താക്കറെയും മഅ്ദനിയും പിന്നെ കസബും

  • Posted by Sanveer Ittoli
  • at 12:26 AM -
  • 0 comments
താക്കറെയും മഅ്ദനിയും പിന്നെ കസബും

താക്കറെയും മഅ്ദനിയും പിന്നെ കസബും


പ്രഫ. എ പി സുബൈര്‍
ശിവസേനാ നേതാവ് ബല്‍രാജ് താക്കറെയുടെ ശവസംസ്‌കാര വേളയില്‍ ദേശീയപതാക പുതപ്പിച്ചതും ദേശീയ ബഹുമതി നല്‍കിയതും ഇന്ത്യയിലെ ജനാധിപത്യത്തിന് ഏറ്റവും വലിയ അപമാനമാണ്. മഹാരാഷ്ട്രയില്‍, വിശേഷിച്ച് മുംബൈയില്‍ ബല്‍രാജ് താക്കറെയും അദ്ദേഹത്തിന്റെ ശിവസേനയും വലിയ ശക്തികളാണെന്നതില്‍ സന്ദേഹമില്ല. എന്നാല്‍ അവരുടേത് ഒരു വിധ്വംസക ശക്തിയാണ്. തെമ്മാടിത്തത്തിലൂടെയും ഭീകര പ്രവര്‍ത്തനങ്ങളിലൂടെയുമാണ് അവര്‍ ശക്തി പ്രകടിപ്പിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തിന് പോറലേല്‍പ്പിക്കുന്ന നടപടികളാണ് അവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
താക്കറെയുടെ അച്ഛന്‍ താക്കറെയായിരുന്നു മഹാരാഷ്ട്ര സംസ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടം നടത്തിയത്. പഴയ ബോംബെ സംസ്ഥാനത്തെ വിഭജിക്കാന്‍ നെഹ്‌റുവിന് വിസമ്മതമുണ്ടായിരുന്നു. ഒരു ഭാഷാ സംസ്ഥാനമായി കേരളം രൂപീകൃതമാകുന്നതിനെ കൃഷ്ണമേനോനും എതിര്‍ത്തിരുന്നു. അവരുടെയെല്ലാം എതിര്‍പ്പ് ഭാഷാ സംസ്ഥാനങ്ങള്‍ സങ്കുചിത വിഭാഗീയ വികാരങ്ങള്‍ സൃഷ്ടിക്കുമെന്നതായിരുന്നു. മഹാരാഷ്ട്രയുടെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. ബല്‍രാജ് താക്കറെയെ പോലെയൊരാള്‍ക്ക് അവിടത്തെ രാഷ്ട്രീയം ഹൈജാക്ക് ചെയ്യാനവസരം നല്‍കി.
 മുംബൈ കോര്‍പ്പറേഷനില്‍ ശിവസേനാ ഭരണത്തിലാണെന്ന ധാര്‍ഷ്ട്യത്തിലായിരുന്നുവോ അദ്ദേഹത്തിന്റെ ശവശരീരത്തെ ദേശീയപതാക പുതപ്പിച്ചത് എന്നറിയില്ല. ജനാധിപത്യവാദികള്‍ക്ക് അത് ഏറ്റവും വലിയ അശ്ലീല കാഴ്ചയായാണനുഭവപ്പെട്ടത്. പാര്‍ല്ലമെന്റും താക്കറേക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും സുപ്രിംകോടതി മുന്‍ റിട്ട.ജഡ്ജുമായ ജസ്റ്റിസ് കട്ജു മാത്രമാണ് അതിന് ഒരു അപവാദമായത്. താന്‍ താക്കറെയുടെ നിര്യാണത്തില്‍ അനുശോചിക്കുകയില്ല എന്നദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു.
അധോലോക രാഷ്ട്രീയത്തിന് ജനാധിപത്യം വഴിമാറിക്കൊടുക്കുന്ന കാഴ്ച അപലപനീയമാണ്. ജനാധിപത്യ മൂല്യങ്ങള്‍ ധ്വംസിക്കപ്പെടുകയും അധോലോകത്തിന്റെ വിധ്വംസക തെമ്മാടിത്തങ്ങള്‍ കൊടി കുത്തി വാഴുന്നതും ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിന് ഭീഷണിയാണ്.
ഇതേ അവസരത്തിലാണ് അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ ബംഗളുരു കോടതി നിരസിച്ചത്. വിചാരണ തടവുകാരനായാണ് മഅ്ദനി ബംഗളൂരിലെ ജയിലില്‍ കഴിയുന്നത്. വര്‍ഷങ്ങളോളം കോയമ്പത്തൂരിലെ ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞതിനു ശേഷമായിരുന്നു ഇടക്കാലത്ത് മോചനം ലഭിച്ചത്. മഅ്ദനി നിരപരാധിയാണെന്ന കോടതിവിധിയുടെ മഷിയുണങ്ങും മുമ്പേ ചില കേന്ദ്രങ്ങള്‍ അസ്വസ്ഥരായി. തുടര്‍ന്നാണ് കര്‍ണാടക പൊലീസ് ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്റെ പേരു പറഞ്ഞ് മഅ്ദനിയെ അറസ്റ്റുചെയ്ത് കൊണ്ടുപോയത്. മഅ്ദനിയുടെ രാഷ്ട്രീയമോഹങ്ങളും അതിനായി അദ്ദേഹം അനുവര്‍ത്തിച്ച സത്യസന്ധമല്ലാത്ത വഴികളുമാണ് അദ്ദേഹത്തെ വിഷമങ്ങളിലേക്ക് കൊണ്ടെത്തിച്ചത്. അങ്ങനെ മഅ്ദനിയെ അനുകൂലിക്കാനാവാത്ത അനേകം ഘടകങ്ങളുണ്ടെങ്കിലും, അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന ജയില്‍വാസം നീതിക്ക് നിരക്കുന്നതല്ല എന്ന കാരണം കൊണ്ടുതന്നെയാണ് അതിന്നെതിരായ നിലപാടെടുക്കേണ്ടി വരുന്നത്. വികലാംഗനും പ്രമേഹരോഗംകൊണ്ട് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആളുമെന്ന നിലയില്‍ അദ്ദേഹത്തിന് ചില ആനുകൂല്യങ്ങള്‍ നല്‍കാവുന്നതാണ്. അല്ലെങ്കില്‍ അദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാവുന്നതാണ്. സുപ്രീംകോടതിയടക്കം അദ്ദേഹത്തിന്റെ അപ്പീലുകള്‍ ഒരു മുന്‍വിധിയോടെയാണ് കേള്‍ക്കുന്നത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അന്ധമായി സ്വീകരിക്കപ്പെടുന്നതായാണ് കാണുന്നത്. ഒരിക്കല്‍ ജസ്റ്റിസ് കാട്ജു മാത്രമായിരുന്നു മഅ്ദനിക്ക് ജാമ്യമനുവദിക്കാമെന്നഭിപ്രായപ്പെട്ടത്. ബെഞ്ചിലെ മറ്റ് ജസ്റ്റിസുകള്‍ എതിരായതിനാല്‍ അത് നടപ്പില്‍ വന്നുമില്ല.
കസബിനെ തൂക്കിക്കൊന്നതായിരുന്നു കഴിഞ്ഞ ആഴ്ചയിലെ വലിയ വാര്‍ത്ത. അജ്മല്‍ അമീര്‍ എന്നായിരുന്നു യഥാര്‍ഥ പേര്. കസബ് എന്നത് ജാതിപ്പേരായിരുന്നു. ഇറച്ചിവെട്ടുകാരന്‍ എന്നര്‍ഥം. പാകിസ്താനില്‍ (ഇന്ത്യയിലെ യു പിയിലും മറ്റും) അവര്‍ താഴ്ന്ന ജാതിക്കാരാണ്. പലരും ഇറച്ചിവെട്ട് തൊഴിലില്ലെങ്കില്‍ പോലും. ഇസ്‌ലാമില്‍ ജാതിയില്ല എന്നു പറയുന്നുണ്ടെങ്കിലും മണ്ഡല്‍ കമ്മിഷന്റെ വിസ്തൃതമായ റിപ്പോര്‍ട്ട് വായിക്കുന്നവര്‍ക്ക് ഇന്ത്യയിലെ മുസ്‌ലിംകളുടെ ജാതി തിരിച്ചുള്ള വിശദ വിവരങ്ങളറിയാന്‍ കഴിയും. ദാരിദ്ര്യം കൊണ്ട് വീടുവിട്ടു അലയേണ്ടിവന്ന അജ്മലിനെ പോലുള്ളവര്‍ ഭീകര സംഘടനകളുടെ പണിയാളുകളായി തീരുന്നതിന്റെ തെളിവാണ് കസബിന്റെ സംഭവം തെളിയിക്കുന്നത്.
കസബിന്റെ വധശിക്ഷ വളരെ രഹസ്യമായി നടത്തിയതിനെക്കുറിച്ച് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ നടത്തിയ അവകാശവാദങ്ങള്‍ അദ്ദേഹത്തിന്റെ അല്‍പത്തരത്തെയാണ് വെളിവാക്കിയത്. താനൊരു പൊലീസുകാരനായിരുന്നു, അതിന്റെ അച്ചടക്കമാണ് ഇതില്‍ പ്രകടമായതെന്നും അദ്ദേഹം പ്രസ്താവിച്ചു. പ്രധാനമന്ത്രിയെയും സോണിയാഗാന്ധിയെയും പോലും അറിയിക്കാതെയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് അദ്ദേഹം വീരവാദം നടത്തി. എന്നാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് പ്രസിഡന്റിന്റെ ദയാഹര്‍ജിപോലും പരിഗണിക്കപ്പെടാതെ പോകുന്ന ആള്‍ക്ക് അവസാനമായി ഒരു ജുഡീഷ്യല്‍ റിവ്യൂവിന് അപേക്ഷ നല്‍കാനുള്ള അവസരം കസബിന് നല്‍കപ്പെട്ടില്ല എന്നത് ഒരു കളങ്കമായി അവശേഷിക്കുന്നു. മനുഷ്യാവകാശ പ്രകരണത്തില്‍ ഇന്ത്യക്കെതിരായ ഒരഭിപ്രായ പ്രകടനം ഇതിലൂടെ സംഭവിക്കുന്നതാണ്.
കസബ് വധിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ കസബിനെ പോലുള്ളവര്‍ വെറുമൊരു ഉപകരണം മാത്രമാണ്. ഭീകരവാദത്തെ ഇല്ലാതാക്കാന്‍ ഇത്തരം ശിക്ഷകള്‍ കൊണ്ട് കഴിയില്ല. ഒരുപാട് ആളുകളെ കൊല്ലാന്‍ ഇടയാക്കിയവനെ കൊന്ന് പ്രതികാരം ചെയ്തതിന്റെ ഒരു തൃപ്തി മാത്രമാണ് ഇതിലൂടെ ലഭിക്കുന്നത്. 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: