മനുഷ്യനും ഖലീഫയും

മനുഷ്യനും ഖലീഫയും

മനുഷ്യനും ഖലീഫയും

മനുഷ്യനെ ഭൂമിയിലെ പ്രതിനിധിയാക്കിയിരിക്കുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. പ്രപഞ്ചത്തിലെ ഓരോ ജീവിയും പ്രത്യേകമായിടത്ത്‌ വസിക്കുന്നവരാണ്‌. ഒരു കാട്ടില്‍ കാണുന്നതിനെ മറ്റൊരു കാട്ടില്‍ കാണുന്നില്ല. ഒരു മണ്ണില്‍ കഴിയുന്നതിനെ വേറൊരു മണ്ണില്‍ കാണുന്നില്ല. കടലിലുള്ള മത്സ്യമല്ല പുഴയിലുള്ളത്‌. എന്നാല്‍ മനുഷ്യനാകട്ടെ, എല്ലായിടത്തും വസിക്കുന്നു. വ്യത്യസ്‌ത കാലാവസ്ഥകളും ഭൂപ്രകൃതിയും അവന്‍ അതിജീവിക്കുന്നു. ഇങ്ങനെ ഭൂമിയില്‍ എല്ലായിടത്തും ജീവിക്കാവുന്ന ഒരു സൃഷ്‌ടി മനുഷ്യനാണെന്ന അര്‍ഥത്തിലായിരിക്കുമോ ഖലീഫ എന്ന പ്രയോഗം?
പി കെ സലീം നരിക്കുനി
പിന്‍ഗാമിയായി, പകരക്കാരനായി, പ്രതിനിധിയായി എന്നൊക്കെ അര്‍ഥമുള്ള ഖലഫ എന്ന ക്രിയാധാതുവില്‍ നിന്നുള്ള വിശേഷണനാമമാണ്‌ ഖലീഫഃ. ഈ പദം ഏകവചനമാണെങ്കിലും മനുഷ്യവര്‍ഗത്തിന്റെ മൊത്തം വിശേഷണമാകാനും സാധ്യതയുണ്ട്‌.
ഓരോരുത്തരും തുടങ്ങിവെച്ച ദൗത്യം അവരുടെ പിന്‍ഗാമികള്‍ പൂര്‍ത്തിയാക്കുകയോ അവര്‍ പുതിയ സംരംഭങ്ങളുമായി മുന്നേറുകയോ ചെയ്യുന്ന, തലമുറകളിലൂടെ അനുസ്യൂതമായ നാഗരിക വികാസം നടക്കുന്ന അവസ്ഥ മാനവരാശിക്ക്‌ മാത്രമേ ഉള്ളൂ എന്നതായിരിക്കാനിടയുണ്ട്‌ മനുഷ്യനെ ഭൂമിയിലെ ഖലീഫയാക്കി എന്നതിന്റെ വിവക്ഷ. മനുഷ്യര്‍ക്കു മുമ്പ്‌ ഭൂമുഖത്തുണ്ടായിരുന്ന ഒരു സൃഷ്‌ടി വിഭാഗം കുഴപ്പങ്ങളുണ്ടാക്കിയപ്പോള്‍ അവരെ നശിപ്പിച്ചിട്ടാണ്‌ അല്ലാഹു മനുഷ്യനെ സൃഷ്‌ടിച്ച്‌ ഭൂമിയിലേക്ക്‌ അയച്ചതെന്നും നശിപ്പിക്കപ്പെട്ട വര്‍ഗത്തിന്റെ പകരക്കാരന്‍ എന്ന നിലയിലാണ്‌ മനുഷ്യനെ ഭൂമിയില്‍ ഖലീഫയാക്കിയത്‌ എന്നും ചില ഖുര്‍ആന്‍ വ്യാഖാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
ഒരു രാജാവ്‌ ഒരു പ്രധാന കാര്യത്തിന്‌ ഒരാളെ പ്രതിനിധിയായി നിയോഗിക്കുന്നത്‌ അറിവും പ്രാപ്‌തിയും സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള കഴിവും നോക്കിയാണ്‌. മനുഷ്യരൊഴികെ ഭൂമിയിലെ ജന്തുജാലങ്ങള്‍ക്കൊന്നും ഇങ്ങനെ പ്രതിനിധിയോ സ്ഥാനപതിയോ ആകാനുള്ള യോഗ്യതയില്ല. മനുഷ്യന്റെ സവിശേഷമായ ഈ സ്ഥാനവുമാകാം ഖലീഫ എന്ന പദം കൊണ്ട്‌ സൂചിപ്പിക്കപ്പെട്ടത്‌.
മറ്റു ജന്തുക്കള്‍ പ്രകൃത്യാ ഉള്ള അനുകൂലനങ്ങളുടെ പിന്‍ബലത്താല്‍ നിലനില്‌ക്കുമ്പോള്‍ പ്രകൃതിയെ ആവശ്യാനുസൃതം ഉപയോഗപ്പെടുത്താനും പരുവപ്പെടുത്താനുമുള്ള കഴിവുകൊണ്ടാണ്‌ മനുഷ്യര്‍ നിലനില്‌ക്കുന്നത്‌. സമൃദ്ധമായ രോമം കൊണ്ടാണ്‌ ചില ജന്തുക്കള്‍ അതിശൈത്യത്തെ തരണം ചെയ്യുന്നത്‌. മനുഷ്യനാകട്ടെ ജന്തുക്കളുടെ രോമം കത്രിച്ചെടുത്ത്‌ കമ്പിളി വസ്‌ത്രങ്ങള്‍ നിര്‍മിച്ചാണ്‌ കൊടും തണുപ്പിനെ മറികടക്കുന്നത്‌. ഇതുപോലുള്ള സ്വതന്ത്രമായ കഴിവുകളാണ്‌ ഭൂമുഖത്തെങ്ങും അധിവസിക്കാന്‍ മനുഷ്യനെ പ്രാപ്‌തനാക്കിയത്‌. ഈ കഴിവുകള്‍ ഖലീഫ എന്ന പദത്തിന്റെ അര്‍ഥപരിധിയില്‍ വരുന്നതത്രെ. 
ജമാഅത്തിന്റെ സലഫി പ്രേമം
``ഹദീസുകളോട്‌ ഏറ്റവും യോജിച്ച വീക്ഷണം സ്വീകരിക്കുമ്പോള്‍ തന്നെ, ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ എത്തിച്ചേരാവുന്ന കര്‍മശാസ്‌ത്രത്തിലെ മറുവീക്ഷണങ്ങളെ അടച്ചാക്ഷേപിക്കുന്ന ശൈലി പൊതുവെ അവര്‍ക്കില്ലായിരുന്നു. ഇമാം അഹ്‌മദുബ്‌നു ഹന്‍ബല്‍, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ഇബ്‌നു ഖയ്യിമുല്‍ ജൗസിയ്യ, മുഹമ്മദുബ്‌നു അബ്‌ദില്‍ വഹ്‌ഹാബ്‌ തുടങ്ങി സലഫി ധാരയില്‍ സര്‍വാംഗീകൃതരായ പണ്ഡിതന്മാരെല്ലാം ഈ വിഷയത്തില്‍ മാതൃകാപരമായ നിലപാടുള്ളവരായിരുന്നു.'' (പ്രബോധനം, പേജ്‌ 19, 2012 ഡിസംബര്‍ 22)
`മുസ്‌ലിം' എന്തുപറയുന്നു?
അബ്‌ദുസ്സലാം കൂരാച്ചുണ്ട്‌
പ്രാമാണികമായ ഹദീസ്‌ തള്ളിക്കളഞ്ഞ്‌ സ്വന്തമായി ഗവേഷണം നടത്തി നയനിലപാടുകള്‍ സ്വീകരിക്കുന്ന സമ്പ്രദായം മഹാന്മാരായ സ്വഹാബികളോ സച്ചരിതരായ മുന്‍ഗാമികളോ മദ്‌ഹബ്‌ ഇമാമുകളോ സ്വീകരിച്ചിട്ടില്ല. ചില ഇമാമുകളുടെ അഭിപ്രായങ്ങള്‍ പ്രാമാണികമായ ഹദീസുകളോട്‌ യോജിക്കാതെ വന്നത്‌ അവര്‍ക്ക്‌ ആ ഹദീസുകളെക്കുറിച്ച്‌ അറിവ്‌ ലഭിക്കാതിരുന്നതു കൊണ്ടാണ്‌. തങ്ങളുടെ അഭിപ്രായം പ്രബലമായ ഹദീസിന്‌ എതിരാണെന്ന്‌ കണ്ടാല്‍ ആ അഭിപ്രായം തള്ളിക്കളഞ്ഞ്‌ ഹദീസ്‌ പ്രകാരം പ്രവര്‍ത്തിക്കണമെന്ന്‌ പ്രമുഖ ഇമാമുകള്‍ തങ്ങളുടെ ശിഷ്യന്മാരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇബ്‌നുതൈമിയ്യയോ ഇബ്‌നുല്‍ ഖയ്യിമോ മുഹമ്മദുബ്‌നു അബ്‌ദില്‍ വഹ്‌ഹാബോ പ്രാമാണികമായ ഹദീസുകളെ അവഗണിച്ചുകൊണ്ട്‌ ഗവേഷണം നടത്തിയിട്ടില്ല.
ആരെയും അടച്ചാക്ഷേപിക്കല്‍ സലഫീ മാര്‍ഗമല്ല. ഇമാം ശാഫിഈ, അബൂഹനീഫ പോലുള്ള ഇമാമുകളോട്‌ ചില വിഷയങ്ങളില്‍ വിയോജിക്കുമ്പോഴും ദീനിന്‌ വേണ്ടി അവര്‍ ചെയ്‌ത അമൂല്യമായ സേവനങ്ങളെ വിലമതിക്കുകയാണ്‌ സലഫികള്‍ ചെയ്യുന്നത്‌.
ഏതാനും പതിറ്റാണ്ടുകള്‍ മുമ്പുവരെ ജീവിച്ച സലഫീ പണ്ഡിതന്മാരെ വാഴ്‌ത്തുകയും സമകാലികരായ സലഫികളെ അടച്ച്‌ ആക്ഷേപിക്കുകയുമാണ്‌ ജമാഅത്തുകാരുടെ പോളിസി. സമകാലികര്‍ക്കിടയില്‍ വ്യതിരിക്തത സ്ഥാപിക്കാന്‍ വേണ്ടി ചില രാഷ്‌ട്രീയ കക്ഷികളും മാധ്യമങ്ങളും സ്വീകരിക്കാറുള്ളതും ഇതേ പോളിസി തന്നെയാണ്‌. സലഫികള്‍ക്ക്‌ മതപ്രമാണങ്ങള്‍ ഒരു പോളിസി മാറ്ററല്ലാത്തതുകൊണ്ട്‌ ഹദീസുകളെ അവഗണിച്ചുകൊണ്ട്‌ മതഗവേഷണം നടത്താനൊക്കാത്തത്‌ സ്വാഭാവികമാകുന്നു.
മക്തിതങ്ങളും സത്യധാരയുടെ മൊഴിമാറ്റവും
``ക്രൈസ്‌തവ പാതിരിമാരോടെന്ന പോലെ മുസ്‌ലിം സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗത്തോടും പടപൊരുതാന്‍ അദ്ദേഹം മടി കാണിച്ചില്ല...മത കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനം ആരെയും മുട്ടുകുത്തിക്കാന്‍ അനുയോജ്യമായിരുന്നു.'' (സയ്യിദ്‌ സനാഉല്ല മക്തി തങ്ങള്‍ ആറാമാണ്ട്‌ തികയുമ്പോള്‍, മുബശ്ശിര്‍ പി പാഴൂര്‍, മറുമൊഴി, സത്യധാര ജനു.16-31)
മദ്‌റസയെപ്പറ്റിയും ഇംഗ്ലീഷ്‌ പഠനത്തെപ്പറ്റിയും പണ്ട്‌ പറഞ്ഞതെല്ലാം വിഴുങ്ങിയ സമസ്‌തയുടെ മറ്റൊരു വിഴുങ്ങലിന്റെ സാംപിള്‍ വെടിക്കെട്ടായിരിക്കുമോ ഇത്‌?
ഇ കെ ഹസന്‍ തലശ്ശേരി
ഇപ്പോള്‍ നവോത്ഥാനം കീഴ്‌മേല്‍ മറിക്കാന്‍ വേണ്ടി രണ്ടു സമസ്‌തകളും വമ്പിച്ച ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ. യാഥാസ്ഥിതികര്‍ എന്നാല്‍ മുജാഹിദുകളാണെന്നും അവരെ എതിര്‍ക്കുകയായിരുന്നു മക്‌തി തങ്ങളുടെ ദൗത്യമെന്നും സ്ഥാപിക്കാന്‍ സമസ്‌തക്കാര്‍ക്ക്‌ ഗൂഢലക്ഷ്യമുണ്ടോ എന്നറിയില്ല. അദ്ദേഹത്തിന്റെ പേരില്‍ ഒരു ജാറമുണ്ടാക്കിയാല്‍ വലിയ വരുമാനമുണ്ടാക്കാമെന്ന ആലോചനയും ഏതെങ്കിലും മുസ്‌ല്യാരുടെ തലയില്‍ ഉദിച്ചു കൂടായ്‌കയില്ല.
സലാമും പരലോകമോക്ഷത്തിനുള്ള പ്രാര്‍ഥനയും
``നിങ്ങള്‍ക്ക്‌ വല്ല അഭിവാദ്യവും അര്‍പ്പിക്കപ്പെട്ടാല്‍ അതിനേക്കാള്‍ നല്ലതിനെ (അങ്ങോട്ടും) അഭിവാദ്യമര്‍പ്പിക്കുക. അല്ലെങ്കില്‍ അത്‌ (പ്രകാരം തന്നെ) മടക്കുക.'' (സൂറതുന്നിസാഅ്‌ 86). മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വ്യത്യാസമില്ലാതെ -മുസ്‌ലിംകളോട്‌ എതിര്‍പ്പും പകയും വെച്ചുപുലര്‍ത്താത്ത- എല്ലാവരോടും, അല്ലാഹുവിന്റെ കാരുണ്യവും രക്ഷയും അനുഗ്രഹവും താങ്കള്‍ക്ക്‌ ഉണ്ടാവട്ടെ എന്നര്‍ഥം വരുന്ന സലാം പറയാമെന്നും സലാം മടക്കാമെന്നും അത്‌ പുണ്യകരമാണെന്നും ഒരു മുജാഹിദ്‌ പണ്ഡിതന്റെ പ്രസംഗത്തില്‍ നിന്നും കേള്‍ക്കാനിടയായി. ഈ പ്രസ്‌താവന ശരിയെങ്കില്‍ നബി(സ)ക്ക്‌ തന്റെ മരണപ്പെട്ടുപോയ മാതാവിന്റെ പരലോക മോക്ഷത്തിനായി പ്രാര്‍ഥിക്കാന്‍ എന്തുകൊണ്ടാണ്‌ അല്ലാഹു അനുവാദം നിഷേധിച്ചത്‌?
കെ ഉമ്മര്‍ ആമയൂര്‍
അല്ലാഹുവിന്റെ കാരുണ്യവും രക്ഷയും അനുഗ്രഹങ്ങളും ഈ ലോകത്ത്‌ എല്ലാ മനുഷ്യരും പല അളവില്‍ അനുഭവിക്കുന്നുണ്ടല്ലോ. എന്നാല്‍ പരലോകത്ത്‌ ഇതെല്ലാം സത്യവിശ്വാസികള്‍ക്ക്‌ മാത്രമേ ലഭിക്കൂ. അതിനാല്‍ ഇഹലോകത്ത്‌ ഇതെല്ലാം താങ്കള്‍ക്ക്‌ ലഭിക്കുമാറാകട്ടെ എന്ന്‌ ആര്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കാവുന്നതാണ്‌. പരലോകമോക്ഷത്തിന്‌ വേണ്ടിയുള്ള പ്രാര്‍ഥന സത്യവിശ്വാസികള്‍ക്കു വേണ്ടി മാത്രമേ പാടുള്ളൂ.
``ബഹുദൈവ വിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന്‌ തങ്ങള്‍ക്ക്‌ വ്യക്തമായിക്കഴിഞ്ഞതിനു ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടാന്‍- അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും- പ്രവാചകനും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല.'' (വി.ഖു 9:113)
സ്‌ത്രീപീഡനത്തിന്റെ പിന്നാമ്പുറം
``സ്‌ത്രീപീഡനങ്ങള്‍ക്കുള്ള പരിഹാരം സ്‌ത്രീകള്‍ പര്‍ദ ധരിക്കല്‍ മാത്രമാണെന്ന്‌ ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ലെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ പറഞ്ഞു'' -സമസ്‌ത മിലാദ്‌ കോണ്‍ഫറന്‍സ്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞ ഇതേ അഭിപ്രായം തന്നെയല്ലേ അല്‍പം വിസ്‌തരിച്ച്‌ ഡോ. എം എന്‍ കാരശ്ശേരി മാതൃഭൂമി പത്രത്തില്‍ എഴുതിയതും?
ഉമര്‍കോയ നരിക്കുനി
സ്‌ത്രീപീഡനത്തിന്‌ പര്‍ദ മാത്രമാണ്‌ പരിഹാരമെന്ന്‌ അല്ലാഹുവോ റസൂലോ(സ) പറഞ്ഞിട്ടില്ല എന്നത്‌ ശരിയാണ്‌. സ്‌ത്രീകളും പുരുഷന്മാരും ഒരുപോലെ ഇസ്‌ലാം പഠിപ്പിക്കുന്ന ധാര്‍മിക മുറകള്‍ പാലിക്കാന്‍ തയ്യാറായാല്‍ പ്രശ്‌നത്തിന്‌ ഒട്ടൊക്കെ പരിഹാരമാകും. എന്നാല്‍ ഏത്‌ സമൂഹത്തിലും പല കാരണങ്ങളാല്‍ കടുത്ത അതിക്രമകാരികളും അധര്‍മകാരികളും ഉണ്ടാകും. അവരെ ഒതുക്കി നിര്‍ത്താന്‍ കഴിയണമെങ്കില്‍ നാട്ടിലെ ക്രമസമാധന പാലനവും നീതി നിര്‍വഹണവും അന്യൂനമാകണം.
സ്‌ത്രീകള്‍ ശരീരസൗന്ദര്യം മറയ്‌ക്കുന്ന വസ്‌ത്രധാരണരീതി സ്വീകരിക്കുന്നത്‌ അവര്‍ പീഡിപ്പിക്കപ്പെടാതിരിക്കാന്‍ നല്ലതാണെന്ന്‌ അല്ലാഹുവാണ്‌ പറഞ്ഞത്‌; ഏതെങ്കിലും ഭൗതിക വാദിക്ക്‌ അത്‌ ഇഷ്‌ടമായാലും ഇല്ലെങ്കിലും.
``നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ ഭാര്യമാരോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്‌ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (വി.ഖു 33:59)
read more →

വിരലിനോടുള്ള ഇസ്‌തിഗാസ

വിരലിനോടുള്ള ഇസ്‌തിഗാസ

- നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
ഹേ...എന്നു വിളിക്കുന്നതെല്ലാം ഇസ്‌തിഗാസയാണെന്ന്‌ തെറ്റിദ്ധരിച്ച ചിലരുണ്ട്‌. എന്നാല്‍ വിളി കേള്‍ക്കാനോ ഉത്തരം പ്രതീക്ഷിച്ചു കൊണ്ടോ അല്ലാത്ത വിളിയുടെ ശൈലി ഒരു സാഹിത്യപ്രയോഗമാണ്‌. വ്യക്തികളെയും കല്ലിനെയും നാടിനെയും മറ്റും വിളിച്ചുകൊണ്ടുള്ള പ്രയോഗങ്ങള്‍ കഴിഞ്ഞ ലക്കങ്ങളില്‍ നാം വിശദീകരിച്ചത്‌ ഓര്‍ക്കുക. ഇനിയും ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.
നബി(സ)യുടെ വിരല്‍, യുദ്ധത്തില്‍ മുറിവായ സന്ദര്‍ഭത്തില്‍ ആ വിരലിനോട്‌ നബി(സ) ഇപ്രകാരം പദ്യരൂപത്തില്‍ പറഞ്ഞു: ``നീ രക്തം കലര്‍ന്ന ഒരു വിരലാണ്‌. അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്‌ നീ ഇതെല്ലാം കണ്ടുമുട്ടിയത്‌.'' (ബുഖാരി)
ഇവിടെ വിരല്‍ കേള്‍ക്കാനല്ല നബി(സ) ഇപ്രകാരം പാടിയത്‌. തന്റെ സദസ്സിലുള്ളവര്‍ കേള്‍ക്കാനും തന്റെ മനസ്സിലെ വേദനക്ക്‌ ശമനം ലഭിക്കാനും വേണ്ടിയാണ്‌. വിരല്‍ കേള്‍ക്കുന്ന പ്രശ്‌നം ഇവിടെയില്ല. സംബോധനം ഒരാളോടും ഉദ്ദേശ്യം മറ്റുള്ളവരും എന്ന സാഹിത്യശൈലി വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പോലും പ്രയോഗിച്ചിട്ടുണ്ടെന്ന്‌ ചില സൂക്തങ്ങള്‍ക്ക്‌ വ്യാഖ്യാനം നല്‌കിയപ്പോള്‍ ചില മഹാന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്‌.
സൂറതു ത്വലാഖിലെ ആദ്യത്തെ ആയത്തിന്‌ വ്യാഖ്യാനം നല്‌കിയപ്പോള്‍ ജലാലൈനിയില്‍ എഴുതുന്നു: ``സംബോധനം നബി(സ)യാണെങ്കിലും ഉദ്ദേശ്യം നബി(സ)യുടെ സമുദായമാണ്‌'' (ജലാലൈനി). ``തീര്‍ച്ചയായും ഇങ്ങനെ പറയപ്പെടുന്നു: നിശ്ചയം ഈ സംഭാഷണം നബി(സ)യോടാണ്‌. ഉദ്ദേശ്യം അവിടുത്തെ ജനതയും.'' (ഖുര്‍തുബി)
തീര്‍ച്ചയായും നീ ശിര്‍ക്ക്‌ ചെയ്‌താല്‍ നിന്റെ പ്രവര്‍ത്തനം നിഷ്‌ഫലമാകും എന്ന്‌ അല്ലാഹു പറഞ്ഞ സൂറതുസ്സുമറിലെ 65-ാം ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ തഫ്‌സീര്‍ ഖുര്‍തുബി ഉദ്ധരിക്കുന്നു: ``ഇവിടെ സംബോധനം നബി(സ)യോടാണെങ്കിലും ഉദ്ദേശ്യം അവിടുത്തെ സമുദായമാണ്‌. കാരണം നബി(സ) ഒരിക്കലും ശിര്‍ക്ക്‌ ചെയ്യുകയില്ലെന്നും നബിയില്‍ നിന്ന്‌ ശിര്‍ക്ക്‌ സംഭവിക്കുകയില്ലെന്നും അല്ലാഹു മുന്‍കൂട്ടി അറിഞ്ഞിട്ടുണ്ട്‌.'' (ഖുര്‍തുബി)
വസ്‌അല്‍ മന്‍ അര്‍സല്‍നാ മിന്‍ ഖബ്‌ലിക...
അല്ലാഹു കല്‌പിക്കുന്നു: ``നിനക്ക്‌ മുമ്പ്‌ നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട്‌ നീ ചോദിച്ചുനോക്കുക; പരമകാരുണികന്‌ പുറമെ ആരാധിക്കപ്പെടേണ്ട വല്ല ആരാധ്യന്മാരെയും നാം അവര്‍ക്ക്‌ നിശ്ചയിച്ചിട്ടുണ്ടോ എന്ന്‌.'' (സുഖ്‌റുഫ്‌ 45)
ഈ സൂക്തത്തില്‍ മരണപ്പെട്ടുപോയ നബിമാരോട്‌ മുഹമ്മദ്‌ നബി(സ) തൗഹീദിലെ ഒരു പ്രധാന അറിവ്‌ ചോദിച്ചറിയണമെന്ന്‌ കല്‌പിക്കുകയാണ്‌. ഇതിനെക്കാള്‍ വലിയ സഹായതേട്ടമില്ല. അതിനാല്‍ (മരണപ്പെട്ടവരെ വിളിച്ച്‌ ചെറിയ പടച്ചവന്മാരെ ഉണ്ടാക്കുന്നു. ഇസ്‌തിഗാസക്ക്‌ ഈ സൂക്തം തെളിവാണ്‌ (പേരോട്‌, കാന്തപുരം മുസ്‌ലിയാര്‍, സമസ്‌ത ഭിന്നിക്കുന്നതിന്റെ മുമ്പ്‌ സര്‍വ ഖുബൂരികളും). മരണപ്പെട്ടവരോട്‌ സഹായം തേടാന്‍ പറയുമ്പോള്‍ തന്നെ ഉദ്ദേശ്യം മറ്റുള്ളവരാകുമെന്ന്‌ ഖുബൂരികളുടെ വ്യാഖ്യാനപ്രകാരം കൂടുതല്‍ സ്ഥിരപ്പെടുന്നു. കാരണം ഇതില്‍ സഹായം തേടല്‍ ഉണ്ടെന്ന്‌ ഇവര്‍ സമ്മതിക്കുന്നു. എന്നാല്‍ നിനക്ക്‌ മുമ്പ്‌ നിയോഗികപ്പെട്ട നബിമാര്‍ എന്നതിന്റെ ഉദ്ദേശ്യം മരണപ്പെട്ട നബിമാരോട്‌ ഭൂമിയില്‍ വെച്ച്‌ നബി(സ)യോട്‌ ചോദിക്കുവാനുള്ള നിര്‍ദേശമാണിതെന്ന്‌ മറ്റൊരു ഖുര്‍ആന്‍ വ്യാഖ്യാതാവും മുസ്‌ലിം പണ്ഡിതനും പ്രസ്‌താവിക്കുന്നില്ല. ഈ വ്യാഖ്യാനം സമസ്‌തയിലെ ഖുബൂരികളുടെ മാത്രം ദുര്‍വ്യാഖ്യാനമാണ്‌. ആയത്തിന്‌ മുസ്‌ലിം ലോകം നല്‌കുന്ന അര്‍ഥം കാണുക:
1. ഇമാം റാസി(റ) വ്യാഖ്യാനിക്കുന്നത്‌ ശ്രദ്ധിക്കുക: പലവ്യാഖ്യാനങ്ങള്‍ ഈ സൂക്തത്തിന്‌ നല്‌കപ്പെടുന്നു.
ഒന്ന്‌), വേദക്കാരില്‍ ഉള്‍പ്പെട്ട സത്യവിശ്വാസികളോട്‌ നീ ചോദിച്ചുനോക്കുക.
രണ്ട്‌), ഇബ്‌നു അബ്ബാസ്‌(റ) പറയുന്നു: നബി(സ) ബൈതുല്‍ മുഖദ്ദസിലേക്ക്‌ നിശായാത്ര ചെയ്‌തപ്പോള്‍ നബി(സ)ക്കുവേണ്ടി ആദമിനെയും സര്‍വ നബിമാരെയും അല്ലാഹു ഉയര്‍ത്തെഴുന്നേല്‌പിച്ചു. ശേഷം അവരോട്‌ ചോദിക്കുവാന്‍ പറഞ്ഞതാണ്‌.
മൂന്ന്‌), ചോദിക്കുവാനും മറുപടി നല്‌കുവാനും സാധ്യമല്ലാത്ത സ്ഥലത്ത്‌ ചോദിക്കുവാന്‍ പറയുമ്പോള്‍ അതിന്റെ ഉദ്ദേശ്യം മറ്റൊന്നാവുന്നതാണ്‌. അതായത്‌ തെളിവ്‌ അന്വേഷിക്കലും ചിന്തയുമാണ്‌. ഇപ്രകാരം പറയാറുണ്ട്‌, നീ ഭൂമിയോടു ചോദിക്കുക. നിന്നിലുള്ള നദികള്‍ ആരാണ്‌ പിളര്‍ത്തി ഉണ്ടാക്കിയത്‌. നിന്നിലുള്ള മരങ്ങള്‍ ആരാണ്‌ കൃഷി ചെയ്‌തത്‌. നിന്നില്‍ ഉണ്ടായിരുന്ന ഫലവര്‍ഗങ്ങള്‍ ആരാണ്‌ പറിച്ചെടുത്തത്‌? ഇവര്‍ നിനക്ക്‌ മറുപടി നല്‌കുകയില്ലെങ്കിലും പഠനം നിനക്ക്‌ മറുപടി നല്‌കും. ഇതുപോലെയാണ്‌ ഇവിടെ. കാരണം മരണപ്പെട്ടുപോയ നബിമാര്‍ ഇവിടെ ഉദ്ദേശിക്കല്‍ തള്ളപ്പെടുന്നതാണ്‌. അപ്പോള്‍ ഉദ്ദേശ്യം മറ്റൊന്നാണ്‌. നിന്റെ ബുദ്ധികൊണ്ടും ചിന്തകൊണ്ടും നിനക്ക്‌ മറുപടി ലഭിക്കുന്നതാണ്‌(തഫ്‌സീര്‍ റാസി: 14-217)
മൂന്നാമത്തെ ഈ വ്യാഖ്യാനം ഇമാം റാസി(റ)യുടെ തന്നെ സ്വയം വ്യാഖ്യാനമാണ്‌. പൂര്‍വികന്‍മാരുടേത്‌ ഉദ്ധരിക്കുക മാത്രം ചെയ്‌തതല്ല. അപ്പോള്‍ മരണപ്പെട്ട നബിമാരെ മുഹമ്മദ്‌ നബി(സ) പോലും വിളിച്ച്‌ സഹായം തേടിയാല്‍ ആ സഹായ തേട്ടം അവര്‍ കേള്‍ക്കുകയും നബി(സ)ക്ക്‌ യാതൊരു രീതിയിലും ഉത്തരം ചെയ്യുവാന്‍ സാധ്യമല്ലെന്നും സാക്ഷാല്‍ ഇമാം റാസി(റ) ഇവിടെ പറയുന്നു. അതിനാല്‍ ഉദ്ദേശ്യം മറ്റൊന്നാണെന്നും സ്ഥാപിക്കുന്നു. ധാരാളം ഉദാഹരണങ്ങള്‍ നല്‌കിക്കൊണ്ട്‌ ഈ ചോദ്യത്തില്‍ ഇസ്‌തിഗാസ ഉണ്ടെന്ന്‌ ഖുബൂരികള്‍ സമ്മതിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്‌തിഗാസ ജീവിക്കുന്നവരോടാണെന്ന്‌ ഇമാം റാസി(റ) പ്രഖ്യാപിക്കുന്നു.
2. തഫ്‌സീര്‍ ജലാലൈനിയില്‍ എഴുതുന്നു: ഇത്‌ ബാഹ്യ അര്‍ഥത്തില്‍ തന്നെ ഉദ്ദേശിക്കപ്പെടുമെന്ന്‌ പറയപ്പെടുന്നു. തീര്‍ച്ചയായും നിശാപ്രയാണ രാത്രിയില്‍ എല്ലാ പ്രവാചകന്മാരെയും നബി(സ)ക്കു വേണ്ടി ഒരുമിച്ച്‌ കൂട്ടപ്പെട്ടു. അവരോട്‌ ചോദിക്കുവാന്‍ പറഞ്ഞതാണ്‌ എന്ന്‌ ഉദ്ദേശ്യം. മുമ്പ്‌ നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെ സമുദായങ്ങളാണെന്നും പറയപ്പെടുന്നു. രണ്ട്‌ അഭിപ്രായപ്രകാരവും നബി(സ) ഒരാളോടു ചോദിച്ചിട്ടില്ല. കാരണം ഈ കല്‌പനയുടെ ഉദ്ദേശ്യം തെളിവ്‌ അന്വേഷിക്കലാണ്‌ (ജലാലൈനി)
മരണപ്പെട്ടവരോട്‌ ചെറിയ പടച്ചവനെ ഉണ്ടാക്കുന്ന രീതിയിലുള്ള ഇസ്‌തിഗാസ അതായത്‌ ഈ പ്രപഞ്ചത്തിന്റെ ഏത്‌ സ്ഥലത്ത്‌ വെച്ചു ഏത്‌ ഭാഷയില്‍ ഏത്‌ സമയത്ത്‌ ഏത്‌ ഉദ്ദേശ്യം മനസ്സില്‍ വെച്ചുകൊണ്ടോ അല്ലാതെയോ വിളിച്ചു സഹായം തേടിയാല്‍ ഉത്തരം നല്‌കുമെന്ന്‌ വിശ്വസിക്കപ്പെടുന്ന ഇസ്‌തിഗാസ ചെയ്യുവാന്‍ യാതൊരു സൂചനപോലും ഈ സൂക്തത്തില്‍ ഇല്ലെന്ന്‌ തഫ്‌സീര്‍ ജലാലൈനി തന്നെ വ്യക്തമാക്കുന്നു. മരണപ്പെട്ടവരോട്‌ സഹായം തേടുവാന്‍ കല്‌പിക്കപ്പെടുകയാണെങ്കില്‍ അതിന്റെ ഉദ്ദേശ്യം മരണപ്പെടാത്ത തന്റെ ശബ്‌ദം കേള്‍ക്കുന്ന മറ്റുള്ളവരാണെന്ന്‌ വ്യാഖ്യാനിക്കുന്നതിലും തെറ്റില്ലെന്ന്‌ ജലാലൈനി ഇവിടെ എഴുതുന്നു.
ജലാലൈനിയുടെ പരിഭാഷയില്‍ ഇവര്‍ തന്നെ എഴുതുന്നത്‌ പ്രത്യേകം ശ്രദ്ധിക്കുക: നിശാ പ്രയാണ രാത്രിയില്‍ ദൂതന്മാരെയെല്ലാം സമ്മേളിപ്പിച്ചുകൊണ്ടു ബാഹ്യാര്‍ഥത്തില്‍ തന്നെയാണിതെന്നഭിപ്രായമുണ്ട്‌. ഗ്രന്ഥം നല്‌കപ്പെട്ട സമുദായങ്ങളാണുദ്ദേശമെന്നും അഭിപ്രായമുണ്ട്‌ (പേ.495) ഈ പരിഭാഷക്ക്‌ സന്ദേശം എഴുതുന്നത്‌. പി എം എസ്‌ എ പൂക്കോയ തങ്ങള്‍ (പാണക്കാട്‌) ആണ്‌. അദ്ദേഹത്തിന്റെ ചില വരികള്‍ കാണുക. സുന്നത്ത്‌ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കും പൂര്‍വീക മുഫസ്സിറുകളുടെ വ്യാഖ്യാനങ്ങള്‍ക്കും വിരുദ്ധമായി ദുരര്‍ഥങ്ങളും ദുര്‍വ്യാഖ്യാനങ്ങളും നല്‌കിക്കൊണ്ട്‌ ചെറുതും വലുതുമായ പല പുത്തന്‍ പരിഭാഷകളും വെളിക്കിറങ്ങിയ സ്ഥിതിക്കും സുന്നത്ത്‌ ജമാഅത്തിന്റെ ഈ പരിഭാഷ വളരെ മുമ്പുതന്നെ വെളിക്കിറക്കേണ്ടതായിരുന്നുവെന്നാണ്‌ എന്റെ അഭിപ്രായം.''
പോരോടും കാന്തപുരവും ഖുബൂരി മുസ്‌ലിയാക്കന്മാരും ഈ സൂക്തത്തിന്‌ നല്‌കുന്ന വ്യാഖ്യാനം ഒരൊറ്റ പൂര്‍വിക പണ്ഡിതനും നല്‌കാത്ത വ്യാഖ്യാനമാണ്‌. നിനക്ക്‌ മുമ്പ്‌ നാം അയച്ച നബിമാര്‍' എന്നതിന്റെ ഉദ്ദേശ്യം മരണപ്പെട്ടുപോയ നബിമാര്‍ തന്നെയാണെന്ന്‌ നാം പരിഗണിച്ചാലും അതിന്റെ ഉദ്ദേശ്യം ആ നബിമാരുടെ സമുദായം മാത്രമാണെന്ന്‌ ഖുബൂരികളുടെ പരിഭാഷയില്‍ തന്നെ ഇവിടെ എഴുതുന്നു.
3. തഫ്‌സീര്‍ ഖുര്‍ത്വുബി, 16-83, ഇബ്‌നു കസീര്‍ : 4-164 മദാരിക്ക്‌. 2-120, ഇബ്‌നു ജരീര്‍ 25-78 റൂഹുല്‍ മുആനി 25-118 മുതലായ സര്‍വ തഫ്‌സീറുകളില്‍ ഇപ്രകാരം തന്നെ വ്യാഖ്യാനം നല്‌കുന്നു. ബാഹ്യാര്‍ഥം നല്‌കുന്നവര്‍ പോലും മരണപ്പെട്ടുപോയ നബിമാര്‍ തന്നെയാണ്‌ ഉദ്ദേശ്യമെന്നു പറയുന്നില്ല. അവരുടെ സമുദായം അല്ലെങ്കില്‍ അവരെയെല്ലാം നബി(സ)യുടെ നിശായാത്രയില്‍ നബി(സ)യുടെ അടുത്ത്‌ അവര്‍ക്കെല്ലാം ജീവന്‍ നല്‌കി ഒരുമിച്ച്‌ കൂട്ടിയശേഷം അവരോട്‌ ചോദിക്കുവാനുള്ള കല്‌പനയാണെന്നാണ്‌ വ്യാഖ്യാനിക്കുന്നത്‌.
read more →

ഡോ. രജത്‌കുമാറിനെ കടിച്ചുകീറാന്‍ വരട്ടെ...

ഡോ. രജത്‌കുമാറിനെ കടിച്ചുകീറാന്‍ വരട്ടെ...


കേരള സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസവകുപ്പ്‌ ഇയ്യിടെ ഒരു മൂല്യബോധയാത്ര സംഘടിപ്പിക്കുകയുണ്ടായി. ഭീതിദമാംവിധം വര്‍ധിച്ചുവരുന്ന പെണ്‍പീഡനങ്ങളുടെയും കുത്തഴിഞ്ഞ ലൈംഗികതയുടെയും സമകാലിക സാഹചര്യം കണക്കിലെടുത്ത്‌ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുക,
കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ കൗമാരക്കാരെ പ്രാപ്‌തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ മൂല്യബോധന യാത്ര സംഘടിപ്പിക്കപ്പെട്ടത്‌. സംസ്ഥാനത്തെ പതിനാല്‌ ജില്ലകളിലെ ആയിരക്കണക്കിന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ യാത്ര കടന്നുപോയി. ലക്ഷക്കണക്കിന്‌ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ യാത്രയുടെ ഭാഗമായി നടന്ന മൂല്യബോധന പ്രഭാഷണങ്ങള്‍ കേട്ടു. അംഗീകരിച്ചു; സംവദിച്ചു. മൂല്യബോധനം ഇഷ്‌ടപ്പെടാത്തവരും കാണും. എതിര്‍ത്തവരും കുറച്ചൊക്കെയുണ്ടാവും. സ്വാഭാവികം. എങ്കിലും കൗമാര കേരളം മൊത്തത്തില്‍ മൂല്യബോധനം സാകൂതം ശ്രദ്ധിച്ചു എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.
സംസ്ഥാന സര്‍ക്കാറിന്റെ മൂല്യബോധന യാത്ര നയിച്ചത്‌ മൈക്രോബയോളജിയില്‍ ഡോക്‌ടറേറ്റ്‌ നേടിയ കാലടി ശങ്കരാചാര്യ കോളെജ്‌ ബയോളജി പ്രഫസര്‍ ഡോ. രജത്‌കുമാര്‍. പ്ലസ്‌വണ്‍, പ്ലസ്‌ടു, എന്‍ട്രന്‍സ്‌ തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കപ്പെട്ട ജ്യോതി പബ്ലിഷേഴ്‌സ്‌ പുറത്തിറക്കിയ ബയോളജി ടെക്‌സ്റ്റ്‌ ബുക്കിന്റെ കര്‍ത്താവായ ഡോ. രജത്‌കുമാര്‍ ആകര്‍ഷകമായ പ്രഭാഷകന്‍ കൂടിയാണ്‌. ഭഗവത്‌ഗീത, ബൈബിള്‍, വിശുദ്ധ ഖുര്‍ആന്‍ എന്നീ വേദഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്‌ അഗാധമായ ജ്ഞാനമുണ്ട്‌. സയന്‍സിന്റെ പിന്‍ബലത്തില്‍, ആധുനികതയുടെ പശ്ചാത്തലത്തില്‍, ഡല്‍ഹി പീഡനാനന്തരം ഇന്ത്യയില്‍ രൂപപ്പെട്ട ഒരു പ്രത്യേക സാഹചര്യത്തില്‍, വേദഗ്രന്ഥങ്ങളിലെ മൂല്യബോധനത്തിന്റെ അകമ്പടിയോടെ ഡോ. രജത്‌കുമാര്‍ കൗമാര കേരളത്തോട്‌ സംവദിച്ചു. കേരളചരിത്രത്തില്‍ തന്നെ ഇത്ര വിപുലമായ ഒരു ബോധനപ്രവര്‍ത്തനം നടന്നിട്ടുണ്ടാവില്ല.
മീഡിയ നമുക്കെത്തിച്ചുകൊണ്ടിരിക്കുന്ന നിണമണിഞ്ഞ വാര്‍ത്തകളില്‍, സ്‌ത്രീ പീഡനത്തിന്റെയും കൊലപാതകത്തിന്റെയും ഭയാനകത തളംകെട്ടിനില്‌ക്കുന്നു. ക്രിമിനല്‍ കുറ്റവാളികള്‍ക്ക്‌ കടുത്തശിക്ഷ നല്‍കണമെന്ന്‌, കണ്ടറിയാത്തവര്‍ കൊണ്ടറിഞ്ഞപ്പോള്‍, നാലു ഭാഗത്തുനിന്നും ആവശ്യമുയരുന്നു. എന്നാല്‍ ഏതാനും പേര്‍ക്ക്‌ വധശിക്ഷ നല്‍കിയാല്‍ നില്‌ക്കുന്നതല്ല ഈ പ്രശ്‌നം. കാരണം, വ്യാപകമായ ഒരുതരം `സ്‌ത്രീ പീഡന സംസ്‌കാരം' തന്നെ സമൂഹത്തെ ഗ്രസിച്ച മട്ടാണ്‌. അത്‌ യാദൃച്ഛികമല്ലതാനും. സാമൂഹിക സാഹചര്യങ്ങളും സാംസ്‌കാരികമെന്ന്‌ പറയപ്പെടുന്ന സാഹിത്യങ്ങളും കലകളും രാഷ്‌ട്രീയക്കാരുടെ അവിഹിത ബന്ധങ്ങളും പോലീസിന്റെ നിഷ്‌ക്രിയത്വവും ജുഡീഷ്യറിയുടെ അപര്യാപ്‌തമായ നിലപാടുകളും മീഡിയയുടെ ജനപ്രിയ പൈങ്കിളിത്തവും എല്ലാം ഈ ക്രിമിനല്‍വത്‌കൃത സാമൂഹികതയിലെ കൂട്ടുപ്രതികളാണ്‌.
ആത്യന്തിക ക്രിമിനലിന്റെ മീതെ തൂക്കുകയര്‍ ഇടുന്നതുപോലെയോ അതിലേറെയോ ആവശ്യം അടുത്ത തലമുറയെ ഇതില്‍ നിന്ന്‌ രക്ഷിച്ചെടുക്കുക എന്നതാണ്‌. അതിന്‌ കതിരില്‍ വളംവെച്ചിട്ട്‌ കാര്യമില്ല. ഈ വിഷയത്തില്‍ ചെയ്യാവുന്നതില്‍ ഏറ്റവും നല്ല ഒരു കാല്‍വയ്‌പിനാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ മൂല്യബോധന യാത്രയിലൂടെ ആരംഭം കുറിച്ചത്‌. നാളത്തെ പ്രതീക്ഷകള്‍ നിലകൊള്ളുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി തലത്തില്‍ നിന്നുതന്നെയാണ്‌ മാനവികതയുടെ താരാട്ട്‌, മൂല്യബോധത്തിന്റെ സാന്ത്വന സ്‌പര്‍ശം ആരംഭിക്കേണ്ടത്‌. സയന്‍സിന്റെയും ടെക്‌നോളജിയുടെയും കുതിച്ചുചാട്ടത്തില്‍ സാമ്പത്തിക സുസ്ഥിതിയുടെ ആനുകൂല്യംകൂടി കൈവന്നപ്പോള്‍ തലമുറ പിടിവിടുകയാണ്‌. ഈ ദുസ്ഥിതിയാണ്‌ സൂര്യനെല്ലിയില്‍ നിന്ന്‌ ഡല്‍ഹിയോളമെത്തി നില്‌ക്കുന്ന സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിന്റെ ആണിക്കല്ല്‌ എന്ന തിരിച്ചറിവുണ്ടാകാതെ പരിഹാരത്തിനു വേണ്ടി പണിയെടുത്തിട്ടു കാര്യമില്ല. അതിന്റെ ആദ്യപടി എന്ന നിലയില്‍ ഔപചാരിക കൗമാര കേന്ദ്രങ്ങളില്‍ ഔദ്യോഗികമായിത്തന്നെ നാഷണല്‍ സര്‍വീസ്‌ സ്‌കീമിന്റെയും സ്റ്റുഡന്റ്‌സ്‌ പോലീസിന്റെയും സഹകരണത്തോടെ മൂല്യബോധനത്തിന്റെ ഉണര്‍ത്തുപാട്ടുമായി എത്തിയത്‌ എന്തുകൊണ്ടും ശ്ലാഘനീയമാണ്‌.
നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ, സിന്ധിപ്പശുവിന്റെ അകിട്ടിലും കൊതുക്‌ ഇരുന്നാല്‍ ഒരു തുള്ളി പാലു പോലും കുടിക്കില്ല. ആ പശുവിന്റെ സിരകളിലോടുന്ന ചോര മതി ആ പ്രാണിക്ക്‌. ഒരുപാട്‌ നന്മകള്‍ സമൂഹത്തിനുവേണ്ടി ചെയ്‌തുകൊണ്ടിരിക്കുന്ന അച്ചടി-ദൃശ്യ-ശ്രാവ്യ മീഡിയ ചിലപ്പോഴെങ്കിലും ഈ കൊതുകിന്റെ ധര്‍മം നിറവേറ്റാറുണ്ട്‌. പതിനായിരക്കണക്കിന്‌ ആണ്‍/പെണ്‍കുട്ടികള്‍ സ്വസ്ഥമായി ഇരുന്ന്‌ കേട്ട്‌ തങ്ങളുടെ ആത്മബോധത്തെ ദീപ്‌തമാക്കാന്‍ പ്രേരകമായ മൂല്യബോധനയാത്രാ ക്യാപ്‌റ്റന്‍ ഡോ. രജത്‌കുമാറിന്റെ പ്രഭാഷണത്തിനു നേരെ ഒരു പെണ്‍കുട്ടി തന്റെ ഉള്ളിലുറഞ്ഞുപൊങ്ങിയ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട്‌ നിറഞ്ഞ സദസ്സില്‍ ഉറക്കെ കൂവിവിളിച്ച്‌ പതുക്കെ ഇറങ്ങിപ്പോയി. ഒരു ഒറ്റപ്പെട്ട സംഭവം. പ്രഭാഷകനോ യാത്രാംഗങ്ങളോ സ്ഥാപനമോ സര്‍ക്കാറോ അതൊരു പ്രശ്‌നമാക്കിയതുമില്ല. എന്നാല്‍ നമ്മുടെ മീഡിയയുടെ ധര്‍മരോഷം ഇവിടെ ആരംഭിക്കുന്നു. ഈ പെണ്‍കുട്ടി ഹീറോ ആയി മാറുന്നു. ഏഷ്യാനെറ്റ്‌ ന്യൂസ്‌ചാനല്‍ പെണ്‍കുട്ടിയെ ഇന്റര്‍വ്യൂ ചെയ്യുന്നു. ഡോ. രജത്‌കുമാറിനെ സ്റ്റുഡിയോയില്‍ വിളിച്ചുവരുത്തുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ ഒന്നോ രണ്ടോ വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത്‌ വിചാരണ ചെയ്യുന്നു. അവതാരകന്‍ ക്രൂദ്ധമുഖവുമായി ധര്‍മരോഷത്തോടെ രജത്‌കുമാറിനെ കടിച്ചുകുടയാന്‍ ശ്രമിക്കുന്നു. എന്നാല്‍ രജത്‌കുമാറിന്റെ അഗാധമായ വിജ്ഞാനത്തിന്റെയും അപാരമായ വാഗ്‌മികതയുടെയും മുന്നില്‍ അവതാരകന്‍ പതറുന്നു. `തിരിച്ചുവരാ'മെന്ന്‌ പറഞ്ഞ്‌ ലൈനില്‍ കിട്ടിയ ആ പെണ്‍കുട്ടിയോട്‌ സംവദിക്കുന്നു. അപ്പോഴേക്കും അനിവാര്യമായ ഇടവേള. ഇടവേളയില്‍ സ്‌ത്രീ ശാക്തീകരണത്തിന്റെ മാംസളത പ്രേക്ഷകര്‍ ആസ്വദിക്കുന്നു.
മൂല്യം, സദാചാരം, ധാര്‍മികത തുടങ്ങിയ പദങ്ങള്‍ പോലും കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക്‌ വെകിളി പിടിക്കാറുണ്ട്‌. ആര്‍ഷഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും മതങ്ങള്‍ നല്‌കിയ ധാര്‍മികതയും കൈമോശം വരികയോ പടിഞ്ഞാറന്‍ സംസ്‌കാരത്തിന്‌ കൈമാറുകയോ ചെയ്‌തപ്പോഴാണല്ലോ നമ്മള്‍ കേരളീയര്‍ അധപ്പതിച്ചത്‌! പടിഞ്ഞാറിന്റെ നന്മകള്‍ നാം സ്വാംശീകരിച്ചതുമില്ല. ആണ്‍/പെണ്‍ സമൂഹങ്ങള്‍ പ്രത്യേകിച്ചും യുവതീയുവാക്കള്‍, അര്‍ധനഗ്‌നരായി അനിയന്ത്രിതമായി ആടിപ്പാടന്‍ തുടങ്ങിയതല്ലേ നമ്മുടെ അപചയത്തിന്റെ ആരംഭം! നടനകലയിലെ ഉന്നതനിലവാരം പുലര്‍ത്തുന്ന നൃത്തച്ചുവടുകള്‍ക്കു പകരം അന്‍പതോ നൂറോ ആണ്‍പെണ്‍ കൂട്ടങ്ങള്‍ ആഭാസച്ചുവടുകളോടെ ആടിത്തിമര്‍ക്കുന്ന സിനിമാറ്റിക്‌ സംസ്‌കാരത്തിലേക്ക്‌ നീങ്ങിയതില്‍ മീഡിയയ്‌ക്ക്‌ വലിയ പങ്കുണ്ട്‌. വിദ്യാലയങ്ങളില്‍ സിനിമാറ്റിക്‌ ഡാന്‍സ്‌ നിരോധിച്ചത്‌ `നൃത്തവിരോധമുള്ള മൂരാച്ചിത്തമല്ല'. അതിന്റെ പിന്നാലെ വരാവുന്ന അവസ്ഥ മുന്നില്‍ കണ്ടുകൊണ്ടാണ്‌. ബ്ലൂസിഡിയുടെയും മയക്കുമരുന്നു പൊതികളുടെയും `കാരിയര്‍മാര്‍' നമ്മുടെ കൗമാരകേന്ദ്രങ്ങളായ വിദ്യാലയങ്ങളിലാണ്‌. മാഫിയ പിടിമുറുക്കിയത്‌ അവിടെയാണ്‌. അശ്ലീലത അന്തരീക്ഷത്തില്‍ പറത്തിവിടുന്ന മൊബൈല്‍ സംസ്‌കാരം വിദ്യാലയങ്ങളില്‍ നിന്ന്‌ നീക്കം ചെയ്യാന്‍ നമ്മുടെ നിയമത്തിന്‌ കഴിഞ്ഞില്ല. ഒളിക്യാമറ, ബ്ലാക്‌മെയിലിംഗ്‌, സമനില തെറ്റല്‍, ഒളിച്ചോട്ടം, ആത്മഹത്യ..... എല്ലാം കൗമാര കേന്ദ്രീകൃതമായി വ്യാപിക്കുന്നു. ഇതൊന്നും ഒരാളുടെ കുറ്റമല്ല. ഒരു സുപ്രഭാതത്തില്‍ പൊട്ടിവിടര്‍ന്നതുമല്ല. വേരുകളില്‍ നല്‌കപ്പെടുന്ന ഈ വിഷമാണ്‌ സമൂഹത്തിന്റെ മണ്ടയില്‍ പീഡനപര്‍വമായി വിളഞ്ഞുനില്‌ക്കുന്നത്‌. ആയതിനാല്‍ നവതലമുറയ്‌ക്ക്‌ മൂല്യബോധനം നല്‍കിയേ പറ്റൂ.
സമകാലിക മലയാളമെന്ന `നിലവാര'മുള്ള വാരികയതാ മേല്‍പറഞ്ഞ മൂല്യബോധന യാത്രയിലെ `അധികപ്രസംഗി'യായ രജത്‌കുമാറിനെ വില്ലനും ഇറങ്ങിപ്പോയ ആലപ്പുഴക്കാരി ആര്യ എന്ന അവസാനവര്‍ഷ ഇംഗ്ലീഷ്‌ സാഹിത്യ ബിരുദ വിദ്യാര്‍ഥിനിയെ നായികയുമാക്കി കവര്‍‌സ്റ്റോറി അവതരിപ്പിച്ചിരിക്കുന്നു. (മലയാളം വാരിക 2013 ഫെബ്രുവരി 22). കേരള കൗമുദിയും അതേറ്റുപിടിച്ചിരുന്നു.
ഇത്രയൊക്കെയായപ്പോള്‍ എന്താണ്‌ ഈ ചങ്ങാതി പറഞ്ഞത്‌ എന്ന്‌ അറിയാന്‍ താല്‌പര്യം സ്വാഭാവികമാണല്ലോ. ഡോ. രജത്‌കുമാര്‍ കായംകുളം എം എസ്‌ എം കോളെജ്‌ അങ്കണത്തില്‍ നടത്തിയ മൂല്യബോധന പ്രഭാഷണം യു ട്യൂബിലുണ്ട്‌. അത്‌ ആദ്യന്തം ശ്രദ്ധിച്ചു. അതില്‍ നിന്ന്‌ മനസ്സിലായത്‌ ഇങ്ങനെ സംഗ്രഹിക്കാം:
മക്കളേ, നിങ്ങളെ നിങ്ങളാക്കിയ അമ്മയെ നിങ്ങള്‍ അകക്കണ്ണുകൊണ്ട്‌ കാണണം.
മക്കളേ, നിങ്ങളെ നിങ്ങളാക്കിയ അച്ഛനെ നിങ്ങള്‍ അകക്കണ്ണുകൊണ്ട്‌ കാണണം. 
മക്കളേ, നിങ്ങള്‍ നിങ്ങളാകാന്‍ വേണ്ടി അറിവിന്‍ വെട്ടം പകര്‍ന്നുതന്ന ഗുരുനാഥന്മാരെ നിങ്ങള്‍ ആദരിക്കണം.
മോനേ, നിന്റെ അച്ഛനമ്മമാരുടെ മനസ്സ്‌ നീ കണ്ടിരുന്നുവെങ്കില്‍ നീ നിനക്കു തോന്നിയ ഒരു പെണ്ണിനെ കെട്ടാന്‍ മാത്രമായി വീടുവിട്ടിറങ്ങുമോ?
മോളേ, നീ നിന്റെ അച്ഛനമ്മമാരുടെ അകമറിഞ്ഞിരുന്നുവെങ്കില്‍ നീയറിയാത്ത ഒരുവന്റെ മിസ്‌ഡ്‌ കോളിന്റെ പിന്നാലെ ഓടിപ്പോകുമോ?
മക്കളേ, പെണ്‍മക്കള്‍ക്ക്‌ ബയോളജിക്കലായി തന്നെ ചില പരിമിതികളുണ്ട്‌. അത്‌ മറന്നു നാം പെരുമാറരുത്‌.
മക്കളേ, നിങ്ങള്‍ ഭാവിയിലെ അച്ഛനമ്മമാരാണ്‌.
നിങ്ങള്‍ക്ക്‌ ഭദ്രമായ കുടുംബജീവിതത്തിലൂടെ മാത്രമേ സ്വസ്ഥ ജീവിതം ലഭിക്കൂ.
മക്കളേ, ജീര്‍ണത മുറ്റിയ ഈ സമൂഹത്തില്‍ ലൈംഗികാതിക്രമങ്ങളും മറ്റും നടമാടുമ്പോള്‍ എപ്പോഴും പെണ്‍കുട്ടി കൂടുതല്‍ `സഫര്‍' ചെയ്യേണ്ടിവരുന്നു. നിങ്ങള്‍ അകക്കണ്ണു തുറന്നു ജീവിതം നയിക്കേണ്ടവരാണ്‌.
ആത്മബോധം ഉണര്‍ന്നു ജീവിക്കണം
തന്റെ സ്വതസിദ്ധമായ ശൈലിയില്‍, ഇന്ററാക്‌ടീവ്‌ രീതിയില്‍ ഡോ. രജത്‌കുമാര്‍ കൗമാര കേരളത്തോട്‌ സംവദിച്ചത്‌ സയന്‍സിന്റെ മടിത്തട്ടില്‍ നിന്നുകൊണ്ട്‌, സമൂഹ മനശ്ശാസ്‌ത്രത്തിന്റെ അകമ്പടിയോടെ, വേദഗ്രന്ഥങ്ങളില്‍ നിറഞ്ഞുനില്‌ക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്‌. എന്നാല്‍ തരംതാണ ഭാഷയില്‍ സ്‌ത്രീവിരുദ്ധ ആശയങ്ങള്‍ പറഞ്ഞ `അധികപ്രസംഗി'യാണ്‌ ശ്രീ രജത്‌കുമാര്‍ എന്ന്‌ ചില മീഡിയപ്രവര്‍ത്തകര്‍ വിളിച്ചുപറയുന്നു. എന്നാല്‍ കേരളത്തിലെ ജനതയുടെ മനസ്സ്‌ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്‌ മൂല്യബോധനയാത്രയില്‍ ഉയര്‍ന്നുകേട്ടത്‌. ഒരാള്‍ സംസാരിക്കുമ്പോള്‍ അതില്‍ സ്‌ഖലിതങ്ങളോ ശൈലീഭംഗങ്ങളോ ഉണ്ടാകാം. അത്‌ ചൂണ്ടിക്കാണിക്കുകയുമാവാം. എന്നാല്‍ ഈ മൂല്യബോധനത്തില്‍ ഒരു നന്മയും കണ്ടെത്താനാകാതെ ഒരു പദപ്രയോഗത്തില്‍ തൂങ്ങി അപഹസിക്കാന്‍ ശ്രമിക്കുന്നത്‌ പ്രതിലോമപരമായ സമീപനമാണ്‌. ഡോ. രജത്‌കുമാറിന്റെ മൂല്യബോധന പ്രഭാഷണത്തിലെ വസ്‌തുതകളെ വസ്‌തുനിഷ്‌ഠമായും ശാസ്‌ത്രീയമായും വിലയിരുത്താന്‍ മുതിരാതെ അദ്ദേഹത്തെ കരിമ്പട്ടികയില്‍ പെടുത്തിയത്‌ ഏത്‌ മൂല്യബോധത്തിന്റെ അടിസ്ഥാനത്തിലാണ്‌! ഈ നിലപാടുകളാണ്‌ സമൂഹം ജീര്‍ണതയിലേക്കു കൂപ്പുകുത്താന്‍ കാരണവും.
എന്നാല്‍ മാനവികതയും മനുഷ്യബന്ധങ്ങളും സനാതമൂല്യങ്ങളും നിലനില്‌ക്കണമെന്നാഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍കൂടി നാട്ടില്‍ ജീവിക്കുന്നുണ്ട്‌ എന്ന്‌ ഇവര്‍ മനസ്സിലാക്കണം. മൂല്യബോധന യാത്ര വാര്‍ത്തയാക്കുകയോ അതിലെ പ്രഭാഷണങ്ങള്‍ സംപ്രേക്ഷണം നടത്തുകയോ ചെയ്യാത്തവര്‍, അതില്‍ വന്നു എന്ന്‌ ആരോപിക്കപ്പെടുന്ന സ്‌ഖലിതങ്ങള്‍ പൊക്കിപ്പിടിക്കാന്‍ അയോഗ്യരാണ്‌ എന്ന്‌ പറയാതിരിക്കാന്‍ വയ്യ. ജിജ്ഞാസയും വൈകാരിക തീവ്രതയും മുറ്റിനില്‌ക്കുന്ന കൗമാര കൗതുകത്തെ മൂല്യബോധത്തിലേക്ക്‌ ധൈഷണികമായി നയിക്കാന്‍ ശ്രമിച്ച ഡോ. രജത്‌കുമാറിനെ കൂട്ടില്‍ കയറ്റി വിചാരണ ചെയ്യുന്നത്‌, കൗമാര ചാപല്യങ്ങളെ ദുരുപയോഗപ്പെടുത്തി, സ്‌ത്രൈണത വിറ്റ്‌ കാശാക്കുന്ന ദൃശ്യ മാധ്യമത്തമ്പുരാക്കളുടെ കൂലിപ്പണിക്കാരന്‍! ഇത്‌ വിധിവൈപരീത്യമാണ്‌. മലയാളി പ്രേക്ഷകരെല്ലാം `മാംസദാഹി'കളല്ല എന്ന ലളിതസത്യം മാധ്യമശ്രദ്ധയില്‍ കൊണ്ടുവരികയാണ്‌.
മൂല്യങ്ങളില്‍ നിന്നകന്നതാണ്‌ സമൂഹ ജീര്‍ണതയുടെ അടിത്തറയെന്ന്‌ എത്രവേഗം തിരിച്ചറിയുന്നുവോ അത്രയും നല്ലത്‌. ലൈംഗികാതിക്രമങ്ങളും സ്‌ത്രീപീഡനങ്ങളും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പുരുഷ മേധാവിത്വം ആക്ഷേപിക്കപ്പെടുന്നു. എന്നാല്‍ സ്‌ത്രീകള്‍ തീര്‍ത്തും നിരപരാധരെന്ന്‌ പറയാനോ പല കേസുകളിലും പെണ്‍കുട്ടികളുടെ മുന്‍പിന്‍ ചിന്തയില്ലാത്ത ചാപല്യങ്ങള്‍ `ഇനീഷ്യേറ്റീവ്‌' ആയി മാറുന്നതും തീര്‍ത്തും അവഗണിക്കാവുന്ന കാര്യമാണോ? കുമാരന്മാര്‍ക്കും കുമാരികള്‍ക്കും വിവേകപൂര്‍ണമായ ദിശാബോധം നല്‍കല്‍ അനിവാര്യമല്ലേ? പതിനേഴ്‌ കൊല്ലം കഴിഞ്ഞിട്ടും വീര്യം നിലനില്‍ക്കുന്ന, ദേശീയ രാഷ്‌ട്രീയത്തില്‍ പോലും ആന്ദോളനം സൃഷ്‌ടിച്ച സൂര്യനെല്ലി കേസിന്റെ അടിത്തറ കാമുകന്റെ വാക്കുകേട്ട്‌ ഇറങ്ങിത്തിരിച്ച അപക്വതയല്ലേ? ഇതൊന്നും ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലേ?
read more →

നമ്മുടെ സമര സംസ്‌കാരം

നമ്മുടെ സമര സംസ്‌കാരം

യുദ്ധവും സമരവും പര്യായപദങ്ങളാണെങ്കിലും രണ്ട്‌ പദങ്ങളും ദ്യോതിപ്പിക്കുന്ന ആശയങ്ങളില്‍ വ്യത്യാസമുണ്ട്‌. യോദ്ധാവും സേനാനിയും അങ്ങനെതന്നെ. സ്വാതന്ത്ര്യസമരസേനാനി പക്ഷേ, പട്ടാളക്കാരനല്ല. എന്നാല്‍ വൈദേശികാധിപത്യത്തില്‍നിന്ന്‌ സ്വദേശത്തെ മോചിപ്പിക്കാന്‍ വേണ്ടി ജീവിതം മുഴുവന്‍ സമരമുഖത്തായിരുന്നു അവര്‍.
നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി യുദ്ധം നയിക്കേണ്ടിവന്ന രാജ്യങ്ങളുണ്ട്‌. എന്നാല്‍ ലോകത്ത്‌ വലിയ രാജ്യങ്ങളിലൊന്നായ(അവിഭക്ത) ഇന്ത്യ സ്വാതന്ത്ര്യസമരത്തിന്‌ ഒരു പുതിയമുഖംതന്നെ കാഴ്‌ചവച്ചിരിക്കുകയാണ്‌. രക്തരഹിത, അക്രമരഹിത സമരം. അതായിരുന്നു മഹാത്മാഗാന്ധിയും അന്നത്തെ ഇന്ത്യന്‍ സമൂഹത്തെ നയിച്ച നേതൃത്വവും വിഭാവനം ചെയ്‌തത്‌. എതിരഭിപ്രായമുള്ളവര്‍ ഉണ്ടായിരുന്നുവെങ്കിലും സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ്‌ പട്ടാളത്തെ സായുധമായി നേരിടുക എന്നതും വിശാല ഇന്ത്യയെ ആ നിലയില്‍ യോജിപ്പിക്കുക എന്നതും പ്രായോഗികമായിരുന്നില്ലതാനും. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെയും വഹാബി മൂവ്‌മെന്റിന്റെയും മലബാര്‍ സമരത്തിന്റെയും മറ്റും അകാലചരമം നല്‌കുന്ന പാഠവും അതുതന്നെ. ഏതായിരുന്നാലും ഒരുനൂറ്റാണ്ടുകാലത്തെ- ശിപായി ലഹള മുതല്‍ സ്വാതന്ത്ര്യദിനംവരെ- സഹനസമരംകൊണ്ട്‌ ഇന്ത്യാ മഹാരാജ്യം വൈദേശിക ഭരണത്തില്‍നിന്ന്‌ സ്വതന്ത്രമായി. സ്വദേശികള്‍ക്ക്‌ ഭരണം കിട്ടിയപ്പോള്‍ നാം സ്വീകരിച്ച നിലപാട്‌ ജനാധിപത്യത്തിന്റെയാതിരുന്നു.
ഈ കാര്യങ്ങള്‍ ഇപ്പോള്‍ അനുസ്‌മരിക്കാന്‍ കാരണമെന്തെന്നല്ലേ. ഇന്ത്യക്കാരുടെ പൊതുവിലും കേരളീയരുടെ വിശേഷിച്ചും സമരബഹുലമായ സാമൂഹിക സാഹചര്യം ഒരു നൂറ്റാണ്ടുനീണ്ട സ്വാതന്ത്ര്യസമര പാരമ്പര്യത്തില്‍ നിന്ന്‌ തുടര്‍ന്നുപോന്നതാണോ എന്ന്‌ സംശയിച്ചുപോകുന്നു. സമരമില്ലാത്ത ജീവിതം-ജീവിതമാകുന്ന സമരമല്ല- നമുക്ക്‌ ഓര്‍ക്കാന്‍പോലും കഴിയുന്നില്ല. പണ്ട്‌ വിദേശികളായ ഭരണാധികാരിയായിരുന്നു സമരത്തിന്റെ നാട്ടക്കുറി, ഇന്ന്‌ സ്വദേശികള്‍ തന്നെയാണ്‌ ഭരിക്കുന്നതെങ്കിലും സമരം ഭാരതീയന്റെ അനിവാര്യതകളിലൊന്നായിത്തീര്‍ന്നിരിക്കുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നതാണ്‌ നമ്മുടെ ഭരണകൂടം. ഭരണകര്‍ത്താക്കള്‍ക്കെതിരില്‍ ശബ്‌ദിക്കാനും പ്രതിഷേധിക്കാനും സമരം ചെയ്യാനും ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക്‌ അവകാശം നല്‍കുന്നു. ആ അവകാശം വകവെച്ചുകൊണ്ട്‌ പ്രധാനമന്ത്രിയുടെ പോലും മുഖത്തുനോക്കി വിമര്‍ശിക്കുന്നത്‌ രാജ്യദ്രോഹ നടപടിയായി കാണില്ല. ജനാധിപത്യ ക്രമത്തിന്റെ തന്നെ ഭാഗമായ കോടതിയില്‍, തന്റെ അവകാശത്തിനുവേണ്ടി നിയമയുദ്ധം നടത്താനും പ്രജകള്‍ക്കനുവാദവും അവകാശവുമുണ്ട്‌. ഭരണാധികാരി സ്വദേശിയായാലും സ്വന്തക്കാരനാണെങ്കിലും ഭരണീയരെ തൃപ്‌തിപ്പെടുത്തുന്നതില്‍ വിജയിക്കണമെന്നില്ല. ചിലപ്പോഴൊക്കെ ന്യായമായ അവകാശങ്ങള്‍ ഹനിക്കപ്പെട്ടുകൂടായ്‌കയുമില്ല. ഈ സാഹചര്യത്തില്‍ പ്രതിഷേധിക്കുന്നതും സമരം ചെയ്യുന്നതും അന്യായമായി ആരും ഗണിക്കുകയില്ല. എന്നാല്‍ ഇന്ന്‌ ദിനംപ്രതി നടക്കുന്ന സമരാഭാസങ്ങള്‍ ജനഹിതമനുസരിച്ചോ ജനങ്ങള്‍ക്കുവേണ്ടിയോ അതോ ചില സ്ഥാപിത താത്‌പര്യക്കാരുടെ സ്വാര്‍ഥത നിലനിര്‍ത്താന്‍വേണ്ടിയോ എന്ന്‌ സംശയിച്ചുപോവുകയാണ്‌.
ഇക്കഴിഞ്ഞ ഇരുപതും ഇരുപത്തി ഒന്നും തിയതികളില്‍ അഖിലേന്ത്യാ പണിമുടക്ക്‌ കഴിഞ്ഞു. തൊട്ടുമുന്‍പ്‌ കേരളത്തില്‍ ആറു ദിവസത്തെ പണിമുടക്ക്‌. അതിനു മുന്‍പായി ബസ്‌ പണിമുടക്ക്‌. പ്രാദേശികമായും ചില കമ്പനികളിലും വ്യവസായ സ്ഥാപനങ്ങളിലും നടക്കുന്ന സമരങ്ങള്‍ വേറെയും. യഥാര്‍ഥത്തില്‍ എന്തിനാണ്‌ സമരം! തങ്ങളുടെ ന്യായമെന്ന്‌ തോന്നിയ അവകാശങ്ങള്‍ മുതലാളിയുടെയോ ഭരണാധികാരികളുടെയോ ശ്രദ്ധയില്‍ കൊണ്ടുവരിക. ചര്‍ച്ചകളിലൂടെ കഴിയുന്നിടത്തോളം പ്രശ്‌നങ്ങള്‍ പരിഹരിക്കുക. രണ്ട്‌ വിഭാഗവും വിട്ടുവീഴ്‌ച ചെയ്‌ത്‌ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടു നീക്കുക. ഇതാണല്ലോ ലക്ഷ്യം. തൊഴിലുടമയെയോ ഭരണകൂടത്തെയോ ഒരു കാര്യം നിര്‍ബന്ധിച്ച്‌ ചെയ്യിക്കാന്‍ സമരം പര്യാപ്‌തമല്ലല്ലോ. മാത്രമല്ല, ജനാധിപത്യരീതിയില്‍ സമരത്തിന്‌ ചില ഘട്ടങ്ങളും ഘടകങ്ങളും ഒക്കെയുണ്ട്‌. ആവശ്യങ്ങള്‍ ഉന്നയിക്കുക, ബന്ധപ്പെട്ടവര്‍ക്ക്‌ രേഖാമൂലം സമര്‍പ്പിക്കുക, ചര്‍ച്ചയ്‌ക്കു വിളിക്കുക, സമരമാണെങ്കില്‍ തന്നെ മുന്‍കൂട്ടി നോട്ടീസ്‌ നല്‌കുക, ജനങ്ങളെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.... അങ്ങനെ പല ഘട്ടങ്ങളുമുണ്ട്‌. ഇതിലൊന്നും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ധര്‍ണയോ മാര്‍ച്ചോ നിരാഹാരമോ പണിമുടക്കോ ഒക്കെ നടത്തപ്പെടുന്നു. ആ വിഷയത്തില്‍ ജനശ്രദ്ധയും മാധ്യമശ്രദ്ധയും തദ്വാരാ ബന്ധപ്പെട്ടവരുടെ ശ്രദ്ധിയും ഉണ്ടാകുന്നു. സാധിക്കുന്നിടത്തോളം പരിഹാരം കാണുന്നു.
എന്നാല്‍ ഇന്ന്‌ സമരം എന്ന പദത്തിന്‌ മറ്റൊരു പര്യായം കൂടിയുണ്ട്‌. പ്രതിപക്ഷം. പ്രതിപക്ഷമാണെങ്കില്‍ ഭരണകക്ഷി എന്ത്‌ പറഞ്ഞാലും എതിര്‍ക്കണം; എന്തിനും സമരം ചെയ്യണം. ഭരണപക്ഷമാണെങ്കില്‍ പ്രതിപക്ഷം എത്ര ന്യായമായ കാര്യം ശ്രദ്ധയില്‍ പെടുത്തിയാലും ഒരിക്കലും അതിനു ചെവികൊടുക്കരുത്‌. അഭിമുഖീകരണത്തിന്റെതല്ലാത്ത, അനുരഞ്‌ജനത്തിന്റെ ഒരു മാര്‍ഗവും ഇവര്‍ കാണുന്നില്ല. ഇതാണോ ഭരണഘടന അനുവദിച്ചുതന്ന അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരാവകാശം! നിയമനിര്‍മാണ സഭയോ പാര്‍ലമെന്റോ ഒരു ദിവസം പോലും അതിന്റെ ബിസ്‌നസ്‌ പൂര്‍ത്തിയാക്കാന്‍ കഴിയാതെ അംഗങ്ങള്‍ സിറ്റിംഗ്‌ അലവന്‍സായ `തുച്ഛ കോടികള്‍' കൈപ്പറ്റി പോകുന്ന ദുരവസ്ഥ നാടിനുവേണ്ടിയോ സ്വാര്‍ഥ താത്‌പര്യങ്ങള്‍ക്കുവേണ്ടിയോ? ഇന്ന്‌ കേരളത്തില്‍ നിലവിലുള്ള എത്ര സമരമുഖങ്ങളുണ്ട്‌! ഒരു തീര്‍പ്പുമാകാതെ, ഓരോ താത്‌പര്യങ്ങള്‍ക്കും അപ്പപ്പോള്‍ കുത്തിപ്പൊക്കാവുന്നവ! (ഉദാഹരങ്ങള്‍ നിരത്തുന്നില്ല). എത്രകോടിയുടെ പൊതുമുതല്‍ സമരത്തിന്റെ പേരില്‍ നശിപ്പിക്കപ്പെടുന്നു. എത്രപേര്‍ നരകിക്കുന്നു; സമരത്തിന്റെ പേരില്‍! ഇക്കഴിഞ്ഞ `നാല്‌പത്തി എട്ട്‌ മണിക്കൂര്‍' സമരത്തിന്റെ രണ്ടാം ദിനത്തിലെ പത്രങ്ങള്‍ പുറത്തിറക്കിയത്‌ ഡല്‍ഹിയില്‍ കത്തുന്ന ഒരു `കാര്‍നിര'യുടെ ചിത്രവുമായിട്ടാണ്‌. ഈ ഭീകരത സമരത്തിന്റെ ലക്ഷ്യമാകാന്‍ പാടില്ലല്ലോ.
അക്രമവും ആക്രമണവും ഇന്ന്‌ സമരത്തിന്റെ പര്യായമായി മാറിയിരിക്കുന്നു. ഏതെങ്കിലും ഒരു ഇഷ്യൂ, അതിന്റെ പേരില്‍ ഏതെങ്കിലും സംഘം കലക്‌ടറേറ്റ്‌/സെക്രട്ടറിയേറ്റ്‌ മാര്‍ച്ച്‌ നടത്തുന്നു. ഇത്‌ ഒരു ജനാധിപത്യ പ്രതിഷേധ രീതിയാണ്‌. അതിന്റെ മറുവശമെന്താണ്‌? ഭരണസിരാകേന്ദ്രങ്ങളിലേക്ക്‌ ജനം ഇരച്ചുകയറുന്നത്‌ ക്രമസമാധാനം തകര്‍ക്കുമെന്നതിനാല്‍, നിശ്ചിത സ്ഥലത്ത്‌ ഭരണാധികാരികള്‍/പോലീസ്‌ തടയും. അവിടെവെച്ച്‌ മാര്‍ച്ച്‌ അവസാനിപ്പിക്കുകയും പൊതുയോഗം നടത്തി അധികാരികള്‍ക്ക്‌ രേഖാമൂലം മെമ്മോറാണ്ടം നല്‍കി പിരിഞ്ഞുപോകുകയും വേണം. അതിനുപകരം, ആ തടഞ്ഞ പോലീസിനെ ആക്രമിച്ച്‌ അടിയും വെടിയും ജലപീരങ്കിയും ചോദിച്ചുവാങ്ങി രക്തസാക്ഷികളെ ഉണ്ടാക്കി മുതലെടുക്കുന്നത്‌ ജനാധിപത്യമല്ല, അക്രമാധിപത്യമാണ്‌. ഇത്‌ ഏത്‌ കക്ഷി എന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ബാധകം. സമരത്തിന്റെ വേറൊരു പര്യായമാണ്‌ പൊതുമുതല്‍ നശിപ്പിക്കല്‍. ബസും കാറും ഓഫീസും തകര്‍ക്കുക. ആര്‌? നാം തന്നെ! ആരുടെ? നമ്മുടേതുതന്നെ! ഇത്‌ ലോകത്തെവിടെയെങ്കിലുമുണ്ടോ? ഏതായാലും അടുത്ത കാലത്ത്‌ ഒരു കോടതിവിധി വന്നു. പൊതുമുതല്‍ നശിപ്പിച്ച സംഘടന അതിന്റെ നഷ്‌ടപരിഹാരം നല്‍കണമെന്ന്‌. അത്രയും ആശ്വാസം.
സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസില്‍ കയറുന്നതുതന്നെ സമരം ചെയ്യാനാണെന്നാണ്‌ തോന്നുന്നത്‌. പണിമുടക്ക്‌ അവകാശമാണെങ്കില്‍ പണി മുടക്കാതിരിക്കുന്നത്‌ മറ്റവരുടെയും അവകാശമാണ്‌. അത്‌ വകവെച്ചുകൊടുക്കാതിരിക്കുമ്പോള്‍ `കരിങ്കാലിയാക്രമണം' വരുന്നു. ഏറ്റവും വൃത്തികെട്ട രൂപത്തില്‍ പിഞ്ചുകുട്ടികള്‍ക്കു നേരെ നായക്കുരണ വിതറുക, പെണ്‍ജീവനക്കാരെപ്പോലും മുറിയിലിട്ടു പൂട്ടുക, സഹപ്രവര്‍ത്തകരെ ബന്ദിയാക്കുക തുടങ്ങിയ നീചമായ പ്രവൃത്തികള്‍ ജനാധിപത്യമല്ല എന്നു തിരിച്ചറിയാനുള്ള വിവേകമെങ്കിലും സമരം ചെയ്യുന്നവര്‍ക്ക്‌ വേണം. ഇക്കഴിഞ്ഞ ദിവസം കെ എസ്‌ യു ക്കാര്‍ ഒരു ഉദ്യോഗസ്ഥന്റെ മുഖത്ത്‌ കരിഓയില്‍ ഒഴിച്ച സംഭവമുണ്ടായി. നിമയത്തെ എതിര്‍ക്കാന്‍ നിയമനിര്‍വഹണ ഉദ്യോഗസ്ഥനെയല്ല കരിഓയില്‍ ഒഴിക്കേണ്ടത്‌, എന്റെ മുഖത്തേക്ക്‌ ഒഴിച്ചോളൂ എന്ന്‌ മുഖ്യമന്ത്രി പറയേണ്ടിവന്നു. സമരം ആരാണ്‌ ചെയ്യുന്നത്‌, ആരോടാണ്‌, എന്തിനാണ്‌, മുന്നില്‍ നില്‌ക്കുന്ന ഉദ്യോഗസ്ഥന്‌ ഇതില്‍ എത്ര പങ്കുണ്ട്‌ എന്നൊന്നും ആലോചിക്കാതെ, ആരാണിപ്പോള്‍ ഭരണം നടത്തുന്നത്‌ എന്നുപോലും അറിയാതെചെയ്യുന്ന സമാരാഭാസങ്ങള്‍ക്ക്‌ എന്തു പേരിട്ടു നല്‌കണം!
അക്രമസമര സംസ്‌കാരം വളരാന്‍ സാഹചര്യമൊരുക്കിയവരെയും കാണാതിരുന്നുകൂടാ. നേരെ ചൊവ്വെ കാര്യം പറഞ്ഞാല്‍ ഇന്ന്‌ ആരും കേള്‍ക്കില്ല. ആദിവാസി പ്രശ്‌നം എത്ര കാലമായി? ചെങ്ങര പോലുള്ള ഭൂസമരം എത്രകാലമായി? പല കാരണത്താല്‍ സമരപ്പന്തലുകള്‍ നിയമസഭക്കു മുന്നില്‍ ഉയര്‍ന്നിട്ട്‌ എത്ര കാലമായി? ഇയ്യച്ചേരി കൃഷ്‌ണന്‍ മാസ്റ്റര്‍ മദ്യവിരുദ്ധ സമരം തുടങ്ങിയിട്ട്‌ കാലമെത്രയായി? പന്ത്രണ്ടു കൊല്ലമായി നിരാഹാരം നടത്തിക്കൊണ്ടിരിക്കുന്ന ഇറോം ശര്‍മിളയെ തിരിഞ്ഞുനോക്കാന്‍ ആരെങ്കിലും തയ്യാറായോ? ഇതുപോലുള്ള നിരവധി അനുഭവങ്ങള്‍ മുന്നിലുള്ളവരല്‍ അധികൃതരുടെ മുന്നില്‍ വല്ലതും ഉണര്‍ത്തണമെങ്കില്‍ അക്രമണത്തിന്റെ ശൈലി പുറത്തെടുത്തെങ്കില്‍ കുറ്റം അവരുടേതു മാത്രമല്ല. കൈവശ ഭൂമിക്ക്‌ ലാന്റ്‌ ട്രിബ്യൂണല്‍ പട്ടം നല്‌കിയിരുന്ന എഴുപതുകളിലെ ഒരനുഭവം ആനുഷംഗികമായി അനുസ്‌മരിക്കുകയാണ്‌. എഴുപതു കഴിഞ്ഞ വൃദ്ധന്‍ പട്ടയത്തിനു വന്നപ്പോള്‍, കൈക്കൂലി വേണമെന്ന്‌ വ്യക്തമായി പറയുന്നതിനു പകരം, അടിയാധാരം കൊണ്ടുവരാന്‍ പറഞ്ഞ്‌ പലതവണ അയാളെ മടക്കി. (അടിയാധാരം ഉണ്ടെങ്കില്‍ പട്ടയം തന്നെ വേണ്ടതില്ലല്ലോ) അങ്ങനെ ഒരു ദിവസം ഈ മനുഷ്യന്‍ മൂന്നു വെട്ടുകത്തിയും ഒരു തേഞ്ഞ കോടാലിയും ഒരു പിക്കാ
സിന്റെ പിടിയും മറ്റുമായി ലാന്റ്‌ ട്രിബ്യൂണലില്‍ കയറിച്ചെന്ന്‌, `ഇതാ എന്റെ അടിയാധാരങ്ങള്‍' എന്നു പറഞ്ഞ്‌ അവ മേശപ്പുറത്തു വച്ചു! പതിനഞ്ചു മിനിറ്റിനകം വൃദ്ധന്റെ പട്ടയം റെഡി! ചുരുക്കത്തില്‍ അക്രമം ചോദിച്ചുവാങ്ങുന്നവരും സമരം ചെയ്‌ത്‌ അക്രമം തിരിച്ചുവാങ്ങുന്നവരും ജനാധിപത്യത്തിനു ശാപമാണ്‌. പ്രബുദ്ധ ജനങ്ങള്‍ ഇത്‌ തിരിച്ചറിയണം.
read more →

ആരെയാണ്‌ കരിമ്പട്ടികയില്‍ പെടുത്തേ@ത്‌?

ആരെയാണ്‌ കരിമ്പട്ടികയില്‍ പെടുത്തേ@ത്‌?

ശ്രീ ഹരികുമാര്‍ സര്‍, ഉന്നതരായ മഹദ്‌വ്യക്തിത്വങ്ങളേ, ഗുരുനാഥന്‍മാരേ, മാതാപിതാക്കളേ, ഞാനേറെയിഷ്‌ടപ്പെടുന്ന എന്റെ മുന്നിലിരിക്കുന്ന സുന്ദരികളും സുന്ദരന്മാരുമായ കുഞ്ഞുങ്ങളേ,
പത്തനംതിട്ടയില്‍ നിന്ന്‌ പുറപ്പെട്ട്‌ ചെങ്ങന്നൂര്‍ എന്‍ജിനിയറിംഗ്‌ കോളെജിലെ പരിപാടി കഴിഞ്ഞ്‌ ഞങ്ങള്‍ എം എസ്‌ എം കോളെജ്‌ (കായംകുളം) അങ്കണത്തില്‍ എത്തിച്ചേര്‍ന്നത്‌ വൈകിയാണ്‌. ആദ്യമായി ക്ഷമ ചോദിക്കുന്നു. എട്ടു ദിവസമായി രാപ്പകല്‍ പണിയെടുക്കുന്ന ജാഥാംഗങ്ങളെ ഞാന്‍ ആദരിക്കുന്നു.നിങ്ങള്‍ എന്റെ വാക്കുകള്‍ ശ്രദ്ധിച്ചുകേള്‍ക്കുക. പിടിവാശിയോ മുന്‍വിധികളോ ഇല്ലാതെ ശ്രദ്ധാപൂര്‍വം എന്നെ കേള്‍ക്കുക. ശരിയെന്തെങ്കിലും ലഭിച്ചാല്‍ അതെടുക്കുക. തെറ്റെങ്കില്‍ ഇവിടത്തന്നെ കളഞ്ഞേക്കുക. ഞാന്‍ എന്റെ സംസാരത്തില്‍ നീയെന്നും നിങ്ങളെന്നും പറയുന്നത്‌ എന്റെ മുന്നിലിരിക്കുന്ന `നിങ്ങള്‍' അല്ല. കേരളീയര്‍ എന്നാണ്‌ ഞാനുദ്ദേശിക്കുന്നത്‌. ഇന്നെനിക്ക്‌ പത്തുലക്ഷം സഹോദരങ്ങളുണ്ട്‌ കേരളത്തില്‍.
നമ്മുടെ സമൂഹത്തിന്‌ ചില പ്രത്യേകതകളും ചില മനോഭാവങ്ങളുമുണ്ട്‌. ഒന്ന്‌: നമ്മള്‍ ആരെയും അനുസരിക്കാറില്ല. നമ്മെ എല്ലാവരും അനുസരിക്കുകയും വേണം. ഭഗവദ്‌ഗീതയില്‍ കൃഷ്‌ണന്‍ ഉപദേശിക്കുന്നു: അര്‍ജുനാ... യഥാര്‍ഥ പഠിതാവിന്റെ ഗുണം, വിനയം, ശ്രദ്ധ, അനുസരണം എന്നിവയാണ്‌. നമ്മുടെ തലമുറക്ക്‌ വിനയം എന്താണെന്നറിയില്ല. ശ്രദ്ധയാകട്ടെ പഠന കാര്യങ്ങളിലല്ല. പ്രണയം, മൊബൈല്‍, വൃത്തികെട്ട സിനിമകള്‍, ബ്‌ളൂ ഫിലിം മുതലായവയിലാണ്‌.
രണ്ടാമത്തെ പ്രത്യേകത: നാം ആരെയും ആദരിക്കില്ല. നമ്മെ എല്ലാവരും ആദരിക്കണം എന്ന മനോഭാവം. ജീവിച്ചിരിക്കുമ്പോള്‍ സ്വസ്ഥത പോലും കൊടുക്കാത്തവര്‍ മരണപ്പെട്ടാല്‍ മാറത്തടിച്ചു കരയുന്നു. ജസ്റ്റിസ്‌ ഡി ശ്രീദേവി മാഡം പറഞ്ഞത്‌ കേരളത്തില്‍ 90 ശതമാനം കുടുംബങ്ങളും തകര്‍ച്ചയിലാണെന്നാണ്‌.
മൂന്നാമത്തെ പ്രത്യേകത: നാം ആര്‍ക്കും ഒന്നും കൊടുക്കില്ല. നമുക്ക്‌ എല്ലാം കിട്ടണമെന്ന മനോഭാവമാണ്‌. ബൈബിള്‍ പറയുന്നു: മറ്റുള്ളവര്‍ നിനക്ക്‌ തരണമെന്ന്‌ നീയാഗ്രഹിക്കുന്നതെല്ലാം നീയവര്‍ക്ക്‌ അറിഞ്ഞുകൊടുക്കണം. നാലാമത്തെ നമ്മുടെ മനോഭാവമാകട്ടെ മുന്‍പ്‌ കഴിഞ്ഞുപോയവരെല്ലാം വിഡ്‌ഢികളും നമ്മള്‍ മിടുക്കന്മാരുമാണെന്നതാണ്‌. നിങ്ങളുടെ മിടുക്ക്‌ ഞാന്‍ കുറച്ചു കാണുന്നില്ല. പലരുടെയും മിടുക്ക്‌ കള്ളത്തരത്തിലും തട്ടിപ്പിലുമാണെങ്കിലും അതി മിടുക്കന്മാര്‍ നമുക്കിടയിലുണ്ട്‌; പത്തു ശതമാനമെങ്കിലും. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എഴുപതു ലക്ഷം രൂപ ശമ്പളം നല്‌കി `ഗൂഗ്‌ള്‍' ഒരു ചെറുപ്പക്കാരനെ കൊണ്ടുപോയി. മറ്റൊരു എംടെക്‌ പയ്യനെ `നാസ' കൊണ്ടുപോയി. നമ്മുടെ ബുദ്ധിശക്തിയുടെ നിദര്‍ശനമാണിതെല്ലാം.
ആരാണ്‌ യഥാര്‍ഥ മിടുക്കര്‍ എന്ന്‌ നിങ്ങള്‍ക്ക്‌ കാണാം. ബൈബിള്‍ പറയുന്നു: രണ്ടുപേര്‍ പ്രാര്‍ഥിക്കുമ്പോള്‍ മൂന്നാമനായി ദൈവം ഉണ്ടാവും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ രണ്ടുപേര്‍ പരദൂഷണവും ഗൂഢാലോചനയും നടത്തുമ്പോള്‍ മൂന്നാമനായി അല്ലാഹു ഉണ്ടാകും. ഗീത പത്താം അധ്യായം വിഭൂതി യോഗം ഇങ്ങനെ കാണാം: അര്‍ജുനാ, ആത്മജ്ഞാനം ലഭിക്കണമെന്നുള്ളവര്‍ക്കു മുന്നില്‍, സത്യം അറിയണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ക്കു മുന്നില്‍ മാത്രം നീ പ്രഭാഷണം നടത്തുക. ലൗകികതക്കു വേണ്ടി കഴിഞ്ഞു കൂടുന്നവര്‍ക്ക്‌ നിന്റെ പ്രഭാഷണം പ്രയോജനം ചെയ്യില്ല. വലിയ മൊബൈല്‍, അശ്ലീലം, ഡൗണ്‍ ലോഡ്‌, ക്ലിപ്പിംഗ്‌ മുതലായവയില്‍ അഭിരമിക്കുകയാണിന്ന്‌ ലോകം. `നീ എത്ര കൊതിച്ചാലും അധിക പേരെയും സത്യത്തില്‍ വിശ്വസിപ്പിക്കാനാവില്ല' എന്ന്‌ വിശുദ്ധ ഖുര്‍ആനും പരിഹാസകന്റെയും ഭോഷന്റെയും മുന്നില്‍ പ്രഭാഷണം അരുതെന്ന്‌ ഗീതയും പറയുന്നു. ആയതിനാല്‍ നല്ല ചിന്തയോടെ വിനയത്തോടെ ശ്രദ്ധിക്കണമെന്ന്‌ കുഞ്ഞുമക്കളോട്‌ ഞാന്‍ ഉണര്‍ത്തുന്നു. 
നമ്മുടെ മുന്‍ രാഷ്‌ട്രപതി ഡോ. എ പി ജെ അബ്‌ദുല്‍കലാം പറഞ്ഞത്‌ ശ്രദ്ധിക്കുക: ``വിദ്യാഭ്യാസം ആത്മീയതയിലൂന്നിയതും ആത്മബോധം നല്‌കുന്നതുമാണ്‌.'' എന്റെ കുഞ്ഞുമക്കളേ, ഞാന്‍ ചോദിക്കട്ടെ: പത്തു മാസം നിന്നെ ഗര്‍ഭം ധരിച്ച്‌ നൊന്തു പെറ്റ അമ്മയോടും നിനക്കു ജന്മം നല്‌കി നിന്നെ പോറ്റി വളര്‍ത്തിയ നിന്റെ അച്ഛനോടും കഴിഞ്ഞ ഒരു വര്‍ഷം കള്ളത്തരങ്ങള്‍ ഒന്നും ചെയ്യാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ കൈപൊക്കാമോ? ഇല്ലെങ്കില്‍ ഇതാണ്‌ മക്കളേ നിങ്ങളുടെ പരാജയത്തിന്റെ ആരംഭം. നിങ്ങളുടെ മാതാപിതാക്കളോട്‌ ഞാനിത്‌ പറയാന്‍ ആളല്ല. നിങ്ങളിലുള്ള നാളത്തെ അമ്മയോടും അച്ഛനോടുമാണ്‌ എനിക്ക്‌ പറയാനുള്ളത്‌. ലോകാര്യോഗ സംഘടന പറയുന്നു: യു ആര്‍ ദ ഫ്യൂച്ചര്‍ പാരന്റ്‌സ്‌. 
എട്ടിലും ഒന്‍പതിലും പത്തിലും പഠിക്കുന്ന കുട്ടികള്‍, കാമുകരോടൊപ്പം ഒളിച്ചോടാന്‍ തയ്യാറെടുത്തവരുണ്ടെങ്കില്‍, എന്നെ ഒരല്‌പം ശ്രദ്ധിക്കുക. ഞാനാരുമല്ല. കേവലം ബോധവത്‌കരണം. ആലോചിക്കേണ്ടത്‌ നീ. തീരുമാനമെടുക്കേണ്ടതും നീ. ഒരു കാര്യം ഓര്‍ക്കുക. കടലിനക്കരെ കടക്കണമെങ്കില്‍ കാരിരുമ്പിന്റെ മനശ്ശക്തിയും ശക്തമായ കപ്പലും വേണം. ജീവിതം അക്കരെയെത്തിക്കണമെങ്കില്‍ സത്യത എന്ന കപ്പല്‍ അനിവാര്യമാണ്‌. കഴിഞ്ഞകാലത്ത്‌ അച്ഛനമ്മമാരെ പറ്റിച്ച/കബളിപ്പിച്ച മക്കള്‍ ആലോചിക്കുക. ബൈബിള്‍ പറയുന്നു: നിങ്ങള്‍ വെള്ളയടിച്ച കുഴിമാടത്തിന്‌ സദൃശം. കാരണം നാട്ടുകാരെ പറ്റിക്കാന്‍ വേഷം കെട്ടിയ നിങ്ങളുടെ അകം കളവും ചതിയും നിറഞ്ഞതാണ്‌. 
മക്കളേ, നിങ്ങള്‍ ക്ഷേത്രത്തില്‍ പോകാറുണ്ടോ? ചര്‍ച്ചില്‍ പോകാറുണ്ടോ? നമസ്‌കരിക്കാറുണ്ടോ... (ഉണ്ടെന്ന്‌ ഉത്തരം). സന്തോഷം. നിങ്ങള്‍ ഇതെല്ലാം ചെയ്യുന്നുവെങ്കിലും നിങ്ങളുടെ വീട്ടിലൊക്കെ ദുരിതവും കഷ്‌ടപ്പാടും ദു:ഖവും നിലനില്‌ക്കുന്നു. ദൈവാനുഗ്രഹത്തിന്‌ ആദ്യം വേണ്ടത്‌ സത്യമാണ്‌; സത്യം.
മക്കളേ, നിങ്ങള്‍ സത്യമായി പറയൂ, കഴിഞ്ഞ ഒരു വര്‍ഷം നിങ്ങളെ പഠിപ്പിച്ച ഗുരുനാഥന്മാരോട്‌ കളവു പറഞ്ഞിട്ടില്ലാത്ത വിദ്യാര്‍ഥിയുണ്ടെങ്കില്‍ കൈ പൊക്കുക... ഈ കൈ പൊക്കിയ ഇവരാണോ സുന്ദരികള്‍, അതോ ത്രഡിംഗും ട്രക്കിംഗും ആയി നടിച്ചു നടക്കുന്നവരോ? ആത്മപരിശോധന നടത്താം നമുക്ക്‌. നിനക്ക്‌ വേണ്ടതു മാത്രം തന്നവരാണ്‌ അമ്മ, അച്ഛന്‍, ഗുരുനാഥന്മാര്‍ എന്ന കാര്യം മറക്കാതിരിക്കുക.
പ്ലസ്‌വണ്‍, പ്ലസ്‌ടു വിദ്യാര്‍ഥികള്‍ പഠിക്കുന്ന ബയോളജി ടെക്‌സ്റ്റ്‌ പുസ്‌തകം തയ്യാറാക്കിയത്‌ ഞാനാണെന്ന്‌ നിങ്ങള്‍ക്കറിയാമായിരിക്കും. നിന്റെ പിതാവിനെക്കുറിച്ച്‌ പറയാനല്ല, നീയെന്ന ഭാവിയിലെ പിതാവിനെ പറ്റി പറയാനാണ്‌ ഞാന്‍ വന്നത്‌. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അച്ഛനെ പറ്റിച്ച്‌ ബ്‌ളൂഫിലിമും മോശം നടപടിയുമായി നീങ്ങുന്ന നിന്റെ ബീജത്തില്‍ നിന്നുണ്ടാകുന്ന ജീനുകള്‍ നിന്റെ മക്കളിലൂടെ നിന്നെയും കൂടുതല്‍ പറ്റിക്കും. അപ്പോള്‍ നീ മനസ്സിലാക്കും; നീ ഒരു പാഴ്‌ജന്മമാണെന്ന്‌. ലൈംഗികാതിക്രമങ്ങള്‍ അതിജയിക്കാന്‍ പട്ടാളം വിചാരിച്ചാല്‍ നടക്കുമോ? അവനവന്‍ തന്നെയാണ്‌ അവനവനെ സൂക്ഷിക്കേണ്ടത്‌ എന്ന്‌ ഗീതയില്‍ പറയുന്നു. നമ്മുടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ കഴിയണം. കണ്ടവന്റെ കൂടെ ഇറങ്ങിത്തിരിക്കുമ്പോള്‍ നമ്മളറിയുന്നില്ല, പരാജയത്തിലേക്കാണ്‌ പോക്ക്‌ എന്ന്‌. സദാചാരം വ്യക്തികളില്‍ വേരൂന്നണമെങ്കില്‍ വീടുകളില്‍ വേദപഠനം നടക്കണം. നാളത്തെ മാതാക്കളായ നിങ്ങള്‍ ഓര്‍ക്കുക. മാതൃത്വം ദിവ്യമാണെന്ന്‌ ഖുര്‍ആന്‍. ഇന്നത്തെ തലമുറയാകട്ടെ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിന്‌ `കിലുക്കി'നു പകരം ഇരു കൈകളിലും മൊബൈല്‍ കൊടുക്കുന്നു. അതില്‍ നിന്നുള്ള റേഡിയേഷന്‍ അപകടകരമാണെന്ന്‌ ഓര്‍ക്കുന്നില്ല. മൊബൈല്‍ വേണ്ടെന്ന്‌ ഞാന്‍ പറഞ്ഞില്ല. എന്നാല്‍ കേള്‍വിക്കുറവ്‌, അക്ഷമ, അസ്വസ്ഥത മുതലായവയ്‌ക്ക്‌ മൊബൈല്‍ കാരണമാകുന്നുവെന്ന്‌ കേരള സയന്‍സ്‌ കോണ്‍ഗ്രസില്‍ പേപ്പര്‍ അവതരിപ്പിച്ചിരിക്കുന്നു. ഞാന്‍ കഴിഞ്ഞ വര്‍ഷം ജര്‍മനി, ലണ്ടന്‍, സ്വിറ്റ്‌സര്‍ലന്റ്‌ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. യൂറോപ്പില്‍ 90 ശതമാനം കുട്ടികള്‍ക്കും മൊബൈല്‍ ഇല്ല. ഇവിടെ 90 ശതമാനത്തിനും ഉണ്ട്‌!
കേരളത്തില്‍ പുരുഷന്മാരെല്ലാം പീഡിപ്പിച്ചു നടക്കുകയല്ല. പീഡകര്‍ 99 ശതമാനവും മദ്യലഹരിക്കടിമപ്പെട്ടവരാണ്‌. ഈ സത്യം ആരും ഓര്‍ക്കുന്നില്ല. അശ്ലീലം കുത്തിനിറിച്ച നിന്റെ മൊബൈല്‍ സ്വിച്ച്‌ഓഫ്‌ ചെയ്‌ത്‌ പള്ളിയില്‍/അമ്പലത്തില്‍/ചര്‍ച്ചില്‍ പോയിട്ട്‌ കാര്യമുണ്ടോ? പെറ്റമ്മയുടെ നോവറിയാന്‍ പെണ്‍കുട്ടിക്ക്‌ ഏറെ കഴിയും. എന്നിട്ടും അമ്മ വഴക്കുപറഞ്ഞതിന്‌ താന്‍ ഒളിച്ചോടി എന്നു പറയുന്നവര്‍ എത്രയാണ്‌!
നിന്റെ അമ്മയുടെ പ്രതീക്ഷ കൂടിയാണ്‌ നീ. നിന്റെ അച്ഛന്റെ പ്രതീക്ഷയാണു നീ. നീ നിന്റെ അമ്മയെ/അച്ഛനെ അകക്കണ്ണുകൊണ്ട്‌ കണ്ടിട്ടില്ല. നിന്റെ വരവും കാത്ത്‌ നിനക്ക്‌ വേണ്ടതൊരുക്കി കാത്തിരിക്കുന്ന അമ്മ. നിനക്കുവേണ്ടി തട്ടുകടയില്‍ തീനാളത്തിനു മുന്നില്‍ ദോശയടിക്കുന്ന അച്ഛന്‍. അവരെ നീ പറ്റിക്കുമ്പോള്‍, നിന്നെപ്പറ്റിക്കാന്‍ വരുന്നത്‌ നിന്റെ അകത്തു നിന്നുതന്നെയാണെന്നു നീ ഓര്‍ക്കുക. 
നിങ്ങള്‍ ബയോളജിക്കല്‍ ആയി ചിന്തിച്ചുനോക്കൂ. നിരന്തരമായി ഒരു കാര്യം ശീലിക്കുന്നുവെങ്കില്‍ നമ്മുടെ ജീന്‍ അതിനായി ആക്‌റ്റിവേറ്റ്‌ ആകും. നന്മയുടെ ജീനും തിന്മയുടെ ജീനും നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്‌. ഏത്‌ ജീനിനെ വ്യക്തി ആക്‌റ്റിവേറ്റ്‌ ചെയ്യുന്നുവോ അതാണ്‌ പാരമ്പര്യം (inheritance) ആയിവരുന്നത്‌. Dominent will inherit to the children ലാമാര്‍ക്കിന്റെ ഇന്‍ഹറിറ്റന്‍സ്‌ ഓഫ്‌ അക്വയേര്‍ഡ്‌ കാരക്‌റ്റര്‍ അതാണ്‌ പഠിപ്പിക്കുന്നത്‌. ഗീതയിലും ഇതുതന്നെ പറയുന്നു. അമേരിക്കയിലെ 186 യൂനിവേഴ്‌സിറ്റികളില്‍ ഗീത ഒരു പേപ്പര്‍ ആണ്‌. ജ്ഞാനം വേണം. പഠനത്തോടൊപ്പം അവനവന്റെ വേദമെങ്കിലും ശ്രദ്ധിക്കുക. പക്ഷേ, നാം അതൊക്കെ ഒഴിവാക്കി റിയാലിറ്റി ഷോയുടെ പിന്നാലെയാണ്‌.
ഞാന്‍ ചോദിക്കട്ടെ, ഇന്നത്തെ ദാമ്പത്യം രക്തബന്ധമോ, ശാരീരികബന്ധമോ? സ്‌നേഹബന്ധമെന്നു പറയുന്നു ചിലര്‍. എന്നാല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ആത്മബന്ധമാണ്‌ വേണ്ടത്‌. ആത്മബന്ധം കുടുംബകലഹത്തിലോ ഡൈവോഴ്‌സിലോ എത്തുകയില്ല. അച്ഛനും അമ്മയും തമ്മിലുള്ള ആത്മബന്ധം കണ്ട്‌ വളരുന്ന മക്കള്‍ക്ക്‌ കുടുംബത്തില്‍ സ്വര്‍ഗമായിരിക്കും. അവര്‍ `മിസ്‌ഡ്‌ കോള'ന്മാരുടെ കൂടെ ഇറങ്ങിത്തിരിക്കില്ല. 
സമ്പൂര്‍ണ സാക്ഷരതയില്‍ ഒന്നാം സ്ഥാനമാണ്‌ നമ്മുടെ കേരളത്തിന്‌. കേരളത്തിന്‌ വേറെയും ചില ഒന്നാം സ്ഥാനങ്ങളുണ്ട്‌. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുടിയന്മാര്‍ കേരളത്തില്‍. ഏറ്റവും കൂടുതല്‍ ആത്മഹത്യ കേരളത്തില്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ തൃശൂര്‍ ജില്ലയില്‍. ഒരു ലക്ഷത്തില്‍ 42 മുതല്‍ 65 വരെ. ആത്മഹത്യ ഏറ്റവും കുറഞ്ഞ ജില്ല മലപ്പുറം. ഒരു ലക്ഷത്തിന്‌ നാലു മാത്രം. ലോകത്തില്‍ ആത്മഹത്യാ നിരക്ക്‌ ഏറ്റവും കുറഞ്ഞ രാജ്യം സുഊദി അറേബ്യ. പഠനങ്ങള്‍ തെളിയിക്കുന്ന ഒരു വസ്‌തുതയുണ്ട്‌. ആത്മാഹുതി ചെയ്‌തവന്‌ ഇഹലോകവും പരലോകവും നഷ്‌ടപ്പെട്ടു എന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അത്‌ അടിസ്ഥാനപരമായി വിശ്വസിച്ച ജനതയില്‍ ആത്മഹത്യ കുറയുന്നു. വീണ്ടും ഒരു പഠനം. ഹൈന്ദവവിഭാഗങ്ങളില്‍ പരാജയം കുറവ്‌, വിജയം കൂടുതല്‍ ഉള്ളത്‌ ബ്രാഹ്‌മണരില്‍. കാരണം അവരിലെ മക്കള്‍ മാതാപിതാക്കളെ ദൈവത്തെപ്പോലെ കാണുന്നു. അവരില്‍ സത്യം നിലനില്‌ക്കുന്നു.
ഭാരത സംസ്‌കാരത്തിന്റെ പരമസ്‌തംഭങ്ങള്‍: സത്യംവദ (സത്യമേ പറയൂ), ധര്‍മം ചര (ധര്‍മം മാത്രമേ ചെയ്യൂ), മാതൃദേവോഭവ, പിതൃദേവോ ഭവ, ആചാര്യദേവോ ഭവ (മാതാപിതാ ഗുരുക്കന്മാരെ ദേവനുതുല്യം കാണുക). ഇത്‌ പഠിക്കുക. കൂടെ സ്വന്തം വേദവും പഠിക്കുക. അവനവനെ നിയന്ത്രിക്കാനാവും. ശാരീരിക നന്മ, മാനസിക അച്ചടക്കം, ആത്മീയജ്ഞാനം ഉള്ളവര്‍ക്ക്‌ മാത്രമേ സ്വസ്ഥത ലഭിക്കൂ. പുരുഷന്‌ പത്തു മിനിറ്റുമതി, തന്റെ ബീജം ഗര്‍ഭപാത്രത്തിലേക്കയക്കാന്‍. എന്നാല്‍ വിശുദ്ധ ഗര്‍ഭപാത്രം നന്മ നിറഞ്ഞതല്ലെങ്കില്‍ ശരിയായ മാതാവാകന്‍ കഴിയില്ല. ഇരുപത്‌ വയസ്സിനു മുന്‍പ്‌ ഏതെങ്കിലും പയ്യന്റെ കൂടെ ഒളിച്ചോടാന്‍ റെഡിയായി നില്‌ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ - ഒളിച്ചോടേണ്ട എന്ന്‌ ഞാന്‍ പറയില്ല - എന്നെയൊന്നു കേള്‍ക്കുക. രണ്ട്‌ കൊല്ലംകൊണ്ട്‌ രണ്ട്‌ കുട്ടികളെ നിനക്ക്‌ കിട്ടിയേക്കാം. അമ്മയെയും അച്ഛനെയും പറ്റിച്ച്‌ ഒളിച്ചോടിയ നീ നൂറുവയസ്സുവരെ ജീവിച്ചാല്‍ എണ്‍പതു വര്‍ഷവും നരകിക്കേണ്ടിവരും. 
പ്രണയം പവിത്രമല്ലേ, പ്രേമം നല്ലതല്ലേ എന്ന്‌ ഒരു കുട്ടി എന്നോട്‌ സംശയം ഉന്നയിച്ചു. എന്താണ്‌ പ്രേമം? നാട്യമല്ലേ? പറ്റിക്കല്‍ മാത്രം. പ്രണയം നല്ലതുതന്നെ. love എന്ന്‌ ഇംഗ്ലീഷ്‌. I love my mother (I like my mother അല്ല) എത്ര ഉദാത്തമാണ്‌ love. അമ്മയെ അറിയുന്ന ഒരു boy friend നിനക്കുണ്ടെങ്കില്‍ അവന്‍ നിന്നെ പീഡിപ്പിക്കുകയില്ല. അവന്‌ അമ്മയുടെ വിലയറിയാം. സഹോദരിയെയും കൂടെപ്പഠിക്കുന്ന പെണ്‍കുട്ടിയെയും തിരിച്ചറിയും. അവന്‍ യഥാര്‍ഥ friend ആയിരിക്കും. അമ്മയെ അറിയാത്ത boy friend ആണ്‌ നീ കണ്ടെത്തുന്നതെങ്കില്‍ അവന്‍ നിന്നെ ഉപയോഗിക്കും, നശിപ്പിക്കും, വലിച്ചെറിയും. ഇതെല്ലാമല്ലേ ഇന്ന്‌ നടക്കുന്നത്‌! ഇതുതന്നെയാണ്‌ girl friendന്റെയും സ്ഥിതി. അച്ഛനെ, അമ്മയെ അറിയാത്ത ഒരു girl friend ആണ്‌ മോനേ നിനക്കുള്ളതെങ്കില്‍ നിന്റെ നാശത്തിന്‌ അവള്‍ മതി.
മൊബൈല്‍ ഫോണ്‍ നിരന്തരമായി ഉപയോഗിക്കുന്ന മക്കളേ, ഓര്‍ക്കുക. നിങ്ങള്‍ക്ക്‌ മക്കളുണ്ടാകില്ല! ജീന്‍സിട്ട്‌ ടൈറ്റ്‌ ആക്കുന്നവരുടെ സ്ഥിതിയും ഇതുതന്നെ. എന്തുകൊണ്ട്‌ ഞാനിങ്ങനെ പറയുന്നു? ശ്രദ്ധിക്കുക. ആണ്‍കുട്ടിയുടെ sex organ ഏതാണെന്നറിയാമല്ലോ ബയോളജി വിദ്യാര്‍ഥികളേ. (സദസ്സില്‍നിന്ന്‌) ടെസ്റ്റിസ്‌. അതേ, ഈ സെക്‌സ്‌ ഓര്‍ഗണ്‍ ശരീരത്തിന്‌ പുറത്ത്‌ ഒരു സഞ്ചിയില്‍ നിക്ഷേപിച്ചതെന്തിന്‌? (സദസ്സില്‍നിന്ന്‌) temperature ക്രമീകരണത്തിന്‌. അതേ, very good. പെണ്‍കുട്ടിയുടെ സെക്‌സ്‌ ഓര്‍ഗന്‍ overyയാണ്‌. അതും പ്രകൃതി ഭദ്രമായി വെച്ചിരിക്കുന്നു. ആണ്‍കുട്ടി ആണ്‍കുട്ടിയാകണമെങ്കിലും പെണ്‍കുട്ടി പെണ്‍കുട്ടിയാകണമെങ്കിലും ഹോര്‍മോണ്‍ വേണം. പുരുഷന്‍ ആന്‍ട്രോജനും സ്‌ത്രീ ഈസ്‌ട്രോജനും ഉത്‌പാദിപ്പിക്കുന്നു. ഇത്‌ രണ്ടും നടക്കണമെങ്കില്‍ പിറ്റിയൂട്ടറി ഗ്രന്ഥി GNRH ഉത്‌പാദിപ്പിക്കണം. മൊബൈല്‍ ഫോണ്‍ നിരന്തരം ഉപയോഗിച്ചാല്‍ അതില്‍നിന്നു വരുന്ന microwaves പിറ്റിയൂട്ടറി ഗ്രന്ഥിയെ പ്രതികൂലമായി ബാധിക്കുന്നു. ഫലമെന്തെന്നല്ലേ. GNRH ഉത്‌പാദനം കുറയുന്നു. 
ഞാന്‍ ജീന്‍സിനെപ്പറ്റി പറഞ്ഞുവല്ലോ. യൂറോപ്പിലെ തണുപ്പു കാലാവസ്ഥയ്‌ക്കു വേണ്ടി ഉണ്ടാക്കിയ ജീന്‍സ്‌ നമ്മളിവിടെ വലിച്ചുകയറ്റി ടൈറ്റ്‌ ആക്കിവച്ചാല്‍ Sex organകള്‍ക്ക്‌ ടെംപറേച്ചര്‍ കുറയേണ്ടതിനു പകരം കൂടുന്നു. ഓര്‍ക്കുക, യൂറോപ്പിലെ സായിപ്പ്‌ കേരളത്തിലെ ചൂട്‌ കാലാവസ്ഥയിലേക്ക്‌ വരുമ്പോള്‍ ജീന്‍സ്‌ ധരിക്കാറില്ല. നേരിയത്‌ ഇടുന്നു. ഒന്നും ഉടുക്കാതെയും നടക്കുന്നു. നമുക്ക്‌ അതൊന്നും അറിഞ്ഞുകൂടാ. യൂറോപ്പിന്റെ നന്മകള്‍ നാം കാണുന്നില്ല. അനുകരണം മാത്രം. പുതിയ തലമുറയില്‍ വ്യാപകമായി വരുന്ന infertility, കൗണ്ട്‌കുറവ്‌, മൊബിലിറ്റി ഇല്ല, എനര്‍ജിക്കുറവ്‌... ആലോചിക്കുക. പെണ്‍കുട്ടികള്‍ക്ക്‌ യൂട്രസ്‌ പ്രശ്‌നങ്ങള്‍, ട്യൂബില്‍ കുടുങ്ങല്‍ എന്തെല്ലാം! അശാസ്‌ത്രീയമായ ജീവിതശൈലിയുടെ ഫലങ്ങള്‍. ജീന്‍സിട്ട്‌ ടൈറ്റാക്കി പെണ്‍കുട്ടിയെ ആണ്‍കുട്ടിയാക്കിയാല്‍ പുരോഗതി ആവില്ല. പുരുഷനു വേണ്ടത്‌ സ്‌ത്രീയെയോ അതോ ആണും പെണ്ണും കെട്ടവളെയോ? ആലോചിക്കുക, മറിച്ചും അങ്ങനെത്തന്നെ. ബൈബിള്‍ നിയമാവര്‍ത്തനം 5:22ല്‍ പറയുന്നു. ആണ്‍കുട്ടി പെണ്‍കുട്ടിയുടെ വസ്‌ത്രം ധരിക്കാന്‍ പാടില്ല. മുഹമ്മദ്‌ നബിയുടെ ഹദീസില്‍ പെണ്ണുങ്ങള്‍ ആണ്‍വേഷവും ആണുങ്ങള്‍ പെണ്‍വേഷവും ധരിക്കരുതെന്ന്‌ പറയുന്നു. ജീന്‍സ്‌ ധരിക്കരുതെന്ന്‌ ഞാന്‍ പറയില്ല. മാതാപിതാക്കള്‍ ധരിച്ചോളൂ. കുട്ടികളെ വിഷമിപ്പിക്കരുത്‌ എന്നേ ഞാന്‍ പറഞ്ഞുള്ളൂ. കൗമാരത്തില്‍ ജീന്‍സ്‌ അരുത്‌. 
ടെക്‌നോളജി കൂടിവരുന്നു. ആശുപത്രികളും കൂടിവരുന്നു. ആശുപത്രികള്‍ക്കടുത്ത്‌ പുതിയ ബോര്‍ഡുകള്‍. ഗൈനക്കോളജിക്‌ ആന്റ്‌ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക്‌. എന്താണിതിന്റെ മെസേജ്‌? നാലഞ്ചുലക്ഷം മുടക്കൂ. ഭര്‍ത്താവിന്റെ ബീജം ഞങ്ങള്‍ ഭാര്യയില്‍ വച്ചുതരാം. ഇത്‌ വ്യാപകമാവുകയല്ലേ? മുന്‍തലമുറയ്‌ക്ക്‌ കേട്ടുകേള്‍വി പോലും ഇല്ലാത്തത്‌! ജീവിതശൈലിയാണ്‌ ഒരു പ്രധാനകാരണം (ഞാന്‍ പറയുന്നത്‌ റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്നുണ്ട്‌, സര്‍ക്കാറിനു കാണാന്‍. നല്ല ബോധത്തോടുകൂടിത്തന്നെയാണ്‌ ഞാന്‍ പറയുന്നത്‌). 
പ്രകൃത്യാതന്നെ പുരുഷന്‍ Powerful ആണ്‌. അവന്റെ മസിലുകള്‍ കരുത്തുറ്റതാണ്‌. സ്‌ത്രീ മസിലുകള്‍ soft ആണ്‌. ആണ്‍കുട്ടികള്‍ നാലുപടി ചാടിയാല്‍ ഒന്നും സംഭവിക്കില്ല. പെണ്‍കുട്ടിയെ നാലുപടി ചാടിച്ചാല്‍, പടിതെറ്റി മൂടടിച്ചുവീണുപോയാല്‍ അവളുടെ യൂട്രസ്‌ ഡിസ്‌ലൊക്കേറ്റ്‌ ചെയ്യും. വലുതാകുമ്പോള്‍ പ്രസവം പ്രയാസമായിത്തീരും.
(കാലടി ശങ്കരാചാര്യ കോളെജ്‌ ബയോളജി പ്രൊഫസറും മൂല്യബോധന യാത്രാ ക്യാപ്‌റ്റനുമായ ഡോ. രജത്‌കുമാര്‍ കായംകുളം എം എസ്‌ എം കോളെജ്‌ അങ്കണത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)
ലേഖനാവിഷ്‌കരണം: അബ്‌ദുല്‍ജബ്ബാര്‍
read more →

മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ മുസ്‌ലിംവേദി വരുന്നു?

മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ മുസ്‌ലിംവേദി വരുന്നു?

എ പി അന്‍ഷിദ്‌
മുസ്‌ലിം പൊതുസമൂഹത്തില്‍ സ്വാധീനമുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക വേദി രൂപീകരിക്കുന്നതിനുള്ള ശ്രമത്തിലാണ്‌ കേരളത്തിലെ സി പി എം. ഇതിന്റെ തുടക്കമെന്ന നിലയില്‍ വേണം കോഴിക്കോട്ട്‌ നടന്ന വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത യോഗത്തെ കാണാന്‍.
മുസ്‌ലിം പൊതുസമൂഹത്തെ സ്വാധീനിക്കാനും കൂടെ നിര്‍ത്താനും എല്ലാ കാലത്തും സി പി എം ശ്രമിച്ചിട്ടുണ്ട്‌. അതിന്റെ തുടര്‍ച്ചയായി വേണം പുതിയ നീക്കത്തെയും അതിന്റെ സാധ്യതകളെയും വിലയിരുത്താന്‍.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ മുസ്‌ലിം രാഷ്‌ട്രീയ ചരിത്രം പരിശോധിച്ചാല്‍ കേരളത്തില്‍ ഒഴികെ എവിടെയും സ്ഥായിയായ ഒരു ചട്ടക്കൂടിനകത്ത്‌ അതിനെ ഒതുക്കിനിര്‍ത്താന്‍ കഴിയില്ല. താരതമ്യേന മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള ഉത്തര്‍പ്രദേശ്‌, പശ്ചിമ ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ പോലും.
കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ മുഴുവന്‍ പ്രതാനിധ്യം അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും മലബാര്‍ മേഖലയില്‍ മുസ്‌ലിംലീഗ്‌ നേടിയെടുത്തിട്ടുള്ള സ്വാധീനം കുറച്ചു കാണാന്‍ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ മുസ്‌ലിംകള്‍ ഒരു രാഷ്‌ട്രീയ ചട്ടക്കൂടിനകത്ത്‌ നിലകൊള്ളുന്നവരാണെന്ന്‌ പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. എന്നാല്‍ അത്‌ പൂര്‍ണമായും മുസ്‌ലിംലീഗിന്റെ രാഷ്‌ട്രീയ ചട്ടക്കൂടിലാണെന്ന്‌ പറയാനും കഴിയില്ല. മുസ്‌ലിം ലീഗിന്‌ സ്വാധീനം ഏറെയുള്ള മലപ്പുറം ജില്ലയില്‍ പോലും ഇടതുപക്ഷ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌, പ്രത്യേകിച്ച്‌ സി പി എമ്മിന്‌ നല്ല രാഷ്‌ട്രീയ വേരോട്ടമുള്ള മേഖലകള്‍ ഉണ്ട്‌.
മുസ്‌ലിം സമുദായം സി പി എമ്മിനെ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ല എന്നതിന്‌ തെളിവാണിത്‌. മലബാര്‍ ബ്രിട്ടീഷ്‌ ആധിപത്യത്തിനു കീഴിലായിരുന്ന കാലത്തു നടന്ന ജന്മി-കുടിയാന്‍ പോരാട്ടങ്ങളുടെയും കര്‍ഷക മുന്നേറ്റങ്ങളുടെയും ചരിത്രത്തിലാണ്‌ മലപ്പുറത്തെ മുസ്‌ലിം മനസ്സുകളില്‍ സി പി എമ്മിനുള്ള സ്വാധീനത്തിന്റെ വേരുകള്‍ ആഴ്‌ന്നുകിടക്കുന്നത്‌. എന്നാല്‍ പൊതുധാരാ മുസ്‌ലിം സമൂഹം എല്ലാ കാലത്തും സി പി എമ്മുമായി ഒരു അകലം പാലിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതാകട്ടെ, ഒരല്‌പം ശക്തമായ പ്രതിരോധത്തിന്റെ ചട്ട തന്നെയാണ്‌. മുസ്‌ലിംലീഗ്‌ പ്രതിസന്ധിയുടെ ആഴക്കയത്തില്‍ പെട്ടപ്പോള്‍ പോലും മലപ്പുറത്ത്‌ രാഷ്‌ട്രീയ മുന്നേറ്റം നടത്താന്‍ സി പി എമ്മിനു കഴിഞ്ഞില്ല എന്നത്‌ ഇതിനു തെളിവാണ്‌. മാത്രമല്ല, ഏറെ സ്വാധീനമുണ്ടായിരുന്ന പൊന്നാനിയും പഴയ വള്ളുവനാടിന്റെ ഭാഗമായ പെരിന്തല്‍മണ്ണ പോലുള്ള കേന്ദ്രങ്ങളും സി പി എമ്മിനെ കൈയൊഴിയാന്‍ തയ്യാറായി എന്നത്‌ ഈ മേഖലയില്‍ അവര്‍ നേരിട്ടു കൊണ്ടിരിക്കുന്ന ശക്തിക്ഷയമാണ്‌ വിളിച്ചോതുന്നത്‌.
ഇ എം എസ്‌ നമ്പൂതിരിപ്പാടിന്റെ ജനനം കൊണ്ട്‌ ശ്രദ്ധേയമായ ഏല ങ്കുളം ഉള്‍പ്പെടുന്ന പെരിന്തല്‍മണ്ണ നിയോജക മണ്ഡലം ഒരുകാലത്ത്‌ മലപ്പുറം ജില്ലയിലെ സി പി എമ്മിന്റെ ഏറ്റവും വലിയ ഉറച്ച കോട്ടയായിരുന്നു. ഇമ്പിച്ചി ബാവയെ പോലുള്ളവരെ തുടര്‍ച്ചയായി ജയിപ്പിച്ചുവിട്ട പൊന്നാനിയും മലപ്പുറത്തെ പച്ചക്കുള്ളിലെ ചുവപ്പുകോട്ടയാണ്‌. ഇടയ്‌ക്ക്‌ വി ശശികുമാറിലൂടെ പെരിന്തല്‍മണ്ണ മണ്ഡലം സി പി എം തിരിച്ചുപിടിച്ചെങ്കിലും മഞ്ഞളാം കുഴി അലിയുടെ കളംമാറ്റി ചവിട്ടിയുള്ള മത്സരത്തിലൂടെ അത്‌ നഷ്‌ടമായി. എന്നാല്‍ മുസ്‌ലിം മേഖലയില്‍ നിന്നുള്ള രാഷ്‌ട്രീയ സ്വാധീനത്തിന്റെ കാര്യത്തില്‍ സി പി എം ഒരു കാലത്തും നിരാശരായിരുന്നില്ലെന്ന്‌ ആ പാര്‍ട്ടിയുടെ ഇടപെടലുകള്‍ തെളിയിക്കുന്നുണ്ട്‌. മുസ്‌ലിം വോട്ടുബാങ്കിലേക്ക്‌ കടന്നുചെല്ലാനുള്ള നിരവധി ശ്രമങ്ങള്‍ ഓരോ കാലത്തും സി പി എം നടത്തിയിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും കൃത്യമായ ദിശാബോധമോ തുടര്‍ച്ചയോ ഉണ്ടായിരുന്നില്ല എന്നതാണ്‌ വാസ്‌തവം. ഒരു പ്രത്യേക സമയത്തേക്കു മാത്രം പയറ്റുന്ന രാഷ്‌ട്രീയ തന്ത്രങ്ങളായിരുന്നു ഏറെയും. അതുകൊണ്ടുതന്നെ അന്തിമഫലം പരാജയവുമായിരുന്നു. വിശ്വാസപരമായ വിഷയത്തില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി പിന്തുടരുന്ന അടിസ്ഥാന ആശയങ്ങളും മുസ്‌ലിം മനസുകളില്‍ ഇടം നേടുന്നതിന്‌ എന്നും തടസമായി നിന്നിരുന്നു. പശ്ചിമ ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഇതിനെ മറികടക്കാന്‍ സി പി എമ്മിനു കഴിഞ്ഞെങ്കിലും കേരളത്തില്‍ അതിനു സാധിച്ചിരുന്നില്ല. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ ഈ പരിമിതി രാഷ്‌ട്രീയ എതിരാളികള്‍ സമര്‍ഥമായി മുതലെടുത്തു എന്നതാണ്‌ അതിനു കാരണം.
ശരീഅത്ത്‌ വിവാദവുമായി ബന്ധപ്പെട്ട്‌ മുസ്‌ലിംകളുടെ നിലപാടിനൊപ്പം നില്‌ക്കാന്‍ ഇ എം എസ്‌ നമ്പൂതിരിപ്പാട്‌ ആദ്യഘട്ടത്തില്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വൈകാതെ നിലപാടില്‍ നിന്ന്‌ പിന്‍വാങ്ങുകയാണ്‌ ചെയ്‌തത്‌. ഇത്‌ നേരത്തെ പറഞ്ഞ, മുസ്‌ലിം വോട്ടുബാങ്കിനെ സ്വാധീനിക്കാനുള്ള സി പി എമ്മിന്റെ സ്ഥിരതയില്ലാത്ത തന്ത്രങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌. ബാബറി മസ്‌ജിദ്‌ പ്രശ്‌നം വൈകാരിക പ്രശ്‌നമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന്‌ മുസ്‌ലിംലീഗില്‍ ഭിന്നിപ്പുണ്ടാക്കിയതില്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി വഹിച്ച പങ്ക്‌ നഷേധിക്കാനാവില്ല. ഇബ്‌റാഹീം സുലൈമാന്‍ സേട്ടുവിനെ സ്വാധീനിച്ച്‌ ദേശീയ തലത്തില്‍ തന്നെ സി പി എം നടത്തിയ രാഷ്‌ട്രീയ കരുനീക്കങ്ങളുടെ ഫലമായിരുന്നു ഐ എന്‍ എല്ലിന്റെ പിറവി. കേരളത്തിലെ മുസ്‌ലിംലീഗിനെ രണ്ടു പാതിയായി നെടുകെ ഛേദിക്കാമെന്നായിരുന്നു നമ്പൂതിരിപ്പാടും കൂട്ടരും സ്വപ്‌നം കണ്ടത്‌. കേരളത്തില്‍ അധികാര പങ്കാളിത്തം ഉള്‍പ്പെടെയുള്ള വാഗ്‌ദാനങ്ങള്‍ ഇതിനായി സി പി എം നല്‌കിയിരുന്നു എന്നത്‌ നിഷേധിക്കാനാവാത്ത വസ്‌തുതയാണ്‌. എന്നാല്‍ പ്രതീക്ഷിച്ച ഫലമല്ല അതിനുണ്ടായത്‌. ഭൂരിപക്ഷം ലീഗ്‌ അനുഭവികളും മാതൃസംഘടനയില്‍ ഉറച്ചുനില്‌ക്കുന്നതാണ്‌ കണ്ടത്‌. പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെ അനിഷേധ്യ നേതൃത്വം ഇക്കാര്യത്തില്‍ മുസ്‌ലിംലീഗിന്‌ വലിയ അനുഗ്രഹമായാണ്‌ ഭവിച്ചത്‌. ഐ എന്‍ എല്ലിനെ കുറച്ചുകാലം സി പി എം കൊണ്ടുനടന്നെങ്കിലും അധികം വൈകാതെ വഴിയാധാരമാക്കി.
പൊന്നാനിയില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ്‌ വേളയില്‍ സി പി എം അവതരിപ്പിച്ചതും അത്തരമൊരു തന്ത്രം തന്നെയായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റക്കാരനല്ലെന്ന്‌ കണ്ട്‌ വെറുതെ വിട്ട അബ്‌ദുന്നാസര്‍ മഅ്‌ദനിയെ കൂടെ നിര്‍ത്തി മുസ്‌ലിം വൈകാരികതയിലേക്ക്‌ കടന്നുകയറാമെന്നായിരുന്നു സി പി എമ്മിന്റെ പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വി എസ്‌ അച്യുതാനന്ദനെപ്പോലുള്ളവര്‍ ഉയര്‍ത്തിയ കലാപവും സി പി ഐ പ്രകടിപ്പിച്ച ഉടക്കും മറ്റൊരു രാഷ്‌ട്രീയ ചാപിള്ളയുടെ ജനനത്തിലാണ്‌ കലാശിച്ചത്‌.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കുന്ന കാര്യത്തിലും അധികാരം വിട്ടൊഴിയുന്നതിന്‌ തൊട്ടു മുമ്പ്‌ നടത്തിയ പാലോളി കമ്മിറ്റി രൂപീകരണം മറ്റൊരു പാഴ്‌നീക്കമായിരുന്നു. അതേസമയം മുസ്‌ലിംലീഗ്‌ വിട്ടുവന്ന ചിലരെ ഉപയോഗപ്പെടുത്തുന്നതില്‍ ഒരു പരിധിവരെ സി പി എം വിജയിച്ചു. കുറ്റിപ്പുറത്ത്‌ കെ ടി ജലീലിനെയും കൊടുവള്ളിയില്‍ പി ടി എ റഹീമിനെയും പിന്തുണ നല്‌കി വിജയിപ്പിച്ചത്‌ ഇതിന്‌ ഉദാഹരണമാണ്‌.
ഈ രാഷ്‌ട്രീയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം സി പി എമ്മിന്റെ നിയന്ത്രണത്തില്‍ മുസ്‌ലിംകള്‍ക്കായി പുതിയ വേദി രൂപീകരിക്കാനുള്ള നീക്കത്തെയും കാണാന്‍. സി പി എമ്മിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മത ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക വേദി രൂപീകരിക്കുന്നത്‌ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ്‌ ആ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്ന അഭിപ്രായം. ന്യൂനപക്ഷ വേദി രൂപീകരണ ശ്രമത്തിന്‌ തുടക്കത്തിലേ തിരച്ചടി നേരിട്ടതും ലക്ഷ്യം നിറവേറ്റാനാവാതെ യോഗം പിരിച്ചു വിടേണ്ടി വന്നതും ഈ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു. എങ്കിലും മുസ്‌ലിം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പുതിയ പ്രസിദ്ധീകരണം തുടങ്ങാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. ഇതിനായി ഹുസൈന്‍ രണ്ടത്താണി, ജാഫര്‍ അത്തോളി എന്നിവരെ ഉള്‍പ്പെടുത്തി എഡിറ്റോറിയല്‍ ബോര്‍ഡിന്‌ യോഗം രൂപം നല്‌കിക്കഴിഞ്ഞു.
മതന്യൂന പക്ഷങ്ങള്‍ക്കു മാത്രമായി പ്രത്യേക വേദി രൂപീകരിക്കുകയെന്നത്‌ സി പി എമ്മിന്റെ അടിസ്ഥാന ആശയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ്‌. പട്ടികജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും പ്രത്യേക വേദി രൂപീകരിക്കാന്‍ നടത്തിയ നീക്കത്തിനു പിന്നാലെയാണ്‌ സി പി എമ്മിന്റെ പുതിയ ശ്രമങ്ങള്‍. വര്‍ഗരാഷ്‌ട്രീയം ഉപേക്ഷിച്ച്‌ സ്വത്വരാഷ്‌ട്രീയത്തെ വരിക്കുകയാണ്‌ സി പി എം എന്ന ആരോപണത്തെ ഇത്‌ ശക്തിപ്പെടുത്തുമെന്നുറപ്പാണ്‌. തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിലൂടെയുള്ള വിമോചനമല്ലാതെ മതത്തിന്റെയോ ജാതിയുടെയോ സമുദായങ്ങളുടെയോ അടിസ്ഥാനത്തിലുള്ള സംഘാടനത്തെ സി പി എം ഒരു കാലത്തും അംഗീകരിച്ചില്ല. മാര്‍ക്‌സിസ്റ്റ്‌ ആശയങ്ങള്‍ പ്രകാരം അതൊട്ട്‌ സ്വീകാര്യവുമല്ല. എന്നിരിക്കെ സി പി എമ്മിന്‌ എത്രത്തോളം ഈ രംഗത്ത്‌ മുന്നോട്ടു പോകാന്‍ കഴിയുമെന്ന ചോദ്യം ഉയരുന്നുണ്ട്‌. വേദി രൂപീകരണം ലക്ഷ്യമല്ലെന്നും പ്രസിദ്ധീകരണം തുടങ്ങുന്നതിനുള്ള ആലോചനകള്‍ മാത്രമാണ്‌ നടന്നതെന്നുമാണ്‌ ബന്ധപ്പെട്ടവര്‍ പറയുന്നത്‌. എന്നാല്‍ സമീപകാല സി പി എമ്മിന്റെ രാഷ്‌ട്രീയ നീക്കങ്ങളുടെ വെളിച്ചത്തില്‍ കേവലമൊരു പ്രസിദ്ധീകരണത്തിനു വേണ്ടിയുള്ള ശ്രമമായി ഇതിനെ കാണാനാവില്ല. സമീപ ഭാവിയില്‍ ന്യൂനപക്ഷ വേദി രൂപീകരണത്തിന്‌ ആ പാര്‍ട്ടി മുതിര്‍ന്നാലും അത്ഭുതപ്പെടാനില്ല. എന്നാല്‍ നേരത്തെ തന്നെ ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുന്നവരല്ലാത്ത ആരും കോഴിക്കോട്ട്‌ നടന്ന യോഗത്തില്‍ പങ്കെടുത്തില്ല എന്ന വസ്‌തുത മുസ്‌ലിം പൊതുസമൂഹത്തിനിടയിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ ഈ കൂട്ടായ്‌മക്ക്‌ എത്രത്തോളം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്‌. നേരത്തെ തന്നെ ഇടതുപക്ഷക്കാരായി ബ്രാന്‍ഡു ചെയ്യപ്പെട്ടവര്‍ക്ക്‌ മുസ്‌ലിം പൊതുസമൂഹത്തില്‍ ലഭിക്കുന്ന ഇടം തന്നെയാണ്‌ പ്രധാന വെല്ലുവിളിയാവുക. അതുകൊണ്ടുതന്നെ മുന്‍കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമല്ലാതെ ഒരു താല്‌ക്കാലിക തന്ത്രം എന്നതില്‍ ഉപരി ഗൗരവമായ ഒരു ഇടപെടല്‍ ശ്രമമായി സി പി എം ഇതിനെ കാണുമെന്ന്‌ കരുതാനും വയ്യ. ഏറി വന്നാല്‍ 2014 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ നീണ്ടുപോകുന്ന ഒരു ഇടക്കാല സര്‍ക്കസ്‌.
ന്യൂനപക്ഷങ്ങളെ അഭിമുഖീകരിക്കേ@ത്‌ ഈ വഴിയിലൂടെയല്ല
സിവിക്‌ ചന്ദ്രന്‍
നമ്മുടെ നവോത്ഥാനം നിര്‍ഭാഗ്യവശാല്‍ പാശ്ചാത്യ നവോത്ഥാനത്തെയാണ്‌ പിന്തുടര്‍ന്നത്‌. പാശ്ചാത്യനവോത്ഥാനത്തിന്റെ ഏറ്റവും റാഡിക്കലായ വാക്താക്കള്‍പോലും ഇന്ത്യ ഒരു കെട്ടിക്കിടക്കുന്ന സമൂഹമാണെന്നും ഇന്ത്യയിലാവശ്യമുള്ളത്‌ ഒരു പാശ്ചാത്യ സിവില്‍സമൂഹമാണെന്നും ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു. വെള്ളക്കാരനെ ദൈവമേല്‌പിച്ച ചരിത്രപരമായ ഒരു ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ്‌ വെള്ളക്കാര്‍ ഇവിടെ വന്നതുപോലും! `വൈറ്റ്‌മെന്‍സ്‌ ബര്‍ഡന്‍' എന്ന വാക്ക്‌ പ്രസിദ്ധമാണല്ലോ.
ഇടതുപക്ഷ സെക്യുലറിസം ഇന്ത്യയുടെ വൈരുധ്യങ്ങളെയും വൈജാത്യങ്ങളെയും മനസ്സിലാക്കുന്നതിലും അഭിമുഖീകരിക്കുന്നതിലും സമ്പൂര്‍ണമായി പരാജയപ്പെട്ടു. വര്‍ഗസമരത്തിന്റെ ഇരുമ്പുലക്കകള്‍ക്ക്‌ ഇന്ത്യയുടെ സ്വത്വസവിശേഷതകളെ മനസ്സിലാക്കാന്‍ ആയില്ല. ദളിതരെയും സ്‌ത്രീകളെയും ആദിവാസികളെയും ഗ്രാമീണരെയും കര്‍ഷകരെയും സവിശേഷമായി മനസ്സിലാക്കാന്‍ കഴിയാതിരുന്നതുപോലെതന്നെ അവര്‍ക്ക്‌ മുസ്‌ലിംകളെയും മനസ്സിലായില്ല.
ഇപ്പോള്‍ മുസ്‌ലിം പ്രശ്‌നത്തിന്‌ 9/11 നുശേഷം കൂടുതല്‍ പ്രാധാന്യമുണ്ട്‌. ബാബരി മസ്‌ജിദിനും ഗുജറാത്തിനും ശേഷം ദേശീയ തലത്തിലും സവിശേഷ പ്രാധാന്യമുണ്ട്‌. മതേതര മൗലികവാദം കൂടുതല്‍ സജീവമായിരിക്കുന്ന കേരളത്തില്‍ മുസ്‌ലിം പ്രശ്‌നത്തിന്‌ കൂടുതല്‍ സവിശേഷതയുമുണ്ട്‌. ഈ സവിശേഷതകളെയും സങ്കീര്‍ണതകളെയും അഭിമുഖീകരിക്കാന്‌ ധൈര്യപ്പെടുകയാണ്‌ സി പി എം പോലുള്ള ഒരു രാഷ്‌ട്രീയ പ്രസ്ഥാനംചെയ്യേണ്ടത്‌. ഏറ്റവും ചുരുങ്ങിയത്‌ കെ ഇ എന്‍ നടത്തിയ യാത്രയെങ്കിലും ഹോംവര്‍ക്കായി സി പി എം ചെയ്‌തിരിക്കണം.
നിര്‍ഭാഗ്യവശാല്‍ കെ ഇ എന്‍ സഞ്ചരിച്ച വഴിയിലൂടെ പോലുമല്ല സി പി എമ്മിന്റെ യാത്ര. കെ ടി ജലീലും ടി കെ ഹംസയും ഒരു മാതൃകകളേ അല്ല. അവര്‍ പൂര്‍ണമായോ ഏതാണ്ട്‌ പൂര്‍ണമായോ സി പി എം ആയിക്കഴിഞ്ഞവരാണ്‌. ഇപ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഒരു സംഭാഷണം ആരംഭിക്കാന്‍വേണ്ടി അവര്‍ ആശ്രയിക്കുന്ന ബുദ്ധിജീവികളും യഥാര്‍ഥത്തില്‍ മുസ്‌ലിം പ്രശ്‌നത്തിന്റെ കാതലില്‍ തൊട്ടിട്ടുള്ളവരല്ല. അതുകൊണ്ട്‌ കെ ഇ എന്നിന്റെ മുന്നിലെങ്കിലും വിനയത്തോടെ കുത്തിയിരുന്ന്‌ മുസ്‌ലിം പ്രശ്‌നത്തിന്റെ വിദ്യാരംഭം നടത്തണമെന്ന്‌ പിണറായി വിജയനോട്‌ അഭ്യര്‍ഥിക്കുന്നു.
ന്യൂനപക്ഷങ്ങളെ ഉയര്‍ത്തിക്കൊ@ു വരികയാണ്‌ ലക്ഷ്യം
എളമരം കരീം എം.എല്‍.എ
മുസ്‌ലിംകള്‍ക്ക്‌ മാത്രമായി സി പി എം പ്രത്യേക വേദി രൂപീകരിക്കുന്നു എന്നത്‌ മാധ്യമ പ്രചാരണം മാത്രമാണ്‌. അത്തരമൊരു ലക്ഷ്യം സി പി എമ്മിനില്ല. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ മതേതര പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട്‌ ഉന്നയിക്കുകയും പൊതുശ്രദ്ധയില്‍ കൊണ്ടുവരികയുമാണ്‌. അതിനായി ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാസിക തുടങ്ങാനാണ്‌ കോഴിക്കോട്ടു ചേര്‍ന്ന മുസ്‌ലിം വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ യോഗത്തില്‍ തീരുമാനിച്ചത്‌. കെ ടി ജലീല്‍ ചെയര്‍മാനായി എഡിറ്റോറിയല്‍ ബോര്‍ഡിനും യോഗത്തില്‍ രൂപം നല്‌കിയിട്ടുണ്ട്‌. ഏപ്രില്‍ മാസത്തില്‍ ആദ്യ ലക്കം പുറത്തിറക്കാനാണ്‌ ആലോചിക്കുന്നത്‌.
സാമുദായിക വിഷയങ്ങള്‍ പാര്‍ശ്വവത്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഏതെങ്കിലും ഒരു സമുദായം ആവശ്യപ്പെട്ടു എന്നതുകൊണ്ടു മാത്രം അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്കു പോലും ജാതീയമായ മുഖം നല്‌കുകയാണ്‌. ഈ സര്‍ക്കാറിന്റെ കാലത്താണ്‌ ഇത്തരമൊരു ദുഷ്‌പ്രവണത രൂപപ്പെട്ടത്‌. കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത്‌ മദ്‌റസാധ്യാപക ക്ഷേമനിധി, മുസ്‌ലിം ഗേള്‍സ്‌ സ്‌കോളര്‍ഷിപ്പ്‌ പോലുള്ള ഒട്ടേറെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ആരംഭിച്ചിരുന്നു. തോമസ്‌ ഐസക്കിന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക്‌ ബാങ്കിംഗിനെക്കുറിച്ചുള്ള ആലോചനകള്‍ നടന്നിരുന്നു. അന്നൊന്നും ഇല്ലാത്ത ആരോപണങ്ങളാണ്‌ ഇപ്പോള്‍ എന്‍ എസ്‌ എസ്സും എസ്‌ എന്‍ ഡി പിയും ഉന്നയിക്കുന്നത്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വലിയ തോതില്‍ സാമുദായിക ധ്രുവീകരണത്തിന്‌ വഴിവെക്കുന്ന പശ്ചാത്തലത്തിലാണ്‌ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സെക്യുലര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട്‌ ഉന്നയിക്കാനുള്ള സി പി എം തീരുമാനം.
ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തില്‍ വലിയ തോതില്‍ ഇന്‍സെക്യൂരിറ്റി ഫീലിംഗ്‌ രൂപപ്പെട്ടുവരുന്നുണ്ട്‌. അവര്‍ തീവ്രവാദികളും വര്‍ഗീയവാദികളുമായി ചിത്രീകരിക്കപ്പെടുന്നതാണിതിന്‌ കാരണം. വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ മുസ്‌ലിംകള്‍ നേരിടുന്ന പിന്നാക്കാവസ്ഥയും വലിയ വെല്ലുവിളിയാണ്‌. സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഇതിന്റെ സത്യാവസ്ഥ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. അത്തരം വിഷയങ്ങളില്‍ കൂടുതല്‍ ശക്തമായ ഇടപെടലിന്‌ പുതിയ പ്രസിദ്ധീകരണം തുടങ്ങുന്നതിലൂടെ കഴിയും. സി പി എം മുപ്പത്‌ വര്‍ഷക്കാലം ഭരിച്ച ബംഗാളിലാണ്‌ മുസ്‌ലിംകള്‍ ഏറ്റവും പിന്നാക്കമെന്ന പ്രചാരണം ശരിയല്ല. ഉത്തര്‍പ്രദേശിലും ബീഹാറിലുമെല്ലാം മുസ്‌ലിംകളുടെ അവസ്ഥ അതിനെക്കാള്‍ പരിതാപകരമല്ലേ. ഇന്ത്യന്‍ മുസ്‌ലിംകള്‍ മൊത്തത്തില്‍ നേരിടുന്ന അവഗണനയുടെ ഫലമാണിത്‌. ബംഗാളില്‍ മുസ്‌ലിംകള്‍ മാത്രമല്ല പിന്നാക്കം. അവിടെ ഹിന്ദുക്കളുടെയും അവസ്ഥ അതില്‍ നിന്നു ഭിന്നമല്ല. ബംഗാളിന്റെ പൊതുവായ സാഹചര്യമാണത്‌. കേരളം മാത്രമാണ്‌ ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായിട്ടുള്ളത്‌. ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള കേരള മുസ്‌ലിംകളുടെ കുടിയേറ്റവും അതിലൂടെയുണ്ടായ സാമ്പത്തിക പുരോഗിതയുമാണ്‌ സാമൂഹ്യ മുന്നേറ്റത്തിന്‌ വഴിവെച്ചത്‌. മുസ്‌ലിം മുന്നേറ്റത്തിന്റെ മുഴുവന്‍ ക്രഡിറ്റ്‌ മുസ്‌ലിംലീഗ്‌ അവകാശപ്പെടുന്നത്‌ അര്‍ഥശൂന്യമാണ്‌. പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടതും സൗജന്യ വിദ്യാഭ്യാസത്തിന്റെ വഴിയൊരുങ്ങിയതുമാണ്‌ കേരളത്തിലെ മുസ്‌ലിംകള്‍ക്ക്‌ പഠനത്തിന്‌ അവസരം ഒരുക്കിയത്‌. പൊതു വിദ്യാഭ്യാസ മേഖലയെത്തന്നെ കച്ചവടത്തിന്‌ വെച്ച മുസ്‌ലിം ലീഗിന്‌ എങ്ങനെയാണ്‌ അതിന്റെ ക്രഡിറ്റ്‌ അവകാശപ്പെടാന്‍ കഴിയുക.
മുസ്‌ലിം വിഷയങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സി പി എം ഒരുങ്ങുന്നതിനെ ഐഡന്റിറ്റി പൊളിറ്റിക്‌സിലേക്കുള്ള ദിശമാറ്റമായി കാണേണ്ട കാര്യമില്ല. ഏതു വിഭാഗക്കാരുടെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ സി പി എം മുമ്പും ഏറ്റെടുത്തിട്ടില്ലേ. പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പാര്‍ട്ടി പല കുറി രംഗത്തെത്തിയിട്ടില്ലേ. അതില്‍ എന്താണ്‌ തെറ്റുള്ളത്‌. ഏതു വിഭാഗക്കാരായാലും അവര്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന്‌ സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്‌ തന്നെ അംഗീകരിച്ചിട്ടുള്ള നിലപാടാണ്‌. അതിന്‌ പാര്‍ട്ടിയുടെ അടിസ്ഥാന നയങ്ങളെയോ നിലപാടുകളെയോ ബലകഴിക്കേണ്ട ഒരു കാര്യവും ഇല്ല.
ലക്ഷ്യം താല്‍ക്കാലിക രാഷ്‌ട്രീയ ലാഭം
കെ എന്‍ എ ഖാദര്‍ എം.എല്‍.എ
മതന്യൂനപക്ഷങ്ങളോട്‌ പുതിയൊരു സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമാണ്‌ മാര്‍ക്‌സിസ്റ്റ്‌ ആഭിമുഖ്യമുള്ള ചിലരെ വിളിച്ചുചേര്‍ത്ത്‌ മുസ്‌ലിംകള്‍ക്ക്‌ മാത്രമായി പ്രത്യേക വേദി രൂപീകരിക്കാനുള്ള സി പി എമ്മിന്റെ നീക്കമെന്ന്‌ കരുതാനാവില്ല. താല്‍ക്കാലിക രാഷ്‌ട്രീയലാഭം മാത്രം ലക്ഷ്യംവെച്ചുള്ളതാണിത്‌. മുസ്‌ലിംകളോട്‌ മാത്രമായി അവര്‍ക്ക്‌ പ്രത്യേകമായ ഒരു സമീപനം സ്വീകരിക്കാന്‍ കഴിയില്ല. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍പോലും ന്യൂനപക്ഷ വകുപ്പ്‌ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളെ എതിര്‍ക്കുകയാണ്‌ സി പി എമ്മിന്റെ നേതാക്കള്‍ ചെയ്‌തതെന്ന വസ്‌തുത മതന്യൂനപക്ഷങ്ങളോട്‌ ആ പാര്‍ട്ടിക്കുള്ള നിലപാട്‌ വ്യക്തമാക്കുന്നുണ്ട്‌.
വര്‍ഗരാഷ്‌ട്രീയത്തില്‍ ഊന്നിയുള്ള സി പി എമ്മിന്റെ നിലനില്‍പിന്‌ കോട്ടംതട്ടിയതോടെ സ്വത്വരാഷ്‌ട്രീയം സ്വീകരിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളുടെ ഭാഗമായി വേണം ഈ നീക്കത്തെയും കാണാന്‍. പട്ടികജാതി ക്ഷേമ സമിതി രൂപീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതിനു തെളിവാണ്‌. സ്വത്വ സങ്കല്‍പ്പത്തില്‍ സജീവമായാണ്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ നിലനില്‍പ്പുതന്നെ. എന്നാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇതിനെ ഒരുകാലത്തും അംഗീകരിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍നടന്ന സി പി എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പോലും വര്‍ഗരാഷ്‌ട്രീയത്തില്‍ നിന്നു വ്യതിചലിക്കരുതെന്നാണ്‌ പറയുന്നത്‌. എന്നാല്‍ പുതിയ സാഹചര്യത്തില്‍ നിലനില്‍പ്പില്ലെന്ന്‌ മനസിലാക്കിയാണ്‌ അസ്വീകാര്യമെങ്കിലും പുതിയ പുതിയ ചില മേഖലകളിലേക്ക്‌ കടന്നുചെല്ലാന്‍ അവര്‍ ശ്രമം നടത്തുന്നത്‌. അതിന്റെ ഭാഗമാണ്‌ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ഇടതു അനുഭാവം പുലര്‍ത്തുന്നവരില്‍ ചിലരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ കോഴിക്കോട്ടു വിളിച്ചുചേര്‍ത്ത യോഗം.
സംഘടനാ രൂപീകരണമല്ല, മുസ്‌ലിം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പുതിയ പ്രസിദ്ധീകരണം തുടങ്ങുക മാത്രമാണ്‌ യോഗത്തിന്റെ ലക്ഷ്യമെന്നാണ്‌ ഇപ്പോള്‍ അവര്‍ പറയുന്നത്‌. ഇതില്‍ നിന്നു തന്നെ സി പി എമ്മിന്‌ ഇക്കാര്യത്തിലുള്ള ആത്മാര്‍ഥതക്കുറവ്‌ വ്യക്തമാകുന്നുണ്ട്‌. ന്യൂനപക്ഷ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും അതില്‍ നിന്ന്‌ എങ്ങനെ രാഷ്‌ട്രീയമായി മുതലെടുപ്പ്‌ നടത്താമെന്നുമാണ്‌ അവര്‍ ആലോചിക്കുന്നത്‌. ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളില്‍ സി പി എമ്മിന്‌ ഒരു താല്‍പര്യവുമില്ലെന്ന്‌ ഇതപര്യന്തമുള്ള അതിന്റെ പ്രവര്‍ത്തനങ്ങളും അടിസ്ഥാന പ്രമാണങ്ങളും നയനിലപാടുകളും തെളിയിക്കുന്നുണ്ട്‌. മുസ്‌ലിം ന്യൂനപക്ഷങ്ങളെന്നത്‌ വിശ്വാസത്തില്‍ ഊന്നി നിലനില്‍ക്കുന്നവരാണ്‌. ന്യൂനപക്ഷ അനുകൂല സമീപനം സ്വീകരിക്കാന്‍ ആ പാര്‍ട്ടി പിന്തുടരുന്ന സമീപനങ്ങള്‍ അനുവദിക്കുന്നില്ലെന്നത്‌ വ്യക്തമാണ്‌. പുതിയ നീക്കത്തെയും സി.പി.എമ്മിന്റെ ഏതെങ്കിലും തരത്തിലുള്ള നയവ്യതിയാനമോ ആത്മാര്‍ത്ഥമായ ശ്രമങ്ങളോ ആയി കാണേണ്ടതില്ല.
ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചില ഘട്ടങ്ങളിലെല്ലാം സി.പി.എം മുസ്‌ലിംപക്ഷത്ത്‌ നിലകൊണ്ടിട്ടുണ്ട്‌. എന്നാല്‍ അതെല്ലാം താല്‍ക്കാലിക ലാഭത്തിനു വേണ്ടിയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ അത്‌ എല്ലാവരും കണ്ടതാണ്‌. പുതിയ നീക്കത്തെയും 2014ലോ ഒരുപക്ഷേ അതിനു മുമ്പോ നടക്കാന്‍ സാധ്യതയുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ള ചില പാഴ്‌ശ്രമങ്ങള്‍ മാത്രമായി കണ്ടാല്‍മതി.
ന്യൂനപക്ഷങ്ങള്‍ക്കായി സി.പി.എം പ്രത്യേക സംഘടന രൂപീകരിക്കില്ലെന്ന വാദം ഒരുപക്ഷേ ശരിയായിരിക്കാം. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അതിനുള്ള അവസരങ്ങളും കുറവാണ്‌. അവര്‍ക്കതിന്‌ കഴിയുകയുമില്ല. പകരം ന്യൂനപക്ഷ സബ്‌കമ്മിറ്റികള്‍ രൂപീകരിക്കും. പൊന്നാനിയില്‍ മാത്രമല്ല, ഓരോ തെരഞ്ഞെടുപ്പ്‌ കാലത്തും സി.പി.എം വോട്ടുബാങ്ക്‌ ലക്ഷ്യമിട്ടുള്ള ഇത്തരം ചില ശ്രമങ്ങള്‍ നടത്തിനോക്കിയിട്ടുണ്ട്‌. അതെല്ലാം ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത തല്‍ക്കാലിക പ്രതിഭാസങ്ങള്‍ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ അതൊന്നും ഫലം കണ്ടിട്ടുമില്ല.
മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയകക്ഷി എന്ന നിലയില്‍ മുസ്‌ലിംലീഗ്‌ അതിന്റെ ഇടം വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്‌. മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനങ്ങളെ സി.പി.എം പോലും അസൂയാര്‍ഹമായാണ്‌ കാണുന്നതെന്ന്‌ വ്യക്തമാക്കുന്ന പ്രസ്‌താവനകളാണ്‌ ഈയടുത്തകാലത്ത്‌ ആ പാര്‍ട്ടിയുടെ നേതാക്കളില്‍നിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. പ്രത്യേകിച്ച്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍.
മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഏറ്റവും നല്ല പ്രവര്‍ത്തനങ്ങളുമായാണ്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്നേറുന്നത്‌. സച്ചാര്‍കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കുന്നത്‌ ഉള്‍പ്പെടെയുള്ള ശ്രമങ്ങളെ എതിര്‍ത്ത്‌ തോല്‍പ്പിക്കുന്ന സമപീനമാണ്‌ സി.പി.എം സ്വീകരിച്ചിട്ടുള്ളത്‌. ഏറ്റവുമൊടുവില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍പോലും എ.ഐ.പി സ്‌കൂളുകളുടെ വിഷയം ഉയര്‍ത്തി ന്യൂനപക്ഷ ക്ഷേമ പദ്ധതികളെ അട്ടിമറിക്കാനാണ്‌ സി.പി.എമ്മിന്റെ നേതാക്കള്‍ ശ്രമിക്കുന്നത്‌. മുസ്‌ലിം കേന്ദ്രീകൃത പ്രദേശങ്ങളുടെ പുരോഗതി മാത്രം ലക്ഷ്യമിട്ട്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതാണ്‌ ഏരിയ ഇന്റന്‍സീവ്‌ പ്രോഗ്രാം(എ.ഐ.പി). വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ സംസ്ഥാനത്തിന്‌ കഴിയുമെങ്കില്‍ കെട്ടിടവും അനുബന്ധ സജ്ജീകരണങ്ങളും കേന്ദ്രം ഒരുക്കിത്തരുന്നതാണ്‌ പദ്ധതി. ഈ സ്‌കൂളിലെ അധ്യാപകര്‍ക്ക്‌ സര്‍ക്കാര്‍ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അവ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വാദവുമായാണ്‌ ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്‌. മലപ്പുറത്തെ 33 സ്‌കൂളുകള്‍ മാത്രമല്ല, കേരളത്തിലെ എല്ലാ എയ്‌ഡഡ്‌ സ്‌കൂളുകളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു തന്നെയാണ്‌ മുസ്‌ലിംലീഗ്‌ നിലപാട്‌. എന്നാല്‍ മലപ്പുറത്തെ 33 സ്‌കൂളുകള്‍ ഏറ്റെടുക്കണമെന്നു മാത്രമാണ്‌ സി.പി.എം വാദിക്കുന്നത്‌. എസ്‌.എന്‍.ഡി.പിയും എന്‍.എസ്‌.എസും നടത്തുന്ന എയ്‌ഡഡ്‌ സ്‌കൂളുകളുടെ കാര്യത്തില്‍ അവര്‍ക്ക്‌ ഈ വാദമില്ലല്ലോ. അതിനുപിന്നിലാണ്‌ വര്‍ഗീയതയുടെ ചില അന്തര്‍ധാരകള്‍ ഒളിഞ്ഞിരിക്കുന്നത്‌. ചുവപ്പിനകത്ത്‌ പൊതിഞ്ഞുവെച്ച കുങ്കുമനിറമാണ്‌ ഇതിലൂടെ പുറത്തുവരുന്നത്‌. ഭൂരിപക്ഷ പ്രീണനത്തിലൂടെ ഹിന്ദു ഐക്യത്തിനുവേണ്ടിയുള്ള ശ്രമങ്ങളാണ്‌ സി.പി.എം നടത്തുന്നത്‌.
മുസ്‌ലിം വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട്‌ മേഖലാടിസ്ഥാനത്തില്‍ ന്യൂനപക്ഷ പ്രമോട്ടര്‍മാരെ നിയമിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്‌. 4000 രൂപയാണ്‌ ഇവരുടെ ശമ്പളം. കേന്ദ്രസര്‍ക്കാറാണ്‌ ഇതിന്റെ ചെലവു വഹിക്കുന്നത്‌. സംസ്ഥാന സര്‍ക്കാറിന്‌ യാതൊരു സാമ്പത്തിക ബാധ്യതയുമുണ്ടാക്കാത്ത ഇത്തരം വിഷയങ്ങളെപ്പോലും എതിര്‍ക്കുകയാണ്‌ ഇക്കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ സി.പി.എം ചെയ്‌തത്‌. എന്തിനാണ്‌, ഏതിനാണ്‌ അത്തരമൊരു പ്രമോട്ടര്‍മാര്‍ എന്നാണ്‌ അവരുടെ ചോദ്യം. ബാബരി മസ്‌ജിദ്‌ തകര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലും അത്‌ മൂന്നു കൂട്ടര്‍ക്കുമായി വീതിച്ചുകൊടുത്തുകൂടേ എന്നാണ്‌ ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌ തിരൂരില്‍ പ്രസംഗിച്ചത്‌. അത്തരക്കാര്‍ എങ്ങനെയാണ്‌ ന്യൂനപക്ഷ സംരക്ഷകരാവുക.
മുസ്‌ലിംലീഗിന്‌ ബദലായി ചില ശക്തികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ കാലത്തും സി.പി.എം ശ്രമിച്ചിട്ടുണ്ട്‌. അതൊന്നും വിജയിച്ചിട്ടില്ല എന്നതിന്‌ തെളിവുകള്‍ എമ്പാടുമുണ്ട്‌. പ്രോഗ്രസീവ്‌ ലീഗ്‌ എന്ന പേരില്‍ നേരത്തെ ഒരു സംഘടനയുണ്ടാക്കാന്‍ ശ്രമമുണ്ടായി. എന്‍.ഡി..എഫ്‌, പി.ഡി.പി... മുസ്‌ലിംലീഗിന്‌ പകരം ഒരു രാഷ്‌ട്രീയപാര്‍ട്ടി എന്ന നിലയില്‍ സി.പി.എം താലോലിച്ച ബദല്‍വഴികളെല്ലാം പൊളിഞ്ഞുപോയിട്ടേയുള്ളൂ. മുസ്‌ലിംലീഗില്‍നിന്ന്‌ പൊള്ളവാഗ്‌ദാനങ്ങള്‍ നല്‍കി അടര്‍ത്തിക്കൊണ്ടുപോയവരെപ്പോലും വഴിയരികില്‍ ഉപേക്ഷിച്ച്‌ അപമാനിച്ചുവിട്ട ചരിത്രമല്ലേ അവര്‍ക്ക്‌ പറയാനുള്ളൂ. അത്തരമൊരു സാധ്യത പോലും ഇക്കാര്യത്തില്‍ കാണുന്നില്ല. കാരണം നേരത്തെതന്നെ സി.പി.എം പാളയത്തിലുള്ള കെ.ടി ജലീല്‍, ഹുസൈന്‍ രണ്ടത്താണിയെപ്പോലുള്ളവരല്ലാതെ പുറമെനിന്നുള്ള ആരും ഈ യോഗത്തില്‍ പങ്കെടുത്തിട്ടില്ലല്ലോ. അവര്‍ സി.പി.എമ്മിനൊപ്പം നിന്നാലും വേറിട്ടുനിന്നാലും ഫലം ഒന്നല്ലേ. ഓരോന്നു വരുമ്പോള്‍ ചെറിയ ചില വാദകോലാഹലങ്ങള്‍ ഉണ്ടാകും. അല്‍പം കഴിയുമ്പോള്‍ അത്‌ കെട്ടടങ്ങുകയും ചെയ്യും. അത്രമാത്രം. അവസാനഫലം നോക്കിയാല്‍ നട്ടപ്പോഴും ഒരു കൊട്ട, കൊയ്‌തപ്പോഴും ഒരുകൊട്ട എന്നതാവും സി.പി.എമ്മിന്റെ അവസ്ഥ. ലാഭമൊന്നും കാണില്ല.
ന്യൂനപക്ഷവേദി ചര്‍ച്ച ചെയ്‌തിട്ടില്ല
ഡോ. ഹുസൈന്‍ ര@ത്താണി
മുസ്‌ലിംകള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള വേദി രൂപീകരിക്കുകയെന്നത്‌ കോഴിക്കോട്ടുചേര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ യോഗത്തിന്റെ ലക്ഷ്യമായിരുന്നില്ല. മുസ്‌ലിം പ്രശ്‌നങ്ങളില്‍ ക്രിയാത്മക ഇടപെടലിനുള്ള സാധ്യതകള്‍ ആരായുക മാത്രമായിരുന്നു ലക്ഷ്യം. ഇതിനായി മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി പ്രത്യേക പ്രസിദ്ധീകരണം തുടങ്ങാനാണ്‌ യോഗം തീരുമാനിച്ചത്‌. സംഘടനാ രൂപീകരണമെന്ന ലക്ഷ്യം സി.പി.എമ്മിനുണ്ടോ എന്നറിയില്ല. അത്തരമൊരുനിര്‍ദേശമോ സൂചനയോ ഇതുവരെ ലഭിച്ചിട്ടില്ല. കോഴിക്കോട്ടു നടന്ന ചര്‍ച്ചയില്‍ അത്തരമൊരു വിഷയം കടന്നുവന്നിട്ടുമില്ല. സംഘടനാ രൂപീകരണ യോഗമെന്ന നിലയില്‍ ഇത്‌ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.
തീവ്രവാദത്തിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുന്നത്‌ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നുണ്ട്‌. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്‌. ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും പ്രശ്‌നപരിഹാരത്തിനുള്ള അവസരങ്ങള്‍ ആരായുകയുമാണ്‌ പുതിയ പ്രസിദ്ധീകരണം കൊണ്ട്‌ ലക്ഷ്യമിടുന്നത്‌. കുറേ ബഹളംവെക്കുമ്പോള്‍ ചിലരുടെയെങ്കിലും കാതില്‍ ചില കാര്യങ്ങളെങ്കിലും എത്താതിരിക്കില്ലല്ലോ.
തിരുവനന്തപുരത്താണ്‌ ഇതുസംബന്ധിച്ച യോഗം ആദ്യം വിളിച്ചത്‌. പലര്‍ക്കും പങ്കെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ്‌ പിന്നീട്ട്‌ കോഴിക്കോട്ട്‌ യോഗം ചേര്‍ന്നത്‌. പുതിയ പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ്‌ രൂപീകരണം കോഴിക്കോട്ടെ യോഗത്തില്‍ നടന്നു. മാര്‍ച്ചില്‍ പ്രസിദ്ധീകരണം ആരംഭിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.
ദേശീയ തലത്തിലും കേരളത്തിലും മുസ്‌ലിം സമൂഹം നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നത്‌ സി.പി.എം ആണ്‌. ദേശീയതലത്തില്‍ സമാജ്‌വാദി പാര്‍ട്ടി പോലുള്ളവ മുസ്‌ലിം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാറുണ്ടെങ്കിലും അത്‌ അടിസ്ഥാന പ്രശ്‌നങ്ങളെ ഉള്‍കൊണ്ടല്ല. വോട്ടുബാങ്ക്‌ താല്‍പര്യമാണ്‌ പലപ്പോഴും അവരെ നയിക്കുന്നത്‌. മുസ്‌ലിം പ്രശ്‌നങ്ങളില്‍ ദേശീയ തലത്തില്‍തന്നെ സി.പി.എം കാണിക്കുന്ന താല്‍പര്യത്തിനു തെളിവാണ്‌ അടുത്തിടെ പ്രകാശ്‌ കാരാട്ട്‌ ഈ വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി നടത്തിയ കൂടിക്കാഴ്‌ച. അതിന്റെ തുടര്‍ച്ചയായാണ്‌ ഓരോ സംസ്ഥാനത്തും ന്യൂനപക്ഷങ്ങള്‍ നേടിരുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം. സി.പി.എം കേന്ദ്രകമ്മിറ്റി തന്നെ ഇത്തരമൊരു നിര്‍ദേശം സംസ്ഥാന ഘടകങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്‌. ക്രിസ്‌ത്യാനികള്‍ കൂടുതല്‍ അവഗണന നേരിടുന്ന ഒഡീഷ പോലുള്ള സംസ്ഥാനങ്ങളില്‍ അത്തരം സമുദായങ്ങളുടെ സുരക്ഷക്കും പുരോഗതിക്കും വേണ്ടി ഇടപെടാനാണ്‌ സി.പി.എം തീരുമാനം.
ന്യൂനപക്ഷ പ്രേമം ദുരൂഹതയുണര്‍ത്തുന്നത്‌
കൊച്ചുമുഹമ്മദ്‌ (കെ പി സി സി ന്യൂനപക്ഷസെല്‍ കണ്‍വീനര്‍)
ന്യൂനപക്ഷങ്ങളുടെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏത്‌ സംഘടനകളുടെ ഭാഗത്തുനിന്നായാലും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്‌. എന്നാല്‍ സി പി എം ഇത്തരമൊരു വിഷയം ഏറ്റെടുത്ത്‌ രംഗത്തുവരുന്നതിനെ ആശങ്കയോടുകൂടി മാത്രമേ ഒറ്റനോട്ടത്തില്‍ കാണാനാകൂ. മുസ്‌ലിംകള്‍ എന്നത്‌ പൂര്‍ണമായും ദൈവത്തിലും പരലോക ജീവിതത്തിലും വിശ്വസിക്കുകയും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്‌. അടിസ്ഥാനപരമായിത്തന്നെ ഈശ്വര വിശ്വാസം പാടില്ലെന്ന്‌ പറയുകയും അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിലപാട്‌ സ്വീകരിക്കുകയും ചെയ്യുന്ന സി പി എം ഇത്തരമൊരു വിഷയവുമായി രംഗത്തുവരുന്നതിനെ സംശയദൃഷ്‌ടിയോടെയാണ്‌ കാണേണ്ടത്‌.
മനുഷ്യന്‍ എന്ന നിലയില്‍ പ്രപഞ്ചത്തില്‍ അവന്‌ ലഭിക്കേണ്ട ന്യായമായ കുറേ അവകാശങ്ങളുണ്ട്‌. അക്കാര്യത്തില്‍ ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവുകള്‍ പാടില്ല. മുസ്‌ലിം ആയി, ഹിന്ദുവായി എന്നതുകൊണ്ടുമാത്രം നേരിടേണ്ടിവരുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെ രംഗത്തുവരുന്നത്‌ ആരായാലും തള്ളിപ്പറയാനാവില്ല. അതേസമയം സി പി എമ്മിനെപ്പോലുള്ള ഒരു രാഷ്‌ട്രീയപ്രസ്ഥാനം ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിനുവേണ്ടി വാദിക്കാന്‍ രംഗത്തെത്തുന്നത്‌ തികച്ചും രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാവണം. മറ്റു ലക്ഷ്യങ്ങള്‍ അവര്‍ക്കില്ലല്ലോ. വോട്ടുബാങ്ക്‌ തന്ത്രമാണ്‌ അവര്‍ പുറത്തെടുക്കുന്നതെന്നു പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. അല്ലാതെ ന്യൂനപക്ഷങ്ങളോടു മാത്രമായി സി പി എം പ്രത്യേക സ്‌നേഹമോ മമതയോ കാണിക്കുമെന്ന്‌ വിശ്വസിക്കാനാവില്ല.
ഇന്ത്യയില്‍ മുസ്‌ലിംകള്‍ വലിയതോതില്‍ ഒറ്റപ്പെടല്‍ നേരിടുന്നുവെന്നാണ്‌ പുതിയ രംഗപ്രവേശനത്തിനു ന്യായമായി സി പി എം പറയുന്നത്‌. അതു ശരിയല്ല. മുസ്‌ലിം രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ മുസ്‌ലിംകള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത്‌ ഇന്ത്യയിലായിരിക്കും. മുസ്‌ലിം രാഷ്‌ട്രങ്ങളില്‍ അതിന്റെ ചട്ടക്കൂടുകളില്‍ നിന്നുകൊണ്ട്‌ മാത്രമേ പ്രവര്‍ത്തിക്കാനാവൂ. മഅ്‌ദനിയെപ്പോലുള്ളവര്‍ വിചാരണത്തടവുകാരായി ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടിവരുന്നതില്‍ വ്യക്തിപരമായി വലിയ വേദനയുണ്ട്‌. എന്നാല്‍ ഇതിനെ മുസ്‌ലിംകള്‍ മൊത്തം നേരിടുന്ന പ്രശ്‌നമായി ഉയര്‍ത്തിക്കാണിക്കുന്നത്‌ ശരിയല്ല. ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയില്‍ സുശക്തമായ നീതിന്യായ സംവിധാനങ്ങളും നിയമവ്യവസ്ഥയുമുണ്ട്‌. വ്യവസ്ഥാപിത സംവിധാനം എന്ന നിലയില്‍ ഇത്തരം ചില വിഷയങ്ങള്‍ സ്വാഭാവികമാണ്‌. അതിനെ മുസ്‌ലിംകള്‍ മാത്രമായി നേരിടുന്ന പ്രശ്‌നമായി എടുത്തുകാണിക്കേണ്ട കാര്യമെന്താണ്‌? ഏറ്റവും വലിയ ഹിന്ദുത്വ വക്താവായ നരേന്ദ്രമോഡി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ അല്ലേ ഹിന്ദുവായ അദ്ദേഹത്തിനു കീഴിലെ ആഭ്യന്തരമന്ത്രിക്ക്‌ അറസ്റ്റിലായി ജയിലില്‍ പോകേണ്ടിവന്നത്‌? അത്‌ ഇന്ത്യന്‍ ജുഡീഷ്യറിയുടെ കാര്യക്ഷമതയെയാണ്‌ കാണിക്കുന്നത്‌.
എന്നാല്‍ ന്യൂനപക്ഷ വിഷയത്തില്‍ പ്രത്യേകിച്ച്‌ ഒരു താല്‌പര്യവുമില്ലാത്ത സി പി എം ഇത്തരം വിഷയങ്ങള്‍ ഉന്നയിച്ച്‌ രംഗത്തെത്തുന്നതിനെ രാഷ്‌ട്രീയ മുതലെടുപ്പിനുള്ള നീക്കമായി മാത്രമേ കാണാനാവൂ.

read more →