജറാത്തിനെ വിശേഷിപ്പിക്കുന്നത്‌. ഇന്ത്യയിലെ മികച്ച വികസനം നടക്കുന്ന സംസ്ഥാനങ്ങളിലൊന്ന്‌ ഗുജറാത്താണോ?
ഗുജറാത്തില്‍ മികച്ച റോഡുകളുണ്ട്‌. പുറത്തു നിന്നും വരുന്നവര്‍ ഈ റോഡുകള്‍ കാണുമ്പോള്‍ തന്നെ അവിടെ വന്‍ വികസനമാണുള്ളതെന്ന്‌ ധരിക്കും. സത്യത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതിയുള്ള സംസ്ഥാനമാണ്‌ ഗുജറാത്ത്‌. അഴിമതി വര്‍ധിച്ചതുകൊണ്ട്‌ അതിനു മറയിടാനാണ്‌ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. പത്ത്‌ കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ അവിടെ പതിനഞ്ച്‌ കോടി രൂപ ഖജനാവില്‍ നിന്നും ഒഴുകും. ഒരു വ്യത്യാസമുള്ളത്‌, കേരളത്തില്‍ ഒരു പദ്ധതിക്ക്‌ പത്ത്‌ കോടി രൂപ പാസ്സാക്കിയാല്‍ അഞ്ച്‌ കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി ബാക്കി അഞ്ച്‌ കോടി പല പോക്കറ്റുകളില്‍ പോവുകയാണ്‌ ചെയ്യുക. എന്നാല്‍ ഗുജറാത്തില്‍ പത്ത്‌ കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി പതിനഞ്ച്‌ കോടി രൂപ പാസ്സാക്കുകയും പ്രവൃത്തിയുടെ പണം അതുപോലെ ഉപയോഗപ്പെടുത്തുകയും ബാക്കി തുക അഴിമതിയാവുകയും ചെയ്യും എന്നുള്ളതാണ്‌. അതുകൊണ്ട്‌ നടക്കേണ്ട പ്രവൃത്തി കൃത്യമായി നടക്കും!
ഗുജറാത്തില്‍ `വിസിബിള്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍' വികസനം ഉണ്ട്‌. എന്നാല്‍, അതുപോലും നരേന്ദ്ര മോഡിയുടെ സംഭാവനയല്ല. സാധാരണ ഗതിയില്‍ തന്നെ ഗുജറാത്തിന്റെ വളര്‍ച്ചാനിരക്ക്‌ 15-20 ശതമാനമാണ്‌. ഗുജറാത്തിന്റെ ആദ്യ മുഖ്യമന്ത്രി ജീവരാജ്‌ മെഹ്‌തയുടെ കാലം മുതല്‍ ഗുജറാത്ത്‌ അടിസ്ഥാന വികസനത്തില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. അതുകൊണ്ടാണ്‌ അവിടെ ധാരാളം വ്യവസായങ്ങള്‍ വന്നത്‌. എന്നാല്‍ ദുഃഖകരമായ വസ്‌തുത ഗുജറാത്തില്‍ വികസനം സമ്പന്നരും കോര്‍പറേറ്റുകളും ചേര്‍ന്നുള്ളതും അവരെ ചുറ്റിപ്പറ്റിയുള്ളതുമാണ്‌ എന്നതാണ്‌.
കേശുഭായ്‌ പട്ടേല്‍ സര്‍ക്കാര്‍ അഴിമതിയുടെ തലതൊട്ടപ്പനായിരുന്നു. സംസ്ഥാനത്ത്‌ അധികാരമുണ്ടായിരുന്നിട്ടും അക്കാലത്തെ എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ബി ജെ പിക്ക്‌ കൂട്ടത്തോല്‍വിയായിരുന്നു സംഭവിച്ചിരുന്നത്‌. സംസ്ഥാന തെരഞ്ഞെടുപ്പ്‌ വരട്ടെ, ബി ജെ പിയെ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്‌ എന്ന്‌ ജനങ്ങള്‍ പറഞ്ഞു തുടങ്ങിയ സമയത്താണ്‌ കലാപമുണ്ടായത്‌. അതോടെ സ്ഥിതിഗതികള്‍ മാറിമറിയുകയായിരുന്നു.
ശരിക്കും ഗുജറാത്തില്‍ എന്താണ്‌ സംഭവിച്ചത്‌?
ഗോധ്രയിലെ സബര്‍മതി എക്‌സ്‌പ്രസ്‌ കത്തിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോഴും ദുരൂഹതയുണ്ട്‌. തീവണ്ടിയില്‍ യാത്ര ചെയ്‌തിരുന്നവര്‍ ഗോധ്രയ്‌ക്കു മുമ്പുള്ള നിരവധി റെയില്‍വേ സ്റ്റേഷനുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനും അതേ തുടര്‍ന്ന്‌ പൊലീസ്‌ കേസ്‌ ചാര്‍ജ്‌ ചെയ്‌തതിനും രേഖകളുണ്ട്‌. അതുകൊണ്ടു തന്നെ തീവണ്ടി കത്തിക്കലിന്റെയും ആളുകള്‍ മരിച്ചതിന്റെയും പിറകിലെ സംഭവങ്ങള്‍ ശരിയായ രീതിയില്‍ പുറത്തുവന്നിട്ടില്ല. അത്‌ ഒരുവശത്ത്‌ നില്‍ക്കുമ്പോള്‍ തന്നെ, മറുവശത്ത്‌, ഗോധ്രയിലെ കച്ചി മുസ്‌ലിംകളില്‍ ഭൂരിപക്ഷം കച്ചവടക്കാരും അത്യാവശ്യം പ്രശ്‌നക്കാരുമായിരുന്നു. ഗോധ്രയിലെ കച്ചവടക്കാര്‍ കച്ചി മുസ്‌ലിംകളായിരുന്നു. തീവണ്ടി യാത്രക്കാരുമായി അവര്‍ പ്രശ്‌നങ്ങളുണ്ടാക്കാനും സംഘര്‍ഷം ഉടലെടുക്കാനും സാധ്യതകളുണ്ട്‌. രണ്ട്‌ സംഭവങ്ങളായാലും ഗോധ്ര തീവണ്ടി കത്തിക്കലില്‍ ദുരൂഹതയുണ്ട്‌.
രാവിലെ ഏഴര മണിയോടെയാണ്‌ തീവണ്ടി കത്തിക്കല്‍ സംഭവം നടന്നത്‌. 11 മണിയാവുമ്പോഴേക്കും മുഖ്യമന്ത്രി നരേന്ദ്രമോഡിയും വൈകുന്നേരത്തോടെ ദല്‍ഹിയില്‍ അദ്വാനിയും പ്രസ്‌താവന നടത്തിയത്‌ ഗോധ്ര തീവണ്ടി കത്തിക്കലിന്‌ പിറകില്‍ അന്താരാഷ്‌ട്ര ഗൂഢാലോചനയുണ്ടെന്നാണ്‌. മുഖ്യമന്ത്രി എന്ന നിയലില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നരേന്ദ്രമോഡിക്ക്‌ അത്തരമൊരു ഉത്തരവാദിത്വമില്ലാത്ത പ്രസ്‌താവന നടത്താനാവില്ല. കാരണം, പൊലീസില്‍ നിന്നുള്ള റിപ്പോര്‍ട്ട്‌ ലഭിക്കാതെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക്‌ ഈ കാര്യം പറയാന്‍ അധികാരമില്ല. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ ശരിയായ അന്വേഷണത്തില്‍ ലഭിച്ചവയായിരിക്കണം. എന്നാല്‍ ഗോധ്ര സംഭവത്തിന്‌ ശേഷം ആദ്യത്തെ 20 ദിവസത്തെ ഗുജറാത്ത്‌ പൊലീസിന്റെ കേസ്‌ ഡയറിയില്‍ അന്താരാഷ്‌ട്ര ഗൂഢാലോചനയാണെന്ന കാര്യം പറയുന്നേയില്ല. അങ്ങനെയാണെങ്കില്‍ നരേന്ദ്ര മോഡിക്ക്‌ എങ്ങനെയാണ്‌ ഇത്തരമൊരു പ്രസ്‌താവന നടത്താന്‍ സാധിക്കുക? ഗുജറാത്ത്‌ കലാപത്തിന്‌ പിറകില്‍ ഇത്തരത്തിലുള്ള നിരവധി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുണ്ട്‌.
1990കളില്‍ താത്‌ക്കാലിക ലാഭത്തിന്‌ വേണ്ടി ഗുജറാത്ത്‌ കോണ്‍ഗ്രസ്‌ മുസ്‌ലിം അധോലോകത്തെ സഹായിച്ചുവെന്ന വസ്‌തുത കൂടി ഇതിന്റെ കൂടെ ചേര്‍ത്ത്‌ വായിക്കണം. ലത്തീഫ്‌ എന്ന അധോലോക നേതാവിന്‌ സര്‍ക്കാര്‍തലത്തില്‍ തന്നെ വന്‍ സഹായമാണ്‌ നല്‌കിയിരുന്നത്‌. അത്‌ അവിടെയുള്ള ഹിന്ദുക്കള്‍ക്ക്‌ പ്രശ്‌നമായിരുന്നു. ദരിദ്രരായ മുസ്‌ലിംകളെ അധോലോക നേതാവായ ലത്തീഫ്‌ ഏറെ സഹായിച്ചിരുന്നു. അതുകൊണ്ടുതന്നെ വലിയൊരു മുസ്‌ലിം ജനവിഭാഗം ലത്തീഫ്‌ പറയുന്നത്‌ അനുസരിച്ചിരുന്നു. ഈ വോട്ട്‌ ബാങ്കിനെയാണ്‌ കോണ്‍ഗ്രസ്‌ മുതലെടുക്കാന്‍ ശ്രമിച്ചത്‌. ചെറുപ്പത്തില്‍ മദ്യം കടത്തിയാണ്‌ ലത്തീഫ്‌ ധനികനായത്‌. പണക്കാരനായപ്പോള്‍ ദരിദ്ര മുസ്‌ലിംകളെ ഏറെ സഹായിച്ചു. സക്കാത്ത്‌ ഫണ്ടുകള്‍ വഴിയും മറ്റുമായി ദരിദ്രരെ സഹായിക്കാന്‍ ഗുജറാത്തിലെ പള്ളികളും സമ്പന്നരും കമ്മിറ്റിക്കാരും ശ്രമിക്കാതിരുന്നതാണ്‌ ലത്തീഫിനെ പോലുള്ളവര്‍ക്ക്‌ വളമായത്‌.
പഞ്ചായത്ത്‌- മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ലത്തീഫ്‌ മത്സരിച്ച നാല്‌ വാര്‍ഡുകളില്‍ വിജയിച്ചത്‌ ജയിലില്‍ കിടന്നാണ്‌. ഗുജറാത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ ലത്തീഫിന്‌ അത്രത്തോളം സ്വാധീനമുണ്ടായിരുന്നു. സര്‍ക്കാരുമായുള്ള അവിഹിതമായ ഇടപെടലുകള്‍ക്കൊടുവില്‍ സര്‍ക്കാറിന്റെ ചില രഹസ്യങ്ങള്‍ പുറത്തുപറയുമെന്ന്‌ ലത്തീഫ്‌ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന്‌ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ മറവില്‍ ശങ്കര്‍ സിംഗ്‌ വഗേല ഗവണ്‍മെന്റ്‌ ലത്തീഫിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. 
ഗുജറാത്തില്‍ പൊലീസിന്റെ 30 യൂണിറ്റുകളാണുള്ളത്‌. അതില്‍ നാലെണ്ണം കമ്മീഷണറേറ്റുകളാണ്‌. ഒരെണ്ണം റയില്‍വേ ഡിസ്‌ട്രിക്‌ട്‌ ആയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ബാക്കിയുള്ളവയില്‍ 11 ഡിസ്‌ട്രിക്‌ടുകളില്‍ ഗുജറാത്ത്‌ കലാപം ഏശിയിട്ടില്ല. അവിടെ കൊലപാതകങ്ങളോ സംഘര്‍ഷങ്ങളോ നടന്നിട്ടില്ല. ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട്‌ പൊലീസിനെ കുറ്റപ്പെടുത്തുന്നവര്‍ ഈ വസ്‌തുത കാണാറില്ല. ഒരു ഭാഗത്ത്‌ കലാപത്തെ പൊലീസ്‌ സഹായിച്ചപ്പോള്‍ മറുഭാഗത്ത്‌ കലാപത്തിന്‌ എതിരായി ശക്തമായ നടപടികളും ഗുജറാത്ത്‌ പൊലീസ്‌ കൈക്കൊണ്ടിട്ടുണ്ട്‌. പൊലീസിന്റെ സഹായമില്ലെങ്കില്‍ ഒരു കലാപത്തിനും രണ്ടു മണിക്കൂറില്‍ കൂടുതല്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല. 
ഗുജറാത്ത്‌ കേസുകളുടെ ഇപ്പോഴത്തെ അവസ്ഥ?
കേസുകളില്‍ സ്വാധീനിക്കാന്‍ കഴിയുന്ന സാക്ഷികളെ പലരെയും ഭരണാധികാരികളും മറ്റും സ്വാധീനിച്ചിട്ടുണ്ട്‌. മൊഴി മാറ്റിപ്പറയാന്‍ 25 ലക്ഷത്തിലേറെ രൂപ നല്‌കിയ സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്‌. ഗുജറാത്തില്‍ വോറ മുസ്‌ലിംകള്‍, കച്ചി മുസ്‌ലിംകള്‍ (വാണിയന്മാര്‍) എന്നിങ്ങനെയുള്ള വിഭാഗങ്ങളുണ്ട്‌. ഹിന്ദുക്കളിലെ ബനിയകളെ പോലുള്ളവരാണ്‌ വോറകള്‍. പട്ടേല്‍മാര്‍ മുസ്‌ലിംകളിലും ഹിന്ദുക്കളിലുമുണ്ട്‌. വോറകള്‍ സമ്പന്നന്മാരാണ്‌. കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്നും വോറകള്‍ പിന്മാറിയെന്ന ദുഃഖകരമായ വസ്‌തുതയുണ്ട്‌. പട്ടിണിപ്പാവങ്ങളായ കച്ചി മുസ്‌ലിംകളാണ്‌ ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട്‌ ഞങ്ങളുടെ കൂടെ നില്‍ക്കുന്നത്‌. അവര്‍ ഒരു ദിവസം ജോലിക്ക്‌ പോയില്ലെങ്കില്‍ വീട്ടില്‍ പട്ടിണിയായിരിക്കും. അത്തരം ആളുകള്‍ ഇതുവരെയും ആര്‍ എസ്‌ എസ്സിന്റെയും മോഡിയുടെയും യാതൊരു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയിട്ടില്ല. ലക്ഷങ്ങള്‍ നല്‌കാമെന്ന്‌ പറഞ്ഞിട്ടും അവര്‍ കേസുമായി മുമ്പോട്ട്‌ പോകുകയാണ്‌. ഭരണ സ്വാധീനവും സമ്മര്‍ദ്ദവും ഉപയോഗിച്ച്‌ രണ്ടായിരം കേസുകളാണ്‌ പിന്‍വലിക്കപ്പെട്ടത്‌ എന്നുകൂടി ഇതിന്റെ കൂടെ ചേര്‍ത്ത്‌ വായിക്കണം.
നരോദപാട്യ കൂട്ടക്കൊലക്കേസില്‍ നരേന്ദ്രമോഡി മന്ത്രിസഭയില്‍ അംഗമായിരുന്ന ഡോ. മായാബെന്‍ കൊദ്‌നാനിക്ക്‌ 28 വര്‍ഷം തടവുശിക്ഷയാണ്‌ കോടതി വിധിച്ചത്‌. ബജ്‌റംഗ്‌ദള്‍ നേതാവായ ബാബു ബജ്‌റംഗിക്ക്‌ മരണംവരെ തടവുശിക്ഷയും വിധിക്കപ്പെട്ടു. ഒന്‍പത്‌ അഫിഡവിറ്റുകള്‍ ഞാന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. അതിന്റെ പേരില്‍ നരേന്ദ്രമോഡി സര്‍ക്കാറിന്‌ എനിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സാധിച്ചിട്ടില്ല. നമ്മള്‍ സത്യസന്ധരാണെങ്കില്‍ ദൈവം നമ്മെ സഹായിക്കും. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിധികളിലൊന്നാണ്‌ നരോദപാട്യ കേസില്‍ ഉണ്ടായത്‌.
ദുഃഖകരമായ വസ്‌തുത ഗുജറാത്ത്‌ കലാപത്തെ കുറിച്ചും മറ്റും മുസ്‌ലിംകള്‍ വാതോരാതെ സംസാരിക്കുമെങ്കിലും കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ അവര്‍ സഹായിച്ചിട്ടില്ല. മുസ്‌ലിംകളല്ലാത്ത ഞാനും ടീസ്റ്റയും മറ്റുമൊക്കെയാണ്‌ ഇരകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത്‌. മുസ്‌ലിം സമ്പന്നരും രാഷ്‌ട്രീയക്കാരുമൊക്കെ ഇതൊന്നും തങ്ങളുടെ കാര്യമല്ലെന്ന മട്ടിലാണ്‌ പെരുമാറുന്നത്‌.
ഗുജറാത്തിലെ ഹിന്ദു-മുസ്‌ലിം ബന്ധം ഇപ്പോള്‍ എങ്ങനെയാണ്‌?
സംസ്ഥാനത്ത്‌ പലയിടങ്ങളിലും ഹിന്ദു-മുസ്‌ലിം ബന്ധം സാധാരണ പോലെയാണ്‌. എന്നാല്‍ വി എച്ച്‌ പി- ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരായി തന്നെയാണ്‌ കാണുന്നതും പരിഗണിക്കുന്നതും.
കലാപക്കേസുകളില്‍ ഇടപെടാന്‍ തുടങ്ങിയതോടെ താങ്കള്‍ക്കെതിരെ എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടായോ?
നിരവധി ഭീഷണിക്കത്തുകളും ടെലിഫോണ്‍ കോളുകളും വന്നിരുന്നു. നേരിട്ട്‌ ആരും അക്രമിക്കാന്‍ മുതിര്‍ന്നിട്ടില്ല. പെന്‍ഷന്‍ തടഞ്ഞുവെക്കപ്പെട്ടു. പക്ഷേ, കോടതി വിധി എനിക്ക്‌ അനുകൂലമായിരുന്നു. പെന്‍ഷന്‍ തടഞ്ഞുവെച്ച കേസില്‍ നിന്നും ഒടുവില്‍ സര്‍ക്കാര്‍ പിന്മാറുകയാണ്‌ ചെയ്‌തത്‌.
ബി ജെ പിയുടെ അടുത്ത പ്രധാനമന്ത്രിയായി നരേന്ദ്രമോഡിയെയാണ്‌ ഉയര്‍ത്തിക്കാണിക്കുന്നത്‌?
നരേന്ദ്രമോഡിക്ക്‌ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല. മതേതരത്വമാണ്‌ ഇന്ത്യയുടെ പാരമ്പര്യം. മൃദുഹിന്ദുത്വത്തിന്റെ മുഖമുള്ളതുകൊണ്ടാണ്‌ എ ബി വാജ്‌പെയിക്ക്‌ പ്രധാനമന്ത്രിയാകാന്‍ സാധിച്ചത്‌. നരേന്ദ്ര മോഡിയുടെ പ്രതിഛായ അത്തരത്തിലുള്ളതല്ല. നരേന്ദ്ര മോഡിയെന്നത്‌ ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനമാണ്‌.
തിരുവനന്തപുരം ജില്ലയിലെ ഊരുട്ടമ്പലം സ്വദേശിയാണ്‌ ആര്‍ ബി ശ്രീകുമാര്‍. 1971ലെ ഗുജറാത്ത്‌ കേഡര്‍ ഐ പി എസ്‌ ഉദ്യോഗസ്ഥന്‍. എം എ ഹിസ്റ്ററിയില്‍ ഫസ്റ്റ്‌ക്ലാസ്‌ ഫസ്റ്റ്‌ റാങ്ക്‌ നേടിയ അദ്ദേഹം രണ്ട്‌ വര്‍ഷക്കാലം യു സി കോളെജില്‍ അധ്യാപകനായിരുന്നു. പിന്നീട്‌ ഐ പി എസ്സിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. സര്‍വീസിലിരിക്കെ ഗാന്ധിയന്‍ ചിന്തകളില്‍ എം എ ഫസ്റ്റ്‌ ക്ലാസ്‌, ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ എം എ സെക്കന്റ്‌ ക്ലാസ്‌, എല്‍ എല്‍ എം ക്രിമിനോളജിയില്‍ സെക്കന്റ്‌ ക്ലാസ്‌ എന്നിവ കരസ്ഥമാക്കി. ഗുജറാത്തി, ഹിന്ദി, തമിഴ്‌, തെലുങ്ക്‌, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യം.
1990, 98 വര്‍ഷങ്ങളില്‍ പ്രസിഡന്റിന്റെ പൊലീസ്‌ മെഡലിന്‌ അര്‍ഹനായി. മികച്ച പൊലീസ്‌ ഓഫിസര്‍ക്കള്ള വി ഗംഗാധരന്‍ സ്‌മാരക ട്രസ്റ്റ്‌ അവാര്‍ഡ്‌ 2008, അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ്‌ മുസ്‌ലിംസ്‌ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ യു എസ്‌ എ ആന്റ്‌ കാനഡ- അവാര്‍ഡ്‌ 2008, മുംബൈ ഹാര്‍മണി ഫൗണ്ടേഷന്റെ മദര്‍ തെരേസ മെമ്മോറിയല്‍ നാഷണല്‍ അവാര്‍ഡ്‌ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്‌ 2008, കാലിക്കറ്റ്‌ സെക്യുലര്‍ സൊസൈറ്റിയുടെ കര്‍മധീരന്‍ അവാര്‍ഡ്‌ 2009, ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ മുസ്‌ലിം അസോസിയേഷന്‍ കുവൈത്തിന്റെ എക്‌സലന്‍സ്‌ അവാര്‍ഡ്‌ 2009, മുസ്‌ലിം എഡുക്കേഷന്‍ സൊസൈറ്റിയുടെ കമ്മ്യൂണല്‍ ഹാര്‍മണി പുരസ്‌ക്കാരം 2012 എന്നിവ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌.
`ഗുജറാത്ത്‌ ഇരകള്‍ക്ക്‌ വേണ്ടി ഒരു പോരാട്ടം' എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാള മനോരമ, ഭാഷാപോഷിണി, മാധ്യമം, ദി ടൈംസ്‌ ഓഫ്‌ ഇന്ത്യ, പ്രവാസി വര്‍ത്തമാനം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ഗുജറാത്ത്‌ സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. രാജലക്ഷ്‌മിയാണ്‌ ഭാര്യ. മകള്‍ ദീപ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: