ഗസ്സയില്‍ മലാക എന്നൊരു അനാഥ പെണ്‍കുട്ടിയുണ്ട്

  • Posted by Sanveer Ittoli
  • at 12:30 AM -
  • 0 comments
ഗസ്സയില്‍ മലാക എന്നൊരു അനാഥ പെണ്‍കുട്ടിയുണ്ട്

മുജീബുര്‍റഹ്മാന്‍ കിനാലൂര്‍

മലാല യൂസുഫ് സായിയെ അറിയാത്തവര്‍ ഇന്ന് ലോകത്താരുമുണ്ടാവില്ല. പാകിസ്താനിലെ സ്വാത്ത് താഴ്‌വരയില്‍, താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി. പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങാനും പഠിക്കാനും താലിബാന്‍ സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന സത്യം തന്റെ ഡയറിക്കുറിപ്പുകളിലൂടെ ലോകത്തെ അറിയിക്കാന്‍ ശ്രമിച്ചതായിരുന്നു മലാല ചെയ്ത കുറ്റം.
മതതീവ്രവാദികള്‍ സ്ത്രീകളോടും കുട്ടികളോടും ചെയ്യുന്ന കൊടൂരതകള്‍ക്കെതിരെ ധീരമായി പൊരുതിയ മലാലക്ക് ലോകം ഒന്നാകെ പിന്തുണ നല്‍കി; അവള്‍ക്കു വേണ്ടി പ്രാര്‍ഥനകള്‍ നടന്നു. മലാല ദിനം ആചരിക്കപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ മലാലയെ അഭിനന്ദിക്കുകയും തന്റെ രാജ്യത്തിന്റെ സര്‍വവിധ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. മനുഷ്യ സ്‌നേഹത്തില്‍, വിശ്വസിക്കുന്ന എല്ലാവരുടെയും കാരുണ്യം തീര്‍ച്ചയായും മലാല അര്‍ഹിക്കുന്നുണ്ട്.
മലാക എന്ന പേരില്‍ ഒരു പെണ്‍കുട്ടിയുണ്ട് ഗസ്സയില്‍. ഒമ്പത് വയസ് മാത്രം പ്രായമുള്ള ഒരു അനാഥ പെണ്‍കുട്ടി. മതതീവ്രവാദമാണ് മലാല എന്ന ശലഭത്തിന്റെ ചിറകരിഞ്ഞതെങ്കില്‍, ഇസ്രായീല്‍ ഭീകരത സ്വപ്നങ്ങള്‍ കരിച്ചുകളഞ്ഞ ആയിരക്കണക്കായ കുഞ്ഞുങ്ങളില്‍ ഒരുവളാണ് മലാക. മലാക മനുഷ്യസ്‌നേഹികളുടെ കാരുണ്യമര്‍ഹിക്കുന്നില്ലേ? ഉണ്ടായിരിക്കാം. പക്ഷെ, അമേരിക്കയും പാശ്ചാത്യലോകവും മലാലയ്ക്കു നല്‍കിയ പ്രസിദ്ധിയും പരിഗണനയും മലാകയ്ക്കു നല്‍കുമെന്ന് കരുതുന്നത് വ്യാമോഹമാണ്. കാരണം അമേരിക്കക്ക് അവരുടെ ശത്രുവായ താലിബാനെ ലോകത്തിനുമുന്നില്‍ ഇകഴ്ത്താന്‍ മലാലയെ വേണമായിരുന്നു. എന്നാല്‍, ഫലസ്തീനില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായീലിനെ പാലൂട്ടുന്നത് അമേരിക്കയാണ്. അതുകൊണ്ട്, മലാക ബി ബി സി യിലോ സി എന്‍ എന്നിലോ പാശ്ചാത്യ ന്യൂസ് ഏജന്‍സികളിലോ വാര്‍ത്തയാകില്ല.
മലാക അനാഥയായ അന്നു മുതലായിരുന്നു ഗസ്സയില്‍ ഇസ്രായീലിന്റെ ബോംബ് മഴ ആരംഭിച്ചത്. ഏറ്റവുമൊടുവില്‍ ഇസ്രായീല്‍ ഗസ്സയില്‍ തൊടുത്ത ഭീകരതാണ്ഡവത്തിന് തുടക്കമായത് ഹമാസ് സൈനികവിഭാഗത്തിന്റെ തലവന്‍ അഹ്മദ് ജഅ്ബരിയെ ഇസ്രായീല്‍ കൊലപ്പെടുത്തിയതുകൊണ്ടായിരുന്നുവല്ലോ. ജഅ്ബരിയുടെ മകളാണ് മലാക. പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ മലാക അലമുറയിട്ടില്ല. മകളുടെ കണ്ണുതുടച്ച് ഉമ്മ, ഉമ്മുമുഹമ്മദ് അവളെ ആശ്വസിപ്പിച്ചു. പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി വീരരക്തസാക്ഷ്യം പ്രാപിച്ച ഉപ്പ സുബര്‍ക്കത്തിലേക്ക് പറന്നുപോയതാണെന്ന് വിതുമ്പല്‍ ഒതുക്കി ആ മാതാവ് പറഞ്ഞുകൊടുത്തിരിക്കണം.
'ഓപ്പറേഷന്‍ പില്ലര്‍ ഓഫ് ഡിഫന്‍സ്' എന്നു പേരിട്ട് ഇത്തവണയും ഇസ്രായീല്‍ ഗസ്സയില്‍ നടത്തിയത് ലക്ഷണമൊത്ത  നരഹത്യ തന്നെയായിരുന്നു. സര്‍വായുധ സജ്ജമായ ഒരു രാഷ്ട്രം, പാവപ്പെട്ട ഒരു ജനതയ്ക്കു നേരെ നടത്തുന്ന കുരുതിയെ യുദ്ധമെന്ന് എങ്ങനെ വിളിക്കും? പതിവുപോലെ ഇസ്രായീല്‍ റോക്കറ്റുകള്‍ക്ക് ഉന്നം പിഴച്ചില്ല. തുടരെത്തുടരെയുള്ള ഷെല്‍വര്‍ഷം ചെന്നുപതിച്ചത് ആവാസ കേന്ദ്രങ്ങളില്‍ തന്നെയായിരുന്നു. സ്ത്രീകളും കുട്ടികളും സിവിലിയന്മാരുമടക്കം നൂറ്റമ്പതിലേറെ ഫലസ്തീനികളെ കൊന്നുതള്ളി. അവരുടെ  വീടുകളും കൃഷിയിടങ്ങളും തൊഴില്‍ സ്ഥാപനങ്ങളും ചാമ്പലാക്കി. ഭാവിയെക്കുറിച്ചുള്ള ഫലസ്തീനികളുടെ സ്വപ്നങ്ങള്‍ക്ക് ചിതയൊരുക്കി.
ക്രൂരത താണ്ഡവമാടിയ ഗസ്സ ഇപ്പോള്‍ ഒരു മരണഭൂമിയാണ്. കണ്ണീരുപോലും തോര്‍ന്നുപോയിരിക്കുന്നു, അവിടുത്തെ നിവാസികളില്‍. മനുഷ്യരും മൃഗങ്ങളും കത്തിയമര്‍ന്ന തെരുവുകള്‍. ഗുരുതരമായി പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞ ആശുപത്രികള്‍. ആഴ്ച നീണ്ട ബോംബുവര്‍ഷം. വീട്ടില്‍ ബന്ദികളാക്കിയ കുടുംബങ്ങള്‍, കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും പാചക വാതകവുമില്ലാതെ ദുരിതം തിന്നുകഴിയുന്നു. ടെലിഫോണും വൈദ്യുതിയും ഭാഗികമായി വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. വാര്‍ത്താമാധ്യമങ്ങള്‍ പുനരാരംഭിക്കാന്‍ ഇനിയും സമയമെടുത്തേക്കും.
***
ഇസ്രായീല്‍ ബോംബുവര്‍ഷം തുടങ്ങിയപ്പോള്‍, ഭയന്നോടിയെത്തിയ ദല്ലൂല്‍ കുടുംബം വടക്കുകിഴക്കന്‍ ഗസ്സയിലെ സൈത്തൂന്‍ സെറ്റില്‍മെന്റിലാണിപ്പോഴുള്ളത്. രാത്രി ഘോരശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ ആകാശത്ത് നിന്ന് തീഗോളങ്ങള്‍ പതിക്കുന്നതാണ് കണ്ടതെന്ന് എഴുപതുകാരിയായ ഉമ്മുഫതി ഓര്‍ക്കുന്നു. അവര്‍ക്കിത് പുത്തരിയല്ല, ഇസ്രായീല്‍ രാജ്യം പിറന്ന അന്നുമുതല്‍ ഈ ദുരന്തവര്‍ഷത്തിന് സാക്ഷിയാണവര്‍. ബീര്‍ശേബയില്‍ ജനിച്ച അവര്‍ പിന്നീട് തെണ്ടിത്തിരിഞ്ഞ് ഇവിടെ എത്തുകയായിരുന്നു. ഉമ്മുഫതിയും മകളും അവളുടെ ഭര്‍ത്താവും ഏഴു മക്കളുമടങ്ങുന്ന ദല്ലൂല്‍ കുടുംബം ഒരാഴ്ചയായി ആഹാരമോ കുടിവെള്ളമോ കിട്ടാതെ നരകിക്കുന്നു. സമീപ സ്ഥലങ്ങളില്‍ ഇടയ്ക്കിടെ ബോംബ് പൊട്ടിച്ചിതറുന്നത് കാണാം. ഓരോ പതിനഞ്ചു മിനിട്ടിലും ആകാശത്തുനിന്ന് ഘോരശബ്ദത്തോടെ റോക്കറ്റുകള്‍ പതിക്കുന്നു.
നാലു വയസുകാരി തലഅ പേടിച്ചരണ്ടു പോയിരിക്കുന്നു. ഇരുകൈകള്‍ കൊണ്ട് ചെവി പൊത്തി അവള്‍ മാതാവിന്റെ മടിയില്‍ മുഖമമര്‍ത്തിയിരിക്കും. കളിപ്പാട്ടങ്ങള്‍ എങ്ങോ കളഞ്ഞുപോയിരിക്കുന്നു. അവള്‍ക്ക് കിന്നരിക്കാന്‍ മുറ്റത്ത് ചെടികളോ പൂക്കളോ ഇല്ല. കരിഞ്ഞ മരങ്ങള്‍ക്കു കീഴെ കത്തിയൊടുങ്ങിയ കിളികളും ജീവികളും അവളുടെ കുഞ്ഞു മനസിനു താങ്ങാനാവുമോ? തലഅയുടെ ചേട്ടന്‍ വിസാമിന് പ്രായം ഒമ്പത്. അവനും കളികള്‍ മറന്നുപോയിരിക്കുന്നു. കളിക്കൂട്ടുകാര്‍ നഷ്ടപ്പെട്ടിരിക്കുന്നു. വല്ലപ്പോഴും ടെലിവിഷന്‍ തുറക്കുമ്പോള്‍, ബോംബ് പതിച്ച്  ചിതറിത്തെറിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ കണ്ട് അവന്റെ മനസ് കല്ലിച്ചുപോയിരിക്കുന്നു.
കുടുംബനാഥനായ യഹിയ, ഒരു ടാക്‌സിഡ്രൈവറാണ്. കുട്ടികള്‍ക്കും കുടുംബത്തിനും രണ്ടു നേരമെങ്കിലും ആഹാരം കൊടുക്കാന്‍ കഴിയണമെങ്കില്‍ അയാളുടെ ടാക്‌സി ഓടണം. ദിനങ്ങളായി കവലകള്‍ വിജനമാണ്. ആളുകള്‍ വീടുകളില്‍ ഒളിച്ചു കഴിയുമ്പോള്‍ തനിക്ക് പുറത്തിറങ്ങി എങ്ങനെ തൊഴില്‍ ചെയ്യാനാകും? കുടുംബത്തെ പോറ്റാന്‍ കഴിയും?
ഗസ്സയിലും വെസ്റ്റ് ബാങ്കിലുമുള്ള അധിവാസ കേന്ദ്രങ്ങള്‍ ഇസ്രായീലിന്റെ കണക്കില്‍ നിയമവിരുദ്ധമാണ്. ഫലസ്തീന്‍ മണ്ണില്‍ പിറന്നു വളര്‍ന്നവര്‍ അവിടെ അനധികൃത കുടിയേറ്റക്കാര്‍! അധിനിവേശം സ്ഥാപിച്ച ഇസ്രായീലാകട്ടെ, നിയമാനുസൃത പാര്‍പ്പുകാര്‍!! കണ്ണീര്‍ക്കടലില്‍ മുങ്ങിത്താഴുന്ന ആയിരക്കണക്കായ ഫലസ്തീന്‍ കുടുംബങ്ങളില്‍ ഒന്നുമാത്രമാണ് ദല്ലൂല്‍.
             $
യുദ്ധസന്ദര്‍ഭങ്ങളില്‍ പോലും കുഞ്ഞുങ്ങളോടും സ്ത്രീകളോടും വൃദ്ധരോടും അക്രമം കാട്ടരുതെന്ന് മനുഷ്യാവകാശ നിയമങ്ങളില്‍ എഴുതി വെച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രായീല്‍ പട്ടാളത്തിന്റെ ടാര്‍ഗറ്റ്, മിക്കപ്പോഴും കുട്ടികളും യുവാക്കളുമാണ്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ വെസ്റ്റ് ബാങ്കിലും ഗസ്സയിലുമായി 1,500 ലേറെ കുട്ടികളെ ഇസ്രായീല്‍ കൊന്നൊടുക്കിയിട്ടുണ്ട്. 13നും 17നും വയസിനിടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട കുട്ടികള്‍. ഗുരുതരമായ അപകടങ്ങളേറ്റ് ജീവച്ഛവങ്ങളായി മാറിയവരും അംഗവൈകല്യം സംഭവിച്ചവരും അതിന്റെ എത്രയോ മടങ്ങു വരും. നാലു മില്യനിലധികം ജനസംഖ്യയുള്ള ഗസ്സയില്‍ 45 ശതമാനം കുട്ടികളാണ്. അതില്‍ പകുതിയും 'പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ്സ്' എന്ന മനോരോഗത്തിന്റെ ഇരകളാണ്. നിരന്തരമായ സംഘര്‍ഷവും ഭീതിയും ഒരു തലമുറയുടെ മനോനില തകര്‍ത്തിരിക്കുന്നു. ഫലസ്തീനില്‍ അയ്യായിരം കുട്ടികള്‍ സ്‌കൂളിന്റെ കവാടം കണ്ടിട്ടേയില്ല. കടുത്ത ദാരിദ്ര്യം, ചെറുപ്പത്തിലേ പണിയെടുക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നു. ഇസ്രായീല്‍ ആക്രമണങ്ങളില്‍ വിധവകളാക്കപ്പെട്ട സ്ത്രീകളും അനാഥരായ കുട്ടികളും ഗുരുതരമായ സാമൂഹ്യപ്രശ്‌നമാണ്. പക്ഷെ, അതേക്കുറിച്ച് ആലോചിക്കാന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ക്കെവിടെ ധൈര്യം?
അധിനിവിഷ്ട ഗസ്സയിലും വെസ്റ്റ് ബേങ്കിലും കുട്ടികള്‍ക്കു നേരെ ഇസ്രായീല്‍ അധികൃതര്‍ കാട്ടുന്ന ക്രൂരത ലോകമാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. ശരാശരി 12 വയസുമാത്രമുള്ള 7500 കുട്ടികളാണ് ഇവിടെ കഴിഞ്ഞ 11 വര്‍ഷത്തിനിടെ പൊലീസ് അറസ്റ്റുചെയ്തു കൊണ്ടുപോയത്. അവരില്‍ പലരും വിചാരണത്തടവുകാരാണ്. പ്രതിവര്‍ഷം 500-700, പ്രതിദിനം രണ്ട് എന്ന തോതില്‍ ഫലസ്തീന്‍ കുട്ടികള്‍ ജയിലിലടക്കപ്പെടുന്നു. വീട്ടില്‍ കയറി, കുടുംബങ്ങളെ തള്ളിമാറ്റി, ഇസ്രായീല്‍ സുരക്ഷാസേന കുട്ടികളെ അറസ്റ്റുചെയ്തു കൊണ്ടുപോകുന്നതായി ഫലസ്തീന്‍ കുടുംബങ്ങള്‍ പരാതിപ്പെടുന്നു. ഭടന്മാരെ കല്ലെറിഞ്ഞു എന്നും മറ്റും ആരോപിച്ച് കുട്ടികളെ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കുന്നു.
ഇസ്രായീല്‍ പൊലീസിന്റെ കൊടിയ പീഡനത്തിന് ഇരയായ പതിനഞ്ചു വയസുകാരന്‍ യഹ്‌യയുടെ ദയനീയമായ അനുഭവം ഈയിടെ, ഒരു ഫലസ്തീന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്രായീല്‍ അധീനപ്രദേശമായ സുഫീനില്‍ അന്യായമായി കുടിയേറി എന്ന കുറ്റം ചുമത്തിയാണ് അവനെ അറസ്റ്റ് ചെയ്തത്. അവനോടൊപ്പം രണ്ടു കൂട്ടുകാരുമുണ്ടായിരുന്നുവത്രേ. ആയുധമേന്തിയ സുരക്ഷാ പൊലീസ് അവനെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി. രണ്ടു കൈകളും പിറകില്‍ കെട്ടുകയും കണ്ണുകള്‍ മൂടിക്കെട്ടുകയും ചെയ്തു. ചോദ്യംചെയ്യലിന്റെ ഭാഗമായി കാല്‍മുട്ടില്‍ മണിക്കൂറുകളോളം വെയിലത്തു നിര്‍ത്തി. ചുമരില്‍ തലയിടിക്കുകയും കഠിനമായി മര്‍ദിക്കുകയും ചെയ്തു. ഒടുവില്‍ ശരീരത്തില്‍ ഇലക്ട്രിക് ഷോക്കേല്‍പ്പിച്ചു.
ഇസ്രായീല്‍ ഭീകരതയുടെ ബലിയാടുകളായ ആയിരക്കണക്കിന് കുട്ടികളില്‍ ഒരുവന്‍ മാത്രമാണ് യഹ്‌യ. യഹ്‌യയുടെ അനുഭവം പക്ഷെ ലോകത്തെ അലട്ടുന്നില്ല. ഒരു ഫലസ്തീന്‍ പെണ്‍കുട്ടി ഗസ്സയുടെ ദിനങ്ങളിലൊന്നില്‍ തന്റെ ബ്ലോഗിലെഴുതിയ കവിത തുടങ്ങുന്നത് ഇങ്ങനെയാണ്:
'എനിക്ക് പ്രണയത്തെക്കുറിച്ച് ഒരു കവിത എഴുതണമായിരുന്നു, നിറക്കൂട്ടില്‍ മാരിവില്ലും ചിത്രശലഭങ്ങളും വരയ്ക്കണമായിരുന്നു, റോസാദളം മൊത്തി മണക്കണമായിരുന്നു, നീലക്കിളിയുടെ കൂജനത്തിന് ചുവടുവെച്ച് നൃത്തം ചെയ്യണമായിരുന്നു.
പക്ഷെ, എങ്ങനെ ഞാന്‍?......'


Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: